കണ്ണ്—“കമ്പ്യൂട്ടർ ശാസ്ത്രജ്ഞന് അസൂയാവഹം”
റെററിനാ കണ്ണിന്റെ പിമ്പിൽ ഒതുങ്ങുന്ന ഒരു ചെറിയ സ്തരമാണ്. കടലാസ്പോലെ കട്ടികുറഞ്ഞ അതിൽ വ്യത്യസ്ത അടുക്കുകളിൽ ക്രമീകരിച്ചിരിക്കുന്ന പത്തുകോടിയിൽപരം ന്യൂറോണുകൾ അടങ്ങിയിരിക്കുന്നു. ജീവനുള്ള ശരീരം എന്ന പുസ്തകത്തിൽ “റെററിനാ മനുഷ്യശരീരത്തിലെ ഏററം ശ്രദ്ധേയമായ കലാശകലങ്ങളിലൊന്നാണ്” എന്നു പറയുന്നു. അത് “ഓരോ സെക്കണ്ടിലും ഉദ്ദേശം 1000 കോടി കണക്കുകൂട്ടലുകൾ നടത്തുന്ന, കമ്പ്യൂട്ടർശാസ്ത്രജ്ഞന് അസൂയാവഹമാണ്” എന്ന് മൃഗങ്ങൾ എങ്ങനെ കാണുന്നു? എന്ന തന്റെ പുസ്തകത്തിൽ സാന്ദ്രാ സിങ്ക്ളയർ പറയുന്നു.
ഒരു ക്യാമറാ ഒരു ഫോട്ടോഗ്രാഫിക്ക് ഫിലിമിൽ ഒരു പ്രതിബിബം കേന്ദ്രീകരിക്കുന്നതുപോലെ നമ്മുടെ കണ്ണ് നാം കാണുന്നതിന്റെ ഒരു പ്രതിബിംബം റെററിനായിൽ കേന്ദ്രീകരിക്കുന്നു. എന്നിരുന്നാലും ഡോക്ടർ മില്ലർ വിശദീകരിക്കുന്നതുപോലെ, ക്യമറാ ഫിലിം “റെററിനായുടെ ഉപയോഗക്ഷമമായ സംവേദനത്തോട് പൊരുത്തപ്പെട്ടുതുടങ്ങുന്നുപോലുമില്ല.” ഒരേ “ഫിലിം” കൊണ്ട് 30,000 ഇരട്ടി തീവ്രതയോടെ നമുക്ക് ചന്ദ്രികയിലോ സൂര്യപ്രകാശത്തിലോ കാണാൻ കഴിയും. കൂടാതെ, റെററിനായിക്ക് പകുതി വെളിച്ചത്തിൽ കുളിച്ചിരിക്കുന്നതും ബാക്കിയിൽ നിഴൽ വീണിരിക്കുന്നതുമായ ഒരു വസ്തുവിന്റെ സൂക്ഷ്മ വിശദാംശങ്ങൾ വിവേചിക്കാൻ കഴിയും. “ഫിലിമിന്റെ ഉചിതമായ എക്സ്പോഷറിനാവശ്യമായ പ്രകാശതീവ്രതയുടെ ഇടുങ്ങിയ നിർണ്ണായകപരിധിനിമിത്തം ക്യാമറായ്ക്ക് ഇതു ചെയ്യാൻകഴികയില്ല” എന്ന് ടെക്സ്ററബുക്ക് ഓഫ് മെഡിക്കൽ ഫിസിയോളജി എന്ന തന്റെ പുസ്തകത്തിൽ പ്രൊഫസ്സർ ഗൈററൻ വിശദീകരിക്കുന്നു. അതുകൊണ്ട് ഫോട്ടോഗ്രഫർമാർക്ക് ഫ്ളാഷ് ഉപകരണം ആവശ്യമാണ്.
“റെററിനായുടെ ഉപയോഗക്ഷമമായ സംവേദനം” ഭാഗികമായി 12 കോടി 50 ലക്ഷം റോഡ്കോശങ്ങൾ നിമിത്തമാണ്. ഇവ ചെറിയ അളവിലുള്ള പ്രകാശത്തോട് സംവേദനമുള്ളതാകയാൽ രാത്രിയിൽ കാഴ്ച സാദ്ധ്യമാക്കുന്നു. ഇനി ശോഭയേറിയ പ്രകാശത്തോടു പ്രതികരിക്കുന്നതും വിശദമായ നിറക്കാഴ്ച സാദ്ധ്യമാക്കുന്നതുമായ 55 ലക്ഷം കോൺകോശങ്ങളുണ്ട്. ചില കോൺകോശങ്ങൾ ചുവന്ന പ്രകാശത്തോട് ഏററവുമധികം പ്രതികരണമുള്ളവയാണ്, മററു ചിലത് പച്ചയോടും വേറെ ചിലതു നീലയോടും. അവയുടെ സംയുക്ത പ്രതികരണം ഈ മാസികയിലെ എല്ലാ നിറങ്ങളും കാണാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. മൂന്നുതരം കോൺകോശങ്ങളും തുല്യമായി ഉത്തേജിതമാകുമ്പോൾ നിങ്ങൾ കാണുന്ന നിറം തൂവെള്ളയായിരിക്കും.
മിക്ക മൃഗങ്ങൾക്കും നിറം കാണുന്നതിനുള്ള പ്രാപ്തി പരിമിതമാണ്. അനേകവും നിറം കാണുന്നതേയില്ല. “നിറക്കാഴ്ച ജീവിതസന്തോഷങ്ങളെ അതിയായി വർദ്ധിപ്പിക്കുന്നു” എന്ന് സർജൻ റെൻഡിൽ ഷോർട്ട് പറയുന്നു, “ജീവിതത്തിന് തികച്ചും അത്യാവശ്യമില്ലാത്ത എല്ലാ ശരീരാവയവങ്ങളിലുംവെച്ച് കണ്ണിനെ അത്യന്തം അത്ഭുതകരമെന്നു പരിഗണിക്കാവുന്നതാണ്” എന്ന് കൂട്ടിച്ചേർക്കുകയുംചെയ്യുന്നു.
“അത്ഭുതകരമായ റ്റീം വർക്ക്”
ഒരു ക്യാമറാ ഫിലിമിലെപ്പോലെ പ്രതിബിംബങ്ങൾ റെററിനായിൽ തലകീഴായിട്ടാണ് വീഴുന്നത്. “ലോകം തലകീഴായി കിടക്കാത്തതെന്തുകൊണ്ട്?” എന്ന് ഡോ. ഷോർട്ട് ചോദിക്കുന്നു. “എന്തുകൊണ്ടെന്നാൽ ധാരണകളെ നേരേ തിരിക്കുന്ന ശീലം തലച്ചോർ വളർത്തിയെടുത്തിട്ടുണ്ട്” എന്ന് അദ്ദേഹം വിശദീകരിക്കുന്നു.
പ്രതിബിംബങ്ങളെ നേരേ തിരിക്കാൻ പ്രത്യേക കണ്ണടകൾ രൂപകൽപ്പനചെയ്തിട്ടുണ്ട്. ശാസ്ത്രീയ പരീക്ഷണങ്ങളിൽ അത്തരം കണ്ണടകൾ ധരിച്ചവർ സകലവും തലതിരിഞ്ഞാണു കണ്ടത്. പിന്നീട് ചുരുക്കം ചില ദിവസങ്ങൾക്കുശേഷം അത്ഭുതകരമായ ഒരു സംഗതി സംഭവിച്ചു. അവർ സാധാരണരീതിയിൽ കണ്ടുതുടങ്ങി! “നിങ്ങളുടെ കണ്ണിന്റെയും നിങ്ങളുടെ തലച്ചോറിന്റെയും അത്ഭുതകരമായ ടീംവർക്ക് അനേകം വിധങ്ങളിൽ പ്രദർശിപ്പിക്കപ്പെടുന്നു” എന്ന് ദി ബോഡി ബുക്ക് പ്രസ്താവിക്കുന്നു.
നിങ്ങളുടെ കണ്ണ് ഈ ലൈനിലൂടെ നീങ്ങുമ്പോൾ കോൺകോശങ്ങൾ കറുത്ത മഷിയെ വെളുത്ത കടലാസിൽനിന്ന് വേർതിരിച്ചറിയിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ റെററിനായിക്ക് ഒരു മനുഷ്യനിർമ്മിത അക്ഷരമാലയിലെ അക്ഷരങ്ങളോടു പ്രതികരിക്കാൻ കഴികയില്ല. നാം അക്ഷരമാലക്ക് അർത്ഥംകൊടുക്കാൻ പഠിക്കുന്നത് തലച്ചോറിന്റെ മറെറാരു ഭാഗത്താണ്. വിവരങ്ങളുടെ ഒരു കൈമാററം ആവശ്യമാണ്.
നിങ്ങളുടെ തലയുടെ പിൻഭാഗത്തിനടുത്തു സ്ഥിതിചെയ്യുന്ന തലച്ചോറിന്റെ ഒരു ഭാഗത്തേക്ക് റെററിനാ ഒരു ദശലക്ഷം നാഡീതന്തുക്കൾവഴി ഒരു കോഡുസന്ദേശം അയയ്ക്കുന്നു. “റെററിനായിൽ നിന്ന് സെറിബ്രൽ കോർട്ടെക്സിലേക്കു വീഴുന്ന പ്രതിഛായകൾ അത്യന്തം സംഘടിതവും ക്രമീകൃതവുമാണ്. . . . റെററിനായുടെ ഓരോ വ്യത്യസ്തഭാഗത്തും ഒരു ചെറിയ വെളിച്ചം പ്രകാശിക്കുകയാണെങ്കിൽ [തലച്ചോറിലെ] ദർശനഭാഗത്തിന്റെ ഒരു സംഗതഭാഗം പ്രതികരിക്കു”മെന്ന് മസ്തിഷ്കം എന്ന പുസ്തകം വിശദീകരിക്കുന്നു. (g88 6/8)
[7-ാം പേജിലെ ചിത്രങ്ങൾ]
ഒരു ക്യാമറായിൽനിന്നു വ്യത്യസ്തമായി റെററിനായിക്ക് പ്രകാശത്തോടുള്ള വിപുലമായ സംവേദനമുള്ളതുകൊണ്ട് കണ്ണിന് ഫ്ളാഷ് ഉപകരണത്തെ ആശ്രയിക്കേണ്ടതില്ല
[8-ാം പേജിലെ ചിത്രം]
നിങ്ങളുടെ റെററിനായിക്ക് കോൺകോശങ്ങൾ എന്നു വിളിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് ന്യൂറോണുകൾ ഉണ്ട്, അവ പച്ചയോടും ചുവപ്പിനോടും നീലയോടും പ്രതികരണമുള്ളവയാണ്