നിങ്ങളുടെ അയൽക്കാരനുമായി സമാധാനം പുലർത്തുക
മറ്റുള്ളവരുമായി സമാധാനം പുലർത്തുന്നതിന് ആദ്യമായി നിങ്ങൾ നിങ്ങളോടുതന്നെ സമാധാനത്തിലായിരിക്കേണ്ടതുണ്ട്. “നീ നിന്റെ അയൽക്കാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം” എന്നു പറഞ്ഞപ്പോഴത്തെ യേശുക്രിസ്തുവിന്റെ ആ വാക്കുകളിൽ നിന്ന് ഇത് വ്യക്തമാണ്. (മത്തായി 22:39) നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുന്നതിന് നിങ്ങൾ നിങ്ങളേത്തന്നെ സ്നേഹിക്കണം. നിങ്ങൾ പൂർണ്ണനായതുകൊണ്ടല്ല. നിങ്ങൾ പൂർണ്ണനല്ലെന്ന് നിങ്ങൾക്കറിയാം. നിങ്ങൾക്കു കുറവുകളുണ്ട്, നിങ്ങൾ തെറ്റുകൾ വരുത്തുന്നു, കുറ്റബോധം അനുഭവിക്കുന്നു. ഇതെല്ലാം നിങ്ങൾക്കറിയാം. എന്നാൽ നിങ്ങളുടെ കുറവുകൾ സംബന്ധിച്ച് നിങ്ങൾക്കു ഖേദമുണ്ടെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ അവയ്ക്കു ക്ഷമ ചോദിക്കുന്നു. മെച്ചമായി ചെയ്യാൻ തീരുമാനിക്കുന്നു. ഈ വിധത്തിൽ ഭാരിച്ച കുറ്റബോധങ്ങളിൽ നിന്ന് നിങ്ങളേത്തന്നെ വിമുക്തരാക്കുന്നു.
നമ്മുടെ ഹൃദയത്തിന്റെ സമൃദ്ധിയിൽ നിന്ന് നാം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. (മത്തായി 12:34, 35) നമ്മുടെ ഹൃദയങ്ങൾ കുറ്റങ്ങളാലും പ്രത്യാരോപണങ്ങളാലും നിറഞ്ഞിരുന്നാൽ, അങ്ങനെയുള്ള നിഷേധാത്മക വിചാരങ്ങൾ സ്നേഹരഹിതമായി മറ്റുള്ളവരിലേക്ക് വിക്ഷേപിക്കപ്പെടും. മറ്റുള്ളവരെ സ്നേഹിക്കുന്നതിന് നിങ്ങൾക്ക് സ്വമൂല്യത്തിന്റെ, ആത്മാഭിമാനത്തിന്റെ, കുറെ ബോധമുണ്ടായിരിക്കണം, നിങ്ങളേത്തന്നെ അംഗീകരിക്കാൻ കഴിയണം. നിങ്ങളെക്കുറിച്ചുതന്നെ ചിരിക്കാൻ പോലും കഴിയണം. ഈ വിധത്തിൽ നിങ്ങളേത്തന്നെ സ്നേഹിക്കുമ്പോൾ മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധങ്ങളെ വ്രണപ്പെടുത്തുന്നതിന് നിങ്ങൾക്ക് ആന്തരിക പ്രക്ഷോഭം ഉണ്ടായിരിക്കുകയില്ല. ഈ ആന്തരിക സുരക്ഷിതത്വമുള്ളതിനാൽ നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്നുള്ള ഭീഷണി ഉള്ളതായി തോന്നുകയില്ല, ദയാപൂർവ്വകമായ താത്പര്യം പ്രകടമാക്കാനും കഴിയും. സമാധാനപൂർവ്വം മറ്റുള്ളവരിലേക്ക് കൈനീട്ടുന്നതിന് നിങ്ങൾക്കുതന്നെ ആന്തരികമായി സമാധാനമുണ്ടായിരിക്കണം.
എന്നിരുന്നാലും, ഈ ആധുനികലോകത്തിലെ സമ്മർദ്ദപൂരിതമായ ബഹളത്തിൽ ആന്തരികസമാധാനത്തിന് ഭീഷണിയുണ്ട്. അയൽസ്നേഹം പുലർത്തുകയെന്ന ശാന്തമായ കല അപ്രത്യക്ഷപ്പെടുകയാണ്. പുറത്തേക്കു തല നീട്ടാനുള്ള ഭയപ്പാടോടെ തോടിനുള്ളിലെ സുരക്ഷിതത്വത്തിൽ ഉളിഞ്ഞു നോക്കുന്ന ആമകളേപ്പോലെയാണ് ആളുകൾ അന്യോന്യം അഭിമുഖീകരിക്കുന്നത്. പിരിമുറുക്കമില്ലാത്ത സൗഹൃദം ഭയത്തിനും ഏകാന്തതക്കും വഴിമാറിക്കൊടുത്തിരിക്കുന്നു. നാം ജീവിക്കുന്ന അപകടകരമായ കാലങ്ങളെ പരിഗണിക്കുമ്പോൾ അത് സങ്കടകരമാണ്, എന്നാൽ മനസ്സിലാക്കാവുന്നതാണ്—2 തിമൊഥെയോസ് 3:1-5.
എന്നിരുന്നാലും, സൗഹൃദം പ്രകടമാക്കാൻ ഒരു വ്യക്തി മുൻകൈ എടുക്കുന്നുവെങ്കിൽ, അയാളുടെ ശ്രമത്തിന് സന്തോഷകരമായ പ്രതികരണമാണ് സാധാരണ ലഭിക്കുക. നടപ്പാതയിലൂടെ നിങ്ങളെ കടന്നുപോകുന്ന ഒരു അയൽക്കാരനോട് സംസാരിക്കുക, തന്റെ വീട്ടു മുറ്റത്തു പണിചെയ്തുകൊണ്ടിരിക്കുന്ന ആരോടെങ്കിലും രണ്ടു വാക്കു പറയുക, ഒരു പാർക്കിലെ ബഞ്ചിൽ ഇരിക്കുമ്പോൾ ആരോടെങ്കിലും സല്ലപിക്കുക,—അത്തരം നിമിഷങ്ങൾ ആസ്വാദ്യമായ ഇടവേളകളായിരിക്കാൻ കഴിയും. അങ്ങനെയുള്ള അവസരങ്ങളെ ഉല്ലാസപ്രദമാക്കുന്നതിനും നമ്മുടെ മാനുഷബന്ധങ്ങളിൽ സമാധാനം വർദ്ധിപ്പിക്കുന്നതിനും നമുക്കനുസരിക്കാൻ കഴിയുന്ന മാർഗ്ഗരേഖകളുണ്ട്. അവയിൽ ചിലതു പരിചിന്തിക്കുക.
ഒരു നല്ല ശ്രോതാവായിരിക്കുക
ആദരവു പ്രകടമാക്കുക. നിങ്ങളുമായി സംസാരിക്കുന്ന ആളുകളുടെ മുഖത്തുനോക്കുക. നിങ്ങളുടെ കണ്ണുകൾ മറ്റെവിടെയെങ്കിലും അലഞ്ഞു തിരിയുകയാണെങ്കിൽ, നിങ്ങൾ അയാൾക്കു കൊടുക്കുന്ന സന്ദേശം ‘എനിക്കു നിങ്ങളിലോ നിങ്ങൾ പറയുന്നതിലോ താത്പര്യമില്ലെ’ന്നാണ്. ഒരുപക്ഷേ, നിങ്ങൾ അത് അർത്ഥമാക്കുന്നില്ലായിരിക്കാം. അതുകൊണ്ട് അയാൾ പറയുന്നതു ശ്രദ്ധിക്കുകയും പ്രത്യേകമായി ചെവികൊടുക്കുകയും ചെയ്യുക. വിശദാംശങ്ങൾ ചോദിക്കാനോ ഉചിതമായ ചോദ്യങ്ങൾ ഉന്നയിക്കാനോ അല്ലെങ്കിൽ തടസ്സപ്പെടുത്തരുത്. “ഒരു സംഗതി കേൾക്കുന്നതിനു മുൻപ് ആരെങ്കിലും മറുപടി പറയുമ്പോൾ അത് അയാളുടെ ഭാഗത്ത് മൗഢ്യവും അപമാനവുമാണ്.” (സദൃശവാക്യങ്ങൾ 18:13) അയാളുടെ ചിന്തയും സ്ഥാനവും വികാരങ്ങളും മനസ്സിലാക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ കാതുകൾ കൊണ്ടുമാത്രമല്ല ഹൃദയം കൊണ്ടും ശ്രദ്ധിക്കുക. “കേൾവിക്കു വേഗതയും സംസാരത്തിനു താമസവും കോപത്തിനു താമസവുമുള്ളവരായിരിക്കുക.”—യാക്കോബ് 1:19.
ആശയവിനിയമയം ചെയ്യുക, സംഭാഷണം നടത്തുക
“തൃപ്തികരമായി സ്വീകരിക്കുകയോ ഗ്രഹിക്കുകയോ ചെയ്യത്തക്കവണ്ണം വിവരങ്ങളോ ആശയമോ വിചാരമോ പ്രേഷണം ചെയ്യുക” എന്നാണ് ആശയവിനിമയത്തിന്റെ അർത്ഥം. നീട്ടി നീട്ടിയോ വളച്ചുകെട്ടിയോ സംസാരിക്കാതെ വ്യക്തമായും സംക്ഷിപ്തമായും സംസാരിക്കുക. മറ്റേയാൾ നിങ്ങളുടെ പോയിൻറ് മനസ്സിലാക്കുന്നണ്ടെന്ന് തിട്ടപ്പെടുത്തുക. സംഭാഷിക്കുക എന്നതിന്റെ അർത്ഥം “സംസാരം വഴി ആശയങ്ങളും അഭിപ്രായങ്ങളും കൈമാറുക” എന്നാണ്. സംഭാഷണം ഒരു പ്രസംഗമല്ല, അത് പരസ്പരകൈമാറ്റമാണ്. നിങ്ങൾ ഒരു ആശയം പറയുമ്പോൾ മറ്റേയാളുടെ മറുപടി ശ്രദ്ധിക്കുക. ആരെങ്കിലും ഒരു അനുഭവം പറയുകയോ ഒരു റിപ്പോർട്ടു വായിക്കുകയോ ചെയ്യുമ്പോൾ നിങ്ങൾ ഒരു ശ്രോതാവാണ്. ഒരു സംഭാഷണത്തിൽ നിങ്ങൾ ഒരു പങ്കാളിയാണ്. അതിനു സംഭാവന ചെയ്യുക, അതു ചെയ്യാൻ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്യുക. വഴക്കമുള്ളവരായിരിക്കുക. പുതിയ ആശയങ്ങൾക്ക് മനസ്സു തുറന്നിടുക. സിദ്ധാന്തപരമായി മുറുകെപ്പിടിക്കുന്ന ഒരു മുൻ വീക്ഷണഗതി നിങ്ങളുടെ കണ്ണുകളെ അന്ധമാക്കുകയും നിങ്ങളുടെ കാതുകളെ കൊട്ടിയടയ്ക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്യുന്നു.—മത്തായി 13:15.
സൗഹൃദവും സത്യസന്ധതയും കരുതലുമുള്ളവരായിരിക്കുക
ഭയം പാടില്ല. മറ്റുള്ളവരിലേക്ക് കടന്നുചെല്ലുക. നിങ്ങളുടെ സൗഹൃദം സാധാരണയായി അവരിൽനിന്ന് സമാനമായ പ്രതിവർത്തനം കൈവരുത്തും. വികാരങ്ങൾ പകരുന്നവയാണ്. മറ്റുള്ളവർക്കുണ്ടാകേണമെന്നു നിങ്ങളാഗ്രഹിക്കുന്ന വികാരം നിങ്ങളിൽ ഉളവാക്കുക. മറ്റുള്ളവർ വർത്തിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നവിധത്തിൽ നിങ്ങൾ വർത്തിക്കുക. നിങ്ങളോട് പെരുമാറാനാഗ്രഹിക്കുന്ന വിധത്തിൽ മറ്റുള്ളവരോടു പെരുമാറുക നിങ്ങൾ കൊയ്യാനാഗ്രഹിക്കുന്നത് വിതയ്ക്കുക. നിങ്ങൾതന്നെ ആയിരിക്കുക. സത്യസന്ധരായിരിക്കുക. മറ്റുള്ളവരിലുള്ള കരുതലോടെ. അവർക്കു സേവനമനുഷ്ഠിച്ചുകൊണ്ട് അവരിൽ തത്പരരായിരിക്കുക.
മറ്റുള്ളവരിൽ ശ്രദ്ധിക്കുക
ബൂത്ത് റ്റാർക്കിംഗ്ടന്റെ നോവലുകളിലൊന്നിൽ വീടിനു മുമ്പിലത്തെ പുൽത്തകിടിയിൽ കളിക്കുന്ന ഒരു കൂട്ടം കുട്ടികളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. കഥാപുരുഷൻമാരിൽ ഒരാളായ ലിറ്റിൽ ഓർവി തനിക്കു കിട്ടേണ്ട ശ്രദ്ധയുടെ പങ്കു ലഭിക്കുന്നില്ലെന്നുള്ള വിചാരത്തിൽ “ഇതാ, നോക്കൂ! ഇതാ നോക്കൂ!” എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഓടാനും ചാടാനും തുടങ്ങി. പ്രായമുള്ളവർ അതു സംബന്ധിച്ച് അത്ര പ്രത്യക്ഷമായി പ്രതികരിക്കുന്നില്ല, എന്നാൽ അവരും ശ്രദ്ധ ആഗ്രഹിക്കുന്നു. അതില്ലെങ്കിൽ ശിശുക്കളും വയോധികരും മരിക്കുകപോലും ചെയ്തേക്കാം. അതുകൊണ്ട് ആളുകളെ നോക്കുക, അവരെ ശ്രദ്ധിക്കുക, അവരെ ഗൗനിക്കുക. നിങ്ങളുടെ അയൽക്കാരുമായി പരിചയപ്പെടുക, സൗഹൃദം പുലർത്തുക, അവരുടെ പട്ടിയെയും റോസാച്ചെടികളെയും അവരുടെ പുതിയ വസ്ത്രത്തെയും ശ്ലാഘിക്കുക—എന്നാൽ എല്ലായ്പ്പോഴും ആത്മാർത്ഥതയോടെ ആയിരിക്കണം, കണക്കുകൂട്ടുന്ന ഒരു ഫലത്തിനുവേണ്ടി ആയിരിക്കരുത്.
വിമർശനം ഒഴിവാക്കുക
അത് തീർച്ചയായും വ്യർത്ഥമാണ്. അത് അഭിമാനത്തെ മുറിപ്പെടുത്തുകയും നീരസം ജനിപ്പിക്കുകയും ചെയ്യുന്നു. അത് ഒരു ആക്രമണംപോലെ വരുന്നു. ആളുകൾ പ്രതിരോധിക്കുന്നു. അവർ ന്യായീകരിക്കാൻ ശ്രമിക്കുകയും നിങ്ങൾക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്യുന്നു. വിമർശിച്ചാൽ നിങ്ങൾ അപകടത്തിലാണ്. ആളുകൾ ഒട്ടുമിക്കപ്പോഴും യുക്തിബോധത്തെക്കാൾ വികാരത്തിനടിമപ്പെട്ടവരാണ്, വിശേഷിച്ച് അവർ ആക്രമണ വിധേയരായിരിക്കുമ്പോൾ. അവർ വിമർശനത്തെ അങ്ങനെയാണു വീക്ഷിക്കുന്നത്. കുറ്റംവിധിക്കുന്നതിനു പകരം മനസ്സിലാക്കാൻ ശ്രമിക്കുക. പ്രോത്സാഹനവാക്കുകൾ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. അവരുടെ ദൗർബ്ബല്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാതെ അവരുടെ നല്ല വശങ്ങൾ കാണുക. “കുറ്റങ്ങൾ അവഗണിക്കുന്നത് ഒരു മനുഷ്യന്റെ മഹത്വമാണ്.”—സദൃശവാക്യങ്ങൾ 19:11, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ.
ബുദ്ധിയുപദേശം കൊടുക്കൽ
ഊഷ്മള സ്നേഹവും സൗഹൃദവും ഉള്ളവരായിരിക്കുക. അയാൾ ആദ്യം സംസാരിക്കുകയും ദീർഘമായി സംസാരിക്കുകയും ചെയ്യട്ടെ. അയാളുടെ ആഗ്രഹങ്ങളോട് അനുകമ്പ കാണിക്കുക. അയാളുടെ വീക്ഷണഗതിമനസ്സിലാക്കുക. അയാളുടെ നടത്തയുടെ പിമ്പിലെ വൈകാരിക കാരണങ്ങൾ തിരിച്ചറിയുക. നിങ്ങളും തെറ്റു ചെയ്യന്നുവെന്നും അയാളെപ്പോലെ അപൂർണ്ണനാണെന്നും അറിയിക്കുക. അനന്തരം, “അങ്ങനെയുള്ള ഒരു മനുഷ്യനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്താൻ” ശ്രമിക്കുക, “നിങ്ങളും പരീക്ഷിക്കപ്പെടാമെന്നുള്ള ഭയത്താൽ സ്വയം സൂക്ഷിക്കുമ്പോൾത്തന്നെ.” (ഗലാത്യർ 6:1) നിങ്ങളുടെ ബുദ്ധിയുപദേശം പ്രശ്നമായിരിക്കുന്ന പോയിൻറിൽ മാത്രം പരിമിതപ്പെടുത്തുക. അത് വ്യക്തിക്കു പറ്റുന്നതാക്കുകയും ആശയം മനസ്സിലാക്കാൻ അയാളെ ദയാപൂർവ്വം സഹായിക്കുകയും നയപൂർവ്വം സംസാരിക്കുകയും ചെയ്യുക. “ഓരോരുത്തർക്കും ഉത്തരം കൊടുക്കേണ്ടതെങ്ങനെയെന്നറിയത്തക്കവണ്ണം നിങ്ങളുടെ മൊഴി എല്ലായ്പ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതുമായിരിക്കട്ടെ.” (കൊലോസ്യർ 4:6) ക്രിയാത്മക സഹായം കൊടുക്കുക, മെച്ചപ്പെടുമ്പോൾ അഭിനന്ദിക്കുക.
സഹാനുബോധം പ്രകടമാക്കുക
ഇതിന്റെ അർത്ഥം നിങ്ങളെ മറ്റെയാളിന്റെ സ്ഥാനത്ത് നിർത്താൻ പ്രാപ്തനായിരിക്കണമെന്നാണ്. അയാളുടെ ആവശ്യങ്ങൾ മണത്തറിയുക. അയാൾ വിചാരിക്കുന്നതുപോലെ വിചാരിക്കുക. നിങ്ങൾ അയാളുടെ സ്ഥാനത്താണെങ്കിൽ നിങ്ങളോട് എങ്ങനെ പെരുമാറാൻ നിങ്ങളാഗ്രഹിക്കും? ‘മനുഷ്യർ നിങ്ങളോടു ചെയ്യാനാഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവരോടും ചെയ്യണം’ എന്ന സുവർണ്ണ ചട്ടം അനുസരിക്കുന്നതിന് നിങ്ങൾ ഇതെല്ലാം അറിഞ്ഞിരിക്കണം. (മത്തായി 7:12) ഇത് എളുപ്പമല്ല. ചില കേസുകളിൽ നിങ്ങളുടെ സഹാനുബോധത്തിന്റെ വിചാരങ്ങൾ വാക്കുകളാൽ പ്രകാശിപ്പിക്കുക അസാദ്ധ്യമാണ്—കണ്ണുനീർ പൊഴിക്കാൻ മാത്രമേ സാദ്ധ്യമാകൂ. “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുക; കരയുന്നവരോടുകൂടെ കരയുക” എന്നു പറഞ്ഞപ്പോൾ അപ്പോസ്തലനായ പൗലോസ് അങ്ങനെയുള്ള സഹാനുബോധത്തെ ശുപാർശ ചെയ്തു.—റോമർ 12:15.
ലാസറിന്റെ മരണശേഷം മറിയ യേശുവിന്റെ അടുക്കൽ വന്നു. വിവരണം ഇങ്ങനെ തുടരുന്നു: “അതുകൊണ്ട് യേശു അവൾ കരയുന്നതും അവളോടുകൂടെ വന്ന യഹൂദൻമാർ കരയുന്നതും കണ്ടപ്പോൾ ആത്മാവിൽ ഞരങ്ങുകയും അസസ്ഥനാകുകയും ‘നിങ്ങൾ അവനെ എവിടെ വെച്ചു?’ എന്നു ചോദിക്കുകയും ചെയ്തു. ‘കർത്താവേ, വന്നു കാണുക’ എന്ന് അവർ അവനോടു പറഞ്ഞു. യേശു കണ്ണുനീർ വാർത്തു.” (യോഹന്നാൻ 11:33-35) താൻ ചെയ്യാൻ പോകുന്നതെന്തെന്ന് യേശുവിനറിയാമായിരുന്നു, എന്നിട്ടും അവരുടെ സങ്കടം കണ്ടപ്പോൾ അവരോടുകൂടെ കരയാൻ തക്കവണ്ണം അവൻ വികാരാധീനനായി. അവൻ സഹാനുബോധം പ്രകടമാക്കി.
തിൻമയ്ക്കു പകരം തിൻമ പാടില്ല
സുവർണ്ണ ചട്ടത്തെ ചിലർ വികടമാക്കുന്നതുപോലെ ‘മറ്റുള്ളവർ നിങ്ങളോടു ചെയ്യുന്നതുപോലെ അവരോടു ചെയ്യ’രുത്. എന്നാൽ, തിൻമക്കു പകരം തിൻമചെയ്യാതെ, തിൻമയെ നൻമകൊണ്ടു ജയിച്ചടക്കുക. യഹോവ നമ്മോടുള്ള തന്റെ സ്നേഹം മുഖേന നമ്മിൽ സ്നേഹം ഉത്തേജിപ്പിക്കുന്നു. “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.” (1 യോഹന്നാൻ 4:19) ഇത് അപ്രയോഗികമായ സിദ്ധാന്തമല്ല; അതു മാനുഷപ്രകൃതിയാണ്. ഒരു മൃദുവായ ഉത്തരം ക്രോധം അകറ്റിക്കളയുന്നു. മറ്റേ ചെകിടുകൂടെ കാണിച്ചുകൊടുക്കുന്നത് ആക്രമണത്തിന് വിരാമമിട്ടേക്കാം. പുരാതന ചൂളകളിൽ കുന്നിച്ചിരുന്ന കൽക്കരി അയിരിൽ നിന്ന് ലോഹത്തെ ഉരുക്കിയെടുത്തതുപോലെ, നിങ്ങൾ തിൻമയ്ക്കു പകരം നൻമ ചെയ്യുന്നത് മിക്കപ്പോഴും നിങ്ങളുടെ ശത്രുവിന്റെ കോപത്തെ ശമിപ്പിക്കുകയും അത് ഉരുകാനിടയാക്കുകയും ചെയ്തേക്കാം, അങ്ങനെ തിൻമയെ ജയിച്ചടക്കാവുന്നതാണ്. മറിച്ച്, നിങ്ങൾ അയാളുടെ തിൻമ പ്രവൃത്തിയിൽനിന്ന് തുടർന്നും ദുരിതമനുഭവിച്ചേക്കാം. എന്നാൽ സമാധാനത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിന് നിങ്ങൾ നിങ്ങളാലാവതു ചെയ്തു. നിങ്ങൾ നിങ്ങളോടുതന്നെ വിശ്വസ്തനായിരുന്നു, നിങ്ങളുടെ തത്വങ്ങളോടും. ദുഷ്പ്രവൃത്തിക്കാരൻ നിങ്ങളെ ഒരു ദുഷ്പ്രവൃത്തിക്കാരനാക്കി മാറ്റാൻ നിങ്ങൾ അനുവദിച്ചില്ല.—റോമർ 12:17-21.
നിങ്ങളെ ആശ്രയിച്ചിരിക്കുന്നിടത്തോളം സമാധാനം പിന്തുടരുക
സജീവമായി “എല്ലാവരോടും സമാധാനം പിന്തുടരുക.” (എബ്രായർ 12:14) അത് സ്വതവേ സ്ഥിതിചെയ്യുന്നില്ല. അത് നേടുക എല്ലായ്പ്പോഴും സാദ്ധ്യമല്ല. ചില കേസുകളിൽ നിങ്ങൾ അതിന്റെ പിന്തുടരൽ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. “കോപിഷ്ഠനോടു സഖിത്വം പാടില്ല; കോപാവേശമുള്ള ഒരു മനുഷ്യനോടുകൂടെ നീ പ്രവേശിക്കരുത്.” (സദൃശവാക്യങ്ങൾ 22:24) എന്നിരുന്നാലും, “സാദ്ധ്യമെങ്കിൽ, നിങ്ങളെ ആശ്രയിച്ചിരിക്കുന്നടത്തോളം സകല മനുഷ്യരോടും സമാധാനത്തിലായിരിക്കുക.”—റോമർ 12:18.
നിങ്ങളുടെ അയൽക്കാരനോട് ഉണ്ടായിരിക്കണമെന്ന് യേശു പറഞ്ഞതരം സ്നേഹത്തിന്റെ ഗ്രീക്ക് പദം അഗാപേ ആണ്. അഗാപേ എന്ന ഈ ഗുണത്തിന് അപ്പോസ്തലനായ പൗലോസ് നൽകുന്ന നിർവ്വചനം നിങ്ങളുടെ അയൽക്കാരനുമായി സമാധാനം പിന്തുടരുന്നതിനുള്ള മാർഗ്ഗരേഖകൾ സംഗ്രഹിച്ചു പറയുന്നു: “സ്നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്. സ്നേഹം അസൂയയുള്ളതല്ല, അത് പൊങ്ങച്ചം പറയുന്നതില്ല, ചീർക്കുന്നില്ല, അയോഗ്യമായി പെരുമാറുന്നില്ല, അതിന്റെ സ്വന്തതാത്പര്യങ്ങൾ അന്വേഷിക്കുന്നില്ല, പ്രകോപിതമാകുന്നില്ല. അതു ദ്രോഹത്തിന്റെ കണക്കു സൂക്ഷിക്കുന്നില്ല. അത് അനീതിയിൽ സന്തോഷിക്കുന്നില്ല, എന്നാൽ സത്യത്തിൽ സന്തോഷിക്കുന്നു. അതു സകലവും വഹിക്കുന്നു, സകലവും വിശ്വസിക്കുന്നു, സകലവും പ്രത്യാശിക്കുന്നു, സകലവും സഹിക്കുന്നു. സ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല.”—1 കൊരിന്ത്യർ 13:4-8. (g86 1/22)
[5-ാം പേജിലെ ചതുരം]
സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകത്തിൽ നിന്നുള്ള, മാനുഷബന്ധങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖകൾ, അദ്ധ്യായവും വാക്യവും
“ഒരു ഉത്തരം, ശാന്തമായിരിക്കുമ്പോൾ, കോപത്തെ അകറ്റിക്കളയുന്നു, എന്നാൽ വേദനിപ്പിക്കുന്ന ഒരു വാക്ക് കോപം വരുത്തുന്നു.”—15:1.
“ജ്ഞാനിയുടെ ഹൃദയം അവന്റെ വായ് ഉൾക്കാഴ്ച പ്രകടമാക്കാനിടയാക്കുന്നു, അത് അവന്റെ അധരങ്ങൾക്ക് പ്രേരണ വർദ്ധിപ്പിക്കുന്നു.”—16:23.
“സന്തോഷപ്രദമായ മൊഴികൾ ഒരു തേൻകട്ടയാകുന്നു, ദേഹിക്കു മധുരവും അസ്ഥികൾക്ക് ഔഷധവുംതന്നെ.—16:24.
“ലംഘനം മറയ്ക്കുന്നവൻ സ്നേഹം തേടുന്നു, ഒരു സംഗതിയെക്കുറിച്ചു സംസാരിച്ചുകൊണ്ടേയിരിക്കുന്നവൻ അന്യോന്യം പരിചയമുള്ളവരെ തമ്മിൽ വേർപെടുത്തുന്നു.”—17:9.
“ശണ്ഠയുടെ ആരംഭം ഒരുവൻ വെള്ളം തുറന്നുവിടുന്നതുപോലെയാണ്, അതുകൊണ്ട് വഴക്ക് പൊട്ടിപുറപ്പെടുന്നതിനു മുൻപ് സ്ഥലംവിടുക.”—17:14.
“തന്റെ മൊഴികളെ പിൻവലിക്കുന്നവൻ അറിവുള്ളവനാകുന്നു, വിവേചനയുള്ള മനുഷ്യൻ ശാന്തമാനസനാകുന്നു.”—17:27.
“ഒരു മനുഷ്യന്റെ ഉൾക്കാഴ്ച തീർച്ചയായും അയാളുടെ കോപത്തെ ശമിപ്പിക്കുന്നു, ലംഘനം അവഗണിക്കുന്നത് അയാളുടെ ഭാഗത്തു ഭൂഷണമാകുന്നു.”—19:11.
“തർക്കിക്കുന്നതിൽനിന്ന് മാറിനിൽക്കുന്നത് ഒരു മനുഷ്യനു മഹത്വമാകുന്നു, എന്നാൽ മൂഢനായ ഏവനും അതിലേക്ക് ഇരച്ചുകയറും.”—20:3.
“ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളങ്ങൾപോലെയാകുന്നു, എന്നാൽ വിവേചനയുള്ളവൻ അതു കോരിയെടുക്കുന്നവനാണ്.”—20:5.
“നിന്റെ കൂട്ടുകാരനുമായി നിന്റെ കാര്യം വാദിക്കുക, മറ്റൊരാളുടെ രഹസ്യസംസാരം വെളിപ്പെടുത്തരുത്.”—25:9.
“നിന്റെ കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തിട്ടു തീർച്ചയായും നിന്നെ വെറുക്കാതിരിക്കാൻ അയാളുടെ വീട്ടിൽ അപൂർവ്വമായി പോകുക.”—25:17.
“സംസാരത്തിൽ ധൃതഗതിയുള്ള മനുഷ്യനെ നീ കണ്ടിരിക്കുന്നുവോ? മൂഢനെക്കുറിച്ച് അയാളെക്കാൾ കൂടുതൽ പ്രത്യാശയുണ്ട്.”—29:20.