അത്തി മരം, മുന്തിരിവള്ളി, മുൾച്ചെടി
ദൃഷ്ടാന്തങ്ങളിൽ ഏതൊക്കെ ചെടികളെക്കുറിച്ച് പറയണമെന്നു യേശു വളരെ ശ്രദ്ധിച്ചാണു തീരുമാനിച്ചത്. ഉദാഹരണത്തിന്, മുന്തിരിത്തോട്ടത്തിൽ മിക്കപ്പോഴും അത്തി മരം നട്ടിരുന്നു. ലൂക്ക 13:6-ലെ യേശുവിന്റെ വാക്കുകൾ അതാണു സൂചിപ്പിക്കുന്നത്. മറ്റു പല ബൈബിൾഭാഗങ്ങളും അത്തിമരത്തെയും (1) മുന്തിരിവള്ളിയെയും (2) കുറിച്ച് ഒരുമിച്ച് പരാമർശിച്ചിട്ടുണ്ട്. (2രാജ 18:31; യോവ 2:22) “സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിൽ ഇരിക്കും” എന്ന പദപ്രയോഗം സമാധാനത്തെയും സമൃദ്ധിയെയും സുരക്ഷിതത്വത്തെയും പ്രതീകപ്പെടുത്തി. (1രാജ 4:25; മീഖ 4:4; സെഖ 3:10) എന്നാൽ ആദാം പാപം ചെയ്തതിനെത്തുടർന്ന് യഹോവ ഭൂമിയെ ശപിച്ചതിനെക്കുറിച്ച് പറയുന്നിടത്ത് മുൾച്ചെടിയെയും ഞെരിഞ്ഞിലിനെയും കുറിച്ചാണു പറഞ്ഞിരിക്കുന്നത്. (ഉൽ 3:17, 18) മത്ത 7:16-ൽ മുൾച്ചെടിയെക്കുറിച്ച് പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് ഏതു ചെടിയാണെന്നു കൃത്യമായി പറയാനാകില്ലെങ്കിലും ചിത്രത്തിൽ കാണിച്ചിരിക്കുന്നത് (സെന്റോറിയ ഇബേറിക്ക) (3) ഇസ്രായേലിൽ ധാരാളമായി കാണുന്ന ഒരിനം മുൾച്ചെടിയാണ്.
കടപ്പാട്:
Todd Bolen/BiblePlaces.com; © Jaume Felipe/easyFotostock/age fotostock; Photo by Avinoam Danin, flora.org.il
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: