വിപത്തുകൾ—അവയുടെ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയഞ്ചിലെ വിമാനാപകടങ്ങളെ സംബന്ധിച്ച് “ചരിത്രത്തിലെ അതിദാരുണമായ വർഷം” എന്ന് ലണ്ടനിലെ ദ ടൈംസ് തലക്കെട്ട് എഴുതി. അത് വ്യോമാപകട മരണങ്ങളുടെ കാര്യത്തിൽ ചരിത്രത്തിലെ അതിദാരുണ വർഷമായിരുന്നുവെന്ന് 2,000 പേരുടെ മരണം സ്ഥിരീകരിക്കുന്നു.
ഒരു ബ്രിട്ടീഷ് ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ ഒരു അതിദാരുണ തീപിടുത്തം 1985 മെയ്യിൽ ഇംഗ്ലീഷ് നഗരമായ ബ്രാഡ് ഫോർഡിൽ വിപത്തു വരുത്തിക്കൂട്ടി. അഗ്നിജ്വാലകൾ 3000 കാണികളെ ഉൾക്കൊണ്ട മുഖ്യ തടിസ്റ്റാൻഡിലൂടെ വീശിയടിക്കുകയും 55 പേരെ കൊല്ലുകയും നൂറുകണക്കിനാളുകൾക്കു പരിക്കേൽപ്പിക്കുകയും ചെയ്തു.
ആ വർഷംതന്നെ പ്രകൃതിവിപത്തുകൾ ഭയങ്കര ജീവഹാനി വരുത്തി. മെക്സിക്കോ നഗരത്തിൽ സെപ്റ്റംബറിൽ നടന്ന ഭൂകമ്പം 9000-ത്തിൽപരം പേരെ കൊന്നു. ഏതാനും വാരങ്ങൾ കഴിഞ്ഞ് കൊളംബിയായിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപർവ്വതം പൊട്ടിയൊഴുകിയതിന്റെ ഫലമായി ഒരു വലിയ ചെളിപ്രവാഹം 20,000-ത്തിലധികം പേരെ കൊന്നുകൊണ്ട് ആർമോറോ പട്ടണത്തെ വാസ്തവത്തിൽ തുടച്ചുനീക്കി.
മൂലകാരണങ്ങൾ കണ്ടെത്തൽ
ഒരു വിപത്തു സംഭവിക്കുമ്പോൾ അതിന്റെ കാരണം സംബന്ധിച്ച് ഒരു സമഗ്രമായ അന്വേഷണം തുടങ്ങുന്നു. അത് വാരങ്ങളോ മാസങ്ങളോ നീണ്ടു നിന്നേക്കാം. അത് ഉദാസീനതയായിരുന്നോ, യന്ത്രരൂപ കല്പനയിലെ തകരാറായിരുന്നോ, അതോ വിദ്ധ്വംസക പ്രവർത്തനം പോലുമായിരുന്നോ? വേണ്ടത്ര മുന്നറിയിപ്പു കൊടുത്തിരുന്നോ? സുരക്ഷാനടപടിക്രമങ്ങൾ എന്തൊക്കെയായിരുന്നു? ആരെങ്കിലും അവയെ മറികടന്നോ?
നഷ്ടപരിഹാരം തേടുന്നവരുടെ അവകാശവാദങ്ങൾ ഉത്തരവാദിത്തം സ്ഥിതിചെയ്യുന്നടത്തു ചുറ്റിത്തിരിയുന്നു. ഭോപ്പാലിലെ ഒരു കീടനാശിനി ശാലയിലുണ്ടായ ഒരു വിഷവാതക ചോർച്ചയിൽ 1,700 പേർ കൊല്ലപ്പെട്ടതായി ഒരു ഔദ്യോഗിക ലിസ്റ്റ് പ്രസ്താവിച്ചു. 2,00,000 പേർക്കു പരിക്കേറ്റു. “ചരിത്രത്തിലെ അതിദാരുണമായ വ്യാവസായിക ദുരന്തം” എന്ന് അത് വർണ്ണിക്കപ്പെട്ടു. ഈ കെമിക്കൽ കമ്പനിയുടെ ഇൻഡ്യൻ ആസ്തികളെ കവിയുന്ന തുകയ്ക്കുള്ള അവകാശവാദങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്നു. അങ്ങനെയുള്ള താത്പര്യങ്ങൾ അപകടത്തിലാകുമ്പോൾ കാരണം തിട്ടപ്പെടുത്തുന്നതും കുറ്റം പങ്കുവെക്കുന്നതും ശ്രമകരമായ പണിയാണ്.
ഇക്കാലത്തെ വലിയ വിമാനങ്ങളിൽ രണ്ട് ഫൈറ്ളറ് റെക്കോർഡറുകൾ ഉണ്ട്, അവ ബ്ലാക്ക് ബോക്സ് എന്നും വിളിക്കപ്പെടുന്നു. ഒന്ന് വിമാനത്തിന്റെ ഓരോ സെക്കണ്ടിലെയും പ്രവർത്തനം സംബന്ധിച്ച വിവര ശകലങ്ങൾ വിശദമാക്കുന്നു. മറ്റേത് വിമാനം തകരുന്ന നിമിഷം വരെയുള്ള ജോലിക്കാരുടെ ആശയവിനിമയങ്ങൾ അടങ്ങുന്ന കോക്ക്പിറ്റിലെ ഒരു ശബ്ദ റക്കോർഡറാണ്. വിമാനാപകടങ്ങളുടെ കാരണം കണ്ടുപിടിക്കുന്നതിൽ ഈ കറുത്തപെട്ടികൾ വളരെ മർമ്മപ്രധാനമായതുകൊണ്ട് അവ വീണ്ടെടുക്കുന്നതിന് അസാധാരണശ്രമം ചെയ്യുന്നു.
അപകടകാരണങ്ങളുടെ സൂചനകൾക്കുവേണ്ടിയുള്ള അന്വേഷണത്തിൽ പരിശോധകർ അതിജീവിക്കുന്നവരെയും ചോദ്യം ചെയ്യുന്നു. ജപ്പാനിൽ ഡ്യൂട്ടിയിലല്ലാഞ്ഞ ഒരു സേവിക ലോകത്തിലെ ഏറ്റം ദാരുണമായ ഏക വിമാന അപകടത്തെ അതിജീവിച്ചു. 520 പേർക്കു ജീവഹാനിവരുത്തിയ ഈ ദുരന്തത്തിന്റെ കാരണം നിർണ്ണയിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഈ ജറ്റ് ഫൈറ്ളറിന്റെ പ്രധാനപ്പെട്ട വിശദാംശങ്ങൾ വിദഗ്ദ്ധർക്ക് പ്രദാനം ചെയ്യാൻ അവൾക്കു കഴിഞ്ഞു.
വിലപ്പെട്ട പാഠങ്ങൾ പഠിക്കുന്നു
കാരണം അറിഞ്ഞുകഴിഞ്ഞാൽ സമാനമായ വിപത്തുകളെ തടയുന്നതിലേക്ക് ശ്രദ്ധതിരിച്ചുവിടുന്നു. ബ്രാഡ് ഫോർഡിലെ ഫുട്ബോൾ സ്റ്റേഡിയത്തിലെ തീപിടുത്തം പ്രത്യക്ഷത്തിൽ സ്റ്റാൻഡിനടിയിലെ ചപ്പുചവറുകൾക്ക് ഒരു സിഗറ്ററിനാലോ കത്തിച്ച തീപ്പെട്ടിക്കോലിനാലോ തീപിടിച്ചതു നിമിത്തം ഉണ്ടായതാണെന്ന് കണ്ടുപിടിക്കപ്പെട്ടു. തൽഫലമായി സ്പോർട്ട്സ് കേന്ദ്രങ്ങളിലെ സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥൻമാർ മാർഗ്ഗരേഖകൾ ഉണ്ടാക്കി.
ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ വിമാനത്താവളത്തിൽ ഒരു അഗ്നിബാധ ഒരു ജറ്റ് എയർലൈനറിന്റെ പറന്നുയരലിനെ അലസിക്കുകയും 55 പേരെ കൊല്ലുകയും ചെയ്തു. തത്ഫലമായി, ഒഴിപ്പിക്കൽ നടപടികളെ സൂക്ഷ്മതയോടെ വീക്ഷിക്കാൻ തുടങ്ങി. കൂടാതെ വിമാനമുറികളിൽ ഉപയോഗിക്കപ്പെടുന്ന അഗ്നിനിരോധക സാമഗ്രികൾ ശ്രദ്ധാപൂർവ്വം പരിശോധിക്കപ്പെട്ടു.
അങ്ങനെ അപകട കാരണങ്ങളുടെ സമഗ്ര പരിശോധനയിൽനിന്ന് വിലയേറിയ പാഠങ്ങൾ പഠിക്കുന്നു. ഉദാസീനതയും മോശമായ നിർമ്മിതിയും രൂപകല്പനയിലെ പിശകും മറ്റു ഘടകങ്ങളും മനുഷ്യനിർമ്മിത വിപത്തുകളിൽ മാനുഷ ദൗർബ്ബല്യം എത്ര പ്രമുഖമായി സ്ഥിതിചെയ്യുന്നുവെന്നു പ്രകടമാക്കുന്നു.
എന്നാൽ പ്രകൃതിവിപത്തുകളെ സംബന്ധിച്ചെന്ത്? അവയുടെ കാരണങ്ങളുടെ അന്വേഷണം എന്തു വെളിപ്പെടുത്തുന്നു?
പ്രകൃതി വിപത്തുകളെ മുൻകൂട്ടിപ്പറയൽ
ചുഴലിക്കാറ്റുകൾ വരുത്തിക്കൂട്ടുന്നതുപോലെയുള്ള പ്രകൃതി വിപത്തുകളെ മുൻകൂട്ടി പറയുന്നതിൽ ഗണ്യമായ വിജയം ലഭിച്ചിട്ടുണ്ട്. കരീബിയനിൽ “നേരത്തെയുള്ള മുന്നറിയിപ്പിനുള്ള സാദ്ധ്യത” “മിക്കവാറും 100%” വർദ്ധിച്ചിട്ടുണ്ടെന്ന് ഒരു റിപ്പോർട്ടു പറയുന്നു. അതിങ്ങനെ കൂട്ടിച്ചേർക്കുന്നു: “മിക്ക പ്രവചനങ്ങൾക്കും പ്രതീക്ഷിത ആഗമന സമയത്തിന് 24 മണിക്കൂർ മുമ്പ് മുന്നറിയിപ്പും കൊടുങ്കാറ്റിന്റെ ശക്തിയും നൽകാൻ കഴിയും.”
മറ്റുതരത്തിലുള്ള വിപത്തുകൾക്ക് നേരത്തെയുള്ള മുന്നറിയിപ്പ് കൂടുതൽ പ്രയാസമാണ്. എന്നാൽ ഒരു സന്ദർഭത്തിൽ ഒരു ഭൂകമ്പത്തെക്കുറിച്ച് മുൻകൂട്ടിപ്പറയുന്നതിൽ ചൈനാക്കാർ വിജയിച്ചു. ലയാവോണിംഗ് പ്രോവിൻസിലെ മൃഗങ്ങളുടെ വിചിത്രമായ പെരുമാറ്റം നിരീക്ഷിച്ചതിനാൽ ആസന്നമായിരിക്കുന്ന വിപത്തിനെക്കുറിച്ച് അധികാരികൾ ജാഗരൂകരാക്കപ്പെട്ടു. അവർ ഹായ്ച്ചെംഗ് നഗരത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. പെട്ടെന്ന് ഒരു ഭൂകമ്പം ഉണ്ടായി, നഗരത്തിന്റെ 90 ശതമാനത്തെയും നാശത്തിലാഴ്ത്തി. മുന്നറിയിപ്പ് അനുസരിച്ചതുകൊണ്ട് ഏറ്റവും കുറഞ്ഞ ജീവനഷ്ടമേ സംഭവിച്ചുള്ളു.
എന്നിരുന്നാലും, ഭൂകമ്പത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ അപൂർവ്വമായേ അടിയന്തിരമായ ഒഴിപ്പിക്കൽ നടത്താൻ കഴിയത്തക്കവണ്ണം കൃത്യതയുള്ളവയായിരിക്കുന്നുള്ളു. 1976-ൽ ചൈനയിലെ റ്റാംഗ്ഷാനിൽ നടന്ന ഭൂകമ്പത്തിൽ നേരിട്ട ഭയങ്കര മരണം ഒരു ദൃഷ്ടാന്തമായിരുന്നു, ഔദ്യോഗികമായി സംഖ്യ 2,42,000 എന്നാണ് കണക്കു കൂട്ടപ്പെട്ടത്. ശാസ്ത്രജ്ഞൻമാർക്ക് പല അപകടമേഖലകളെയും തിട്ടപ്പെടുത്താൻ കഴിയും, എന്നാൽ കൃത്യമായി എപ്പോൾ ഒരു ഭൂകമ്പം ഉണ്ടാകുമെന്ന് അവർക്കു മുൻകൂട്ടിപ്പറയാൻ കഴിയില്ല. അങ്ങനെ, മെക്സിക്കോയിൽ 1985-ൽ ഉണ്ടായ ഭൂകമ്പം, ഒരു റിപ്പോർട്ടു പറഞ്ഞപ്രകാരം “ഭൂകമ്പശാസ്ത്രജ്ഞൻമാർക്ക് ആശ്ചര്യ”മായിരുന്നില്ലെങ്കിലും അത് വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തികൂട്ടി.
പ്രകൃതി വിപത്തുകളെ തടയൽ
വിദഗ്ദ്ധൻമാർ അങ്ങനെയുള്ള വിപത്തുകൾ തടയുന്നതു സംബന്ധിച്ച് വലിയ പ്രത്യാശയൊന്നും നൽകുന്നില്ല. യഥാർത്ഥത്തിൽ, പ്രകൃതി വിപത്തുകൾ: ദൈവത്തിന്റെ പ്രവൃത്തികളോ മനുഷ്യന്റെ പ്രവൃത്തികളോ? എന്ന പുസ്തകത്തിൽ പറയുന്നതനുസരിച്ച് “ആളുകൾ തങ്ങളുടെ പരി:സ്ഥിതിയെ കൂടുതൽ വിപൽസാദ്ധ്യതയുള്ളതാക്കിത്തീർക്കാനും തങ്ങളേത്തന്നെ കൂടുതൽ വിധേയരാക്കിത്തീർക്കാനും മാറ്റിമറിക്കുന്നു.”
ഒരു ദൃഷ്ടാന്തത്തിന്, ലോകത്തിലെ അമിതജനപ്പെരുപ്പമുള്ള സ്ഥലങ്ങളിൽ മിക്കപ്പോഴും വൃക്ഷലതാദികളെ നശിപ്പിക്കുകയും വരൾച്ചകൾക്കും പ്രളയങ്ങൾക്കും കൂടുതൽ സാദ്ധ്യതയുണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ, അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ആളുകൾ വസിക്കുന്നതിന്റെ അസംഖ്യം ദൃഷ്ടാന്തങ്ങളുണ്ട്. അവർ ഔദ്യോഗിക മുന്നറിയിപ്പുകളനുസരിച്ചു പ്രവർത്തിക്കുന്നതിൽ പരാജയപ്പെടുന്നു.
വിപത്തുകൾക്കു കാരണമായിത്തീരുന്ന പ്രകൃതിശക്തികളെ നിർത്തൽ ചെയ്യാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ഭൂകമ്പങ്ങളോടുള്ള ബന്ധത്തിൽ, ആഴമുള്ള ഒരു കിണറ്റിലേക്ക് പമ്പുചെയ്ത ദ്രാവകം ആ പ്രദേശത്ത് ചെറിയ കുലുക്കങ്ങളുടെ ഒരു പരമ്പരയ്ക്കിടയാക്കിയതായി ശാസ്ത്രജ്ഞൻമാർ ശ്രദ്ധിച്ചു. ഈ വിധത്തിൽ ഭൂമിയുടെ ബാഹ്യതലം മുറുക്കം അയച്ചുവിടുമെന്നും ഭൂകമ്പങ്ങളെ കുറയ്ക്കുമെന്നും പ്രത്യാശിക്കുന്നു. എന്നാൽ ഇക്കാലം വരെയും അവർക്കു വിജയമൊന്നും ഉണ്ടായിട്ടില്ല. വിപത്ത്! എന്ന പുസ്തകം ഉപസംഹരിക്കുന്നപ്രകാരം “ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ അതിന്റെ ഉപയോഗത്തെ ന്യായീകരിക്കുന്നതിന് . . . ഈ നടപടിയുടെ ഭദ്രതയെക്കുറിച്ച് ഇപ്പോൾ വേണ്ടത്ര അറിവില്ല.”
പ്രാകൃതിക വിപത്തുകൾ ഒഴിവാക്കുന്നതിനുള്ള മറ്റു ശ്രമങ്ങളും മെച്ചപ്പെട്ടവയാണെന്നു തെളിഞ്ഞിട്ടില്ല. ചുഴലിക്കാറ്റുകളുടെ കാര്യത്തിൽ ശ്രമിച്ചു നോക്കിയതിനെക്കുറിച്ചു പരിചിന്തിക്കുക. ഏതാണ്ട് 25 വർഷങ്ങളായി, കൊടുങ്കാറ്റിന്റെ ശക്തിയെ ശിഥിലമാക്കാൻ രാസപദാർത്ഥങ്ങൾ “പാകുന്നതിന്” ചുഴലിക്കാറ്റിന്റെ കേന്ദ്രമേഖലയിലേക്ക് വിമാനങ്ങൾ പറന്നിട്ടുണ്ട്. എന്നിരുന്നാലും ചുഴലിക്കാറ്റുകൾ മരണവും വിനാശവും വരുത്തിക്കൂട്ടുന്നതിൽ തുടരുന്നു.
“പ്രകൃതാതീത ശക്തികളിൽ ആരോപിക്കുന്നുവോ?”
പ്രവചിക്കൽ അനിശ്ചിതവും തടയൽ യഥാർത്ഥത്തിൽ അസാദ്ധ്യവുമാകയാൽ അനേകർ ഭൗതികമണ്ഡലത്തിനു പുറത്തെ മനുഷ്യാതീതശക്തികളെ കുറ്റപ്പെടുത്തുന്നു. വിപത്ത്! എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “സകലവും മുൻകൂട്ടിപ്പറയാൻ കഴിയുന്നതാക്കാൻ ശ്രമിച്ചിട്ടുള്ള ഒരു സംസ്ക്കാരത്തിൽ പ്രകൃതിയുടെ അക്രമം യാതൊരുവനും വിശദീകരിക്കാനോ തടയാനോ കഴിയാത്ത ഒരു വ്യത്യസ്തയായി, ഒരു അസാധാരണ സംഗതിയായി സ്ഥിതിചെയ്യുന്നു.”
അപ്പോൾ അനേകർ പ്രകൃതിവിപത്തുകളെ ദൈവത്തിൽ ആരോപിക്കുന്നത് ഒട്ടും അതിശയമല്ല. എന്നാൽ അത് ഉചിതമാണോ? വിപത്തുകൾ യഥാർത്ഥത്തിൽ “ദൈവത്തിന്റെ പ്രവൃത്തികൾ” ആണോ? (g86 8/8)
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Reuters/Bettmann Newsphotos