ചെറുപ്പക്കാർ ചോദിക്കുന്നു. . .
എനിക്കെന്റെ പണമെങ്ങനെ ജ്ഞാനപൂർവ്വം ഉപയോഗിക്കാൻ കഴിയും?
“ഈ രാജ്യത്തെ യുവജനങ്ങൾ ഇന്ന് ചെലവാക്കാൻ വേണ്ടി വളർത്തപ്പെടുന്നു.” ഐക്യനാടുകളിലെ കൗമാരപ്രായക്കാരുടെ ചെലവാക്കൽ സംബന്ധിച്ച് ഒരു പഠനം നടത്തിയ ശേഷം ലെസ്ററർ റാൻറ് അപ്രകാരം നിഗമനം ചെയ്തു. റാൻറിന്റെ അഭിപ്രായത്തിൽ ഐക്യനാടുകളിലെ യുവജനങ്ങൾ ഒരൊററ വർഷത്തിൽ 39.1 ബില്യൺ ഡോളർ എന്ന തോതോളം ചെലവിടുന്നു! എവിടേക്കാണ് ആ പണം പോകുന്നത്?
യു. എസ്. ഗവേഷകരായ നോർമാനും ഹാരിസും ഇപ്രകാരം രേഖപ്പെടുത്തുന്നു: “ഏതെങ്കിലും തരം വിനോദം, പ്രത്യേകിച്ചു സംഗീതം, ഏതൊരു ലിസ്ററിലും ഉയർന്നു നിൽക്കുന്നു. വാഹനമോടിക്കുന്നവരായ കൗമാരപ്രായക്കാർ തങ്ങളുടെ പണത്തിന്റെ ഏററവും വലിയ ശതമാനം ഇന്ധനത്തിനും, കേടുപോക്കുന്നതിനും, പൊതുപരിപാലനത്തിനുമായി ചെലവിടുന്നു. മററനേകർ തരംതാണ ഭക്ഷണ പദാർത്ഥങ്ങൾക്ക് തങ്ങളുടെ പണം ചെലവിടുന്നു, പിസ, ലഘു പാനീയങ്ങൾ, ഹംബർഗ്ഗുകൾ എന്നിവ ലിസ്ററിൽ പ്രഥമസ്ഥാനത്തെത്തിച്ചുകൊണ്ട്. പെൺകുട്ടികൾ വസ്ത്രത്തിന് ആൺകുട്ടികളേക്കാളധികം പണം ചെലവിടുന്നതായി കാണുന്നു. തീർച്ചയായും, കൗമാരപ്രായക്കാരായ പെൺകുട്ടികൾ സൗന്ദര്യ സംവർദ്ധക വസ്തുനിർമ്മാണ വ്യവസായത്തിന് വളരെ വിലപ്പെട്ടവരാണ്.”
കാറിന്റെ ചെലവ്, ഭക്ഷണം, വിനോദം—ഇവ തികച്ചും ന്യായമായ ചെലവുകളാണെന്നു സമ്മതിക്കുന്നു. എന്നാൽ എല്ലാ കൗമാരപ്രായ ചെലവാക്കലുകളും ജ്ഞാനപൂർവ്വം ചെയ്യപ്പെടുന്നവയാണോ?a ജോലിയുള്ള ഒരു യുവാവിന്റെ സാമ്പത്തിക ബാധ്യതകൾ തനിക്കുവേണ്ടിത്തന്നെ വസ്തുക്കൾ വാങ്ങുന്നതിനപ്പുറം പോകുന്നുവെന്നാണോ?
എങ്ങനെ മുൻകരുതലോടെ ചെലവാക്കാം
ദൃഷ്ടാന്തമായി ഷോപ്പിംഗിനേക്കുറിച്ച് ചിന്തിക്കാം. മിക്ക യുവജനങ്ങളും അതാസ്വദിക്കുന്നു, ചെലവാക്കാൻ തങ്ങളുടെ കീശയിൽ പണമുണ്ടെങ്കിൽ പ്രത്യേകിച്ചും. എന്നാൽ തങ്ങൾ കാണുന്നതും, ആഗ്രഹിക്കുന്നതുമെല്ലാം വാങ്ങുകയെന്നത് യഥാർത്ഥത്തിൽ ഏററവും നല്ല പ്രവർത്തന രീതിയാണോ?
ഇംഗ്ലണ്ടിൽ 600 പേർക്കിടയിൽ നടത്തിയ ഒരു സർവ്വേയിൽ, ചോദ്യം ചെയ്യപ്പെട്ട 15-നും 19-നും മദ്ധ്യേ പ്രായമുള്ളവരിൽ 62 ശതമാനം പെട്ടെന്നുള്ള ആവേശത്തിൽ ഷോപ്പിംഗിനിറങ്ങാറുള്ളവരായിരുന്നുവെന്നു നിരീക്ഷിക്കപ്പെട്ടു. (അഡോളസൻസ്, ഫാൾ 1982) എന്നാൽ വാങ്ങുന്നതിൽ കാര്യക്ഷമതയുള്ള ഒരു വ്യക്തി അവന്, അഥവാ അവൾക്ക് ആവശ്യമുള്ളതെന്തെന്ന് മുന്നമേ ചിന്തിക്കുന്നു. ആ സ്ഥിതിക്ക്, എന്തുകൊണ്ട് ഷോപ്പിംഗിനു പോകും മുമ്പേ ഒരു ലിസ്ററുണ്ടാക്കുകയും നിങ്ങളുടെ വാങ്ങൽ അതിൽ പരിമിതപ്പെടുത്തുകയും ചെയ്തുകൂടാ? ഓപ്ഷൻസ് എന്ന തങ്ങളുടെ പുസ്തകത്തിൽ ഗ്രന്ഥകർത്താക്കളായ ഷായും, ബെറിയും കൂടുതലായി ഇങ്ങനെ ശുപാർശ ചെയ്യുന്നു. “നിങ്ങൾ ഷോപ്പിംഗിനു പോകുമ്പോൾ, നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമായത് അഥവാ, നിങ്ങൾ കടയിലേക്കു തിരിക്കുന്നതിനു മുമ്പ് വാങ്ങുവാൻ ഉദ്ദേശിച്ചിരുന്നവ, വാങ്ങാൻ മതിയായ പണം മാത്രം കൊണ്ടുവരിക.”
പ്രായമായ ഉപഭോക്താക്കൾ വസ്ത്രം വാങ്ങുന്നതിൽ മേൻമക്കും പ്രായോഗികതക്കും ശ്രദ്ധ നൽകുമ്പോൾ, യുവജനങ്ങൾ ഫാഷൻ സംബന്ധിച്ച് ഏറെ ഉൽക്കണ്ഠയുള്ളവരാണെന്നും അഡോളസൻസ് പത്രം നിരീക്ഷിച്ചു. നിങ്ങളെക്കുറിച്ച് അതു സത്യമാണോ? ആണെങ്കിൽ നിങ്ങളുടെ ഷോപ്പിംഗ് ശീലങ്ങളിൽ ചില മാററങ്ങൾ വരുത്തുക. കഷ്ടപ്പെട്ടു നേടിയ നിങ്ങളുടെ പണം ചെലവഴിക്കും മുമ്പ് ഒരു വസ്ത്രം നിങ്ങൾക്ക് എത്ര ഈട് നിൽക്കും എന്നതു സംബന്ധിച്ചു ചിന്തിക്കുക. അത് ഏതാനും വർഷങ്ങളായിരിക്കുമോ? അതോ, ചുരുക്കം ചില മാസങ്ങൾക്കുള്ളിൽ അത് അപരിഷ്കൃതമാകുമോ?
മേൻമ സംബന്ധിച്ചും ശ്രദ്ധയുള്ളവരായിരിക്കുക. കേടുപോക്കു മുഖാന്തിരമോ, പകരം മറെറാന്നാവശ്യമായി വരുന്നതിലൂടെയൊ, മേൻമ കുറഞ്ഞ ഒരു വസ്തു ദീർഘകാല കാഴ്ചപ്പാടിൽ നിങ്ങൾക്ക് ഏറെ ചെലവ് വരുത്തിവച്ചേക്കാം. അതുകൊണ്ട്, ചുററും നടന്നു നോക്കുക, വസ്ത്രമാണെങ്കിൽ അതിന്റെ ഇഴയുടെ തരം പരിശോധിക്കുക. ആ വസ്ത്രത്തിന് എത്ര കൂടെക്കൂടെ വൃത്തിയാക്കൽ വേണ്ടി വരും? അത് കഴുകാൻ സാധിക്കുമോ? ഒരു വാങ്ങൽ നടത്തുന്നതിനു മുമ്പ് പരിഗണിക്കപ്പെടേണ്ട ഘടകങ്ങളാണിവ.
ലൈഷോന്ദ്രാ എന്നു പേരുള്ള ഒരു യുവതി തന്റെ മാതാപിതാക്കളിൽ നിന്നും വിലയേറിയ ഷോപ്പിംഗ് പാടവം അഭ്യസിച്ചിരിക്കുന്നു. അവൾ ഇപ്രകാരം പറയുന്നു: “ഞാൻ സാധാരണയായി എന്റെ അമ്മയോടൊപ്പം ഷോപ്പിംഗ് നടത്തുന്നു. എന്റെ പണം വലിച്ചു നീട്ടാൻ കഴിയേണ്ടതിന് അവസരത്തിനുവേണ്ടി നോക്കാൻ അവരെന്നെ പഠിപ്പിച്ചിട്ടുമുണ്ട്.” വിലപേശലുകൾ പെരുകുന്നതിന് ഒരു സീസന്റെ അന്ത്യം വരെ വാങ്ങൽ വൈകിക്കുകയെന്നതാണ് മറെറാരു തന്ത്രം. വിലപേശൽ വൈദഗ്ദ്ധ്യം നേടിക്കഴിഞ്ഞിരിക്കുന്ന ഫില്ലിസ് എന്ന യുവതി ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഏതെങ്കിലും സാധനം നിലവിലുള്ള വിലക്ക് വാങ്ങുന്നത് എനിക്ക് ഓർക്കാൻ കഴിയുന്നില്ല. ഞാൻ വിലപേശലുകൾക്കായി നോക്കുകയും മിതവ്യയകടകളെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്റെ വസ്ത്രങ്ങൾ പുതിയവയാണെന്നു ജനങ്ങൾ കരുതുന്നു!”
വീട്ടുചെലവുകളിൽ സഹായിക്കൽ
സ്കൂളിനുശേഷം ചെയ്യുന്ന, അല്ലെങ്കിൽ അംശകാലമായ ഒരു തൊഴിൽ നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾക്കുവേണ്ടി കരുതുകയെന്നത് മാതാപിതാക്കളുടെ ജോലിയാണെന്നു ന്യായവാദം ചെയ്തുകൊണ്ട് നിങ്ങളുടെ മുഴുപണവും, നിങ്ങൾ നിങ്ങൾക്കായി ചെലവഴിക്കുകയാണോ? സത്യം തന്നെ, എന്നിരുന്നാലും നിങ്ങളുടെ മാതാപിതാക്കൾ തങ്ങൾക്കായി മാത്രം പണം ചെലവഴിച്ച അവസാനത്തെ സന്ദർഭം എപ്പോഴായിരുന്നു? അവരുടെ വിഭവങ്ങളിലേറെയും കുടുംബത്തോടൊപ്പം ചെലവിടുകയല്ലേ? അതുകൊണ്ട് വീട്ടുചെലവുകൾക്ക് ഒരു താങ്ങു നൽകുന്നത് നിങ്ങളെ സംബന്ധിച്ച് ന്യായയുക്തമല്ലേ?
ആ ചോദ്യം ചോദിക്കപ്പെട്ടപ്പോൾ “ഞാൻ അങ്ങനെ ചെയ്യുന്നു”വെന്ന് ചെറുപ്രായക്കാരിയായ സ്ററിഫാനി മറുപടി പറഞ്ഞു. അവളും മൂന്ന് മററ്കുടുംബാംഗങ്ങളും യഹോവയുടെ സാക്ഷികളും മുഴുസമയ സുവാർത്താപ്രസംഗകരായി സേവിക്കുന്നവരുമാണ്. “അത് അത്യാവശ്യമാണ്,” സ്ററിഫാനി പറയുന്നു. “കൂടാതെ അത് പരിശീലിതമായി ഉതകുകയും ചെയ്യുന്നു, എന്തുകൊണ്ടെന്നാൽ ആ ചെലവുകൾ കൂടാതെ ജീവിക്കാൻ കഴിയുന്ന ഒരു സ്ഥലവുമില്ല.” ആൽബർട്ട് എന്നു പേരായ ഒരു യുവാവ് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “അത് എന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗം മാത്രമാണ്, ഞാൻ ഭവനത്തിലല്ലായിരുന്നു ജീവിക്കുന്നതെങ്കിൽ, എന്തായാലും എനിക്കത് ചെയ്യേണ്ടി വരുമായിരുന്നു. അതുകൊണ്ട് ഞാൻ സ്വതന്ത്രമായി കൊടുക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു.”
നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളിൽ നിന്നും യാതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നുള്ളതു സത്യമായിരിക്കാം. എന്നാൽ പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ റേറാമി എന്ന യുവാവ് ഒരു നല്ല ആശയം പ്രകടമാക്കി. “അത് ന്യായം മാത്രമാണെന്നു ഞാൻ കരുതുന്നു. അവർ എന്നെ ലോകത്തിലേക്കു കൊണ്ടുവരികയും ഇതുവരെ എനിക്കുവേണ്ടി കരുതുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർക്ക് മടക്കികൊടുക്കാൻ ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.”
ദാനശീലത്തിന്റെ അനുഗ്രഹങ്ങൾ
“ദാനശീലനായ ഒരു മനുഷ്യൻ പുഷ്ടിപ്രാപിക്കുകയും, അഭിവൃദ്ധിനേടുകയും ചെയ്യും. മററുള്ളവർക്കു നവോൻമേഷമേകുന്നവന് സ്വയം നവോൻമേഷം ലഭിക്കും.” സദൃശവാക്യങ്ങൾ 11:25-ൽ ബൈബിൾ അപ്രകാരമാണ് പറയുന്നത്. (ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) നിങ്ങൾക്ക് കൂലി ലഭിക്കുമ്പോൾ നിങ്ങൾക്കുവേണ്ടിത്തന്നെ വാങ്ങാൻ കഴിയുന്ന സകല വസ്തുക്കളേയും സംബന്ധിച്ചുള്ള ചിന്ത പ്രലോഭിപ്പിക്കുന്നതായിരുന്നേക്കാം. എന്നിരുന്നാലും യേശു നമ്മെ ഇങ്ങനെ ഓർമ്മിപ്പിക്കുന്നു: “സ്വീകരിക്കുന്നതിലുള്ളതിനേക്കാൾ ഏറെ സന്തോഷം നൽകുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35.
ഈ സംഗതിയിൽ സമനിലയുടെ ഒരാവശ്യമുണ്ടെന്നു സമ്മതിക്കുന്നു. ദാനശീലം, ഒരുവനെ ദാരിദ്ര്യത്തിലെത്തിക്കുന്ന ചെലവാക്കലിനെ അർത്ഥമാക്കുന്നില്ല. “ഞാൻ പാരിതോഷികങ്ങൾക്കായി ധാരാളം പണം ചെലവഴിക്കുകയും, എന്റെ പണം കേവലം വാതിലിനു പുറത്തേക്കു പറന്നു പോകുകയും ചെയ്യുന്നു”വെന്ന് ഒരു യുവാവ് വിലപിച്ചു. “എന്റെ പണത്തിന്റെ എൺപത്തിയഞ്ചു ശതമാനവും പോകുന്നതവിടേക്കാണെന്നു ഞാൻ കരുതുന്നു.” എന്നിരുന്നാലും നല്ല ലക്ഷ്യത്തോടുകൂടിയ ദയാ പ്രവർത്തനങ്ങളെ ദൈവം ശ്രദ്ധിക്കുന്നുവെന്ന് ഒരിക്കലും മറക്കാതിരിക്കുക. സദൃശവാക്യങ്ങൾ 19:17 ഇപ്രകാരം പറയുന്നു: “എളിയവരോട് ആഭിമുഖ്യം പ്രകടമാക്കുന്നവൻ യഹോവക്ക് വായ്പ കൊടുക്കുന്നു, അവന്റെ പ്രവർത്തനങ്ങൾ അവൻ അവന് മടക്കികൊടുക്കും.”
സദൃശവാക്യങ്ങൾ 3:9, 10 നിങ്ങൾക്ക് ദാനശീലം പ്രകടമാക്കാൻ കഴിയുന്ന മറെറാരു മണ്ഡലം ചൂണ്ടിക്കാണിക്കുന്നു: “നിന്റെ വിലയേറിയ വസ്തുക്കൾ കൊണ്ടും നിന്റെ സകല ഉത്പ്പന്നങ്ങളുടെയും ആദ്യഫലം കൊണ്ടും യഹോവയെ ബഹുമാനിക്കുക. അപ്പോൾ നിന്റെ വിതരണ സംഭരണികൾ സമൃദ്ധികൊണ്ടു നിറയുകയും നിന്റെ ചക്കുകൾ പുതുവീഞ്ഞുകൊണ്ട് കവിഞ്ഞൊഴുകുകയും ചെയ്യും. ബൈബിൾ കാലങ്ങളിൽ യിസ്രായേലിലെ യഹോവയുടെ ആരാധകർ തങ്ങളുടെ കാർഷിക വിളകളുടെ ആദ്യഫലം സ്വമേധയാ സംഭാവനചെയ്യാൻ കടപ്പെട്ടിരുന്നു. ഇത് യെരുശലേമിലെ ആലയത്തിൽ സേവിച്ചിരുന്ന ലേവ്യപുരോഹിതൻമാരെ സംരക്ഷിക്കാൻ ഉതകി. യഹോവയുടെ സാക്ഷികൾ ഇന്ന് ഒരു ഭൗതിക ആലയത്തിൽ ആരാധിക്കുന്നില്ലെങ്കിലും സമാനമായി [രാജ്യഹോളുകൾ എന്നു വിളിക്കപ്പെടുന്ന] തങ്ങളുടെ ആരാധനാ സ്ഥലങ്ങൾ നിലനിർത്തുന്നതിന് പണമാവശ്യമാണെന്ന് അവർ തിരിച്ചറിയുന്നു. “ഞാൻ ഹോളിലേക്ക് പോകുന്ന ഓരോ പ്രാവശ്യവും എന്തെങ്കിലും സംഭാവന ചെയ്യുന്നത് ഒരു ലക്ഷ്യമാക്കി,” എന്ന് ആൽബർട്ട് എന്ന 18കാരൻ പറയുന്നു.
അസൂയയുടെ കെണി
ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ ഷോപ്പിംഗ് നടത്തുന്നതിനും ചെലവഴിക്കുന്നതിനുമുള്ള സാമ്പത്തിക വിഭവങ്ങൾ എല്ലാ യുവാക്കൾക്കും കാണുകയില്ലായെന്ന് അംഗീകരിക്കേണ്ടതാണ്. മററുള്ളവർക്കുള്ളതായി കാണപ്പെടുന്നത്, നിങ്ങൾക്കില്ലാത്തപ്പോൾ അസൂയതോന്നുക എളുപ്പമാണ്. ദൃഷ്ടാന്തത്തിന് ചെറുപ്പമായ ഡാർനൽ ഇപ്രകാരം സമ്മതിക്കുന്നു. “മററുള്ളവർക്കുള്ളവയെ നോക്കാനും, ‘ഓ, അതു ശ്രേഷ്ഠമാണെ’ന്നു പറയാനുമുള്ള പ്രവണത എനിക്കു തീർച്ചയായും ഉണ്ട്.” എന്നാൽ ആ സംഗതിയിൽ പററിപ്പിടിക്കുന്നതിനുപകരം ആ തോന്നലുകളെ പ്രതിരോധിക്കാൻ അയാൾ ശ്രമിക്കുന്നു.
അല്ല, നല്ല സംഗതികൾ ആഗ്രഹിക്കുന്നത് കേവലം ഒരു പാപമല്ല. എന്നാൽ നിങ്ങളാഗ്രഹിക്കുന്ന ചിലത് നിങ്ങൾക്കു താങ്ങാനാവുന്നില്ലെങ്കിൽ അസന്തുഷ്ടനാവാൻ നിങ്ങൾ നിങ്ങളേത്തന്നെ അനുവദിക്കുന്നുവോ? നിങ്ങൾക്കുള്ളതിനേക്കാൾ കൂടുതൽ ഉണ്ടായിരിക്കാൻ ഇടയായ ആർക്കെങ്കിലുമെതിരെ നിങ്ങൾ ദ്വേഷം വളർത്തുകപോലും ചെയ്യുമോ? അങ്ങനെയെങ്കിൽ ലൂക്കോസ് 12:15-ൽ യേശു നൽകിയ ബുദ്ധിയുപദേശം ഓർക്കുക. “എല്ലാത്തരം അത്യാഗ്രഹത്തിനുമെതിരെ സൂക്ഷിച്ചുകൊള്ളുക, എന്തുകൊണ്ടെന്നാൽ ഒരു മനുഷ്യന് സമൃദ്ധിയുള്ളപ്പോൾപോലും അവന്റെ ജീവൻ അവനുള്ള വസ്തുക്കളാൽ വരുന്നില്ല.”
നിങ്ങൾക്കുള്ളവയേക്കാൾ കൂടുതലുള്ളവർ എല്ലായ്പ്പോഴും ഉണ്ടായിരിക്കുമെന്നത് സത്യമാണ്. അത്തരക്കാരോട് ഒപ്പം നിൽക്കാൻ ശ്രമിക്കുന്നത് ഹൃദയവേദനയിലേക്കും അനേക ദു:ഖങ്ങളിലേക്കും മാത്രമേ നയിക്കൂ. അപ്പോസ്തലനായ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു: “എന്തുകൊണ്ടെന്നാൽ നാം ലോകത്തിലേക്ക് യാതൊന്നും കൊണ്ടു വന്നിട്ടില്ല. നമുക്ക് എന്തെങ്കിലും പുറത്തേക്കുകൊണ്ടു പോകാനും സാദ്ധ്യമല്ല. അതുകൊണ്ട് ഉൺമാനും ഉടുക്കാനുമുണ്ടെങ്കിൽ നാം അവകൊണ്ട് തൃപ്തിപ്പെടുക.”—1 തിമൊഥെയോസ് 6:7, 8.
ഉചിതമായി വീക്ഷിക്കപ്പെടുന്നുവെങ്കിൽ പണം നമുക്കൊരു ഉപകാരപ്രദമായ പരിചാരകനായിരിക്കും. മിച്ചം വെക്കാൻ പഠിക്കുക. അത് വിവേകപൂർവ്വം കരുതലോടെ ചെലവാക്കാൻ അഭ്യസിക്കുക. പണം നിശ്ചയമായും ജീവിതത്തിനു സംഭാവന ചെയ്യുകയും അതിനെ കൂടുതൽ സുഖകരമാക്കുകയും ചെയ്യുന്നു. എന്നാൽ മാത്യു എന്നു പേരായ ഒരു യുവാവു പറയുന്നതുപോലെ “പണത്തിന് അതിന്റെ സ്ഥാനമുണ്ട്, എന്നാൽ അത് സകലതുമാകുന്നു എന്നില്ല. പ്രമുഖസംഗതി അതല്ല. ജീവിക്കുന്നതിനു നമുക്കു പണം തീർച്ചയായും ആവശ്യമുണ്ട്, എന്നാൽ ഒരിക്കലും അതിനെ നമ്മുടെ കുടുംബത്തിനും യഹോവക്കും മുമ്പ് നിർത്തിക്കൂടാ.” (g89 1/22)
[അടിക്കുറിപ്പുകൾ]
a ഉണരുക!യുടെ 1990 ജനുവരി 8-ലെ ലക്കം ബഡ്ജററുണ്ടാക്കുന്നതിന്റേയും പണം ലാഭിക്കുന്നതിന്റേയും ഔചിത്യം ചർച്ചചെയ്തു.
[13-ാം പേജിലെ ആകർഷകവാക്യം]
യു. എസ്. യുവജനങ്ങൾ ഒരൊററ വർഷത്തിൽ 39.1 ബില്ല്യൺ ഡോളർ എന്ന തോതോളം ചെലവിടുന്നു!
[15-ാം പേജിലെ ചിത്രം]
നിങ്ങൾക്ക് ഒരു ജോലിയുണ്ടെങ്കിൽ നിങ്ങൾ സ്വമേധയാ വീട്ടുചെലവുകൾക്ക് പങ്കുവെക്കുമോ?