ഞാൻ ഭൂതങ്ങളുടെ നിയന്ത്രണത്തിലായിരുന്നു
ഞാൻ ഒരു ആത്മമദ്ധ്യവർത്തി, ഒരു ക്ഷുദ്രക്കാരൻ, ഒരു മന്ത്രവാദി, ആയിരുന്നു. ഞാൻ ആഭിചാരം ചെയ്തുപോന്നു. ഞാൻ ശകുനം നോക്കുമായിരുന്നു. ഞാൻ മറ്റുള്ളവരെ മയക്കുവിദ്യയാൽ സ്തംഭിപ്പിക്കുമായിരുന്നു. ഞാൻ കൂടോത്രവും വൂഡൂവും നടത്തിയിരുന്നു. ബൈബിളിൽ ആവർത്തനം 18:10-12-ൽ കുറ്റംവിധിച്ചിരുന്ന മിക്ക ആത്മവിദ്യാനടപടികളിലും ഞാൻ ഏർപ്പെട്ടിരുന്നു.
അപ്പോസ്തലനായ പൗലോസിന്റെ സഞ്ചാരകൂട്ടാളിയായിരുന്ന ലൂക്കോസ് ഇങ്ങനെ എഴുതി: “ഒരു ആത്മാവ്, ഒരു ആഭിചാരഭൂതം, ഉള്ള ഒരു ദാസി, ഞങ്ങളെ കണ്ടുമുട്ടി. അവൾ ഭാവികഥനകല ആചരിച്ചുകൊണ്ട് തന്റെ യജമാനൻമാർക്ക് വളരെയധികം ആദായമുണ്ടാക്കിക്കൊടുക്കുക പതിവായിരുന്നു.” (പ്രവൃത്തികൾ 16:16) ആ പെൺകുട്ടിയുടെ സംഗതിയിലെന്നപോലെ, ഒരു ഭൂതം സാധാരണ ഉപാധികളാൽ അറിയാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചുള്ള അറിവ് എനിക്കു നൽകിപ്പോന്നു.
ദൃഷ്ടാന്തമായി, എന്റെ വല്യമ്മ മരിക്കുന്നതിനു മുമ്പ് അവരുടെ മരണം ആസന്നമായിരുന്നുവെന്ന് ഞാൻ അറിഞ്ഞു. ഒരു ബന്ധു ഗർഭിണിയാകുമ്പോൾ മറ്റുള്ളവർ അറിയുന്നതിനു മുമ്പേ ഞാൻ അതിനെക്കുറിച്ച് അറിഞ്ഞിരുന്നു. ഇവ സത്യമായി ഭവിച്ച വെറും ഭൂതോദയങ്ങളല്ലായിരുന്നു. അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള എന്റെ അറിവ് മിക്കവാറും എല്ലായ്പ്പോഴും ശരിയായിരുന്നു. ഒരു സഹപാഠിയോ അദ്ധ്യാപകനോ ഒരു ബന്ധുവോ രോഗിയായിത്തീരാൻ ഞാൻ ആഗ്രഹിച്ചപ്പോൾ തീർച്ചയായും അവർ രോഗികളായിത്തീരുമായിരുന്നു.
ഒരിക്കൽ ഞാൻ എന്റെ വല്യമ്മയോടു പിണങ്ങി അവർക്ക് ദ്രോഹം ഭവിക്കാനാഗ്രഹിച്ചു. അവർക്ക് മുറിവേൽക്കണമെന്ന് പ്രത്യേകമായി അപേക്ഷിച്ചുകൊണ്ട് ഞാൻ ഭൂതങ്ങളോട് അഭ്യർത്ഥനനടത്തി—അന്ന് ഉച്ചതിരിഞ്ഞ് അവർ കത്തികൊണ്ട് സ്വയം മുറിവേൽപ്പിച്ചു.
വൂഡൂ പ്രയോഗിക്കവേ ഞാൻ വസ്ത്രങ്ങൾ ഉപയോഗിച്ച് എന്റെ സഹോദരന്റെ ഒരു പ്രതിമ ഉണ്ടാക്കി. അയാൾ എന്നെ ഉപദ്രവിക്കുന്നതിൽനിന്ന് അയാളെ തടയാൻ ഞാൻ ആഗ്രഹിച്ചു. അതിനുശേഷം അയാൾ എന്നോട് പത്തടി (3 മീ.) അടുക്കുമ്പോൾ അയാൾക്ക് നെഞ്ചിൽ കഠിനവേദന അനുഭവപ്പെടുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു.
പിന്നീട്, ഒരു പരിചയക്കാരൻ ഭൂതങ്ങളെ വരുത്താനുള്ള എന്റെ പ്രാപ്തിയെ പുച്ഛിച്ചു. അയാൾ മയക്കുമരുന്നുകൾ വ്യാപാരം ചെയ്യുന്ന ആളാണെന്ന് എനിക്കറിയാമായിരുന്നു. അയാളെ അറസ്റ്റു ചെയ്യുമെന്നും പിന്നീട് വിട്ടയയ്ക്കുമെന്നും ഞാൻ അയാളോടു പറഞ്ഞു. ഭൂതങ്ങൾ ഞാൻ അപേക്ഷിച്ചതുതന്നെ ചെയ്തു. രണ്ടു മാസത്തിനകം ആ മനുഷ്യൻ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ആരോപണങ്ങൾ തള്ളപ്പെട്ടു, അയാൾ മോചിതനാകുകയും ചെയ്തു. ആ മനുഷ്യൻ വീണ്ടും ഒരിക്കലും എന്റെ പ്രാപ്തികളെ ചോദ്യം ചെയ്തിട്ടില്ല.
നിഗൂഢ വിദ്യയിൽ ഉൾപ്പെടൽ
എന്റെ കുടുംബം ഐക്യനാടുകളിലെ ഓസാർക്ക് പർവ്വതങ്ങളിലെ മതകർമ്മങ്ങളിലും വിഗ്രഹാരാധനയിലും മുഴുകിയിരുന്നു, അവിടത്തെ ആളുകൾ വശീകരണ ഔഷധങ്ങളും മറ്റും ഉപയോഗിക്കുന്നവരായിരുന്നു. എന്റെ മാതാപിതാക്കൾ സാൻഫ്രാൻസിസ്ക്കോയിലേക്ക് മാറിപ്പാർത്തശേഷമാണ് ഞാൻ ജനിച്ചത്. അവർ യഥാർത്ഥത്തിൽ മക്കളുണ്ടാകാനാഗ്രഹിച്ചില്ല; അത് അവരുടെ സ്വതന്ത്രജീവിതരീതിക്ക് പ്രതിബന്ധം സൃഷ്ടിച്ചിരുന്നു. അങ്ങനെ ഞാൻ അവഗണിക്കപ്പെട്ടു, എന്നോടു പ്രിയം കാണിക്കപ്പെട്ടില്ല, ഞാൻ വൈകാരികമായി മർദ്ദിക്കപ്പെട്ടു. ഞാൻ ഒരു ഏകാന്തവാസി, മനുഷ്യ വിദ്വേഷി, ആയിത്തീർന്നു.
ബാല്യത്തിൽതന്നെ ഞാൻ നിഗൂഢതയിലേക്ക് ആകർഷിക്കപ്പെട്ടു. അതിനെ വിശേഷിപ്പിക്കുന്ന സകല ചലച്ചിത്രങ്ങളും റ്റീ. വി പരിപാടികളും ഞാൻ കാണുമായിരുന്നു. എനിക്ക് ഏതാണ്ട് ആറു വയസ്സായപ്പോൾ ഞാൻ ക്രമായി വീജാബോർഡ് ഉപയോഗിക്കുമായിരുന്നു. ഞാൻ ആത്മമണ്ഡലവുമായുള്ള ആശയവിനിമയത്തിന് വിധേയൻ, യഥാർത്ഥത്തിൽ ആകാംക്ഷാഭരിതൻ, ആയിരുന്നു. ഭൂതങ്ങൾ സ്ഥിതിചെയ്യുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. അവരുമായി സംസാരിക്കുന്നതിൽ എനിക്ക് സുഖം തോന്നിയിരുന്നു. അവർ എനിക്ക് പ്രത്യേകശക്തികളും അറിവും നൽകി.
നിഗൂഢ വിദ്യയെക്കുറിച്ചു എനിക്കു വാങ്ങാൻ കഴിഞ്ഞ സകല പുസ്തകങ്ങളും ഞാൻ വായിച്ചു. പബ്ലിക്ക് ലൈബ്രറികളിൽനിന്ന്, വിശേഷാൽ, പുസ്തകശാലകളിൽനിന്ന് ഞാൻ അവ വാങ്ങി. ഒരു ആത്മമദ്ധ്യവർത്തി നടത്തിയിരുന്ന ഒരു കട വിശേഷാൽ മന്ത്രവാദം നടത്തിയിരുന്നവർക്കുവേണ്ടിയായിരുന്നു. നിഗൂഢവിദ്യയെ സംബന്ധിച്ചുള്ള പഴയ പുസ്തകങ്ങൾ വായിച്ചതിനാൽ ആത്മവിദ്യ ആചരിച്ചിരുന്നവർ കഴിഞ്ഞ യുഗങ്ങളിൽ സമ്പർക്കം പുലർത്തിയിരുന്ന ഭൂതങ്ങളുടെ പേരുകൾ ഞാൻ പഠിച്ചു.
പിന്നീട്, ഭൂതങ്ങളുമായുള്ള ആശയവിനിമയങ്ങളിൽ അവരുമായി ഞാൻ സംസാരിക്കുമ്പോൾ ഈ പേരുകൾ ഉപയോഗിച്ചു തുടങ്ങി. ഞാൻ ഒരു പ്രത്യേക ഭൂതവുമായി ഇടപെടുമ്പോൾ അവന്റെ പ്രവർത്തനവിധവും വ്യക്തിത്വവും ഞാൻ വിളിച്ചപേക്ഷിക്കുന്ന മറ്റൊരു ഭൂതത്തിന്റേതിൽനിന്ന് വ്യത്യസ്തമാണെന്നു തോന്നി. അങ്ങനെ ഞാൻ ബഹുദശം ഭൂതങ്ങളെ പേരിനാൽ അറിയാനിടയായി.
നിഗൂഢ വിദ്യയെക്കുറിച്ച് ഞാൻ വായിച്ചപ്പോൾ ഭൂതങ്ങൾ ദൈവപ്രീതി നഷ്ടപ്പെട്ട ദൂതൻമാരാണെന്നും മരിച്ചവരുടെ ദേഹികളോ ആത്മാക്കളോ അല്ലെന്നും എനിക്കു മനസ്സിലായി. എനിക്ക് ഈ ദൂതൻമാരോട്, സഹതാപം തോന്നി. വിശേഷിച്ച് സാത്താനെക്കുറിച്ച് എനിക്കു ദുഃഖം തോന്നി. ഞാൻ സാത്താന്റെ ഒരു ആരാധകനായിരുന്നു. പരസ്പര വിരുദ്ധമെങ്കിലും, ആ സമയത്തും ഞാൻ ദൈവത്തോടു പ്രാർത്ഥിക്കുമായിരുന്നു. എന്റെ പ്രാർത്ഥനയ്ക്കു ഉത്തരം കിട്ടുമ്പോൾ ദൈവം അവയ്ക്കു ഉത്തരം നൽകിയെന്ന് ഞാൻ വിശ്വസിച്ചു. സാത്താൻ എന്നെ പൂർണ്ണമായും വഞ്ചിച്ചിരുന്നു.—2 കൊരിന്ത്യർ 11:14.
എനിക്ക് പ്രത്യേക ശക്തികൾ നൽകിയെങ്കിലും ഭൂതങ്ങൾ ഒരു നല്ല വ്യക്തിയാകാൻ എന്നെ സഹായിച്ചില്ല. മറിച്ച്, സ്നേഹിക്കുന്നതിനു പകരം ദ്വേഷിക്കാൻ അവർ എന്റെ ചിന്തയെ കോട്ടി. കാലക്രമത്തിൽ ഞാൻ ഒരു ദുർവൃത്തനും കള്ളനും മദ്യപനും മയക്കുമരുന്നുദുരുപയോക്താവും സ്വവർഗ്ഗസംഭോഗിയുമായിത്തീർന്നു.
എന്റെ വല്യമ്മ 1974 ജനുവരിയിൽ മരിച്ചു. എനിക്ക് സ്നേഹമുണ്ടായിരുന്ന ഏക വ്യക്തി വല്യമ്മയായിരുന്നതുകൊണ്ട് വല്യമ്മയുടെ മരണം എന്നെ വല്ലാതെ ദുഃഖിപ്പിച്ചു. ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ വല്യമ്മ എന്നെ ബൈബിൾ വായിച്ചുകേൾപ്പിക്കുകയും പുനരുത്ഥാനത്തെക്കുറിച്ച് പറയുകയും ചെയ്തിരുന്നു. ഇപ്പോൾ പുനരുത്ഥാനത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഞാൻ ആഗ്രഹിച്ചു. കുട്ടിക്കാലം മുതൽ എന്നേക്കും ജീവിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ എന്നേക്കും ജീവിക്കുമെന്ന് ഭൂതങ്ങൾ വാഗ്ദത്തം ചെയ്തിരുന്നു. എന്നാൽ അത് എങ്ങനെ സാധിക്കുമെന്ന് വ്യക്തമല്ലായിരുന്നു.
ഒരു പ്രധാനപ്പെട്ട അഭിമുഖീകരണം
എന്റെ വല്യമ്മയുടെ ശവസംസ്ക്കാരത്തിനുശേഷം, എന്റെ കൂട്ടുജോലിക്കാരിയായ ഗ്വെൻ എന്ന ഒരു പെൺകുട്ടിയോട് ലോകാവസാനം വരാൻ പോകുകയാണെന്നും എന്നാൽ ആർക്കും അതിൽ വിശ്വാസമില്ലെന്നും ഞാൻ പറഞ്ഞു. താൻ അതു വിശ്വസിക്കുന്നുണ്ടെന്ന് അവൾ പറഞ്ഞു. എന്നാൽ ഞാൻ അറിഞ്ഞതിൽ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഞാൻ ഭൂതങ്ങളിൽനിന്നാണ് ഇതു മനസ്സിലാക്കിയിരുന്നത്, എന്നാൽ ഗ്വെൻ ഈ കാര്യങ്ങൾ ബൈബിളിൽനിന്ന് എന്നെ കാണിച്ചു.
ഗ്വെൻ എല്ലായ്പ്പോഴും യഹോവയെക്കുറിച്ചു സംസാരിക്കുകയും ഈ വ്യവസ്ഥിതിക്ക് അവസാനം വരുത്തുന്നത് അവനാണെന്ന് പറയുകയും ചെയ്തു. യഹോവ എന്ന ആ നാമം കേൾക്കുന്നതുതന്നെ എനിക്കു വെറുപ്പാണെന്നും അത് ഉപയോഗിക്കരുതെന്നും ഞാൻ അവളോടു പറഞ്ഞു. അവൾ മുഷിയുകയും അവൾ ഏറ്റവും സ്നേഹിക്കുന്ന പേർ ഉപയോഗിക്കാൻ സാധിക്കുകയില്ലെങ്കിൽ അവൾ എന്നോടു സംസാരിക്കാതിരുന്നേക്കാമെന്നും അവൾ പറഞ്ഞു. കാരണം യഹോവയെന്നുള്ളത് ദൈവത്തിന്റെ പേരാണ്.
ഞാൻ ഞെട്ടിപ്പോയി. അന്നു രാത്രി ഞാൻ വീട്ടിൽ പോയി മരിച്ചുപോയ എന്റെ വല്യമ്മയുടെ കിംഗ് ജയിംസ് വേർഷ്യൻ ബൈബിളെടുത്ത് പേജുകൾ മറിച്ച് യഹോവയെന്ന പേർ അന്വേഷിച്ചുതുടങ്ങി. ഈ ബൈബിളിൽ ഞാൻ അതു കാണുകയാണെങ്കിൽ, യഹോവയെന്നത് ദൈവമാണെന്ന് ഗ്വെൻ പറഞ്ഞത് ശരിയാണെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ അത് അതിലില്ലെന്ന് എനിക്ക് ഉറപ്പുതോന്നി. എന്നാൽ പുറപ്പാട് 6:3-ൽ എത്തിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. അത് ഇങ്ങനെ വായിക്കപ്പെടുന്നു: “ഞാൻ അബ്രാഹാമിനും യിസഹാക്കിനും യാക്കോബിനും സർവ്വശക്തനായ ദൈവമെന്ന പേരിൽ പ്രത്യക്ഷപ്പെട്ടു, എന്നാൽ യഹോവ എന്ന എന്റെ പേരിൽ ഞാൻ അവർക്ക് അറിയപ്പെട്ടിരുന്നില്ല.”
ആ നിമിഷത്തിൽത്തന്നെ യഹോവ തീർച്ചയായും ദൈവമാണെന്നും അവനോടു താരതമ്യപ്പെടുത്തുമ്പോൾ സാത്താൻ അശേഷം ശക്തനല്ലെന്നും ഞാൻ തിരിച്ചറിഞ്ഞു! ഞാൻ വെറുത്ത നാമം ബൈബിളിൽ കണ്ടതുകൊണ്ടും പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു കേട്ടതുകൊണ്ടും ഞാൻ സാക്ഷികളോടു കൂടെ പഠിക്കാനിടയായി.
ഭൂതനിയന്ത്രണം പൊട്ടിച്ചെറിയുന്നു
അധികം താമസിയാതെ ഗ്വെൻ എന്നെ യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിനു കൊണ്ടുപോയി. വെളിപ്പാട് എന്ന ബൈബിൾ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന, 666 എന്ന സംഖ്യയോടുകൂടി കാട്ടുമൃഗത്തെക്കുറിച്ചായിരുന്നു പ്രസംഗം. ഞാൻ ഭൂതങ്ങളിൽനിന്ന് ഇതു സംബന്ധിച്ച് വളച്ചൊടിച്ച കുറെ വിവരങ്ങൾ മനസ്സിലാക്കിയിരുന്നു. ഇപ്പോൾ ഈ കാര്യങ്ങൾ ബൈബിളിൽ എഴുതപ്പെട്ടിരുന്നുവെന്ന വസ്തുത എന്നെ യഥാർത്ഥത്തിൽ അതിശയിപ്പിച്ചു. എനിക്കു താൽപ്പര്യമുണ്ടായി. അതുകൊണ്ട് അടുത്തവാരത്തിൽതന്നെ ഞാൻ സാക്ഷികളോടൊത്ത് ഒരു നിരന്തര ബൈബിൾ പഠനം തുടങ്ങി.
തീർച്ചയായും, ഭൂതങ്ങൾ ഞാൻ പഠിക്കുന്നതിഷ്ടപ്പെട്ടില്ല. എന്നാൽ ഞാൻ പഠിച്ചുകൊണ്ടിരുന്നത് സത്യമാണെന്ന് എനിക്കറിയാമായിരുന്നു. എന്നെ തടയാൻ ഭൂതങ്ങൾ ശ്രമിച്ചെങ്കിലും അത് ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ കിടക്കുമ്പോൾ അവർ എന്നെ ഇടിക്കുമായിരുന്നു. ഒരിക്കൽ തലക്കിട്ടുള്ള ഒരു അടി വളരെ കഠിനമായിരുന്നതുകൊണ്ട് പല മണിക്കൂർ കഴിഞ്ഞാണ് വേദന ശമിച്ചത്. ഞാൻ സഹായത്തിനായി യഹോവയോടു പ്രാർത്ഥിച്ചു, അതിനുശേഷം അവൻ അവരെ എന്റെ മുറിയിൽ പ്രവേശിപ്പിച്ചിട്ടില്ല.
എന്നിരുന്നാലും, ഭൂതങ്ങൾ വിരമിച്ചില്ല. എന്റെ കിടക്ക മുറിക്കു പുറത്തുനിന്ന് അവർ ജനലുകൾ കിടുകിടുപ്പിക്കും. അവർ മുഴുരാത്രിയിലും ഇതു തുടർന്നതുകൊണ്ട് എനിക്ക് രണ്ടു മണിക്കൂർ സമയത്തെ ഉറക്കം മാത്രമാണ് ലഭിച്ചത്. അവർ എന്നെ ക്ഷയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഞാൻ യഹോവയോടു പ്രാർത്ഥിക്കുന്നതിലും സാക്ഷികളുടെ എല്ലാ യോഗങ്ങൾക്കും പോകുന്നതിലും തുടർന്നു. യഹോവ എന്നെ സഹായിച്ചു.
ഭൂതങ്ങൾക്ക് വലിയ ശക്തികൾ ഉണ്ടെന്നുള്ളതു സത്യംതന്നെ. ഇയ്യോബിന്റെ പത്തു മക്കളെ കൊന്നതുപോലെ അവർക്ക് ആളുകളെ കൊല്ലാൻപോലും കഴിയും. (ഇയ്യോബ് 1:18, 19) എന്നാൽ ഞാൻ പ്രത്യേക ശക്തികൾ അവർ അനുവദിച്ചുതന്നിരുന്ന അവരുടെ സേവകനായിരുന്നതിനാലും എന്നാൽ അവരുടെ ശത്രുവായ യഹോവയാം ദൈവത്തെ സേവിക്കുന്നതിന് അവരെ ഉപേക്ഷിച്ചിരുന്നതിനാലും അവർ എന്നെ കൊല്ലാനാഗ്രഹിച്ചിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ എന്നെ സംരക്ഷിക്കാനുള്ള യഹോവയുടെ പ്രാപ്തി നാം ഭൂതങ്ങളെ പേടിക്കേണ്ടതില്ലെന്നുള്ളതിന്റെ തെളിവാണ്.
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിനാലിലെ വേനലിൽ ഓക്ക്ലാൻഡ്—അലമേഡാ കൗണ്ടി സ്റ്റേഡിയത്തിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ഞാൻ സംബന്ധിച്ചു. അവിടെവച്ച്, അങ്ങനെയുള്ള അടുത്ത കൺവെൻഷനിൽ ഞാൻ സ്നാനമേൽക്കുമെന്നു ഞാൻ തീരുമാനിച്ചു. അങ്ങനെ, അതേ സ്റ്റേഡിയത്തിൽ 1975 ജൂലൈ 18-ാം തീയതി ഞാൻ സ്നാനമേറ്റു. ആ ഒക്ടോബറിൽ ഞാൻ ഒരു സാക്ഷിയെ വിവാഹം കഴിച്ചു.
മാരിയും ഞാനും വിവാഹിതരായ ശേഷവും ചിലപ്പോഴൊക്കെ എന്റെ ഭാര്യയെ ഭയപ്പെടുത്തിക്കൊണ്ട് ഭൂതങ്ങൾ ഞങ്ങളെ ഉപദ്രവിച്ചു. മാരി ഞാൻ യോഗങ്ങൾക്ക് ഹാജരാകാൻ തുടങ്ങിയ സഭയുടെ ഭാഗമായിരുന്നു. അവൾ ഞങ്ങളുടെ വിവാഹത്തിനു മുമ്പത്തെ എന്റെ മുഴു പശ്ചാത്തലവും അറിഞ്ഞിരുന്നു. ഞാൻ ആദ്യമായി രാജ്യഹോളിൽ വരാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു മന്ത്രവാദിയാണെന്ന് അവൾ വിചാരിച്ചതായി പോലും അവൾ പറഞ്ഞു. ഞാൻ യഥാർത്ഥത്തിൽ അതിമാനുഷനായിരുന്നു. ഞാൻ മുഴുവനായി കറുത്തവസ്ത്രമാണു ധരിച്ചിരുന്നത്, ആരോടും സംസാരിക്കുകയുമില്ലായിരുന്നു; യോഗങ്ങൾക്കു വരികയും അവിടെ ഇരിക്കുകയും മാത്രം ചെയ്തിരുന്നു.
ഒരു സമയത്ത്, സാത്താനും ഭൂതങ്ങളും അഗാധത്തിലടയ്ക്കപ്പെടുന്നതുവരെ ഞങ്ങൾ അവരിൽനിന്നുള്ള ഉപദ്രവത്തിൽനിന്ന് വിമുക്തരാകുകയില്ലെന്ന് ഞങ്ങൾ വിചാരിച്ചിരുന്നു. (വെളിപ്പാട് 20:1-3) ഞങ്ങൾ പ്രാർത്ഥനയിൽ യഹോവയോട് അടുത്തതുകൊണ്ടും അവൻ തന്റെ സ്ഥാപനത്തിലൂടെ ചെയ്യുന്ന സകല ആത്മീയ കരുതലുകളെയും പ്രയോജനപ്പെടുത്തിയതുകൊണ്ടും ഇപ്പോൾ മുമ്പത്തേതുപോലെ ഭൂതങ്ങൾ ഞങ്ങളെ ഉപദ്രവിച്ചിട്ട് വർഷങ്ങളായി.
ഞങ്ങൾ സുമുഖികളായ മൂന്നു പെൺകുട്ടികളെക്കൊണ്ട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ നാലു വർഷമായി മാരി ഒരു നിരന്തരപയനിയറായി ശുശ്രൂഷയിൽ സേവനമനുഷ്ഠിക്കുകയാണ്. ഞങ്ങൾ സാത്താനും അവന്റെ ഭൂതങ്ങളും എന്നേക്കുമായി നീങ്ങിപ്പോകുന്ന സമയത്തിനുവേണ്ടി യഥാർത്ഥമായി നോക്കിപ്പാർത്തിരിക്കുകയാണ്. അതിനിടയിൽ, നേരിട്ട് മേലാൽ ഭൂതങ്ങളിൽനിന്നുള്ള ഉപദ്രവം അനുഭവപ്പെടുന്നില്ലെങ്കിലും, അപ്പോസ്തലനായ പൗലോസ് എഴുതിയതുപോലെ, അവർക്കെതിരായി നമുക്ക് ഒരു പോരാട്ടമുണ്ടെന്നുള്ളത് ഞങ്ങൾ ഒരിക്കലും വിസ്മരിക്കുന്നില്ല: “നമുക്ക് ഒരു പോരാട്ടമുള്ളത് ജഡരക്തങ്ങൾക്കെതിരായിട്ടല്ല, പിന്നെയോ,. . .ഈ അന്ധകാരത്തിന്റെ ലോകഭരണാധികാരികൾക്കെതിരായിട്ട്, സ്വർഗ്ഗീയ സ്ഥലങ്ങളിലെ ദുഷ്ടാത്മ സേനകൾക്കെതിരായിട്ടാണ്.” (എഫേസ്യർ 6:12)—റാൾഫ് ആൻഡേഴ്സൻ പറഞ്ഞത്. (g86 8/22)
[12-ാം പേജിലെ ആകർഷകവാക്യം]
ഞാൻ ഒരു പ്രത്യേക ഭൂതവുമായി ഇടപെട്ടപ്പോഴെല്ലാം അതിന്റെ വ്യക്തിത്വം മറ്റൊരു ഭൂതത്തിൽനിന്ന് വ്യത്യസ്തമായിരുന്നു