ക്രിസ്മസ്സ് ദൈവം നിങ്ങൾക്ക് നൽകിയിരിക്കുന്ന സമ്മാനമാണോ?
ക്രിസ്മസ്സ് ഇല്ലാത്ത ഒരു വർഷം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? അല്ലെങ്കിൽ സമ്മാനം കിട്ടാത്ത ഒരു ഡിസംബർ 25-നെക്കുറിച്ച് നിങ്ങൾക്ക് ഓർക്കാൻ കഴിയുമോ? എന്തിനധികം, പോർക്കളത്തിലുള്ള പട്ടാളക്കാരുപോലും ക്രിസ്മസ്സ് ദിവസം പോരാട്ടത്തിൽനിന്ന് ഒഴിഞ്ഞിരിക്കയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യും! ദൈവം നമുക്ക് നൽകിയിരിക്കുന്ന സമ്മാനമാണ് ക്രിസ്മസ്സ് എന്ന് ദശലക്ഷങ്ങൾ വിശ്വസിക്കുന്നു. എന്നാൽ അത് ശരിയാണോ?
ആ ചോദ്യത്തിന് ലോകമെമ്പാടുമുള്ള ആളുകളിൽ നാലിൽ മൂന്ന് ഭാഗവും ‘അല്ല’ എന്ന് ഉത്തരം പറയുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു—നിങ്ങൾ ഒരു ഹിന്ദുവോ ഒരു ബുദ്ധമതക്കാരനോ ഒരു മുസ്ലീമോ ഒരു യഹൂദനോ ഒരു നിരീശ്വരവാദിയോ അല്ലെങ്കിൽ ഒരു നാസ്തികനോ ആണെങ്കിൽ. അങ്ങനെയെങ്കിൽ, ക്രിസ്മസ്സ് ക്രിസ്തുവിന്റെ ജനനത്തെ കൊണ്ടാടുന്നതാകയാൽ നിങ്ങൾ ക്രിസ്മസ്സിലോ ദൈവപുത്രനായ ക്രിസ്തുവിലോ വിശ്വസിക്കുകയില്ല. എന്നിരുന്നാലും എല്ലാവരുടെയും—ക്രൈസ്തവരുടെയും അക്രൈസ്തവരുടെയും—ഭാവി അവനിലെ വിശ്വാസത്തോട് ബന്ധപ്പെട്ടിരിക്കുന്നു.
ദൈവം മനുഷ്യവർഗ്ഗത്തിനു നൽകിയിരിക്കുന്ന യഥാർത്ഥ സമ്മാനം
ഒരു ദശലക്ഷത്തിലധികമാളുകൾ യേശുവിനെ മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനെന്നനിലയിൽ അംഗീകരിക്കുന്നതായി അവകാശപ്പെടുന്നു. ബൈബിൾ അതിനോട് യോജിക്കുന്നു: യേശു ഒരു പൂർണ്ണ മനുഷ്യനായിരുന്നു. അവൻ പാപവിമുക്തമായ ഒരു ജീവിതം നയിച്ചു. അവന്റെ മരണത്തെ ന്യായീകരിക്കാവുന്ന ഏതൊരവസ്ഥയിൽ നിന്നും അവൻ സ്വതന്ത്രനായിരുന്നു. അതുകൊണ്ട് അവന് എന്നേക്കും ജീവിക്കുന്നതിനും ഒരു പൂർണ്ണ മനുഷ്യവർഗ്ഗത്തിന്റെ പിതാവായിത്തീരുന്നതിനുമുള്ള അവകാശമുണ്ടായിരുന്നു.
എന്നാൽ അവൻ ആ അവകാശത്തിനുവേണ്ടി വാദിച്ചില്ല. പകരം അവൻ ഇന്നത്തെ മനുഷ്യവർഗ്ഗത്തിലെ “അനേകർക്കുവേണ്ടി ഒരു മറുവിലയായി” മരിച്ചു. അവൻ അവർക്കു പൂർണ്ണതയും അനന്തജീവനും അവകാശമായി നൽകി. അതിനാൽ, ദൈവം മനുഷ്യവർഗ്ഗത്തിനു നൽകിയിരിക്കുന്ന സമ്മാനം യേശുവാണ്.—മത്തായി 20:28; 1 പത്രോസ് 2:21, 22; എബ്രായർ 2:9, 10.
ഈ സമ്മാനം നിങ്ങൾ സ്വീകരിക്കുന്നെങ്കിൽ അത് നിങ്ങൾക്ക് നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തും. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്ര സ്നേഹിച്ചു” എന്ന് ബൈബിൾ പറയുന്നു. (യോഹന്നാൻ 3:16) അതുകൊണ്ട് ക്രിസ്തുവിലെ വിശ്വാസം പ്രധാനമാണ്, നിങ്ങളുടെ ഭാവിജീവിതം അതിലാണടിസ്ഥാനപ്പെട്ടിരിക്കുന്നത്. മനുഷ്യവർഗ്ഗത്തിലെ നാലിൽ ഒരു ഭാഗം ക്രിസ്മസ്സ് ദിനം അവന്റെ ജനനത്തെ കൊണ്ടാടുന്നത് അതിശയമല്ല. എന്നിരുന്നാലും, അവൻ വാസ്തവത്തിൽ ക്രിസ്മസ്സ് ദിവസമാണോ ജനിച്ചത്?
യേശു ജനിച്ചതെപ്പോൾ?
യേശു ബേത്ളഹേമിൽ ജനിച്ചപ്പോൾ “ഇതേ പ്രദേശത്ത് ആട്ടിടയൻമാർ വെളിമ്പ്രദേശങ്ങളിൽ കഴിഞ്ഞുകൊണ്ട് രാത്രികളിൽ ആട്ടിൻപറ്റത്തെ കാവൽചെയ്യുന്നുമുണ്ടായിരുന്നു.” (ലൂക്കോസ് 2:8-11) പലസ്റ്റീനിലെ ആ പ്രദേശത്ത് ഡിസംബർ മാസം രാത്രിയിലെ ഊഷ്മാവ് ശരാശരി 45° ഫാ. (7° സെ.) ആണ്. ചില ദിവസങ്ങളിൽ അവിടെ തണുപ്പേൽക്കുന്ന മഴയുമുണ്ട്. അപ്പോൾ ആ ഇടയൻമാർ രാത്രികാലങ്ങളിൽ തങ്ങളുടെ ആട്ടിൻപറ്റങ്ങളുമായി വെളിമ്പ്രദേശങ്ങളിൽ കഴിയുകയില്ല. മറിച്ച് അവയെ മറവുള്ള അഭയസ്ഥാനങ്ങളിൽ എത്തിക്കുകയാണ് പതിവ്.
കൂടാതെ, ഔഗുസ്തൊസ് കൈസർ സാമ്രാജ്യം മുഴുവൻ പേർവഴി ചാർത്തണമെന്ന കല്പന പുറപ്പെടുവിച്ചതിനാൽ യേശുവിന്റെ മാതാപിതാക്കളും ബേത്ളഹേമിലേക്ക് പോയി. “ജനമെല്ലാം . . . അവനവന്റെ നഗരിയിലേക്ക് യാത്രയായി.” (ലൂക്കോസ് 2:1, 3) മിക്കപ്പോഴും മൽസരിക്കുന്ന തന്റെ പ്രജകൾ സുദീർഘവും ക്ലേശപൂർണ്ണവുമായ ഒരു യാത്ര ചെയ്യുന്നതിനുവേണ്ടി റോമൻ ഭരണാധികാരി ശൈത്യമേറിയ ഒരു വർഷകാലം തെരഞ്ഞെടുക്കുമായിരുന്നോ? ഒരിക്കലുമില്ല!
അങ്ങനെയെങ്കിൽ, എപ്പോഴാണ് യേശു ജനിച്ചത്? ഒക്ടോബറിന്റെ ആദ്യ ഭാഗത്താണെന്ന് ഈടുറ്റ തെളിവുകളുണ്ട്. മശിഹാ ഒരു ഏഴുവർഷം വരുന്ന “ആഴ്ച”യുടെ ആരംഭത്തിൽ പ്രത്യക്ഷപ്പെടുമെന്നും അതിന്റെ മദ്ധ്യത്തിൽ അല്ലെങ്കിൽ 31⁄2 വർഷങ്ങൾക്കുശേഷം “ഛേദിക്കപ്പെടു”മെന്നും അല്ലെങ്കിൽ ഒരു ബലിമരണം വരിക്കുമെന്നും ദാനിയേൽ പ്രവാചകൻ മുൻകൂട്ടി പറഞ്ഞു. (ദാനിയേൽ 9:24-27) ക്രിസ്തു എന്നനിലയിൽ യേശു ശുശ്രൂഷ തുടങ്ങിയപ്പോൾ അവന് “ഏതാണ്ട് മുപ്പത് വയസ്സ്” പ്രായമുണ്ടായിരുന്നു. അതുകൊണ്ട് അവൻ ഏപ്രിൽ ആരംഭത്തിൽ, പെസഹാദിവസം മരിച്ചപ്പോൾ അവന് ഏതാണ്ട് 331⁄2 വയസ്സുണ്ടായിരുന്നു. (ലൂക്കോസ് 3:21-23; മത്തായി 26:2) അവന് ആറ് മാസങ്ങൾക്ക് ശേഷം, അതായത് അടുത്ത ഒക്ടോബറിൽ 34 വയസ്സ് തികയുമായിരുന്നു. പ്രസ്പഷ്ടമായി അവൻ ഡിസംബറിലല്ല ജനിച്ചത്!
അത് യേശുവിനെ ആദരിക്കുന്നുവോ?
ക്രിസ്തു ആദരിക്കപ്പെടുകയും ക്രിസ്മസ്സ് ആത്മാവ് നിലനിർത്തപ്പെടുകയും ചെയ്യുന്നിടത്തോളം കാലം ആ തീയതിയെക്കുറിച്ച് എന്തിനധികം തർക്കിക്കണം? എന്തുപറഞ്ഞാലും, ആത്മാർത്ഥതയുള്ള ആരാധകർക്ക് ആഘോഷം വിശുദ്ധമാണ്. ഇത് കരോളിനും ഗാനങ്ങൾക്കും സമ്മാനങ്ങൾക്കും കുടുംബകൂട്ടങ്ങൾക്കുമുള്ള ഒരു സമയമാണ്. ഇത് ഓർത്തിരിക്കേണ്ട ഒരു സമയമാണ്. ഇത് വികാര തീവ്രമായ സ്മരണകളുടെ ഒരു സമയമാണ്. എന്നിരുന്നാലും, അത് ഒരു പ്രശ്നമായിരിക്കാം.
പലപ്പോഴും സ്മരണകൾ വ്യക്തിപരമായ ഉല്ലാസങ്ങളോട് ബന്ധപ്പെട്ടവയായിരിക്കാം, മറിച്ച് ക്രിസ്തുവിനോട് ബന്ധപ്പെട്ടവയായിരിക്കയില്ല. സമ്മാനങ്ങൾ മിക്കപ്പോഴും കൊടുക്കുന്നതിലെയല്ല മറിച്ച് വാങ്ങുന്നതിലെ സന്തോഷം പ്രകടിപ്പിക്കുന്നു. കൂടാതെ, അപ്പോൾ അമിതമായ ആഹ്ലാദവിഹാരവും വർദ്ധിച്ചുവരുന്ന കച്ചവടാത്മാവും ദൃശ്യമാണ്. ഈ ആത്മാവാണ് ക്രിസ്മസ്സിനെ ലോകപ്രിയമാക്കുന്നത്, അല്ലാതെ അത് ക്രിസ്തുവിനെ ആദരിക്കുന്നതുകൊണ്ടല്ല.
അതുകൊണ്ട് ഈ ചോദ്യം ഉദിക്കുന്നു: ക്രിസ്മസ്സ് ക്രിസ്തീയം പോലുമാണോ?
ക്രിസ്മസ്സിന്റെ ഉറവുകൾ
ബഹുദൈവ സൂര്യാരാധകർ സമാനമായ ഒരുത്സവം ആഘോഷിച്ചിരുന്നു. എൻസൈക്ലോപ്പീഡിയാ അമേരിക്കാനാ അനുസരിച്ച് ഉത്തര യൂറോപ്പിലെ അത്തരമാളുകൾ “സൂര്യന്റെ പുനർജനനം ആഘോഷിക്കുന്നതിനുവേണ്ടി മകര സംക്രാന്തിയിലെ യൂളിന്റെ പ്രമുഖോത്സവം ആഘോഷിച്ചിരുന്നു. . . . ഇത് റോമൻ സാറ്റേർണേലിയയുടെയും സമയമായിരുന്നു. ചില ക്രിസ്മസ്സാചാരങ്ങൾ ഈ പുരാതന വിജാതിയാഘോഷങ്ങളിൽ നിന്നുത്ഭവിച്ചതായി മനസ്സിലാകുന്നു. ക്രിസ്ത്യാനിത്വം കൂടുതൽ അർത്ഥവത്താക്കുന്നതിനുവേണ്ടി ‘ലോകത്തിന്റെ വെളിച്ച’മെന്ന നിലയിലുള്ള ക്രിസ്തുവിന്റെ ജനനം വെളിച്ചദേവന്റെ പുനർജ്ജനനത്തോട് ബന്ധിപ്പിച്ചതായി ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അത് പണ്ട് അത്തരം ഉത്സവങ്ങളാൽ തങ്ങളുടെ പൗരാണിക ദൈവങ്ങളെ ആദരിച്ചിരുന്നവരും ഇപ്പോൾ മതപരിവർത്തനം ചെയ്ത് ക്രിസ്ത്യാനികളായിത്തീർന്നവരുമായവർക്ക് കൂടുതൽ അർത്ഥവത്തായിരുന്നു.
എന്നിരുന്നാലും, യേശുവിന്റെ അനുഗാമികൾ ഡിസംബർ 25-നോ ഒക്ടോബറിൽ പോലുമോ ക്രിസ്തുവിന്റെ ജൻമദിന സ്മാരകാഘോഷം ഒരിക്കലും നടത്തിയിരുന്നില്ല. നാലാം നൂറ്റാണ്ടിന്റെ ഏതാണ്ട് പകുതിവരെയും ഇതു സത്യമായിരുന്നു. മൂന്നാം നൂറ്റാണ്ടിലെ ഒരു ചരിത്രകാരനായിരുന്ന, ഒറിഗൻ എഴുതി “തിരുവെഴുത്തുകളിലെ വിശുദ്ധ ജനങ്ങളിൽ ആരും ഒരു ജൻമദിനരേഖ സൂക്ഷിച്ചിരുന്നില്ല. പാപികൾ മാത്രമേ (ഫറവോനും ഹേരോദും പോലുള്ള) തങ്ങൾ ജനിച്ച ദിവസത്തെക്കുറിച്ച് വലിയ ആഹ്ലാദങ്ങൾ നടത്തിയിരുന്നുള്ളു.” (ഉല്പത്തി 40:20-23; മർക്കോസ് 6:21-28) മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും സൈക്ലോപ്പീഡിയാ അനുസരിച്ച്, ബൈബിൾ കാലങ്ങളിലെ യഹൂദൻമാർ” ജൻമദിനാഘോഷങ്ങളെ വിഗ്രഹാരാധനാപരമായ ആരാധനയുടെ ഭാഗമായി പരിഗണിച്ചു.”
വിഗ്രഹാരാധനയ്ക്കും ഇതിഹാസ ദൈവങ്ങൾക്കുംവേണ്ടി ആദിയിൽ രൂപകല്പന ചെയ്യപ്പെട്ട ആഘോഷങ്ങളാൽ ക്രിസ്തുവിനെ ബഹുമാനിക്കാൻ കഴിയുമോ? ബൈബിൾ ഇങ്ങനെ ഉത്തരം പറയുന്നു: “അവിശ്വാസികളുമായി അസമായ തമ്മിൽയോജിപ്പ് നടത്തരുത്. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ ആലയത്തിന് വിഗ്രഹങ്ങളോട് എന്തുയോജിപ്പാണ് ഉള്ളത്?” (2 കൊരിന്ത്യർ 6:14-16) വിഗ്രഹാരാധനാപരമായ ഉത്സവങ്ങളെ ഒരു ക്രിസ്തീയ പേരുകൊണ്ട് വസ്ത്രമണിയിച്ചാൽ ക്രിസ്തുവുമായി യോജിപ്പ് അവക്ക് നേടിക്കൊടുക്കുന്നില്ല.
ദൈവത്തിന്റെ സമ്മാനത്തെ യഥാർത്ഥമായി വിലമതിക്കുന്നു
യേശു തന്റെ ജനനത്തിന്റെ ഒരു സ്മാരകാഘോഷം നടത്തുന്നതിന് ആജ്ഞാപിച്ചില്ലെന്നുള്ളതു അതിശയമല്ല! എന്നാൽ അവൻ തന്റെ മരണത്തിന്റെ ഒരു കടപ്പാടുള്ള സ്മാരകാഘോഷം നടപ്പാക്കി. (1 കൊരിന്ത്യർ 11:23-26) നിങ്ങൾക്ക് ജീവനുണ്ടാകുന്നതിന് അവൻ മരിച്ചു. അവന്റെ നിർദ്ദേശങ്ങൾക്ക് അപ്പുറം പോകാതിരിക്കുന്നതിനാൽ അവനെ വാസ്തവത്തിൽ ബഹുമാനിക്കുന്നതിനും വിലമതിപ്പ് കാണിക്കുന്നതിനു നിങ്ങൾക്ക് കഴിയും. അവൻ പറഞ്ഞതുപോലെതന്നെ: “എന്റെ കല്പനകൾ ഉള്ളവനും അവയെ പ്രമാണിക്കുന്നവനും, എന്നെ സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുന്നവനാണ് എന്റെ പിതാവിനാൽ സ്നേഹിക്കപ്പെടുന്നവൻ.”—യോഹന്നാൻ 14:21.
അങ്ങനെയുള്ള അനുസരണമാണ് ഏറ്റവും മർമ്മപ്രധാനമായത്. കാരണം യേശു ഇപ്പോൾ ഒരു ശിശുവോ മരിച്ച രക്ഷകനോ അല്ല. അവന്റെ മരണത്തിനുശേഷം മൂന്നാം ദിവസം അവനെ അമർത്യ ജീവനിലേക്ക് പുനരുത്ഥാനപ്പെടുത്തുകയും “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള . . . സകല അധികാരവും” കൊടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. മനുഷ്യവർഗ്ഗത്തിന്റെ അവകാശമുള്ള ഭരണാധിപൻ എന്നനിലയിൽ, ദുഃഖത്തിനുള്ള എല്ലാ കാരണങ്ങളും അവൻ പെട്ടെന്ന് തന്നെ നീക്കം ചെയ്യും. അതിനാൽ അവനെ യഥാർത്ഥമായി സ്നേഹിക്കുന്നവർക്ക് ഒരു പറുദീസാഭൂമിയിലുള്ള നിത്യജീവന്റെ സമ്മാനം സ്വീകരിക്കാൻ കഴിയും.—മത്തായി 28:18-20; പ്രവൃത്തികൾ 2:22-36; റോമർ 6:23; വെളിപ്പാട് 21:1-5.
അതെ, ദൈവത്തിന്റെ സമ്മാനം, ക്രിസ്മസ്സ് അല്ല, ക്രിസ്തുവാണ്. (g86 12/8)
[28-ാം പേജിലെ ചതുരം]
പുരാണ കഥയിൽ വേരിറങ്ങിയത്
◻ ബഹുദൈവവിശ്വാസ സംസ്ക്കാരങ്ങളിൽ പലതിലും ജൻമദിന ആചരണങ്ങൾ സാധാരണമായിരുന്നു. അപ്പോളോ, സറ്റേൺ മുതലായ പുരാണദൈവങ്ങളുടെ ജൻമദിനങ്ങൾ ആഘോഷിക്കുകയും, സംരക്ഷക ദൂമി ദൈവങ്ങളുടെ ബഹുമാനാർത്ഥം വിഗ്രഹാരാധനാപരമായ ചടങ്ങുകൾ, പ്രത്യേകിച്ച് ജൻമദിനം ആചരിക്കുകയും ചെയ്തിരുന്നു. ദി ക്രിസ്റ്റ്യൻ ബുക്ക് ഓഫ് വൈ എന്ന തന്റെ പുസ്തകത്തിൽ ഡോ. ജോൺ സി. മക്കോളിസ്റ്റർ എഴുതുന്നു: “ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ യേശുവിന്റെ ജനനത്തെ ആദരിക്കുന്ന ഉത്സവം ആഘോഷിച്ചില്ല—അതേ കാരണത്താൽ അവർ മറ്റ് യാതൊരു ജൻമദിന വാർഷികാഘോഷങ്ങളെയും ആദരിച്ചില്ല. ജൻമദിനങ്ങളുടെ എല്ലാ ആചരണങ്ങളും (കർത്താവിന്റേതുപോലും) പുറജാതികളുടെ ഒരു രീതി ആയിരുന്നുവെന്നാണ് ആ സമയത്തുണ്ടായിരുന്ന എല്ലാ ക്രിസ്ത്യാനികളുടെയും ധാരണ.”
◻ ഐറോപ്യ കുറ്റിച്ചെടി ഇത്തിൾ മുതലായ നിത്യഹരിത ചെടികൾക്ക് വലിയ മാന്ത്രിക ശക്തികൾ ഉണ്ടെന്ന് പുരാതന കാലത്തെ ജനങ്ങൾ ചിന്തിച്ചു. മന്ത്രവാദിനികളെയും ദുഷ്ടാത്മാക്കളെയും അകറ്റിനിർത്തുന്നതിന് അവർ തങ്ങളുടെ വീടുകളെ അവകൊണ്ട് അലങ്കരിച്ചു. ഈ സമ്പ്രദായം ക്രിസ്മസ്സ് അലങ്കാരങ്ങളിലേക്ക് വികസിപ്പിക്കപ്പെട്ടു.
◻ ബഹുദൈവ വിശ്വാസ സംസ്ക്കാരങ്ങളിൽ ഭൂരിഭാഗത്തിലും വൃക്ഷങ്ങളെ ആരാധിച്ചിരുന്നു. വിശുദ്ധ വൃക്ഷത്തോപ്പുകളിൽ പിതൃക്കളുടെ ആത്മാക്കൾ വസിച്ചിരുന്നതായി വിശ്വസിക്കുകയും, അനുഗ്രഹങ്ങൾ തിരികെ ലഭിക്കുന്നതിനുവേണ്ടി അവയ്ക്ക് സമ്മാനങ്ങൾ അർപ്പിക്കുകയും ചെയ്തിരുന്നു. പശ്ചിമാഫ്രിക്കയിൽ ഇതു ഇപ്പോഴും ചെയ്യുന്നു.
◻ അടുപ്പിൽ ഒരു വലിയ മരത്തടി കത്തിക്കുന്ന യൂറോപ്പിലെ ക്രിസ്മസ്സ് സമ്പ്രദായം, ഇടിമുഴക്കത്തിന്റെ ദൈവമായ തോറിന്റെ ബഹുമാനാർത്ഥം സ്ക്കാൻഡിനേവിയാക്കാർ നടത്തിയിരുന്ന വിപുലമായ ആഴി കത്തിക്കലിനോട് ബന്ധിപ്പിക്കാൻ കഴിയും.
◻ സമ്മാനം കൊടുക്കൽ, ജ്ഞാനികളെന്നോ, ജോതിഷക്കാരെന്നോ പേര് കേട്ടവർ സമർപ്പിച്ച സമ്മാനങ്ങളോട് ചേർച്ചയിലായിരിക്കുന്നതിന് പകരം, പുറജാതികളായ റോമാക്കാരുടെ സാറ്റർനേലിയ ഉത്സവത്തിലെ (സാറ്റേൺ ദേവനെ ബഹുമാനിക്കുന്ന ഉത്സവം)യും കലൻണ്ടസ് (പുതുവർഷം) ആചരണങ്ങളിലെയും സമ്മാനദാനങ്ങളിലാണ് യഥാർത്ഥത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നത്.
[27-ാം പേജിലെ ചിത്രം]
നിങ്ങൾക്ക് ഈ ക്രിസ്മസ്സാചാരങ്ങളുടെ ഉത്ഭവം അറിയാമോ?