ചെറുപ്പക്കാർ ചോദിക്കുന്നു . . .
എനിക്ക് വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധം നിരസിക്കാൻ കഴിയുന്നതെങ്ങനെ?
നമ്മുടെ ലോകം അധാർമ്മികത നിറഞ്ഞതാണ്. നിങ്ങളും അതിൽ അകപ്പെടാൻ വളരെയധികം സമ്മർദ്ദമുണ്ട്. അതേസമയം, നിരവധി ചെറുപ്പക്കാർ, വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധത്തിന്റെ ശോചനീയമായ ഫലങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് തങ്ങൾക്കായി ശോഭനമായ ഭാവി കാംക്ഷിക്കുന്നു. റ്റീൻ മാസിക നടത്തിയ രാഷ്ട്രവ്യാപകമായ ഒരു സർവ്വേയിൽ ചെറുപ്പക്കാർക്ക് ബുദ്ധ്യുപദേശം ലഭിക്കേണ്ട പ്രാഥമിക വിഷയം എന്താണെന്ന് വെളിപ്പെടുത്തി: “ലൈംഗിക സമ്മർദ്ദത്തെ തടയുന്നതെങ്ങനെ.” ഇതിന്റെയർത്ഥം, ധാർമ്മികത സംബന്ധിച്ച ബൈബിൾ നിലവാരങ്ങൾ എത്തിപ്പിടിക്കാൻ പറ്റാത്തവിധം അത്രകണ്ട് ഉന്നതമാണെന്നാണോ? ഒരിക്കലുമല്ല! ആയിരക്കണക്കിന് ചെറുപ്പക്കാർ വിജയപൂർവ്വം ചാരിത്ര്യശുദ്ധി കാത്തുസൂക്ഷിച്ചിട്ടുണ്ട്.
സങ്കീർത്തനം 119:9-ൽ ഉന്നയിച്ചിരിക്കുന്ന ചോദ്യം മർമ്മപ്രധാനമാണ്: “ഒരു യുവാവ് [അല്ലെങ്കിൽ യുവതി] തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതെങ്ങനെ?” ഉത്തരം ഇതാണ്: “നിന്റെ [ദൈവത്തിന്റെ] വചനപ്രകാരം കാത്ത് സൂക്ഷിക്കുന്നതിനാൽതന്നെ.” എന്നാൽ ശിരോജ്ഞാനത്തെക്കാൾ കൂടുതൽ ആവശ്യമാണ്. “ലൈംഗിക ദുർമ്മാർഗ്ഗം സംബന്ധിച്ച് ബൈബിൾ പറയുന്നതെന്തെന്ന് നിങ്ങളുടെ മനസ്സിലുണ്ട്” എന്ന് ഒരു യുവതി സമ്മതിച്ചു പറഞ്ഞു. “എന്നാൽ നിങ്ങളുടെ ഹൃദയം ഈ ന്യായങ്ങളെ നിങ്ങളുടെ മനസ്സിന്റെ പിമ്പിലേക്ക് തള്ളിമാറ്റിക്കൊണ്ടേയിരിക്കുന്നു.” അനുയോജ്യമായി, സങ്കീർത്തനക്കാരൻ തുടർന്നുപറഞ്ഞു: “ഞാൻ നിന്നോട് പാപം ചെയ്യാതിരിക്കേണ്ടതിന്, ഞാൻ നിന്റെ വചനത്തെ എന്റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.”—സങ്കീർത്തനം 119:11.
ഹൃദയത്തെ കാത്തുസൂക്ഷിക്കുക
ദൈവത്തിന്റെ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ സംഗ്രഹിക്കുന്നതിന് നിങ്ങൾ ആദ്യംതന്നെ തിരുവെഴുത്തുകളും തിരുവെഴുത്തധിഷ്ഠിത സാഹിത്യങ്ങളും വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. ഇവ ദൈവനിയമങ്ങൾ വളരെ മൂല്യവത്താണെന്ന്—ഒരു നിധിയാണെന്ന് നിങ്ങളെ ബോദ്ധ്യപ്പെടുത്തും. അത്തരം വിലമതിപ്പ് വളർത്തിയെടുക്കുന്നതിനുവേണ്ടിയാണ് ഈ മാസികയിൽ “ചെറുപ്പക്കാർ ചോദിക്കുന്നു . . . ”എന്ന പരമ്പര ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾ ഓരോ ലേഖനവും ശ്രദ്ധാപൂർവ്വം വായിക്കുന്നുണ്ടോ?
മറിച്ച്, ഒരുവൻ ഉല്ലാസത്തിനുവേണ്ടി ലൈംഗിക പ്രേരണ നൽകുന്ന വിവരങ്ങൾ വായിക്കുകയോ കേൾക്കുകയോ വീക്ഷിക്കുകയോ ചെയ്യുന്നെങ്കിൽ അത് “ലൈംഗിക തൃഷ്ണ” ജ്വലിപ്പിക്കുന്നു. (കൊലോസ്യർ 3:5) അത്തരം വിവരങ്ങൾ തികച്ചും ഒഴിവാക്കുക! പകരം നിർമ്മലമായ കാര്യങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുക. അങ്ങനെ നിങ്ങൾ നിങ്ങളുടെ ലൈംഗികോല്ലാസത്തിനു വേണ്ടിയുള്ള ഹൃദയവാഞ്ഛ കുറയ്ക്കുകതന്നെ ചെയ്യും.
യുവാക്കൾ ചാരിത്ര്യശുദ്ധിയുള്ളവരായി നിലനിൽക്കുകയോ നിൽക്കാതിരിക്കുകയോ ചെയ്യുന്നതിൽ ഉറ്റ സുഹൃത്തുക്കൾക്ക് വലിയ ഒരു സ്വാധീനമുണ്ടെന്ന് ഗവേഷണം ചൂണ്ടിക്കാണിക്കുന്നത് രസകരമാണ്. അതിനാൽ തങ്ങളുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ സങ്കീർത്തനക്കാരന്റെ ഈ വാക്കുകൾക്ക് ചെവികൊടുക്കണം: “നിന്നെ [ദൈവത്തെ] ഭയപ്പെടുകയും നിന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ ഒരു കൂട്ടാളിയാകുന്നു.”—സങ്കീർത്തനം 119:63.
നിങ്ങളുടെ കൂട്ടുകാർ യഥാർത്ഥമായി ‘ദൈവത്തിന്റെ കല്പനകൾ അനുസരിക്കാൻ’ ശ്രമിക്കുന്നവരാണോ? വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം നിരസിക്കാൻ പഠിച്ച ഒരു യുവതിയായ ജോന്നാ തന്നെ എന്താണ് സഹായിച്ചതെന്ന് റിപ്പോർട്ട് ചെയ്തു: “നിങ്ങൾ യഹോവയെ സ്നേഹിക്കുന്ന ആളുകളോടുകൂടെയാണെങ്കിൽ, നിങ്ങൾ ധാർമ്മിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അവർക്ക് തോന്നുന്ന അതേ സംഗതി നിങ്ങൾക്കും തോന്നിത്തുടങ്ങുന്നതായി നിങ്ങൾ കണ്ടെത്തും. ഉദാഹരണത്തിന്, അധാർമ്മികത മ്ലേച്ഛമാണെന്ന് അവർ പറയുന്നതായി നിങ്ങൾ കേട്ടാൽ, നിങ്ങളും ആ വിധത്തിൽ ചിന്തിച്ചുതുടങ്ങും. മറിച്ച്, നിങ്ങൾ ഇതിന്റെ ഗൗരവം അവഗണിച്ചുകളയുന്ന ആരുടെയെങ്കിലും കൂടെ ആയിരിക്കുമ്പോൾ നിങ്ങളും താമസിയാതെ ഏതാണ്ട് അവരെപ്പോലെ ആയിത്തീരും.”—സദൃശവാക്യം 13:20.
നിങ്ങളുടെ ഹൃദയത്തിലേക്ക് കടന്നു ചെല്ലുന്ന വിവരങ്ങൾ സംബന്ധിച്ച് ജാഗ്രത പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെങ്കിലും, മിക്ക ചെറുപ്പക്കാരും വിപരീതലിംഗത്തിൽപ്പെട്ട ആരെങ്കിലുമായി വളരെയധികം സമയം ഒറ്റയ്ക്ക് ചെലവഴിച്ചു തുടങ്ങുമ്പോൾ മിക്കപ്പോഴും അധാർമ്മികതയിൽ ഉൾപ്പെട്ടു പോകുന്നുണ്ട്. സർവ്വേ നടത്തിയ യുവാക്കളിൽ 56 ശതമാനവും യുവതികളിൽ 82 ശതമാനവും തങ്ങൾ വളരെ ഇഷ്ടപ്പെടുകയോ കുറഞ്ഞപക്ഷം അടുത്ത് അറിയുകയോ സ്ഥിരമായി ഒന്നിച്ച് പോവുകയോ ചെയ്യുന്ന ആരെങ്കിലുമായി ഒരിക്കൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി റോബർട്ട് സോരെൻസൻ നടത്തിയ ഒരു രാഷ്ട്ര വ്യാപകമായ പഠനം കണ്ടെത്തി. അതുകൊണ്ട് നിങ്ങൾക്ക് വിവാഹജീവിതത്തിലേക്ക് കടക്കാൻ തക്ക പ്രായമായെങ്കിൽ, നിങ്ങൾക്ക് ആരെങ്കിലുമായി പരിചയപ്പെടുന്നതിനും, അതേസമയം ചാരിത്രശുദ്ധികാത്തു സൂക്ഷിക്കുന്നതിനും എങ്ങനെ കഴിയും?
കോർട്ടിംഗ് സമയത്ത് കെണികൾ ഒഴിവാക്കുക
ഇണകൾ അന്യോന്യം കണ്ടുകഴിയുമ്പോൾ അവരുടെ ഹൃദയം പെട്ടെന്നു തന്നെ ഇഴുകിച്ചേരുന്നു. പക്ഷേ ബൈബിൾ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “ഹൃദയം എന്തിനേക്കാളും കപടവും സാഹസികവുമാണ്; അത് ഗ്രഹിക്കുന്നവൻ ആർ?” (യിരെമ്യാവ് 17:9, ബയിംഗ്ടൺ) ഒരുവന് ആരോടെങ്കിലും ആത്മാർത്ഥമായ താല്പര്യം തോന്നുന്നത് സാധാരണയാണ്. എന്നാൽ നിങ്ങൾ ഒന്നിച്ചായിരിക്കുന്നതനുസരിച്ച് നിങ്ങളുടെ താല്പര്യം വർദ്ധിക്കുന്നു. ആ വിധത്തിലാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ നിങ്ങളുടെ ഈ താല്പര്യം നിങ്ങളുടെ ഹൃദയത്തെ വഴിതെറ്റിച്ചേക്കാം. “ഹൃദയത്തിൽനിന്ന് ദുർന്യായങ്ങളും . . . ദുർവൃത്തിയും ഉൽഭവിക്കുന്നു” എന്ന് യേശുക്രിസ്തു പറയുകയുണ്ടായി. (മത്തായി 15:19) അത്തരം കാര്യങ്ങൾ ഒഴിവാക്കാൻ നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ നയിക്കേണ്ടതുണ്ട്. മറിച്ച് അത് നിങ്ങളെ നയിക്കാൻ അനുവദിക്കരുത്. ഇത് നിങ്ങൾക്ക് എങ്ങനെ ചെയ്യാൻ കഴിയും?—സദൃശവാക്യം 23:19.
ആശയവിനിമയത്തിന്റെ സംഗതി: “ധിക്കാരത്താൽ ഒരുവൻ വഴക്കിനിടയാക്കുക മാത്രമേ ചെയ്യുന്നുള്ളു; എന്നാൽ കൂടിയാലോചിക്കുന്നവർക്കു ജ്ഞാനമുണ്ട്.” (സദൃശവാക്യം 13:10) തങ്ങൾ ഏതുതരത്തിലുള്ള സ്നേഹപ്രകടനങ്ങളാണ് അന്യോന്യം പ്രതീക്ഷിക്കുന്നത് എന്നത് സംബന്ധിച്ച് ഇണകൾക്ക് പലപ്പോഴും തെറ്റായ ധാരണകൾ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് താൻ അവളെ ചുംബിക്കുന്നതിലും ആശ്ലേഷിക്കുന്നതിലും മുൻകൈ എടുക്കാൻ അവൾ പ്രതീക്ഷിക്കുന്നതായി ഒരു പുരുഷന് കൂടെ കൂടെ തോന്നിയേക്കാം. എന്നാൽ വാസ്തവത്തിൽ അങ്ങനെയായിരിക്കയില്ല. അതിനാൽ, “കൂടിയാലോചിച്ചു”കൊണ്ട് നിങ്ങൾ കാര്യങ്ങൾ എങ്ങനെയാണ് വീക്ഷിക്കുന്നത് എന്ന് മറ്റേ ആളിനെ അറിയിക്കുക. മറ്റേയാളിന്റെ വീക്ഷണം എന്തുതന്നെയായിരുന്നാലും സ്നേഹപ്രകടനങ്ങൾ ബുദ്ധിപൂർവ്വം പരിധിക്കുള്ളിൽ നിർത്തുക. അതേ സമയം വ്യത്യസ്തമായ ധാരണകൾ നൽകാതിരിക്കുക. ഇറുക്കമുള്ളതും വളരെ ലോലമായതും ലൈംഗിക പ്രാധാന്യം നൽകുന്നതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് നിങ്ങളുടെ പങ്കാളിക്ക് തെറ്റായ ആശയം നൽകിയേക്കാം.
സാഹചര്യങ്ങൾ സസൂക്ത്മം ശ്രദ്ധിക്കുക: ബൈബിൾ ഒരു യുവ കന്യകയെക്കുറിച്ച് പറയുന്നു. അവളുടെ പുരുഷസുഹൃത്ത് അവളെ മലകളിലെ ഒരു നിർജ്ജനസ്ഥലത്ത് അവനോടൊപ്പം ചുറ്റിക്കറങ്ങാൻ ക്ഷണിച്ചു. അവർക്ക് അവിടെ വസന്തകാലത്തെ പ്രകൃതിരമണീയത ആസ്വദിക്കാൻ കഴിയുമായിരുന്നു. പക്ഷേ, കന്യകയുടെ സഹോദരൻമാർ അത് തിരിച്ചറിയുകയും ഇണകളുടെ പദ്ധതികൾക്ക് തികച്ചും വിരാമിടുകയും ചെയ്തു. അവൾ ധാർമ്മിക ശുദ്ധിയില്ലാത്തവളാണെന്ന് അവർക്ക് തോന്നിയതുകൊണ്ടല്ല, പിന്നെയോ അത്തരം സാഹചര്യങ്ങളിലെ വശീകരണ ശക്തി അവർ തിരിച്ചറിഞ്ഞതുകൊണ്ടാണ്. (ഉത്തമഗീതം 1:6; 2:8-15; 8:10) നിങ്ങളുടെ ഹൃദയം ഏതെല്ലാം ന്യായങ്ങൾ കൊണ്ടുവന്നാലും, എതിർലംഗത്തിൽപ്പെട്ട ആരെങ്കിലുമായി ഒരു വീട്ടിലോ, ഒരു ബഹുശാലാമന്ദിരത്തിലോ ഏകാന്തസ്ഥലത്ത് പാർക്ക് ചെയ്തിരിക്കുന്ന ഒരു വാഹനത്തിലോ ഒറ്റയ്ക്കായിരിക്കുന്നത് ഒഴിവാക്കുക.
നിങ്ങളുടെ പരിമിതികൾ തിരിച്ചറിയുക: മറ്റ് സമയങ്ങളെ അപേക്ഷിച്ച്, നിങ്ങൾ ലൈംഗിക വശീകരണങ്ങൾ നിയന്ത്രണാധീതമായി ഭേദിച്ചേക്കാവുന്ന ചില സമയങ്ങൾ ഉണ്ടായിരുന്നേക്കാം. മറ്റുള്ളവരുമായുള്ള—ഒരുപക്ഷേ മാതാപിതാക്കളുമായുള്ള—വിയോജിപ്പു നിമിത്തമോ ഏതെങ്കിലും വ്യക്തിപരമായ പരാജയം നിമിത്തമോ നിങ്ങൾ മനസ്സുമടുത്തവരായിരിക്കാം. അത്തരം സമയങ്ങളിൽ നിങ്ങൾ വിശേഷാൽ ജാഗ്രതയുള്ളവരായിരിക്കേണ്ടതുണ്ട്. കൂടാതെ, ലഹരിപാനീയങ്ങളുടെ ഉപയോഗം സംബന്ധിച്ചും ശ്രദ്ധിക്കുക. അവയുടെ സ്വാധീനത്തിൻ കീഴിൽ നിങ്ങൾ വിലക്കുകൾ ഭേദിച്ചേക്കാം. “വീഞ്ഞും പുതുവീഞ്ഞും നല്ല ആന്തരം എടുത്തുകളയുന്നവയാണ്.”—ഹോശേയ 4:11.
നിരസിക്കുകയും അതുതന്നെ ഉദ്ദേശിക്കുകയും ചെയ്യുക: നിങ്ങളുടെ വികാരങ്ങൾ സ്പർശിക്കപ്പെടുകയും അവർ തങ്ങളെത്തന്നെ അപകടകരമാം വിധം ഗാഢസൗഹൃദത്തിൽ കണ്ടെത്തപ്പെടുകയും ചെയ്യുമ്പോൾ ഇണകൾക്ക് എന്തു ചെയ്യാൻ കഴിയും? അവരിൽ ഒരാൾ ‘വൈകാരിക ബന്ധം വിടർത്താൻ’ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്യേണ്ടതാവശ്യമാണ്. യുവതിയായ ദെബരാ തന്റെ പുരുഷ സുഹൃത്ത് “സംസാരിക്കു”ന്നതിനുവേണ്ടി ഒരു നിർജ്ജന സ്ഥലത്ത് കാർ നിർത്തിയതായി കണ്ടെത്തി. വികാരങ്ങൾ സ്പർശിക്കാൻ തുടങ്ങിയപ്പോൾ ദെബരാ തന്റെ സുഹൃത്തിനോട് ഇങ്ങനെ പറഞ്ഞു: “ഇത് ഗളാലിംഗനമല്ലേ? നമുക്കിവിടെ നിർത്തെണ്ടേ?” അതോടെ വികാരം കെട്ടടങ്ങി. അവർ പെട്ടെന്നുതന്നെ വീട്ടിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളിൽ വേണ്ടെന്നു പറയുന്നത് നിങ്ങൾക്ക് ഏറ്റവും പ്രയാസമുള്ള ഒരു സംഗതിയായിരിക്കാം. എന്നാൽ ദുർവൃത്തിയിലേർപ്പെട്ട ഒരു 20 വയസ്സുകാരി പറഞ്ഞപ്രകാരം: “നിങ്ങൾ നിർത്തിപ്പോരുന്നില്ലെങ്കിൽ, നിങ്ങൾ ദുഃഖിക്കേണ്ടിവരും!”
അകമ്പടി സേവനത്തിന് ഒരാളുണ്ടായിരിക്കുക: ഇത് ചില രാജ്യങ്ങളിൽ അവജ്ഞയോടുകൂടി വീക്ഷിക്കപ്പെടുന്നെങ്കിലും അകമ്പടി സേവനത്തിന് ഒരാളുണ്ടായിരിക്കുന്നത് മറ്റ് സ്ഥലങ്ങളിൽ ഒരാവശ്യമാണ്. “അത് ഞങ്ങൾ ആശ്രയിക്കാൻ കൊള്ളാവുന്നവരല്ലെന്ന് വെളിപ്പെടുത്തുന്നു” എന്ന് ചില ചെറുപ്പക്കാർ പരാതി പറയുന്നു. നിങ്ങളെയല്ല നിങ്ങളുടെ ഹൃദയത്തെയാണ് ആശ്രയിക്കാൻ വയ്യാത്തത്! സദൃശവാക്യം 28:26 തുറന്നുപറയുന്നു: “സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢനാകുന്നു, ജ്ഞാനത്തോടെ നടക്കുന്നവനാണ് രക്ഷപ്പെടുന്നത്.” ഡെയിറ്റിംഗ് സമയത്ത് അകമ്പടി സേവനത്തിന് നിങ്ങളോടുകൂടെ ആരെങ്കിലും ഉണ്ടായിരുന്നുകൊണ്ട് ജ്ഞാനപൂർവ്വം നടക്കുക. “ഒരു അകമ്പടി സേവകനെ കൂട്ടിക്കൊണ്ടുവരുന്ന വ്യക്തിയെ ഞാൻ യഥാർത്ഥമായി ആദരിക്കുന്നു. ചാരിത്ര്യശുദ്ധിപാലിക്കുന്നതിൽ ഞാൻ താല്പര്യമെടുക്കുന്നിടത്തോളം അവനും താല്പര്യമെടുക്കുന്നുവെന്ന് എനിക്കറിയാം” എന്ന് ദെബരാ വെളിപ്പെടുത്തി. “അത് ഒരു ബുദ്ധിമുട്ടല്ല. എന്തുകൊണ്ടെന്നാൽ ഞങ്ങൾക്ക് എന്തെങ്കിലും രഹസ്യമായി പറയാനുണ്ടെങ്കിൽ, ഞങ്ങൾ മറ്റുള്ളവർക്ക് കേൾക്കാവുന്ന അകലത്തിനപ്പുറത്തേക്ക് ചുവടുവെക്കും. എന്നിരുന്നാലും ആരെങ്കിലും ഉണ്ടായിരിക്കുന്നതിൽനിന്നു ലഭിക്കുന്ന സംരക്ഷണം ഏത് അസൗകര്യങ്ങൾക്കും അതീതമാണ്.”
എന്നാൽ ചാരിത്ര്യം നിലനിർത്തുന്നതിൽ ഏറ്റം വലിയ സഹായം എന്താണ്?
ദൈവവുമായുള്ള സൗഹൃദം
ഒരു സുഹൃത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കാത്തതിനാൽ നിങ്ങൾ പലപ്പോഴും ചില പ്രത്യേക പ്രവർത്തനങ്ങൾ ഒഴിവാക്കാൻ ആഗ്രഹിച്ചേക്കാം. അതുപോലെതന്നെ, ദൈവവുമായി അടുത്ത ഒരു സൗഹൃദം വികസിപ്പിക്കുന്നത്, അവനെ വികാരങ്ങളുള്ള ഒരു യഥാർത്ഥ വ്യക്തിയെന്ന നിലയിൽ കണക്കാക്കുന്നത്, അവനെ മുറിപ്പെടുത്തുന്ന പെരുമാറ്റം ഒഴിവാക്കാൻ നമ്മെ സഹായിക്കും. നിങ്ങളുടെ പ്രത്യേക പ്രശ്നങ്ങൾ ഹൃദയം തുറന്ന് അവനെ അറിയിക്കുന്നത് നിങ്ങളെ അവനോട് അടുപ്പിക്കും. പാതിവ്രത്യം നിലനിർത്താൻ ആഗ്രഹിക്കുന്ന നിരവധി ഇണകൾ വൈകാരിക സമ്മർദ്ദം അനുഭവിക്കുന്ന സാഹചര്യങ്ങളിൽ വേണ്ടത്ര ബലം നൽകുന്നതിനുവേണ്ടി ഒന്നിച്ചിരുന്ന് ദൈവത്തോട് പ്രാർത്ഥിക്കുകപോലും ചെയ്തിട്ടുണ്ട്.
അത്തരമാളുകൾക്ക് “സാധാരണയിൽ കവിഞ്ഞശക്തി” നൽകിക്കൊണ്ട് യഹോവ അവരുടെ പ്രാർത്ഥനകൾ കേൾക്കുന്നു. (2 കൊരിന്ത്യർ 4:7) നിസ്സംശയമായും നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വം നിർവ്വഹിക്കേണ്ടതുണ്ട്. അതേസമയം ദൈവത്തിന്റെ സഹായത്താലും അനുഗ്രഹത്താലും ലൈംഗിക അധാർമ്മികതയോട് വേണ്ടെന്നു പറയുക സാദ്ധ്യമാണെന്ന് ഉറപ്പുള്ളവരായിരിക്കുക. (g86 4/22)
[13-ാം പേജിലെ ചിത്രം]
കോർട്ടിംഗ് സമയത്ത് നിങ്ങൾ ഒറ്റയ്ക്കായിരിക്കാതെ ദുർവൃത്തി ഒഴിവാക്കുക