ചെറുപ്പക്കാർ ചോദിക്കുന്നു . . .
“ബൈബിൾ യഥാർത്ഥത്തിൽ സത്യമാണോ?”
ബൈബിളിൽ ഉറച്ചവിശ്വാസം ഉണ്ടായിരുന്ന മാതാപിതാക്കളാൽ ഒരു ക്രിസ്ത്യാനിയായി മൈക്കിളി വളർത്തപ്പെട്ടു. മൈക്കിളിക്ക് ബൈബിൾ സത്യമായിരുന്നെന്ന് അംഗീകരിക്കുന്നത് രാത്രിയെ തുടർന്ന് പകൽ വരുന്നു എന്നംഗീകരിക്കുന്നതുപോലെയായിരുന്നു.
എന്നുവരികിലും, ഒരിക്കൽ ഇത് അവളുടെ മനസ്സിൽ ഉദിച്ചു—താൻ എന്തുകൊണ്ട് ബൈബിളിൽ വിശ്വസിച്ചുവെന്ന് അവൾക്കറിയില്ലായിരുന്നു. എന്റെ മാതാപിതാക്കൾ അതു വിശ്വസിച്ചിരുന്നതുകൊണ്ട് അതുവരെ ഞാനും അതു വിശ്വസിച്ചിരുന്നുവെന്ന് ഞാൻ ഊഹിച്ചു. എന്നാൽ ബൈബിൾ സത്യമാണെന്ന് തീർച്ചയാക്കുന്നതിന് അതിലുപരിയായി ചിലത് ആവശ്യമാണെന്ന് എനിക്കു തോന്നി. ബൈബിൾ ദൈവത്തിന്റെ വചനമാണെന്ന് ഞാൻ എന്നെത്തന്നെ ഒരിക്കലും യഥാർത്ഥമായി ബോദ്ധ്യപ്പെടുത്തിയിരുന്നില്ല,” അവൾ പറഞ്ഞു.
ഇത് എന്തു വ്യത്യാസം ഉളവാക്കുന്നു?
എന്നിരുന്നാലും, ‘ബൈബിൾ സത്യമാണെന്ന് ബോദ്ധ്യം വരേണ്ടത് യഥാർത്ഥത്തിൽ അത്രതന്നെ പ്രധാനമാണോ?’ എന്നു നിങ്ങൾ അതിശയിച്ചേക്കാം. തീർച്ചയായും അതെ!
ഒരു സംഗതി, ബൈബിൾ ദൈവത്തിന്റെ പുസ്തകമാണെന്ന് അവകാശപ്പെടുന്നു. (1തെസ്സലോനിക്യർ 2:13) ഇതു ശരിയാണെങ്കിൽ, നിങ്ങളുടെ ജീവിതം അതുപറയുന്നതിനനുസൃതമായിരിക്കണം. “എന്റെ വചനങ്ങൾ . . . അവയെ കണ്ടെത്തുന്നവർക്ക് ജീവൻ ആകുന്നു” എന്ന് ദൈവവചനം പറയുന്നു.— സദൃശവാക്യങ്ങൾ 4:20-22.
നിങ്ങളുടെ ജീവൻ ഒരു ശസ്ത്രക്രിയാവിദഗ്ദ്ധന്റെ വൈദഗ്ദ്ധ്യത്തെ ആശ്രയിച്ചിരിക്കുന്നുവെങ്കിൽ, അയാൾ ഒരു മുറിവൈദ്യനല്ല എന്ന് ഉറപ്പുവരുത്താൻ നിങ്ങളാഗ്രഹിക്കുകയില്ലേ? അതുപോലെതന്നെ ബൈബിൾ സത്യമാണെന്നും നിങ്ങൾക്കു ബോദ്ധ്യം വരേണ്ടതുണ്ട്.
ബൈബിൾ കൈവശം വയ്ക്കുന്നതു മാത്രം മതിയാകുന്നില്ല
ഒരു ബൈബിൾ കൈവശം വയ്ക്കുകമാത്രം ചെയ്യുന്നതിലുപരി അത് അർത്ഥമാക്കുന്നു. വലിയ നഗരഅന്ത:പുരങ്ങളിൽ, ആളുകൾ സാധാരണയായി തൊട്ടടുത്ത് താമസിക്കുന്നു. ഒരു ഭിത്തി മാത്രമെ അവരെ വേർതിരിക്കുന്നുള്ളുവെങ്കിലും അവർ അപരിചിതരായി തന്നെ കഴിയുന്നു. അങ്ങനെ, അവർ ഒരിക്കലും അവരുടെ അയൽക്കാരിൽ ദൃഢവിശ്വാസവും ആശ്രയവും വളർത്തിയിട്ടില്ല. അങ്ങനെ ചെയ്യുന്നതിന്, അന്യോന്യം മനസ്സിലാക്കുവാൻ തക്കവണ്ണം അവർ സമയമെടുക്കേണ്ടതുണ്ട്. സമാനമായി, ബൈബിളിനും നാം അതിന്റെ ജ്ഞാനം ഉൾക്കൊള്ളാതെ തന്നെ, നമ്മുടെ കൈയെത്താവുന്നിടത്തായിരിക്കാൻ കഴിയും. നിങ്ങൾ എപ്പോഴെങ്കിലും ബൈബിളിൽ വിശ്വസിക്കാൻ പോകുന്നെങ്കിൽ നിങ്ങൾ അതു പരിശോധിച്ചു നോക്കേണ്ടതുണ്ട്.
ക്രിസ്ത്യാനികളോടുള്ള അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധിയുപദേശം “സകലവും നിശ്ചയപ്പെടുത്തുക” എന്നതായിരുന്നു. അല്ലെങ്കിൽ മറ്റുവാക്കുകളിൽ പറഞ്ഞാൽ ദി ലിവിംഗ് ബൈബിൾ പറയുന്നപ്രകാരം “ഇതു സത്യമാണെന്ന് ഉറപ്പുണ്ടായിരിക്കുക എന്നു പറയുന്നതുവരെ എല്ലാം പരിശോധിക്കുക.” (1 തെസ്സലോനിക്യർ 5:21) ഒരു സംഗതി സത്യമാണോയെന്നു കണ്ടുപിടിക്കാൻ പരിശോധിക്കുകയും സൂക്ഷമനിരീക്ഷണം നടത്തുകയും ചെയ്യുന്നതിനെ ഈ പ്രസ്താവന അർത്ഥമാക്കുന്നു. പുരാതന കാലങ്ങളിൽ വിലയേറിയ ലോഹങ്ങളോടുള്ള ബന്ധത്തിൽ ഇതു ചെയ്തിരുന്നു. ഒരു സ്വർണ്ണ മോതിരമോ നെക്ലസോ വാങ്ങുന്നതിനുള്ള അവസരം നിങ്ങൾക്കു ലഭിച്ചിട്ടുണ്ടെങ്കിൽ അതു യഥാർത്ഥമായിരുന്നെന്ന് നിങ്ങൾ ആദ്യം തന്നെ ഉറപ്പു വരുത്തിയിട്ടില്ലേ?
ഉദാഹരണത്തിന്, പമീല തനിക്കു പത്തു വയസ്സുണ്ടായിരുന്നപ്പോൾ യാതൊരെതിർപ്പും കൂടാതെ ബൈബിൾ അംഗീകരിച്ചതായിരുന്നു. എന്നിരുന്നാലും അവൾ വളർന്നപ്പോൾ അതിന്റെ ആഴമായ ഒരു പഠനത്തിന്റെ ആവശ്യം അവൾ കണ്ടു. “എന്നെ സംബന്ധിച്ചിടത്തോളം ബൈബിൾ സത്യമാണെന്ന് പറയുന്നതു മാത്രം മതിയായിരുന്നില്ല,” അവൾ പറയുന്നു. “എന്നെത്തന്നെ ബോദ്ധ്യപ്പെടുത്തുന്നതിന് യുക്തിയുക്തമായ കാരണങ്ങൾ ആവശ്യമായിരുന്നു.” (1പത്രോസ് 3:15) പുരാതന ബരോവയിൽ ജീവിച്ചിരുന്ന ചില ആളുകളുടേതുപോലെയായിരുന്നു അവളുടെ മനോഭാവം.
ഏതാണ്ട് പൊ.യു.50-ൽ അപ്പോസ്തലനായ പൗലോസ് ഈ നഗരം സന്ദർശിച്ചു. ആ ബരോവയഹൂദൻമാരോട് പൗലോസ് പറഞ്ഞത് അവർക്കു മനസ്സിലായി. എന്നാൽ അത് നിശ്ചയപ്പെടുത്താൻ അവരാഗ്രഹിച്ചു. (സദൃശവാക്യങ്ങൾ 14:15) അവർ എന്തു ചെയ്തു? പൗലോസിനെ ശ്രദ്ധിച്ചശേഷം “ആ കാര്യങ്ങൾ അങ്ങനെതന്നെയോ എന്നറിയുന്നതിന് അവർ ദൈനംദിനം തിരുവെഴുത്തുകൾ പരിശോധിച്ചു.” (പ്രവൃത്തികൾ 17:11) അങ്ങനെ അവർ തിരുവെഴുത്തിൽനിന്ന് അവർക്കു കാണാൻ കഴിഞ്ഞവയും പൗലോസിന്റെ വാക്കുകളും തമ്മിൽ പരിശോധിച്ചുനോക്കി. നിങ്ങൾക്കും അതുതന്നെ ചെയ്യാൻ കഴിയും!
നിങ്ങൾക്ക് ബൈബിൾ എങ്ങനെ പരിശോധിക്കാൻ കഴിയും?
നിങ്ങൾ എങ്ങനെ ആരംഭിക്കുന്നു? ഏറ്റവും ശക്തമായ കാരണങ്ങളിലൊന്ന് ബൈബിൾ നിശ്വസ്തമായതിനാൽ ഭാവി മുൻകൂട്ടിപ്പറയുന്നതിനുള്ള അതിന്റെ പിഴവുപറ്റാത്ത പ്രാപ്തിയാണ്. “അവരുടെ [ജാതികളുടെ] ഇടയിൽ ഇതു പ്രസ്താവിക്കാൻ കഴിയുന്നവർ ആരുള്ളു?” അത് ചോദിക്കുന്നു. സർവ്വശക്തനായ ദൈവത്തിനു മാത്രമെ പരാജയം കൂടാതെ ‘ആരംഭത്തിങ്കൽ തന്നെ അവസാനവും പറയാൻ’ കഴിയുകയുള്ളു. (യെശയ്യാവ് 43:9; 46:10) അവൻ ബൈബിളിൽ ആവർത്തിച്ച് അങ്ങനെ ചെയ്യുന്നു. “ചില പ്രവചനങ്ങൾ പരിശോധിച്ച ശേഷം അതു ചെയ്തതെല്ലാം മുൻകൂട്ടിപ്പറയാൻ അതിനു കഴിഞ്ഞതെങ്ങനെ എന്നു കാണുന്നതിൽ ഞാൻ വിസ്മയിച്ചു പോയി” എന്ന് 14 വയസ്സുകാരി ജാനി പറയുന്നു.
മറ്റൊരു പഠനമണ്ഡലം ബൈബിളിന്റെ ചരിത്രപരമായ കൃത്യതയായിരിക്കാവുന്നതാണ്. പമീല പറയുന്നു: “ബൈബിൾ ചരിത്രപരമായി എത്ര പ്രാമാണികമാണെന്ന് കാണുന്നതിന് അതു യഥാർത്ഥത്തിൽ എന്നെ സഹായിച്ചു. അവ വെറും കഥകൾ അല്ല മറിച്ച് യഥാർത്ഥ സംഭവങ്ങളും ആളുകളും ആയിരുന്നെന്ന് ഞാൻ തിരിച്ചറിയാൻ തുടങ്ങി.”
പ്രയോജനകരമായ മറ്റു പഠനമണ്ഡലങ്ങളും പരിശോധനകളും ബൈബിളിന്റെ ആന്തരികപൊരുത്തങ്ങളും അതിന്റെ സത്യസന്ധതയും നിഷ്കപടതയും അതിന്റെ ശാസ്ത്രീയ കൃത്യതയും ആണ്. 18-ഉം 19-ഉം പേജുകൾ ബൈബിളിലുള്ള വിശ്വാസം കെട്ടുപണിചെയ്യുന്ന വിവരങ്ങൾക്കുള്ള ചില ഉദാഹരണങ്ങൾ നൽകുന്നു.
ബൈബിൾ പരിശോധിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം ഫിലിപ്പ് എന്ന യുവാവ് സൂചിപ്പിച്ചു: “ബൈബിളിലുള്ള എന്റെ വിശ്വാസം വളർന്നത് ആളുകളുടെ ജീവിതത്തിലുള്ള അതിന്റെ സ്വാധീനം കണ്ടപ്പോഴാണ്. ബൈബിളനുസരിച്ചു ജീവിക്കുന്നവർ അമിതമായി ഭാരപ്പെടുത്തപ്പെടുന്നതിനു പകരം വളരെയധികമായി പ്രയോജനം അനുഭവിക്കുന്നതു ഞാൻ കണ്ടു.”
ദൈവത്തിൽ നിന്നുള്ള ഒരു പുസ്തകം നല്ല ഫലം ഉൽപ്പാദിപ്പിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുകയില്ലേ? ആളുകൾ അതിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പിൻപറ്റുമ്പോൾ അവർ നല്ലവരായിത്തീരുന്നുവെന്ന് വസ്തുതകൾ പ്രകടമാക്കുന്നു. (എഫേസ്യർ 4:20-32 കാണുക) “ബൈബിൾ തത്വങ്ങൾ ബാധകമാക്കുന്നത് ആളുകളെ സന്തുഷ്ടരാക്കുന്നതെങ്ങനെയെന്നു കാണുന്നത് ബൈബിൾ സത്യമാണെന്നുള്ള നിങ്ങളുടെ വിശ്വാസം യഥാർത്ഥത്തിൽ വർദ്ധിപ്പിക്കുന്നു എന്ന് 13 വയസ്സുകാരി സാറ കൂട്ടിച്ചേർക്കുന്നു. (സങ്കീ. 119:1, 2; 1 രാജാ. 10:6-8 താരതമ്യം ചെയ്യുക.) അവൾ പറഞ്ഞത് എത്ര ശരിയാണ്!
“ഒരുവനേക്കാൾ ഇരുവർ നല്ലത്”
തീർച്ചയായും ബൈബിൾ പരിശോധിക്കുന്നതിൽ നിങ്ങൾക്ക് ചില സഹായം ആവശ്യമായിരുന്നേക്കാം. വാച്ച്ടവർ സൊസൈറ്റി സഹായിക്കുന്നതിന് പ്രസിദ്ധീകരണങ്ങൾ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്.a കൂടാതെ, സഭാപ്രസംഗി 4:9 നമ്മെ ഓർമ്മപ്പെടുത്തുന്നു, “ഒരുവനേക്കാൾ ഇരുവർ നല്ലത്.” എന്തുകൊണ്ട് നിങ്ങൾ ആശ്രയിക്കുന്ന, പ്രശ്നം നിസ്സാരമായി തള്ളിക്കളയുകയില്ലാത്ത ചിലരെ സമീപിക്കുകയും സഹായം ചോദിക്കുകയും ചെയ്യാൻ പാടില്ല?
ഉദാഹരണത്തിന്, 15 വയസ്സുകാരൻ വാൾട്ടർ തന്റെ സഹപാഠികളിലും അദ്ധ്യാപകരിലും ചുരുക്കം പേർ ബൈബിളിൽ വിശ്വസിച്ചതായി കണ്ടുപിടിച്ചു. ഇത് അവനെ അസ്വസ്ഥനാക്കുകയും പതറിക്കുകയും ചെയ്തു. എന്നിരുന്നാലും അവൻ തന്റെ വികാരങ്ങൾ തന്റെ പിതാവിനോട് വിവരിച്ചു. അപ്പോൾ ബൈബിളിന്റെ സത്യതയിൽ അവന്റെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുവേണ്ടി അതിന്റെ ശ്രദ്ധാപൂർവ്വമായ ഒരു പഠനത്തിന് അവർ ഒത്തൊരുമിച്ച് അനേകം മണിക്കൂറുകൾ ചെലവഴിച്ചു. “ബൈബിൾ വെറുതെ അന്ധമായി സ്വീകരിക്കുന്നതിനു പകരം അതിൽ വിശ്വസിക്കുന്നതിനുള്ള നല്ല കാരണങ്ങൾ എനിക്കു കാണാൻ കഴിഞ്ഞു” എന്ന് അവൻ പറയുന്നു.—റോമർ 12:1,2.
“ഇതു സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിങ്ങളുടെ മാതാപിതാക്കളോട് സത്യസന്ധരായിരിക്കുക” എന്ന് യുവതിയായ ജാനൽ നിർദ്ദേശിക്കുന്നു. “വിശ്വസിക്കാൻ പ്രയാസമുള്ള എന്തെങ്കിലും കണ്ടെത്തുന്നെങ്കിൽ ചോദ്യങ്ങൾ ചോദിക്കുക.” (സദൃശവാക്യങ്ങൾ 15:22) പ്രയാസകരമായ വിധത്തിൽ ഡന്നീസ് പഠിച്ചു. ബൈബിൾ സത്യമാണെന്ന് അവനുതന്നെ ബോദ്ധ്യം വരുന്നതിനു മുൻപ് വേദനാകരമായ ഒരു മത്സരാത്മകഗതിയിലൂടെ അവൻ നീങ്ങി. അവന്റെ അനുഭവം ബൈബിളിലുള്ള ആശ്രയം വർദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള ആഴമേറിയ വ്യക്തിപരമായ താത്പര്യത്തിന്റെയും ശ്രമത്തിന്റെയും ആവശ്യം അവനെ പഠിപ്പിച്ചു. “നിങ്ങളുടെ മാതാപിതാക്കൾ പറയുന്നത് എന്താണെന്ന് വ്യക്തിപരമായി ചിന്തിക്കാതെ വെറുതെ സ്വീകരിക്കുന്നെങ്കിൽ അതിന് പിന്നീട് യഥാർത്ഥ പ്രശ്നത്തിലേക്കു നയിക്കാൻ കഴിയും,” അവൻ പറയുന്നു.—1 തിമോഥെയോസ് 4:15.
ഈ സംഗതിയിൽ സഹായത്തിനുള്ള മറ്റൊരു വലിയ ഉറവിടം ബൈബിളിൽ ഉറച്ച വിശ്വാസമുള്ളവരുമായുള്ള സഹവാസമാണ്. (സദൃശവാക്യങ്ങൾ 27:17) “തങ്ങളെ ബോദ്ധ്യപ്പെടുത്തിയിരിക്കുന്നതെന്താണെന്ന് മറ്റുള്ളവരോടു ചോദിക്കുക” ഡെന്നീസ് പറയുന്നു. സഹവിശ്വാസികളുമായി കണ്ടുമുട്ടുമ്പോൾ അവരെ ശ്രദ്ധിക്കുന്നത് ഒരു രീതിയാക്കുക. (എബ്രായർ 10:24,25) “മീറ്റിംഗുകളിൽ ഞാൻ വെറുതെ ഇരിക്കുമായിരുന്നു എന്നല്ലാതെ കൂടുതലായി യാതൊന്നും മനസ്സിലാക്കിയിരുന്നില്ല” എന്ന് 21 വയസ്സുകാരി കിംബേർലി പറയുന്നു. “എന്നാൽ ബൈബിളിൽ എനിക്ക് യഥാർത്ഥ വിശ്വാസം ഉണ്ടാകുന്നതിന് ഞാൻ കൂടുതലായി ചിലതു ചെയ്യേണ്ടതുണ്ടായിരുന്നെന്ന് ഞാൻ മനസ്സിലാക്കി.” അവൾ സദൃശവാക്യങ്ങൾ 1:5-ലെ ബുദ്ധിയുപദേശം പിൻപറ്റി. അവൾ നന്നായി ശ്രദ്ധിക്കുകയും കൂടുതലായ നിർദ്ദേശങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
അവസാനമായി, ശരിയായ ഒരു മനോഭാവം ഉണ്ടായിരിക്കേണ്ടയാവശ്യമുണ്ട്. (സങ്കീർത്തനം 25:4,5,9) “നിങ്ങൾ ബൈബിളിൽ വിശ്വാസം ആർജ്ജിക്കേണ്ട ഒരാളാണെങ്കിൽ, നിങ്ങൾ സഹായത്തിനായി ദൈവത്തോടു പ്രാർത്ഥിക്കേണ്ടത് വളരെ പ്രധാനമാണ്” എന്ന് സാറാ ഊന്നിപ്പറയുന്നു. അന്തിമമായി, ഇത് അവന്റെ പുസ്തകമാണ്. യേശു പ്രസ്താവിച്ച ഒരു തത്വം നാം പിൻപറ്റേണ്ടതുണ്ട്: “ചോദിച്ചുകൊണ്ടേയിരിക്കുക, അതു നിങ്ങൾക്കു നൽകപ്പെടും; അന്വേഷിച്ചുകൊണ്ടേയിരിക്കുക, നിങ്ങൾ കണ്ടെത്തും.” (മത്തായി 7:7) ഈ വിധത്തിൽ നിങ്ങൾക്ക് ബൈബിളിൽ വിശ്വാസം വളർത്താൻ കഴിയും.
അപ്പോസ്തലനായ പൗലോസ് തിമോഥെയോസിനോടു പറഞ്ഞു: “നീ പഠിച്ചതും വിശ്വസിക്കാൻ പ്രേരിപ്പിക്കപ്പെട്ടതുമായ ഈ കാര്യങ്ങളിൽ തന്നെ നിലനിൽക്കുക.” ദി ന്യൂ ടെസറ്റമെൻറ് ഇൻ മോഡേൺ ഇംഗ്ലീഷ് പറയുന്നപ്രകാരം “നീ പഠിച്ചതും നീ അറിയുന്നതുമായ കാര്യങ്ങൾ സത്യമാകുന്നു.” (2തിമോഥെയോസ് 3:14) താൻ പഠിച്ചകാര്യങ്ങൾ വിശ്വസിക്കാൻ തിമോഥെയോസ് പ്രേരിപ്പിക്കപ്പെട്ടു. കാരണം അവന് മതിയായ തെളിവ് നൽകപ്പെട്ടു. ഈ ലേഖനത്തിന്റെ ആരംഭത്തിൽ പരാമർശിക്കപ്പെട്ട മൈക്കിളിയും അങ്ങനെതന്നെയായിരുന്നു. അവൾ ശ്രദ്ധാപൂർവ്വം തെളിവുകൾ പരിശോധിച്ചു. അവൾക്ക് ഇപ്പോൾ “ബൈബിൾ സത്യമാണെന്ന് എനിക്കുറപ്പുണ്ട്” എന്നു പറയാൻ കഴിയുന്നു. (g87 6/8)
[അടിക്കുറിപ്പുകൾ]
a ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയെക്കുറിച്ച്, യേശുക്രിസ്തുവിന്റെ വരവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ പ്രതിപാദിക്കുന്ന, ആസന്നമായിരിക്കുന്ന ലോകഗവൺമെൻറ്—ദൈവരാജ്യം, അല്ലെങ്കിൽ നിന്റെ രാജ്യം വരേണമേ അദ്ധ്യായം 7 എന്നിവിടങ്ങളിൽ നിങ്ങൾ വായിച്ചിട്ടുണ്ടായിരിക്കാം. സഹായകമായ മറ്റു വിവരങ്ങൾ ബൈബിൾ യഥാർത്ഥത്തിൽ ദൈവവചനമോ?, എല്ലാതിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു, ജീവൻ—അത് ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ അതോ സൃഷ്ടിയാലോ? അദ്ധ്യായം 17,18 എന്നിവിടങ്ങളിൽ കാണാൻ കഴിയും.
[14, 15 പേജുകളിലെ ചതുരം/ചിത്രം]
ബൈബിൾ പ്രവചനവും നിവൃത്തിയും
ലൂക്കോസ് 19:41-44 വരെയും 21:20,21-ലും രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങൾ വായിക്കുക. പൊ. യു. 33-ലെ തന്റെ മരണത്തിന് തൊട്ടുമുൻപ് യേശു യെരൂശലേമിനെക്കുറിച്ച് കരഞ്ഞു, കാരണം അതിന് എന്ത് സംഭവിക്കാൻ പോകുന്നുവെന്ന് അവൻ അറിഞ്ഞിരുന്നു. കൊടും വിപത്തിന് കാരണമാക്കിക്കൊണ്ട് റോമൻ സൈന്യം എങ്ങനെ വരുമെന്നും, യെരൂശലേമിനു ചുറ്റും മുനയാക്കിയ സ്തംഭങ്ങൾകൊണ്ട് കോട്ടകെട്ടി നഗരത്തെ എങ്ങനെ നശിപ്പിക്കുമെന്നും അവൻ പ്രവചിച്ചു. റോമാക്കാർ നഗരത്തിനെതിരായി വരുന്നത് കാണുമ്പോൾ ‘പർവ്വതങ്ങളിലേക്ക് ഓടിപ്പോകുന്നതിനും’ അങ്ങനെ തങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും അവൻ തന്റെ ശിഷ്യൻമാർക്ക് മുന്നറിയിപ്പ് കൊടുത്തു.
നിങ്ങൾ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, പൊ.യു.66-ൽ ഇവയെല്ലാം സംഭവിച്ചതായി നിങ്ങൾ കണ്ടെത്തും. 33 വർഷങ്ങൾക്കു ശേഷം റോമൻ സൈന്യം യെരൂശലേമിനെ ആക്രമിച്ചു. യഹൂദ ചരിത്രകാരനായ ജോസീഫസ് പറയുന്നതനുസരിച്ച് റോമൻ സൈന്യാധിപൻ “യാതൊരു പരാജയവും അനുഭവിച്ചില്ലെങ്കിലും പ്രതീക്ഷ ഉപേക്ഷിച്ച് തന്റെ സൈന്യത്തെ പിൻവലിച്ചു, എല്ലാ ന്യായങ്ങൾക്കും ഉപരിയായി നഗരത്തിൽനിന്നും പിൻവാങ്ങി.” ഇത് യേശുവിന്റെ പ്രവചനം ഓർമ്മിച്ച ക്രിസ്ത്യാനികളെ രക്ഷപെടുന്നതിന് അനുവദിച്ചു. പൊ.യു. 70-ൽ റോമാക്കാർ തിരികെവന്നു, 4.5 മൈൽ (7.2കി.മീ.) ചുറ്റളവിൽ വേലി ഉണ്ടാക്കുകയും നഗരത്തിനുള്ളിലെ എല്ലാവരെയും കുടുക്കുകയും ചെയ്തു. ബൈബിളും പുരാവസ്തു ശാസ്ത്രവും ഇങ്ങനെ പറയുന്നു: “യെരൂശലേം തന്നെ ക്രമംക്രമമായി നശിപ്പിക്കപ്പെടുകയും ആലയം നാശത്തിൽ വിടുകയും ചെയ്തു.”
ബൈബിളിന്റെ ചരിത്രപരമായ നിജസ്ഥിതി
ഒരു അഭിഭാഷകൻ ബൈബിൾ പരിശോധിക്കുന്നു എന്ന പുസ്തകം ബൈബിളിന്റെ ചരിത്രപരമായ കൃത്യത ഈ വിധത്തിൽ എടുത്തുകാട്ടുന്നു: “അഭിഭാഷകരെന്ന നിലയിൽ നല്ല വ്യവഹാരത്തിന് ഞങ്ങൾ പഠിക്കുന്ന നിയമങ്ങളെ, അതായത് പ്രസ്താവനകൾക്ക് സമയവും സ്ഥലവും സൂചിപ്പിക്കേണ്ടതാവശ്യമാണെന്ന വസ്തുതയെ ലംഘിച്ചുകൊണ്ട് ശൃംഗാരങ്ങളും കെട്ടുകഥകളും കള്ളസാക്ഷ്യങ്ങളും സംഭവങ്ങളെ ചില അനിശ്ചിതമായ സമയങ്ങളോടും ചില വിദൂരമായ സ്ഥലങ്ങളോടും ബന്ധപ്പെടുത്തുമ്പോൾ, ബൈബിൾ വിവരണങ്ങൾ കാര്യങ്ങളോടു ബന്ധപ്പെട്ട സ്ഥലവും തീയതിയും ഏറ്റവും കൃത്യമായി നമുക്കു നൽകുന്നു.”
ദി ന്യൂ ബൈബിൾ ഡിക്ഷനറി ഇപ്രകാരം അഭിപ്രായപ്പെടുന്നു: “പ്രവൃത്തികളുടെ പുസ്തകത്തിന്റെ എഴുത്തുകാരൻ തന്റെ വിവരണങ്ങൾ സമകാലിക ചരിത്രത്തിന്റെ ചട്ടക്കൂട്ടിൽ വയ്ക്കുന്നു; തന്റെ പേജുകളിൽ മുഴുവൻ നഗരമജിസ്ട്രേട്ട്മാരെയും സംസ്ഥാന ഗവർണ്ണർമാരെയും ആശ്രിത രാജാക്കൻമാരെയും അതുപോലുള്ളവരെയും കുറിച്ചുള്ള പരാമർശനങ്ങളാണ്. ഈ പരാമർശനങ്ങൾ, ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സമയത്തിനും സ്ഥലത്തിനും അനുയോജ്യമാണെന്ന് ആവർത്തിച്ചാവർത്തിച്ച് തെളിയിക്കപ്പെട്ടിരിക്കുന്നു.”
ബൈബിളിന്റെ ആന്തരിക യോജിപ്പും നിഷ്കപടതയും
ഒരു പുസ്തകം റോമാസാമ്രാജ്യത്തിന്റെ കാലത്ത് എഴുതാൻ ആരംഭിക്കുകയും മദ്ധ്യയുഗങ്ങളിലൂടെ എഴുത്തു തുടരുകയും ഈ ഇരുപതാംനൂറ്റാണ്ടിൽ പൂർത്തിയാക്കപ്പെടുകയുമാണെങ്കിൽ അതിനെക്കുറിച്ച് സങ്കൽപ്പിക്കുക. എഴുത്തുകാരുടെ തൊഴിലുകൾ, പടയാളികൾ, രാജാക്കൻമാർ, പുരോഹിതൻമാർ, മീൻപിടുത്തക്കാർ, മൃഗങ്ങളെ മേയിക്കുന്നവർ, ഡോക്ടർമാർ എന്നിവപോലെ വ്യത്യസ്തമായിരുന്നെങ്കിൽ നിങ്ങൾ എന്തു പ്രതീക്ഷിക്കും? യോജിപ്പുള്ളതും യുക്തിയുക്തവുമായിരിക്കുന്നതിന് നിങ്ങൾ പ്രതീക്ഷിക്കുമോ? ‘അസാദ്ധ്യ’മെന്ന് നിങ്ങൾ പറയുന്നു. ബൈബിൾ ഈ പരിതസ്ഥിതികളിൽ എഴുതപ്പെട്ടു—എന്നിരുന്നാലും അതു ആദ്യന്തം യോജിപ്പുള്ളതാണ്! ബൈബിൾ 40 വ്യത്യസ്ത എഴുത്തുകാരാൽ 1,600 വർഷകാലയളവിൽ എഴുതപ്പെട്ട 66 പുസ്തകങ്ങളുടെ ഒരു ശേഖരമാണ്.
പുരാതന എഴുത്തുകാരിൽ ഭൂരിപക്ഷവും തങ്ങളുടെ വിജയങ്ങളെയും നൻമകളെയുംകുറിച്ച് മാത്രം രേഖപ്പെടുത്തിയപ്പോൾ, ബൈബിളിന്റെ എഴുത്തുകാർ തങ്ങളുടെ കുറ്റങ്ങളെപ്പറ്റിയും അതുപോലെ അവരുടെ രാജാക്കൻമാരുടെയും നേതാക്കൻമാരുടെയും പരാജയങ്ങളെപ്പറ്റിയും തുറന്നു സമ്മതിച്ചു. ഇതിന്റെ ചില ഉദാഹരണങ്ങൾ, സംഖ്യാപുസ്തകം 20:1-13-ലും ആവർത്തനം 32:50-52-ലും ആ പുസ്തകങ്ങളുടെ എഴുത്തുകാരനായ മോശയെ സംബന്ധിച്ചുള്ളതു വായിക്കുക; യോനാ 1:1-3-ലും യോനാ 4:1-ലും യോനായുടെ പരാജയങ്ങളെ സംബന്ധിച്ചാണ്; മത്തായി 17:18-20, 18:1-6, 20:20-28, 26:25 എന്നിവിടങ്ങളിൽ യേശുവിന്റെ ശിഷ്യൻമാർ കാണിച്ച മോശമായ ഗുണങ്ങളെ സംബന്ധിച്ചും വായിക്കുക. ബൈബിളെഴുത്തുകാരുടെ പരമാർത്ഥതയും നിഷ്കപടതയും ദൈവനിശ്വസ്തമാണെന്നുള്ള അവരുടെ അവകാശവാദത്തിന് പിന്തുണ നൽകുന്നു. (g87 6/8)
[13-ാം പേജിലെ ചിത്രം]
ഒരു സ്വർണ്ണാഭരണം വാങ്ങുന്നതിനു മുൻപ് അത് യഥാർത്ഥമാണെന്ന് നിങ്ങൾ ഉറപ്പുവരുത്തുന്നു.