ബദാം—ഒരു പരിപ്പിൻ പഴം
കുന്നിൻ തുഞ്ചത്തെ സൗകര്യമുള്ള ഒരു സ്ഥാനത്തുനിന്ന് ഞാൻ നോക്കുമ്പോൾ കീഴെ ഹരിതനീലത്താഴ്വരയിൽ കൊച്ചുകൊച്ച് വെള്ളദ്വീപുകൾ ചിതറിക്കിടക്കുന്നതു കാണുന്നു. വെള്ളപോപ്കോണിന്റെ ഉരുളകൾ നിറഞ്ഞ വയൽപോലെ അകലെനിന്ന് തോന്നിക്കുന്ന ആ കാഴ്ച കുറെക്കൂടി അടുത്തുചെന്ന് നോക്കിയാൽ, വാസ്തവത്തിൽ, ഒറ്റയൊറ്റയായി നിൽക്കുന്ന ആയിരക്കണക്കിന് വൃക്ഷങ്ങളാണെന്ന് കാണാം. അവയോരോന്നും, ചുവന്നു തരളമായ ഉൾക്കാമ്പോട് കൂടിയ മനംമയക്കുന്ന പരിമളംകൊണ്ട് അന്തരീക്ഷത്തെ നിറക്കുന്ന വെളുത്ത പൂക്കളണിഞ്ഞു നിൽക്കുന്നു. എന്റെ ബോധേന്ദ്രിയങ്ങളെ പുളകംകൊള്ളിക്കുന്ന ഈ മനോഹരദൃശ്യം വസന്തകാലാരംഭത്തിൽ പൂത്തുലഞ്ഞുനിൽക്കുന്ന ഒരു ബദാം തോട്ടത്തിന്റെ മാതൃകാചിത്രമാണ്.
കാലിഫോർണിയയിലെ ചെറിയ പട്ടണങ്ങളിലൊന്നിലെ ബദാം വൃക്ഷത്തോപ്പിൽ ഞാൻ വളർന്നുപോന്നതുകൊണ്ട് ഈ മനോജ്ഞമായ ദൃശ്യം കുട്ടിക്കാലം മുതൽക്കേ ഞാൻ ആസ്വദിച്ചു പോന്നിരുന്നു. ഈ സ്വാദിഷ്ടപഴം വളർത്തി അതിന്റെ വിളവെടുത്തുകൊണ്ടാണ് ഞങ്ങളുടെ കുടുംബം അഹോവൃത്തി തേടിയിരുന്നത്.
“പഴമോ?” എന്ന് നിങ്ങൾ ചോദിച്ചേക്കാം, “ബദാം ഒരു പരിപ്പല്ലേ?” കൊള്ളാം, അതെ എന്നും അല്ല എന്നും പറയാം. പൊതുവേ ഒരു പരിപ്പെന്ന് കണക്കാക്കുന്നുവെങ്കിലും, ബദാം വിചിത്രമാംവിധം ഒരു പഴമാണ്. മറ്റ് കല്ലൻ പഴങ്ങളുടെ മൂല കുടുംബമായ റോസ് കുടുംബത്തിന്റെ ഭാഗമാണ് ഇതും. കല്ലൻ പഴങ്ങളിൽ പീച്ചുകൾ, ആപ്രിക്കോട്ടുകൾ, പ്ലം എന്നിവയും ഉൾപ്പെടുന്നു. അടുത്ത പ്രാവശ്യം ഒരു പീച്ചു കായ് നിങ്ങളുടെ കൈയ്യിൽ കിട്ടുമ്പോൾ ആകൃതിയിലും വലിപ്പത്തിലും ഒരു ബദാം കായോട് എത്ര സാമ്യം ആണുള്ളതെന്ന് നോക്കുക. രണ്ടും പൊളിച്ചുനോക്കിയാൽ രണ്ടിന്റെ ഉൾക്കാമ്പും ഒരുപോലെ എന്നു കാണാം. പക്ഷേ, ബദാംപരിപ്പു മാത്രമേ ഭക്ഷ്യയോഗ്യമായിട്ടുള്ളു. പീച്ചുപോലുള്ള കായ്കളുടെ പരിപ്പ് തിന്നാൽ അസുഖം പിടിപെടും.
ബദാം ചരിത്രത്തിൽ
ബദാമിന്റെ ചരിത്രവേരുകൾ, ഏഷ്യാമൈനർ, മദ്ധ്യധരണിപ്രദേശം എന്നിവിടങ്ങളിലേക്ക് കടന്നു ചെല്ലുന്നു. യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ നാളിന് ദീർഘകാലം മുമ്പേ മദ്ധ്യപൂർവ്വദേശക്കാർ അവരുടെ നിത്യാഹാരത്തിന്റെ ഒരു നിരന്തരഭാഗമായി ബദാം ഉപയോഗിച്ചുപോന്നു, അതിന് നല്ല കാരണം ഉണ്ടായിരുന്നുതാനും.
ഒരു കൈക്കുമ്പിൾ നിറയെ ബദാം സ്വാദുള്ള ഒരു ലഘുഭക്ഷണം മാത്രമല്ല അത് ഏറിയ പോഷകഗുണമുള്ള ഭക്ഷണം കൂടിയാണ്. ബദാമിൽ പ്രധാന പോഷകങ്ങളും അത്യാവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. മദ്ധ്യപൂർവ്വദേശക്കാരുടെ നിത്യാഹാരത്തിന്റെ നിരന്തര ഘടകമെന്നനിലയിൽ അതിന് ഉയർന്ന മൂല്യം കൽപ്പിച്ചതിന്റെയും ഇസ്ലാം അതിന്റെ അതിർത്തികൾ മദ്ധ്യയുഗങ്ങളിൽ വിസ്തൃതമാക്കിയപ്പോൾ ബദാംകൃഷി വിപുലമാക്കിയതിന്റെയും കാരണം ഇതാണ്.
മുസ്ലീം കൃഷി ഇനങ്ങൾ സ്പെയിനിൽ പച്ചപിടിക്കുകയും തുടർന്ന് കാലിഫോർണിയായിലെത്തിയ സ്പാനിഷ് പര്യവേഷക സംഘത്തിന്റെ കോളനി വെട്ടിപ്പിടുത്തം മുഖേന നവലോക (അമേരിക്കൻ വൻകര) ത്ത് അത് തഴച്ചുവളരുകയും ചെയ്തു. ഇന്ന്, 200 വർഷങ്ങൾക്കുശേഷം ബദാം ആണ് കാലിഫോർണിയായിലെ ഏറ്റവും വലിയ വൃക്ഷവിള, ആ സംസ്ഥാനംതന്നെ ലോകത്തിലെ പ്രമുഖ ബദാം ഉത്പാദകരുടെ ശ്രേണിയിലൊന്നാണ്.
പുകച്ചട്ടികളുടെ ഉപയോഗം
പുഷ്പധാരണ കാലത്ത് ബദാം പൂക്കളുടെ ഇളം മുകുളങ്ങൾ അധികനേരം ഉറയുന്ന തണുപ്പിൽ തുറന്നിരുന്നാൽ അവക്ക് ക്ഷതമേൽക്കും. മുൻകാലങ്ങളിൽ ഇത് തടയുന്നതിനുവേണ്ടി മഞ്ഞിൽ നിന്നു സംരക്ഷണം നൽകുന്ന പുകച്ചട്ടികൾ ഉപയോഗിച്ചിരുന്നു. എണ്ണകൊണ്ട് കത്തുന്ന ഈ ചട്ടികൾ ബദാം വൃക്ഷനിരകൾക്കരികിലായി ക്രമായ അകലത്തിൽ വച്ചിരുന്നു. അവ പുറപ്പെടുവിച്ച ഇരുണ്ടു കറുത്ത പുകയിൽനിന്ന് ബദാമിന്റെ ചെറുമുകുളങ്ങൾ ആശ്വസിച്ചിരുന്നുവെങ്കിലും പ്രദേശവാസികൾക്ക് അത് അസ്വസ്ഥതയ്ക്കിടയാക്കി!
വൃത്തിയായി ഉറങ്ങാൻ കിടന്നിട്ട് പ്രഭാതത്തിൽ എഴുന്നേൽക്കുമ്പോൾ മുഖമാകെ പുകപടലം പൊതിഞ്ഞിരിക്കുന്നതും അത് മൂക്കിനുള്ളിലും നഖങ്ങൾക്കിടയിലും കടന്നുകൂടിയിരിക്കുന്നതും കണ്ടാൽ എങ്ങനെയിരിക്കും എന്നൊന്ന് ഊഹിച്ചുനോക്കൂ! മഞ്ഞിനെതിരെ പുകച്ചട്ടിയുദ്ധത്തിലായിരിക്കുന്ന ദിനങ്ങളിൽ ജനലുകളും വാതിലുകളും എത്ര അടച്ചിട്ടാലും എത്രയേറെ സോപ്പും വെള്ളവും ഉപയോഗിച്ചാലും വൃത്തി കാക്കുക നന്നേ പ്രയാസമാണ്.
ഭാഗ്യവശാൽ, പക്ഷേ, കാര്യങ്ങൾക്ക് മാറ്റംവന്നിരിക്കുന്നു. ചില തോപ്പുകളിൽ പുകച്ചട്ടികളുപയോഗിക്കുന്നുണ്ടെങ്കിലും ബദാം കൃഷിയിടത്ത് വസിക്കുന്ന ജനസമൂഹത്തിന് ആശ്വാസം പകരുമാറ് മറ്റു സംമ്പ്രദായങ്ങൾ വിജയപൂർവ്വം ഉപയോഗിച്ചുവരുന്നു.
പൊഴിയുന്ന ബദാമിന്റെ പടപടപ്പ്
വർഷങ്ങൾകൊണ്ട് ബദാമിന്റെ വിളവെടുക്കുന്ന രീതിയും മാറിയിട്ടുണ്ട്. കൂലിക്കാർ റബ്ബർകൊണ്ടുള്ള നീണ്ട കൊട്ടുവടികളുമായി വൃക്ഷങ്ങൾക്കുമേൽ കയറി ശിഖരങ്ങളിലടിക്കുമ്പോൾ പടപടപ്പോടെ ബദാം കായ്കൾ താഴെ വിരിച്ചിട്ടിരിക്കുന്ന ക്യാൻവാസ്സ് ഷീറ്റുകളിലേക്ക് വീഴുന്നു. ആ ഷീറ്റുകൾ തുടർന്ന് ട്രാക്ടറോ കുതിരയെയോ കൊണ്ട് അടുത്ത വൃക്ഷത്തിൻ കീഴേക്ക് വലിച്ചുകൊണ്ടിടുന്നു. ഷീറ്റുകൾ വലിക്കാനാകാത്തവിധം ഭാരിച്ചതാണെങ്കിൽ ബദാം കായ്കൾ കട്ടിച്ചാക്കുകളിൽ വാരിക്കൂട്ടി തോട് പൊളിക്കുന്ന സംസ്ക്കരണശാലയിലേക്ക് മാറ്റുന്നു.
ഇന്ന്, ഇതിന് പകരം, വൃക്ഷം കുലുക്കി ബദാം ശേഖരിക്കുന്നതിനും അഴുക്കും തോടും മറ്റും പരിപ്പിൽനിന്ന് വേർതിരിക്കുന്നതിനും യന്ത്രങ്ങളാണ് ഉപയോഗിക്കപ്പെടുന്നത്. കാറ്റ് പമ്പു ചെയ്തുകൊണ്ട് ബദാം പഴത്തിൽനിന്ന് മാലിന്യങ്ങൾ വേർതിരിക്കാൻ ഉപകരിക്കുന്ന ഒരു യന്ത്രത്തിന്റെ പ്രാരംഭ ഡിസൈനർമാരിൽ ഒരാളായിരുന്നു എന്റെ പിതാവ്.
അനന്തരം ബദാം അക്ഷരാർത്ഥത്തിൽ സംസ്ക്കരണ പ്ലാൻറുകളിലൂടെ പ്രവഹിക്കുന്നു. അവയെ അവിടെവച്ച് പൊളിക്കുകയും, ശുദ്ധീകരിക്കയും തരംതിരിക്കുകയും ഒരു ഇലക്ട്രോണിക് നേത്രത്തിന്റെ സഹായത്തോടെ അവസാന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു.
ചില ബദാം പരിപ്പുകൾക്ക് ഇനി സംഭവിക്കുന്നത് കൊതിയും കൗതുകവുമുണർത്തും. ശുദ്ധമായ ബദാം പരിപ്പ് പെട്ടെന്ന് വെളുത്തുള്ളി, ചുവന്നുള്ളി, ഹിക്കറി എന്നിവകൊണ്ട് രുചിവരുത്തിയതോ, പഞ്ചസാരയോ ഉപ്പോ ചേർത്ത് വറുത്തതോ അല്ലെങ്കിൽ ചാലിച്ച് ബദാം ബട്ടർ രൂപത്തിലാക്കിയതോ ആയി മാറുന്നത് ഒന്നാലോചിക്കു—നമ്മുടെ സ്വാദ് മുകുളങ്ങളെ മോഹിപ്പിക്കുന്ന വിവിധ രൂപഭേദങ്ങളിൽ കേവലം ചിലതു മാത്രമാണിത്. മുഴുവനോ കഷണമാക്കിയതോ ആയ ബദാം പരിപ്പുകൾ ചേർത്തുണ്ടാക്കിയ മിഠായ്കൾ, ബേക്കറി പലഹാരങ്ങൾ, ഐസ്ക്രീം എന്നിവയുടെ കാര്യവും മറക്കാതിരിക്കാം!
ബദാം വൃക്ഷങ്ങൾക്കിടയിൽ വളർന്നത് എനിക്ക് അങ്ങേയറ്റം സന്തോഷകരവും സ്മരണീയവും ആയ അനുഭവമായിരുന്നു. ആ പരിപ്പിൻ പഴത്തെക്കുറിച്ച് ഞാൻ അറിയേണ്ടതെല്ലാം അറിഞ്ഞിട്ടുണ്ടാവുമെന്ന് നിങ്ങൾ ഒരുപക്ഷേ കരുതിയേക്കാം. പക്ഷേ ഇല്ല. ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങിയതോടെ ബദാമിനോടെനിക്ക് ഉണ്ടായിരുന്ന മതിപ്പ് നാടകീയമായി വർദ്ധിച്ചു. “ബൈബിളോ?” എന്ന് നിങ്ങൾ ചോദിച്ചേക്കാം. അതെ, എന്റെ പഠനങ്ങളിലൂടെ, തന്റെ ജനവുമായുള്ള ദൈവത്തിന്റെ ഇടപെടലുകളിൽ ബദാംവൃക്ഷം ഒരു സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ബൈബിളിൽ ബദാമോ?
ബദാം വൃക്ഷത്തിനുള്ള എബ്രായ പദത്തിന്റെ അക്ഷരാർത്ഥം “ഉണർത്തുന്നവൻ” അഥവാ “ഉണർത്തുന്നത്” എന്നാണെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? പലസ്തീൻ പ്രദേശത്ത് പുഷ്പ്പിക്കുന്ന ഫലവൃക്ഷങ്ങളിൽ ഒന്നാമൻ ബദാംവൃക്ഷം ആണെന്നോർക്കുമ്പോൾ ഈ പേരെത്ര അനുയോജ്യം ആണെന്ന് കാണാം. അത് ഫെബ്രുവരി ആരംഭത്തിലേതന്നെ പൂക്കുന്നു. “ഒരു ബദാം വൃക്ഷത്തിന്റെ കൊമ്പി”നെക്കുറിച്ച് ദൈവം പരാമർശിച്ചപ്പോൾ അവൻ ഉദ്ദേശിച്ച അർത്ഥത്തെയും ഇത് വിശദീകരിക്കുന്നു. (യിരെമ്യാവ് 1:11, 12) മറ്റ് വാക്കുകളിൽ, തന്റെ വാഗ്ദത്തങ്ങൾ പാലിക്കത്തക്കവണ്ണം ദൈവം അവയെ സംബന്ധിച്ച് “ഉണർന്നിരിക്കുകയാണ്” എന്ന് അത് അർത്ഥമാക്കുന്നു.
ബൈബിളിൽ ബദാം വൃക്ഷത്തെ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു ദൃഷ്ടാന്തം ദൈവത്തിന്റെ മഹാപുരോഹിതനെന്ന നിലയിൽ അഹരോന്റെ അധികാരം യിസ്രായേല്യർ വെല്ലുവിളിച്ച രംഗമായിരുന്നു. പ്രശ്നത്തിന് തീർപ്പ് കൽപ്പിക്കുന്നതിന് യിസ്രായേലിലെ 12 ഗോത്രങ്ങളിൽ ഓരോന്നിന്റെയും തലവൻമാരോട് അവരവരുടെ ആജ്ഞാപക വടി കൊണ്ടുവരുന്നതിനും വിശുദ്ധ സാക്ഷ്യപെട്ടകത്തിന്റെ മുമ്പാകെ നിക്ഷേപിക്കുന്നതിനും കൽപ്പിച്ചു. ബദാം ശിഖരം കൊണ്ടുണ്ടാക്കിയ അഹരോന്റെ വടി മറ്റു 12 വടികളോടുമൊപ്പം ഇട്ടിരുന്നു. അടുത്ത ദിവസം ഫലം അറിഞ്ഞു—അഹരോന്റെ വടിമേൽ ദൈവത്തിന്റെ അംഗീകാരമുദ്ര. അവന്റെ വടി ഒറ്റരാത്രികൊണ്ട് തളിർത്തു; അത് “തളിർത്ത് പൂത്ത് പഴുത്ത ബദാം കായ്ച്ചിരുന്നു.” ആദ്യം മുകുളം, പിന്നെ പുഷ്പം തുടർന്ന് കായ് എന്ന സാധാരണ ക്രമത്തിന് വിരുദ്ധമായി മൂന്ന് ഘട്ടങ്ങളും അതാ ഒരേ സമയത്ത്. ഒരാശ്ചര്യം തന്നെ!—സംഖ്യാപുസ്തകം 17:1-11.
യിസ്രായേല്യർക്ക് ബദാം അങ്ങേയറ്റം മതിക്കപ്പെട്ട ഒരു പ്രിയ വസ്തു ആയിരുന്നു. ദൃഷ്ടാന്തത്തിന് മിസ്രയിമ്യ രാജാവിന്റെ പ്രീതി സംമ്പാദിക്കാനാഗ്രഹിച്ചപ്പോൾ ഗോത്രപിതാവായ യാക്കോബ് ദേശത്തെ “വിശിഷ്ടോത്പന്നങ്ങളിൽ” ഒന്നെന്നനിലയിൽ സമ്മാനങ്ങളുടെ കൂട്ടത്തിൽ കുറെ ബദാം പരിപ്പും കൊടുത്തയച്ചു. (ഉല്പത്തി. 43:11) കൂടാതെ, സുന്ദരമായ ബദാം പുഷ്പത്തിന്റെ രൂപമാണ് വിശുദ്ധ സമാഗമന കൂടാരത്തിന്റെ വിളക്കുതണ്ടിന്റെ അഗ്രങ്ങളിലുള്ള കപ്പുകൾക്ക് മാതൃകയായി അവലംബിച്ചിരുന്നത്.—പുറപ്പാട് 25:33, 34.
നിസ്സംശയമായും ബദാമിനെക്കുറിച്ചുള്ള ഈ ബൈബിൾ പരാമർശനങ്ങൾ ദൈവം മനുഷ്യന്റെ അനന്തമായ ആനന്ദാസ്വാദനത്തിനുണ്ടാക്കിയ നിരവധി അത്ഭുത സൃഷ്ടികളിൽ ഒന്നിനെക്കുറിച്ചുകൂടെ തികവേറിയവിധം വിലമതിക്കാൻ എന്നെ സഹായിച്ചു.
മിക്കപ്പോഴും താഴ്വരയിലെ പുത്തുലഞ്ഞുനിൽക്കുന്ന ബദാം വൃക്ഷത്തോപ്പുകളുടെ ചേതോഹര ദൃശ്യം ഞാൻ നോക്കിക്കാണുമ്പോൾ അനേക നൂറ്റാണ്ടുകൾക്ക് മുമ്പ് രേഖപ്പെടുത്തപ്പെട്ട പിൻവരുന്ന വാക്കുകളെക്കുറിച്ച് ഞാൻ ചിന്തിച്ചുപോവുന്നു: “പർവ്വതങ്ങളും, ഫലവൃക്ഷങ്ങളും, ദേവദാരുക്കളും ആയ നിങ്ങൾ . . . യഹോവയെ സ്തുതിപ്പിൻ.”—സങ്കീർത്തനങ്ങൾ 148:7-9—സംഭാവന ചെയ്യപ്പെട്ടത്. (g87 4/22)
[27-ാം പേജിലെ ചതുരം]
ബദാം—സംപുഷ്ടമായ ഊർജ്ജത്തിന്റെ കൊച്ചു പൊതികൾ
കൈയിൽ കൊണ്ടു നടക്കാവുന്ന ഒരു കൊച്ചു പൊതിക്കുള്ളിൽ ബദാം വർദ്ധിച്ച പോഷണം അടക്കം ചെയ്യുന്നു. നാല് അടിസ്ഥാന ഭക്ഷ്യഗണങ്ങളിൽ നാലിലും കാണുന്ന പ്രധാന പോഷകങ്ങൾ ഇവയിലടങ്ങിയിരിക്കുന്നു—പ്രോട്ടീൻ, പഴങ്ങളും പച്ചക്കറികളും, ക്ഷീരവിഭവങ്ങൾ, ധാന്യങ്ങൾ. അവയുടെ പോഷക സംഘാടനം സംബന്ധിച്ച് നമുക്ക് ഒന്നടുത്ത് വീക്ഷിക്കാം.a
◻ കാർബോഹൈഡ്രേറ്റ്: സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകളുടെ ഒരു ഉപയോഗക്ഷമമായ ഉറവിടമാണ് ബദാം. കാർബോഹൈഡ്രേറ്റുകളാണ് നിങ്ങളുടെ ശരീരത്തിന്റെ മുഖ്യ ഊർജ്ജസ്രോതസ്സ്. ഒരു ഔൺസ് ബദാം അതായത് ഏകദേശം 20-25 പരിപ്പ് 170 കലോറിക്ക് തുല്യമാണ്.b
◻ കൊഴുപ്പ്: ഭക്ഷണത്തിനുപയോഗിക്കുന്ന സസ്യങ്ങളിൽ ബദാം, കൊഴുപ്പിന്റെ ഏറ്റവും സമൃദ്ധമായ ഉറവിടങ്ങളിലൊന്നാണ്. ബദാമിൽ കൊളെസ്ട്രോൾ അടങ്ങിയിട്ടില്ല. കൊഴുപ്പ് ഒരു പ്രധാന ഉർജ്ജ സ്രോതസ്സ് ആണ്; നിങ്ങളുടെ ശരീരത്തിന്റെ ഏറ്റവും കാര്യക്ഷമമായ രൂപത്തിലുള്ള ഇന്ധന ശേഖരമാണത്. ഒരു ബദാമിന്റെ ഭാരത്തിന്റെ പകുതിയോളം സസ്യ എണ്ണയാണ്.—ഗാഢപൂരിതമായ കൊഴുപ്പ്.
◻ തന്തു: ഒരു ഔൺസ് ബദാം നിങ്ങളുടെ ശരീരത്തിന് പ്രതിദിനം ആവശ്യമായ തന്തുക്കളുടെ 10 ശതമാനത്തോളം പ്രദാനം ചെയ്യുന്നു. മുഴുവൻ ഗോതമ്പ് കൊണ്ടുണ്ടാക്കിയ റൊട്ടിയുടെ രണ്ടു കഷണങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ തന്തുക്കളാണത്.
◻ ധാതുക്കൾ: ഫോസ്ഫറസ്, ചെമ്പ്, മഗ്നീഷ്യം തുടങ്ങിയ അവശ്യധാതുക്കളുടെ ഒരു വമ്പിച്ച അളവ് ബദാം പ്രദാനം ചെയ്യുന്നു. വളർച്ചക്കും ഉചിതമായ പരിപാലനത്തിനും നിങ്ങളുടെ ശരീരത്തിന് ധാതുക്കൾ ആവശ്യമുണ്ട്. ഒരു ഔൺസ് ബദാമിൽ 2.3 ഔൺസ് പാലിൽ ഉള്ളത്ര കാൽസ്യവും 1.3 ഔൺസ് മാട്ടിറച്ചിയിലോ, കൊഴുപ്പുകളഞ്ഞ പന്നിയിറച്ചിയിലോ ഉള്ളത്ര ഇരുമ്പും അടങ്ങിയിട്ടുണ്ട്.
◻ പ്രോട്ടീൻ: ബദാം സസ്യജനിത പ്രോട്ടീന്റെ ഒരു നല്ല ഉറവാണ്. നിങ്ങളുടെ ശരീരത്തിന്റെ വളർച്ചക്കും പരിപാലനത്തിനും പ്രോട്ടീൻ ആവശ്യമാണ്. ഒരു ഔൺസ് ബദാമിൽ പ്രോട്ടീന്റെ യു. എസ്. ആർ.ഡി.എ (നിർദ്ദിഷ്ഠ പ്രതിദിന വിഹിതം—തോതിന്റെ 10 ശതമാനം അടങ്ങിയിരിക്കുന്നു.
◻ വിറ്റാമിനുകൾ: ബദാം റിബോഫേവ്ളിന്റെയും (വിറ്റാമിൻ ബി2) വിറ്റാമിൻ ‘ഇ’യുടെയും ഒരു നല്ല ഉറവാണ്. വിറ്റാമിനുകൾ (ജീവകങ്ങൾ) നിങ്ങളുടെ ഉത്തമാരോഗ്യത്തിന് അനിവാര്യമാണ്. ഒരൗൺസ് ബദാമിൽ 7 ഔൺസ് മുളപ്പിച്ച ഗോതമ്പിലോ 18 തുടങ്ങി 20 ഔൺസ് കരളിലോ അടങ്ങിയിട്ടുള്ള അത്രയും വിറ്റാമിൻ ‘ഇ’ (യു. എസ്. ആർ.ഡി.എ. യുടെ 35 ശതമാനം) ഉണ്ട്.
[അടിക്കുറിപ്പുകൾ]
a ബദാം—ഒരു ആരോഗ്യാവഹമായ പരിപ്പ് എന്ന കാലിഫോർണിയായിലെ ബദാം ബോർഡ് പ്രസിദ്ധീകരിച്ച പത്രികയിലെ വിവരങ്ങളെ ആധാരമാക്കിയുള്ളത്.
b 1 ഔൺസ്=31 ഗ്രാം.