“കാൻസർ—ഞാൻ അതിനെ കീഴടക്കുകയാണ്”
റോസ് മേരി എല്ലാവരോടും ഇടപെടുന്ന 60 വയസ്സുള്ള ഒരു സന്തുഷ്ടയായ റ്റെക്സാസുകാരിയാണ്. ആദ്യമായി 1964-ൽ തനിക്ക് ഒരു റ്റ്യൂമർ ഉണ്ടെന്ന് അവർ കണ്ടുപിടിച്ചു. അത് അവളുടെ രജോവിരാമ കാലത്തോടടുത്തായിരുന്നു. ഇതാ അവർ തന്റെ പ്രോത്സാഹജനകമായ കഥ പറയുന്നു:
എന്റെ സ്തനത്തിൽ ഒരു മുഴയുണ്ടെന്ന് ഞാൻ ആദ്യമായി കണ്ടുപിടിച്ചപ്പോൾ അത് എന്തായിരിക്കാമെന്ന് ഞാൻ ഉൽക്കണ്ഠപ്പെട്ടു. അതുകൊണ്ട് ഒരു പരിശോധന നടത്തുന്നതിന് എന്റെ ഭർത്താവ് എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. അതായിരുന്നു ഭയങ്കരം—വിധിക്കുവേണ്ടിയുള്ള കുത്തിയിരിപ്പും കാത്തിരുപ്പും. എനിക്ക് സ്തനാർബ്ബുദം ഉണ്ടായിരിക്കാമെന്ന് ഒടുവിൽ എന്നോടു പറഞ്ഞപ്പോൾ ആരോ എന്റെ വയറ്റിൽ തൊഴിച്ചതായുള്ള ഒരു തോന്നലുണ്ടായത് ഞാൻ ഓർക്കുന്നു. പിന്നീട് അനിശ്ചിതത്വത്തിന്റെ ഒരു കാലഘട്ടം തുടങ്ങി—ഏതു നടപടി ഞങ്ങൾ സ്വീകരിക്കണം? ചില ഡോക്ടർമാർ ശസ്ത്രക്രിയക്കു പ്രോത്സാഹിപ്പിച്ചു. മറ്റു ചിലർ മറ്റെന്തെങ്കിലും ചികിത്സ ശുപാർശ ചെയ്തു. ഞങ്ങൾ എങ്ങനെ തീരുമാനിച്ചു?
എന്റെ ഭർത്താവ് ഒരു ഡോക്ടർ സുഹൃത്തിനോടു സംസാരിച്ചു. സ്തനത്തിലെ മിക്ക മുഴകളും അപകടകാരികളല്ലെങ്കിലും അത് മാരകമായിരിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഭാഗ്യപരീക്തനടത്തി ശസ്ത്രക്രിയ നീട്ടിവെക്കണമോ അതോ ശല്യമുണ്ടാക്കുന്ന മുഴ നീക്കം ചെയ്യണമോയെന്ന് തീരുമാനിക്കേണ്ടിവന്നു. ശസ്ത്രക്രിയ സ്വീകരിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. പിണ്ഡം നീക്കം ചെയ്യപ്പെട്ടു. അത് മാരകമല്ലായിരുന്നുവെന്ന് പ്രസ്താവിക്കപ്പെടുകയും ചെയ്തു. ഞാൻ ആശ്വാസത്തിന്റെ ഒരു നിശ്വാസമുതിർത്തു.
ആയിരത്തിത്തൊള്ളായിരത്തി അറുപത്തഞ്ചിൽ അതേ സ്തനത്തിൽ ഞാൻ മറ്റൊരു മുഴ കണ്ടുപിടിച്ചു. ഇത് ഒരു തിരിച്ചടിയായിരുന്നു, എന്നാൽ ഒരു പരാജയമല്ലായിരുന്നു. ഞാൻ ഒരിക്കൽക്കൂടി ശസ്ത്രക്രിയയ്ക്ക് വിധേയയായി. എന്നാൽ ആ മുഴയും അപകടകാരിയല്ലായിരുന്നു. എല്ലാം രണ്ടുവർഷക്കാലം ശുഭമായിരുന്നപ്പോൾ എനിക്ക് ആശ്വാസം തോന്നി. അങ്ങനെയിരിക്കെ, 1967-ൽ അതേ സ്തനത്തിൽ മൂന്നാമതൊരു പിണ്ഡം പ്രത്യക്ഷമായി. ഡോക്ടർമാർ ശ്രദ്ധാപൂർവ്വമായ ഒരു ബയോപ്സി നടത്താൻ ആജ്ഞാപിക്കുകയും മാരകമാണെന്ന് കണ്ടുപിടിക്കപ്പെടുകയും ചെയ്തു. സ്തനം നീക്കം ചെയ്യേണ്ടിവരും. അങ്ങനെ, ഒരു മാസം കഴിഞ്ഞ് എനിക്ക് “ലളിതമായ” ഒരു സ്തനച്ഛേദനം നടത്തി.
കൂടുതലായ യാതൊരു പ്രശ്നവുമില്ലാതെ എട്ടുവർഷം കടന്നുപോയി. ഞാൻ കാൻസറിനെ കീഴടക്കിയെന്നു വിചാരിച്ചു തുടങ്ങി. എന്നാൽ 1975-ൽ ഞാൻ എന്റെ മറ്റേ സ്തനത്തിൽ ഒരു പിണ്ഡം കണ്ടു. എന്റെ കഴിഞ്ഞകാല ചരിത്രം നിമിത്തം ഡോക്ടർമാർ ആ സ്തനത്തിലും ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. കാൻസർ പടരുന്നില്ലെന്നു തിട്ടപ്പെടുത്താൻ അവർ റേഡിയേഷൻ ചികിത്സയുടെ ഒരു പരമ്പരയ്ക്കും ആജ്ഞാപിച്ചു. ഈ നടപടി എന്നെ പേടിപ്പെടുത്തിയെന്നു ഞാൻ സമ്മതിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ട്?
ഓരോ പ്രാവശ്യവും റേഡിയേഷൻ ചികിത്സ ആവശ്യമുള്ള മറ്റുള്ളവരോടുകൂടെ ഞാൻ കാത്തിരിക്കണമായിരുന്നു. അവരുടെ മുഖങ്ങളും ശരീരങ്ങളും റേഡിയേഷൻ തോക്കിന്റെ ലക്ഷ്യസ്ഥാനങ്ങളിൽ ചുവന്ന ചായം കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. അത് അസ്വസ്ഥതയുളവാക്കുന്ന ഒരു കാഴ്ചയായിരുന്നു. പിന്നീട് ഞാൻ തനിയെ പ്രത്യേക റേഡിയേഷൻ മുറിയിലേക്കു പോകണമായിരുന്നു. അവിടെ ഒരേസമയം മാരകവും അല്ലാത്തതുമായ എന്റെ കലകളെ നശിപ്പിക്കുന്ന ആ അദൃശ്യശക്തി ഉണ്ടെന്ന് എനിക്കറിയാമായിരുന്നതുകൊണ്ട് എല്ലാം വളരെ ഭയജനകമായി തോന്നി. ഏതായാലും, 15 ആഴ്ചകൾക്കുള്ളിൽ എനിക്ക് 30 റേഡിയേഷൻ ചികിത്സ നടത്തി. അതിനുശേഷം, എന്റെ പുറത്തും തലയിലും മാരകമല്ലാത്ത റ്റ്യൂമറുകൾക്കുവേണ്ടി രണ്ടു ചെറിയ ശസ്ത്രക്രിയകളേ ആവശ്യമായി വന്നിട്ടുള്ളു.
അതിജീവിക്കുന്നതിനുള്ള ശക്തി
എന്റെ ആദ്യത്തെ റ്റ്യൂമർ പ്രത്യക്ഷപ്പെട്ടശേഷം 22 വർഷം കഴിഞ്ഞും ജീവിച്ചിരിക്കുന്നതിൽ എനിക്ക് യഥാർത്ഥമായ നന്ദിയുണ്ട്. ഈ പീഡാനുഭവങ്ങളിൽ സഹിച്ചു നിൽക്കാൻ എന്നെ സഹായിച്ചിരിക്കുന്നതെന്താണ്? ഒന്നാമതായി, പിന്തുണ നൽകുന്ന എന്റെ ഭർത്താവ്. എല്ലാ റേഡിയേഷൻ ചികിത്സകൾക്കും മാത്രമല്ല, മറ്റ് ഓരോ പ്രാവശ്യവും എന്നോടുകൂടെ പോരാൻ അദ്ദേഹം ക്രമീകരണം ചെയ്തു. നിങ്ങൾ ആശുപത്രിയിൽ പോകുമ്പോൾ നിങ്ങളെ സഹായിക്കുന്നതിന് ഒരു നല്ല സുഹൃത്തോ ബന്ധുവോ നിങ്ങൾക്ക് തീർച്ചയായും ആവശ്യമാണെന്ന് ഞാൻ വിചാരിക്കുന്നു. എന്നാൽ അത് ശക്തനും ശുഭാപ്തിവിശ്വാസമുള്ളവനുമായ ഒരാളായിരിക്കണം, ഒരു വികാരജീവിയായിരിക്കരുത്. എനിക്ക് അനായാസം കരച്ചിൽ വരും, ആ കാര്യത്തിൽ എന്നെ പ്രോത്സാഹിപ്പിക്കുന്ന ഒരാളെ എനിക്കാവശ്യമില്ല.
എന്റെ ഡോക്ടർമാരും വലിയ സഹായമാണെന്ന് ഞാൻ കണ്ടെത്തി. അന്നത്തെ ഏറ്റവും നല്ലവരിൽ ഒരാളായിരുന്ന ഡോ. ജയിംസ് തോംപ്സനെ ഞങ്ങൾക്ക് ലഭിച്ചതിൽ ഞങ്ങൾ വളരെ ഭാഗ്യമുള്ളവരായിരുന്നു. അദ്ദേഹത്തിന് കിടക്കയ്ക്കരികിൽ ഊഷ്മളമായ ഒരു രീതിയാണുണ്ടായിരുന്നത്, ഓപ്പറേഷൻ റൂമിൽ പോലും. അദ്ദേഹം ക്രൂരനോ നയമില്ലാത്തവനോ ആയിരിക്കാതെ എന്റെ അവസ്ഥ സംബന്ധിച്ച് തുറന്നു സംസാരിക്കുന്ന ആളുമായിരുന്നു.
എന്റെ സാഹചര്യത്തെക്കുറിച്ച് വിചാരപ്പെടാതിരിക്കാൻ ഞാൻ പഠിച്ചു. ഞാൻ എല്ലായ്പ്പോഴും എന്റെ മനസ്സിനെയും ജീവിതത്തെയും താൽപര്യങ്ങളും പ്രവർത്തനങ്ങളും കൊണ്ടു നിറച്ചുനിർത്തി. വായന എനിക്കിഷ്ടമായിരുന്നു, എന്നാൽ കഥകൾ സന്തുഷ്ട വിഷയങ്ങളുള്ളവ ആയിരിക്കണമായിരുന്നു. ഞാൻ രോഗസംബന്ധമായ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കാനാഗ്രഹിക്കുന്നില്ല. എനിക്ക് ടെലിവിഷനിൽ ആശുപത്രിക്കഥകൾ കാണാൻ കരുത്തില്ല!
ഞാൻ രോഗിയായിരുന്നപ്പോൾ എന്നെ സഹായിച്ചതെന്തായിരുന്നു? ഞാൻ വിലമതിച്ച കാര്യങ്ങളിലൊന്ന് ആ ആശംസാകാർഡുകളും എഴുത്തുകളുമായിരുന്നു. വളരെയധികംപേർ എന്നെക്കുറിച്ചു ചിന്തിക്കുന്നുണ്ടെന്നറിഞ്ഞത് വളരെ പ്രോത്സാഹജനകമായിരുന്നു. നമ്മൾ രോഗികളായിരിക്കുമ്പോൾ നാം എല്ലായ്പ്പോഴും സന്ദർശകരെ സ്വീകരിക്കാൻ ഇഷ്ടപ്പെടുകയില്ല, എന്നാൽ അവരുടെ കാർഡുകൾ വളരെ സ്വാഗതാർഹമാണ്. തീർച്ചയായും സന്ദർശകർ വന്നപ്പോൾ, പരിപുഷ്ഠിപ്പെടുത്തുന്ന ക്രിയാത്മകമായ അഭിപ്രായങ്ങൾ പറഞ്ഞവരെ ഞാൻ വിലമതിച്ചു. മൂന്നുവർഷം മുമ്പ് കാൻസർ ബാധിച്ചു മരിച്ച ഒരു ബന്ധുവിനെക്കുറിച്ച് അറിയാൻ ആരും ആഗ്രഹിക്കുന്നില്ല! അതുകൊണ്ട് സന്ദർശകർ രോഗികളെ കാണാൻ വരുമ്പോൾ വികാരങ്ങളോടുള്ള സംവേദനത്വം വിലമതിക്കപ്പെടുന്നു.
തീർച്ചയായും, യഹോവയുടെ സാക്ഷികളിലൊരാൾ എന്നനിലയിൽ എന്റെ വിശ്വാസം എന്നെ അതിയായി നിലനിർത്തിപ്പോന്നിട്ടുണ്ട്. സാദ്ധ്യമാകുന്ന അളവിൽ ഞാൻ ക്രിസ്തീയ ശുശ്രൂഷയിലും തിരക്കോടെ ഏർപ്പെട്ടിട്ടുണ്ട്. ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള ബൈബിൾ പ്രത്യാശയെക്കുറിച്ചുള്ള പ്രസംഗവും പഠിപ്പിക്കലും എന്റെ സ്വന്തം വിശ്വാസത്തെ ആഴമേറിയതാക്കാൻ സഹായിച്ചിട്ടുണ്ട്. ഇപ്പോൾ 1986-ൽ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതിലും എന്റെ ജീവിതത്തെ യഹോവയുടെ സേവനത്തിലുള്ള പ്രവർത്തനങ്ങളാൽ നിറയ്ക്കാൻ കഴിയുന്നതിലും ഞാൻ സന്തുഷ്ടയാണ്.—സംഭാവന ചെയ്യപ്പെട്ടത്.
സമീപ വർഷങ്ങളിൽ കാൻസർ ചികിത്സയിലുണ്ടായിട്ടുള്ള പുരോഗതി ലളിതമായ ഒരു പിണ്ഡച്ഛേദനം മാത്രം നടത്താൻ ചില രോഗികളെ പ്രാപ്തരാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ചികിത്സയുടെ തെരഞ്ഞെടുപ്പ് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.—എഡി. (g86 10/8)