ചെറുപ്പക്കാർ ചോദിക്കുന്നു. . .
സ്വയംഭോഗം ഒഴിവാക്കുക ഇത്ര പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്?
“ശീലങ്ങൾ വളരെ മൃദുലമായ ഒരു കിടക്കപോലെയാണ്—നിഷ്പ്രയാസം കയറാവുന്നതും പ്രയാസപ്പെട്ട് ഇറങ്ങാവുന്നതുമായ ഒന്ന്” എന്ന് ഒരു ആപ്തവാക്യം പറയുന്നു. ഇത് സ്വയംഭോഗത്തിന്റെ സംഗതിയിൽ എത്ര സത്യമാണ്! 10 വയസ്സുമുതൽ 43 വയസ്സു വരെ സ്വയംഭോഗത്തിലേർപ്പെട്ട ഒരാൾ ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “ഈ ശീലം പുകവലിയെക്കാൾ കുഴപ്പമുണ്ടാക്കുന്നതാണ്. അത്ര എളുപ്പമായിരുന്നില്ലെങ്കിലും പുകവലി ഞാൻ ഉപേക്ഷിച്ചു.”
സ്വയംഭോഗം ഹാനികരമായിരിക്കുന്നതെന്തുകൊണ്ടെന്ന് ഒരു മുൻ ലക്കം കാണിക്കുകയുണ്ടായി.a എന്നിരുന്നാലും, എന്തുകൊണ്ടാണ് ചെറുപ്പക്കാർ വളരെ വേഗത്തിൽ ഇതിൽ ഉൾപ്പെടുന്നത്?
യൗവനവിലാസം
“യൗവനവിലാസം” എന്നു ബൈബിൾ വിളിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് ഒരു ചെറുപ്പക്കാരൻ കാൽ വെക്കുമ്പോൾ ലൈംഗികമോഹങ്ങൾ കൂടുതൽ ശക്തമാകുന്നു. (1 കൊരിന്ത്യർ 7:36) ശരീരം പ്രജനനപ്രാപ്തിയിലേക്കു വളരുമളവിൽ ജനനേന്ദ്രിയങ്ങളെ ബാധിക്കുന്ന ശക്തിയേറിയ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഈ കാലയളവിൽ ഒരു യുവാവ് തന്റെ ഈ അവയവങ്ങൾക്ക് ഉല്ലാസകരമായ അനുഭൂതി പ്രദാനം ചെയ്യാൻ കഴിയുമെന്ന് തിരിച്ചറിയുന്നു. ചിലപ്പോൾ വികാരോജ്ജ്വലമായ ഈ പുതിയ അനുഭൂതികളുടെ പുതുമയും ജിജ്ഞാസയും ചില യുവാക്കളെ കൂടുതൽ ഉല്ലാസം തേടുന്നതിനോ ഒരു ഉയർന്നതലത്തിലുള്ള ഉത്തേജനത്തെ ശമിപ്പിക്കുന്നതിനോ ഈ അവയവങ്ങളെ മനഃപൂർവം കൈകാര്യം ചെയ്തുകൊണ്ട് പരീക്ഷണം നടത്തുന്നതിലേക്കു നയിക്കുന്നു.
ഒരു യുവാവിന്റെയോ യുവതിയുടെയോ ശരീരത്തിൽ നടക്കുന്ന സ്വാഭാവിക പരിവർത്തനം നിമിത്തം അവർ ലൈംഗികകാര്യങ്ങളെക്കുറിച്ചു ചിന്തിക്കാത്തപ്പോൾ പോലും ലൈംഗികമായി ഉത്തേജിപ്പിക്കപ്പെട്ടേക്കാം. ഉദാഹരണത്തിന്, ആൺകുട്ടികളുടെ ഇടയിൽ വിവിധ വ്യഥകളും ഭീതികളും നിരാശകളും ഉളവാക്കുന്ന പിരിമുറുക്കങ്ങൾക്ക് അവരുടെ സംവേദകത്വമുള്ള നാഡീവ്യവസ്ഥകളെ ബാധിക്കാനും ലൈംഗികോത്തേജനത്തിനിടയാക്കാനും കഴിയും. ശുക്ലത്തിന്റെ ഒരു പുഷ്ടിപ്പെടൽ ക്രമത്തിൽ നിശാസ്ഖലനം ഉളവാക്കിയേക്കാം, സാധാരണയായി അതോടുകൂടെ രതിവിഷയകമായ സ്വപ്നം കണ്ടേക്കാം, അല്ലെങ്കിൽ ഒരു ആൺകുട്ടി ലൈംഗികമായി ഉത്തേജിതനായി ഉണരാനിടയാക്കിയേക്കാം. സമാനമായി ചില പെൺകുട്ടികൾ ആകസ്മികമായി ഉദ്ദീപിപ്പിക്കപ്പെടുന്നു. ഒരു യുവതിക്ക് തന്റെ ആർത്തവകാലത്തിനു മുൻപോ പിൻപോ ഉയർന്ന ലൈംഗികമോഹം ഉണ്ടായേക്കാം.
നിങ്ങൾക്ക് അത്തരം വേണ്ടാത്ത ഉത്തേജനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്കു കുഴപ്പമൊന്നുമില്ല. ഇത് ഒരു യുവശരീരത്തിന്റെ സ്വാഭാവികപ്രതികരണമാണ്. അത്തരം ഇന്ദ്രിയാനുഭവങ്ങൾ വളരെ തീവ്രമായിരുന്നാലും അവ സ്വയംഭോഗത്തിനു തുല്യമല്ല, കാരണം അവ ഏറെയും ഇച്ഛാപൂർവം ചെയ്യുന്നതല്ല. നിങ്ങൾ വളർച്ച പ്രാപിച്ച് “യൗവനവിലാസ”ത്തിലൂടെ കടന്നുപോകുമ്പോൾ ഈ പുതുവികാരങ്ങളുടെ തീവ്രത കുറയും.
“മാനസിക ഇന്ധനം”
എന്നാൽ ചിലപ്പോൾ വികാരം ഉണ്ടാകുന്നത് ഒരുവന്റെ ഹോർമോണുകളുടെ പ്രവർത്തനഫലമായി മാത്രമായിരിക്കുകയില്ല. ഉദാഹരണത്തിന് ഒരു വേശ്യയെ കണ്ടുമുട്ടിയ ഒരു യുവാവിനെക്കുറിച്ചു ബൈബിൾ വർണ്ണിക്കുന്നു. അവൾ അവനെ ചുംബിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: “വരൂ . . . നമുക്ക് പ്രേമവിലാസത്തിൽ ഒരുമിച്ചു സുഖിക്കാം.” അതിനുശേഷം എന്തു സംഭവിക്കുന്നു? “പെട്ടെന്നുതന്നെ കശാപ്പുകാരന്റെ അടുത്തേക്കു വരുന്ന ഒരു കാളയെപ്പോലെ അവൻ അവളുടെ പിറകേ പോകുന്നു.” (സദൃശവാക്യങ്ങൾ 7:7-22) പ്രസ്പഷ്ടമായി ഈ യുവാവിന്റെ വികാരങ്ങൾ അവൻ കാണുകയും കേൾക്കുകയും അഭിമുഖീകരിക്കുകയും ചെയ്ത കാര്യങ്ങളാൽ ജ്വലിപ്പിക്കപ്പെട്ടു—കേവലം അവന്റെ ഹോർമോണുകളാലായിരുന്നില്ല! സമാനമായി ഒരു യുവാവ് സമ്മതിച്ചുപറയുന്നു: ‘എന്റെ സ്വയം ഭോഗത്തിന്റെ മൂലകാരണം ഞാൻ എന്റെ മനസ്സിലേക്കു കടത്തിയ കാര്യങ്ങളാണ്. അധാർമ്മികവും ചിലപ്പോൾ നഗ്നത പ്രദർശിപ്പിച്ചിരുന്നതുമായ റ്റി. വി. പരിപാടികൾ ഞാൻ കാണുമായിരുന്നു. അത്തരം ദൃശ്യങ്ങൾ വളരെ ഞെട്ടിക്കുന്നവയായതുകൊണ്ട് അവ നിങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. ആ ദൃശ്യങ്ങൾ വീണ്ടും എന്റെ മനസ്സിൽ പൊങ്ങിവരുകയും സ്വയംഭോഗത്തിലേർപ്പെടാൻ മാനസിക ഇന്ധനം പ്രദാനം ചെയ്യുകയും ചെയ്യുമായിരുന്നു.”
അതുകൊണ്ട് ഒരുവൻ ഉല്ലാസത്തിനുവേണ്ടി വായിക്കുന്നതും ശ്രദ്ധിക്കുന്നതും കേൾക്കുന്നതും ധ്യാനിക്കുന്നതുമായ കാര്യങ്ങളാണ് പലപ്പോഴും സ്വയംഭോഗം ഒഴിവാക്കുന്നതു പ്രയാസമാക്കിത്തീർക്കുന്നത്. അതിനാൽ ഈ ശീലം ഒഴിവാക്കാൻ നിങ്ങളുടെ മനസ്സിലേക്കു കടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് അത്യന്താപേക്ഷിതമാണ്. 25 വയസ്സുള്ള ഒരു സ്ത്രീ സമ്മതിച്ചുപറഞ്ഞപ്രകാരം: “എനിക്ക് ഈ ശീലത്തിന് വിരാമമിടാൻ കഴിയുകയില്ലെന്നു തോന്നി. എന്നിരുന്നാലും ഞാൻ ലൈംഗിക ഉത്തേജനം നൽകുന്ന നോവലുകൾ വായിക്കുക പതിവായിരുന്നു. ഇത് എന്റെ പ്രശ്നത്തെ വഷളാക്കി.” കൗതുകകരമായി, അവളെ സ്വയംഭോഗത്തിലേക്കു നയിച്ച സംഗതി കേവലം ലൈംഗികമായി അശുദ്ധമായ ചിന്തകളായിരുന്നില്ല. തീർച്ചയായും അവളുടെ അനുഭവം സ്വയംഭോഗം ഒഴിവാക്കുക ഇത്ര പ്രയാസമായിരിക്കുന്നതിന്റെ ഏറ്റവും വലിയ കാരണം വെളിപ്പെടുത്തുന്നുണ്ടായിരിക്കാം.
ഒരു വൈകാരിക “ട്രാങ്ക്വിലൈസർ”
യുവതി തുടർന്നു പറയുന്നു: “സാധാരണയായി ഞാൻ സ്വയംഭോഗത്തിലേർപ്പെടുന്നത് സമ്മർദ്ദമോ പിരിമുറുക്കമോ ഉൽക്കണ്ഠയോ കുറയ്ക്കുന്നതിനുവേണ്ടിയാണ്. ആ ക്ഷണികമായ ഉല്ലാസം മദ്യാസക്തൻ തന്റെ ഞരമ്പുകളെ പ്രശാന്തമാക്കാൻ കുടിക്കുന്നതുപോലെയാണ്. “തീർച്ചയായും അവളുടേത് അസാധാരണ അനുഭവമല്ല. ഗവേഷകരായ സൂസനും ഇർവിംഗ് സാർനോഫും എഴുതുന്നു: “ചിലരുടെ കാര്യത്തിൽ സ്വയംഭോഗം അവർക്ക് എന്തിനെക്കുറിച്ചെങ്കിലും ആശങ്ക തോന്നുമ്പോഴെല്ലാം അല്ലെങ്കിൽ തിരച്ചടി കിട്ടുമ്പോഴെല്ലാം ആശ്വാസത്തിനുവേണ്ടി ആശ്രയിക്കുന്ന ഒരു ശീലമായിത്തീർന്നേക്കാം. എന്നിരുന്നാലും ചിലർ ഏറ്റം കഠിനമായ വൈകാരികസമ്മർദ്ദത്തിൻകീഴിലായിരിക്കുന്ന ചില സന്ദർഭങ്ങളിൽമാത്രമാണ് ഈ വിധത്തിൽ പിൻവാങ്ങുന്നത്.”
ഡോ. ഷെർവിൻ വുഡ്സ് കൂട്ടിച്ചേർക്കുന്നു: “സ്വയംഭോഗ അനുഭവങ്ങളുടെ ഒരു ഉയർന്ന അനുപാതം ലൈംഗികാവശ്യങ്ങളേക്കാളുപരി പൊതു ഉൽക്കണ്ഠയാലും പിരിമുറുക്കത്താലും വിരസതയാലുമാണ് പ്രേരിപ്പിക്കപ്പെടുന്നത്, അവയ്ക്ക് ഒരു ശാന്തി നൽകുന്ന ഔഷധമായി (ട്രാങ്ക്വിലൈസർ) അതിനെ തേടുകയാണ്. അതുകൊണ്ട് ഒരുവൻ അസ്വസ്ഥനും വിഷാദമഗ്നനും ഏകാന്തനും ആയിരിക്കുമ്പോൾ അല്ലെങ്കിൽ സമ്മർദ്ദത്തിൻകീഴിലായിരിക്കുമ്പോൾ ഈ ശീലം ഒരുവന്റെ കുഴപ്പങ്ങളെ നീക്കിയെടുക്കുന്നതിനുള്ള സൗകര്യപ്രദമായ ഒരു “ട്രാങ്ക്വിലൈസറായി”ത്തീരുന്നു. (സദൃശവാക്യങ്ങൾ 31:6, 7 താരതമ്യപ്പെടുത്തുക.) അതുകൊണ്ട് സ്വയംഭോഗം ഒഴിവാക്കുന്നതിന് ഇത് പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു അപക്വമായ മാർഗ്ഗമാണെന്ന് നിങ്ങൾ തിരിച്ചറിയണം. കൂടാതെ ഇനി പറയുന്നതിനു മനസ്സുണ്ടായിരിക്കുകയും വേണം. . .
‘ഒരു ശിശുവിന്റെ സ്വഭാവലക്ഷണങ്ങൾ ത്യജിക്കുക’
അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “ഞാൻ ഒരു ശിശുവായിരുന്നപ്പോൾ ഞാൻ ഒരു ശിശുവിനെപ്പോലെ സംസാരിക്കുകയും ഒരു ശിശുവിനെപ്പോലെ ചിന്തിക്കുകയും ഒരു ശിശുവിനെപ്പോലെ ന്യായവാദംചെയ്യുകയുംചെയ്യുക പതിവായിരുന്നു. എന്നാൽ ഞാൻ ഇപ്പോൾ ഒരു പുരുഷനായിത്തീർന്നിരിക്കുന്നതിനാൽ ഞാൻ ഒരു ശിശുവിന്റെ സ്വഭാവലക്ഷണങ്ങൾ ത്യജിച്ചിരിക്കുന്നു.” (1 കൊരിന്ത്യർ 13:11) സ്വയംഭോഗം പ്രശ്നങ്ങളോടു പ്രതികരിക്കുന്നതിനുള്ള ബാലിശമായ ഒരു മാർഗ്ഗമാണ്. ഒരിക്കൽ അടിയുറച്ചുപോയാൽ “ശിശുവിന്റെ സ്വഭാവലക്ഷണങ്ങൾ”ക്ക് പ്രായമായിക്കഴിഞ്ഞും തുടരാൻകഴിയും. ഉദാഹരണത്തിന് ഒരു ബാലൻ ഒൻപതു വയസ്സിൽ സ്കൂളിൽവച്ച് വളരെ വിഷമംപിടിച്ച ഒരു ഗണിതപ്രശ്നത്തെ അഭിമുഖീകരിച്ചു. തന്റെ മനസ്സിനെ സാന്ത്വനപ്പെടുത്താൻ അവൻ ആദ്യമായി ഹസ്തമൈഥുനത്തിൽ അഭയംതേടി. അതിനേതുടർന്ന് അവൻ കുഴഞ്ഞപ്രശ്നങ്ങളെ അഭിമുഖീകരിച്ചപ്പോഴെല്ലാം ഈ ശീലത്തിലേക്കു തിരിഞ്ഞു. ഇപ്പോൾ പ്രായമായ അയാൾ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഇന്നുവരെയും തലച്ചോറുപയോഗിക്കേണ്ട ഒരു കഠിനജോലി സ്വയംഭോഗത്തിലേർപ്പെടാനുള്ള ഒരു അതിശക്ത പ്രചോദനം എന്നിൽ ഉളവാക്കുകയാണ്. അതു കൂടാതെ എനിക്ക് അശേഷം ജോലി ചെയ്യുക സാദ്ധ്യമല്ല.”
മുൻ സംഭവം വളരെ അതിർ കടന്നതായിരിക്കാമെങ്കിലും വൈകാരികവൈഷമ്യങ്ങൾ തരണംചെയ്യുന്നതിനുവേണ്ടി ഈ “ട്രാങ്ക്വിലൈസർ” ഉപയോഗിക്കുന്നതിൽ യഥാർത്ഥ അപകടമുണ്ട്. എന്നാൽ സ്വയംഭോഗത്തിലൂടെ മാനസികമായി രക്ഷപെടാൻ ശ്രമിക്കുന്നതിനു പകരം “ചിന്താപ്രാപ്തി” ഉപയോഗിച്ചുകൊണ്ട് പ്രശ്നത്തെ തന്നെ ആക്രമിക്കാൻ ശ്രമിക്കുക. (സദൃശവാക്യങ്ങൾ 1:4) പ്രശ്നങ്ങളും നിരാശകളും ആകുലീകരിക്കുന്നതായി തോന്നുമ്പോൾ “നിങ്ങളുടെ സകല ഉൽക്കണ്ഠകളും [ദൈവത്തിൽ] ഇടാൻ” പഠിക്കുക, “എന്തുകൊണ്ടെന്നാൻ അവൻ നിങ്ങൾക്കുവേണ്ടി കരുതുന്നു.” മറ്റൊരു മനുഷ്യനും കരുതുന്നില്ലെന്നു നിങ്ങൾ വിചാരിച്ചാൽ പോലും അവൻ നിങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കുന്നു. (1 പത്രോസ് 5:6, 7) “അവന്റെ ആത്മാവിനാൽ നിങ്ങളുടെ അകത്തെ മനുഷ്യനെ സംബന്ധിച്ച് ശക്തിയോടെ ബലപ്പെടേണ്ടതിന്” നിങ്ങളെ സഹായിക്കാൻ ദൈവത്തെ അനുവദിക്കുക. (എഫേസ്യർ 3:16) അതുകൊണ്ട് ഒരു “ട്രാങ്ക്വിലൈസർ” എന്ന നിലയിൽ സ്വയംഭോഗത്തിലേക്കു ബലഹീനമായി തിരിയുന്നതിനു പകരം “പുരുഷൻമാരെപ്പോലെ [സ്ത്രീകളെപ്പോലെ, ശിശുക്കളെപ്പോലെയല്ല] വർത്തിക്കുകയും ശക്തി പ്രാപിക്കുകയും ചെയ്യുക.”—1 കൊരിന്ത്യർ 16:13.
സ്വയംഭോഗവും മുതിർന്നവരുടെ ലൈംഗികതയും എന്ന തങ്ങളുടെ പുസ്തകത്തിൽ സർനോഫ് സഹോദരൻമാർ ഇപ്രകാരം പറയുന്നു: “ആളുകൾ എങ്ങനെ, എന്തുകൊണ്ട് ബലഹീനരെന്നു വിചാരിക്കുന്നുവെന്ന് പരിഗണിക്കാതെ സ്വയംഭോഗത്തിലേർപ്പെടാനുള്ള അവരുടെ തീരുമാനം ലക്ഷ്യബോധമുള്ള സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ ബലഹീനത നീക്കാൻ അവർ ശ്രമിക്കുന്നില്ലെന്നുള്ള വസ്തുതയെ ചൂണ്ടിക്കാണിക്കുന്നു. . . . ഒരു വ്യക്തിക്ക് തന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശ്രമിക്കുകയും അവയുടെ പിരിമുറുക്കങ്ങളനുഭവപ്പെടുമ്പോഴെല്ലാം സ്വയംഭോഗം നടത്തുകയും ചെയ്യുകയെന്ന പൊതു നയം സ്വീകരിക്കാൻകഴിയുമെന്നതു സത്യംതന്നെ. എന്നാൽ രണ്ടാമത്തെ പരിഹാരത്തെ അനുകൂലിക്കാനുള്ള പ്രലോഭനം വളരെ വലുതാണ്, കാരണം നിങ്ങളുടെ ശരീരം എല്ലായ്പ്പോഴും നിങ്ങളോടുകൂടെയുണ്ട്. അതുകൊണ്ട് നിങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് യഥാർത്ഥപരിഹാരമാർഗ്ഗങ്ങൾ കണ്ടുപിടിച്ച് പ്രാവർത്തികമാക്കുന്നത് നന്നായിരിക്കും.” ഒരുവൻ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവയെ പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം സ്വയംഭോഗത്തിലേർപ്പെടുകയാണെങ്കിൽ ഈ ശീലം യഥാർത്ഥത്തിൽ നിർബന്ധിതമായിത്തീരാം.
“വളരെ ശക്തമായ ഒരു ആസക്തി”
പതിനൊന്നു വയസ്സുമുതൽ 15 വർഷക്കാലം സ്വയംഭോഗവുമായി മല്ലിട്ടശേഷം ഒരു മനുഷ്യൻ ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “ഇത് സ്ഥായിയായ ഒരു ആസക്തിയാണ്—നിസ്സാരമായി കരുതാവുന്ന ഒന്നല്ല. ഇത് മയക്കുമരുന്നാസക്തിയോ മദ്യാസക്തിയോ പോലെ ശീലമായിത്തീരാവുന്നതാണ്.” പെനെലോപ് ലീച്ച് എഴുതിയ നിങ്ങളുടെ വളർന്നുകൊണ്ടിരിക്കുന്ന കുട്ടി എന്ന പുസ്തകം ഇപ്രകാരം വിശദീകരിക്കുന്നു: “അവന് സ്വയംഭോഗത്തിൽനിന്നു ലഭിക്കാവുന്ന ഉല്ലാസവും സുഖവിചാരവും നിർബന്ധിതമായിത്തീർന്നിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവന്റെ മറ്റു ജീവിതവശങ്ങൾ അവന് അസഹനീയമാണ്. ഒരു യഥാർത്ഥ ആസക്തനേപ്പേലെ അവൻ കൂടുതൽ കൂടുതൽ സ്വയംഭോഗത്തിലേർപ്പെടണം, അങ്ങനെ ചെയ്യുന്നതിനാൽ അവൻ മറ്റ് ഉല്ലാസങ്ങളിൽനിന്ന് സ്വയം അധികമധികം മാറ്റിനിർത്തുകയാണ്.”
ഒരുവന്റെ ജീവിതത്തിൽ കാര്യങ്ങൾ നേരേചൊവ്വേ നടക്കാത്തപ്പോൾ വെറും ഉല്ലാസത്തിനുവേണ്ടി സ്വയംഭോഗത്തെ ആശ്രയിക്കുന്നത് അവൻ അനായാസം ‘നാനാമോഹങ്ങളുടെയും ഭോഗങ്ങളുടെയും ബുദ്ധികെട്ട ഒരു അടിമ’യായിത്തീരാൻ ഇടയാക്കാവുന്നതാണ്. (തീത്തോസ് 3:3) എന്നാൽ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞു: “ഞാൻ യാതൊന്നിന്റെയും അധീനത്തിലാകാൻ എന്നേത്തന്നെ അനുവദിക്കുകയില്ല.” (1 കൊരിന്ത്യർ 6:12) അവൻ തന്റെ മോഹങ്ങളെ ഒരു പരുഷനായ യജമാനനായിത്തീരാൻ അനുവദിക്കാൻ പോകുകയല്ലായിരുന്നു. മറിച്ച് പൗലോസ് ഇങ്ങനെ എഴുതി: “ഞാൻ എന്റെ ശരീരത്തെ [ജഡികാഭിലാഷങ്ങളെ] ദണ്ഡിപ്പിച്ച് ഒരു അടിമയെപ്പോലെ നടത്തുകയാണ്.” (1 കൊരിന്ത്യർ 9:27) അവൻ തന്നോടുതന്നെ പരുഷനായിത്തീർന്നു! സമാനമായ ഒരു ശ്രമം സ്വയംഭോഗത്തിൽനിന്ന് കുതറിമാറാൻ ആരെയും പ്രാപ്തനാക്കും—എത്ര കഠിനമായി ശ്രമിക്കേണ്ടിവന്നാലും.b (g87 11/8)
[അടിക്കുറിപ്പുകൾ]
a 1988 ഒക്ടോബർ 8-ലെ ഉണരുക! കാണുക
b ഒരു വ്യക്തിക്ക് ഈ ശീലത്തിൽനിന്ന് സ്വതന്ത്രനാകാൻ എങ്ങനെ കഴിയുമെന്നതിനെക്കുറിച്ച് ഒരു ഭാവിലേഖനം ചർച്ച ചെയ്യുന്നതാണ്.
[13-ാം പേജിലെ ചിത്രം]
അധാർമ്മികരംഗങ്ങൾ നിരീക്ഷിക്കുന്നത് സ്വയംഭോഗത്തിനുള്ള “മാനസിക ഇന്ധനം” നൽകും