ബൈബിളിന്റെ വീക്ഷണം
ദശാംശം കൊടുക്കൽ—അതിന്റെ ആവശ്യമുണ്ടോ?
ദക്ഷിണാഫ്രിക്കയിലെ ഒരു അംഗ്ലിക്കൻ ഇടവകയുടെ സെക്രട്ടറി ഉൽക്കണ്ഠയിലാണ്.അദ്ദേഹത്തിന്റെ സഭ ഒരു സാമ്പത്തിക തകർച്ചയുടെ മദ്ധ്യത്തിലാണ്. അതു നിമിത്തം അതിന്റെ ശുശ്രൂഷകർക്ക് ശമ്പളം കൊടുക്കാനും പ്രയാസമാണ്. അദ്ദേഹത്തിന്റെ പ്രതിവിധി ഇതാണ്. ഇടവകാംഗങ്ങളോട് ദശാംശം കൊടുക്കാൻ ഊന്നിപ്പറയുക.
എന്നാൽ ദശാംശം എന്നു പറഞ്ഞാൽ എന്താണ്? ചിലർ പറയുന്ന പ്രകാരം, മതപരമായ ഉദ്ദേശ്യങ്ങൾക്കുവേണ്ടി “നിങ്ങൾക്കു ലഭിക്കുന്നതിന്റെയെല്ലാം പത്തിലൊരു ഭാഗം” നൽകുന്നതാണ്. ഒരോ മതത്തിലും ദശാംശം കണക്കാക്കുന്ന രീതി വ്യത്യസ്തമാണെങ്കിലും ദശാംശത്തിന് ഊന്നൽ കൊടുക്കേണ്ടതിന്റെ ആവശ്യം പല ശുശ്രൂഷകരും കാണുന്നുണ്ട്. “നാം ദശാംശത്തിന് കൂടുതൽ ഊന്നൽ നൽകാത്തത് വലിയോരു പരാധീനതയാണ്” എന്ന് ആഫ്രിക്കയിലെ ഒരു കത്തോലിക്കാ പുരോഹിതൻ പറയുകയുണ്ടായി. ദൈവത്തോടുകൂടെ ഒരു പങ്കാളിയായിത്തീർന്നുകൊണ്ട് ദാരിദ്ര്യം ഒഴിവാക്കേണ്ട വിധം സംബന്ധിച്ച ഒരു മാസികയിലെ ലേഖനത്തിൽ ലോകവ്യാപകദൈവസഭ ഇങ്ങനെ പറഞ്ഞു: “ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തിന് തുടക്കമിടാൻ, നിങ്ങൾ ആദ്യംതന്നെ ദശാംശം കൊടുക്കുന്നതു സംബന്ധിച്ച ദൈവനിയമം അനുസരിക്കേണ്ടതുണ്ട്.” അനുസരിക്കാത്തവർ “ദൈവത്തിൽനിന്ന് മോഷ്ടിക്കുകയാണ്” എന്ന് ലേഖനം തുടർന്നു പറഞ്ഞു.
എന്നാൽ ദശാംശം കൊടുക്കാൻ ദൈവം നിങ്ങളോട് ആവശ്യപ്പെടുന്നുണ്ടോ? അതു സംബന്ധിച്ച് ബൈബിൾ പറയുന്നതെന്തെന്ന് തിരിച്ചറിയുന്നത് നിങ്ങളെ അതിശയിപ്പിച്ചേക്കാം.
ദശാംശം കൊടുക്കലും മോശയുടെ ന്യായപ്രമാണവും
ദശാംശം കൊടുക്കൽ പുരാതന യിസ്രായേൽ ജാതിക്ക് മോശ മുഖാന്തരം ദൈവം നൽകിയ നിയമസംഹിതയുടെ ഭാഗമായിരുന്നു. യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളോട് 13-ാമത്തെ ഗോത്രമായ ലേവ്യരെ പുലർത്താൻ ന്യായപ്രമാണം ആവശ്യപ്പെട്ടിരുന്നു. ഈ പുരോഹിത കുലത്തിന് യാതൊരു ദേശവും അവകാശമായി ഉണ്ടായിരുന്നില്ല. ഇത് ജനങ്ങളുടെ ആത്മീയാവശ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലേവ്യരെ പ്രാപ്തരാക്കി. (സംഖ്യാപുസ്തകം 18:21-24) യിസ്രായേല്യർ കൃഷിക്കാരായിരുന്നതിനാൽ പണമായി ദശാംശം നൽകേണ്ടിരുന്നില്ല. പ്രത്യുത, ഇത് ഭൂമിയിലെ ഉല്പന്നങ്ങളിൽനിന്നും വളർത്തു മൃഗങ്ങളിലെ സമൃദ്ധിയിൽനിന്നും വരേണ്ടിയിരുന്നു. ഉല്പന്നത്തിൽ നിന്ന് ദശാംശം കൊടുക്കേണ്ട ഒരു യിസ്രായേല്യൻ, അതിനു പകരം പണം നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ അയാൾ ഉല്പന്നത്തിന്റെ വിലയെക്കാൾ 20 ശതമാനം കൂടുതൽ നൽകേണ്ടിയിരുന്നു.—ലേവ്യപുസ്തകം 27:30-33.
ദശാംശം സംബന്ധിച്ച ദൈവകല്പന ഗൗരവമായ ഒരു സംഗതിയായിരുന്നു. ഒരു യിസ്രായേല്യൻ താൻ ദശാംശമായി കൊടുക്കേണ്ടത് അബദ്ധവശാൽ സ്വന്തം കാര്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നെങ്കിൽ, അയാൾ അതിന് പ്രായശ്ചിത്തം ചെയ്യേണ്ടിയിരുന്നു. എങ്ങനെ? മുതലിനു പുറമേ 20 ശതമാനം നൽകിക്കൊണ്ടും തന്റെ തെറ്റിന് ഒരു മൃഗബലി അർപ്പിച്ചുകൊണ്ടും. (ലേവ്യപുസ്തകം 5:14-16) എല്ലാ യിസ്രായേല്യർക്കും പൗരോഹിത്യത്തിൽ പങ്കുപറ്റാൻ കഴിഞ്ഞില്ലെങ്കിലും, എല്ലാവർക്കും ദശാംശത്തിലൂടെ പൗരോഹിത്യസേവനത്തെ പിൻതാങ്ങാൻ കഴിയുമായിരുന്നു. ഇതെല്ലാം ദശാംശത്തെ സംബന്ധിച്ച ദൈവനിയമത്തിൽ ഉൾപ്പെടുത്തിയിരുന്നു. അതുകൊണ്ട്, അത് പുരാതന ജനത്തിന്റെ സാഹചര്യങ്ങൾക്ക് യോജിക്കുന്നതായിരുന്നു. എന്നാൽ അത് ഇന്നത്തെ ജനത്തിന്റെ സാഹചര്യങ്ങൾക്ക് യോജിക്കുന്നുണ്ടോ? അധികം പ്രധാനമായി, ദശാംശം കൊടുക്കാൻ ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടിട്ടുണ്ടോ?
നിയമത്തിന്റെ ഒരു മാറ്റം
യേശുവിന്റെ പുനരുത്ഥാനത്തിന് ചുരുക്കം വർഷങ്ങൾക്കുശേഷം പരിഛേദനയേൽക്കാത്ത യഹൂദേതരർ ക്രിസ്ത്യാനിത്വത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. “അവരെ പരിഛേദന കഴിപ്പിക്കയും മോശയുടെ ന്യായപ്രമാണം പാലിക്കാൻ അവരോട് ആവശ്യപ്പെടുകയും വേണം” എന്ന് ചില യഹൂദക്രിസ്ത്യാനികൾ വാദിച്ചു. (പ്രവർത്തികൾ 15:5) മറ്റുള്ളവർ അതിനോട് യോജിച്ചില്ല. അതുകൊണ്ട് യേശുവിന്റെ അപ്പോസ്തലൻമാരും മറ്റ് അനുഭവസമ്പന്നരായ ക്രിസ്ത്യാനികളും ഈ പ്രശ്നം ചർച്ച ചെയ്യാൻ യരൂശലേമിൽ ഒന്നിച്ചുകൂടി. അവർ ദൈവേഷ്ടം തിരിച്ചറിയാൻ ആഗ്രഹിച്ചു. അവർ ദശാംശം ഉൾപ്പെടുന്ന മോശൈക ന്യായപ്രമാണം പാലിക്കാൻ ക്രിസ്തുവിന്റെ അനുഗാമികളോട് ആവശ്യപ്പെട്ടോ? യഹൂദേതരരുമായിട്ടുള്ള ദൈവത്തിന്റെ ഇടപെടലുകളിലെ ഒരു മാറ്റം ചൂണ്ടിക്കാണിച്ചുകൊണ്ട് അനുഭവങ്ങൾ വിവരിക്കുകയുണ്ടായി. ഇത് ദൈവത്തിന്റെ സ്വന്തം പ്രാവചനിക വചനത്തിൽനിന്ന് സമർത്ഥിക്കുകയും ചെയ്തു. (പ്രവൃത്തികൾ 15:6-21) തീരുമാനം എന്തായിരുന്നു?
യോഗം ഒരു ഏകകണ്ഠമായി തീരുമാനത്തിലെത്തി. ക്രിസ്ത്യാനികൾ മോശയുടെ ന്യായപ്രമാണത്താൽ ഭാരപ്പെടുത്തേണ്ടവരല്ല. എന്നിരുന്നാലും അവർക്ക് ചുരുക്കം ചില “അവശ്യസംഗതികൾ” അനുസരിക്കേണ്ടതായുണ്ടായിരുന്നു. ദശാംശം അതിൽ ഒന്നായിരുന്നോ? നിശ്വസ്ത തീരുമാനം ഇങ്ങനെ പറയപ്പെടുന്നു: “വിഗ്രഹങ്ങൾക്ക് ബലിയർപ്പിച്ച വസ്തുക്കളും രക്തവും ശ്വാസം മുട്ടിച്ചത്തവയും ദുർവൃത്തിയും വർജ്ജിക്കുന്നതിൽ തുടരുകയെന്ന ഈ ആവശ്യസംഗതികളൊഴിച്ച് കൂടുതലായ മറ്റു യാതൊരു ഭാരവും നിങ്ങളോടു കൂട്ടാതിരിക്കുന്നതിനോട് പരിശുദ്ധാത്മാവും ഞങ്ങൾതന്നെയും അനുകൂലിച്ചിരിക്കുന്നു.” (പ്രവൃത്തികൾ 15:25, 28, 29) ക്രിസ്ത്യാനികൾക്കുവേണ്ടിയുള്ള ഈ “ആവശ്യസംഗതികൾ” ദശാംശത്തെ സംബന്ധിച്ച ദൈവനിയമം പട്ടികപ്പെടുത്താത്തത് രസകരംതന്നെ.
പിന്നീട്, അപ്പോസ്തലനായ പൗലോസ്, യിസ്രായേലുമായിട്ടുള്ള ദൈവത്തിന്റെ ന്യായപ്രമാണ ഉടമ്പടി ക്രിസ്തുവിന്റെ മരണത്താൽ റദ്ദാക്കിയതായി വിശദീകരിച്ചു. അവൻ ഇപ്രകാരം പറഞ്ഞു: “[ദൈവം] കയ്യെഴുത്തു പ്രമാണം മായിച്ചു, അത് ദണ്ഡനസ്തംഭത്തിൽ തറെച്ച് വഴിയിൽനിന്ന് നീക്കിക്കളഞ്ഞു.” (കൊലോസ്യർ 2:14) ഇതിന്റെ അർത്ഥം ക്രിസ്ത്യാനികൾക്ക് യാതൊരു നിയമവും ഇല്ല എന്നല്ല. പ്രത്യുത, നിയമത്തിൽ ഒരു മാറ്റം വന്നിരിക്കുന്നു. അതിൽ ഇപ്പോൾ “ക്രിസ്തുവിന്റെ ന്യായപ്രമാണം” ഉൾപ്പെടുന്നു.—ഗലാത്യർ 6:2; എബ്രായർ 7:12.
അപ്പോസ്തലനായ പൗലോസ് നിയമത്തിന്റെ ഈ മാറ്റത്തിനനുസരണമായി ജീവിച്ചു. ഒന്നിനുപുറകേ ഒന്നായി സഭകൾ രൂപീകരിക്കുന്നതിൽ കഠിനാദ്ധ്വാനം ചെയ്തെങ്കിലും, അവൻ ഒരിക്കലും ദശാംശത്തിന്റെ രൂപത്തിൽ എന്തെങ്കിലും പകരം നല്കാൻ ആവശ്യപ്പെട്ടില്ല. മറിച്ച്, ഒരു കൂടാരപ്പണിക്കാരനായി അംശകാല ജോലി ചെയ്തുകൊണ്ട് അവൻ തന്റെ സ്വന്തം ചെലവ് വഹിക്കാൻ മനസ്സുള്ളവനായിരുന്നു. (പ്രവൃത്തികൾ 18:3, 4) തികഞ്ഞ ആത്മാർത്ഥതയോടെ അവന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “എന്റെയും എന്നോടുകൂടെയുള്ളവരുടെയും ആവശ്യത്തിനുവേണ്ടി ഈ കരങ്ങൾ അദ്ധ്വാനിച്ചിരിക്കുന്നു.”—പ്രവൃത്തികൾ 20:34.
അങ്ങനെയെങ്കിൽ, കൊടുക്കലിന്റെ സംഗതിയിൽ എന്തു നിർദ്ദേശമാണ് ക്രിസ്ത്യാനികൾക്കുള്ളത്? നിങ്ങൾ എത്രമാത്രം കൊടുക്കണം?
ക്രിസ്തീയ കൊടുക്കൽ
ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ ഔദാര്യം പ്രകടമാക്കിയ മനുഷ്യൻ യേശുക്രിസ്തുവാണ്. അവന്റെ മാതൃക ഔദാര്യപൂർവ്വം വർത്തിക്കാൻ അനേകരെ പ്രേരിപ്പിച്ചിട്ടുണ്ട്. അവൻ ഇപ്രകാരം പറഞ്ഞു: “കൊടുത്തുകൊണ്ടിരിപ്പിൻ; ആളുകൾ നിങ്ങൾക്കുതരും. അവർ അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയിലേക്ക് തരും. നിങ്ങൾ അളന്നു കൊടുക്കുന്ന അളവിനാൽ അവർ നിങ്ങൾക്ക് തിരിച്ച് അളന്നു തരും.” (ലൂക്കോസ് 6:38) ഈ സംഗതിയിൽ നിയന്ത്രണങ്ങളുണ്ടോ? ഇല്ല. നിർലോഭമായി കൊടുക്കാൻ ക്രിസ്ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. സാധിക്കുമെങ്കിൽ, അത് പത്തിലൊന്നിൽ അധികംപോലും ആയിരുന്നേക്കാം.—ലൂക്കോസ് 18:22; പ്രവൃത്തികൾ 20:35.
വിപരീതമായി, ഒരു ക്രിസ്ത്യാനി പെട്ടെന്ന്—ഒരുപക്ഷേ അപകടമോ രോഗമോ നിമിത്തം—അടിയന്തിരമായി ചില ചെലവുകൾ അഭിമുഖീകരിച്ചേക്കാം. അത്തരം പരിതഃസ്ഥിതിയിൽ അയാളുടെ ശമ്പളത്തിന്റെ പത്തിലൊന്ന് കൊടുക്കുന്നത് തന്റെ കുടുംബാംഗങ്ങളുടെ ജീവിതാവശ്യങ്ങൾ കവർന്നെടുത്തേക്കാം. അത് ക്രിസ്ത്യാനിത്വമായിരിക്കയില്ല.—മത്തായി 15:5-9; 1 തിമൊഥെയോസ് 5:8.
ക്രിസ്തീയ കൊടുക്കൽ സ്വമേധയാ ഉള്ളതാണ്. അത് ഓരോ വ്യക്തിയും വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളിലാണെന്ന് പരിഗണിക്കുന്നു. ബൈബിൾ പറയുന്നു: “ഒന്നാമതായി മനസ്സൊരുക്കം ഉണ്ടെങ്കിൽ, ഒരു വ്യക്തിക്ക് ഇല്ലാത്തതിനനുസരിച്ചല്ല, മറിച്ച് ഒരു വ്യക്തിക്ക് ഉള്ളതിനനുസരിച്ച് കൊടുത്താൽ അത് വിശേഷാൽ സ്വീകാര്യമാണ്.”—2 കൊരിന്ത്യർ 8:12.
അങ്ങനെയെങ്കിൽ, നിങ്ങൾ എത്രമാത്രം കൊടുക്കണം? അത് നിങ്ങൾ സ്വയം നിർണ്ണയിക്കേണ്ട ഒരു പ്രശ്നമാണ്. നിങ്ങൾ എന്തുകൊടുക്കുമെന്ന് നിർണ്ണയിക്കുന്നത് ദൈവത്തോടുള്ള നിങ്ങളുടെ സ്വന്ത ഹൃദയവിലമതിപ്പിന്റെ ആഴമാണ്. മറിച്ച് പണ്ട് നിശ്ചയിച്ചിരുന്ന ദശാംശത്തിന്റെ വ്യവസ്ഥയല്ല. ബൈബിൾ പ്രേരിപ്പിക്കുന്നതനുസരിച്ച്: “ഓരോരുത്തൻ താന്താന്റെ ഹൃദയത്തിൽ നിശ്ചയിച്ചിരിക്കുന്നതുപോലെ ചെയ്യട്ടെ, വെറുപ്പോടെയോ നിർബ്ബന്ധത്തിൻ കീഴിലോ അരുത്, എന്തുകൊണ്ടെന്നാൽ സന്തോഷത്തോടെ കൊടുക്കുന്ന ഒരുവനെ ദൈവം സ്നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7) ദശാംശം കൊടുക്കൽ യിസ്രായേലിന്റെ ആലയവും പൗരോഹിത്യവും നിലനിർത്താൻ മോശൈക ന്യായപ്രമാണത്തിലെ ഒരു വ്യവസ്ഥയായിരുന്നു. ഇന്നത്തെ ക്രിസ്ത്യാനികളോട് ഇത് കല്പിച്ചിട്ടില്ല. അതിന്റെ ആവശ്യവുമൊട്ടില്ല. (g86 12/8)