ചെറുപ്പക്കാർ ചോദിക്കുന്നു . . .
വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധം—എന്തുകൊണ്ട് പാടില്ല?
വിദഗ്ദ്ധോപദേശം പംക്തികളിൽ ആളുകൾ എഴുതുന്ന ഒന്നാംതരം വിഷയമെന്താണ്? കുറഞ്ഞപക്ഷം, ഒരു വൻ നഗരത്തിലെ പത്രത്തെ സംബന്ധിച്ചിടത്തോളം അത് ‘വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധമാണ്! അതെ, ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വർദ്ധിക്കുകയാണ്: ‘നിങ്ങൾ അന്യോന്യം സ്നേഹിക്കുന്നെങ്കിൽ ഇത് ആകാം മേലേ?’ ‘നിങ്ങൾ വിവാഹം വരെ കാത്തിരിക്കേണ്ടതുണ്ടോ?’ ‘ഇത് വെറും നിരുപദ്രവകരമായ “വിനോദം” അല്ലേ?’ എന്നാൽ ഇതു സംബന്ധിച്ച അഭിപ്രായങ്ങളും നിരവധിയാണ്! ഏത് ഉപദേശമാണ് ശരിയായിട്ടുള്ളത്? ഏതാണ് നിങ്ങളുടെ അത്യുത്തമ താല്പര്യങ്ങളിൽ കലാശിക്കുന്നത്?
വിവാഹം കൂടാതെയുള്ള ലൈംഗികതയാണ് സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകത്തിന്റെ പ്രാരംഭ അദ്ധ്യായങ്ങളുടെ (സദൃശവാക്യങ്ങൾ 1-9 അദ്ധ്യായങ്ങൾ) നാലിലൊരു ഭാഗത്തിലധികത്തിന്റെയും ചർച്ചാവിഷയം. അവിടെ കാണുന്ന ഉപദേശം നമ്മുടെ സ്രഷ്ടാവിന്റെയല്ലാതെ മറ്റാരുടെയുമല്ല. അവന്റെ ഉപദേശത്തിന് “ഒരു യുവാവിന് [അല്ലെങ്കിൽ യുവതിക്ക്] അറിവും ചിന്താപ്രാപ്തിയും” നൽകാൻ കഴിയും. അതിന്റെ ബുദ്ധിയുപദേശത്തിന് ചെവികൊടുക്കുന്നവർ “വിദഗ്ദ്ധമായ മാർഗ്ഗനിർദ്ദേശമോ, അല്ലെങ്കിൽ, മൂല എബ്രായ വാക്ക് അർത്ഥമാക്കുന്ന പ്രകാരം, ഒരു കപ്പൽ “നയിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഉള്ള വൈദഗ്ദ്ധ്യം” നേടുന്നു. (സദൃശവാക്യങ്ങൾ 1:4, 5) തീർച്ചയായും നിങ്ങൾ നിങ്ങളുടെ സന്തുഷ്ടിക്ക് “കപ്പൽച്ചേതം” സംഭവിച്ചേക്കാവുന്ന ഏത് പ്രച്ഛന്നാപകടത്തേയും വ്യക്തമായി തിരിച്ചറിഞ്ഞ് നിങ്ങളുടെ ജീവിതം ശരിയായി നയിക്കുന്നതിനുള്ള പ്രാപ്തി നേടാൻ ആഗ്രഹിക്കും!
മിക്ക ചെറുപ്പക്കാരും വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധത്തെ തങ്ങളുടെ സന്തുഷ്ടിയുടെ ഒരു ഭീഷണിയായി വീക്ഷിക്കുന്നില്ല എന്നത് സത്യമാണ്. പലപ്പോഴും ലൈംഗികമായി കർമ്മക്ഷമരായിരിക്കുന്നവർ, നൂറ്റാണ്ടുകൾക്കു മുമ്പ് പിൻവരുന്ന പ്രകാരം പറഞ്ഞവരുടെതുപോലെയുള്ള ന്യായങ്ങൾ അവതരിപ്പിക്കാറുണ്ട്: “വരിക, നമുക്ക് വെളുക്കുംവരെ നമ്മുടെ സ്നേഹത്തിന്റെ നിറവിൽ കഴിയാം; നമുക്ക് അന്യോന്യം സ്നേഹപ്രകടനങ്ങളാൽ ആസ്വദിക്കാം.” (സദൃശവാക്യങ്ങൾ 7:18) അവർ സ്നേഹത്തിലാണ്. അതിനെതുടർന്ന് തങ്ങൾ സ്വഭാവികമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് അവർ പറയുന്നു അല്ലെങ്കിൽ, അവർ ലിയോപോൾഡ് എന്നു പേരുള്ള ഒരു ചെറുപ്പക്കാരനെപ്പോലെ ന്യായവാദം ചെയ്തേക്കാം. അവൻ ഇങ്ങനെ അവകാശപ്പെട്ടു: “നിങ്ങൾ ഒരു പുരുഷൻതന്നെയാണെന്ന് തെളിയിക്കാൻ നിങ്ങൾ ഒരു പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ടതാണ്.” അതേ സമയം മറ്റുള്ളവർ തങ്ങളുടെ തരപ്പടിക്കാരുടെയിടയില അംഗീകാരം നേടുന്നതിനോ അല്ലെങ്കിൽ, തങ്ങൾ സ്വവർഗ്ഗസംഭോഗികളല്ലെന്ന് തെളിയിക്കുന്നതിനോ ലൈംഗികബന്ധങ്ങളിൽ എർപ്പെടുന്നു. എന്നാൽ തുറന്നു പറഞ്ഞാൽ, മിക്ക ചെറുപ്പക്കാരും തുടക്കത്തിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ച് പ്ലാൻ ചെയ്തിരുന്നില്ല എന്ന് ഗവേഷണ പഠനങ്ങൾ—എണ്ണമറ്റ ഉദാഹരണങ്ങളും—ചൂണ്ടിക്കാണിച്ചിരിക്കുന്നു.a മിക്കവരുടെയും സംഗതിയിൽ, ദമ്പതികൾ സ്വകാര്യ ശരീരഭാഗങ്ങൾ ഗ്രസിക്കുകയോ ഉദ്ദീപിപ്പിക്കുകയോ ചെയ്തതിനാലാണ് ലൈംഗിക സംഭോഗത്തിൽ പരിണമിച്ചത്. ഒരു അവിവാഹിത മാതാവ് ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “എന്നെക്കുറിച്ചും മറ്റനേകം കുട്ടികളെക്കുറിച്ചും എനിക്കറിയാം. ഓരോ പ്രാവശ്യവും അല്പ സ്വല്പം അതിരു കടന്ന് അവസാനം ചാരിത്രശുദ്ധി നഷ്ടപ്പെടുത്തി. നിങ്ങൾ അല്പം സ്പർശിക്കാൻ തുടങ്ങുന്നു. എന്നാൽ തുടർന്ന് സംഭവിക്കുതെന്താണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് നിങ്ങൾക്ക് അത് നിർത്താൻ കഴിയാതെ പോകുന്നു.”
‘എന്നാൽ വിവാഹത്തിനുമുമ്പ് ലൈംഗികസുഖം ആസ്വദിക്കാൻ പാടില്ലാത്തതെന്തുകൊണ്ട്?’ എന്ന് ചിലർ വാദിക്കുന്നു. ‘രണ്ട് വ്യക്തികൾ അത് ആഗ്രഹിക്കുന്നെങ്കിൽ വാസ്തവത്തിൽ എന്ത് അപകടമാണുള്ളത്?
ദുഷ്കരമായ പ്രശ്നങ്ങൾ
ഇന്നത്തെ ചില സുഖങ്ങൾക്ക് നാളെ വേദനയുളവാക്കാൻ കഴിയും. സദൃശവാക്യങ്ങൾ 5:3, 4 പറയുന്നു: “ഒരു മധുകോശം പോലെ ഒരു പരസ്ത്രീയുടെ അധരങ്ങൾ ഇറ്റിറ്റു വീണുകൊണ്ടിരിക്കുന്നു, അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാണ്. എന്നാൽ അവളിൽനിന്നുള്ള അനന്തരഫലം കാഞ്ഞിരംപോലെ കയ്ക്കുന്നതാണ്, അത് ഒരു ഇരുവായ്ത്തല വാൾ പോലെ മൂർച്ചയുള്ളതാണ്.”
ഒരു കൈപ്പേറിയ അനന്തരഫലം ഒരു ലൈംഗിക പകർച്ചവ്യാധിയുടെ ആക്രമണമായിരിക്കാം. വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതുവഴി ഒരു വ്യക്തി വാസ്തവത്തിൽ ‘അവന്റെയോ അവളുടെയോ സ്വന്തം ശരീരത്തിനെതിരെ പാപം ചെയ്യുകയാണ്.’ (1 കൊരിന്ത്യർ 6:18) അധാർമ്മികത വരുത്തിവച്ച നികത്താനാവാത്ത നഷ്ടത്തെക്കുറിച്ച്—ഒരുപക്ഷേ പുനരുല്പാദന ശേഷിയുടെ നഷ്ടമോ ഗുരുതരമായ ഒരു ശാരീരികപ്രശ്നമോ—വർഷങ്ങൾക്കുശേഷം അറിയുമ്പോഴുണ്ടാകുന്ന ഹൃദയവേദനയെക്കുറിച്ച് ഒന്ന് സങ്കൽപ്പിക്കുക. സദൃശവാക്യങ്ങൾ 5:1 മുന്നറിയിപ്പു നൽകുന്ന പ്രകാരം: “നിന്റെ ദേഹവും നിന്റെ ശരീരഘടനയും ക്ഷയിച്ചു കഴിയുമ്പോൾ നീ നിന്റെ ഭാവിയിൽ നെടുവീർപ്പിടേണ്ടിവരും.”
വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധത്തിന് അവിഹിത ഗർഭധാരണത്തിലേക്കോ ഗർഭച്ഛിദ്രത്തിലേക്കോ അല്ലെങ്കിൽ പ്രായപൂർത്തിയാകാതെയുള്ള ഒരു വിവാഹത്തിലേക്കോ നയിക്കുന്നതിനും കഴിയും—ഓരോന്നിനും അതിന്റേതായ വേദനാജനകമായ ഫലങ്ങൾ ഉണ്ടുതാനും. എന്നാൽ മറ്റൊരു വിഷമമേറിയ പ്രശ്നം ഇതാണ് . . .
വൈകാരിക ഫലങ്ങൾ
വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട പലരും കുറ്റബോധത്തിന്റെയും മങ്ങിയ സ്വാത്മബോധത്തിന്റെയും വികാരങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അവർ തങ്ങളുടെ സ്വന്തനിലവാരങ്ങൾക്കപ്പുറം പോയതിനാൽ അവരുടെ മനസ്സാക്ഷി ശല്യപ്പെടുത്തുന്നു. ഉദാഹരണത്തിന്, 23 വയസ്സുള്ള ഡെന്നിസ് വിലപിച്ചു പറഞ്ഞു: “അത് ഒരു വലിയ വീഴ്ചയായിരുന്നു—വിചാരിച്ചിരുന്നതുപോലെ, അത് ഊഷ്മളസ്നേഹത്തിന്റെയോ സ്വഭാവസംശുദ്ധിയുടെയോ വികാരമായിരുന്നില്ല. പ്രത്യുത, എന്റെ പ്രവർത്തനം എത്ര തെറ്റായിരുന്നുവെന്ന് ഞാൻ പൂർണ്ണമായി തിരിച്ചറിഞ്ഞപ്പോൾ അത് എനിക്ക് പ്രഹരമേൽപ്പിച്ചു. ഞാൻ എന്റെ ആത്മനിയന്ത്രണത്തിന്റെ അഭാവത്തിൽ പൂർണ്ണമായും ലജ്ജിതനായി.”
മറ്റ് അനേകരും ഇത് ദുഃഖത്തോടെ സമ്മതിക്കുന്നുണ്ട്. “ഞാൻ ഒരു ദീനരോദനത്തോടെ യാഥാർത്ഥ്യത്തെ അഭിമുഖീകരിച്ചു” എന്ന് ഒരു ചെറുപ്പക്കാരി സമ്മതിച്ചു പറഞ്ഞു. “ഇപ്പോൾ ഒന്നും വിനോദമായി തോന്നുന്നില്ല. പാർട്ടി കഴിഞ്ഞപ്പോൾ ഞാൻ പീഡിതയും വിലകെട്ടവളും വൃത്തികെട്ടവളുമാണെന്ന് എനിക്കുതന്നെ തോന്നി. ‘കാര്യങ്ങൾ ഇത്രദൂരം പോകുന്നതിനു മുമ്പേ നീ ഞങ്ങളെ നിലക്കുനിർത്താഞ്ഞതെന്ത്?’ എന്ന് അവൻ പറയുന്നത് ഞാൻ കേട്ടിട്ടും അത് എന്റെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തിയില്ല.”
ഡോ. ജെ സെഗൽ പറയുന്നതനുസരിച്ച് അത്തരം പ്രതികരണങ്ങൾ വിരളമല്ല. അദ്ദേഹം 2,436 കോളജ് വിദ്യാർത്ഥികളുടെ “ലൈംഗിക ആത്മകഥകളുടെ” അടിസ്ഥാനത്തിൽ ഒരു ദേശീയ പഠനം നടത്തി. താൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അദ്ദേഹം ഇപ്രകാരം കണക്കാക്കി: “കാമ വികാരമുണ്ടായിരുന്നവരുടെ, അതൃപ്തിയും നിരാശയും കൈവരുത്തുന്ന പ്രഥമ [ലൈംഗിക സംഭോഗത്തിന്റെ] അനുഭവങ്ങൾ ഏതാണ്ട് രണ്ടിന് ഒന്ന് എന്ന അനുപാതത്തിലും കവിഞ്ഞു. തങ്ങൾ വളരെയധികം നിരാശയിലാണ്ടതായി ആണുങ്ങളും പെണ്ണുങ്ങളും ഓർമ്മിക്കുന്നു.”
എന്നാൽ എല്ലാ ചെറുപ്പക്കാരും കുറ്റബോധമോ നിരാശയോ അനുഭവിക്കുന്നില്ലെന്നുള്ളത് സത്യംതന്നെ. പക്ഷേ, ബൈബിൾ മുന്നറിയിപ്പു നൽകുന്നു: “പരസംഗം . . . നല്ല ആന്തരം എടുത്തുകളയുന്നു.” (ഹോശേയ 4:11) വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധത്തിൽ അല്ലെങ്കിൽ പരസംഗത്തിൽ ഏർപ്പെടുന്ന ഒരു വ്യക്തി, തന്റെ ആന്തരങ്ങൾ ക്രമേണ മാറിയേക്കാമെന്ന് കണ്ടെത്തുന്നു. ലൈംഗികവികാരത്തിന് തന്ത്രപൂർവ്വം വ്യക്തിബന്ധങ്ങളുടെ കേന്ദ്രബിന്ദുവായിത്തീരുന്നതിനും തകരുന്ന വികാരമായിത്തീരുന്നതിനും കഴിയും. എന്നാൽ അത്തരം വികാരം അസ്ഥിരമാണ്. അത് എളുപ്പം വിരസതയിലേക്ക് നയിക്കുന്നു.
പരസംഗത്താൽ ചില ചെറുപ്പക്കാരുടെ “നല്ല ആന്തരം” വളരെയധികം മങ്ങുകയും അവർ ഓരോ മാസവും നിരവധി പങ്കാളികളിൽ നിന്ന് ലൈംഗികസംതൃപ്തി തേടുകയും ചെയ്തിട്ടുണ്ട്. ഗവേഷകനായ റോബർട്ട് സോരെൻസൻ അത്തരം ചെറുപ്പക്കാരെ “ലൈംഗിക വീരൻമാർ” എന്നു വിളിക്കുന്നു. അവർ തങ്ങളുടെ ‘വീരകൃത്യങ്ങൾക്ക്’ ഒരു വില ഒടുക്കുന്നതായി അദ്ദേഹം പറയുന്നു. സോരെൻസൻ എഴുതുന്നു: “ഞങ്ങളുടെ വ്യക്തിപരമായ കൂടിക്കാഴ്ചകളിൽ, പല വീരൻമാർ . . . തങ്ങൾ ലക്ഷ്യവും ആത്മസംതൃപ്തിയുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കരുതുന്നതായി വെളിപ്പെടുത്തി.” ഇവരിൽ നാല്പത്തിയാറു ശതമാനവും പിൻവരുന്ന പ്രസ്താവനയോട് യോജിച്ചു: “ഇപ്പോഴത്തെ എന്റെ ജീവിത രീതി എന്റെ മിക്കപ്രാപ്തികളെയും നശിപ്പിക്കാൻ പോകയാണ്.” ഈ നിഷ്ഠാശൂന്യരായ ചെറുപ്പക്കാർ താഴ്ന്ന “ആത്മ വിശ്വാസവും സ്വാത്മബോധവും” റിപ്പോർട്ടു ചെയ്തതായും സോരെൻസൻ കണ്ടെത്തി. ഇത് സദൃശവാക്യങ്ങൾ 5:9 പറയുന്നതുപോലെയാണ്: ദുർവൃത്തിയിൽ ഏർപ്പെടുന്നവർ “[അവരുടെ] മാന്യത മറ്റുള്ളവർക്കു നൽകുന്നു.”
എന്നിട്ടും, ചില ചെറുപ്പക്കാർ ഈ അഭിപ്രായക്കാരാണ്: ‘ഞങ്ങൾ വ്യത്യസ്തരാണ്. ലൈംഗികത ഞങ്ങളെ തമ്മിൽ അടുപ്പിക്കും.’ എന്നാൽ അത് വാസ്തവമാണോ?
ആദ്യഘട്ടം കഴിഞ്ഞ്
ഒരിക്കൽ ഒരു ദമ്പതികൾ വഴിവിട്ട് പൊയ്ക്കഴിഞ്ഞാൽ, അവർ പലപ്പോഴും അന്യോന്യം വ്യത്യസ്തമായി വീക്ഷിക്കുന്നു. അയാൾ ഇപ്പോൾ തന്റെ മധുര ഹൃദയവികാരങ്ങൾ പഴയതുപോലെ അത്ര മധുരമല്ലെന്ന് കണ്ടെത്തിയേക്കാം. കാരണം ഇപ്പോൾ അയാൾ അവളെ ലൈംഗികമായി അനുഭവിച്ചറിഞ്ഞിരിക്കയാണ്. അവൾ അത്ര ആകർഷവതിയല്ലെന്നുപോലും ഇപ്പോൾ അയാൾക്ക് തോന്നിയേക്കാം. മറിച്ച്, അയാൾ തന്നിൽനിന്ന് മുതലെടുത്തതായി അവൾക്ക് തോന്നിയേക്കാം. എന്തായിരുന്നാലും, ഒരു ദമ്പതികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതുവഴി ഒരു രേഖ കുറുകെ കടക്കുകയാണ്, അവർക്ക് ഒരിക്കലും മടങ്ങിവരാൻ സാദ്ധ്യമല്ല.
ബൈബിൾ കാലങ്ങളിൽ, അമ്നോൻ കന്യകയായ താമാറിനെ പ്രതി പ്രേമരോഗിയായിരുന്നു. എന്നിട്ടും, സംഭോഗശേഷം “അമ്നോൻ ഒരു മഹാവെറുപ്പോടെ അവളെ വെറുത്തുതുടങ്ങി.” (2 ശമുവേൽ 13:15) അതുപോലെ, പരസംഗത്തിലേർപ്പെട്ടു കഴിഞ്ഞ്, മറിയ എന്ന പെൺകുട്ടി സമ്മതിച്ചു പറഞ്ഞു: “ഞാൻ (എന്റെ ബലഹീനതയ്ക്ക്) എന്നെ വെറുത്തു. ഞാൻ എന്റെ പുരുഷ സുഹൃത്തിനെയും വെറുത്തു. വാസ്തവത്തിൽ, ലൈംഗിക ബന്ധങ്ങൾ ഞങ്ങളെ തമ്മിൽ അടുപ്പിക്കുമെന്ന് വിചാരിച്ചു. എന്നാൽ അത് ഞങ്ങളുടെ വ്യക്തി ബന്ധങ്ങളെ തകർത്തു കളഞ്ഞു. ഞാൻ അയാളെ വീണ്ടും കാണാൻപോലും ആഗ്രഹിച്ചില്ല.”
തീർച്ചയായും എല്ലാവരുടെയും പ്രതികരണങ്ങൾ മറിയയുടെയും അമ്നോന്റെയും പോലെ ആയിരിക്കണമെന്നില്ല. നൂറുകണക്കിനാളുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പഠനറിപ്പോർട്ടുകൾ വിലയിരുത്തിയശേഷം, ഈ മണ്ഡലത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരിക്കുന്ന പോൾ എച്ച്. ലാൻഡിസ് ഇപ്രകാരം നിഗമനത്തിലെത്തി: “വ്യക്തിബന്ധം ബലിഷ്ഠമാക്കുകയെന്നതായിരിക്കാം അതിന്റെ താല്ക്കാലിക ഫലം, എന്നാൽ ദീർഘകാല ഫലങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കാം.” വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികൾ, ഏർപ്പെടാത്തവരെക്കാൾ വ്യക്തിബന്ധം കൂടുതൽ തകർക്കുന്നതിനുള്ള നിലയിലാണ്. അതിന്റെ ഒരു കാരണം, അത്തരം അടുപ്പം പ്രേമവഞ്ചനയും അവിശ്വാസവും ജനിപ്പിക്കുന്നു എന്നതാണ്. ഒരു ചെറുപ്പക്കാരൻ സമ്മതിച്ചു പറഞ്ഞു: “ചിലർ സംഭോഗത്തിലേർപ്പെട്ടുകഴിഞ്ഞ് ഇങ്ങനെ ചിന്തിച്ചുതുടങ്ങുന്നു, ‘അവൾ ഞാനുമായി ബന്ധപ്പെട്ടസ്ഥിതിക്ക് അവൾ മറ്റൊരാളുമായും ബന്ധപ്പെട്ടിരിക്കാനിടയുണ്ട്.’ വാസ്തവത്തിൽ, ഞാൻ ആ വിധത്തിലാണ് വിചാരിച്ചത്. . . . എനിക്ക് അമിതമായ സംശയവും പ്രേമവഞ്ചനയും അവിശ്വാസവും തോന്നി.”
ഇത് യഥാർത്ഥ സ്നേഹത്തിൽനിന്ന് എത്ര വ്യത്യസ്തമാണ്. അത് “വഞ്ചിക്കുന്നില്ല, . . . അയോഗ്യമായി പെരുമാറുന്നില്ല, അതിന്റെ സ്വന്തം താല്പര്യങ്ങൾ അന്വേഷിക്കുന്നില്ല.” (1 കൊരിന്ത്യർ 13:4, 5) ഇത്തരത്തിലുള്ള ഒരു സ്നേഹത്തിനുമാത്രമേ നിലനിൽക്കുന്ന ഒരു വിവാഹത്തിലേക്ക് നയിക്കുന്ന ആശ്രയയോഗ്യമായ ഒരു ബന്ധം കെട്ടുപണിചെയ്യാൻ കഴിയുകയുള്ള. ബൈബിൾ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നതിൽ അതിശയിക്കേണ്ടതില്ല: “വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യമായിരിക്കട്ടെ . . . എന്തുകൊണ്ടെന്നാൽ ദൈവം ദുർവൃത്തരെ ന്യായം വിധിക്കും.”—എബ്രായർ 13:4.
ഇത് നമ്മെ വിവാഹത്തിനുമുമ്പുള്ള ലൈംഗികതയ്ക്കെതിരെ ഏറ്റം പ്രധാനപ്പെട്ട വാദഗതിയിൽ കൊണ്ടെത്തിക്കുന്നു: ഇത് ദൈവത്തിനെതിരെയുള്ള ഗുരുതരമായ പാപമാണ്. “ഇതാകുന്നു ദൈവം ഇഷ്ടപ്പെടുന്നത് . . . നിങ്ങൾ ദുർവൃത്തിയിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതുതന്നെ” എന്ന് 1 തെസ്സലോനീക്യർ 4:3 പറയുന്നു. ഈ നിശ്വസ്ത ബുദ്ധിയുപദേശത്തിന് ചെവികൊടുക്കുന്നത് നിങ്ങളെ എണ്ണമറ്റ ഹൃദയവേദനകളിൽ നിന്ന് സംരക്ഷിക്കും. (g85 12/8)
[അടിക്കുറിപ്പുകൾ]
a ഒരു പഠനമനുസരിച്ച്, സംഭോഗം പ്ലാൻ ചെയ്തതല്ല, മറിച്ച് താനെ സംഭവിച്ചതാണെന്ന് 60 ശതമാനം സ്ത്രീകൾ പറഞ്ഞു.
[12-ാം പേജിലെ ആകർഷകവാക്യം]
ഇന്നത്തെ ചില സുഖങ്ങൾക്ക് നാളെ വേദനയുളവാക്കാൻ കഴിയും
[14-ാം പേജിലെ ആകർഷകവാക്യം]
വിവാഹത്തിനുമുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ദമ്പതികളുടെ മിക്ക വിവാഹനിശ്ചയങ്ങളും തകർന്നിട്ടുണ്ട്
[14-ാം പേജിലെ ആകർഷകവാക്യം]
ഒരു ദമ്പതികൾ ഒരിക്കൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു വഴി അവർ ഒരു രേഖ കുറുകെ കടക്കുകയാണ്. അവർക്ക് ഒരിക്കലും മടങ്ങിവരാൻ സാദ്ധ്യമല്ല.
[13-ാം പേജിലെ ചിത്രം]
വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധം ഒരു തകർന്ന വിവാഹനിശ്ചയത്തിന്റെ ഹൃദയ വേദനയിൽ പരിണമിച്ചേക്കാം.