ചെറുപ്പക്കാർ ചോദിക്കുന്നു. . .
ക്രിസ്തീയയോഗങ്ങൾ—അവിടെ പോകുന്നതെന്തിന്?
“എന്റെ മാതാപിതാക്കൻമാർ എന്നെ പള്ളിയിൽ നിർബന്ധിച്ചു വിട്ടു”, സുറീനം എന്ന രാജ്യത്തെ ഒരു ചെറുപ്പക്കാരൻ പറയുന്നു. “ഞായറാഴ്ച രാവിലെ ഫുട്ബോൾ ഉണ്ടായിരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം, എനിക്ക് വീട്ടിൽ കഴിയാമല്ലോ. എന്നാൽ തിങ്കളാഴ്ചമുതൽ ശനിയാഴ്ച വരെ മാത്രമേ മഴപെയ്യുന്നതായി കാണപ്പെട്ടുള്ളു” എന്ന് അവൻ ചിരിച്ചുകൊണ്ടു കൂട്ടിച്ചേർക്കുന്നു.
“ഒരു സമയത്തും പള്ളിശുശ്രൂഷകൾ കൊണ്ട് എനിക്ക് തൃപ്തി തോന്നിയിട്ടില്ല. ഇറങ്ങിപ്പോകാൻ ഒരു അവസരം കിട്ടുമ്പോൾ ഞാൻ അത് ഉപയോഗപ്പെടുത്തുമായിരുന്നു.”
ക്രിസ്ററ്യാൻ അശേഷം വ്യത്യസ്തനല്ല. ലോകത്തിലെങ്ങുമുള്ള വൈദികർ മതശുശ്രൂഷകളിൽ യുവാക്കൾക്കുള്ള താൽപ്പര്യക്കുറവിൽ പരിതപിക്കുന്നു. റേറാംഗാ എന്ന പസഫിക്ക്ദ്വീപിൽനിന്നുള്ള ഒരു വൈദികനായ സിമോട്ടേ വീയാ പറയുന്നു: “പള്ളികളിൽ ഹാജരാകുന്ന യുവജനങ്ങളുടെ എണ്ണം . . . കുറയുകയാണ്.”
എന്നാൽ മുഖ്യധാരാ സഭകൾ യുവജനങ്ങളെ ആകർഷിക്കുന്നതിൽ പരാജയപ്പെടുന്നതെന്തുകൊണ്ട്? വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ സ്ററാഫംഗമായ ലോറീൻ റെറവി ഇങ്ങനെ സമ്മതിക്കുന്നു: “ഏററം നിർണ്ണായകമായ ആവശ്യം വിദ്യാഭ്യാസമാണ് . . . ദൈവശാസ്ത്രവിദ്യാഭ്യാസം എല്ലാവർക്കുംവേണ്ടിയാണെന്ന് സഭകൾ മനസ്സിലാക്കേണ്ടതുണ്ട്.”
“അതു ശരിയാണ്,” ക്രിസ്ററ്യാൻ സമ്മതിക്കുന്നു. “അനേകം യുവജനങ്ങൾ വ്യക്തമായ ബൈബിൾ വിദ്യാഭ്യാസത്തിനുവേണ്ടി കാംക്ഷിക്കുന്നു. എന്നിരുന്നാലും, ആ ആവശ്യം നിറവേററുന്നതിനു പകരം സഭ പഴയ കർമ്മങ്ങളിൽ ഉടക്കിക്കിടക്കുകയാണ്.” 13 വയസ്സുകാരി ആനി കൂട്ടിച്ചേർക്കുന്നു: “പള്ളിയിൽ ധാരാളം പാട്ടുണ്ട്, എന്നാൽ കുറച്ചു പഠനമേയുള്ളു.” സമാനമായി, പതിനെട്ടു വയസ്സുകാരി ബാർബരാ പള്ളികളിലെ വിദ്യാഭ്യാസത്തിന്റെ കുറവിനെക്കുറിച്ചു പരിതപിച്ചു. “ഒരു ദിവസം പാസ്ററർ യേശുവിന്റെ രേഖാചിത്രം എനിക്കു തന്നു. അവ കളർചെയ്യാൻ അദ്ദേഹം എന്നോടു പറഞ്ഞു. അതായിരുന്നു ശുശ്രൂഷ!”
അപ്പോൾ അനേകം യുവാക്കൾ പള്ളിശുശ്രൂഷകളിൽ മോഹഭംഗപ്പെട്ടിരിക്കുന്നത് ഒട്ടും അതിശയമല്ല. എന്നിരുന്നാലും സകല മതയോഗങ്ങളും സമയംപാഴാക്കലാണോ? മറിച്ച്, ഇവിടെ ഉദ്ധരിച്ച യുവാക്കളെല്ലാം വീണ്ടും മതയോഗങ്ങൾക്ക് ഹാജരാകാൻ തുടങ്ങി! കാരണം? കുറേ വർഷങ്ങൾക്കുമുമ്പ് യു. എസ്. കാത്തലിക്ക് എന്ന മാസിക റിപ്പോർട്ടുചെയ്തത് അവർ കണ്ടുപിടിച്ചു: “മിക്ക കത്തോലിക്കാ ഇടവകകളും വർഷംമുഴുവൻ നൽകുന്നതിനെക്കാൾ കൂടുതൽ വിദ്യാഭ്യാസം ഒരു മാസത്തിൽ ഏതു രാജ്യഹാളും നൽകുന്നുണ്ട്.”
രാജ്യഹാളുകൾ—നവോൻമേഷപ്രദമാംവണ്ണം വ്യത്യസ്തം
രാജ്യഹാളുകളോ? അതെ, ഇവ ഈ മാസികയുടെ വിതരണക്കാരായ യഹോവയുടെ സാക്ഷികളുടെ യോഗസ്ഥലങ്ങളാണ്. സുറീനം എന്ന രാജ്യത്ത് യോഗങ്ങൾക്കു ഹാജരാകുന്നവരുടെ ഓരോ മൂന്നു പേരിലും ഒരാൾ 12-നും 20-നും ഇടക്കു പ്രായമുള്ളയാളാണെന്ന് അവിടെ നടത്തിയ ഒരു സർവേ പ്രകടമാക്കി! മററനേകം രാജ്യങ്ങളിലും ഇതു സത്യമാണ്—യുവാക്കളുടെ വലിയ സംഖ്യകൾ രാജ്യഹാളുകളിലെ മീററിംഗുകൾക്ക് ഹാജരായിക്കൊണ്ടിരിക്കുന്നു.
അവിടത്തെ യോഗങ്ങൾ തന്നെ ആകർഷിച്ചതെന്തുകൊണ്ടെന്ന് ക്രിസ്ററ്യാൻ വിശദീകരിക്കുന്നു: “ബൈബിൾ എത്ര കൂടെക്കൂടെ ഉപയോഗിക്കുന്നുവെന്നു കണ്ടതിൽ എനിക്കു മതിപ്പുളവായി. പറഞ്ഞതിനെല്ലാം അതിൽനിന്ന് നല്ല തെളിവു കൊടുത്തിരുന്നു. യോഗങ്ങൾ സ്കൂളുകൾപോലെയായിരുന്നു!” തീർച്ചയായും രാജ്യഹാളുകളിൽ ക്രിസ്ത്യാനികളെ വായനയിലും പഠിപ്പിക്കലിലും ബൈബിൾ ബാധകമാക്കുന്നതിലും പരിശീലനം കൊടുക്കുന്ന അഞ്ചു പ്രതിവാരയോഗങ്ങളുടെ ഒരു കോഴ്സ് നടക്കുന്നുണ്ട്. അവിടത്തെ യോഗങ്ങൾ പള്ളിശുശ്രൂഷകളിൽനിന്ന് നവോൻമേഷപ്രദമാംവണ്ണം വ്യത്യസ്തമാണെന്ന് നിങ്ങൾ കണ്ടെത്തും.
എന്നിരുന്നാലും, അനേകം യുവാക്കൾ ഏതു തരം സ്കൂളിന്റെയും ആശയത്തിൽനിന്ന് അകന്നുമാറിയേക്കാം. ക്രിസ്തീയ മാതാപിതാക്കൾ വളർത്തിയ ചില യുവാക്കൾപോലും ക്രിസ്തീയയോഗങ്ങൾ ‘വിരസ’മാണെന്നും ‘വളരെ ദീർഘിച്ച’താണെന്നും അല്ലെങ്കിൽ ടെലിവിഷൻ കാണുന്നതുപോലെ മറെറന്തെങ്കിലും ചെയ്യുന്നത് കൂടുതൽ രസമായിരിക്കുമെന്നും പരാതിപറഞ്ഞുകൊണ്ട് യോഗങ്ങളോടുള്ള വിലമതിപ്പു നഷ്ടപ്പെടുത്തിയേക്കാം. അപ്പോൾ ഒരു ചെറുപ്പക്കാരൻ ക്രിസ്തീയയോഗങ്ങൾക്കു ഹാജരാകാൻ വിനോദത്തിൽനിന്നും സ്കൂൾജോലിയിൽനിന്നും സമയം എടുക്കേണ്ടതെന്തുകൊണ്ട്?
യോഗങ്ങൾ—“വിശ്വാസത്തിൽ ആരോഗ്യമുള്ള”വരായിരിക്കാൻ ഒരു ഉപകരണം
“വിശ്വാസം കൂടാതെ [ദൈവത്തെ] നന്നായി പ്രസാദിപ്പിക്കുക അസാദ്ധ്യമാണ്” എന്ന് അപ്പോസ്തലനായ പൗലോസ് ഒരിക്കൽ പ്രസ്താവിച്ചു. (എബ്രായർ 11:6) അങ്ങനെ “വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിരിക്കാൻ” അവൻ അവരെ പ്രോൽസാഹിപ്പിച്ചു. (തീത്തോസ് 2:2) ഈ ബുദ്ധിയുപദേശം ഇന്നത്തെ യുവജനങ്ങൾക്ക് ഉചിതമാണോ? തീർച്ചയായും! ഒരു പതിനഞ്ചുവയസ്സുകാരി അതിങ്ങനെ പ്രസ്താവിച്ചു: “ചിലപ്പോൾ യുവജനങ്ങൾക്ക് ജീവിതത്തിലെ ഏററം പ്രയാസമായ സമയം അനുഭവപ്പെടുന്നു എന്നു ഞാൻ വിചാരിക്കുന്നു. ഞങ്ങൾ ദുർവൃത്തിയിലേർപ്പെടുകയും മയക്കുമരുന്നുപയോഗിക്കുകയും കുടിക്കുകയും ചെയ്യുന്ന ആളുകൾക്കു ചുററുമാണ്.” സഹക്രിസ്ത്യാനികളിൽനിന്ന് ‘നിങ്ങളെത്തന്നെ ഒററപ്പെടുത്തിക്കൊണ്ട്’ ഈ സ്വാധീനങ്ങളെ ചെറുത്തുനിൽക്കാൻ നിങ്ങൾക്കു കഴിയുമോ? (സദൃശവാക്യം 18:1) അശേഷം കഴികയില്ല.
അതുകൊണ്ട് ക്രിസ്തീയയോഗങ്ങൾ ഒരു മർമ്മപ്രധാനമായ ആവശ്യം സാധിക്കുന്നു. അവ “വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി” നിലകൊള്ളാൻ നിങ്ങളെ സഹായിക്കുന്നു! രണ്ടാം നൂററാണ്ടിലെ ഒരു വിശ്വാസിയായ തെർത്തുല്യൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ തിരുവെഴുത്തുകൾ വായിക്കുന്നതിന് ഞങ്ങൾ സമ്മേളിക്കുന്നു. . . വിശുദ്ധ വചനങ്ങൾകൊണ്ട് ഞങ്ങൾ ഞങ്ങളുടെ വിശ്വാസത്തെ പോഷിപ്പിക്കുന്നു.” അതുപോലെതന്നെ ഇന്നും രാജ്യഹാളിലെ യോഗങ്ങൾക്ക് നിങ്ങളുടെ ‘വിശ്വാസത്തെ പോഷിപ്പിക്കാനും’ നിങ്ങളെ ഉറപ്പിക്കാനും കഴിയും. അപ്പോൾ “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ യോഗങ്ങളിൽനിന്ന് അകന്നുനിൽക്കാതെ, . . . നമ്മുടെ വിശ്വാസത്തിന്റെ ഏററുപറച്ചിലിൽ നമുക്ക് ഉറപ്പുള്ളവരും അചഞ്ചലരുമായിരിക്കാം” എന്ന് ക്രിസ്ത്യാനികളോടു കൽപ്പിച്ചിരിക്കുന്നത് അതിശയമല്ല.—എബ്രായർ 10:23-25, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ.
യോഗങ്ങൾ—ആസ്വാദ്യവും ആകർഷകവും
ഉയർന്ന സാങ്കേതികവിദ്യയുടെ ഈ യുഗത്തിൽ അനേകം യുവജനങ്ങൾ ആവശ്യപ്പെടുന്നത് പഠിപ്പിക്കപ്പെടാൻമാത്രമല്ല, വിനോദിപ്പിക്കപ്പെടാൻ കൂടെയാണ്. രാജ്യഹാളിലെ യോഗങ്ങൾ വിപുലമായ നാടകാവതരണങ്ങളല്ലെന്നു സമ്മതിക്കുന്നു. എന്നാൽ പരിപാടി വിരസവും മുഷിപ്പനുമാണെന്ന് അതിനർത്ഥമില്ല. ഇതു പരിചിന്തിക്കുക: ഒരു ഭക്ഷണത്തെ ആസ്വാദ്യമാക്കുന്നതെന്താണ്? അത് പോഷകപ്രധാനവും വിവിധവുമായ വിഭവവും മേശയിങ്കലെ ഉല്ലാസപ്രദമായ സഹവാസവും വിശ്രമകരമായ അന്തരീക്ഷവുമല്ലയോ? ശരി, ക്രിസ്തീയമീററിംഗുകൾ ആസ്വാദനത്തിന്റെ ഈ മാനദണ്ഡങ്ങളിലെത്തുന്നുവെന്നു തീർച്ചയാണ്.
പോഷകപ്രധാനവും വിവിധവും: അഞ്ചുയോഗങ്ങൾ ഒരു സമീകൃത ആത്മീയാഹാരം പ്രദാനംചെയ്യാൻ ഉതകുന്നു—കുടുംബജീവിതംസംബന്ധിച്ച ബുദ്ധിയുപദേശം തുടങ്ങി പ്രവചനങ്ങളുടെ പഠനം വരെ. വിവിധമോ? ശരി, പ്രസംഗങ്ങളും ഗ്രൂപ്ചർച്ചകളും അഭിമുഖസംഭാഷണങ്ങളും സജീവ ലഘുരംഗങ്ങളും മാറിമാറിവരുന്നു. പതിനഞ്ചുവയസ്സുകാരി ജാനററ് അവളുടെ ആദ്യമീററിംഗ് ഓർക്കുന്നു: “യോഗം പകുതിയായപ്പോൾ ‘നമുക്കു വീട്ടിൽപോകാം’ എന്നു ഞാൻ പറഞ്ഞു. ഞാൻ ഇരുന്നു മടുത്തു. എന്നാൽ അപ്പോൾ പ്രായമുള്ളവരും ചെറുപ്പക്കാരും പ്ലാററ്ഫോമിൽനിന്നു മാറി മാറി പ്രസംഗിച്ചുതുടങ്ങി. എനിക്ക് അതിഷ്ടപ്പെട്ടു, അവസാനംവരെ ഇരിക്കുകയുംചെയ്തു.”
ഉല്ലാസപ്രദമായ സഹവാസം: ആദ്യമീററിംഗിൽ ഹാജരായശേഷം നിക്കരാഗ്വേയിൽനിന്നുള്ള കരോളിനാ എന്ന പെൺകുട്ടി ഇങ്ങനെ പറഞ്ഞു: ‘ചെറുപ്പക്കാരായ അംഗങ്ങൾ എന്നിൽ മതിപ്പുളവാക്കി. അവർ സൗഹൃദവും ആദരവുമുള്ളവരായിരുന്നു.’ അതെ, രാജ്യഹാളിൽ നിങ്ങൾക്ക് ‘നല്ലതും ഉല്ലാസകരവുമായ’ കൂട്ടായ്മ കണ്ടെത്താൻ കഴിയും. (സങ്കീർത്തനം 133:1) അങ്ങനെ, പതിനാറു വയസ്സുകാരി അനിററാ പറയുന്നു: “രാജ്യഹാളിൽ, ഞാൻ യഥാർത്ഥ സുഹൃത്തുക്കളെ കണ്ടെത്തി.”
വിശ്രമകരമായ അന്തരീക്ഷം: “ചില സമയങ്ങളിൽ ഞാൻ പകൽ മുഴുവൻ ഒരു പ്രശ്നത്തെക്കുറിച്ച് ഉൽക്കണ്ഠപ്പെടുന്നു,” 14 വയസ്സുകാരൻ സൈമൻ പറയുന്നു. “എന്നാൽ രാജ്യഹാളിൽ ഞാൻ അതിനെക്കുറിച്ചു മറക്കുന്നു. എനിക്ക് ആന്തരികസമാധാനം അനുഭവപ്പെടുന്നു.” ക്രിസ്തീയയോഗങ്ങൾ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദൈവാത്മാവിനെ പ്രതിഫലിപ്പിക്കുന്നു. (ഫിലിപ്പിയർ 4:4-7) അനേകം പള്ളികളുടെ അലംകൃതമായ രൂപകൽപ്പനക്കും നിശബ്ദമായ കൃത്രിമപ്രഭക്കും വിരുദ്ധമായി രാജ്യഹാളുകൾ ലളിത രൂപകൽപ്പനയുള്ളതും വിശ്രമദായകമായ അന്തരീക്ഷം പ്രദാനംചെയ്യുന്നതുമാണ്. യുവ ബാർബരാ പറയുന്നു: “രാജ്യഹാളിൽ എനിക്ക് വീട്ടിലെപ്പോലെ അനുഭവപ്പെടുന്നു.”
പഠനത്തിനുള്ള ഒരു സ്ഥലം
എന്നിരുന്നാലും, അന്തരീക്ഷത്തെക്കാൾ വളരെയേറെ പ്രധാനമാണ് നിങ്ങൾ രാജ്യഹാളിലെ മീററിംഗുകളിൽനിന്ന് പഠിക്കുന്നത്. ദൃഷ്ടാന്തത്തിന്, അഞ്ചു മീററിംഗുകളിൽ ഒന്നുമാത്രം പരിചിന്തിക്കുക—ദിവ്യാധിപത്യസ്കൂൾതന്നെ. ക്രിസ്ത്യാനികൾക്ക് പരസ്യപ്രസംഗത്തിന്റെ കലയിൽ പരിശീലനം കൊടുക്കുന്നതിന് 1943-ൽ അതു സ്ഥാപിക്കപ്പെട്ടു. അത് ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികളുടെ എല്ലാ സഭകളിലും സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു സാർവദേശീയ സ്കൂളാണ്. അത് തുല്യാവസര വിദ്യാഭ്യാസം പ്രദാനംചെയ്യുന്നു. വിദ്യാർത്ഥികൾക്ക്, അവർ ആൺകുട്ടികളായാലും പെൺകുട്ടികളായാലും കറുത്തവരായാലും വെളുത്തവരായാലും ധനികരായാലും ദരിദ്രരായാലും സൗജന്യമായി ഒരേ പരിശീലനം കൊടുക്കപ്പെടുന്നു!
പ്രധാന പാഠപ്പുസ്തകം ബൈബിളാണ്. ബൈബിൾ വിവരങ്ങൾ ശേഖരിച്ച് വികസിപ്പിക്കുന്നതിനും അനന്തരം ഒരു സംഭാഷണരീതിയിൽ അത് അവതരിപ്പിക്കുന്നതിനും യോഗ്യതയുള്ള അദ്ധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. സ്കൂളിനോടുള്ള ബന്ധത്തിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ്ബുക്ക്a എന്ന പേരിലുള്ള പുസ്തകവും ഉപയോഗിക്കപ്പെടുന്നു. അതിലെ 38 പാഠങ്ങളിൽ “ഒരു ബാഹ്യരേഖ നിർമ്മിക്കൽ,” “അർത്ഥം ഊന്നിപ്പറയലും ഉച്ചനീചത്വവും” എന്നിങ്ങനെയുള്ള വിഷയങ്ങൾ കൈകാര്യംചെയ്യപ്പെടുന്നു. അവ ഉചിതമായ സംസാരരീതി, ഉച്ചാരണം, രചന എന്നിവ പഠിപ്പിക്കുന്നു. റെററി എന്നു പേരുള്ള ഒരു യുവതി തന്റെ പ്രസംഗാദ്ധ്യാപകന് ഈ പുസ്തകം സമർപ്പിച്ചപ്പോൾ അദ്ദേഹം മററു വിദ്യാർത്ഥികളോടു പറയുകയാണ്: “അഞ്ചു വാരത്തെ ക്ലാസ്സിനു ശേഷം അവൾ ഒരു പ്രസംഗക്ലാസ് ഉചിതമായി എങ്ങനെ നടത്താമെന്നു വിവരിക്കുന്ന ഒരു പുസ്തകം എനിക്കു തന്നു!”
ഒരു കൂട്ടത്തിന്റെ മുമ്പാകെ എഴുന്നേററുനിന്ന് സമർത്ഥമായി, നിപുണമായി, ബൈബിൾ പഠിപ്പിക്കാൻ കഴിയുന്നതിനെക്കുറിച്ചു സങ്കൽപ്പിക്കുക! നിങ്ങൾ രാജ്യഹാളിലെ മീററിംഗുകളിൽ ഹാജരാകുന്നുവെങ്കിൽ ലഭിക്കുന്ന പ്രയോജനങ്ങളിൽ ഒന്നു മാത്രമാണ് ഇത്. നിങ്ങൾക്ക് അവിടെ ആസ്വദിക്കാവുന്ന നല്ല സഹവാസവും അതിനോടു കൂട്ടുക. ക്രമമായ മീററിംഗ് ഹാജർ ദൈവത്തിലും അവന്റെ പുത്രനിലുമുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ പോഷിപ്പിക്കലിന് എത്രയധികം മർമ്മപ്രധാനമാണെന്ന് നിങ്ങൾക്ക് അനായാസം കാണാൻ കഴിയും. “വിശ്വാസം പ്രകടമാക്കുന്നവന് നിത്യജീവനുണ്ട്” എന്ന് യേശു നമ്മെ അനുസ്മരിപ്പിക്കുന്നു.—യോഹന്നാൻ 3:36.
അപ്പോൾ ഈ ഹ്രസ്വമായ ചർച്ച മീററിംഗുകൾക്ക് ഹാജരായിത്തുടങ്ങാനുള്ള നിങ്ങളുടെ ആഗ്രഹത്തെ വർദ്ധിപ്പിച്ചിരിക്കുമെന്ന് ഞങ്ങൾ ആശിക്കുന്നു, നിങ്ങൾ ഇതുവരെ അങ്ങനെ ചെയ്തുതുടങ്ങിയില്ലെങ്കിൽ. നിങ്ങൾ ഇപ്പോൾത്തന്നെ ഹാജരാകുന്നുണ്ടെങ്കിലോ? അപ്പോൾ ചോദ്യം ഇതാണ്: നിങ്ങൾക്കു കിട്ടേണ്ടടത്തോളം പ്രയോജനം ഈ മീററിംഗുകളിൽനിന്നു കിട്ടുന്നുണ്ടോ? (g88 6/8)
[അടിക്കുറിപ്പുകൾ]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചത്.
[15-ാം പേജിലെ ചിത്രം]
രാജ്യഹാളിലെ യോഗങ്ങൾ സജീവമായി പങ്കെടുക്കാൻ ചെറുപ്പക്കാർക്ക് അവസരം കൊടുക്കുന്നു