സംസാരവും കാഴ്ചയും സ്ഫടികത്തിലൂടെ
പ്രകാശം—ജ്ഞാനത്തിന്റെയും ബുദ്ധിവൈഭവത്തിന്റെയും ആ ദുരൂഹമായ പ്രതീകം—മേലാൽ വെറും ഒരു പ്രതീകമായി ചുരുങ്ങുന്നില്ല. ഈ അടുത്ത വർഷങ്ങളിൽ അത് കോലാഹലങ്ങളൊന്നും കൂട്ടാതെ അതിശീഘ്രം അതിന്റെ അർഹമായ റോളിൽ സ്ഥാനം പിടിച്ചുകൊണ്ട് സകലതരം സന്ദേശങ്ങളും വഹിച്ചുകൊണ്ട് പോകാൻ കെല്പുള്ള ഒരു യഥാർത്ഥ സന്ദേശവാഹിയുടെ പദവി കൈവരിച്ചിരിക്കുന്നു. വിവരശകലങ്ങൾ ബഹുദൂരങ്ങളിലേക്ക് പ്രേക്ഷണം ചെയ്യുന്നതിനുള്ള അതിന്റെ ഈ യഥാർത്ഥശേഷി പ്രയോഗരൂപത്തിലാകുന്നതിന് രണ്ട് വികാസങ്ങൾ ആവശ്യമാണ്: (1) ഒരു പ്രത്യേക തരത്തിലുള്ള പ്രകാശം (2) ഒരു പ്രത്യേക തരം പ്രകാശവാഹി (Light guide).
അടുത്തകാലത്തെ ചില അത്ഭുത വികാസങ്ങളുടെ ഒരു പരമ്പരയിലൂടെ നാമിന്ന്, സകലരൂപങ്ങളിലുമുള്ള വിവരശകലങ്ങളുടെ അവിശ്വസനീയമാംവിധം ബൃഹത്തായ സഞ്ചയങ്ങൾ അതിവിദൂര ഭാഗങ്ങളിലേക്ക്, മിന്നുന്ന വേഗതയിൽ, പ്രകാശകിരണങ്ങളുടെ സഹായത്താൽ അയക്കുന്നു. നേർത്ത സ്ഫടികനാരുകളിലൂടെ സഞ്ചരിക്കുന്ന പ്രകാശത്തിന്റെ സൂഷ്മകിരണങ്ങളിലൂടെ ഗണ്യമായ വേഗതയിലും കാര്യക്ഷമതയിലും ഇന്ന് സംസാരിക്കാനും, കാണാനും കേൾക്കാനും കഴിയും. ഐക്യനാടുകളിലും യൂറോപ്പിലും ജപ്പാനിലും ഉള്ള നഗരങ്ങൾക്കിടയിലൂടെ കേബിളുകളിൽ പൊതിഞ്ഞ സ്ഫടികനൂലുകൾ ചിലന്തിവല പോലെ ഇപ്പോഴേ വേരോടിയിരിക്കുന്നു. അവയിപ്പോൾ സമുദ്രങ്ങളെ മറികടന്ന് വൻകരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രക്രിയയിലാണ്.
പ്രകാശം നേർരേഖയിൽ സഞ്ചരിക്കുന്നതായിട്ടാണ് നാം അറിയുന്നത് ആസ്ഥിതിക്ക് ഇതെങ്ങനെ സാദ്ധ്യമാകും? ഈ സ്ഫടിക നാരുകൾ മൂലകളിൽ വച്ച് വളയുമ്പോൾ സൂഷ്മങ്ങളായ പ്രകാശരശ്മികൾക്ക് അവയിൽ ഒതുങ്ങി നിൽക്കാൻ കഴിയുന്നതെങ്ങനെ? ഈ രശ്മികൾ ഇത്രദൂരം സഞ്ചരിക്കുകയും ഇത്രയധികം വിവരങ്ങൾ വഹിച്ചുകൊണ്ട് പോകുകയും ചെയ്യുന്നതെങ്ങനെ? ഒരു പ്രത്യേകതരം പ്രകാശമാണ് ഇതെല്ലാം സാദ്ധ്യമാക്കിത്തീർക്കുന്നത്.—സംശ്ലിഷ്ട ദീപ്തി (Coherent light).
കാര്യക്ഷമമായ സംശ്ലിഷ്ട ദീപ്തി
ഒരു സ്ഫടികതന്തുവിലൂടെ സഞ്ചരിക്കുന്ന പ്രകാശകണങ്ങളെ (ഫോട്ടോണുകൾ) ഒരു വഴിയേ നടന്നു നീങ്ങുന്ന മനുഷ്യരോട് താരതമ്യം ചെയ്തുകൊണ്ട്, വിവരശകലങ്ങൾ പ്രേക്ഷണം ചെയ്യുന്നതിൽ ഒരു സാധാരണ പ്രകാശരശ്മിയേക്കാൾ ഒരു സംശ്ലിഷ്ട പ്രകാശകിരണം കൊണ്ടുള്ള കവിഞ്ഞ പ്രയോജനം ദൃഷ്ടാന്തീകരിക്കാം. അന്യോന്യം തട്ടിമുട്ടിക്കൊണ്ട് ക്രമംകെട്ട് നടക്കുന്ന പല വലിപ്പത്തിലുള്ള ആളുകളുടെ ഒരു കൂട്ടത്തോട് സമാണ് ഒരു സാധാരണ പ്രകാശകിരണം എന്നു കരുതാം. അതേസമയം ഒരു സംശ്ലിഷ്ടപ്രകാശരശ്മിയെ നിരനിരയായി അടിവെച്ചടിവെച്ച് ചിട്ടയോടെ മുന്നോട്ട് നീങ്ങുന്ന ഒരേ വലിപ്പമുള്ള യോദ്ധാക്കളുടെ ഒരു സംഘത്തോട് സാദൃശ്യപ്പെടുത്താവുന്നതാണ്. കൂട്ടിമുട്ടാതെ അടിവെച്ച് നീങ്ങുന്നത് സ്പഷ്ടമായും ഏറിയ കാര്യക്ഷമതയോടെ അധികദൂരം കുറഞ്ഞ ഊർജ്ജനഷ്ടത്തിൽ നടന്നു നീങ്ങുക സാദ്ധ്യമാക്കിത്തീർക്കുന്നു. സംശ്ലിഷ്ടദീപ്തിയുടെ കാര്യവും ഇങ്ങനെതന്നെ.
ഈ ഘട്ടത്തിൽ ചിലർ പറഞ്ഞേക്കാം ‘പ്രകാശംകൊണ്ടുള്ള ഈ ഉപയോഗം കണ്ടുപിടിക്കപ്പെടാൻ ഇത്ര വൈകിയതെന്തുകൊണ്ട്? ആരും ഇതിനേപ്പറ്റി മുമ്പ് ചിന്തിക്കാതെ പോയതെന്തുകൊണ്ട്? വാസ്തവത്തിൽ ഇത് അപ്പാടെ പുതിയതല്ല. അലക്സാണ്ടർ ഗ്രഹാംബെല്ലിനെപ്പോലെ കുറഞ്ഞത് ഒരാളെങ്കിലും പ്രകാശത്തിന്റെ സഹായത്താൽ സംസാരിക്കുന്നതിന്റെ സൗകര്യം മനസ്സിലാക്കുകയും 1880-ൽ “സെലീനിയം ആൻറ് ദ ഫോട്ടോഫോൺസ്” എന്ന അഭിധാനത്തിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഈ ആശയം വലിയ ദീർഘവീക്ഷണത്തിന്റെ പ്രതിഫലനമായിരുന്നു, പക്ഷേ സംശ്ലിഷ്ടദീപ്തി ഇല്ലാതെ അദ്ദേഹത്തിന് കാര്യമായ വിജയം നേടാൻ കഴിയുമായിരുന്നില്ല. ഈ പ്രഥമ ആവശ്യം നിറവേറ്റപ്പെട്ടത് 1960-കളിൽ ലേസർ (LASER-Light Amplification by Stimulated Emission of Radiation) വികസിപ്പിച്ചെടുത്തപ്പോഴായിരുന്നു. വിവരങ്ങൾ പ്രേക്ഷണം ചെയ്യുന്ന ഉന്നത കാര്യക്ഷമതയുള്ള ഒരു പ്രകാശവാഹിയുടെ അഭാവവും ബെല്ലിന് നേരിടേണ്ടിവന്നു.
വൈദഗ്ദ്ധ്യമേറിയ സ്ഫടികപ്രകാശവാഹികൾ—അവ എങ്ങനെ പ്രവർത്തിക്കുന്നു?
ലേസർ പരിഷ്ക്കരിക്കുന്നതിനുള്ള വേലകൾ ചിലർ തുടർന്നുകൊണ്ടിരിക്കവെ തന്നെ സംശ്ലിഷ്ട ലേസർ ദീപ്തിയെ ബഹുദൂരം സഞ്ചരിക്കാൻ സഹായിക്കുന്ന അതിവിദഗ്ദ്ധമായി സംയോജിപ്പിച്ചെടുത്ത തെളിമയേറിയ സ്ഫടികപദാർത്ഥങ്ങൾ കണ്ടുപിടിച്ച് വികസിപ്പിച്ചെടുക്കുന്ന പരിശ്രമത്തിലായിരുന്നു മറ്റുള്ളവർ. ഈ പദാർത്ഥങ്ങളെ അനന്തരം മുടിനാരിഴപോലെ കനംകുറഞ്ഞ നാരുകളായി വേർതിരിക്കുന്നു.
മേശപ്പുറം അലങ്കരിക്കാൻ ഉപയോഗിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കലാവസ്തുക്കളിൽ സ്ഫടികനാരുകൾ കണ്ടിട്ടുള്ളത് നിങ്ങൾ ഓർമ്മിച്ചേക്കാം. ഈ അലങ്കാരങ്ങൾ ഉണ്ടാക്കുന്നതിന് സ്ഫടികം കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ ഉള്ള തന്തുക്കളുടെ പുഞ്ചങ്ങൾ പുഷ്പങ്ങളുടെ ആകൃതിയിൽ വിടർത്തിയിട്ട് കീഴഗ്രത്തുനിന്ന് പ്രകാശം നൽകുന്നു. ഈ പ്രദർശന വസ്തുക്കളിൽ നാരുകൾക്ക് പ്രഭ പകരുന്നതിന് സാധാരണ വെളിച്ചമാണ് ഉപയോഗിക്കാറുള്ളത്. ഇത്, കുറഞ്ഞപക്ഷം, സ്ഫടിക നൂലുകളിലൂടെ പ്രകാശത്തിന് യാത്ര ചെയ്യാൻ കഴിയുന്നതെങ്ങനെയെന്നും സാധാരണയിലെന്നപോലെ നേർരേഖയിൽ സഞ്ചരിക്കാതെ വളവുകളിൽ ഒടിയുന്നതെങ്ങനെയെന്നും ദൃഷ്ടാന്തീകരിച്ചു കാട്ടുന്നു. (ചിത്രം-1) ഈ പ്രദർശന വസ്തുക്കളിൽ പ്രകാശം ചെറിയ ദൂരത്തിലാണ് സഞ്ചരിക്കുന്നത്.
കലാവസ്തുക്കളിൽ ആവശ്യമുള്ളതിനേക്കാൾ വളരെ ഏറിയ ദൂരം പ്രകാശം സഞ്ചരിക്കാനിടയാക്കുന്നതിന് ഗ്ലാസ്സോ പ്ലാസ്റ്റിക്കോ കൊണ്ടുള്ള പ്രത്യേക ആവരണങ്ങൾ ഉണ്ടാക്കുന്നു. ഈ പ്രത്യേക ആവരണങ്ങൾ പുറത്തു ചാടാനൊരുമ്പെടുന്ന ഏതു പ്രകാശരശ്മിയെയും സ്ഫടികത്തിലേക്കുതന്നെ മടങ്ങുന്നതിനും അങ്ങനെ കൂടുതലായ പ്രകാശനഷ്ടം തടയുന്നതിനും സഹായിക്കുന്നു. ഈ ആവരണപ്പൂശുകളുടെ രാസസംയോജന നിർമ്മാണവിധങ്ങളിൽ വൈവിദ്ധ്യമുണ്ട്. എങ്കിലും ഈ വൈവിദ്ധ്യങ്ങൾ അനവധിയും അതാതിന്റെ രീതിയിൽ അതാതിന്റെ പ്രത്യേക അവസ്ഥകളിൽ പ്രകാശത്തിന് സഞ്ചരിക്കാൻ കഴിയുന്ന ദൂരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. (ചിത്രം-2)
ഈ സ്ഫടികനാരുകൾ പ്രകാശം പ്രേക്ഷണം ചെയ്യുന്നതിനുള്ള നമ്മുടെ കഴിവുകൾ വളരെയധികം അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ നാരുകളിലേക്ക് പ്രകാശത്തെ നിർണ്ണായകമായ കോണിലോ അതിൽ താണ കോണിലോ കടത്തിവിടേണ്ടതുണ്ട്. ഒരു തടാകത്തിന്റെ സ്വച്ഛമായ പ്രതലത്തിന് ഒരു ദർപ്പണം പോലെ പ്രവർത്തിക്കാൻ കഴിയും എന്ന വസ്തുത നാം ഓർക്കുമ്പോൾ ഈ തത്വം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. വാസ്തവത്തിൽ തടാകക്കരയിലുള്ള വൃക്ഷങ്ങൾ അതിൽ പ്രതിഫലിച്ചു കാണുന്നു. ഈ ദർപ്പണ പ്രതീതി നമുക്കനുഭവപ്പെടുന്നത് പ്രകാശം അപ്പോൾ വളരെ താണ ഒരു കോണിൽ നമ്മുടെ കണ്ണിലേക്ക് വരുന്നതുകൊണ്ടാണ്. നിർണ്ണായക കോൺ (Critical angle) എന്നു പറയപ്പെടുന്ന ഈ പ്രത്യേക കോണിൽ തടാകതലം കണ്ണാടിപോലെ പ്രകാശം പ്രതിഫലിപ്പിക്കുന്നു. ഇതുപോലെ ഈ നിർണ്ണായക കോണിലോ അതിനേക്കാൾ താണ കോണിലോ നിന്ന് പ്രകാശം സ്ഫടിക തന്തുവിലേക്ക് കടത്തിവിട്ടാൽ അത് ആന്തരികമായി പ്രതിഫലിക്കുന്നു. ഒരു ദർപ്പണത്തിലെപ്പോലെതന്നെ രക്ഷപെട്ടു പോകുന്ന പ്രകാശം തുലോം തുച്ഛവും ആയിരിക്കും.
പ്രകാശം പുനരുത്പാദിപ്പിക്കേണ്ട ആവശ്യം ഇല്ലാതെ ഈ രശ്മികൾ ആ നേർത്ത നാരുകളിലൂടെ 25 മൈലുകൾ (40 കീ.മി) വരെ സഞ്ചരിക്കാൻ കെൽപ്പുള്ളവയാണ്. ഭാവി സാദ്ധ്യതകൾ ഇതിലേറെ പ്രോത്സാഹജനകങ്ങളാണ്. “ആവർത്തനങ്ങളുടെ ആവശ്യമില്ലാതെ ആയിരക്കണക്കിന് മൈലുകൾക്കപ്പുറം വിവരങ്ങൾ പ്രേക്ഷണം ചെയ്യാൻ” കഴിയുന്നവയും പ്രകാശനഷ്ടം തീരെ കുറയ്ക്കുന്നവയുമായ തന്തുക്കൾ (ultralow-loss fibers) വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പ്രകാശത്തിന്റെ ഈ അത്ഭുതചാലകങ്ങളെ സംരക്ഷിക്കുന്നതിന് സംരക്ഷക വസ്തുക്കളുടെ പാളികളോ ആവരണങ്ങളോ അവയ്ക്കു ചുറ്റും പൊതിയേണ്ടതുണ്ട്. ഇത് കൂടാതെ, കൂടിയ ബലമുള്ള തന്തുക്കളും, വയറുകളും ഇലക്ട്രിക് ചാലകങ്ങളും ഇവയോട് കൂട്ടി ചെറിയ കേബിളുകളാക്കാറുണ്ട്. (ചിത്രം-3) ഇവ കേബിളുകൾക്കുള്ളിൽ സംരക്ഷിക്കപ്പെടുമ്പോൾ സാധാരണ ചെമ്പു കമ്പികളിലൂടെ സഞ്ചരിക്കുന്ന വൈദ്യുത പ്രവാഹങ്ങൾക്കു പോലും വെല്ലാൻ കഴിയാത്ത കാര്യക്ഷമതയിൽ ഈ ഗ്ലാസ്സ് നാരുകൾ സന്ദേശങ്ങളുടെ പ്രേക്ഷണം നടത്തുന്നു. ദീർഘദൂരങ്ങളുടെ സംഗതിയിൽ ഇത് വിശേഷാൽ സത്യം ആണ്. പക്ഷേ വിവരങ്ങളും മനുഷ്യശബ്ദവും ചിത്രങ്ങളും ഈ പ്രത്യേകതരം പ്രകാശത്തിന്റെ സഹായത്താൽ ഈ സ്ഫടികനാരുകളിലൂടെ എങ്ങനെയാണ് വഹിച്ചുകൊണ്ട് പോകപ്പെടുന്നത്?
ഈ ചെറുതന്തുക്കൾ അവയുടെ ഭാരിച്ച ചുമട് വഹിക്കുന്നതെങ്ങനെ?
പ്രത്യേകതരം പ്രകാശരശ്മികളും വിദഗ്ദ്ധമായി നിർമ്മിക്കപ്പെട്ട സ്ഫടികനാരുകളും നമ്മെ അതിശയിപ്പിക്കുന്നു. ഈ രശ്മികൾ യഥാർത്ഥത്തിൽ അവയുടെ ഭീമായ സന്ദേശചുമടുകൾ വഹിക്കുന്ന വിധവും നമുക്ക് അത്രതന്നെ വിസ്മയമുളവാക്കുന്നു. അടിസ്ഥാനരഹസ്യങ്ങളിലൊന്ന് കുടികൊള്ളുന്നത് ഒരു സെക്കൻറിൽ ഒരു ലക്ഷത്തിഎൺപതിനായിരം മൈലുകൾ വരുന്ന (സെക്കൻറിൽ 3,00,000 കി. മീ.) പ്രകാശത്തിന്റെ വേഗതയിലാണ്. മറ്റൊന്ന് ഒരു നിമിഷത്തിൽ ശതകോടിക്കണക്കിനു പരിവൃത്തികളുണ്ടാക്കുന്ന പ്രകാശത്തിന്റെ അങ്ങേയറ്റം ഉയർന്ന തരംഗ തീവ്രതയാണ് (frequencies) പ്രകാശസ്പന്ദനങ്ങൾ കോഡ് ചെയ്തുകൊണ്ട് ഈ ഉയർന്ന തരംഗതീവ്രതകളുടെ സഹായത്താൽ ബൃഹത്തായ അളവിലുള്ള സന്ദേശങ്ങൾ, നേർത്ത നാരുകളിലൂടെ സഞ്ചരിക്കുന്ന പ്രകാശരശ്മികളിലേക്ക് തിക്കിക്കയറ്റാൻ സാധിക്കുന്നു. പ്രകാശം കൊണ്ട് സംസാരിക്കുന്നതിന്റെയും കേൾക്കുന്നതിന്റെയും ഒരു ദൃഷ്ടാന്തം നമുക്ക് പരിചിന്തിക്കാം.
സംസാരവും കേൾവിയും സ്ഫടികത്തിലൂടെ
പ്രകാശം കൊണ്ട് സംസാരിക്കുകയും കേൾക്കുകയും കാണുകയും ചെയ്യുന്ന പ്രക്രിയയിൽ അത്യന്തം സങ്കീർണ്ണമായ സാങ്കേതിക വിദ്യയാണ് അന്തർഭവിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ഒരു ചെറിയ തോതിൽ വിലമതിക്കുന്നതിന് പ്രകാശം കൊണ്ട് സംസാരിക്കുമ്പോഴും കേൾക്കുമ്പോഴും ആ പ്രക്രിയ കടന്നുപോകുന്ന ചില പടികൾ നമുക്ക് പരിശോധിക്കാം.
പ്രേക്ഷണത്തിന് ഉപയോഗിക്കുന്നത് പ്രകാശമാണെങ്കിലും യഥാർത്ഥ പ്രവർത്തന പടികൾ ആരംഭിക്കുന്നത് പഴയതുപോലെ ടെലഫോണിൽ സംസാരിച്ചുകൊണ്ടാണ്. നമ്മുടെ സ്വരത്തിലെ ശബ്ദതരംഗങ്ങൾ ടെലഫോണിലെ വൈദ്യുത സ്പന്ദനങ്ങളായി മാറ്റപ്പെടുന്നു. അനന്തരം ഈ വൈദ്യുത സ്പന്ദനങ്ങൾ ഉയർന്ന വേഗതയിൽ “ചെറു ഖണ്ഡങ്ങൾ” ആക്കപ്പെടുന്നു. ഒരു ചലച്ചിത്ര ക്യാമറ ചലനത്തിന്റെ നിരവധി നിശ്ചലചിത്രങ്ങൾ എടുക്കുന്നതുപോലെയാണ് ഈ പ്രക്രിയ. ഈ ചിത്രങ്ങൾ ഒന്നിന് പിറകെ ഒന്നായി ശീഘ്രഗതിയിൽ പ്രൊജെക്റ്റ് ചെയ്യുമ്പോൾ കാഴ്ചക്കാർക്ക് ചലനത്തിന്റെ പ്രതീതി ഉണ്ടാകുന്നു. അതുപോലെ ഈ വൈദ്യുത സ്പന്ദനങ്ങൾ ഒരു ബഹുഘട്ട പ്രക്രിയയിലൂടെ കോഡ് ചെയ്യുകയും തുടർന്ന് പ്രകാശസ്പന്ദനങ്ങളായി മാറ്റപ്പെടുകയും ചെയ്യുന്നു. കോഡ് ചെയ്യപ്പെട്ട പ്രകാശസ്പന്ദനങ്ങൾ സ്ഫടികനൂൽ വഴി സഞ്ചരിച്ച് മറ്റേ അറ്റത്ത് എത്തുന്നു. അവ സ്വീകരിക്കപ്പെടുന്ന അറ്റത്ത് എത്തുമ്പോൾ ടെലഫോണിന്റെ ഈയർപ്പീസിൽ (earpiece) വച്ച് തിരികെ ശബ്ദതരംഗങ്ങളായി മാറ്റപ്പെടുന്നു. നമുക്ക് എന്തു ആനുകാലിക പ്രയോജനമാണ് ഇതുകൊണ്ടുള്ളത്? ഭാവിയിലേക്കുള്ള പ്രത്യാശയോ?
ഇന്നത്തെ ചില പ്രയോജനങ്ങൾ
നമ്മുടെ ഇന്നുള്ള ലോകവ്യാപക വാർത്താവിനിമയ സംവിധാനത്തെ സ്വീകരിക്കുകയും വിലമതിക്കുകയും ചെയ്യാൻ നാം തുടങ്ങുമ്പോൾത്തന്നെ ഇതാ, സമ്പൂർണ്ണമായ ഒരു പുതിയ സംവിധാനം പ്രത്യക്ഷമായിരിക്കുന്നു. മൾട്ടികണ്ടക്ടർ ടെലഫോൺ കേബിളുകൾ, മൈക്രോവേവ് ശൃംഖലകൾ എന്നിവയ്ക്കും ചില ഉപഗ്രഹസ്റ്റേഷനുകൾക്കും പകരം നിൽക്കാനുള്ള വാഗ്ദാനവുമായി ഫൈബർ ഓപ്റ്റിക്സ് അഥവാ തന്തുവിലൂടെയുള്ള പ്രകാശപ്രസരണവിദ്യ (Fiber optics) മുന്നോട്ട് വന്നിരിക്കുന്നു. കൂടുതലായ ഒട്ടേറെ സൗകര്യങ്ങൾ അതിന് നൽകാനുണ്ട്.
◼തടസ്സങ്ങളില്ലാത്ത ആശയവിനിമയം. ഫൈബർ ഓപ്റ്റിക്സ് പ്രേക്ഷണം കൊണ്ട് ഒരു ടെലഫോൺ ഉപഭോക്താവിന് ലഭിക്കുന്ന സുപ്രധാന പ്രയോജനങ്ങളിലൊന്ന് നമുക്ക് പരിചിതമായിത്തീർന്നിരിക്കുന്ന സകലവിധ ശബ്ദശല്യങ്ങളും അത് ദുരീകരിക്കുന്നു എന്നതാണ്. ഇടിമിന്നൽ, വൈദ്യൂതലൈനുകളിലെ തകരാറുകൾ, ജനറ്റേറ്റുകളുടെ തകരാറുകൾ—ഇവയെല്ലാം അപശബ്ദങ്ങൾ, ശബ്ദം നിലച്ചുപോകൽ എന്നിവയാൽ നമ്മെ അലോരസപ്പെടുത്തിയിട്ടുണ്ട്. കനത്ത സംരക്ഷണം നൽകപ്പെട്ടിട്ടുള്ള ചെമ്പു കണ്ടക്ടറുകൾക്ക് പോലും കടന്നുവരുന്ന ഈവക ശല്യങ്ങളെ തടയാൻ കഴിയുന്നില്ല.
നിങ്ങളുടെ ടെലഫോൺ സംഭാഷണം ഉപഗ്രഹം വഴി പ്രേക്ഷണം ചെയ്തിട്ടുള്ളപ്പോൾ മാത്രനേരത്തേയ്ക്കെങ്കിലും താമസമോ മറ്റ് അന്തരീക്ഷ തടസ്സങ്ങളോ നിരീക്ഷിച്ചിട്ടുണ്ടാവും. മുൻകാലങ്ങളിൽ ഒരുപക്ഷേ അനാവശ്യമായ മുഴക്കവും ഉണ്ടായിരുന്നിരിക്കാം. ഫൈബർ ഓപ്റ്റിക്സ് ശ്രദ്ധിക്കപ്പെടാവുന്ന താമസങ്ങൾ ഒഴിവാക്കുകയും വ്യക്തവും തടസ്സവിഹീനവും ആയ കേൾവി ഒരുക്കിത്തരുകയും ചെയ്യുന്നു.
◼സുരക്ഷിതമായ ആശയവിനിമയം. ഫൈബർ ഓപ്റ്റിക്സിന്റെ ഒരു മികച്ച പ്രയോജനം സമ്പൂർണ്ണ സുരക്ഷിതത്വം ആണ്. ഈ വിധം കുറുകെയുള്ള സംസാരവും നിയമവിരുദ്ധമായ ചോർത്തലും ഇല്ലായ്മ ചെയ്യുന്നു. പ്രകാശരശ്മികളിൽനിന്ന് ചോർത്തൽ നടത്താനുള്ള യാതൊരു മുഖാന്തരവും ഇതുവരെ രൂപകൽപ്പന ചെയ്തിരിക്കില്ല. അഥവാ ഉണ്ടെങ്കിൽതന്നെ അത് സ്പന്ദനത്തിന്റെ തീവ്രതയ്ക്ക് ഗണ്യമായ ഭംഗം വരുത്തുകയും ഉടൻ മുന്നറിയിപ്പ് നൽകപ്പെടുകയും ചെയ്യുന്നു.
◼ഏറിയ കാര്യക്ഷമത: വെറും രണ്ടേരണ്ടു നേർത്ത തന്തുക്കളിലൂടെ ആയിരക്കണക്കിന് ടെലഫോൺ ഭാഷണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും എന്ന് നാം പരിചിന്തിക്കുമ്പോൾ സന്ദേശവഹനത്തിൽ പ്രകാശത്തിന്റെ ഭാവനാതീതമായ കാര്യക്ഷമത ഗ്രഹിക്കാൻ കഴിയും. വെറും ഒരു ഗ്ലാസ് നൂലിലൂടെ വിപുലമായ വെബ്സ്റ്റേഴ്സ് നിഘണ്ടുവിന്റെ ഉള്ളടക്കം മുഴുവൻ കേവലം ആറ് സെക്കൻറുകൾ കൊണ്ട് ആയിരക്കണക്കിന് മൈലുകൾക്കപ്പുറം എത്തിക്കാൻ കഴിയും.
◼ഏറ്റവും പരിമിതമായ സ്ഥലാവശ്യം—പ്രതികൂല പരിതസ്ഥിതിയെ ചെറുത്തു നിൽക്കുന്നു: ഈ നൂതന വികാസത്തിൽ നിന്ന് പല സ്ഥലങ്ങളും ഇപ്പോഴേ പ്രയോജനം നേടി കഴിഞ്ഞിരിക്കുന്നു. മെട്രോപ്പോളിറ്റൻ പ്രദേശങ്ങൾ തുലോം പരിമിതമായ സജ്ജീകരണങ്ങൾ മാത്രമാവശ്യമുള്ള ബൃഹത്തായ ആശയവിനിമയ സൗകര്യങ്ങളിൽ നിന്ന് നേട്ടം കൊയ്തിരിക്കുന്നു. ഒരു മുറി നിറയെ കാലഹരണപ്പെട്ട സ്വിച്ചുകളുടെ സ്ഥാനത്ത് കേവലം ചെറിയ ഒരിടം മാത്രം ആവശ്യമുള്ള ഫൈബർ ഓപ്റ്റിക്സ് ഇപ്പോൾ കടന്നുവരുന്നു. കൂടാതെ അമേരിക്കയിൽ ഫ്ളോറിഡ കീസ് പോലുള്ള ഒറ്റപ്പെട്ട വിദൂരദേശങ്ങൾ ശബ്ദശല്യം അശേഷമില്ലാത്ത സേവനം ആസ്വദിക്കുന്നു. കീസ് എന്ന പ്രദേശത്തെ പ്രതികൂലമായ ഉപ്പുജലപരിസ്ഥിതിയും അതുപോലെയുള്ള മറ്റിടങ്ങളും വൈദ്യുത ഷോർട്ട്—സെർക്യൂട്ടും രാസജീർണ്ണനവും വരുത്താൻ ചായ്വ് കാട്ടുന്നു. പക്ഷേ ഫൈബർ ഓപ്റ്റിക്സിൻമേൽ അവയ്ക്കു ഏറ്റവും ദുർബ്ബലസ്വാധീനമേ ഉള്ളു.
ഭാവിയിലേക്കു ഉറ്റുനോക്കുമ്പോൾ
ഈ പുതിയ കണ്ടുപിടുത്തത്തിന്റെ ഭാവി സാദ്ധ്യതകൾ അത്യന്തം വാഗ്ദത്തഭരിതമാണ്. ചിലർ പ്രവചിച്ചിരുന്നതിനെക്കാൾ ത്വരിതഗതിയിൽ ഫൈബർ ഓപ്റ്റിക്സിലേക്കുള്ള മാറ്റം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സ്ഥാപിച്ചുകഴിയുമ്പോഴേക്ക് കാലഹരണപ്പെട്ടു പോകാതെയുള്ള ഒരു സംവിധാനം തെരഞ്ഞെടുക്കുകയെന്നതാണ് ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന്.
◼ശബ്ദം, വീഡിയോ, കംപ്യൂട്ടറുകൾ—എല്ലാം ഒരേ ടേർമിനലിൽ നിന്ന്. ഹൈ ടെക്നോളജി എന്ന മാസികയുടെ 1986 ഫെബ്രുവരി ലക്കം “ബിസിനസ്സ് ഔട്ട്ലുക്ക്” എന്ന ശീർഷകത്തിന് കീഴിലായി, “ഫൈബർ ഓപ്റ്റിക്സ് പെട്ടെന്ന് ഐക്യനാടുകളിൽ ശബ്ദം, വിവരങ്ങൾ, വീഡിയോ എന്നിവ പ്രേക്ഷണം ചെയ്യുന്നതിനുള്ള ഏറ്റവും പ്രിയപ്പെട്ട മുഖാന്തരമായിത്തീർന്നിരിക്കുന്നു—വിശേഷിച്ച് ബഹുദൂര പ്രേക്ഷണത്തിൽ,” എന്ന് എഴുതി. ലേഖനം പിൻവരുന്ന പ്രസ്താവനയോടെ തുടരുന്നു: “ഭവനത്തിലേക്ക് നീളുന്ന ഒരു ഫൈബർ ശൃംഖലയ്ക്ക് ഞങ്ങൾ രൂപം നൽകാൻ പോകുന്നു. ശബ്ദം, വീഡിയോ എന്നിവ കൈകാര്യം ചെയ്യാനാകുന്നതും . . . വിവരങ്ങൾക്കുവേണ്ടി വിവരശേഖരത്തോട് ആരായാൻ കഴിയുന്നതുമായ ഒരു സെർക്യൂട്ട് ഉപയോഗിച്ചുകൊണ്ടുതന്നെ.” ഇത് ഭവനത്തിൽ ഇരുന്നുകൊണ്ട് ഷോപ്പിംഗ്, ബാങ്കിംഗ്, വിമാനടിക്കറ്റ് വാങ്ങൽ, ലൈബ്രറി സൗകര്യങ്ങൾ അനുഭവിക്കൽ എന്നിങ്ങനെയുള്ള അവസരങ്ങൾ ആസ്വദിക്കാൻ കുറച്ചാളുകൾക്കെങ്കിലും വഴി തുറന്നുതരുന്നു. അവർ ടെലഫോൺ സംഭാഷണം നടത്തുമ്പോൾ അവർക്ക് തങ്ങളുടെ സ്നേഹിതരുടെ മുഖം കാണാൻപോലും കഴിയും—സർവ്വസ്വവും ഈ അത്ഭുത സ്ഫടിക തന്തുവിലൂടെ നീങ്ങുന്ന പ്രകാശത്തിന്റെ സഹായത്താൽ. (g87 5/22)
[21-ാം പേജിലെ ചിത്രങ്ങൾ]
ഒരു ഗ്ലാസ്സ് തന്തുവിലൂടെ സഞ്ചരിക്കുന്ന പ്രകാശം ആന്തരീകമായി പ്രതിഫലിക്കുന്നതുകൊണ്ട് ഭിത്തിയിലൂടെ നഷ്ടമാവുന്നില്ല.
ശക്തികൂടിയ നാരുകളും വയറുകളും സംരക്ഷണം നൽകുന്നു.
ഗ്ലാസ്സ് കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ ഉള്ള ആവരണം രക്ഷപെട്ട് പോകാനിടയുള്ള പ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നു.
[23-ാം പേജിലെ ചിത്രം]
ഈ ചെറിയ ഫൈബർ—ഓപ്റ്റിക് കേബിൾ, അതിനടുത്ത് കാണുന്ന വലിയ സാധാരണ കേബിൾ വഹിക്കുന്നത്രയോ അതിലധികമോ ടെലഫോൺ സംഭാഷണങ്ങൾ വഹിക്കുന്നു.