“എനിക്ക് എന്റെ ദുഃഖവും പേറി എങ്ങനെ ജീവിക്കാൻ കഴിയും?”
പതിനെട്ടു വർഷംമുൻപ് ഡയാനയെയും ക്രിച്ചിനെയും ദുരന്തം ബാധിച്ചു. ആറു വയസ്സുണ്ടായിരുന്ന അവരുടെ പുത്രനായ ഡേവിഡിന് ജൻമജാത ഹൃദ്രോഗമുണ്ടായിരുന്നു. ഡയാന കഥ വിവരിക്കുന്നു:
“ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ ഒരു പരിശോധന നടത്തണമെന്ന് ഒരു ഡോക്ടർ ഉപദേശിച്ചിരുന്നു. ഞങ്ങൾ അതിനു സമ്മതിച്ചു. ഡേവിഡ് ജീവൻ തുളുമ്പുന്നവനായിരുന്നു, മിക്കപ്പോഴും അമിത ചുറുചുറുക്കുള്ളവൻ. ജനുവരി 25 ഞാൻ ഓർക്കുന്നു, ഡേവിഡ് അവന്റെ സഹോദരിയുടെ മുറി അലങ്കോലപ്പെടുത്തിക്കൊണ്ട് അവളെ ശല്യപ്പെടുത്തുകയായിരുന്നു. കളിക്കാൻ പുറത്തു പോകട്ടെയെന്ന് അവൻ ചോദിച്ചപ്പോൾ ഞാൻ അനുവദിച്ചു.
“കുറെ കഴിഞ്ഞ് ഒരു ആംബുലൻസിന്റെ ശബ്ദം കേട്ടു. പിന്നീട് ഒരു അയൽവാസി ‘ഡയാനാ അതു ഡേവിഡാണ്, വേഗം വരണം’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഓടിയെത്തി! ഞാൻ പുറത്തേക്കുപോയി. ഡേവിഡിനെ ഇടിച്ച കാറിന്റെ ബോണറ്റിൻമേൽ അവനെ കിടത്തിയിരുന്നു. എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. ഞാൻ തളർന്നുപോയതുപോലെ തോന്നി. അവർ ആംബുലൻസിൽ അവനെ കൊണ്ടുപോയി. എന്നാൽ എല്ലാം വ്യർത്ഥമായിരുന്നു. അവന്റെ കൊച്ചു ഹൃദയം പ്രവർത്തനരഹിതമായി. അവൻ മരിച്ചു.”
ഉണരുക!: “ഈ ഭയങ്കര നഷ്ടം നിങ്ങളെ എങ്ങനെ ബാധിച്ചു?”
ഡയാന: “ഞാൻ പ്രതികരണങ്ങളുടെ ഒരു പരമ്പരയിലൂടെ കടന്നുപോയി—മരവിപ്പ്, അവിശ്വാസം, കുറ്റബോധം, അവന്റെ അവസ്ഥ എത്ര ഗൗരവതരമാണെന്ന് തിരിച്ചറിയാഞ്ഞതിനാൽ എന്റെ ഭർത്താവിനോടും ഡോക്ടറോടുമുള്ള അരിശം. അന്നു ഞാൻ ഡേവിഡിന്റെ കാര്യത്തിൽ വളരെ അസ്വസ്ഥയായിരുന്നു. അതിഥികൾ ഭക്ഷണം കഴിക്കുന്നതിനു വരുന്നുണ്ടായിരുന്നു. പത്താഴ്ച പ്രായമുള്ള ഒരു ശിശുവിനെ പരിപാലിക്കേണ്ടതുമുണ്ടായിരുന്നു. വളരെയധികം പണിയുണ്ടായിരുന്നു. അങ്ങനെയിരിക്കെ അടുത്തതായി ഞാൻ അറിയുന്നത് അവർ ഡേവിഡിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നുവെന്നായിരുന്നു.
“അവൻ മരിച്ചുവെന്ന് എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ‘മരിച്ച’ ‘മരണം’ എന്നിങ്ങനെയുള്ള പദങ്ങൾ ഞാൻ അംഗീകരിക്കുകയില്ലായിരുന്നു. എന്നെ സംബന്ധിച്ചടത്തോളം അവൻ ഒരു യാത്രയ്ക്കു പോയിരിക്കുകയായിരുന്നു. ‘അവൻ ദൈവത്തിന്റെ ഓർമ്മയിൽ ജീവിച്ചിരിക്കുന്നു, അവൻ തിരിച്ചുവരാൻപോകുകയാണ്,’ ഞാൻ വിചാരിച്ചു. തന്നിമിത്തം അവൻ മരിച്ച് ഏഴാഴ്ച കഴിഞ്ഞപ്പോൾ ഞാൻ അവന് എഴുത്തുകളെഴുതാൻ തുടങ്ങി. 13 വർഷക്കാലം ഞാൻ ആ എഴുത്തുകളെഴുതി.
ദുഃഖം എത്ര നാൾ നിലനിൽക്കും?
ഡയാനയുടെ ദീർഘകാല ദുഃഖം നിങ്ങളുടെ ദുഃഖത്തിനു സഹായം എന്ന തന്റെ പുസ്തകത്തിൽ ഡോ. ആർതർ ഫ്രീസ് പ്രസ്താവിക്കുന്നതിനെ പിന്താങ്ങുന്നു: “ഒരു കുട്ടിയുടെ നഷ്ടം മാതാപിതാക്കളിൽ, വിശിഷ്യ തള്ളയിൽ സ്ഥിരമായ ദുഃഖം ഉളവാക്കുന്നു.”
“കറങ്ങിവരുന്ന ആണ്ടുവട്ടത്തിൽ ദുഃഖം മടങ്ങിവരുന്നു” എന്നതായിരുന്നു കവിയായ ഷെല്ലിയുടെ അഭിപ്രായം. നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ വാർഷികസ്മരണ വേദനകളെ പുതുക്കുന്നു. ഇന്ന് ദശലക്ഷക്കണക്കിനാളുകൾക്ക് അതിനെ സ്ഥിരീകരിക്കാൻ കഴിയും. ഫലത്തിൽ ‘എനിക്ക് എന്റെ ദുഃഖവും പേറി എങ്ങനെ ജീവിക്കാൻകഴിയും?’ എന്ന് അവർ ചോദിക്കുന്നു. എന്നിരുന്നാലും ദുഃഖം ഒരു ശമക പ്രക്രിയയാണ്. പക്ഷേ ഒരിക്കലും പൂർത്തിയാകുന്നില്ല. നഷ്ടബോധം നിലനിൽക്കുന്നുവെങ്കിലും കടുത്ത ദുഃഖം കുറയുകതന്നെ ചെയ്യുന്നു.
ബ്രിട്ടനിലെ ഹാരോൾഡും മാർജോറി ബേർഡും ഈ അഭിപ്രായത്തെ സ്ഥിരീകരിക്കുന്നു. സ്റ്റീഫൻ എന്ന അവരുടെ 19 വയസ്സുകാരൻ പുത്രൻ പത്തുവർഷം മുമ്പു മുങ്ങിമരിച്ചപ്പോൾ അവർക്ക് അവനെ നഷ്ടപ്പെട്ടു. അവൻ അവരുടെ ഏകസന്താനമായിരുന്നു. അവന്റെ മൃതദേഹം ഒരിക്കലും കണ്ടുകിട്ടിയില്ല. അതു കാര്യങ്ങളെ കൂടുതൽ വഷളാക്കി. ഹാരോൾഡ് ദുഃഖത്തിന്റെ പ്രക്രിയയെക്കുറിച്ചു പറയുന്നു: “സമയം ദുഃഖം ശമിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു, എന്നാൽ യഥാർത്ഥത്തിൽ അത് പ്രിയപ്പെട്ടയാളിനെക്കുറിച്ചുള്ള സ്മരണ മന്ദീഭവിപ്പിക്കുകമാത്രമേ ചെയ്യുന്നുള്ളു. ഞങ്ങൾ പുനരുത്ഥാനത്തിൽ അവനെ വീണ്ടും കാണുമ്പോൾമാത്രമേ ഏക ദുഃഖശമനമുണ്ടാകുകയുള്ളു.”
ദുഃഖത്തെക്കുറിച്ചുള്ള ഒരു ശാസ്ത്രീയ പഠനം ദുഃഖപ്രക്രിയയെ പിൻവരുന്ന പ്രകാരം വിശദീകരിക്കുന്നു: “ദുഃഖമുള്ളയാൾ ഒരു വികാരാവസ്ഥയിൽനിന്ന് മറ്റൊന്നിലേക്ക് നാടകീയമായും പെട്ടെന്നും മാറിയേക്കാം, കുറേ കാലത്തേക്ക് മരിച്ചയാളെക്കുറിച്ചുള്ള ഓർമ്മിപ്പിക്കലുകളുടെ ഒഴിവാക്കലും മനഃപൂർവമായ ഓർമ്മിക്കലും മാറി മാറി വന്നേക്കാം. സാധാരണയായി ആളുകൾ അവിശ്വാസത്തിന്റെ ഒരു അവസ്ഥയിൽനിന്ന് നഷ്ടത്തിന്റെ ക്രമേണയുള്ള ഒരു അംഗീകരണത്തിലേക്കു നീങ്ങുന്നു.”
ഈ ഇരുണ്ട വിഷയത്തിലേക്ക് ഡോ. ഫ്രീസ് ഒരു പ്രകാശരശ്മി കടത്തിവിടുന്നു. “ഒരുവൻ എല്ലായ്പ്പോഴും കാഴ്ചപ്പാട് നിലനിർത്തണം—ദുഃഖവും വിരഹവും അനുഭവിക്കുന്ന ബഹുഭൂരിപക്ഷവും . . . മറുവശത്തുകൂടെ വരുകയും സുഖംപ്രാപിക്കുകയും വേദനയും ദുഃഖവും തുടങ്ങിയപ്പോഴത്തെ ഏതാണ്ടതേ അവസ്ഥയിലായിത്തീരുകയും ചെയ്യുന്നു.”
യഥാർത്ഥത്തിൽ പലരുടെ സംഗതിയിലും അവർ കൂടുതൽ ശക്തരായിത്തീർന്നേക്കാം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദുഃഖാനുഭവം സഹാനുഭാവം പഠിപ്പിച്ചിരിക്കുന്നു—ദുഃഖാർത്തരെക്കുറിച്ചു മെച്ചമായ ഗ്രാഹ്യവും മതാബന്ധവും ലഭിക്കുന്നു. സഹാനുബോധം സഹാനുഭൂതിയെക്കാൾ ഉപരിയായതുകൊണ്ട് ദുഃഖത്തെ അതിജീവിക്കുന്നയാൾ ഒരു ആസ്തി, ഒരു ഉപദേശകൻ, പ്രിയപ്പെട്ടവരുടെ നഷ്ടമനുഭവിക്കുന്ന മറ്റുള്ളവരുടെ ഒരു ആശ്വാസകൻ ആയിത്തീരുന്നു. ഉദാഹരണത്തിന് ഹൃദയസ്തംഭനത്താൽ മകനായ ദാവീദ് മരിച്ച ബോബ് ഇങ്ങനെ പറഞ്ഞു: “ദുഃഖഭാരം വഹിക്കുന്നതിന് മറ്റുള്ളവരെ സഹായിക്കുന്നതും ഞങ്ങളുടെ സ്വന്തം ദുഃഖത്തെ ലഘൂകരിച്ചിരിക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.”
കുറ്റബോധവും കോപവും കുറ്റാരോപണവും എന്തുകൊണ്ട്?
മിക്കപ്പോഴും മരണദുഃഖത്തോടു ബന്ധപ്പെട്ട കുറ്റബോധത്തിന്റെയും കോപത്തിന്റെയും കുറ്റാരോപണത്തിന്റെയും പ്രതികരണങ്ങൾ ഈ സാഹചര്യത്തിൽ സാധാരണമാണെന്ന് ദുഃഖത്തിന്റെ മണ്ഡലത്തിലെ വിദഗ്ദ്ധർ സമ്മതിക്കുന്നു. അതിജീവിക്കുന്നവർ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു, മിക്കപ്പോഴും സാധുവായതോ ന്യായയുക്തമായതോ ഒന്നുംതന്നെ ഉണ്ടായിരിക്കുകയില്ല. ‘അത് എനിക്ക് എന്തുകൊണ്ട് സംഭവിക്കേണ്ടിയിരുന്നു? അതിനു തക്കവണ്ണം ഞാൻ എന്തു ചെയ്തിരുന്നു? ഞാൻ ഇന്നതു ചെയ്തിരുന്നെങ്കിൽ . . . ’ എന്നാണ് പലരുടെയും സാധാരണ പ്രതികരണങ്ങൾ. മറ്റു ചിലർ ‘ദൈവം ഇതു സംഭവിക്കാൻ എങ്ങനെ അനുവദിച്ചു? ദൈവം ഇതു എന്നോട് എന്തിനു ചെയ്യണം?’ എന്നിങ്ങനെയുള്ള ചിന്തകളോടെ ദൈവത്തിനെതിരെ തിരിയുന്നു.
ഇവിടെ ബൈബിളിന്റെ ഉത്തരം മനസ്സിലേക്കു വരുന്നു. “അവർക്കെല്ലാം കാലവും മുൻകൂട്ടിക്കാണാത്ത സംഭവവും നേരിടുന്നു.” എവിടെയും ഏതു സമയത്തും അപകടം സംഭവിക്കാം, മരണം നിഷ്പക്ഷമാണ്. തീർച്ചയായും സ്നേഹവാനായ ഒരു ദൈവം കുട്ടിയെ അപഹരിച്ചുകൊണ്ട് ആരെയും ഉപദ്രവിക്കുകയില്ല.—സഭാപ്രസംഗി 9:11; 1 യോഹന്നാൻ 4:8.
ഞങ്ങളുടെ പ്രാരംഭ ലേഖനത്തിൽ പറഞ്ഞ അഗസ്റ്റിനും വാലൻറീനായും ഉണരുക!യുമായി യോനാഥാന്റെ മരണത്തെക്കുറിച്ചു ചർച്ച ചെയ്തപ്പോഴും കരയുകയുണ്ടായി. അവർക്ക് എന്തെങ്കിലും കുറ്റാരോപണങ്ങളുണ്ടായിരുന്നോ? വാലൻറീനാ പ്രതിവചിച്ചു: “വേറെ ആരുടെയെങ്കിലും കാറിൽ അവൻ ലോംഗ് അയലണ്ടിനു പോകുന്നതിനോടു എനിക്ക് ഒരിക്കലും യോജിപ്പില്ലായിരുന്നു. പരമാർത്ഥം പറയണമല്ലോ. ഞാൻ അഗസ്റ്റിനെയാണു കുറ്റപ്പെടുത്തുന്നത്. അത് ന്യായരഹിതമായ ഒരു പ്രതികരണമാണെന്നു ഇപ്പോൾ ഞാൻ തിരിച്ചറിയുന്നുണ്ട്. എന്നാൽ ആ സമയത്ത് ‘പപ്പാ അവനെ പോകാൻ അനുവദിക്കാതിരുന്നുവെങ്കിൽ അവൻ ഇപ്പോഴും ജീവനോടെ ഇരിക്കുമായിരുന്നു’വെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. ഞാൻ പപ്പായെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഞാൻ അതു പറയാതിരിക്കുന്നതു എനിക്കു പ്രയാസമായിരുന്നു, അതുകൊണ്ടു ഞാൻ തുറന്നുപറഞ്ഞു.”
ഡേവിഡിന്റെ അകാലമൃത്യുനിമിത്തമുള്ള ഡയാന ക്രിച്ചിന്റെ കോപം മൃഗങ്ങളോടുള്ള നീരസത്തിൽപോലും പ്രകടമായി. അവൾ ഉണരുക!യോട് പറഞ്ഞു: “ഒരു പട്ടിയോ പൂച്ചയോ തെരുവിലൂടെ നടക്കുന്നതു ഞാൻ കാണുകയാണെങ്കിൽ ‘ആ മൃഗത്തിനു ഒരു നല്ല ഹൃദയം അതിനുള്ളിൽ പ്രവർത്തിക്കുന്നുണ്ടെ’ന്ന് ഞാൻ വിചാരിക്കും. ‘എന്റെ മകന് എന്തുകൊണ്ട് ഒരു നല്ല ഹൃദയം ഉണ്ടായില്ല? എന്റെ ഡേവിഡ് ജീവിച്ചിരിക്കാതെ ഒരു മൃഗം എന്തിനു ഓടിനടക്കണം?’”
മിക്കപ്പോഴും യുക്തിരഹിതമെങ്കിലും ഈ പ്രതികരണങ്ങളെല്ലാം സ്വാഭാവികമാണെന്ന് വിദഗ്ദ്ധർ നമുക്കുറപ്പു നൽകുന്നു. ചോദ്യംചെയ്യൽ ന്യായീകരണത്തിന്റെ ഒരു രൂപമാണ്, യാഥാർത്ഥ്യവുമായുള്ള പൊരുത്തപ്പെടൽപ്രക്രിയയുടെ ഒരു ഭാഗമാണ്. ഒടുവിൽ ഒരു ഉറച്ച വീക്ഷണം ലഭിക്കുന്നു. സാമാന്യബുദ്ധി പ്രബലപ്പെടുന്നു. ഡോ. ഫ്രീസ് പ്രസ്താവിക്കുന്നതുപോലെ: “നല്ല ദുഃഖത്തിന്റെ പരിശോധന—വിലപിക്കലിന്റെയും ദുഃഖത്തിന്റെയും വൈകാരികപ്രശ്നങ്ങളെ വേണ്ട രീതിയിൽ കൈകാര്യംചെയ്യുന്നതിന്റെയും മരണത്തെ അംഗീകരിക്കുന്നതിന്റെയും അതോടുകൂടിയുള്ള സകല വിചാരങ്ങളെയും സത്യസന്ധതയോടെ വീക്ഷിക്കുന്നതിന്റെയും പരിശോധന—ദുഖാർത്തൻ ഒടുവിൽ ഈ വിഷമസന്ധിയെ നിസ്സാരമായ വേദനയോടെ അഥവാ ലഘുവായ ദുഃഖചിന്തകളോടെ പൊറുക്കുന്നുവെന്നതാണ്.”
ഇത് ഒരു സമീകരണത്തിലേക്കു നയിക്കുന്നു. ഡോ. ഫ്രീസ് തുടരുന്നു: “ഒടുവിൽ വേദനയും സങ്കടവും അരിഷ്ടതയും മാറി ഗതകാലചിന്തയും സന്തോഷകരമായ ചിന്തകളും മരണമടഞ്ഞയാളെക്കുറിച്ചു സത്യസന്ധതയോടെയും പ്രിയത്തോടെയും സംസാരിക്കാനുള്ള പ്രാപ്തിയും കൈവരുന്നതാണ്.” ഈ ഘട്ടത്തിൽ സ്മരണകൾ സങ്കടത്തെക്കാളധികം പ്രിയം വർദ്ധിപ്പിക്കുന്നു.
ഒരു ചാപിള്ളയുടെ നഷ്ടത്തെ അഭിമുഖീകരിക്കൽ
മോനായിക്കു മറ്റു മക്കളുണ്ടായിരുന്നിട്ടും അവൾ തന്റെ അടുത്ത കുട്ടിക്കുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ജനനത്തിനുമുമ്പുതന്നെ “ഞാൻ കൂടെകളിക്കുകയും സംസാരിക്കുകയും സ്വപ്നം കാണുകയും ചെയ്ത ഒരു ശിശുവായിരുന്നു അത്.”
തള്ളയും അജാത ശിശുവും തമ്മിലുള്ള ബന്ധപ്രക്രിയ ശക്തമായിരുന്നു. അവൾ തുടരുന്നു: “റേച്ചൽ ആനി എന്റെ വയറ്റിൽ തൊഴിക്കുകയും എന്നെ രാത്രിയിൽ ഉറക്കാതിരിക്കുകയുംചെയ്ത ഒരു ശിശുവായിരുന്നു. ശാന്തവും സ്നേഹപൂർവ്വകവുമായ ആദ്യത്തെ ചെറിയ തൊഴികളെ, തട്ടുകളെ, എനിക്ക് ഇപ്പോഴും ഓർക്കാൻ കഴിയും. അവൾ അനങ്ങിയ ഓരോ പ്രാവശ്യവും എന്നിൽ വളരെ സ്നേഹം നിറഞ്ഞിരുന്നു. അവൾക്കു വേദനയോ രോഗമോ ഉണ്ടാകുമ്പോൾ അതറിയത്തക്കവണ്ണം ഞാൻ അവളെ അത്ര നന്നായി അറിഞ്ഞിരുന്നു.”
മോനാ അവളുടെ വിവരണം തുടരുന്നു: “ഡോക്ടർ എന്നെ വിശ്വസിക്കുകയില്ലായിരുന്നു, സമയം വളരെ വൈകുന്നതുവരെ. ആകുലപ്പെടാതിരിക്കാൻ അദ്ദേഹം എന്നോടു പറഞ്ഞു. അവൾ മരിച്ചത് ഞാൻ അറിഞ്ഞുവെന്നു ഞാൻ വിശ്വസിക്കുന്നു. അവൾ ഉഗ്രമായി ഒന്നു തിരിയുകമാത്രം ചെയ്തു, അടുത്ത ദിവസം അവൾ മരിച്ചിരുന്നു.”
മോനായുടെ അനുഭവം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഫ്രെഡ്മാൻ, ഗ്രാഡ്സ്റ്റീൻ എന്നീ ഗ്രന്ഥകാരൻമാരുടെ ഗർഭനഷ്ടത്തെ അഭിമുഖീകരിക്കൽ എന്ന ഗ്രന്ഥത്തിൽ അവർ പറയുന്നതനുസരിച്ച് ഐക്യനാടുകളിൽ മാത്രം ഏതാണ്ട് പത്തു ലക്ഷം സ്ത്രീകൾക്ക് വിജയകരമല്ലാത്ത ഗർഭധാരണം അനുഭവപ്പെടുന്നു. ഒരു ഗർഭമലസൽ അഥവാ ഒരു ചാപിള്ള പ്രസവം ഒരു സ്ത്രീയെസംബന്ധിച്ച് ഒരു ദുരന്തമാണെന്ന് തിരിച്ചറിയുന്നതിൽ മിക്കപ്പോഴും ആളുകൾ പരാജയപ്പെടുന്നു—ഒരുപക്ഷേ അവളുടെ ആയുഷ്ക്കാലം മുഴുവൻ അവൾ ദുഃഖിക്കുന്നു. ദൃഷ്ടാന്തമായി, ന്യൂ യോർക്ക് നഗരത്തിൽനിന്നുള്ള വെറോണിക്കാ ഇപ്പോൾ അവളുടെ 50-കളിലാണ്. അവൾ തന്റെ ഗർഭമലസലിനെക്കുറിച്ച് ഇപ്പോഴും ഓർക്കുന്നു, വിശേഷിച്ച് ഒൻപതുമാസംവരെ ജീവിച്ചിരുന്നു പിറന്ന അവളുടെ ചാപിള്ളയെക്കുറിച്ച് അവൾ ഓർക്കുന്നു. ജനിച്ചപ്പോൾ അതിനു 6 കിലോ തൂക്കമുണ്ടായിരുന്നു. അതു ചത്തശേഷം അവൾ രണ്ടു വാരക്കാലം അതിനെ വഹിച്ചിരുന്നു. അവൾ പറഞ്ഞ പ്രകാരം: “ഒരു ചാപിള്ളയെ പ്രസവിക്കുന്നത് ഒരു മാതാവിനെസംബന്ധിച്ചടത്തോളം ഒരു ഭയങ്കര കാര്യമാണ്.”
ഈ നിരാശിത മാതാക്കളുടെ പ്രതികരണങ്ങൾ മറ്റു സ്ത്രീകൾ പോലും എല്ലായ്പ്പോഴും മനസ്സിലാക്കുന്നില്ല. ഗർഭമലസ്സലിനാൽ കുട്ടി നഷ്ടപ്പെട്ട ഒരു മനോരോഗവിദഗ്ദ്ധ ഇങ്ങനെ എഴുതി: “ഏറ്റവും വേദനാകരമായ വിധത്തിൽ ഞാൻ പഠിച്ചത് എനിക്ക് ഇതു സംഭവിക്കുന്നതിനുമുൻപ് യഥാർത്ഥത്തിൽ എന്റെ സുഹൃത്തുക്കൾ സഹിക്കേണ്ടിവന്നതിനെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നുവെന്നതാണ്. ഇപ്പോൾ ആളുകൾക്ക് എന്നോടില്ലാത്തതുപോലെ എനിക്ക് അവരെസംബന്ധിച്ച് സംവേദനവും അറിവും ഇല്ലായിരുന്നു.”
ദുഃഖിതയായ മാതാവിന്റെ മറ്റൊരു പ്രശ്നം അവളുടെ ഭർത്താവിന് അവളെപ്പോലെ നഷ്ടം അനുഭവപ്പെടാതിരുന്നേക്കാമെന്നുള്ള ധാരണയാണ്. ഒരു ഭാര്യ അത് ഈ വിധത്തിൽ പ്രസ്താവിച്ചു: “ആ സമയത്ത് എന്റെ ഭർത്താവിനെക്കുറിച്ച് എനിക്ക് തികഞ്ഞ നിരാശ തോന്നി. അദ്ദേഹത്തെസംബന്ധിച്ചടത്തോളം യഥാർത്ഥത്തിൽ ഗർഭധാരണം ഇല്ലായിരുന്നു. എനിക്കനുഭവപ്പെട്ടുകൊണ്ടിരുന്ന ദുഃഖം അദ്ദേഹത്തിന് അനുഭവപ്പെടാൻകഴിഞ്ഞില്ല. അദ്ദേഹത്തിന് എന്റെ ഭയങ്ങൾ സംബന്ധിച്ച് സഹതാപമുണ്ടായിരുന്നു, എന്നാൽ എന്റെ ദുഃഖംസംബന്ധിച്ചില്ലായിരുന്നു.”
ഈ പ്രതികരണം ഒരുപക്ഷേ ഒരു ഭർത്താവിനെസംബന്ധിച്ചു സ്വാഭാവികമാണ്—അയാൾ തന്റെ ഭാര്യ വിധേയയാകുന്ന അതേ ശാരീരികവും വൈകാരികവുമായ ബന്ധംസ്ഥാപിക്കലിലൂടെ കടന്നുപോകുന്നില്ല. എന്നിരുന്നാലും അയാൾക്ക് ഒരു നഷ്ടം അനുഭവപ്പെടുന്നുണ്ട്. വ്യത്യസ്തവിധങ്ങളിലാണെങ്കിലും ഭർത്താവും ഭാര്യയും ഒരുമിച്ചു നഷ്ടമനുഭവിക്കുന്നുണ്ടെന്ന് അവർ തിരിച്ചറിയുന്നത് മർമ്മപ്രധാനമാണ്. അവർ തങ്ങളുടെ ദുഃഖം പങ്കുവെക്കണം. ഭർത്താവ് അതു മറച്ചുവെക്കുന്നുവെങ്കിൽ അയാൾക്ക് സംവേദനമില്ലെന്ന് ഭാര്യ വിചാരിച്ചേക്കാം. (പേജ് 12 കാണുക.) അതുകൊണ്ട് നിങ്ങളുടെ കണ്ണുനീർ പങ്കുവെക്കുക. ചിന്തകളും ആലിംഗനങ്ങളും പങ്കുവെക്കുക. മുൻപെന്നത്തേതിലുമധികം നിങ്ങൾക്ക് പരസ്പരം ആവശ്യമുണ്ടെന്ന് പ്രകടമാക്കുക.
കിടക്കയിലെ പെട്ടെന്നുള്ള മരണത്തിന്റെ മർമ്മവും ദുഃഖവും
ദശലക്ഷക്കണക്കിനു മാതാക്കൾ ഒരു രഹസ്യ അനുദിന ഭയത്തോടെ ജീവിക്കുന്നു. ഒരു മാതാവ് പ്രസ്താവിച്ച പ്രകാരം “ഓരോ ദിവസവും രാവിലെ എന്റെ ശിശു ജീവനോടിരിക്കുന്നതായി കാണണമേയെന്നാണ് എന്റെ പ്രാർത്ഥന.” അവർ ഭയപ്പെടുന്നത് പെട്ടെന്നുള്ള മരണത്തെയാണ്. ഫ്ളോറിഡായിലെ മിയാമിയൂണിവേഴ്സിറ്റി പതോളജി പ്രൊഫസ്സറായ ഡോ. മേരി വാൾഡസ്-ഡെപനാ ഐക്യനാടുകളിൽ മാത്രം വാർഷികമായി 6,000 മുതൽ 7,000 വരെ പെട്ടെന്നുള്ള ശിശുമരണങ്ങൾ സംഭവിക്കുന്നതായി പ്രസ്താവിക്കുന്നു. അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഇത് വളരെ യഥാർത്ഥമായ ഒരു പൊതുജനാരോഗ്യ പ്രശ്നമാണെന്നുള്ളതിനു സംശയമുണ്ടായിരിക്കാവുന്നതല്ല.”
മിക്കപ്പോഴും ജനനശേഷം രണ്ടും മൂന്നും മാസങ്ങൾക്കിടയിലാണ് രാത്രിയിൽ പെട്ടെന്നുള്ള മരണം സംഭവിക്കുന്നത്. സയൻസ് ഇതുവരെയും തൃപ്തികരമായ ഒരു വിശദീകരണം നൽകിയിട്ടില്ല. ശവപരിശോധന പോലും പെട്ടെന്നുള്ള മരണത്തിന്റെ കാരണം നൽകുന്നതിൽ പരാജയപ്പെടുന്നു. അത് ഒരു മർമ്മമായി അവശേഷിക്കുകയാണ്.a
മിക്കപ്പോഴും പെട്ടെന്നുള്ള മരണത്തെതുടർന്ന് ഒരു ഭയങ്കരകുറ്റബോധം ഉണ്ടാകുന്നു. അതുകൊണ്ട് പെട്ടെന്നുള്ള മരണത്തിന്റെ സംഗതിയിൽ മാതാപിതാക്കളെ എന്തു സഹായിക്കും? ഒന്നാമതായി അവർക്ക് അത്യാഹിതം ഒഴിവാക്കാൻ കഴിയുമായിരുന്നില്ലെന്ന് അവർ തിരിച്ചറിയണം. പെട്ടെന്നുള്ള മരണം മുൻകൂട്ടിപ്പറയാൻ കഴിയാത്തതും സാധാരണയായി ഒഴിവാക്കാൻ കഴിയാത്തതുമാണ്. അതുകൊണ്ട് ഏതെങ്കിലും കുറ്റബോധത്തിനു കാരണമില്ല. രണ്ടാമതായി, മാതാപിതാക്കളുടെ പരസ്പര പിന്തുണയും വിശ്വാസവും വിവേകവും തങ്ങളുടെ ദുഃഖത്തെ നേരിടാൻ ഇരുവരെയും സഹായിക്കും. നിങ്ങളുടെ ശിശുവിനെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കുക. നിങ്ങളുടെ വികാരങ്ങൾ പങ്കുവെക്കുക.
വല്യമ്മവല്യപ്പൻമാരും ദുഃഖിക്കുന്നു
വല്യമ്മവല്യപ്പൻമാരും ദുഃഖിക്കുന്നു, ഒരു പ്രത്യേകവിധത്തിൽ. മരണദുഃഖം അനുഭവിച്ച ഒരു പിതാവ് പറഞ്ഞപ്രകാരം: “അവർ ഒരു പേരക്കിടാവിന്റെ മരണത്തോടു മാത്രമല്ല തങ്ങളുടെ സ്വന്തം കുട്ടിയുടെ ദുഃഖത്തോടും പ്രതികരിക്കുന്നു.”
എന്നിരുന്നാലും വല്യമ്മവല്യപ്പൻമാരുടെ നഷ്ടത്തെ ലഘൂകരിക്കാൻ മാർഗ്ഗങ്ങളുണ്ട്. ഒന്നാമതായി അവരെ കണക്കിലെടുക്കുക. അവരുടെ പേരക്കുട്ടി അവരുടെതന്നെ ഒരു ഭാഗമായിരുന്നു. തന്നിമിത്തം വല്യമ്മ വല്യപ്പൻമാരുടെ സ്വന്തംവിധത്തിലുള്ള ദുഃഖപ്രക്രിയയിൽ അവർ അംഗീകരിക്കപ്പെടണം. തീർച്ചയായും മാതാപിതാക്കളുടെ സമ്മതം കൂടാതെ അവർ ഏറ്റെടുക്കണമെന്ന് അതിനർത്ഥമില്ല. എന്നാൽ ഉൾപ്പെടാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സ്വാഗതംചെയ്യണം, മിക്കപ്പോഴും അവരതാഗ്രഹിക്കുന്നുണ്ട്.
ദുഃഖത്തെസംബന്ധിച്ച ഈ ഹ്രസ്വമായ പരിചിന്തനത്തിൽ മരണദുഃഖമനുഭവിക്കുന്നവരുടെ വികാരങ്ങൾ മനസ്സിലാക്കാനാണു നാം ശ്രമിച്ചത്. എന്നാൽ പരിചിന്തിക്കേണ്ട മറ്റൊരു വശംകൂടെയുണ്ട്. വിശേഷിച്ചു തങ്ങളുടെ സംസാരത്താൽ മറ്റുള്ളവർക്ക് എങ്ങനെ സഹായിക്കാൻ കഴിയും? ഭർത്താക്കൻമാർക്ക് തങ്ങളുടെ ദുഃഖം എങ്ങനെ പ്രകടമാക്കാൻകഴിയും? ദയവായി അടുത്ത ലേഖനം കാണുക. (g87 8/8)
[അടിക്കുറിപ്പുകൾ]
a ഉണരുക!യുടെ ഒരു ഭാവിലക്കം പെട്ടെന്നുള്ള മരണത്തെ കൂടുതൽ വിശദമായി പരിശോധിക്കും.
[7-ാം പേജിലെ ചതുരം]
ദുഃഖത്തിന്റെ പ്രക്രമം
ഇത് ദുഃഖത്തിന് ഏതെങ്കിലും നിശ്ചിതപട്ടികയോ പരിപാടിയോ ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. വ്യക്തിയെ ആശ്രയിച്ച് ദുഃഖപ്രതികരണങ്ങൾക്ക് കവിഞ്ഞുപോകാനും വ്യത്യസ്ത ദൈർഘ്യമുണ്ടായിരിക്കാനും കഴിയും.
ആദ്യ പ്രതികരണങ്ങൾ:
പ്രാരംഭഞെട്ടൽ; അവിശ്വാസം, നിരസനം; മരവിപ്പ്; കുറ്റബോധങ്ങൾ; കോപം
കഠിന ദുഃഖത്തിൽ ഉൾപ്പെടുന്നവ:
ഓർമ്മക്കുറവും ഉറക്കക്കുറവും; ഭയങ്കരക്ഷീണം; പെട്ടെന്നുള്ള ഭാവഭേദങ്ങൾ; പിശകിയ തീരുമാനവും ചിന്തയും; കരച്ചിൽ; വിശപ്പുമാറ്റങ്ങൾ; തൽഫലമായുള്ള തൂക്കക്കുറവോ തൂക്കക്കൂടുതലോ; തകർന്ന ആരോഗ്യത്തിന്റെ വിവിധലക്ഷണങ്ങൾ; ആലസ്യം; കുറഞ്ഞ പ്രവർത്തനക്ഷമത; മിഥ്യാദർശനങ്ങൾ;—മരിച്ചയാളിനെക്കുറിച്ചുള്ള വിചാരവും കേൾവിയും കാഴ്ചയും
സമീകരണഘട്ടം:
ഗതകാലസ്മരണയോടുകൂടിയ സങ്കടം; മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ സന്തോഷകരമായ ഓർമ്മകൾ, ഫലിതങ്ങളോടുകൂടിയവപോലും
(ഡോ. ആർതർ ഫ്രീസ് രചിച്ച നിങ്ങളുടെ ദുഃഖത്തിനു സഹായം എന്ന പുസ്തകത്തിലധിഷ്ഠിതം)
[9-ാം പേജിലെ ചതുരം]
നിങ്ങളുടെ ദുഃഖത്തെ തരണംചെയ്യുന്നതിനു നിങ്ങളെ സഹായിക്കുന്നതിനുള്ള പടികൾ
ഓരോ വ്യക്തിയും തന്റെ സ്വന്തം വിധത്തിൽ ദുഃഖത്തെ തരണം ചെയ്യേണ്ടതുണ്ട്. മർമ്മപ്രധാനമായ നടപടി സ്വകേന്ദ്രീകൃത നിശ്ചലതയും സ്വാനുതാപവും ഒഴിവാക്കുകയാണ്. ഉണരുക! കൂടിക്കാഴ്ച നടത്തിയ ചില ദുഖാർത്തരുടെ അനുഭവങ്ങളിലധിഷ്ഠിതമായ ചില നിർദ്ദേശങ്ങൾ:
◼ ജോലിയിൽ വ്യാപരിക്കുകയും നിങ്ങളുടെ ദൈനംദിന ജോലിയും പ്രവർത്തനവും തുടരുകയും ചെയ്യുക. യഹോവയുടെ സാക്ഷികളായിരിക്കുന്നവർ വിശേഷിച്ച് ക്രിസ്തീയമീറ്റിംഗുകൾക്കു ഹാജരാകുന്നതിന്റെ മൂല്യം ഊന്നിപ്പറഞ്ഞു, ശുശ്രൂഷയിലേർപ്പെടുന്നതിന്റെയും. തങ്ങൾക്കു പ്രാർത്ഥനയിൽനിന്നു ലഭിച്ച വലിയ സഹായത്തെക്കുറിച്ചു അനേകർ പറഞ്ഞു.
◼ നിങ്ങളുടെ ദുഃഖം പ്രകടമാകട്ടെ; അതിനെ നിയന്ത്രിക്കാൻ ശ്രമിക്കരുത്. നിങ്ങൾ എത്ര വേഗം ദുഃഖിച്ചു കരയുന്നുവോ അത്ര വേഗം നിങ്ങൾ കഠിനദുഃഖത്തിന്റെ ഘട്ടത്തെ തരണംചെയ്യും.
◼ നിങ്ങളെത്തന്നെ ഒറ്റപ്പെടുത്തരുത്; ആളുകളുമായി ഇടകലരുകയും നിങ്ങളുമായി ഇടകലരാൻ അവരെ അനുവദിക്കുകയും ചെയ്യുക. നിങ്ങളെ സഹായിക്കുമെങ്കിൽ മരിച്ച പ്രിയപ്പെട്ടയാളെക്കുറിച്ചു യഥേഷ്ടം സംസാരിക്കുക.
◼ സാദ്ധ്യമാകുന്നടത്തോളം പെട്ടെന്ന് മറ്റുള്ളവരിലും അവരുടെ പ്രശ്നങ്ങളിലും താത്പര്യമെടുക്കുക. മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക. അപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെയായിരിക്കും സഹായിക്കുന്നത്.
[10-ാം പേജിലെ ചതുരം]
സഹായിക്കുന്നതിനു മറ്റുള്ളവർക്ക് എന്തു ചെയ്യാൻ കഴിയും?
ഉണരുക! ലേഖകൻമാർ വ്യത്യസ്തരാജ്യങ്ങളിൽ മരണദുഃഖമനുഭവിക്കുന്ന മാതാപിതാക്കളുമായി അനേകം കൂടിക്കാഴ്ചകൾ നടത്തി. ദുഃഖിതകുടുംബങ്ങളെ സഹായിക്കുന്നതിനു നൽകപ്പെട്ട ചില നിർദ്ദേശങ്ങളാണ് പിൻവരുന്നവ. പ്രസ്പഷ്ടമായി, മരണദുഃഖമനുഭവിക്കുന്നവരുടെ വികാരങ്ങളെ ആശ്രയിച്ച് അവയുടെ പ്രയോഗത്തിൽ അയവു വേണം.
1. ആദ്യദിവസംമുതൽതന്നെ കുടുംബത്തെ സന്ദർശിക്കുകയും അവരെ നിങ്ങളുടെ സ്ഥലത്തേക്കു ക്ഷണിക്കുകയുംചെയ്യുക. അവർക്കുവേണ്ടി ഭക്ഷണങ്ങൾ തയ്യാറാക്കുക. ആവശ്യമുള്ളടത്തോളം കാലം ഇതു തുടരുക, ആദ്യത്തെ ചില വാരങ്ങളിൽ മാത്രമായിരിക്കരുത്.
2. മരിച്ച കുട്ടിയുടെ തുണികളും മറ്റു സ്മാരകങ്ങളും എവിടെയെങ്കിലും സൂക്ഷിക്കുന്നതിന് തങ്ങൾക്കു വേണമോയെന്ന് മാതാപിതാക്കൾ തീരുമാനിക്കട്ടെ.
3. മരണദുഃഖമനുഭവിക്കുന്നയാൾ ആഗ്രഹം സൂചിപ്പിക്കുന്നുവെങ്കിൽ പേരുപയോഗിച്ച് മരിച്ച കുട്ടിയെക്കുറിച്ചു സംസാരിക്കുക. കുട്ടിയുടെ വ്യക്തിത്വത്തിന്റെയും ജീവിതത്തിന്റെയും സന്തോഷപ്രദവും സരസവുമായ വശങ്ങളെ അനുസ്മരിക്കുക. മൗനംപാലിക്കരുത്. മാതാപിതാക്കൾ തങ്ങളുടെ പ്രിയപ്പെട്ട കുട്ടിയെക്കുറിച്ചു സംസാരിക്കാനാഗ്രഹിക്കും.
4. വ്യക്തിപരമായ സഹായം കൊടുക്കാൻ പറ്റാത്തവണ്ണം വളരെയകലെയാണെങ്കിൽ പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന കത്തുകളെഴുതുക. മരിച്ചയാളിനെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കരുത്.
5. ഉചിതമായിരിക്കുമ്പോൾ പ്രവർത്തനനിരതരായിരിക്കാനും തങ്ങളുടെ മുൻ ദിനചര്യ തുടരാനും മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക. അവരെ വീട്ടിനുള്ളിൽനിന്നിറക്കുകയും മറ്റുള്ളവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യിക്കുകയും ചെയ്യുക.
[10-ാം പേജിലെ ചതുരം]
ഒരു വല്യമ്മ എഴുതുന്നു:
“എന്റെ പ്രിയപ്പെട്ട മാതാപിതാക്കളും ഒരു സഹോദരനും ഒരു സഹോദരിയും ഞാൻ 13-ാമത്തെ വയസ്സിൽ കാണുകയും സ്നേഹിക്കയും ചെയ്ത എന്റെ ആജീവനാന്ത അർപ്പിതസഖിയും പ്രിയതമനുമായ ജിമ്മും എന്റെ വിലപ്പെട്ട കൊച്ചുമകൻ സ്റ്റൂവർട്ട് ജെയ്മും മരണത്തിൽ നഷ്ടപ്പെട്ട ശേഷം—ഞാൻ എഴുതുമ്പോൾപോലും ഒരു കുട്ടിയുടെ മരണത്തെപ്പോലെ എന്നിലേക്കു പ്രവഹിക്കുന്ന വേറൊരു സങ്കടം, വേദന, ദണ്ഡിപ്പിക്കുന്ന ദുഃഖം ഇല്ലെന്ന് എനിക്കു പറയാൻ കഴിയും.”
—രണ്ടു വയസ്സും ഒൻപതു മാസവും പ്രായമുണ്ടായിരുന്ന തന്റെ കൊച്ചുമകന്റെ മരണത്തെക്കുറിച്ച് എഡ്നാ ഗ്രീൻ ഇംഗ്ലണ്ട് പറഞ്ഞത്.
[8-ാം പേജിലെ ചിത്രം]
നിങ്ങളുടെ ദുഃഖങ്ങൾ തുറന്നുപങ്കുവെക്കുന്നതിനാൽ സഹിക്കുന്നതിനു നിങ്ങൾ പരസ്പരം സഹായിക്കുന്നു