മയക്കുമരുന്നുകൾ അപകടകരവും മാരകവും
മയക്കുമരുന്നുകൾ—ഇന്ദ്രിയങ്ങളെ ബാധിക്കുന്ന വസ്തുക്കൾ—മനുഷ്യവർഗ്ഗത്തിന്റെ ആദിമനാളുകളോളം പിമ്പോട്ടുപോകുന്ന ചരിത്രമുള്ളവയാണ്. നാഡീവ്യൂഹത്തിൻമേൽ പ്രവർത്തിക്കുന്ന പ്രകൃതിവസ്തുക്കൾ പെട്ടെന്ന് കണ്ടുപിടിക്കപ്പെട്ടു: ക്ഷീണിതമായ ഒരു മനസ്സിന്റെ ആയാസം തീർക്കാൻ മദ്യം. വേദനശമിപ്പിക്കാനും ഉറക്കംവരുത്താനും മയക്കുമരുന്ന്. ഇന്ദ്രിയങ്ങളെ മന്ദീഭവിപ്പിക്കാനും സഹനത്തെ വർദ്ധിപ്പിക്കാനും കോക്കായിലകൾ.
മദ്യം പണ്ടേ പ്രമുഖമാണ്. “നോഹ ഒരു കർഷകനായി തുടക്കമിടുകയും ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കാൻ തുടങ്ങുകയും ചെയ്തു. അവൻ വീഞ്ഞുകുടി തുടങ്ങുകയും ലഹരിപിടിക്കുകയും ചെയ്തു”വെന്ന് ഉല്പത്തി 9:20, 21ൽ ബൈബിൾ നമ്മോടു പറയുന്നു. കറുപ്പ് പുരാതന മെസപ്പൊത്തേമ്യയിൽ അറിയപ്പെട്ടിരുന്നതായി തോന്നുന്നു, പുരാതന ഗ്രീസിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതായി രേഖയുമുണ്ട്. പെയോട്ട്, പുകയില, കോക്കാ, സോമാ ഇവയെല്ലാം ചരിത്രത്തിലുടനീളം അവയുടെ പങ്കു വഹിച്ചിട്ടുണ്ട്.
മയക്കുമരുന്നുകൾക്ക് കാല്പനിക സാഹിത്യത്തിൽ ഉചിതമായ സ്ഥാനം ലഭിച്ചിട്ടുപോലുമുണ്ട്. ഒഡീസ്യൂസിന്റെ ആൾക്കാരിൽ ചിലർക്ക് താമരഭോജികളുടെ ദേശത്ത് നേരിട്ട മറവിയെക്കുറിച്ച് ഹോമർ പറയുകയുണ്ടായി. സുപ്രസിദ്ധ കാല്പനിക അപസർപ്പകനായ ഷെർലോക്ക് ഹോംസ് കോക്കേയ്നിന്റെ ഒരു 7 ശതമാന ലായനി കുത്തിവെച്ചു, “അത് അത്യധികം ഉത്തേജകവും മനസ്സിന് വ്യക്തത നൽകുന്നതുമാണെന്ന്” അദ്ദേഹം കണ്ടെത്തി—കാല്പനികനല്ലാത്ത വിക്റേറാറിയൻ ബുദ്ധിജീവിയായിരുന്ന സിഗ്മണ്ട് ഫ്രോയിഡ് പ്രോൽസാഹിപ്പിച്ചതിനോടു സമാനമായ ഒരു വീക്ഷണംതന്നെ.
മയക്കുമരുന്നുകളുടെ ഔഷധമൂല്യം പെട്ടെന്നുതന്നെ ഗൗനിക്കപ്പെട്ടു, എന്നാൽ അവയുടെ ഉപയോഗം ഔഷധത്തിൽ ഒതുങ്ങിനിന്നില്ല. അവ മതകർമ്മങ്ങളിൽ പരക്കെ ഉപയോഗിക്കപ്പെട്ടു. അവ അറിവു വികസിപ്പിക്കുന്നതിനും വികാരങ്ങളെ തീവ്രീകരിക്കുന്നതിനും വിലമതിപ്പു വർദ്ധിപ്പിക്കുന്നതിനും ഭാവമാററം വരുത്തുന്നതിനും സ്നേഹത്തിനുള്ള പ്രാപ്തി വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ ഉപയോഗിക്കപ്പെട്ടു. എന്നാൽ അവക്ക് വിനാശകത്വത്തിനും സാമൂഹ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള അപരിമേയമായ പ്രാപ്തിയുമുണ്ട്.
ഇന്ന് ബഹിഷ്ക്കരിക്കപ്പെട്ടിരിക്കുന്ന മരുന്നുകൾ എല്ലായ്പ്പോഴും മനുഷ്യരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും അപകടകരമാണെന്ന് വീക്ഷിക്കപ്പെട്ടിരുന്നില്ലെന്നുള്ളത് കൗതുകകരമാണ്. ഉദാഹരണത്തിന്, ഐക്യനാടുകളിൽ 19-ാംനൂററാണ്ടിന്റെ ഒടുവിലത്തെ പകുതിയിൽ കോക്കേയിനും കറുപ്പും ഹെറോയിനും നിയമാനുസൃതമായിരുന്നു, അനായാസം ലഭ്യവുമായിരുന്നു. ഏതെങ്കിലും ഫാർമസിയിൽ നിന്നുള്ള കുറിപ്പടികൂടാതെ അവ വാങ്ങാനും കഴിയുമായിരുന്നു. ചിലത് പേററൻറുള്ള ഔഷധങ്ങളായി വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. 17 വർഷക്കാലം കൊക്കക്കോളായിൽ കോക്കേയ്ൻ അടങ്ങിയിരുന്നു. ഒടുവിൽ അതിനുപകരം 1903-ൽ കാഫീൻ ചേർക്കാൻ തുടങ്ങി.
മയക്കുമരുന്നിനെ അടിച്ചമർത്താൻ ഇന്നു ശ്രമിക്കുന്ന രാഷ്ട്രങ്ങൾ ഒരു കാലത്ത് അതിനെ വ്യാപകമാക്കാൻ ശ്രമിച്ചിരുന്നു. കറുപ്പുയുദ്ധങ്ങളിൽ—ചൈനയിൽ നിയമവിരുദ്ധ കറുപ്പുവ്യാപാരം നിർത്തൽചെയ്യാൻ ശ്രമിച്ചപ്പോൾ 19-ാം നൂററാണ്ടിന്റെ മദ്ധ്യത്തിൽ നടത്തപ്പെട്ട രണ്ടു വാണിജ്യയുദ്ധങ്ങൾ—ചൈനാ പരാജയപ്പെടുകയും അവിടെ നിർബന്ധിതമായി കറുപ്പ് നിയമാനുസൃതമാക്കപ്പെടുകയും ചെയ്തു.
ബലിയാടില്ലാത്ത ഒരു കുറ്റകൃത്യമോ?
ചിലർ ഇന്നും മയക്കുമരുന്നുകളുടെ നിയമസാധുത്വത്തെ അനുകൂലിക്കുന്നുണ്ട്. അവർ നിയമവിരുദ്ധ മയക്കുമരുന്നുവ്യാപാരത്തെ കൈകാര്യംചെയ്യുന്നതിൽ അഭിമുഖീകരിക്കപ്പെടുന്ന വിഷമപ്രശ്നത്തിന് ഒരു പരിഹാരമായിട്ടാണ് അതിനെ കാണുന്നത്. “വിനോദ”ത്തിനുവേണ്ടിയുള്ള മയക്കുമരുന്നിന്റെ ഉപയോഗം സ്വകാര്യവും വ്യക്തിപരവുമായ ഒരു സംഗതിയാണെന്നും അതിന്റെ ഉപയോഗം നിരുപദ്രവകരമായ ഒരു വിനോദമായി കരുതേണ്ടതാണെന്നും മററു ചിലർ വിചാരിക്കുന്നു. എന്നാൽ നിയമവിരുദ്ധ മയക്കുമരുന്നുകളുടെ ഉപയോഗം ചിലർ അവകാശപ്പെടുന്നതുപോലെ “ബലിയാടില്ലാത്ത കുററകൃത്യ”മാണോ? ചുവടെ ചേർത്തിരിക്കുന്നതു പരിചിന്തിക്കുക:
● എട്ടരമാസം ഗർഭമുണ്ടായിരുന്ന ഇരുപത്താറു വയസ്സുകാരി നടാഷാ ആഷ്ലി ലിററിൽ ഇററലി എന്നു വിളിക്കപ്പെടുന്ന ന്യൂയോർക്ക് നഗരത്തിന്റെ ഒരു ഭാഗത്തെ ഒരു നടപ്പാതയിൽ ഒരു കൂട്ടുകാരിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഒരു കാർ തിട്ടയിൽ ചാടിക്കയറി രണ്ടു സ്ത്രീകൾക്കിട്ടും ഇടിക്കുകയും ആഷ്ലിയുടെ ഇടതുകാൽ ഒരു വിളക്കുകാലിൽ ചേർത്ത് ഞെരിക്കുകയും മുട്ടിനു കീഴ്പോട്ട് ഗുരുതരമായി ഒടിക്കുകയുംചെയ്തു. കൂട്ടുകാരിയുടെ കാലും ഒടിയുന്നു. ഡ്രൈവർ മയക്കുമരുന്നടിച്ച് ലഹരിപിടിച്ചിരിക്കുന്നതായി പോലീസ് കണ്ടെത്തുന്നു. അപ്പോഴും കൈയിൽ മയക്കുമരുന്നു കുത്തിവെക്കാനുള്ള സൂചി പിടിച്ചിട്ടുമുണ്ട്. അപകടത്തിനിരയായവരെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന പാരാമെഡിക്ക് “അയാൾ ഡ്രൈവ്ചെയ്തുകൊണ്ടിരിക്കെ ഓവർഡോസ് കഴിച്ചതായി തോന്നുന്നു”വെന്ന് പറഞ്ഞു.
പന്ത്രണ്ടു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മൈക്കൾ പെർക്കിൻസ് മരിച്ചു—അവൻ താമസിച്ചിരുന്ന ബഹുശാലാഭവനം തീക്കിരയായപ്പോഴാണ് കൊല്ലപ്പെട്ടത്. ഭവനത്തിലെ മയക്കുമരുന്നുവ്യാപാരികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടിയുടെ പിതാവ് പരാതി പറഞ്ഞപ്പോൾ അവർ കരുതിക്കൂട്ടി തീവെച്ചതാണെന്ന് പോലീസ് പറയുന്നു.
● റോസാ യുറീനാ പ്ലാൻചെയ്തിരുന്നതുപോലെ ഈ ശരൽക്കാലത്ത് കോളജിൽ ചേരുകയോ അടുത്ത കൊല്ലം വിവാഹിതയാകുകയോ ചെയ്യുകയില്ല. അവൾ കിടക്കയിൽ ഉറങ്ങിക്കിടക്കുമ്പോൾ മാരകമായി മുറിവേററു, ജനലിലൂടെ പാഞ്ഞുകയറി അവളുടെ കട്ടിലിന്റെ തലക്കലേ പലക ഭേദിച്ച ഒരു വെടിയുണ്ട തലയിൽ പതിച്ചു. മയക്കുമരുന്നു വ്യാപാരികൾ ഒരു പ്രദേശപരമായ അവകാശവാദത്തിൽ അവളുടെ കെട്ടിടത്തിൽ വെടിയുണ്ടകൾ പായിച്ച് ദ്വാരങ്ങളുണ്ടാക്കി.
● പതിനേഴു വയസ്സുള്ള ഒരു മയക്കുമരുന്നാസക്തൻ തന്റെ മയക്കുമരുന്നുശീലം നിലനിർത്താൻ ഒരു കവർച്ച നടത്തുകയാണ്. എട്ടു ദിവസംകഴിഞ്ഞ് അവനെ പിടികൂടിയപ്പോഴേക്ക് അവൻ അഞ്ചുപേരെ കൊല്ലുകയും വേറെ ആറുപേരെ മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. “ഇരകളിലെല്ലാവരും നിർദ്ദോഷികളായ ജോലിക്കാരായിരുന്നു”വെന്ന് കുററാന്വേഷകരുടെ ചീഫ് പറയുകയുണ്ടായി.
മേൽപ്രസ്താവിച്ചവ ഈ വർഷം ഒരൊററ നഗരത്തിൽ നടന്ന മയക്കുമരുന്നിനോടു ബന്ധപ്പെട്ട അനേകം സംഭവങ്ങളിൽ ചുരുക്കംചിലതു മാത്രമാണ്. ഇങ്ങനെയുള്ള സംഭവങ്ങൾ ഞെട്ടിക്കുന്ന വേഗതയിൽ വർദ്ധിക്കുകയുമാണ്.
മററു ഡ്രൈവർമാരുടെ ഒരു നിശ്ചിതശതമാനം അവരുടെ വിവേചനയെയും പ്രതിവർത്തങ്ങളെയും തകരാറിലാക്കുന്ന ഒരു മയക്കുമരുന്നു സേവിച്ചിട്ടുണ്ടെന്ന് അറിയുമ്പോൾ നിങ്ങൾക്ക് പെരുവഴിയിൽ എത്രത്തോളം സുരക്ഷിതത്വം തോന്നും? നിങ്ങളുടെ സുരക്ഷിതത്വത്തിന് ഉത്തരവാദികളായിരിക്കുന്നവർ മയക്കുമരുന്നുകളുടെ സ്വാധീനത്തിലായിരിക്കാമെന്ന് തിരിച്ചറിയുകയാണെങ്കിൽ ഒരു ബസ്സിലോ ഒരു വിമാനത്തിലോ ഒരു തീവണ്ടിയിലോ കയറുമ്പോൾ നിങ്ങൾക്ക് സ്വസ്ഥതയുണ്ടായിരിക്കുമോ? “മയക്കുമരുന്നാസക്തരായ പൈലററുകളും തീവണ്ടിജോലിക്കാരും ബസ്സും ലോറിയും ഓടിക്കുന്നവരും കമ്പനിമാനേജർമാരും ഡോക്ടർമാരും അദ്ധ്യാപകൻമാരും അധികാരസ്ഥാനങ്ങളിലുള്ള മററുള്ളവരും ജോലിയിലേർപ്പെട്ടിരിക്കെ ‘പൂസായി’ അപകടകരങ്ങളായ സാഹചര്യങ്ങൾ സൃഷ്ടിച്ച കേസുകൾ ഇപ്പോൾത്തന്നെ ഉണ്ടായിട്ടുണ്ടെ”ന്ന് മാഞ്ചെസ്ററർ ഗാർഡിയൻ വീക്ക്ലി പ്രസ്താവിക്കുന്നു.
ന്യൂയോർക്ക്, മൗണ്ട് വേർണനിൽ അടുത്തകാലത്തുണ്ടായ മാരകമായ ഒരു തീവണ്ടികൂട്ടിമുട്ടൽ സംബന്ധിച്ച അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്ന അഞ്ച് തീവണ്ടിനിയന്ത്രണോദ്യോഗസ്ഥരും മയക്കുമരുന്നുപയോഗിച്ചിരുന്നതായി തെളിഞ്ഞു. ഫെഡറൽ റെയിൽറോഡ് അഡ്മിനിസ്ത്രേറ്റർ ജോൺ എച്ച്. റിലി ഇങ്ങനെ പറഞ്ഞു: “കഴിഞ്ഞ 16 മാസക്കാലത്ത് നമുക്ക് ഓരോ 10 ദിവസത്തിലും ശരാശരി ഒരു വലിയ തീവണ്ടി അപകടം ഉണ്ടായിട്ടുണ്ട്. അതിൽ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചവർ ഉൾപ്പെട്ടിരുന്നതായി കണ്ടുപിടിക്കപ്പെട്ടു. ആ അപകടങ്ങളിൽ 375-ൽപരം പേർ കൊല്ലപ്പെടുകയോ പരിക്കനുഭവിക്കുകയോ ചെയ്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഞങ്ങൾ പരിശോധന നടത്തിയ ഓരോ അഞ്ച് തീവണ്ടി അപകടങ്ങളിലും ഒന്നിൽവീതം മയക്കുമരുന്നുപയോഗമുണ്ടായിരുന്നതായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഒന്നോ രണ്ടോ ജോലിക്കാർ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നപ്പോഴത്തെ അപകടങ്ങളിലാണ് നമ്മുടെ മരണങ്ങളുടെ 65 ശതമാനവും സംഭവിച്ചത്.”
മയക്കുമരുന്നുകളും കുറ്റകൃത്യവും
മയക്കുമരുന്നു രംഗത്തെ ഒരു മരണത്തിനിരയാകാൻ ഒരുവൻ സഞ്ചാരത്തിലായിരിക്കേണ്ടതില്ല. മിക്കപ്പോഴും ഇരകൾ സ്വന്തം വീട്ടിലും തെരുക്കളിലുമുള്ളവരാണ്. തങ്ങളുടെ ചെലവേറിയ ശീലം നിലനിർത്തേണ്ട ആവശ്യത്താൽ പ്രേരിതരായി അനേകം ആസക്തർ കുററകൃത്യങ്ങളിൽ ഏർപ്പെടുന്നു—കവർച്ച, പിടിച്ചുപറി, കൊള്ള എന്നിവയിൽ. ചില നഗരങ്ങളിൽ വിസ്മയകരമായി കുററകൃത്യപ്രതികളിൽ 79 ശതമാനം മയക്കുമരുന്നുപയോഗിക്കുന്നതായി പരിശോധനയിൽ തെളിഞ്ഞതായി ഒരു നീതിപീഠവകുപ്പിന്റെ പഠനം കണ്ടുപിടിച്ചു”വെന്ന് യു. എസ്. ന്യൂസ്. ആൻഡ് വേൾഡ് റിപ്പോർട്ട് പ്രസ്താവിക്കുന്നു.
കൂടാതെ മയക്കുമരുന്നുപ്രതിയോഗികൾ തമ്മിൽ കൂടെക്കൂടെ വെടിവെപ്പുകളുണ്ട്. പണം തന്നുതീർക്കാത്തവർക്കെതിരായ പ്രതികാരനടപടികളുമുണ്ട്. ഈ ഏററുമുട്ടലുകളിൽ അടുത്തു നിൽക്കുന്ന നിർദ്ദോഷികൾ മിക്കപ്പോഴും അകപ്പെട്ടുപോകുന്നു. “ഒരു ഇര വേറെ നാലോ അഞ്ചോ പേരുടെ കൂടെയാണ് നിൽക്കുന്നതെങ്കിൽ ആ നാലോ അഞ്ചോ പേർക്ക് ഹാ കഷ്ടം” എന്ന് ഒരു ഉദ്യോഗസ്ഥൻ പറയുന്നു.
യു. എസ്. തലസ്ഥാനമായ വാഷിംഗ്ടൻ ഡി.സി.യിൽ 1,987ൽ 228 കൊലപാതകങ്ങൾ നടന്നു—അവയിൽ 57 ശതമാനവും മയക്കുമരുന്നുകളോടു ബന്ധപ്പെട്ടായിരുന്നു. ന്യൂയോർക്ക് നഗരം 1,691 കൊലപാതകങ്ങളുടെ കണക്കെടുത്തു, ദിവസം ശരാശരി നാലിൽപരം. അവയിൽ 38ൽപരം ശതമാനം മയക്കുമരുന്നുകളാൽ പ്രേരിതമായിരുന്നു. “ദി ഓക്ക്ലാണ്ട് [കാലിഫോർണിയാ] അഗ്നിശമന ഡിപ്പാർട്ട്മെൻറ് കഴിഞ്ഞവർഷം നഗരത്തിൽ നടന്ന കൊള്ളിവെയ്പുകളുടെ 180 കേസുകൾ മയക്കുമരുന്നുസംഘങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളും പണംകൊടുക്കാൻ താമസിക്കുന്ന പതിവുകാർക്കോ കോക്കേയ്നിന്റെ ഒരു തൂക്തരൂപമായ ക്രാക്കിന്റെ നഗരത്തിലെ തുറന്ന വ്യാപാരത്തെ സംബന്ധിച്ച് പരാതിപ്പെട്ട നിവാസികൾക്കോ എതിരായ പ്രതികാരനടപടികളോ നിമിത്തമാണുണ്ടായത്” എന്ന് ഒരു ന്യൂയോർക്ക് റൈറസ് റിപ്പോർട്ട് പറയുന്നു.
സമൂഹം മൊത്തത്തിൽ മയക്കുമരുന്നുദുരുപയോഗത്തിന്റെ ഫലങ്ങൾ അനുഭവിക്കുന്നുണ്ട്—കുററകൃത്യത്തിന്റെയും അക്രമത്തിന്റെയും വർദ്ധനവ്, കുറഞ്ഞ സാമ്പത്തികോല്പാദനക്ഷമതയുടെയും അപകടദുരന്തങ്ങളുടെയും ഭാരങ്ങൾ—ഒപ്പം അവയുടെ ഉയർന്ന ചെലവും. എന്നാൽ ഏററവും ഉയർന്ന വില ഒടുക്കുന്നത് മയക്കുമരുന്നു ദുരുപയോക്താക്കൾതന്നെയാണ്. എങ്ങനെ?
ഉപയോക്താക്കൾക്കുണ്ടാകാവുന്ന അപകടങ്ങൾ
“മയക്കുമരുന്നു ദുരുപയോഗം ചീത്തയാണ്. അതിന് മനസ്സിനെ നശിപ്പിക്കാനും ശരീരത്തെ കൊല്ലാനും കഴിയും. ഒററ വാക്കിൽ പറഞ്ഞാൽ, അത് മൗഢ്യമാണ്,” എന്നാണ് അന്താരാഷ്ട്ര ലഹരിപദാർത്ഥ കാര്യങ്ങൾക്കായുള്ള യു. എസ്. സ്റേറററ് സെക്രട്ടറിയുടെ മുൻ സ്പെഷ്യൽ അസിസ്ററൻറായ മാൽക്കം ലോറൻസ് പറഞ്ഞത്. എന്നാൽ തങ്ങൾ ആസക്തരല്ലെന്നും തങ്ങൾ ആഗ്രഹിക്കുമ്പോൾ നിർത്താൻ കഴിയുമെന്നും വീമ്പിളക്കുന്നവരെ സംബന്ധിച്ചെന്ത്? “പല പ്രാവശ്യം ക്രാക്ക് ഉപയോഗിച്ചിട്ട് പിന്നീട് ഒരിക്കലും അങ്ങനെ ചെയ്യാത്ത ആളുകളെ എനിക്കറിയാം” എന്ന് ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥി പറഞ്ഞു.
“തീർച്ചയായും കുറെ മയക്കുമരുന്നുപയോഗിക്കയോ ഒരു കുപ്പി മദ്യം സേവിക്കുകയോ ചെയ്യുന്ന എല്ലാ കുട്ടികളും എന്നെപ്പോലെയായിത്തീരുന്നില്ല” എന്ന് 16-ാം വയസ്സിൽ കഞ്ചാവ് ഉപയോഗിച്ചുതുടങ്ങുകയും തന്റെ 25-ാം ജൻമദിനം കാണുമെന്ന് പ്രതീക്ഷിക്കാതെ ഗുളികകളും മതിഭ്രമം വരുത്തുന്ന വസ്തുക്കളും ഹെറോയിനും കോക്കേയിനും ഉപയോഗിക്കുന്നതിലേക്കു നീങ്ങുകയുംചെയ്ത മുൻ ആസക്തനായിരുന്ന കെൻ ബാരുൺ പറയുന്നു. എന്നാൽ പലരും മയക്കുമരുന്നാസക്തി വളർത്തുന്നു, തീരെ വൈകിപ്പോകുന്നതുവരെ അതാരായിരിക്കുമെന്ന് ആർക്കും പറയാൻ കഴികയില്ല.
ഒരു പ്രശ്നം മയക്കുമരുന്നുകളുടെ നിരായുധീകരണഫലമാണ്. ഉദാഹരണത്തിന്, ഇപ്പോൾ ഏററവുമധികം ദുരുപയോഗപ്പെടുത്തപ്പെടുന്ന കോക്കേയ്ൻ നിങ്ങൾക്ക് ബലവും കൂടുതൽ ജാഗ്രതയും ആത്മധൈര്യവും നിങ്ങളുടെ ജീവിതത്തിൻമേൽ കൂടുതൽ നിയന്ത്രണവും തോന്നിക്കും. നിങ്ങൾ അതു വീണ്ടും വീണ്ടും പരീക്ഷിച്ചുനോക്കാനാഗ്രഹിപ്പിക്കത്തക്കവണ്ണം അനുഭൂതി വളരെ നല്ലതാണ്. എന്നാൽ നിങ്ങൾ അതു ചെയ്യുകയാണെങ്കിൽ മയക്കുമരുന്നുപയോഗിക്കാത്തപ്പോൾ നിങ്ങൾക്ക് പ്രയാസം തോന്നിത്തുടങ്ങുന്നു—കോപവും കുഴച്ചിലും ഉൽക്കണ്ഠയും മ്ലാനതയും അനുഭവപ്പെടുന്നു. നിങ്ങൾക്ക് കൂടുതൽ ആവശ്യമായിത്തീരുന്നു. എന്നാൽ ആവർത്തിച്ചുപയോഗിക്കുമ്പോൾ ആസക്തിയും ഒട്ടേറെ പ്രശ്നങ്ങളും സംജാതമാകുന്നു, അവയിൽ ചിത്തവിഭ്രാന്തിയും മതിഭ്രമവും മനോരോഗവും ഉൾപ്പെടുന്നു.
കോക്കേയ്നിന്റെ ഉപയോഗത്തിന് ഹൃദയത്തിന് സ്ഥിരമായി തകരാറുവരുത്താനും ഹൃദയസ്തംഭനവും പക്ഷാഘാതവും വരുത്തിക്കൂട്ടാനും കഴിയുമെന്നും ഗവേഷകർ കണ്ടുപിടിച്ചിട്ടുണ്ട്. 22 വയസ്സുകാരനായ ഐക്യനാടുകളിലെ ഒരു ബാസ്ക്കററ്ബോൾ താരമായ ലെൻ ബയസ് 1986ൽ കോക്കേയ്ൻ പ്രേരിതമായ ഒരു ഹൃദയസ്തംഭനത്താൽ മരിച്ചു. അയാൾ ഒരിക്കൽ മാത്രമേ ഈ മയക്കുമരുന്ന് ഉപയോഗിച്ചുള്ളുവെന്ന് പറയപ്പെടുന്നു.
കോക്കേയ്നിൽനിന്ന് എടുക്കുന്ന ക്രാക്ക് ഏറെ അപകടകരമാണ്. “ക്രാക്കിന്റെ പ്രത്യേക അപകടങ്ങൾ അതിന്റെ അത്യധികം ഉയർന്ന ആസക്തിസാദ്ധ്യതയും വൈദ്യകവും മനോരോഗപരവുമായ പ്രശ്നങ്ങൾക്കിടയാക്കാനുള്ള അതിന്റെ പ്രാപ്തിയും മൂലമാണ്” എന്ന് മെഡിക്കൽ ആസ്പക്ററസ് ഓഫ് ഹ്യൂമൻ സെക്ഷ്വാലിററ എന്ന മാസിക പറയുന്നു. അത് വില കുറഞ്ഞതും അനായാസം ലഭ്യവുമായതുകൊണ്ട് അതിന് യുവാക്കളുടെ ഇടയിൽ ഒരു പ്രത്യേക ആകർഷണമുണ്ട്. ക്രാക്ക് ഉപയോക്താക്കൾ തങ്ങളുടെ മാതാപിതാക്കളെ കൊല്ലുന്നതായും സ്വന്തം ജീവനെ ഹനിച്ചുകളയുന്നതായും അറിയപ്പെടുന്നു.
“കോക്കേയ്നിനോടു ബന്ധപ്പെട്ട റിപ്പോർട്ടുചെയ്യപ്പെട്ട മരണങ്ങളും ആശുപത്രികളിലെ അടിയന്തിരാവസ്ഥകളും 1983 മുതൽ 1986 വരെ ഗണ്യമായി വർദ്ധിച്ചുവെന്ന് ഐക്യനാടുകളിലെ കംപ്ട്രോളർ ജനറലിന്റെ ഒരു പ്രത്യേക റിപ്പോർട്ടു പറയുന്നു. പങ്കെടുത്ത ആശുപത്രികളിൽനിന്നും മെഡിക്കൽ പരിശോധകരിൽനിന്നും മയക്കുമരുന്നു ദുരുപയോഗ മുന്നറിയിപ്പുശൃംഖല ശേഖരിച്ച സ്ഥിതിവിവരക്കണക്കുകൾ ആശുപത്രി അടിയന്തിരാവസ്ഥകളിൽ ഒരു 167 ശതമാനം വർദ്ധനവും, ആ കാലഘട്ടത്തിലെ മയക്കുമരുന്നുപയോഗത്താലുള്ള മരണങ്ങളിൽ ഒരു 124 ശതമാനം വർദ്ധനവും പ്രകടമാക്കി.
യുവാക്കളുടെമേലുള്ള ദുരന്തഫലം
മയക്കുമരുന്നുദുരുപയോഗത്തിന്റെ അത്യന്തം ദയനീയമായ ഫലങ്ങളിലൊന്ന് കുട്ടികളുടെമേലുള്ള ഫലമാണ്. 1987ൽ ന്യൂയോർക്കുനഗരത്തിൽ നടന്ന ബാലജന ദുരുപയോഗവും അവഗണനയും സംബന്ധിച്ച കഥ മയക്കുമരുന്നു ദുരുപയോഗത്തിന്റെ സ്ഫോടനത്തിന്റെ കഥയാണ്” എന്ന് മാനുഷവിഭവശേഷി ഭരണത്തിന്റെ ആന്തരിക മാരക സംഭവ പുനരവലോകന പാനലിനാലുള്ള ഒരു റിപ്പോർട്ട് പറയുകയുണ്ടായി. ബാലജന ദുരുപയോഗത്തിന്റെ 46,713 റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കുട്ടികളിൽ 103 പേർ മരിച്ചു. കൂടാതെ നഗരത്തിന്റെ 1987ലെ സാമ്പത്തികവർഷത്തിൽ മയക്കുമരുന്നുപയോഗം നിർത്തിയതിനെ തുടർന്നുണ്ടായ ലക്ഷണങ്ങളോടെ 2,500 ശിശുക്കൾ ജനിച്ചു. കോക്കേയ്ൻ നിമിത്തം അനേകം ശിശുക്കൾ അകാലത്തിലും തൂക്കക്കുറവോടെയും ജനിക്കുന്നുമുണ്ട്. കാരണം മയക്കുമരുന്ന് മറുപിള്ളയിലേക്കുള്ള രക്തപ്രവാഹം പരിമിതപ്പെടുത്തുകയും ഗർഭസ്ഥശിശുവിലേക്കെത്തുന്ന ഓക്സിജന്റെയും പോഷകങ്ങളുടെയും അളവ് കുറക്കുകയും ചെയ്യുന്നു.
സിരകളിലൂടെയുള്ള മയക്കുമരുന്നു ദുരുപയോഗത്താൽ സംക്രമിക്കപ്പെട്ട് മാതാവിൽനിന്ന് അവളുടെ ഗർഭസ്ഥശിശുവിലേക്ക് കടത്തിവിടപ്പെടുന്ന എയിഡ്സ് വൈറസ് സഹിതവും ശിശുക്കൾ ജനിക്കുന്നുണ്ട്. ഈ വർഷത്തിന്റെ അവസാനത്തോടെ ന്യൂയോർക്ക് നഗരത്തിൽത്തന്നെ എയിഡ്സ് വൈറസ് ബാധിച്ച ഏതാണ്ട് ആയിരം ശിശുക്കൾ ജനിച്ചിരിക്കും. “നാം വിനാശം കണ്ടുതുടങ്ങിയിട്ടേയുള്ളു” എന്ന് കിംഗ്സ് കൗണ്ടി ഹോസ്പിററൽ സെൻററിലെ നവജാതശുശ്രൂഷകളുടെ ഡയറക്ടർ ഡോ. ലേണാഡ് ഗ്ലാസ് പറയുന്നു. ഈ ബ്രൂക്ലിൻ ആശുപത്രിയിൽ ഓരോ മാസവും മൂന്നോ നാലോ ശിശുക്കൾ എയിഡ്സ് ബാധിച്ച് മരിക്കുന്നുണ്ട്.
മയക്കുമരുന്നുകളിൽനിന്ന് ഇത്ര അപകടകരവും മാരകവുമായ പരിണതഫലങ്ങൾ ഉള്ള സ്ഥിതിക്ക് ലോകം മയക്കുമരുന്നുവ്യാപാരത്തിനെതിരെ ആയുധമെടുക്കുമെന്നും അത് തകർക്കപ്പെടുമെന്നും നിങ്ങൾ വിചാരിച്ചേക്കാം. എന്നിട്ടും അത് വർദ്ധിക്കുന്നതെന്തുകൊണ്ട്? ഭാവിയിൽ എന്തെങ്കിലും പ്രത്യാശയുണ്ടോ? (g88 12/8)
[20-ാം പേജിലെ ചതുരം]
സാധാരണയായി ദുരുപയോഗപ്പെടുത്തുന്ന ചില മയക്കുമരുന്നുകൾ
മയക്കുമരുന്ന് സാദ്ധ്യമായ ഫലങ്ങൾ ദുരുപയോഗത്തിന്റെ അപകടങ്ങൾ
കറുപ്പ് സുഖാനുഭൂതി, മയക്കം, ആഴംകുറഞ്ഞ ശ്വസനം
ഹെറോയിൻ വിരക്തി, ഓക്കാനം, വലിച്ചിലുകൾ, ബോധക്തയം,മരണം
ബാർബിററുറേററ്സ് കൂട്ടിക്കുഴച്ചുള്ള സംസാരം, ദുർബ്ബലവും സത്വരവുമായ നാഡിസ്പന്ദനം,
ക്വാലുഡസ് ദിഗ്ഭ്രംശം, നാടകീയഭാവം, ആഴംകുറഞ്ഞ ശാസോച്ഛ്വാസം,
വാലിയം ആട്ടങ്ങൾ, സാവധാനത്തി ബോധക്തയം, മരണം
ലുള്ള പ്രവർത്തനങ്ങൾ
കോക്കേയ്ൻ വർദ്ധിച്ച ജാഗ്രത സംശയം, വിചിത്ര പെരുമാററം,
ക്രാക്ക് ആത്മധൈര്യം, സുഖാനുഭൂതി, മതിഭ്രമം,
ആംഫിററാമൈൻസ് വിശപ്പുകുറവ്, ഉൽക്കണ്ഠ വലിച്ചിലുകൾ, മരണം
എൽഎസ്ഡി മിഥ്യദർശനങ്ങൾ, മതിഭ്രമങ്ങൾ, ദീർഘവും തീവ്രതരവുമായ
പിസിപി മാററം ഭവിച്ച സമയത്തിന്റെയും ഉപകഥകൾ, വിചിത്രവും
ദൂരത്തിന്റെയും ഗ്രാഹ്യം അപകടകരവുമായപെരു
മാററം,മനോരോഗം,മരണം
ഹശീശ് സുഖാനുഭൂതി, അയഞ്ഞ ക്ഷീണം, താളംതെററിയ പ്രവർത്തനം,
മാരിഹ്വാന ധാർമ്മികസംയമം, ചിത്തഭ്രമം, മനോരോഗസാദ്ധ്യത
വർദ്ധിച്ച വിശപ്പ്
[22-ാം പേജിലെ ചിത്രം]
അജാതശിശുക്കൾ മാതാപിതാക്കളുടെ മയക്കു മരുന്നു ദുരുപയോഗത്തിന്റെ നിസ്സഹായ ഇരകളാണ്