ചെറുപ്പക്കാർ ചോദിക്കുന്നു . . .
ഞാൻ എന്റെ മാതാപിതാക്കളുടെ മതം എന്തുകൊണ്ട് സ്വീകരിക്കണം?
“ഞാൻ ചെറുപ്പമായിരുന്നപ്പോൾ അത് എന്നിൽ അടിച്ചേൽപ്പിച്ചു. എനിക്ക് ആളുകളുടെ നിലപാട് പ്രിയമായിരുന്നില്ല.” “ഞാൻ അതിൽനിന്ന് സ്വതന്ത്രനായി.” കത്തോലിക്കാ സഭ വിട്ടുപോന്നതെന്തുകൊണ്ടെന്ന് ഒരിക്കൽ കത്തോലിക്കരായ രണ്ട് ചെറുപ്പക്കാരോട് അഭിപ്രായവോട്ടെടുപ്പുകാർ ചോദിച്ചപ്പോൾ അവർ നൽകിയ ഉത്തരം അതായിരുന്നു. അവരുടെ വീക്ഷണം നിരവധി ചെറുപ്പക്കാർ ഇന്ന് കാര്യങ്ങൾ വീക്ഷിക്കുന്നതെങ്ങനെയെന്ന് വിളിച്ചറിയിക്കുന്നു. തങ്ങളുടെ മാതാപിതാക്കളുടെ മതം സ്വീകരിക്കാൻ അവർക്ക് ധാർമ്മികമായി കടപ്പാടില്ലെന്ന് അവർ കരുതുന്നു.
എന്നിരുന്നാലും ചെറുപ്പക്കാർ അവശ്യം മതമില്ലാത്തവരാണെന്ന് ഇത് അർത്ഥമാക്കുന്നില്ല. ജർമ്മനിയിൽ ചെറുപ്പക്കാർ മതമുൾപ്പെടെയുള്ള “യാഥാസ്ഥിതികാദർശങ്ങളി”ലേക്ക് മടങ്ങിവരുന്നതായി റിപ്പോർട്ടു ചെയ്യുന്നു. “അമേരിക്കയിലെ ചെറുപ്പക്കാർ തങ്ങളുടെ മതവിശ്വാസങ്ങളെക്കുറിച്ച് തികച്ചും ബോധവാൻമാരാ”ണെന്ന് ഐക്യനാടുകളിലെ മതവിശ്വാസങ്ങളുടെ ആഴമേറിയ ഒരു പഠനം വെളിപ്പെടുത്തി. ഇത്തരം ചില ചിന്തകൾ സഭാസ്ഥാപനങ്ങളുടെ മൂർച്ചയേറിയ, തുടർച്ചയായ വിമർശനത്തിൽ കലാശിക്കുന്നു.”—ജി. ഗാലപ്പ് ജൂനിയറിന്റെയും ഡി. പോളിംഗിന്റെയും അമേരിക്കൻ വിശ്വാസത്തിന്റെ അന്വേഷണം.
സ്വീകരിക്കാതിരിക്കുന്നതിനുള്ള വിലയേറിയ കാരണങ്ങൾ
എന്നിരുന്നാലും ചിലർക്ക് തങ്ങളുടെ മാതാപിതാക്കളുടെ മതം പിൻതുടരാതിരിക്കുന്നതിന് തക്കതായ കാരണങ്ങളുണ്ടെന്ന് സകല ആത്മാർത്ഥതയോടുംകൂടെ പറയേണ്ടിയിരിക്കുന്നു. കത്തോലിക്കർ തങ്ങളുടെ സഭയിൽനിന്ന് ഒഴുകിപ്പോകാനുള്ള കാരണം സംബന്ധിച്ച് നടത്തിയ ഈ അഭിപ്രായവോട്ടെടുപ്പിൽ “‘നിസ്സാര നിയമലംഘനങ്ങൾക്ക് നരകശിക്ഷ’ നൽകുന്നതിനെക്കുറിച്ച് ഒരുവൻ പരാതിപ്പെട്ടു. വളരെയധികം ചടങ്ങുകളുള്ളതിനെ മറ്റൊരാൾ എതിർത്തു. ബൈബിൾ വേണ്ടത്ര പഠിപ്പിക്കാത്തതിനാൽ മറ്റുള്ളവർ എതിർപ്പ് പ്രകടമാക്കുന്നു.”—റിക്കാർഡ്, ഒക്ടോബർ 27, 1985.
എഴുത്തുകാരനായ ഗാലപ്പും പോളിംഗും ഇപ്രകാരം പറയുന്നു: “കൗമാരപ്രായക്കാർ ആത്മീയ ചോദ്യങ്ങളിൽ ഒരു സ്ഥായിയായ താല്പര്യം വെളിപ്പെടുത്തുന്നു . . . അതേസമയം ഇവർ സംഘടിതമതത്തിൽനിന്ന് അകന്നു നിൽക്കുന്നു . . . വ്യക്തമായും സ്ഥാപിതമതങ്ങൾ ഈ ചെറുപ്പക്കാരുടെ ആഴമേറിയ ആത്മീയ വിശപ്പ് ശമിപ്പിച്ചിട്ടില്ല. “സ്ഥാപിതമത”ത്താൽ അർത്ഥമാക്കുന്നത് “പ്രമുഖമത”ങ്ങളെയാണ്.—കത്തോലിക്ക്, പ്രോട്ടസ്റ്റൻറ്, ഓർത്തഡോക്സ്, യഹൂദമതം.
ഒരു യുവ മെതൊഡിസ്റ്റുകാരൻ ഇപ്രകാരം പറയുന്നതായി അവർ ഉദ്ധരിക്കുന്നു: “സഭകൾ തങ്ങളുടെ പള്ളിയിൽ വരാത്തവരെയും വിശ്വാസമില്ലാത്തവരെയും സമീപിക്കാൻ ശ്രമിക്കണം.” “തങ്ങളോടാവശ്യപ്പെടുകയാണെങ്കിൽ ഒരു നിരന്തരാടിസ്ഥാനത്തിൽ തങ്ങൾ കുറെസമയം സഭാപ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ മനസ്സുള്ളവരാണെ”ന്ന് സർവ്വേ നടത്തിയ ചെറുപ്പക്കാരുടെ നല്ല ശതമാനം അഭിപ്രായപ്പെട്ടു. സ്പഷ്ടമായും അതിനുവേണ്ടി അവരോട് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല.
എങ്ങനെ തീരുമാനിക്കും?
മിക്ക ചെറുപ്പക്കാരും ആത്മീയ ചോദ്യങ്ങളിൽ താല്പര്യമുള്ളവരും അതേസമയം തങ്ങളുടെ മാതാപിതാക്കളുടെ “സ്ഥാപിത മതം” അവരുടെ ആത്മീയ വിശപ്പ് തൃപ്തിപ്പെടുത്താതിരിക്കുകയും ചെയ്യുമ്പോൾ അവർ എങ്ങോട്ടാണ് തിരിയേണ്ടത്? തന്റെ മാതാപിതാക്കളുടെ മതം സ്വീകരിക്കണോ വേണ്ടയോ എന്ന് ഒരു ചെറുപ്പക്കാരന് എന്തിന്റെയടിസ്ഥാനത്തിൽ നിർണ്ണയിക്കാൻ കഴിയും?
രസകരമെന്നു പറയട്ടെ, ചില യുവ കത്തോലിക്കർ തങ്ങളുടെ മാതാപിതാക്കളുടെ മതത്തിൽ തുടരാതിരുന്നതിന് നൽകിയ കാരണങ്ങളിലൊന്ന് “അവിടെ ബൈബിൾ വേണ്ടത്ര പഠിപ്പിക്കാത്തതാണ്.” ബൈബിൾ “ക്രിസ്ത്യാനിത്വത്തിന്റെ വിശുദ്ധഗ്രന്ഥം” എന്ന് നിർവ്വചിക്കപ്പെട്ടിരിക്കുന്നു. അതെ, ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന ഏതൊരു മതത്തെയും അത് അങ്ങനെതന്നെയാണോ എന്ന് കണ്ടുപിടിക്കുന്നതിനുള്ള അളവുകോൽ ബൈബിളാണ്. വാസ്തവത്തിൽ ബൈബിളിലെ “നിത്യസത്യങ്ങ”ളോട് യാതൊരു തത്വചിന്തയും താരതമ്യപ്പെടുത്താവുന്നതല്ലെന്ന് പറയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളുടെ മതം എന്തുതന്നെയായിരുന്നാലും നിങ്ങൾ അതിന്റെ ഉപദേശങ്ങൾ ബൈബിളിനോട് താരതമ്യപ്പെടുത്തേണ്ടിയിരിക്കുന്നു.
മുമ്പ് വിവരിച്ച ഒരു തടസ്സവാദം “നരകശിക്ത”യായിരുന്നു. പൂർവ്വ, പശ്ചിമ ദേശങ്ങളിലെ മിക്ക മതങ്ങളും ഏതെങ്കിലും തരത്തിലുള്ള മരണാനന്തര ശിക്ഷയെക്കുറിച്ച് പഠിപ്പിക്കുന്നതിനാൽ, നിങ്ങളുടെ മാതാപിതാക്കളുടെ മതവും ദുഷ്ടൻമാർ നരകത്തിലേക്ക് പോകുന്നുവെന്ന് പഠിപ്പിക്കാൻ നല്ല സാദ്ധ്യതയുണ്ട്. നരകവാസികൾ ‘ദൈവിക ദർശനം ലഭിക്കാതെ’ കേവലം ധാർമ്മികമായി ദണ്ഡിപ്പിക്കപ്പെടുന്നതേയുള്ളു, മറിച്ച് ശാരീരികമായി ദണ്ഡിപ്പിക്കപ്പെടുന്നില്ല എന്ന് അവകാശപ്പെട്ടുകൊണ്ട് ഇന്ന് മിക്ക പുരോഹിതൻമാരും നരകത്തിന്റെ ചൂടുകുറയ്ക്കാൻ ശ്രമിക്കുന്നുവെന്നത് സത്യമാണ്. എന്നാൽ, ശാരീരികമായി എന്നേക്കും ദണ്ഡിപ്പിക്കപ്പെടുന്നതുപോലെ, ധാർമ്മികമായി എന്നേക്കും ദണ്ഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് കേൾക്കുമ്പോൾ ഒരു യുവാവെന്നനിലയിൽ നിങ്ങൾക്ക് ക്ഷതമേൽക്കുകയില്ലേ?
മാനുഷദേഹിക്ക് മരിക്കാൻ കഴിയുമെന്നും, മരണാനന്തര ജീവന്റെ പ്രത്യാശ മരിച്ചവരെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ദൈവത്തിന്റെ ശക്തിയിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും, മനഃപൂർവ്വ ദുഷ്ടതയ്ക്കുള്ള ശിക്ഷ മരണമാണ് അല്ലാതെ നിത്യദണ്ഡനമല്ലെന്നും ബൈബിൾ പഠിപ്പിക്കുന്നു. (യെഹെസ്ക്കേൽ 18:4; പ്രവൃത്തികൾ 24:15; റോമർ 6:23 കാണുക.)a ഈ ഉപദേശം നിങ്ങളുടെ ന്യായബോധത്തെ, ദൈവത്തെ അപമാനപ്പെടുത്തുന്ന നരകാഗ്നിയുടെ ഉപദേശത്തേക്കാൾ കൂടുതൽ തൃപ്തിപ്പെടുത്തുന്നില്ലേ? യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്ന ബൈബിളിന്റെ “നിത്യസത്യ”ങ്ങളിൽ ചിലത് ഇവയാണ്.
സാക്ഷികളുടെ കുട്ടകളും തീരുമാനമെടുക്കണം
ഇപ്പോൾ, യഹോവയുടെ സാക്ഷികളുടെ മാതാപിതാക്കളാൽ വളർത്തപ്പെട്ടിരിക്കുന്ന ചെറുപ്പക്കാരെ സംബന്ധിച്ചെന്ത്? “ഞാൻ എന്റെ മാതാപിതാക്കളുടെ മതം എന്തുകൊണ്ട് സ്വീകരിക്കണം?” എന്ന ചോദ്യത്തെ അവർ അഭിമുഖീകരിക്കുന്നില്ലെന്ന് ഞങ്ങൾ പറയുന്നുണ്ടോ? ഒരിക്കലുമില്ല. അവർ തങ്ങളുടെ ജീവിതം യഹോവയാം ദൈവത്തിന് സമർപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട ഒരു സമയം അവരുടെ ജീവിതത്തിലുണ്ട്.
മറ്റ് യുവാക്കളെപ്പോലെ അവർ തങ്ങളോടുതന്നെ ഇപ്രകാരം ചോദിക്കുന്നു: ‘എന്റെ മാതാപിതാക്കളുടെ മതം സത്യമാണെന്ന് എനിക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?’ മറ്റുള്ളവരെപ്പോലെ അവർക്കും അതിന്റെ ഉപദേശങ്ങൾ ബൈബിളിനോട് ചേർച്ചയിലാണെന്നുള്ള ബോധ്യം ഉണ്ടായിരിക്കണം.
ജർമ്മനിയിൽ ജനിച്ചു വളർന്ന രൂത്ത്, ഒരു യുവതിയെന്ന നിലയിൽ തന്നിൽനിന്ന് പ്രതീക്ഷിക്കുന്നതെന്താണെന്ന് മനസ്സിലാക്കിയിരുന്നു. അവൾ “ശരിയായ” ഉത്തരം നൽകിയതായി സമ്മതിച്ചു പറയുന്നു. ഉദാഹരണത്തിന്, “നിന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം എന്തിനാണ്?” എന്ന് ചോദിച്ചപ്പോൾ അവൾ ഇപ്രകാരം മറുപടി പറഞ്ഞു: “ദൈവരാജ്യത്തിന്.” എന്നിരുന്നാലും അവൾ തുടർന്നു പറയുന്നു: “ഇതാണ് ശരിയായ ഉത്തരമെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ അതിനുശേഷം ‘ഇത് വാസ്തവമാണോ?’ എന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചു.” അവളുടെ ജീവിതത്തിലെ ആ ഘട്ടത്തിൽ അവളുടെ വിദ്യാഭ്യാസമായിരുന്നു ദൈവരാജ്യത്തെക്കാൾ പ്രധാനം എന്ന് സമ്മതിക്കാൻ തക്കവണ്ണം അവൾ അത്ര വിശ്വസ്തയായിരുന്നു.
പിന്നീട് അവൾ തന്നോടുതന്നെ ഇപ്രകാരം ചോദിച്ചു: “ഇന്ന് വ്യത്യസ്തതരത്തിലുള്ള നിരവധി സിദ്ധാന്തങ്ങൾ ഉണ്ടായിരിക്കെ, ശൈശവം മുതൽ ഞാൻ മനസ്സിലാക്കിയിരിക്കുന്നത് സത്യമാണെന്ന് എനിക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?” പിൻവരുന്ന മൂന്ന് തിരുവെഴുത്തുകൾ അവളെ സഹായിച്ചു: മത്തായി 7:15-20 (“അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും”) യോഹന്നാൻ 13:35 (“നിങ്ങളുടെയിടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് എല്ലാവരും അറിയും”), മത്തായി 24:14 (“രാജ്യത്തിന്റെ ഈ സുവിശേഷം ഒരു സാക്ഷ്യത്തിനായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും”). മറ്റ് മതങ്ങൾ നല്ല ഫലം പുറപ്പെടുവിച്ചിട്ടില്ലെന്ന് അവൾ കണ്ടറിഞ്ഞു. അവൾ യഹോവയുടെ സാക്ഷികളുടെയിടയിൽ “നിസ്വാർത്ഥമായി ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതിൽ സജീവമായി പങ്കെടുക്കുന്ന ഒരു അന്തർദേശീയ, ഏകീകൃത സഹോദരവർഗ്ഗത്തെ” നിരീക്ഷിച്ചു. അതുകൊണ്ട് അവൾ തന്റെ അമ്മ തന്നെ വളർത്തിക്കൊണ്ടുവന്ന മതത്തിൽ നിലനിൽക്കാൻ തീരുമാനിച്ചു.
അതുപോലെതന്നെ, ഫ്രാൻസിലെ ഡോർക്കാസിനെയും വളർത്തിക്കൊണ്ടുവന്നത് സാക്ഷികളായ മാതാപിതാക്കളാണ്. ബൈബിൾ പ്രസിദ്ധീകരണങ്ങളുടെ അല്പമായ പഠനവും സ്കൂളിലെ തത്വശാസ്ത്രങ്ങളുടെ അധികമായ പഠനവും തന്റെ കുരുന്നു മനസ്സിൽ സന്ദേഹത്തിന്റെ വിത്തു പാകിയതായി അവൾ ഇപ്പോൾ തിരിച്ചറിയുന്നു. എന്നിരുന്നാലും തന്റെ മാതാപിതാക്കൾ തന്നെ പഠിപ്പിച്ച ബൈബിൾ സത്യമില്ലാതുള്ള ഒരു ജീവിതം എന്തായിരിക്കുമെന്ന് സങ്കൽപ്പിക്കാൻ അവൾ ശ്രമിച്ചു. അവൾ ശൂന്യത മാത്രമേ കണ്ടുള്ളു. അതുകൊണ്ട് അവൾ മൂല്യവത്തായ പഠനസഹായികൾ ഉപയോഗിച്ച് ബൈബിൾ പ്രവചനങ്ങളുടെ ഗൗരവമായ ഒരു പഠനത്തിൽ ഏർപ്പെട്ടു. അവൾ ഇപ്രകാരം പറയുന്നു: “എന്റെ പക്കൽ സത്യമുണ്ടെന്ന് അന്തിമമായി എനിക്ക് ബോദ്ധ്യം വന്നശേഷം ഞാൻ സ്നാനമേറ്റു.” ഡോർക്കാസ് അവളുടെ മാതാപിതാക്കളുടെ മതത്തിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു.
സഭകൾ “തങ്ങളുടെ പള്ളികളിൽ വരാത്തവരെ സമീപിക്കുന്നതിനും വിശ്വാസമില്ലാത്തവരെ സഹായിക്കുന്നതിനും” ശ്രമിക്കുന്നില്ലെന്ന് പരാതിപ്പെട്ട യുവ മെതൊഡിസ്റ്റുകാരനെപ്പോലെയായിരുന്നില്ല രൂത്തും ഡോർക്കാസും. അവർ യഹോവയുടെ സാക്ഷികളോടൊപ്പം ആ വേല ചെയ്യുന്നതിൽ സന്തോഷമുള്ളവരായിരുന്നു. ചെറുപ്പക്കാരും പ്രായം ചെന്നവരുമായ എല്ലാ സാക്ഷികളും പ്രസംഗപ്രവർത്തനത്തിൽ “തങ്ങളുടെ അല്പസമയം” ചെലവഴിക്കാൻ ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഇന്ന് നിരവധി യുവസാക്ഷികൾ പെട്ടെന്നുതന്നെ നമ്മുടെ ഭൂമിയിൽ പറുദീസ സ്ഥാപിക്കുന്ന ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കുന്ന മുഴു സമയ ശുശ്രൂഷകരായിത്തീരുകയാണ്.—മത്തായി 6:10.
തെരഞ്ഞെടുപ്പ് നിങ്ങളുടേത്
മതവിശ്വാസമില്ലാതെ ഒരു ജീവിതം നയിക്കുന്നത് ഒരു ജീവിതമേയല്ലെന്ന് നിരവധി യുവാക്കൾ ഇന്ന് തിരിച്ചറിയുന്നുണ്ട്. എന്നിരുന്നാലും, നാം കണ്ടതുപോലെ, നിരവധി യുവാക്കളുടെ “ആഴമായ ആത്മീയ വിശപ്പ്” “ഇന്നത്തെ സ്ഥാപിതമതങ്ങൾക്ക് തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.”
“ഞാൻ എന്റെ മാതാപിതാക്കളുടെ മതം എന്തുകൊണ്ട് സ്വീകരിക്കണം?” എന്ന ചോദ്യത്തെ നിങ്ങൾ അഭിമുഖീകരിക്കുന്നെങ്കിൽ, ബൈബിളിൽ കാണുന്ന “നിത്യ സത്യങ്ങ”ളോട് അവരുടെ വിശ്വാസങ്ങളെ എന്തുകൊണ്ട് താരതമ്യപ്പെടുത്തികൂടാ? ഇത് പരിശോധിച്ചറിയാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ബൈബിൾ പഠനസഹായികൾക്കുവേണ്ടി ഈ മാസികയുടെ പ്രസാധകർക്കെഴുതുക. അല്ലെങ്കിൽ നിങ്ങളുടെ സ്കൂളിലോ ജോലിസ്ഥലത്തോ നിങ്ങൾക്കറിയാവുന്ന യഹോവയുടെ സാക്ഷികളിലാരെങ്കിലുമായി സമ്പർക്കത്തിൽ വരുക. അതിനുശേഷം, നിങ്ങളുടെ മാതാപിതാക്കളുടെ മതം പിൻതുടരണമോ വേണ്ടയോ എന്ന് സ്വന്തമായി തീരുമാനമെടുക്കുക. തെരഞ്ഞെടുപ്പ് നിങ്ങളുടേതാണ്! (g86 11/22)
[അടിക്കുറിപ്പുകൾ]
a പൂർണ്ണമായ ഒരു വിശദീകരണത്തിനുവേണ്ടി വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ന്യൂയോർക്ക് പ്രസിദ്ധീകരിച്ച ഈ ജീവിതം മാത്രമാണോ ഉള്ളത്? എന്ന പുസ്തകം കാണുക.
[15-ാം പേജിലെ ആകർഷകവാക്യം]
“കൗമാരപ്രായക്കാർ ആത്മീയ ചോദ്യങ്ങളിൽ ഒരു സ്ഥായിയായ താല്പര്യം വെളിപ്പെടുത്തുന്നു.”
[16-ാം പേജിലെ ചിത്രം]
തങ്ങളുടെ മാതാപിതാക്കൾ തങ്ങളെ ബൈബിൾ സത്യം പഠിപ്പിച്ചിട്ടുണ്ടോയെന്ന് യുവാക്കൾ പരിശോധിക്കണം