മതത്തിന്റെ ഒരു അടുത്ത വീക്ഷണം
മതത്തെ “മതഭ്രാന്തിന്റെയും ആഭ്യന്തര കലഹത്തിന്റെയും ജനയിതാവും . . . മനുഷ്യവർഗത്തിന്റെ ശത്രുവും” എന്ന് വോൾട്ടയർ വിളിച്ചതുസംബന്ധിച്ചു നിങ്ങളോടു ചോദിച്ചാൽ നിങ്ങളും അദ്ദേഹത്തോടു യോജിച്ചേക്കാം. അല്ലെങ്കിൽ 17-ാം നൂററാണ്ടിലെ ആംഗ്ലിക്കൻ വൈദികനായിരുന്ന റോബർട്ട് ബർട്ടൻ പറഞ്ഞതുപോലെ “ഒരു മതം മറെറാന്നിനെപ്പോലെതന്നെ സത്യമാണ്” എന്ന് ഉദാസീനതയുടെ ഒരു മനോഭാവത്തോടെ നിങ്ങൾ പറഞ്ഞേക്കാം.
സാദ്ധ്യതയനുസരിച്ച്, 18-ാം നൂററാണ്ടിലെ ഫ്രഞ്ച് ഉപന്യാസകൃത്തായ ജോസഫ് ജൂബേർട്ട് വർണ്ണിച്ചതുപോലെ, നിങ്ങൾ “മതത്തിൽ തന്റെ സന്തോഷവും കടമയും കണ്ടെത്തുന്ന” ആളെപ്പോലെയായിരിക്കുന്നതായി സമ്മതിച്ചേക്കാം.
ആഴം കുറഞ്ഞ മതം
ഈ നാളുകളിൽ, “യഥാർത്ഥത്തിൽ മതത്തിൽ തന്റെ സന്തോഷവും കടമയും കണ്ടെത്തുന്ന” ഒരാൾക്ക് അലോസരപ്പെടുന്നതിന് കാരണങ്ങളുണ്ട്. മതഭക്തിയുള്ള രാജ്യങ്ങളിൽ പോലും തങ്ങൾ യഥാർത്ഥത്തിൽ എന്താണ് വിശ്വസിക്കേണ്ടതെന്നതുസംബന്ധിച്ച് അനേകർക്കും അവ്യക്തമായ ധാരണയേ ഉള്ളു; അവരുടെ മതത്തിന് അവരുടെ അനുദിനജീവിതത്തിൻമേൽ സ്വാധീനമില്ല. ചില സ്ഥലങ്ങളിൽ, സ്ഥിതിവിവരക്കണക്കുകൾ പള്ളിഹാജരിൽ ഒരു കുറവു കാണിക്കുന്നു. ദൃഷ്ടാന്തത്തിന്, മൊത്തം 2 കോടി 63 ലക്ഷത്തിൽ 68 ലക്ഷം കത്തോലിക്കർ മാത്രമേ കുറുബാന കാണുന്നുള്ളുവെന്ന് ജർമ്മനിയെ സംബന്ധിച്ച അടുത്ത കാലത്തെ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്ക്, “പദത്തിന്റെ അത്യന്തം ഉപരിപ്ലവമായ വ്യാഖ്യാനപ്രകാരം മാത്രമല്ലാതെ ക്രിസ്തീയരാജ്യമായിരിക്കുന്നതായി” തങ്ങൾ കരുതുന്നില്ലെന്ന് കത്തോലിക്കാ പള്ളിക്കാർ പറയുന്നത് അതിശയമല്ല.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിരണ്ടിൽ പ്രസിദ്ധീകരിച്ച വേൾഡ ക്രിസററ്യൻ എൻസൈക്ലോപ്പീഡിയ പറയുന്നതനുസരിച്ച് “ക്രിസ്ത്യാനിത്വം മാത്രമല്ല അധഃപതിച്ചുകൊണ്ടിരിക്കുന്നത്; മതത്തിന്റെ മുഴു പ്രതിഭാസവുമാണ്.”
മതചരിത്രം പുനരവലോകനം ചെയ്യുന്നതെന്തിന?
ഇങ്ങനെയുള്ള സാഹചര്യങ്ങളുടെ വീക്ഷണത്തിൽ, മതത്തിന്റെ ഭാവിതന്നെ എന്താണ്? 1990-ലും 1991-ലും പ്രത്യക്ഷപ്പെടുന്ന 24 ഉണരുക! ലേഖനങ്ങളുടെ പരമ്പര ആ ചോദ്യത്തിന് ഉത്തരം നൽകത്തക്കവണ്ണമാണ് സംവിധാനംചെയ്തിരിക്കുന്നത്. മതത്തിന്റെ പ്രാരംഭവർഷങ്ങൾ തുടങ്ങി ആധുനികകാലങ്ങൾവരെയുള്ള അതിന്റെ ചരിത്രം പുനരവലോകനംചെയ്തുകൊണ്ട് ഈ ലേഖനങ്ങൾ സംക്ഷിപ്തവും എന്നാൽ വിപുലവുമായ ഒരു ലോകമതചരിത്രം അവതരിപ്പിക്കുന്നതായിരിക്കും. ചരിത്രത്തിൽ പിന്നോട്ടു കാണാനുള്ള കണ്ണാടിയിൽ നോക്കുന്നത്, നിങ്ങൾ വിതക്കുന്നതുതന്നെ കൊയ്യുന്നു എന്ന സുപ്രസിദ്ധ തത്വത്തിനനുസരണമായി മതത്തിന്റെ ഭാവിയിലേക്കു നോക്കാൻ നമ്മെ പ്രാപ്തരാക്കും.
‘മതചരിത്രത്തിൽ എനിക്കു താല്പര്യമില്ല!’ എന്ന് പറയാൻ ധൃതിപ്പെടരുത്. വർത്തമാനകാലം ഭൂതകാലത്തിൽ അധിഷ്ഠിതമാണ്. ഒരുവൻ ഒരു വിശ്വാസിയാണെങ്കിലും അല്ലെങ്കിലും, മതചരിത്രം നേരിട്ടല്ലെങ്കിൽ പരോക്തമായി സകലരെയും ബാധിച്ചിട്ടുണ്ട്.
മതത്തിന്റെ ആസ്തിത്വത്തെ നിഷേധിക്കുന്ന ആളുകൾ ഇപ്പോഴും യഥാർത്ഥത്തിൽ മതഭക്തരാണ്. എങ്ങനെ? ദൈവത്തിനു പകരം മറെറന്തിനെയെങ്കിലും തങ്ങളുടെ ഭക്തിയുടെ ലക്ഷ്യമാക്കുന്നതിനാൽ. 20-ാം നൂററാണ്ടിന്റെ പ്രാരംഭത്തിലെ സ്ക്കോട്ടിഷ് നോവലിസ്ററായിരുന്ന ജെ. എം. ബാരി അതുസംബന്ധിച്ച് ഇപ്രകാരം പ്രസ്താവിച്ചു: “ഒരുവന് അത്യന്തം താല്പര്യമുള്ളതെന്തായാലും അതാണയാളുടെ മതം.”
ഈ മാസികയിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം, മതം നിർവചിക്കപ്പെടുന്നത് ആരാധനാരീതിയെന്നാണ്. അതിൽ വ്യക്തിപരമായി പുലർത്തുന്നതോ ഒരു സംഘടന ശുപാർശചെയ്യുന്നതോ ആയ മതമനോഭാവങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഒരു പദ്ധതി ഉൾപ്പെടുന്നു.
“മതത്തിന്റെ ഭൂതകാലത്തിന്റെ വീക്ഷണത്തിൽ അതിന്റെ ഭാവി” നിങ്ങൾ ആസ്വദിക്കുമെന്ന് ഞങ്ങൾ ആശിക്കുന്നു. മതം ദീർഘനാളായി സംഘട്ടനത്തിന്റെ ഒരു ഉറവായിരുന്നിട്ടുള്ളതുകൊണ്ട് “മതപരമായ അനൈക്യം—അത് തുടങ്ങിയ വിധം” എന്ന വിഷയത്തിൽ തുടങ്ങുന്നത് സമുചിതമായിരിക്കും. (g89 1/8)