ബൈബിളിലെ ഒരു ആശയം
നിങ്ങൾക്കുള്ള “ആത്മീയസമ്മാനം” ഉപയോഗിക്കുക
സഹോദരങ്ങളുടെ കൂടെ ആയിരിക്കുമ്പോൾ നമുക്കു പരസ്പരം പ്രോത്സാഹനം കിട്ടുന്നു. എന്നാൽ സഹോദരങ്ങളോടൊപ്പം ആയിരിക്കുന്നതുകൊണ്ട് മാത്രം അതു ലഭിക്കില്ല. പരസ്പരം വിശ്വാസം ബലപ്പെടുത്താനുള്ള നമ്മുടെ കഴിവിനെ “ആത്മീയസമ്മാനം” എന്നാണ് ബൈബിൾ വിളിക്കുന്നത്. (റോമ. 1:11, 12) ആ സമ്മാനം നമുക്ക് എങ്ങനെ ഏറ്റവും നന്നായി ഉപയോഗിക്കാം?
വാക്കുകളിലൂടെ പ്രോത്സാഹിപ്പിക്കുക. ഉദാഹരണത്തിന് മീറ്റിങ്ങുകളിൽ അഭിപ്രായം പറയുമ്പോൾ, നമ്മുടെ ചിന്തകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരുപാടു പറയുന്നതിനു പകരം, യഹോവയിൽനിന്നും ദൈവവചനത്തിൽനിന്നും ദൈവജനത്തിൽനിന്നും പഠിച്ച കാര്യങ്ങളെക്കുറിച്ച് പറയുക. ഇനി, സഹോദരങ്ങളോടു സംസാരിക്കുമ്പോൾ അവരുടെ വിശ്വാസം ബലപ്പെടുത്തുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കുക.
തീരുമാനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും പ്രോത്സാഹിപ്പിക്കുക. ഉദാഹരണത്തിന്, വ്യക്തിപരമായ പല പ്രശ്നങ്ങളുണ്ടെങ്കിലും ചിലർ മുഴുസമയസേവനത്തിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നു. മറ്റു ചിലർ ജോലിയുടെ ക്ഷീണമോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ഒക്കെ ഉണ്ടായിട്ടും ഇടദിവസത്തെ മീറ്റിങ്ങിൽ ക്രമമായി പങ്കെടുക്കുന്നു.
വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നിങ്ങൾ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടോ? നിങ്ങളെ പ്രോത്സാഹിപ്പിക്കാനായി അവർ തരുന്ന ആത്മീയസമ്മാനങ്ങൾ നിങ്ങൾ തിരിച്ചറിയാറുണ്ടോ?