ഗർഭച്ഛിദ്രവും—“ജീവന്റെ ഉറവും”
ആധുനിക സാങ്കേതികശാസ്ത്രത്തിന്റെ സഹായത്താൽ ഡോക്ടർമാർക്ക് ഇന്ന് ഒരു ഗർഭസ്ഥശിശുവിന്റെ ലിംഗം അനായാസം തിട്ടപ്പെടുത്താൻ കഴിയും. എന്നാൽ അതിന്റെ സ്വഭാവത്തെ ആർക്ക് തിട്ടപ്പെടുത്താൻ കഴിയും? ജീവനുള്ള ഒരു മനുഷ്യദേഹിയെന്ന നിലയിലുള്ള അതിന്റെ പ്രാപ്തി ആർക്കു കാണാൻ കഴിയും? (ഉല്പത്തി 2:7) “ജീവന്റെ ഉറവ്” യഹോവയാം ദൈവമാകയാൽ അവനു മാത്രമേ കഴിയൂ. (സങ്കീർത്തനം 36:9) ചുവടെ ചേർക്കുന്ന തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
ഗോത്രസമുദായത്തിലെ ദായക്രമങ്ങൾ ആദ്യജാതന്റെ പ്രാമുഖ്യതയോടു ബന്ധപ്പെട്ടിരുന്നു. എന്നിരുന്നാലും, യിസഹാക്കിന്റെ ഭാര്യയായിരുന്ന റിബേക്കാ ഇരട്ടകളെ ഗർഭം ധരിച്ചപ്പോൾ “മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് ദൈവം അവളോടു പറഞ്ഞു. അവരുടെ രണ്ട് ആൺകുട്ടികളായിരുന്ന യാക്കോബിന്റെയും ഏശാവിന്റെയും ജീവിതം അവരുടെ ജനനത്തിനും ദീർഘനാൾ മുമ്പേ അവരുടെ വ്യക്തിത്വങ്ങൾ സംബന്ധിച്ച് യഹോവയ്ക്കുണ്ടായിരുന്ന ഗ്രാഹ്യത്തിന് സാക്ഷ്യം വഹിച്ചു.—ഉല്പത്തി 25:22, 23.
നൂറ്റാണ്ടുകൾക്കുശേഷം, പുരോഹിതനായിരുന്ന സെഖര്യാവിന്റെ ഭാര്യ ഒരു പുത്രനെ പ്രസവിക്കുമെന്നും അവന് യോഹന്നാൻ എന്നു പേരിടണമെന്നും ഒരു ദൂതൻ സെഖര്യാവിനോടു പറഞ്ഞു. പിന്നീട് യോഹന്നാൻ സ്നാപകൻ എന്നറിയപ്പെട്ട ഈ പുത്രന്റെ പദവിയായിരുന്നു മശിഹായായ യേശുവിന്റെ വഴിയൊരുക്കുന്നത്. ദൈവം നന്നായി അറിഞ്ഞിരുന്നതുപോലെ, ഈ നിയോഗത്തിന് മനസ്സിന്റെ താഴ്മ ഒരു കർശനമായ വ്യവസ്ഥയായിരുന്നു.—ലൂക്കോസ് 1:8-17.
ഗർഭസ്ഥ മനുഷ്യശിശു
ദാവീദു രാജാവു ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “നീ [യഹോവ] എന്റെ അമ്മയുടെ ഉദരത്തിൽ എന്നെ മറെച്ചു സൂക്ഷിച്ചു. . . . നിന്റെ കണ്ണുകൾ എന്റെ ഭ്രൂണത്തെപ്പോലും കണ്ടു, നിന്റെ പുസ്തകത്തിൽ അതിന്റെ സകല ഭാഗങ്ങളും എഴുതപ്പെട്ടിരുന്നു.” അത് നമ്മിൽ ഏതൊരാളുടെ കാര്യത്തിലും സത്യമാണ്.—സങ്കീർത്തനം 139:13-16.
ഓരോ മാനുഷഗർഭധാരണവും “ജീവന്റെ ഉറവാ”യ യഹോവയാം ദൈവത്തിന് വിലപ്പെട്ടതാണ്. എത്ര വിലപ്പെട്ടതാണെന്ന് മോശൈകന്യായപ്രമാണം പുറപ്പാട് 21:22, 23-ൽ വ്യക്തമാക്കുന്നു: “പുരുഷൻമാർ അന്യോന്യം വഴക്കടിച്ച് അവർ യഥാർത്ഥത്തിൽ ഒരു ഗർഭിണിയെ ഉപദ്രവിക്കുന്നപക്ഷം . . . , ഒരു മാരകമായ അപകടം സംഭവിക്കുന്നുവെങ്കിൽ, അപ്പോൾ നിങ്ങൾ ജീവനുപകരം ജീവൻ കൊടുക്കണം.”
ഈ നിയമത്തിൽ, മാതാവിനു സംഭവിക്കുന്നതാണ് നിർണ്ണായക സംഗതി, ഗർഭസ്ഥശിശുവിനു സംഭവിക്കുന്നതല്ല എന്ന് ചില ബൈബിൾ ഭാഷാന്തരങ്ങൾ തോന്നിപ്പിക്കുന്നു. എന്നുവരികിലും, മൂല എബ്രായ പാഠം അമ്മക്കോ കുട്ടിക്കോ ഉള്ള മാരകമായ അപകടത്തെ പരാമർശിക്കുന്നു.
ആദിമ ക്രിസ്തീയ ചിന്ത
യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാരുടെ ഒന്നാം നൂറ്റാണ്ടിലെ മരണത്തെ തുടർന്ന് അനേകർ അവരുടെ ഉപദേശങ്ങളെ വ്യാഖ്യാനിച്ചു. ഈ എഴുത്തുകാർ ബൈബിളെഴുത്തുകാരെപ്പോലെ നിശ്വസ്തരല്ലായിരുന്നു, എന്നാൽ അവരുടെ അഭിപ്രായങ്ങൾ കൗതുകകരമാണ്, എന്തുകൊണ്ടെന്നാൽ ഈ നിർണ്ണായക സംഗതി സംബന്ധിച്ച് അവരുടെ കാലത്തെ മത ചിന്തയെ അവ പ്രതിബിംബിപ്പിക്കുന്നു. ചില ഉദ്ധരണികൾ ഇവിടെ കൊടുക്കുന്നു.
ബർന്നബാസിന്റെ ലേഖനം, അദ്ധ്യായം 19:5 (ഏകദേശം 100-132 ക്രി. വ.)
“ഗർഭച്ഛിദ്രം നടത്തി നിങ്ങൾ ശിശുവിനെ നിഗ്രഹിക്കരുത്; വീണ്ടും, അതു ജനിച്ചശേഷം നിങ്ങൾ അതിനെ നശിപ്പിക്കരുത്.”
പന്ത്രണ്ടപ്പോസ്തലൻമാരുടെ ഉപദേശം (ഏകദേശം 150 ക്രി. വ.)
“ഇത് ജീവന്റെ മാർഗ്ഗമാണ്: . . . നിങ്ങൾ ഗർഭസ്ഥശിശുവിനെ കൊല്ലരുത്, അല്ലെങ്കിൽ ഒരു നവജാത ശിശുവിനെ കൊലചെയ്യരുത്.”
തെർത്തുല്യൻ: ക്ഷമാപണം, അദ്ധ്യായം 9:8 (ഏകദേശം 197 ക്രി. വ.)
“ഞങ്ങളെ സംബന്ധിച്ച് കൊലപാതകം എന്നേക്കുമായി വിലക്കപ്പെട്ടിരിക്കുകയാണ്. ഒരു മനുഷ്യജീവിയെ രൂപപ്പെടുത്തുന്നതിന് രക്തം വലിച്ചെടുക്കുന്നടത്തോളം കാലം ഗർഭസ്ഥശിശുവിനെപോലും നശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കപ്പെടുന്നില്ല. ഒരു ശിശുവിന്റെ ജനനത്തെ തടയുന്നത് പ്രതീക്ഷിത കൊലപാതകമാണ്. ജനിച്ചുകഴിഞ്ഞ ഒരു ജീവനെ നശിപ്പിക്കുന്നതും അതിന്റെ ജനനത്തെ തടയുന്നതും തമ്മിൽ വ്യത്യാസമില്ല. ഒരു മനുഷ്യനാകാനുള്ളവൻ ഇപ്പോൾത്തന്നെ ഒരു മനുഷ്യനാണ്.”
ബേസിൽ: ആംഫിലോക്യസിനുള്ള ലേഖനം (347 ക്രി. വ.)
“കരുതിക്കൂട്ടി ഒരു ഗർഭസ്ഥശിശുവിനെ നശിപ്പിച്ചിരിക്കുന്നവൾ കൊലപാതകത്തിനുള്ള ശിക്ഷ അനുഭവിക്കേണ്ടതുണ്ട്. ഗർഭസ്ഥശിശു രൂപപ്പെട്ടിരുന്നുവോ ഇല്ലയോ എന്ന തലനാരിഴയുടെ ഏതെങ്കിലും വ്യത്യാസം നമുക്ക് സമ്മതിക്കാവുന്നതല്ല.”
ക്രിസ്തീയ വീക്ഷണം
മാനുഷിക അപൂർണ്ണത നിമിത്തമോ ഒരു അപകടം നിമിത്തമോ ഏതു സമയത്തും സ്വതേ ഒരു ഗർഭച്ഛിദ്രമോ അലസലോ നടന്നേക്കാം. എന്നിരുന്നാലും, ആഗ്രഹിക്കാത്ത ഒരു കുട്ടിയുടെ ജനനത്തെ തടയാൻ മാത്രം കരുതിക്കൂട്ടി പ്രേരിപ്പിക്കുന്ന ഗർഭച്ഛിദ്രം ഒരു വ്യത്യസ്ത സംഗതിയാണ്. നാം കണ്ടുകഴിഞ്ഞതുപോലെ തിരുവെഴുത്തുകളനുസരിച്ച്, അത് കരുതിക്കൂട്ടി മനുഷ്യന് ജീവഹാനി വരുത്തുന്നതാണ്.
“ഭൂമിയെയും അതിലെ ഉല്പന്നത്തെയും പരത്തുന്നവൻ, അതിലെ ജനത്തിന് ശ്വാസവും അതിൽ നടക്കുന്നവർക്ക് ആത്മാവും കൊടുക്കുന്നവൻ” ആരാണ്? അതു മനുഷ്യനല്ല, പിന്നെയോ സകല ജീവന്റെയും ഉറവായ യഹോവയാം ദൈവമാണ്. (യെശയ്യാവ് 42:5) നമ്മുടെ സന്താനങ്ങൾക്ക് ജീവൻ പകരാനുള്ള നമ്മുടെ ദൈവദത്ത പ്രാപ്തി ഒരു വിലയേറിയ പദവിയാണ്. അതിന്, എല്ലാ കാര്യങ്ങളിലുമെന്നപോലെ, “നമ്മിൽ ഓരോരുത്തരും തനിക്കുവേണ്ടി ദൈവത്തോടു കണക്കു ബോധിപ്പിക്കും.”—റോമർ 14:12. (g87 4/8)
[14-ാം പേജിലെ ചതുരം]
ഒരു സന്തുഷ്ട ഗർഭധാരണം
ഉണരുക!യുടെ കൂട്ടുമാസികയായ വീക്ഷാഗോപുരം 1973-ൽ ഗർഭച്ഛിദ്രം സംബന്ധിച്ച ബൈബിൾ വീക്ഷണം ചർച്ച ചെയ്യുന്ന ഒരു ഹ്രസ്വ ലേഖനം പ്രസിദ്ധപ്പെടുത്തി. രണ്ടു യുവവിദ്യാർത്ഥികൾ അതു വായിച്ചു. യുവതി ഗർഭിണിയായിരുന്നു. അവളും പിതാവും ഒരു ഗർഭച്ഛിദ്രം നടത്തുന്നതിൽ യോജിപ്പു പ്രകടിപ്പിച്ചു. എന്നാൽ ആ ലേഖനം അവരെ ചിന്തിപ്പിച്ചു. തത്ഫലമായി, കുട്ടിയെ പ്രസവിക്കാൻ അവർ തീരുമാനിച്ചു.
അടുത്ത കാലത്ത് യഹോവയുടെ സാക്ഷികൾ വീണ്ടും ആ മനുഷ്യനെ സമീപിച്ചു. അയാൾ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ബൈബിൾ സാഹിത്യത്തോട് എനിക്ക് അത്യധികമായ ആദരവുണ്ട്. ആ ഞെട്ടിക്കുന്ന ലേഖനം നിമിത്തമാണ് ഞാനും ഭാര്യയും ഇന്ന് ഒരു പ്രിയങ്കരിയായ 13 വയസ്സുകാരിയുടെ അഭിമാനമുള്ള മാതാപിതാക്കളായിരിക്കുന്നത്!”
അവർ തിരുവചനാനുസൃതഗതി സ്വീകരിച്ചത് തീർച്ചയായും അവർക്ക് പ്രതിഫലദായകമായിരുന്നു.
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
H. Armstrong Roberts