നിങ്ങളുടെ തല വേദനിക്കുമ്പോൾ
വേദനയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾ എന്താണ് ചെയ്യുന്നത്? ചിലർക്ക് തലവേദനയിൽ നിന്ന് മോചനം നേടുന്നതിന് ഒരു ഐസ് കെട്ട് മരുന്ന് എന്നതുപോലെ ഉതകും. പനിയിൽ നിന്നും ഉളുക്കിൽ നിന്നും മോചനം നേടുന്നതിന് ഐസ് ദീർഘകാലം ഉപയോഗിച്ചിരുന്നു. അടുത്ത കാലത്തെ പഠനമനുസരിച്ച് ഐസിന് തലവേദനയും കുറക്കാൻ കഴിയും. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും തലയിലും വലിയ വേദനയുണ്ടായിരുന്ന 90 രോഗികളിൽ ഐസ് കെട്ട് ഉപയോഗിച്ചു നോക്കിയപ്പോൾ 71 ശതമാനത്തിന്റെയും വേദന ശമിച്ചു. പകുതിയിലധികം പേർ അധികം താമസിയാതെ തന്നെ വേദനയുടെ ശമനം നിരീക്ഷിച്ചു. ഇത് പ്രയോജനപ്രദമായിരിക്കുന്നതെന്തുകൊണ്ട്?
“തലവേദനയുണ്ടാകുന്നത് രക്തവാഹിനികൾ വീർക്കുന്നതുമൂലമോ അതിന്റെ നീർക്കെട്ടു മൂലമോ ആണ്” എന്ന് ഷിക്കാഗോയിൽ തലവേദനയുടെ ചികിൽസയുള്ള ഒരാശുപത്രിയിലെ ഡയറക്ടറായിരിക്കുന്ന ഡോക്ടർ സെയ്മോർ ഡയമണ്ട് വിശദീകരിക്കുന്നു. “ഈ രക്തവാഹിനികൾ സങ്കോചിക്കുന്നതിന് തണുപ്പിടയാക്കും.” അതുകൊണ്ട് ഇരിക്കുമ്പോഴോ കിടക്കുമ്പോഴോ പൊടിച്ച ഐസ് ഒരു പ്ലാസ്റ്റിക് ബാഗിൽ ഇട്ട് 30-45 മിനിറ്റ് നേരം നെറ്റിയിൽ വെക്കാൻ അദ്ദേഹം ശുപാർശ ചെയ്യുന്നു. ഐസിന്റെ മരവിപ്പിക്കുന്ന പ്രവർത്തനം മൂലം നിങ്ങൾ പെട്ടെന്നു തന്നെ അൽപ്പം ആശ്വാസം അനുഭവിച്ചേക്കാം.