“മതപീഡനത്തിന്റെമുഖ്യ ഇരകൾ”
ചരിത്രത്തിലുടനീളം മതപീഡനം നടന്നിട്ടുണ്ട്. കയീൻ ഹാബേലിനെ കൊന്നത് മതഭിന്നതകളാൽ പ്രേരിതനായിട്ടായിരുന്നു. ദൈവം ഹാബേലിന്റെ ബലിയിൽ പ്രസാദിക്കുകയും തന്റേതിനെ പ്രീതിയോടെ വീക്ഷിക്കാതിരിക്കുകയും ചെയ്തത് കയീന് ഇഷ്ടപ്പെട്ടില്ല. അവൻ കുപിതനാകുകയും ഒടുവിൽ തന്റെ സഹോദരനെ കൊല ചെയ്യുകയും ചെയ്തു.—ഉൽപ്പത്തി 4:3-8.
വിശേഷിച്ച് അന്ത്യകാലത്ത് തന്റെ അനുഗാമികൾ പീഡിപ്പിക്കപ്പെടുമെന്ന് യേശുക്രിസ്തു പ്രവചിച്ചു. അവൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “നിങ്ങൾ ശിക്ഷക്കും വധത്തിനും ഏൽപ്പിക്കപ്പെടും; സകല ജനതകളിലെയും ആളുകൾ നിങ്ങൾക്ക് എന്നോടുള്ള കൂറു നിമിത്തം നിങ്ങളെ വെറുക്കും.”—മത്തായി 24:9, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ.
കഴിഞ്ഞ സഹസ്രാബ്ദങ്ങളിൽ, മുഖ്യ മതങ്ങൾ ജനങ്ങളുടെമേലുള്ള തങ്ങളുടെ കുത്തകനിയന്ത്രണത്തിന് ഭീഷണി നേരിടുന്നതായി കണ്ടപ്പോൾ അന്യോന്യം പീഡിപ്പിച്ചിട്ടുണ്ട്. കത്തോലിക്കരും പ്രോട്ടസ്ററൻറുകാരും ഹിന്ദുക്കളും മുസ്ലീങ്ങളും യഹൂദൻമാരും മററുള്ളവരും അങ്ങോട്ടും ഇങ്ങോട്ടും രക്തച്ചൊരിച്ചിലിൽ ഏർപ്പെട്ടിട്ടുണ്ട്. യാഥാസ്ഥിതികത്വത്തിന്റെയും അപ്രമാദിത്വസത്യത്തിന്റെയും ദേഹിയുടെ അമർത്ത്യതയുടെയും പേരിൽ പീഡനം ന്യായീകരിക്കപ്പെട്ടിട്ടുണ്ട്. യഹൂദൻമാർ തങ്ങളുടെ മതവും വർഗ്ഗവും നിമിത്തം പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ 20-ാം നൂററാണ്ടിൽ ചില രാജ്യങ്ങളിൽ നിരീശ്വര കമ്യൂണിസം ‘ജനങ്ങളെ മയക്കുന്ന കറുപ്പ്’ എന്ന നിലയിൽ മതത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്.
എന്നിരുന്നാലും, ഇതേ നൂററാണ്ടിൽ, മതപരമായാലും രാഷ്ട്രീയമായാലും, ഏതു കേന്ദ്രത്തിൽനിന്നും പീഡിപ്പിക്കപ്പെട്ടിട്ടുള്ള ഒരു മതമുണ്ട്. അവർ ആരാണ്, ആന്തരങ്ങൾ എന്തായിരുന്നു?
“മുഖ്യ ഇരകൾ”
കോടതിയും ഭരണഘടനയും (1987) എന്ന തന്റെ അടുത്ത കാലത്തെ പുസ്തകത്തിൽ മുൻ വാട്ടർഗേററ് സ്പെഷ്യൽ പ്രോസികൂട്ടർ ആർച്ചിബാൾഡ് കോക്സ് എഴുതുന്നു: “ഇരുപതാം നൂററാണ്ടിൽ ഐക്യനാടുകളിലെ മതപീഡനത്തിന്റെ മുഖ്യ ഇരകൾ യഹോവയുടെ സാക്ഷികളായിരുന്നു.” ഈ സാഹചര്യം ഇളക്കിവിട്ടതെന്തായിരുന്നു? അദ്ദേഹം തുടരുന്നു: “അവർ തങ്ങളുടെ മതപ്രചാരണവും എണ്ണവും സത്വരം വർദ്ധിച്ച 1930-കളിൽ ശ്രദ്ധ ആകർഷിക്കാനും മർദ്ദനം ക്ഷണിച്ചുവരുത്താനും തുടങ്ങി. ബൈബിളിൽനിന്നുള്ള ദിവ്യവെളിപ്പാടിൽ ആശ്രയിച്ചുകൊണ്ട് അവർ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ ലഘുലേഖകൾ സമർപ്പിക്കുന്നതിന് തെരുക്കോണുകളിൽ നിൽക്കുകയും വീടുതോറും പ്രചാരണം നടത്തുകയും സംഘടിതസഭകളും വ്യാപാരവും രാഷ്ട്രവും സാത്താന്റെ ഉപകരണങ്ങളാണെന്നു പ്രസംഗിക്കുകയും ചെയ്തു.”
ജനതകൾ രണ്ടാം ലോകമഹായുദ്ധത്തിൽ കുരുങ്ങിയപ്പോൾ സാക്ഷികൾ അന്നു പ്രബലപ്പെട്ടിരുന്ന ദേശീയതയുടെ ആത്മാവിന്റെ ഇരകളും രക്തസാക്ഷികളുമായിത്തീർന്നു. ദേശീയത്വത്തിനു പ്രോൽസാഹിപ്പിച്ചുകൊണ്ടിരുന്നത് യുദ്ധത്തിലേർപ്പെട്ടിരുന്ന ഗവൺമെൻറുകളായിരുന്നു. ചില രാഷ്ട്രങ്ങളിൽ സ്കൂളുകളിൽ നിർബന്ധിത പതാകാവന്ദനം അടിച്ചേൽപ്പിക്കപ്പെട്ടു. നിർബന്ധിത സൈനികസേവനം നിയമമായിത്തീർന്നു. കൈസർക്കുള്ളത് കൈസർക്കു കൊടുക്കുന്നതിൽ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നുവെന്നിരിക്കെ, ദൈവം ആവശ്യപ്പെടുന്നതെന്ന് അവർ വിശ്വസിക്കുന്ന ആരാധനയും പരമോന്നത ഭക്തിയും അവർ ദൈവത്തിനു കൊടുക്കുന്നു—ഒരുപക്ഷേ അവരെക്കാൾ മനഃസാക്ഷിബോധത്തോടെ നികുതികൊടുക്കുകയും രാജ്യത്തെ നിയമമനുസരിക്കുകയും ചെയ്യുന്നവർ ഇല്ല. മിക്കപ്പോഴും ഒരു രാഷ്ട്രത്തിന്റെ പതാക പ്രതിനിധാനംചെയ്യുന്ന നല്ല തത്വങ്ങളെ അവർ ആദരിക്കുന്നു, എന്നാൽ അവരേസംബന്ധിച്ചടത്തോളം പതാകാവന്ദനം വിഭാഗീയ പ്രതിമാരാധനയാണ്. ആ നിലപാട് 1930-കളിലും ‘40-കളിലും അവരെ ഐക്യനാടുകളിൽ കുഴപ്പത്തിൽ ചാടിച്ചു.
പതാകയെ വന്ദിക്കാൻ വിസമ്മതിക്കുകനിമിത്തം നൂറുകണക്കിനു കുട്ടികൾ സ്കൂളിൽനിന്നു ബഹിഷ്ക്കരിക്കപ്പെട്ടു. ഹാർലൻ ഫിസ്ക്കെ സ്റേറൺ: നിയമത്തിന്റെ തൂൺ എന്ന തന്റെ പുസ്തകത്തിൽ പ്രൊഫസ്സർ മെയ്സൻ പ്രസ്താവിച്ചതുപോലെ: “അവരുടെ വിസമ്മതം അവർ ദേശസ്നേഹമില്ലാത്തവരാണെന്നോ അവർ തങ്ങളുടെ രാജ്യത്തെ സ്നേഹിക്കുന്നില്ലെന്നോ അർത്ഥമാക്കിയില്ല. അവർ തിരുവെഴുത്തുകൾ വായിക്കുമ്പോൾ പതാകാവന്ദനം ഒരു കൊത്തപ്പെട്ട പ്രതിമയെ കുമ്പിടുന്നതിനെതിരായ ബൈബിൾവിലക്കിനെ ലംഘിക്കുന്നുവെന്നു മാത്രമേ അത് അർത്ഥമാക്കിയുള്ളു.”
വിവാദം യു. എസ്. സുപ്രീംകോടതിയിൽ എത്തിക്കപ്പെട്ടു. 1940-ൽ 8-ന് 1 എന്ന വോട്ടിന് സാക്ഷികളുടെ അപ്പീൽ നിരസിക്കപ്പെട്ടു. എതിർത്ത ധീരനായ ഏക വ്യക്തി ജസ്ററീസ് ഹാർലൻ ഫിസ്ക്കേ സ്റേറാൺ ആയിരുന്നു. ചിലർ എങ്ങനെ പ്രതികരിച്ചുവെന്ന് പ്രൊഫസ്സർ മെയ്സൻ വിശദീകരിച്ചു: “അമേരിക്കൻ സിവിൽ ലിബേർട്ടി യൂണിയന്റെ അദ്ധ്യക്ഷനായ ജോൺ ഹേയ്നസ് ഹോംസ് സ്റേറാണിന്റെ വിയോജിപ്പ് ‘അമേരിക്കൻ ചരിത്രത്തിലെ വലിയ വിയോജനക്കുറിപ്പുകളിലൊന്നായി മുന്നിൽനിൽക്കു’മെന്ന് പറയുകയുണ്ടായി. പ്രസ് അഭിപ്രായങ്ങൾ അത്യന്തം അനുകൂലമായിരുന്നു. നൂററിയെഴുപത്തൊന്നു പ്രമുഖപത്രങ്ങൾ സത്വരം വിധിയെ അപലപിച്ചു; ചുരുക്കം ചിലതു മാത്രമേ അതിനെ അംഗീകരിച്ചുള്ളു.” എന്നാൽ പിന്നീട് എന്തു സംഭവിച്ചു?
പ്രൊഫസർ കോക്സ് തന്റെ വിവരണം തുടരുന്നു: “സാക്ഷികളുടെ പീഡനം വർദ്ധിച്ചു. ചില കേന്ദ്രങ്ങളിൽ, റെറക്സാസിൽ പ്രത്യേകിച്ചും, സാക്ഷികൾ പതാകയെ വന്ദിക്കാഞ്ഞതുകൊണ്ട് ജനക്കൂട്ടങ്ങൾ അവരെ ആക്രമിച്ചു, ചില സമയങ്ങളിൽ അവർ ‘നാസി ഏജൻറൻമാരാ’യി കരുതപ്പെട്ടു.” മെയ്നിൽ ഒരു രാജ്യഹാൾ തീവെക്കപ്പെട്ടു. ഇല്ലിനോയിയിലെ ഒരു പട്ടണത്തിൽ മുഴു ജനതതിയും ഏതാണ്ട് “അറുപതു സാക്ഷികളെ ആക്രമിക്കാൻ വന്നുകൂടി.” അധികാരികൾ എന്തു ചെയ്തു? “പോലീസ് അധികപങ്കും കൈയുംകെട്ടി നിൽക്കുകയോ സജീവമായി പങ്കെടുക്കുകയോ ചെയ്തു.” പ്രൊഫസ്സർ മെയ്സൻ പറയുന്ന പ്രകാരം: “നീതിന്യായ വകുപ്പ് ഈ അക്രമത്തിരത്തള്ളൽ നേരിട്ട് ആദ്യത്തെ പതാകാവന്ദനക്കേസിലെ കോടതിവിധി നിമിത്തമാണെന്ന് കണ്ടുപിടിച്ചു. അങ്ങനെ കോടതിതന്നെ മനുഷ്യമനസ്സുകൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒരു ആയുധമായിത്തീർന്നു.”
ഒരു നാടകീയ തിരിച്ചടി
ഈ ക്രൂരപീഡനം ഗണ്യമാക്കാതെ സാക്ഷിക്കുട്ടികൾ മൂന്നു വിശ്വസ്ത എബ്രായരെപ്പോലെ ദേശീയചിഹ്നത്തെ, ഈ സംഗതിയിൽ പതാകയെ, വന്ദിക്കാൻ വിസമ്മതിച്ചു. (ദാനിയേൽ അദ്ധ്യായം 3) വാച്ച്ടവർ സൊസൈററിയുടെ നിയമവകുപ്പ് പതാകാവന്ദനക്കേസുകളെ അപ്പീൽകോടതികളിലൂടെ മുമ്പോട്ടുകൊണ്ടുപോകുന്നതിൽ തുടർന്നു. യഥാർത്ഥത്തിൽ, “‘പൗരസ്വാതന്ത്ര്യത്തിന്റെ നിയമപ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ നൽകുന്ന സഹായത്തിന്റെ വീക്ഷണത്തിൽ അവർക്ക് ഒരു പാരിതോഷികം കൊടുക്കേണ്ടതാണെ’ന്ന് [ജസ്ററീസ്] സ്റേറാൺ നിർദ്ദേശിക്കത്തക്കവണ്ണം അത്ര തീവ്രമായി അവർ തങ്ങളുടെ അവകാശങ്ങളെ മുന്നോട്ടുവെക്കുന്നതിൽ തുടർന്നു.”—ഹാർലൻ ഫിസ്ക്കേ സ്റേറൺ: നിയമത്തിന്റെ തൂൺ, പേജ് 598.
പിന്നീട്, 1943 ജൂൺ 14-ന് (പതാകാദിനം) യു. എസ്. സുപ്രീം കോടതി ഒരു അസാധാരണ നടപടി സീകരിച്ചു. ഒരു വ്യത്യസ്ത പതാകാവന്ദനക്കേസിൽ (വെസ്ററ വെർജീനിയാ സംസ്ഥാനവിദ്യാഭ്യാസബോർഡും ബാർനററ തമ്മിൽ നടന്നത്) അത് നേരെ തിരിച്ച് വിധിക്കുകയും സാക്ഷികളെ കുററവിമുക്തരാക്കുകയുംചെയ്തു. അതേ ദിവസം യഹോവയുടെ സാക്ഷികൾ ഉൾപ്പെട്ട മറെറാരു കേസിൽ ന്യായാധിപൻമാർ ഇങ്ങനെ പ്രസ്താവിച്ചു: “അപ്പീൽ കൊടുത്തവർക്ക് [സാക്ഷികൾക്ക്] ബാധകമാകുന്നപ്രകാരം അത് [നിയമം] അവരെ ശിക്ഷിക്കുന്നു, അവർ പ്രചരിപ്പിച്ചത് ഒരു ദുഷ്ട ആന്തരത്തോടെയായിരുന്നുവെന്നോ രാഷ്ട്രത്തിനോ സംസ്ഥാനത്തിനൊ എതിരായുള്ള വിധ്വംസകപ്രവർത്തനത്തിന് പ്രേരിപ്പിച്ചതായോ അവകാശപ്പെടുന്നില്ലെങ്കിലും അഥവാ പ്രകടമാക്കപ്പെടുന്നില്ലെങ്കിലും. . . ഞങ്ങളുടെ തീരുമാനപ്രകാരം അങ്ങനെയുള്ള പ്രചാരണത്തിന് ക്രിമിനൽ ശിക്ഷ ചുമത്താവുന്നതല്ല.”
കോടതിയുടെ വക്താവെന്ന നിലയിൽ ജസ്ററീസ് ജാക്സൻ ഗമാലിയേൽസമാനജ്ഞാനം പ്രകടമാക്കുന്ന ഒരു അഭിപ്രായം ഉൾപ്പെടുത്തി: “നമ്മുടെ ഭരണഘടനാപരമായ നക്ഷത്രരാശിയിൽ ഒരു സ്ഥിരനക്ഷത്രമുണ്ടെങ്കിൽ രാഷ്ട്രീയത്തിലോ ദേശീയത്വത്തിലോ മതത്തിലൊ മറേറതെങ്കിലും അഭിപ്രായകാര്യത്തിലോ സത്യമെന്താണെന്ന് ചെറുതോ വലുതോ ആയ യാതൊരു ഉദ്യോഗസ്ഥനും നിർദ്ദേശിക്കാനോ വാക്കിനാലോ പ്രവൃത്തിയാലോ അതിലുള്ള അവരുടെ വിശ്വാസത്തെ ഏററുപറയാൻ പൗരൻമാരെ നിർബന്ധിക്കാനോ കഴികയില്ലെന്നുള്ളതാണത്.” ഈ വിധി “കോടതിയുടെ ചരിത്രത്തിലെ ഏററം നാടകീയമായ തിരിയലുകളിലൊന്ന്” എന്നു വിളിക്കപ്പെട്ടിരിക്കുന്നു.—പ്രവൃത്തികൾ 5:34, 38, 39 താരതമ്യപ്പെടുത്തുക.
പതാകയെ വന്ദിക്കാൻ നിയമത്താൽ സാക്ഷികൾക്കു കടപ്പാടുണ്ടാക്കാതിരിക്കുന്നത് ന്യായംമാത്രമായിരിക്കുന്നതെന്തുകൊണ്ട്? പ്രൊഫസ്സർ കോക്സ് വിശദീകരിക്കുന്നു: “ഗോബൈററിസ്, ബാർനെററ് [സാക്ഷികൾ] കുട്ടികളുടെ എതിർപ്പ് അവർ വിശ്വസിക്കാത്ത ഒരു രാഷ്ട്രീയ വിശ്വാസത്തെ പ്രഘോഷിക്കാൻ സംസ്ഥാനം നിർബന്ധിക്കുന്നതിനോടായിരുന്നു.” സാക്ഷികൾ ചെയ്തത് ഈ ബൈബിൾതത്വം അനുസരിക്കുക മാത്രമായിരുന്നു: “ഞങ്ങൾ മനുഷ്യരെക്കാളധികം ദൈവത്തെ അധിപതിയായി അനുസരിക്കേണ്ടതാകുന്നു.”—പ്രവൃത്തികൾ 5:29.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതെന്തിന്?
ഈ കേസുകൾ സംബന്ധിച്ച തന്റെ അപഗ്രഥനത്തിൽ കോക്സ് ഒരു ഗണ്യമായ ചോദ്യം ഉയർത്തുന്നു: “പതാകയെ വന്ദിക്കാൻ വിസമ്മതിക്കുന്ന ആ ചെറിയ ന്യൂനപക്ഷത്തിന്റെ ആത്മീയ സ്വാതന്ത്ര്യത്തെക്കുറിച്ചു നാം വ്യാകുലപ്പെടുന്നതെന്തിന്? അല്ലെങ്കിൽ സുവിശേഷകരായ യഹോവയുടെ സാക്ഷികളെപ്പോലെയുള്ള കുഴപ്പക്കാരുടെ അവസരങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് വ്യാകുലപ്പെടുന്നതെന്തിന്? അദ്ദേഹം പ്രതിവചിക്കുന്നു: “ഉത്തരത്തിന്റെ ഒരു ഭാഗം സ്ഥിതിചെയ്യുന്നത് നമ്മുടെ സമുദായത്തിന്റെ അടിത്തറയായ വ്യക്തിമാന്യതയെന്ന പ്രമേയത്തിൻമേലാണ്, അത് യാഥാസ്ഥിതികർക്കും വിയോജിപ്പുകാർക്കും ഉള്ള ഒരു മാന്യതയാണ്. ഒരു ഭാഗം സ്ഥിതിചെയ്യുന്നത് സംസ്ഥാനം യഹോവയുടെ സാക്ഷികളുടെ സംസാരത്തെ നിശബ്ദമാക്കുന്നുവെങ്കിൽ. . . . നമ്മുടേതുതന്നെയായിരിക്കാം അടുത്തത് എന്ന ബോധത്തിലാണ്.”
അതെ, ജനപ്രീതിയില്ലാത്ത ഒരു ന്യൂനപക്ഷത്തിന്റെ ആരാധനാസ്വാതന്ത്ര്യത്തിന്റെ അടിച്ചമർത്തൽ എല്ലാ പൗരൻമാരുടെയും മററു സ്വാതന്ത്ര്യങ്ങളുടെ അടിച്ചമർത്തലിലേക്കു നയിക്കാവുന്ന ഉപാധിയായിരിക്കാൻ കഴിയും. എന്നാൽ പ്രൊഫസ്സർ കോക്സ് ഉൾപ്പെടുത്തുന്ന മറെറാരു രസാവഹമായ വസ്തുതയുണ്ട്:
“ഭാഗികമായ ഉത്തരം ഏതെങ്കിലും വിദൂര ന്യൂനപക്ഷം സത്യത്തിലെത്തിയേക്കാമെന്ന ബോധത്തിലാണ് സ്ഥിതിചെയ്യുന്നത്—അടിച്ചമർത്തലിനാൽ നീട്ടിവെക്കപ്പെടുകയോ എന്നേക്കും നഷ്ടപ്പെട്ടതോ ആയ സത്യത്തിൽതന്നെ.” അടിച്ചമർത്തലിന് വിധേയമാക്കപ്പെട്ട സത്യത്തിൽ യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്നത് ഉൾപ്പെടുന്നു, അതായത് സമാധാനത്തിനും രക്ഷക്കും വേണ്ടിയുള്ള മനുഷ്യവർഗ്ഗത്തിന്റെ ഏക പ്രത്യാശ ദൈവരാജ്യഗവൺമെൻറാണെന്നുള്ള സത്യം.—ദാനിയേൽ 2:44; മത്തായി 6:9, 10.
ക്രിസ്തീയ “കുഴപ്പക്കാർ”
കോക്സ് സാക്ഷികളെ “കുഴപ്പക്കാർ” എന്നു പരാമർശിക്കുമ്പോൾ ആദിമ ക്രിസ്തീയ ശിഷ്യൻമാർ അവരുടെ എതിരാളികളാൽ എങ്ങനെ വർണ്ണിക്കപ്പെട്ടുവെന്നോർക്കുക: “ലോകമാസകലം കുഴപ്പമുണ്ടാക്കിയിരിക്കുന്ന ഈ മനുഷ്യർ ഇപ്പോൾ ഇവിടെ വന്നിരിക്കുന്നു. . . അവരെല്ലാം യേശു എന്നു പേരുള്ള മറെറാരു രാജാവുണ്ടെന്നു പറഞ്ഞുകൊണ്ട് കൈസറുടെ ആജ്ഞകളെ ധിക്കരിക്കുകയാണ്.” (പ്രവൃത്തികൾ 17:6, 7, ന്യൂ ഇൻറർനാഷനൽ വേർഷൻ) യഹോവയുടെ സാക്ഷികൾ അനേക രാജ്യങ്ങളിൽ വന്നെത്തിയിരിക്കുന്ന സാഹചര്യത്തോട് എത്ര സമാനം! അതെന്തുകൊണ്ട്? ആദിമക്രിസ്ത്യാനികൾ കഷ്ടപ്പെട്ട അതേ കാരണത്താൽ—തങ്ങളുടെ രാജാവായ ക്രിസ്തുയേശുവിനോടും അവന്റെ രാജ്യത്തോടുമുള്ള അവരുടെ കൂറുതന്നെ.
സാക്ഷികളുടെ വിജയകരമായ പ്രസംഗം ലൗകികാധികാരികളിൽനിന്ന് സഹായംതേടാൻ ഓർത്തഡോക്സ് വൈദികരെ ഉത്തേജിപ്പിക്കുന്നു. ഇത് പൗലോസിന്റെ വിജയകരമായ ശുശ്രൂഷക്കുശേഷം സംഭവിച്ചതിനോടു സമാനമാണ്. വിവരണം നമ്മോടു പറയുന്നു: “എന്നാൽ യഹൂദൻമാർ അസൂയപൂണ്ട് ജനതതിയിലെ വിടക്കുകളായ ചില ഹീനരെ കൂലിക്കു വിളിക്കുകയും ജനക്കൂട്ടത്തെ ഇളക്കുകയും നഗരത്തെ പ്രക്ഷുബ്ധമാക്കുകയും ചെയ്തു. . . . അവർ യാസോനെത്തന്നെയും ചില സഭാംഗങ്ങളെയും ന്യായാധിപൻമാരുടെ മുമ്പിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി.”—പ്രവൃത്തികൾ 17:5, 6, ന്യൂ ഇംഗ്ലീഷ് ബൈബിൾ.
യഹോവയുടെ സാക്ഷികൾ യുദ്ധകാലങ്ങളിലും സമാധാനകാലങ്ങളിലും അനേകം രാജ്യങ്ങളിൽ അന്യായമായ പീഡനം അനുഭവിച്ചിട്ടുണ്ട്. അനേകം സന്ദർഭങ്ങളിൽ അങ്ങനെയുള്ള പീഡനത്തിനു പ്രോൽസാഹിപ്പിച്ചവർ മതനേതാക്കൻമാരായിരുന്നിട്ടുണ്ട്. അവർ സാക്ഷികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് നിലവിലുള്ള ഭരണാധികാരവർഗ്ഗത്തിൻമേലുള്ള തങ്ങളുടെ സ്വാധീനത്തെ ഉപയോഗിച്ചിരിക്കുന്നു. ഒരു പ്രമുഖ ദൃഷ്ടാന്തം 1950 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ കത്തോലിക്കാ സ്പെയിനിൽ യഹോവയുടെ സാക്ഷികൾക്കു നേരിട്ട പീഡനമാണ്. തങ്ങളുടെ സ്വന്തം ഭവനങ്ങളിൽ ബൈബിൾ പഠിച്ചതുകൊണ്ടുമാത്രം പുരുഷൻമാരും സ്ത്രീകളും കുട്ടികളും വേട്ടയാടപ്പെടുകയും പിഴയിടപ്പെടുകയുംചെയ്തു. നൂറുകണക്കിന് ചെറുപ്പക്കാർ ക്രിസ്തീയ നിഷ്പക്ഷത പാലിച്ചതിനാൽ പത്തിലധികം വർഷംവീതം സൈനികതടങ്കലിൽ കഴിച്ചുകൂട്ടി.a
സ്പെയിനിലെ യഹോവയുടെ സാക്ഷികളുടെ കേസ് വളരെ പ്രമുഖമായിരുന്നതുകൊണ്ട് ഒരു പ്രമുഖ നിയമജ്ഞനായ സെനോർ മാർട്ടിൻ റെട്ടോർട്ടിലോ ഇങ്ങനെ എഴുതി: “ഒരുവൻ പത്തു വർഷം നിയമം പഠിക്കുകയും മത നടത്തയെ ബാധിക്കുന്ന പൊതുക്രമത്തിന്റെ കാരണങ്ങളാൽ കൊടുക്കപ്പെട്ട ഗവൺമെൻറ് ശിക്ഷകളെ നിരീക്ഷിക്കുകയുമാണെങ്കിൽ നിർണ്ണായകമായി ശ്രദ്ധപിടിച്ചെടുക്കുന്ന ഒരു വസ്തുതയുണ്ട്: പരിഗണിക്കപ്പെട്ട മിക്കവാറുമെല്ലാ കേസുകളിലും ഉൾപ്പെട്ടിരുന്നത് ഒരൊററ മതസമൂഹത്തിലെ അംഗങ്ങളായിരുന്നു എന്നതാണ്—‘യഹോവയുടെ സാക്ഷികൾ’”
പീഡനം സാക്ഷികളെ തടയുന്നതിൽ പരാജയപ്പെടുന്നു
യഹോവയുടെ സാക്ഷികൾക്ക് 1970 മുതൽ സ്പെയിനിൽ നിയമപരമായ അംഗീകാരമുണ്ട്. അന്ന് പ്രവർത്തനനിരതരായിരുന്ന 10,000-ത്തിനു പകരം 73,000 പേർ ഏതാണ്ട് ആയിരം സഭകളിൽ സഹവസിക്കുന്നുണ്ട്! ഐക്യനാടുകളിലും പുരോഗതിയുടെ ഒരു സമാന നിരക്കുണ്ട്. പ്രൊഫസ്സർ കോക്സ് പരാമർശിക്കുന്ന കാലഘട്ടത്തിൽ (1930-കൾ—1940-കൾ) ഐക്യനാടുകളിൽ ഏതാണ്ട് 40,000 മുതൽ 60,000 വരെ സാക്ഷികളേ ഉണ്ടായിരുന്നുള്ളു. മുഴുലോകത്തിലുമായി മൊത്തമുണ്ടായിരുന്നത് 1,15,000 പേരായിരുന്നു. ഇന്ന് ഐക്യനാടുകളിൽ 7,97,000-ത്തിൽപരം സാക്ഷികളുണ്ട്. ലോകത്തിലാകെ 57,000 സഭകളിൽ 35,00,000 പേരുണ്ട്. അവരുടെ ലോകവ്യാപക വിദ്യാഭ്യാസവേലയുടെ പുരോഗതിയെ തടയുന്നതിൽ പീഡനം പരാജയപ്പെട്ടിരിക്കുന്നു.
പീഡനത്തെ അഭിമുഖീകരിക്കുമ്പോൾ സാക്ഷികൾക്കു നൽകാൻ കഴിയുന്ന ഒരു ഉത്തരമേയുള്ളു: “ദൈവത്തെക്കാൾ നിങ്ങളെ കേട്ടനുസരിക്കുന്നത് ദൈവത്തിന്റെ ദൃഷ്ടിയിൽ നീതിയോ എന്ന് നിങ്ങൾതന്നെ വിധിക്കുക. എന്നാൽ ഞങ്ങളേ സംബന്ധിച്ചടത്തോളം, ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്ന കാര്യങ്ങളേക്കുറിച്ചുള്ള സംസാരം നിർത്താൻ ഞങ്ങൾക്കു കഴികയില്ല.”—പ്രവൃത്തികൾ 4:19, 20. (g88 6/8)
[അടിക്കുറിപ്പുകൾ]
a സ്പെയിനിലെ ഈ പീഡനത്തിന്റെ വ്യക്തമായ ഒരു റിപ്പോർട്ട് 1978-ലെ യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്തകത്തിന്റെ [ഇംഗ്ലീഷ്] 164-247 വരെയുള്ള പേജുകളിൽ കാണുക.
[22-ാം പേജിലെ ചിത്രം]
ഒരു പതാകയെ വന്ദിക്കാൻ വിസമ്മതിക്കുന്നത് അനാദരവല്ലെന്ന് കോടതികൾ വിധിച്ചു
[23-ാം പേജിലെ ചിത്രം]
ജസ്ററീസ് സ്റേറാൺ മാത്രമേ 1940-ലെ സുപ്രീം കോടതിവിധിയിൽ യഹോവയുടെ സാക്ഷികളുടെ നിലപാടിനെ പിന്തുണച്ചുള്ളു
[കടപ്പാട്]
Office of the Curator, The Supreme Court of the United States
[24-ാം പേജിലെ ചിത്രം]
ഈ ന്യായാധിപൻമാർ പതാകാവന്ദനപ്രശ്നത്തിൽ ഒരു ഭൂരിപക്ഷ വോട്ടിനാൽ സാക്ഷികൾക്ക് അനുകൂലമായി വിധിച്ചു
[കടപ്പാട്]
Office of the Curator, The Supreme Court of the United States