നിങ്ങളുടെ വായന മെച്ചപ്പെടുത്തുക—നിങ്ങൾക്ക് അതിന് കഴിയും!
നല്ല വായനക്ക് സൂത്രപ്പണികളൊന്നും ഇല്ലെന്ന് സമ്മതിക്കുന്നു. എന്നിരുന്നാലും നിങ്ങൾക്ക് വായിക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് നന്നായി വായിക്കാനും കഴിയും! നിരന്തരം വായിക്കാതെ നമുക്ക് നന്നായി വായിക്കാമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഒരു ദിവസത്തിൽ അരമണിക്കൂറെങ്കിലും—സാദ്ധ്യമെങ്കിൽ അതിലുമധികം—ഈ ഉദ്ദേശ്യത്തിനായി നീക്കിവെച്ചേ തീരൂ.
വിവേചനാശേഷി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം
നിങ്ങൾ എന്തു വായിക്കുന്നു എന്നതിൽ വിവേചനയുള്ളവരായിരിക്കുക. നിങ്ങൾക്ക് പരിചിതമായ വാക്കുകൾ ഉള്ളതും സാങ്കേതികമല്ലാത്തതുമായ വിഷയം തെരഞ്ഞെടുക്കുക. അതിനുശേഷം ക്രമത്തിൽ നിങ്ങളുടെ പദസഞ്ചയം വർദ്ധിപ്പിക്കുന്ന വിഷയം തെരഞ്ഞെടുക്കുക.
മറ്റൊരർത്ഥത്തിലും വിവേചനയുള്ളവരായിരിക്കുക, കാരണം എല്ലാ സാഹിത്യവും പരിപുഷ്ടിപ്പെടുത്തുന്നതും മനസ്സിന് ഉൻമേഷം നൽകുന്നതും അല്ല. ജ്ഞാനിയായ ഒരു മനുഷ്യൻ ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “നിരവധി പുസ്തകങ്ങൾ ഉണ്ടാക്കുന്നതിന് അവസാനം ഇല്ല, അവയോട് അധികം അഭിനിവേശം കാണിക്കുന്നത് ശരീരത്തിന് ക്ഷീണമാണ്.” (സഭാപ്രസംഗി 12:12) പ്രസിദ്ധീകരണങ്ങൾ ഇന്ന് ധാരാളം ഉണ്ട്, പലതും ആരോഗ്യാവഹമായ വായന പ്രദാനം ചെയ്യുന്നു. നിങ്ങൾക്ക് ധാർമ്മികമായും ആത്മീയമായും ഏറ്റവുമധികം പ്രയോജനം ചെയ്യുന്നത് തെരഞ്ഞെടുക്കുക. സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകത്തിൽ 13-ാം അദ്ധ്യായം 20-ാം വാക്യം ഇപ്രകാരം പ്രസ്താവിക്കുന്നു: “ജ്ഞാനികളോടുകൂടെ നടക്കുന്നവൻ ജ്ഞാനിയായിത്തീരും, എന്നാൽ ഭോഷൻമാർക്ക് കൂട്ടാളിയായവന് ദോഷം ഭവിക്കും.” ഒരുവന്റെ കൂട്ടുകെട്ടിന്റെ സംഗതിയിൽ തെരഞ്ഞെടുപ്പു നടത്തേണ്ടതുപോലെതന്നെ വായിക്കുന്ന കാര്യങ്ങളിലും തെരഞ്ഞെടുപ്പ് നടത്തുന്നതിൽ ഈ തത്വം ബാധകമാകുന്നു.
വായനാശീലങ്ങളിൽ ഒരു മാറ്റം
സ്പഷ്ടമായും നമുക്ക് ജീവിതത്തിലെ മറ്റു പല കാര്യങ്ങളേയും പോലെ വായനാ വൈദഗ്ധ്യം വികസിപ്പിച്ചെടുക്കാവുന്നതാണ്. പിയാനോ വായിച്ച് ശീലിക്കാതെ ഒരു വ്യക്തിക്ക് ഒരു നല്ല പിയാനോ വിദഗ്ധനായിത്തീരാൻ കഴിയുമോ? വളരെയധികം ടെന്നീസ് കളിക്കാതെ ആർക്കെങ്കിലും ഒരു നല്ല ടെന്നീസ് കളിക്കാരൻ ആയിത്തീരാൻ കഴിയുമോ? ഒരു പിയാനോ വിദഗ്ധനോ ടെന്നീസ് കളിക്കാരനോ എന്ന നിലയിലുള്ള തന്റെ തൊഴിലിൽ ഒരു വ്യക്തി ആദ്യകാലത്ത് ചീത്ത ശീലങ്ങൾ വികസിപ്പിക്കുന്നെങ്കിൽ അയാൾ അവ തിരുത്തിയേ തീരൂ, അല്ലെങ്കിൽ അവ നിമിത്തം അയാൾ ദുർബ്ബലനായി കഴിയേണ്ടിവരും.
വായന സംബന്ധിച്ചും ഇത് സത്യമാണ്. ചെറുപ്രായത്തിൽ ഒരു വിദ്യാർത്ഥി മോശമായ വായനാശീലങ്ങൾ വികസിപ്പിക്കുന്നെങ്കിൽ അയാൾ തന്നെത്തന്നെ ദുർബ്ബലനാക്കുന്നു. തൽഫലമായി, വളരെ പരിമിതമായ വായനാ പ്രാപ്തികളോടെ അയാൾ ജീവിതത്തിലുടനീളം അച്ചടിച്ച താളുമായി മല്ലിടേണ്ടതായി വരും. അയാൾക്ക് പ്രായം ചെല്ലുമളവിൽ ചീത്ത വായനാശീലങ്ങൾ ഒഴിവാക്കുന്നത് കൂടുതൽ പ്രയാസകരമായിത്തീരും. എന്നാൽ ഒരു വ്യക്തി ശ്രമം ചെയ്യാൻ മനസ്സുള്ളവനാണെങ്കിൽ ഇതു ചെയ്യാൻ കഴിയും! ഈ ശീലങ്ങളിൽ ചിലത് നമുക്ക് പരിചിന്തിച്ചുനോക്കാം.
വായനയിൽ ഉൾപ്പെട്ടിരിക്കുന്ന ആദ്യത്തെ ശാരീരിക വശം കണ്ണിന്റെ ചലനമാണ്. അച്ചടിച്ച ഒരു വാചകം വായിക്കുമ്പോഴെല്ലാം നിങ്ങളുടെ കണ്ണുകൾ ഏതാനും നിറുത്തുകൾ വരുത്തുന്നു. ഈ നിറുത്തുകൾ പ്രധാനമാണ്, കാരണം അപ്പോൾ മാത്രമേ കണ്ണു വാസ്തവത്തിൽ കാര്യങ്ങൾ കാണുന്നുള്ളു. ഈ ഇടവേളകളിൽ, കണ്ണിൽ പതിഞ്ഞ രൂപം “സാധാരണ ഭാഷയിലാക്കുന്നതിന്” തലച്ചോറിലേക്ക് അയക്കപ്പെടുന്നു. വായന നിർവ്വഹിക്കുന്നത് കണ്ണുകളല്ല, തലച്ചോറാണ്. നിങ്ങളുടെ കണ്ണുകൾ തലച്ചോറിന്റെ ഒരു വിരിവു മാത്രമാണ്.
മന്ദഗതിയിലുള്ള ഒരു വായനക്കാരൻ മിക്കവാറും എല്ലാവാക്കിനും നിർത്തുന്നു. ഇത് തലച്ചോറിലേക്ക് അയക്കുന്ന സന്ദേശങ്ങളെ പരസ്പരബന്ധമില്ലാത്തതാക്കുന്നു, വായന ഒരു ജോലിയായിത്തീരുകയും ചെയ്യുന്നു. കാരണം കണ്ണുകൾ അധികജോലി ചെയ്യുകയും വായിക്കുന്നതിൽ കുറച്ചുമാത്രം ഓർമ്മിക്കുകയും ചെയ്യുന്നു. അതിനു വിരുദ്ധമായി സമർത്ഥരായ വായനക്കാർക്ക് ഒരു അച്ചടിച്ച താൾ വായിക്കുമളവിൽ ഒഴുക്കും താളാനുഗതവുമായ നേത്ര ചലനം ഉണ്ടായിരിക്കും. ഓരോ വരിയിലും നിറുത്തുകൾ കുറക്കാൻ അവർ പഠിക്കുന്നു. പദസംഘാതങ്ങൾ വായിച്ചുകൊണ്ട് ഒരു അച്ചടിച്ച താൾ വേഗം വായിച്ചുതീർക്കാനും അവരുടെ ഗ്രഹണശക്തി വർദ്ധിപ്പിക്കാനും അവർക്ക് കഴിയുന്നു.
ഇത് വിഗതിയുടെ പ്രശ്നം പൊന്തിവരാനിടയാക്കുന്നു. വിഗതിയെന്നാൽ വായിച്ച കാര്യങ്ങൾ തന്നെ പുറകോട്ടുപോയി വീണ്ടും വായിക്കുന്നതിനെ അർത്ഥമാക്കുന്നു. വിഗതികൾ മിക്കതും ശീലമാണ്. ഒരു പ്രത്യേക ആശയം അസ്പഷ്ടമായിരുന്നേക്കാവുന്ന സമയങ്ങൾ ഉണ്ടെന്നുള്ളത് സത്യം തന്നെ. അപ്പോൾ പുറകോട്ട് പോയി വീണ്ടും വായിക്കുന്നത് അത്യന്താപേക്ഷിതമായിരുന്നേക്കാം. എന്നിരുന്നാലും വിഗതികൾ മിക്കതും യഥാർത്ഥത്തിൽ അനാവശ്യമാണ്, അത് വായനക്കാരനെ മന്ദഗതിയിലാക്കുകമാത്രം ചെയ്യുന്നു. സാദ്ധ്യമായിരിക്കുമ്പോഴെല്ലാം വിഗതി ഒഴിവാക്കുക.
നല്ല വായനാപുരോഗതിയെ തടയുന്നതായി അനേകം പ്രാമാണികൻമാർ വിശ്വസിക്കുന്ന മറ്റൊരു ശീലം സ്വരോച്ചാരണം ആണ്. അതായത് വായനക്കാരൻ ചുണ്ടുകൾ അനക്കി ഓരോ വാക്കും തന്നോടുതന്നെ പറയുന്നതുതന്നെ. അതുപോലെ, ചിലയാളുകൾ “മനസ്സിൽ കേട്ടുകൊണ്ട്” നിശബ്ദമായി വാക്കുകൾ തങ്ങളോടുതന്നെ പറയുന്നു. ഇത് താണ-സ്വരോച്ചാരണം എന്ന് അറിയപ്പെടുന്നു. ഇവയിൽ ഏതായിരുന്നാലും നമുക്ക് ഓരോ മിനിട്ടിലും വായിക്കാൻ കഴിയുന്ന വാക്കുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നു. കാരണം, നാം വായിക്കുന്നത് ഫലത്തിൽ നാം സംസാരിക്കുന്ന അതേ വേഗതയിൽ ആണ്. ഒരു സാധാരണ വ്യക്തി മിനിട്ടിൽ ഏതാണ് 125 വാക്കുകൾ സംസാരിച്ചേക്കാം, അതേസമയം സാധാരണ വായനാവേഗത മിനിട്ടിൽ 230-250 വാക്കുകളാണെന്ന് രേഖകൾ തെളിയിക്കുന്നു.
ഉച്ചരിച്ചുകൊണ്ട് വായിക്കുമ്പോൾ നാം ചെയ്യുന്നതിനേക്കാൾ വേഗത്തിൽ വായിക്കാൻ കഴിയുന്ന അനേകം കാര്യങ്ങൾ ഉള്ളതുകൊണ്ട് സ്വരോച്ചാരണം ഒരു സാധാരണ ശീലമാക്കാതിരിക്കുന്നത് നല്ലതായിരിക്കും. സ്വരോച്ചാരണത്തിലോ താണ-സ്വരോച്ചാരണത്തിലോ നിങ്ങൾക്ക് കഴിയുന്നതിനേക്കാൾ വേഗത്തിൽ വായിക്കുന്നവരായിത്തീരുക. പദക്കൂട്ടങ്ങൾ വായിക്കുന്നതിന് ഒരു ശ്രമം ചെയ്യുക. സ്വരോച്ചാരണമോ താണ-സ്വരോച്ചാരണമോ ഗ്രഹണശക്തിക്ക് ഒരു സഹായമല്ലെന്ന് ഓർമ്മിക്കുക.
എന്നിരുന്നാലും വിഗതിയുടെ കാര്യത്തിലെന്നപോലെ സ്വരോച്ചാരണം ഉചിതമായിരിക്കാവുന്ന സന്ദർഭങ്ങളുണ്ട്. ഏതെങ്കിലും വിഷയങ്ങളിൽ അഗാധമായി ധ്യാനിക്കാനോ അത് ഓർമ്മയിൽ നിലനിർത്താനോ ഒരാൾ ആഗ്രഹിക്കുന്നെങ്കിൽ വാക്കുകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നതു മാത്രമല്ല ഒരളവുവരെ സ്വരോച്ചാരണവും സഹായകരമായിരിക്കാവുന്നതാണ്. സാധാരണഗതിയിൽ “ഒരു താണസ്വരത്തിലോ ഉച്ചത്തിലോ ആണ് ഇതു ചെയ്യപ്പെടുന്നത്.
രസാവഹമായി, പുരാതന യിസ്രായേൽ ജനതയുടെ ഒരു നായകനായിരുന്ന യോശുവയോട് ഇപ്രകാരം കല്പിച്ചിരുന്നു: “ഈ ന്യായപ്രമാണപുസ്തകം (ദൈവത്തിന്റെ) നിന്റെ വായിൽനിന്ന് നീങ്ങിപ്പോകരുത്. നീ ഒരു താണ സ്വരത്തിൽ രാവും പകലും അതിൽനിന്ന് വായിക്കണം”. എന്തുകൊണ്ട്? “അതിൽ എഴുതപ്പെട്ടിരിക്കുന്നതെല്ലാമനുസരിച്ച് ചെയ്യാൻ നീ ശ്രദ്ധിക്കേണ്ടതിനുതന്നെ; എന്തെന്നാൽ അപ്പോൾ നീ നിന്റെ വഴി വിജയപ്രദമാക്കുകയും ബുദ്ധിപൂർവ്വം പ്രവർത്തിക്കുകയും ചെയ്യും.” (യോശുവ 1:8) ഒരു താണ സ്വരത്തിൽ (സ്വരോച്ചാരണം) “ന്യായപ്രമാണപുസ്തകം” വായിക്കുന്നത് അത് ഓർമ്മയിൽ നിലനിർത്തുന്നതിനും അവിടെ വിവരിച്ചിരിക്കുന്ന എല്ല ചിന്തകളും ശ്രദ്ധാപൂർവ്വം ധ്യാനിക്കുന്നതിനും സഹായകരമായിരിക്കും. അങ്ങനെ, ഒരു ദൈവദാസനെന്ന നിലയിൽ അവൻ എങ്ങനെ നടക്കണമെന്ന് അവനെ നിരന്തരം ഓർമ്മപ്പെടുത്തുന്നതിന് ന്യായപ്രമാണം യോശുവയുടെ മുമ്പാകെ ഉണ്ടായിരിക്കുമായിരുന്നു. അതുപോലെതന്നെ, ഇന്ന് വിശ്വസ്തക്രിസ്ത്യാനികൾ ദൈവവചനം “ഓർമ്മിക്കുന്ന”തിന്റെയും അത് ധ്യാനിക്കുന്നതിന്റെയും ജ്ഞാനം വിലമതിക്കുന്നു, അതുകൊണ്ട് അവർ അത് നിരന്തരം വായിക്കുന്നു. —സങ്കീർത്തനം 103:17, 18; സദൃശവാക്യങ്ങൾ 4:5 താരതമ്യപ്പെടുത്തുക.
നല്ല ഗ്രഹണശേഷി വികസിപ്പിക്കൽ
ഡയഗ്നോസ്റ്റിക്ക് ആൻഡ് റമഡിയൽ ടീച്ചിംഗ് എന്ന തന്റെ പുസ്തകത്തിൽ ഗ്ലെൻ മായേഴ്സ് ബെയ്ളർ ഇപ്രകാരം പ്രസ്താവിച്ചു: “വായന മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ പരിപാടികളുടെയും പ്രാഥമികലക്ഷ്യം കുട്ടികളിൽ ഗ്രഹണശേഷി വികസിപ്പിക്കുക എന്നതാണ്. മറ്റുകാര്യങ്ങൾക്ക് പ്രാധാന്യത്തിൽ രണ്ടാം സ്ഥാനമാണ്.” അടിസ്ഥാനപരമായി, നിങ്ങൾ വായിക്കുന്നത് ഗ്രഹിക്കുക എന്നാൽ അതിന്റെ അർത്ഥം മനസ്സിലാക്കുക, അത് വിവേചിക്കുക എന്നാണ്. വായനയെ വിലയുള്ളതും മൂല്യവത്തുമാക്കുന്നത് ഇതാണ്.
ന്യുയോർക്ക് സിറ്റി കോളോജിലെ അദ്ധ്യാപകനും വിദ്യാഭ്യാസവിദഗ്ദനുമായ റോബർട്ട് റിച്ച് ഇപ്രകാരം ശുപാർശ ചെയ്തു: “ഗ്രഹണശേഷിയെ സഹായിക്കുന്നതിന് എല്ലായ്പ്പോഴും ഒരു ഉദ്ദേശ്യത്തോടുകൂടെ വായിക്കാൻ പ്രയത്നിക്കുക. വായിക്കാൻ തെരഞ്ഞെടുത്ത വിഷയത്തിൽ നിന്ന് നിങ്ങൾ എന്തു ലഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻകൂട്ടി നിശ്ചയിക്കുക. ഒരു സന്ദർഭത്തിൽ ചില വസ്തുതകൾ ലഭിക്കുന്നതിന് നിങ്ങൾ വായിക്കാൻ ആഗ്രഹിച്ചേക്കാം. മറ്റു സമയങ്ങളിൽ നിങ്ങളുടെ വായന വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി മാത്രമായിരിക്കാം. സംഗതി എന്തുതന്നെയായിരുന്നാലും, വായിക്കേണ്ട വിഷയം എത്ര കട്ടിയുള്ളതാണെന്നതിനെയും ഉദ്ദേശ്യത്തെയും ആശ്രയിച്ച് വായനയുടെ തോത് ക്രമീകരിക്കുക. വായിക്കുമ്പോൾ വിമർശനം നടത്തുന്നവരായിത്തീരുക. നിങ്ങളോടുതന്നെ ചോദിക്കുക: എഴുത്തുകാരൻ ഇതു പറയുന്നതെന്തുകൊണ്ട്? അയാളുടെ ലക്ഷ്യം എന്തായിരുന്നു? മുഖ്യ ആശയമോ ഖണ്ഡികയിലെ ചിന്താവിഷയമോ വേർതിരിക്കുക. വായനക്കാരനെന്ന നിലയിൽ അത് എന്നെ ബാധിക്കുന്നതെങ്ങനെ? എന്ന് ചോദിക്കുക.” അതെ, ഒരു ഉദ്ദേശ്യത്തോടുകൂടെ വായിക്കുന്നത് നിങ്ങളുടെ ശീലമാക്കിത്തീർക്കുക, നിങ്ങൾ വായന ഒരു ഉല്ലാസമെന്ന് കണ്ടെത്തുന്നതായിരിക്കും.
നന്നായി വായിക്കുന്നത് അനേക പ്രയോജനങ്ങൾ കൈവരുത്തുന്നു
നിങ്ങൾ ഒരു വിദ്യാർത്ഥിയോ, ഒരു ഉദ്യോഗസ്ഥനോ, ഒരു വീട്ടമ്മയോ, ഒരു ഓഫീസ് ജീവനക്കാരനോ ഫാക്ടറി ജീവനക്കാരനോ ആരായിരുന്നാലും നല്ല വായനാശീലങ്ങൾ അത്യന്താപേക്ഷിതമാണ്. നന്നായി വായിക്കുന്നവർക്ക് അനേകം വാതിലുകൾ തുറന്നിരിക്കുന്നു.
നല്ല വായനക്കാരനായ ഒരു വിദ്യാർത്ഥി തന്റെ ജോലിയിൽ കൂടുതൽ മിടുക്കൻ ആയിത്തീരുന്നു, സ്കൂളിൽ കൂടുതൽ കാര്യങ്ങൾ പഠിക്കുമെന്നതിനും സംശയമില്ല. വായനക്കും പുനർവായനക്കുമുള്ള നിയമനങ്ങളിൽ ചെലവഴിക്കുന്ന സമയം അയാൾക്ക് കുറക്കാൻ കഴിയും.
അതുപോലെതന്നെ, ഒരു വ്യാപാരിയോ, ഉദ്യോഗസ്ഥനോ നല്ല വായനാ ശേഷിയുള്ളവനെങ്കിൽ നീണ്ട റിപ്പോർട്ടുകളും മറ്റും വിജയകരമായി കൈകാര്യം ചെയ്യാൻ കഴിയും. ക്രമത്തിൽ, ഇത് രോഗികളോടോ ഇടപാടുകാരോടോ വ്യക്തിപരമായ സമ്പർക്കങ്ങൾക്ക് കൂടുതൽ സമയം നൽകും. മെച്ചപ്പെട്ട വായനാപ്രാപ്തികൾ വിപുലമായ വായനയിൽ ഏർപ്പെടുന്നതിന് അയാളെ പ്രാപ്തനാക്കും. ഇത് മറ്റുള്ളവർ ചെയ്യുന്ന ജോലിയും പഠനവും പരീക്ഷണങ്ങളുമായി നന്നായി പരിചയപ്പെടുന്നതിന് അയാളെ സഹായിക്കും
മെച്ചമായ വായനാ പ്രാപ്തിയിലൂടെ നേടുന്ന വർദ്ധിച്ച പരിജ്ഞാനം കൊണ്ട് കുടുംബത്തലവൻമാർക്ക് അവരുടെ ജോലി വൈദഗ്ധ്യങ്ങളും ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാനുള്ള പ്രാപ്തിയും മെച്ചപ്പെടുത്താൻ കഴിയും. മാർഗ്ഗരേഖകളും വ്യവസ്ഥകളും നിർദ്ദേശങ്ങളും വായിക്കാനുള്ള പ്രാപ്തി ലോകത്തിന്റെ പല ഭാഗത്തും വീട്ടുകാര്യങ്ങൾ നന്നായി പരിരക്ഷിക്കാൻ സഹായിക്കുന്നു. കുടുംബത്തിന്റെ സാമ്പത്തികവശം കൈകാര്യം ചെയ്യുമ്പോഴും വായനാ വൈദഗ്ധ്യം ഒരു സഹായമാണ്.
വായനയിലൂടെ കൂടിയ പരിജ്ഞാനം സമ്പാദിക്കുന്ന വീട്ടമ്മമാർക്ക് ഉചിതമായ പോഷണത്തിന്റെയും ആരോഗ്യരക്ഷയുടെയും രോഗം തടയുന്നതിന്റെയും അഥവാ രോഗികളായിത്തീരുന്നവരുടെയും സംഗതിയിൽ കുടുംബത്തെ നന്നായി പരിരക്ഷിക്കുന്നതിനു കഴിയും. നല്ല വായക്കാരായ അമ്മമാർക്ക് സ്കൂളിൽ പോയിത്തുടങ്ങുന്നതിന് മുമ്പ് കുട്ടികളെ വായിക്കാൻ പഠിപ്പിക്കുന്നതിൽ വിജയം ലഭിച്ചേക്കാം.—1968, മെയ് 22-ലെ ഉണരുക! 20-2 പേജുകൾ കാണുക.
അതിലും പ്രാധാന്യം അർഹിക്കുന്നതായി, നന്നായി വായിക്കുന്ന ഒരാൾക്ക് ഈ വ്യവസ്ഥിതിക്ക് അപ്പുറത്തുള്ള ജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം സമ്പാദിക്കാൻ കഴിയും. ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ സമാപനത്തെ സംബന്ധിക്കുന്ന ബൈബിൾ പ്രവചനങ്ങൾ ഇപ്പോൾ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്. ഒരു പരദീസാഭൂമിയിലെ നിത്യജീവൻ ആസ്വദിക്കുന്നതിനുള്ള പ്രതീക്ഷ വെച്ചുപുലർത്തുന്ന എല്ലാവരും നമ്മുടെ സ്രഷ്ടാവിനെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച് പരിജ്ഞാനം സമ്പാദിക്കുന്നത് മർമ്മപ്രധാനമാണ്. യോഹന്നാൻ 17:3-ൽ യേശു ഇപ്രകാരം പ്രസ്താവിച്ചു: “അവർ ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും സംബന്ധിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നതിന്റെ അർത്ഥം നിത്യജീവൻ എന്നാകുന്നു.”
അപ്പോൾ പരിജ്ഞാനത്തിന്റെയും ഉത്തേജനത്തിന്റെയും ഒരു ലോകത്തിലേക്ക് നയിക്കുന്ന വാതിൽ പ്രവേശിക്കാൻ മനുസ്സുള്ള ഏതൊരുവനും തുറന്നു കിടക്കുന്നു എന്നതിന് യാതൊരു സംശയവുമില്ല. അതിന്റെ താക്കോൽ വായനയാണ്. അതെ, നന്നായി വായിക്കുക, ആ വാതിൽ എപ്പോഴും നിങ്ങൾക്ക് തുറന്നിരിക്കും! (g85 9/8)
[7-ാം പേജിലെ ചിത്രം]
നിങ്ങൾ വായിക്കുന്ന വിഷയങ്ങളിൽ വിവേചനയുള്ളവരായിരിക്കുക.