ഇന്നത്തെ അത്യാവേശം പൂണ്ട ഗതിവേഗത്തെ നേരിടൽ
ഒരു ജീവനക്കാരൻ റ്റി. വി. യിൽ ഫുട്ബോൾ കളി കണ്ടുകൊണ്ട് വാരാന്ത്യങ്ങൾ ചെലവഴിക്കുകയും തന്റെ കുട്ടികളെ മൃഗശാല കാണിക്കാൻ കൊണ്ടുപോകുന്നതിന് സമയമില്ലെന്നു പരാതിപ്പെടുകയും ചെയ്യുന്നു. ഒരു വീട്ടമ്മ മതനിഷ്ഠയോടെ വാരംതോറും ഒരു റ്റി. വി. പരമ്പര കാണുകയും വീട്ടുജോലി ചെയ്യാൻ സമയം കിട്ടുന്നില്ലെന്നു പറഞ്ഞു വിലപിക്കുകയും ചെയ്യുന്നു. പ്രശ്നം സമയമില്ലായ്മയാണോ? അതോ അതിന്റെ മോശമായ ഉപയോഗമാണോ?
സമയത്തിന്റെ നല്ല വിനിയോഗം ബൈബിളിൽ ഫിലിപ്യർ 1:10-ൽ പ്രസ്താവിച്ചിരിക്കുന്ന തത്വം അനുസരിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു: “പ്രാധാന്യമേറിയ കാര്യങ്ങൾ തിട്ടപ്പെടുത്തുക.”
അതെ, എന്തെങ്കിലും അവഗണിക്കണമെങ്കിൽ, അത് താരതമ്യേന അപ്രധാനമായതായിരിക്കത്തക്കവണ്ണം ആദ്യം നിങ്ങളുടെ മുൻഗണനകൾ നിശ്ചയിക്കുക. ഒരാഴ്ചകൊണ്ടു നിർവ്വഹിക്കേണ്ട ജോലിയുടെ ഒരു ലിസ്റ്റുണ്ടാക്കാൻ ശ്രമിക്കുകയും അവയെ രണ്ടു വിഭാഗങ്ങളായി തിരിക്കുകയും ചെയ്യുക. (1) ഞാൻ ചെയ്യേണ്ടതും (2) ഞാൻ ചെയ്യാനാഗ്രഹിക്കുന്നതും.
ലൗകിക ജോലിയും ഷോപ്പിംഗും വീട്ടിലെ അറ്റകുറ്റപ്പണികളും കുടുംബത്തോടൊത്തു സമയം ചെലവഴിക്കലും ഒന്നാം വിഭാഗത്തിൽ പെടും. സത്യക്രിസ്ത്യാനിയെ സംബന്ധിച്ച്, സഭാമീറ്റിംഗുകൾക്കു ഹാജരാകുന്നതിനും തന്റെ വിശ്വാസം മറ്റുള്ളവർക്കു പങ്കുവെക്കുന്നതിനും ബൈബിൾ പഠനത്തിനും മുൻഗണന കൊടുക്കേണ്ടതാണ്.—മത്തായി 6:33.
ലിസ്റ്റ് വളരെ ബൃഹത്തെന്നു തോന്നുന്നുവെങ്കിൽ, ഒരുപക്ഷേ ചെയ്യേണ്ടതെന്നു കരുതിയ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ അത്യാവശ്യമുള്ളവയല്ലായിരിക്കാം. അല്ലെങ്കിൽ പ്രവർത്തനങ്ങളെ സംയോജിപ്പിക്കാൻ നിങ്ങൾക്കു ശ്രമിക്കാവുന്നതാണ്. ദൃഷ്ടാന്തമായി, നിങ്ങൾക്കു വീട്ടുജോലികൾ ഉണ്ടെങ്കിൽ അവയിൽ ചിലതു ചെയ്യാൻ നിങ്ങളുടെ കുട്ടികളെ എന്തുകൊണ്ടു പഠിപ്പിച്ചുകൂടാ? അതു കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള നിങ്ങളുടെ പ്രാപ്തി വർദ്ധിപ്പിക്കുമെന്നു മാത്രമല്ല, നിങ്ങളുടെ കുട്ടികളുമായി ആസ്വദിക്കാൻ വിലപ്പെട്ട നിമിഷങ്ങൾ നൽകുകയും ചെയ്യും.
എന്നാൽ നിങ്ങൾ “ചെയ്യാനാഗ്രഹിക്കുന്ന” കാര്യങ്ങളുടെ ലിസ്റ്റ് സംബന്ധിച്ചെന്ത്? സാദ്ധ്യതകൾ നിരവധിയാണ്. എന്നാൽ നിങ്ങൾക്കു കേവലം എല്ലാം ചെയ്യാൻ കഴികയില്ല. അതുകൊണ്ട് അങ്ങനെയുള്ള പ്രവർത്തനങ്ങളുടെ ചെലവു കണക്കുകൂട്ടുക. (ലൂക്കോസ് 14:28) അവ നിങ്ങളുടെ ജീവിതത്തോടു സമ്മർദ്ദം കൂട്ടുമോ? അതോ കുറയ്ക്കുമോ? അവ വീട്ടു ചെലവിന്റെ ഭാരം വർദ്ധിപ്പിക്കുമോ? അവ ചെയ്യേണ്ട കാര്യങ്ങൾക്കു പ്രതിബന്ധം സൃഷ്ടിക്കുമോ?
നിങ്ങൾക്കുതന്നെ അമിതമായ പട്ടിക ഉണ്ടാക്കുന്നതിന്റെ—നിങ്ങൾ ഭ്രാന്തമായി ഓടിനടക്കത്തക്കവണ്ണം ഒട്ടേറെ കാര്യങ്ങൾ തിരുകിക്കയറ്റുന്നതിന്റെ—കെണി ഒഴിവാക്കുക. നിങ്ങളുടെ ജോലികൾ പൂർത്തിയാക്കുന്നതിന് വേണ്ടത്ര സമയം വേർതിരിക്കുക. റിട്ടയർ ചെയ്ത ഒരു ബിൽഡിംഗ് കോണ്ട്രാക്ടർ ഒരു യുവാവിന് നല്ല ഒരു ഉപദേശം കൊടുത്തു, അയാൾ ആ യുവാവിനെ ഒരു ചായ കുടിക്കാൻ ക്ഷണിച്ചിരുന്നു. “എനിക്ക് 4.50 P.M.ന് ടൗണിൽ പോകണം” എന്നു പറഞ്ഞുകൊണ്ട് യുവാവ് ക്ഷണം നിരസിച്ചു.
“അത് എങ്ങനെയുള്ള വാക്കാണ്? കോണ്ട്രാക്ടർ ചോദിച്ചു. “പൂർണ്ണമണിക്കൂറുകൾക്ക് വാക്കുകൊടുക്കുക, അല്ലെങ്കിൽ നീ ഓടി ഓടി മരിച്ചേക്കാം” എന്ന് അയാൾ ഉപദേശിച്ചു.
നേരിടൽ പ്രയാസമായിരിക്കുന്നതിന്റെ കാരണം
ഈ നിർദ്ദേശങ്ങൾ സഹായകമെന്നു തെളിഞ്ഞേക്കാം. എന്നാൽ സമ്മർദ്ദവും തിടുക്കവും “ഇടപെടാൻ പ്രയാസമായ,” നാം ജീവിക്കുന്ന കാലങ്ങളുടെ ഇഷ്ടദാനമാണെന്നോർക്കുക. (2 തിമൊഥെയോസ് 3:1-5) ഇന്നത്തെ ലോകം വാസ്തവത്തിൽ തിടുക്കംകൂട്ടുന്ന ഒരു ലോകമാണ്. എന്നാൽ മനുഷ്യബന്ധങ്ങൾ വഷളാകുകയും ലോകപ്രശ്നങ്ങൾ പെരുകുകയും ചെയ്യുന്നുവെന്ന വസ്തുത ഈ തിടുക്കമെല്ലാം ആളുകളെ ഒരിടത്തും എത്തിക്കുന്നില്ലെന്ന് പ്രകടമാക്കുന്നു.
യഥാർത്ഥത്തിൽ, ലോകം സമയം കടം വാങ്ങിയാണ് ജീവിക്കുന്നത്. “ശേഷിച്ച സമയം കുറഞ്ഞിരിക്കുന്നു” വെന്ന് ബൈബിൾ മുന്നറിയിപ്പുനൽകുന്നു. (1 കൊരിന്ത്യർ 7:29) നാം ഇപ്പോൾ ജീവിക്കുന്ന ഈ കാലത്തിലേക്കുതന്നെ യേശുക്രിസ്തു വിരൽചൂണ്ടുകയും ഇപ്പോഴത്തെ ലോകാരിഷ്ടത അവന്റെ രാജ്യം സമീപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണെന്നു പറയുകയും ചെയ്തു. (ലൂക്കോസ് 21:10, 11, 28-31) അതുകൊണ്ട് പിശാചായ സാത്താൻ “തനിക്കു ചുരുങ്ങിയ കാലഘട്ടമാണുള്ളതെന്നറിഞ്ഞുകൊണ്ട് മഹാക്രോധം” പ്രകടമാക്കുന്നു. (വെളിപ്പാട് 12:12) അവന്റെ മുഴുലോക വ്യവസ്ഥിതിയും നാശത്തിലേക്കു പായുകയാണ്, ഇതിനെ തടയാനുള്ള അവന്റെ ശ്രമങ്ങളെല്ലാം വ്യർത്ഥമാണ്!
ലോകം നീങ്ങിക്കൊണ്ടിരിക്കുന്ന ദിശ സംബന്ധിച്ച് നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴികയില്ലെന്നുള്ളതു സത്യംതന്നെ. എന്നാൽ നിങ്ങളുടെ സ്വന്തം ജീവിതത്തിൽ സമാധാനത്തിനും ശാന്തതക്കും ഉറപ്പുവരുത്താൻ നിങ്ങൾക്ക് വളരെയധികം ചെയ്യാൻ കഴിയും. അല്ല, പ്രശാന്തത നൽകുന്ന ഔഷധങ്ങളല്ല പരിഹാരം; സമയവിനിയോഗ വിദ്യകളും എല്ലാവർക്കും പ്രാവർത്തികമാകുന്നില്ല; ബൈബിളിന്റെ പരിജ്ഞാനവും വിവേകവുമാണ് വളരെയേറെ സഹായകം. ബൈബിളിന്റെയോ?.
അതെ, എന്തുകൊണ്ടെന്നാൽ “പൂർണ്ണദൈവികഭക്തിയോടെ ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം” നയിക്കുന്നതിൽ തുടരുന്നത് അഭികാമ്യമാണെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. (1 തിമൊഥെയോസ് 2:2) അതു സാദ്ധ്യമാണോ? അതെ, എന്തുകൊണ്ടെന്നാൽ ഈ ദുർഘടമായ “അന്ത്യനാളുകളുടെ” സമ്മർദ്ദങ്ങൾക്ക് നിങ്ങൾ ഇപ്പോഴും വിധേയരാണെങ്കിലും ജീവിതത്തെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാടു വികസിപ്പിക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാൻ കഴിയും.
ദൃഷ്ടാന്തമായി നിങ്ങളുടെ ജോലിക്കാര്യം എടുക്കുക. നിങ്ങളുടെ ജീവിതം, ഭൗതികവസ്തുക്കൾക്കു പകരം “ദൈവികഭക്തിയിലും ഗൗരവത്തിലും” ചുറ്റിത്തിരിയുന്നുവെങ്കിൽ നിങ്ങൾക്ക് വഹിക്കാൻ കഴിയാത്ത വസ്തുക്കൾ കുന്നുകൂട്ടാൻ നിങ്ങൾ വലിയ തിടുക്കം കൂട്ടുകയില്ല. “പണസ്നേഹം ഹാനികരമായ സകലതരം കാര്യങ്ങളുടെയും മൂല”മാണെന്നറിയുമ്പോൾ നിങ്ങൾക്ക് “ആഹാരവും വസ്ത്രവും” കൊണ്ട് തൃപ്തിപ്പെടാൻ കഴിയും. (1 തിമൊഥെയോസ് 6:8, 10) നിങ്ങളുടെ ജോലിക്ക് നിങ്ങളുടെ ജീവിതത്തിൽ രണ്ടാം സ്ഥാനം മാത്രം ഉള്ളതുകൊണ്ട് ആവശ്യമായ വിശ്രമത്തിനും വിശ്രാന്തിക്കും നിങ്ങൾ സമയമുണ്ടാക്കുകപോലും ചെയ്യും. “ഒരു കൈ നിറയെ വിശ്രമം രണ്ടു കൈനിറയെ കഠിനാദ്ധ്വാനത്തെയും കാറ്റിനു പിന്നാലെയുള്ള ഓട്ടത്തെയുംകാൾ മെച്ചമാണ്.”—സഭാപ്രസംഗി 4:6.
ചിലർക്ക് തങ്ങളുടെ ലൗകിക ജോലി കുറയ്ക്കാൻ കഴിയുന്നു. ഒരു വലിയ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന ഒരു മനുഷ്യൻ ഇങ്ങനെ അനുസ്മരിക്കുന്നു: “23 വർഷത്തെ കഠിനാദ്ധ്വാനത്തിനുശേഷം എനിക്കു നല്ല ശമ്പളവും സൗജന്യ ആരോഗ്യരക്ഷയും നല്ല പെൻഷനും മറ്റും കിട്ടിയിരുന്നു. എന്നാൽ ഇതെല്ലാം കിട്ടുന്നതിന് നിങ്ങൾ നിങ്ങളുടെ ജോലിയിൽ കൂടുതൽ കൂടുതൽ സമയവും ഊർജ്ജവും ചെലവഴിക്കേണ്ടതുണ്ട്. ഒടുവിൽ നിങ്ങൾക്ക് സ്വന്തം കാര്യത്തിനു സമയം കിട്ടാതെ വരുന്നു. ജോലിയല്ലാതെ മറ്റെന്തെങ്കിലും നിങ്ങളുടെ മുമ്പാകെ വെക്കുന്ന ഏതു സമയത്തും ‘ഞാൻ ഖേദിക്കുന്നു. ഞാൻ വളരെ ജോലിത്തിരക്കിലാണ്’ എന്നാണ് നിങ്ങൾ പറയുക.” തന്നിമിത്തം ഈ മനുഷ്യൻ തന്റെ അന്തസ്സുള്ള ജോലി വിട്ടു. ഇത് കൂടുതൽ ലളിതമായ ഒരു ജീവിതരീതി ആവശ്യമാക്കിത്തീർത്തുവെന്നതു സത്യംതന്നെ. എന്നാൽ അത് അയാളുടെ കുടുംബത്തിനും ക്രിസ്തീയ പ്രവർത്തനങ്ങൾക്കുംവേണ്ടി കൂടുതൽ സമയം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
ഉചിതമായ മുൻഗണനകൾ വെക്കുക
നാം ജീവിക്കുന്ന നിർണ്ണായക കാലങ്ങളുടെ വീക്ഷണത്തിൽ ഒരു സത്യക്രിസ്ത്യാനിക്ക് ആത്മീയ കാര്യങ്ങൾ സംബന്ധിച്ച് ഒരു അശ്രദ്ധ മനോഭാവം കൈക്കൊള്ളാൻ സാദ്ധ്യമല്ല. സഖായിയുടെ കാര്യം പരിചിന്തിക്കുക, ബൈബിൾ അയാളെ വിളിക്കുന്നത് ധനികനായ ഒരു നികുതി പിരിവുകാരൻ എന്നാണ്. യേശുവിനെക്കുറിച്ച് കൂടുതൽ അറിയാനാഗ്രഹിച്ചുകൊണ്ട്, അയാൾ ഒരിക്കൽ, യേശു പട്ടണത്തിൽ കൂടെ കടന്നുപോയപ്പോൾ അവനെ മെച്ചമായി കാണാൻ ഒരു മരത്തിൽ കയറി. വിവരണം ഇങ്ങനെ വായിക്കപ്പെടുന്നു: “ഇപ്പോൾ യേശു ആ സ്ഥലത്തെത്തിയപ്പോൾ അവൻ മേല്പ്പോട്ടു നോക്കി അവനോട്: ‘സഖായിയേ, ബദ്ധപ്പെട്ട് ഇറങ്ങുക, എന്തെന്നാൽ ഇന്ന് ഞാൻ നിന്റെ വീട്ടിൽ താമസിക്കേണ്ടതാണ്’ എന്നു പറഞ്ഞു. അതോടെ അവൻ ബദ്ധപ്പെട്ട് ഇറങ്ങുകയും സസന്തോഷം അവനെ അതിഥിയായി സ്വീകരിക്കുകയും ചെയ്തു.”—ലൂക്കോസ് 18:2-6.
യേശുവിനെ സൽക്കരിക്കുകയും അവനുമായി ആത്മീയ കാര്യങ്ങൾ ചർച്ചചെയ്യുകയും ചെയ്തതുകൊണ്ട് സഖായിക്കു ലഭിച്ച പ്രയോജനങ്ങൾ സങ്കൽപ്പിക്കുക! സഖായിയുടെ മുൻഗണനകൾ ക്രമത്തിലാക്കുന്നതിന് യേശു അവനെ സഹായിച്ചു, തന്നിമിത്തം സഖായി ഭൗതികവസ്തുക്കൾ സമ്പാദിക്കുന്നതിന് ഊന്നൽ കൊടുക്കുന്നതു നിർത്തി. “നോക്കൂ! കർത്താവേ, എന്റെ സ്വത്തുക്കളിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുകയാണ്, ഞാൻ വ്യാജ കുറ്റാരോപണത്തിലൂടെ ആരിൽനിന്നെങ്കിലും പിടിച്ചുപറിച്ചത് ഞാൻ നാലുമടങ്ങ് തിരികെ കൊടുക്കുകയാണ്” എന്ന് അവൻ യേശുവിനോടു പറഞ്ഞു—ലൂക്കോസ് 19:8.
ഇന്ന് സത്യക്രിസ്ത്യാനികൾ അതുപോലെ ആത്മീയ കാര്യങ്ങൾ ചർച്ചചെയ്യാനുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്താൻ ആകാംക്ഷയുള്ളവരാണ്. ഭൗതികവസ്തുക്കൾ സമ്പാദിക്കുന്നത് അവർക്ക് മേലാൽ മുഖ്യ മുൻഗണന ആയിരിക്കുന്നില്ല. പകരം, ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് പഠിക്കാൻ തങ്ങളെ സഹായിക്കുന്ന ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ ലഭിക്കുമ്പോൾ അവ വായിക്കുന്നത് ഒരു മുൻഗണനയായിത്തീരുന്നു. സഹക്രിസ്ത്യാനികളുടെ യോഗങ്ങൾ ഉള്ളപ്പോൾ അവർ പ്രബോധനത്തിന്റെയും പരിപുഷ്ഠിപ്പെടുത്തുന്ന സഹവാസത്തിന്റെയും ഒരൊറ്റ മിനിറ്റുപോലും നഷ്ടപ്പെടുത്താതിരിക്കാൻ കഠിനശ്രമം ചെയ്യുന്നു.
നമുക്കുള്ള മറ്റൊരു നല്ല ദൃഷ്ടാന്തം ലോത്തിന്റേതാണ്. സോദോമും ഗോമോറയും നശിപ്പിക്കപ്പെടാനിരിക്കുകയാണെന്ന് ദൈവദൂതൻ അവനു മുന്നറിയിപ്പുകൊടുത്തിരുന്നു. മറ്റുള്ളവരിൽ സ്നേഹപുരസ്സരമായ താത്പര്യം പ്രകടമാക്കിക്കൊണ്ട് ലോത്ത് “തന്റെ പുത്രിമാരെ സ്വീകരിക്കാനിരുന്ന തന്റെ മരുമക്കളോട് സംസാരിക്കുവാൻ തുടങ്ങുകയും ‘എഴുന്നേൽക്കുക! ഈ സ്ഥലത്തുനിന്നു പുറത്തുപോകുക, എന്തുകൊണ്ടെന്നാൽ യഹോവ നഗരത്തെ നശിപ്പിക്കുകയാകുന്നു” എന്നു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു.” എന്നാൽ ലോത്തുതന്നെ “തങ്ങിനിൽക്കുകയായിരുന്നു,” അത് “നീ അവിടെ ചെല്ലുന്നതുവരെ എനിക്കു യാതൊന്നും ചെയ്യാൻ കഴികയില്ലാത്തതുകൊണ്ട് ബദ്ധപ്പെടുക, അവിടേക്ക് രക്ഷപ്പെടുക” എന്നു പറഞ്ഞുകൊണ്ട് ദൈവത്തിന്റെ സുരക്ഷിതസ്ഥലത്തേക്ക് താമസംവിനാ രക്ഷപ്പെടാൻ അവനെ പ്രോത്സാഹിപ്പിക്കുന്നതിന് ദൈവദൂതനെ പ്രേരിപ്പിച്ചു.—ഉല്പത്തി 19:14, 16, 22.
ഇന്നത്തെ ലോകം ആഗോള സോദോമിന്റെയും ഗോമോറയുടെയും മാനങ്ങൾ കൈവരിച്ചിരിക്കുകയാണ്, അതുപോലെ നാശത്തെ അഭിമുഖീകരിക്കുകയുമാണ്. അതുകൊണ്ടാണ് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുള്ള ഈ വരാനിരിക്കുന്ന നാശത്തെക്കുറിച്ച് മറ്റുള്ളവർക്കു മുന്നറിയിപ്പു കൊടുക്കുന്നതിന് യഹോവയുടെ സാക്ഷികളുടെ ജീവിതത്തിൽ മുൻഗണനയുള്ളത് ഈ മുന്നറിയിപ്പിനെക്കുറിച്ചുള്ള പരിശോധനക്ക് നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ മുൻഗണന കൊടുക്കുമോ?
വ്യർത്ഥമായ വ്യാപാരങ്ങളിലെ തിടുക്കം കൂട്ടൽ തീർച്ചയായും നിങ്ങൾക്ക് തലവേദനയും ഞരമ്പു വൈകല്യവും മാത്രമേ കൈവരുത്തുകയുള്ളു. ദൈവത്തെയും ജീവിതം മേലാൽ ഭ്രാന്തമായ തിരക്കുകൂട്ടലായിരിക്കാത്ത ഒരു പുതിയ വ്യവസ്ഥിതി ആനയിക്കാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെയും കുറിച്ച് പഠിക്കുന്നത് വളരെയേറെ മെച്ചമായിരിക്കും!—2 പത്രോസ് 3:13; യെശയ്യാവ് 65:17, 21-25; സങ്കീർത്തനം 37:10, 11.
ഇതിനിടയിൽ, ഭ്രാന്തമായിട്ടല്ല, ഉല്പാദനക്ഷമമായി തിരക്കുള്ളവരായിരിക്കാൻ പഠിക്കുക. ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു പഠിക്കുന്ന സംഗതിയിൽ താമസം വരുത്തരുത്! അത് നിങ്ങളുടെ പ്രഥമ മുൻഗണന അർഹിക്കട്ടെ! (g87 2/22)
[8-ാം പേജിലെ ചതുരം]
അനുചിതമായ ധൃതഗതിക്കെതിരായ ജ്ഞാനപൂർവ്വകമായ മുന്നറിയിപ്പുകൾ!
“ധനം സമ്പാദിക്കാൻ ബദ്ധപ്പെടുന്നവൻ നിർദ്ദോഷിയായി സ്ഥിതിചെയ്യുകയില്ല.”—സദൃശവാക്യങ്ങൾ 28:20.
“ഉത്സാഹിയുടെ പദ്ധതികൾ തീർച്ചയായും നേട്ടമുണ്ടാക്കുന്നു, എന്നാൽ ധൃതഗതിക്കാരനായ ഏവനും തീർച്ചയായും ദാരിദ്ര്യത്തിലേക്കു നീങ്ങുന്നു.”—സദൃശവാക്യങ്ങൾ 21:5.
“വാക്കിൽ ധൃതഗതിക്കാരനായ മനുഷ്യനെ നീ കണ്ടിട്ടുണ്ടോ? അവനെക്കാൾ പ്രത്യാശ മൂഢനായ ഒരുവനെക്കുറിച്ചുണ്ട്.”—സദൃശവാക്യങ്ങൾ 29:20.
“നിന്റെ വായുടെ കാര്യത്തിൽ ധൃതികൂട്ടരുത്; നിന്റെ ഹൃദയത്തെ സംബന്ധിച്ചാണെങ്കിൽ, സത്യദൈവത്തിന്റെ മുമ്പാകെ ഒരു വാക്ക് ഉച്ചരിക്കാൻ അത് ധൃതികൂട്ടാതിരിക്കട്ടെ.”—സഭാപ്രസംഗി 5:2.
[7-ാം പേജിലെ ചിത്രം]
ജീവിതത്തിൽ ഉചിതമായ മുൻഗണനകൾ വെക്കാൻ യേശു സഖായിയെ സഹായിച്ചു
[9-ാം പേജിലെ ചിത്രം]
സമയത്തിന്റെ മോശപ്പെട്ട പട്ടികപ്പെടുത്തലും ഒരുവന്റെ പട്ടികയിൽ ഒട്ടേറെ കാര്യങ്ങൾ ഉൾപ്പെടുത്തുന്നതുമാണ് മിക്കപ്പോഴും ധൃതഗതിക്കു കാരണം