തെററിദ്ധരിക്കപ്പെട്ട, അത്ഭുതകരങ്ങളായ, വിലപ്പെട്ട, അപകടത്തിലായിരിക്കുന്ന വവ്വാലുകൾ
‘വവ്വാലുകൾ! ഞാൻ അവയെ വെറുക്കുന്നു! അവയുടെ ദേഹത്ത് ചെള്ളുണ്ട്, അവയ്ക്ക് കണ്ണുകാണാൻ വയ്യ, അവ നിങ്ങളുടെ തലമുടിയിൽ കുരുങ്ങും, അവ കടിച്ചാൽ പേയുണ്ടാകും, അവ നിങ്ങളുടെ രക്തം വലിച്ചു കുടിക്കും. അ! എനിക്ക് അവയെ വല്ലാത്ത അറപ്പാണ്!’ അവ നിങ്ങളുടെയും കൂടെ വികാരങ്ങളാണോ?
വാസ്തവത്തിൽ വവ്വാലുകൾ വളരെയധികം ദുഷിക്കപ്പെടുന്ന ചെറു ജീവികളാണ്. അവ ദുഷ്പ്രചരണത്തിന്റെ ഇരകളാണ്. അവ വളരെ ശ്രദ്ധാപൂർവ്വം തങ്ങളെത്തന്നെ ചീകി മിനുക്കുന്നു. മിക്കവയ്ക്കും നല്ല കാഴ്ച ശക്തിയുണ്ട്. അവയിൽ ഒന്നു പോലും കാഴ്ചശക്തിയില്ലാത്തവയല്ല. നിങ്ങളുടെ മുടിയിൽ കുരുങ്ങാൻ അവയ്ക്കു യാതൊരു താല്പര്യവുമില്ല. വളരെ വിരളമായേ അവയ്ക്കു പേ ഉണ്ടാകാറുള്ളു. അങ്ങനെയുള്ളപ്പോൾ പേപ്പട്ടികളിൽ നിന്നും വ്യത്യസ്തമായി അവ നിങ്ങളെ കടിക്കാൻ ചായ്വ് കാണിക്കുന്നില്ല. “ഓരോ വർഷവും അതിലും കൂടുതൽ ആളുകൾ തേനീച്ച കുത്തുന്നതിന്റെ ഫലമായും വളർത്തുനായ്ക്കൾ കടിക്കുന്നതിന്റെ ഫലമായും മരിക്കുന്നു” എന്ന് ഒരു ഗവേഷകൻ പറയുന്നു. ഏതാണ്ട് ആയിരം വ്യത്യസ്ത ഇനം വവ്വാലുകൾ ഉള്ളതിൽ മൂന്നെണ്ണം മാത്രമേ രക്തം കുടിക്കുന്നതായിട്ടുള്ളു.
ടെക്സാസിലെ ഓസ്ററിനിലുള്ള അന്താരാഷ്ട്ര വവ്വാൽ സംരക്ഷണ സ്ഥാപനത്തിന്റെ സ്ഥാപകനായ മെർലിൻ ഡി. ററട്ടിൽ ലോകവ്യാപകമായി വവ്വാലുകളെ സംബന്ധിച്ചുള്ള ഒരു പ്രാമാണികനായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.a അദ്ദേഹം നമ്മോട് ഇപ്രകാരം പറയുന്നു: “അവ മൊത്തമുള്ള സസ്തനജീവികളിൽ ഏതാണ്ട് നാലിലൊന്ന് വരും. ലോകത്തിലെ ഏററം ചെറിയ സസ്തനജീവിയായ, ഒരു പെനിയുടെ മൂന്നിൽ രണ്ട് മാത്രം തൂക്കമുള്ള, തായ്ലണ്ടിലെ ബംബിൾ ബീ വവ്വാലുകൾ മുതൽ ആറടി വീതിയിൽ ചിറകു വിടർത്താൻ കഴിയുന്നതും ജാവായിൽ കാണപ്പെടുന്നതുമായ ഭീമാകാരനായ പറക്കുന്ന കുറുക്കൻ വരെ അവ അത്ഭുതകരമായ വ്യത്യസ്ത ഇനങ്ങളിൽ കാണപ്പെടുന്നു. . . . വവ്വാലുകളിൽ 70 ശതമാനവും ഷട്പദങ്ങളെ ഭക്ഷിക്കുന്നു. അനേക ഇനങ്ങൾ പഴങ്ങളോ തേനോ ഭക്ഷിക്കുന്നു, ചുരുക്കം ചിലതു മാത്രം മാംസഭുക്കുകളാണ്.” അദ്ദേഹം അവയെ കണ്ടിരിക്കുന്നത് സ്നേഹിക്കാൻ കൊള്ളാവുന്നതും ശാന്തപ്രകൃതമുള്ളതും ബുദ്ധിയുള്ളതും പരിശീലിപ്പിക്കാവുന്നതും വല്ലാതെ തെററിദ്ധരിക്കപ്പെട്ടിരിക്കുന്നതുമായിട്ടാണ്, തികച്ചും.
അത്ഭുതകരവും!
സയൻറിഫിക് അമേരിക്കൻ മാസിക അതിനോട് യോജിക്കുന്നു: “സാങ്കേതിക വിജയങ്ങളുടെ ഈ നാളുകളിൽ ജീവനുള്ള യന്ത്രങ്ങൾ അവയുടെ കൃത്രിമ അനുകരണങ്ങളേക്കാൾ, യാതൊരു സാമ്യവും ഇല്ലാത്തവണ്ണം, കൂടുതൽ കാര്യക്ഷമമാണെന്ന് കൂടെക്കൂടെ നമ്മെത്തന്നെ ഓർമ്മപ്പെടുത്തുന്നത് നല്ലതാണ്. ഈ നിയമം ദൃഷ്ടാന്തീകരിക്കാൻ വവ്വാലുകളുടെ സോണാർ സംവിധാനത്തേക്കാൾ മെച്ചമായി ഒന്നില്ല. അവയുടെ തൂക്കവും അവ പുറപ്പെടുവിക്കുന്ന സിഗ്നലുകളുടെ ശക്തിയും കണക്കിലെടുത്താൽ അവ മനുഷ്യനിർമ്മിതമായ സോണാറുകളെക്കാളും റാഡാറുകളെക്കാളും ദശലക്ഷക്കണക്കിന് മടങ്ങ് കൂടുതൽ കാര്യക്ഷമവും സൂക്ഷ്മതയുള്ളതുമാണ്.”—ജൂലൈ 1958 പേ. 40.
വവ്വാലുകളുടെ ശബ്ദതരംഗ സംവിധാനം മനുഷ്യനിർമ്മിതമായതിനേക്കാൾ കൂടുതൽ പരിഷ്കൃതമായതിനാൽ അതിനെ വർണ്ണിക്കാൻ കൂടുതൽ കൃത്യമായ ഒരു പദമെന്നനിലയിൽ “എക്കോലൊക്കേഷൻ” എന്ന പദമാണ് പലരും ഇഷ്ടപ്പെടുന്നത്. ഷട്പദങ്ങളെ പിടിക്കാൻ പറന്നു നടക്കുന്ന വവ്വാലുകൾ ശബ്ദതരംഗങ്ങൾ പുറപ്പെടുവിക്കുന്നു. അവ ഒരു സെക്കൻഡിന്റെ പതിനായിരത്തിലൊന്നിനും പതിനായ്യായിരത്തിലൊന്നിനുമിടക്കു ദൈർഘ്യമുള്ളതാണ്. ശബ്ദം ഒരു ഷട്പദത്തിൽ തട്ടി തിരികെ വരുമ്പോൾ വവ്വാൽ തന്റെ ഇരയെ സമീപിക്കുന്നു. അതു ശബ്ദ തരംഗങ്ങളുടെ ദൈർഘ്യം കുറയ്ക്കുകയും അവ പുറപ്പെടുവിക്കുന്നതിന്റെ വേഗത സെക്കൻഡിൽ 200 എന്ന കണക്കിൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അപ്രകാരം അതു ഇരയെ സമീപിക്കുന്ന മുറക്ക് അതിനു ലഭിക്കുന്ന ചിത്രം കൂടുതൽ കൃത്യതയുള്ളതാക്കുന്നു. നേരിയ കമ്പിയെ വലിച്ചുകെട്ടിയിരിക്കുന്ന ഒരു മുറിയിൽ എക്കോലൊക്കേഷനിൽ പ്രാവീണ്യം നേടിയ വവ്വാലുകൾ അവയിൽ തട്ടാതെ പറക്കുന്നു. അവയ്ക്ക് 0.04 ഇഞ്ച് മാത്രം വ്യാസമുള്ള കമ്പികളെപ്പോലും ഒഴിവാക്കിക്കൊണ്ട് പറക്കാൻ കഴിയുന്നു!
ഓരോ തരംഗത്തിന്റെയും ശബ്ദസ്ഥായിക്കു സെക്കൻഡിൽ 50,000 എന്നതിൽ നിന്ന് 25,000 എന്ന കണക്കിൽ മാററം വരുത്തിക്കൊണ്ട് വവ്വാലുകൾ സ്ഥാനനിർണ്ണയം കൂടുതൽ കൃത്യതയുള്ളതാക്കുന്നു. ശബ്ദസ്ഥായിക്ക് മാററം വരുമ്പോൾ തരംഗ ദൈർഘ്യം കാൽ ഇഞ്ചിൽ നിന്ന് അര ഇഞ്ചുവരെ വർദ്ധിക്കുന്നു. ഇതു പല വലിപ്പത്തിലുള്ള വസ്തുക്കളെ കണ്ടുപിടിക്കാൻ വവ്വാലിനെ സഹായിക്കുന്നു. അവ പിടിക്കുന്ന മിക്ക ഷട്പദങ്ങളെയും പിടിക്കാൻ തരംഗ ദൈർഘ്യത്തിലെ ഈ വ്യതിയാനം മതിയാകും. മാറെറാലി ശബ്ദത്തിൽ നിന്ന് ഒരു ഷട്പദം ഭക്ഷിക്കാൻ കൊള്ളാവുന്നതാണോ അല്ലയോ എന്നും വവ്വാലുകൾക്ക് തിരിച്ചറിയാൻ കഴിയുന്നു. അതു കടിച്ചാൽ പൊട്ടാത്ത ഒരു പാറകഷണമാണെങ്കിൽ വവ്വാൽ അവസാന നിമിഷം അതിൽനിന്ന് വെട്ടിമാറുന്നു.
ആയിരക്കണക്കിന് മററ് വവ്വാലുകളിൽ നിന്നുള്ള ശബ്ദമലിനീകരണമുള്ളപ്പോൾ സ്വന്തം മാറെറാലി തിരിച്ചറിയാനുള്ള വവ്വാലുകളുടെ പ്രാപ്തിയാണ് ഏററം അത്ഭുതാവഹമായിരിക്കുന്നത്. ചില ഗുഹകളിൽ ഒന്നിച്ചു പാർക്കുന്ന ദശലക്ഷക്കണക്കിന് വവ്വാലുകൾ അവയുടെ കരച്ചിൽ കൊണ്ടും മാറെറാലികൊണ്ടും അന്തരീക്ഷത്തെ നിറയ്ക്കുന്നു, എന്നിരുന്നാലും ഓരോ വവ്വാലും സ്വന്തം മാറെറാലി തിരിച്ചറിയുകയും മററ് വവ്വാലുകളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. “മാറെറാലി അവ പുറപ്പെടുവിക്കുന്ന ശബ്ദത്തേക്കാൾ വളരെ നേരിയതാണ്—വാസ്തവത്തിൽ രണ്ടായിരത്തിലൊന്നുമാത്രം—എന്ന വസ്തുതയാണ് പ്രശ്നത്തെ സങ്കീർണ്ണമാക്കുന്നതും ഏക്കോലൊക്കേഷന്റെ അത്ഭുതത്തെ മഹത്തരമാക്കുന്നതും എന്ന് തിരിച്ചറിയേണ്ടതുണ്ട്. അവ പുറപ്പെടുവിക്കുന്ന ശബ്ദത്താൽ മുഖരിതമായ അന്തരീക്ഷത്തിൽനിന്നു വേണം ഈ മാറെറാലികൾ തിരിച്ചറിയാൻ. . . . എന്നിരുന്നാലും പശ്ചാത്തല ശബ്ദത്തിന്റെ രണ്ടായിരത്തിലൊന്നു മാത്രം ശക്തിയുള്ള ഈ തരംഗങ്ങൾ വവ്വാലുകൾ തിരിച്ചറിയുകയും ഉപയോഗിക്കുകയും ചെയ്യുന്നു!” ഇത്ര പരിഷ്കൃതമായ ഒരു സോണാർ വ്യവസ്ഥ നമ്മുടെ ഗ്രഹണശക്തിക്ക് അതീതമാണ്.
നീണ്ട ചെവിയുള്ള വവ്വാലുകൾക്ക് “അവ അടക്കം പറയുകമാത്രം ചെയ്താലും മാറെറാലി വ്യക്തമായി കേൾക്കാം” എന്ന് പറയപ്പെടുന്നു. ചില ഇനങ്ങൾക്ക് 10 അടി അകലെ ഒരു വണ്ട് മണലിലൂടെ നടക്കുന്ന ശബ്ദം കേൾക്കാൻ കഴിയുന്ന കാതുകൾ ഉണ്ട്. എന്നാൽ മാറെറാലി ശ്രദ്ധിക്കുമ്പോൾ അവ സ്വന്തം കരച്ചിലുകൾ കേൾക്കുന്നില്ല. “ഓരോ തവണയും സ്വരം പുറപ്പെടുവിക്കുമ്പോൾ കാതിലെ ഒരു പേശി സ്വയമായി ചുരുങ്ങുകയും ശബ്ദം കേൾക്കാത്തവണ്ണം കാത് അടയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് വവ്വാലിന് മാറെറാലി മാത്രമേ കേൾക്കാൻ കഴിയുന്നുള്ളു. ഓരോ ജന്തുവിനും സ്വന്തം ശബ്ദ മാതൃക ഉണ്ടായിരിക്കാനും അതിന്റെ മാറെറാലിയാൽ നയിക്കപ്പെടാനും കഴിയുന്നതായി തോന്നുന്നു.
തള്ള വവ്വാലുകൾ പ്രശംസാർഹരാണ്. അവയ്ക്ക് സാധാരണയായി വർഷത്തിൽ ഒരു കുട്ടി വീതമാണ് ഉണ്ടാവുക. ചിലത് ഭക്ഷണം തേടിപ്പറക്കുമ്പോൾ കുട്ടിയെ കൊണ്ടുപോകുന്നു. മററുള്ളവ കുഞ്ഞുങ്ങളെ ഒരു ഗുഹയിലുള്ള നേഴ്സറിയിൽ ആക്കിയിട്ട് പോകുന്നു. അവിടെ ഒരു ചതുരശ്രവാരയിൽ 5,000 കുഞ്ഞുങ്ങൾ വരെ ഉണ്ടാകും. തിരികെ വരുമ്പോൾ അമ്മ അതിന്റെ കുഞ്ഞിനെ വിളിക്കുന്നു, കുഞ്ഞ് വിളി കേൾക്കുന്നു. കരയുന്ന ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെയും വിളിക്കുന്ന അമ്മമാരുടെയും ശബ്ദകോലാഹലത്തിനിടയിൽ അമ്മ കുഞ്ഞിനെ കണ്ടുപിടിക്കുകയും അതിനെ മുലയൂട്ടുകയും ചെയ്യുന്നു. ചില പെൺ വവ്വാലുകൾ പരോപകാരികളാണ്. ഇര തേടി തിരികെ വരുമ്പോൾ അവൾ ഉള്ളിലാക്കിയ ഭക്ഷണം ഛർദ്ദിച്ച് പുറത്തെടുത്ത് ഭക്ഷണം കണ്ടെത്താൻ കഴിയാഞ്ഞ മററു പെൺ വവ്വാലുകളുമായി പങ്കുവയ്ക്കുന്നു.
വിലപ്പെട്ടവ
‘ഷട്പദങ്ങളെ ഭക്ഷിക്കുന്ന ഒരു വവ്വാൽ ഒരു മണിക്കൂറിൽ 600 കൊതുകുകളെ പിടിക്കുകയും ഒററ രാത്രിയിൽ 3,000 ഷട്പദങ്ങളെ ഭക്ഷിക്കുകയും ചെയ്യുന്നു’ എന്ന് ററട്ടിൽ പറയുന്നു. അരിസോണയിലുള്ള ഒരു പററം വവ്വാലുകൾ “ഓരോ രാത്രിയിലും 3,50,000 റാത്തൽ, അതായത 34 ആനകളുടെ തൂക്കത്തിന് തുല്യം ഷട്പദങ്ങളെ ഭക്ഷിക്കുന്നതായി” കണ്ടെത്തപ്പെട്ടു.
ചില വവ്വാലുകൾ തേൻ കുടിക്കുന്നവയാണ്, അവ പരാഗണം നടത്തുന്നതിൽ വിലപ്പെട്ട സേവനം ചെയ്യുന്നു. ഹമ്മിംഗ് ബേർഡുകളെപ്പോലെ പുഷ്പങ്ങളുടെ മുകളിൽ പറന്നു നിന്നുകൊണ്ട് അററത്ത് ബ്രഷുപോലെ രോമങ്ങളുള്ള അവയുടെ നാവ് ഉപയോഗിച്ച് അവ തേനും പൂമ്പൊടിയും ഒപ്പിയെടുക്കുന്നു. അവ ഉഷ്ണമേഖലാ പ്രദേശത്ത് വസിക്കുന്ന ജീവികളാകയാൽ മെക്സിക്കോയിൽനിന്ന് ഐക്യനാടുകളുടെ തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് ദേശാന്തരഗമനം ചെയ്യുന്നു. പഴം തിന്നുന്നവ അവയുടെ കായ് വിസ്തൃതമായ പ്രദേശത്ത് വിതറുന്നു. ററട്ടിൽ പറയുന്നു: “പഴങ്ങളും തേനും ഭക്ഷിക്കുന്ന വവ്വാലുകൾ, വിത്തുകൾ വിതറുകയും പുഷ്പങ്ങളിൽ പരാഗണം നടത്തുകയും ചെയ്യുന്നവ, ഉഷ്ണമേഖലാ വനങ്ങളുടെ നിലനിൽപിനും ആണ്ടുതോറും ദശലക്ഷക്കണക്കിന് ഡോളർ നേടിത്തരുന്ന മററ് ഉപോല്പന്നങ്ങളുടെ നിർമ്മാണത്തിനും ജീവൽപ്രധാനമാണ്.”
“പഴം തിന്നുന്ന വവ്വാലുകളെ ഒരു ശല്യമായി കണക്കാക്കി കൊല്ലുന്ന കൃഷിക്കാർക്ക് ഉല്പാദനത്തിൽ അതിലും വലിയ നഷ്ടം അനുഭവിക്കേണ്ടി വന്നേക്കാം. എന്തുകൊണ്ടന്നാൽ അവരുടെ പഴച്ചെടികളിൽ പരാഗണം നടത്തുന്നത് വവ്വാലുകളാണ്” എന്ന് 1988 സെപ്ററംബറിലെ ന്യൂ സയൻറിസ്ററ് മാസിക പറഞ്ഞു. കയററി അയയ്ക്കാനുള്ള പഴങ്ങൾ പാകമാകുന്നതിന് അഞ്ചുമുതൽ ഏഴുവരെ ദിവസങ്ങൾ നേരത്തെയാണ് ശേഖരിക്കുന്നത് പ്രാദേശിക ഉപയോഗത്തിനുള്ളത് നാലുദിവസം നേരത്തെയും, എന്നാൽ വവ്വാലുകൾ തിന്നുന്നത് കൃഷിക്കാർക്ക് വേണ്ടാത്തതും ശേഖരിക്കപ്പെടാത്തതുമായ പഴങ്ങളാണ്. വവ്വാലുകളാലുള്ള പരാഗണവും വിത്തു വിതയ്ക്കലും 500 ഇനം ചെടികൾക്കും മരങ്ങൾക്കും വളരെ പ്രധാനമാണ്. ആനുഷംഗികമായി പറയട്ടെ, പഴം തിന്നുന്ന വവ്വാലുകൾ ശബ്ദ മാറെറാലി ഉപയോഗിച്ചല്ല പറക്കുന്നത്—അവയ്ക്ക് നല്ല കാഴ്ച ശക്തിയുണ്ട്. മിക്കപ്പോഴും വവ്വാലുകളെയല്ല കൃഷിക്കാരെയാണ് അന്ധത ബാധിച്ചിരിക്കുന്നത്.
അപകട നിലയിൽ
എന്നിരുന്നാലും വിലപ്പെട്ട ഈ വവ്വാലുകൾ പ്രയാസകരമായ സമയങ്ങളിൽ വന്നെത്തിയിരിക്കുന്നു. വാസസ്ഥലങ്ങളുടെ നഷ്ടം, കീടനാശിനികളുടെ ഉപയോഗം എന്നിവയാലും വിവേചനാരഹിതമായി അവയുടെ വലിയ കൂട്ടങ്ങളെ കൊന്നൊടുക്കുന്നതിനാലും അവയുടെ എണ്ണം ദശലക്ഷങ്ങളിൽനിന്ന് ആയിരങ്ങളായി കുറഞ്ഞിരിക്കുന്നു, ചില ഇനങ്ങൾ ഇല്ലായ്മപ്പെട്ടുകൊണ്ടിരിക്കുന്നു. മുൻവിധിയും തെററിദ്ധാരണയും വെറും അജ്ഞതയുമാണ് സാധാരണയായി ഇതിന് ഉത്തരവാദിയായിരിക്കുന്നത്. ലാററിൻ അമേരിക്കയിൽ ആധുനിക മമനുഷ്യന്റെ കന്നുകാലികളെ സംരക്ഷിക്കുന്നതിന് വാംപയർ വവ്വാലുകളെ നിയന്ത്രിക്കേണ്ടതുണ്ട്, എന്നാൽ “ശരിയായ പരിശീലനം ലഭിക്കാത്ത വാംപയർ നിയന്ത്രണ ഏജൻറൻമാർ ആ ദേശത്തുള്ള 250 വവ്വാലിനങ്ങളിൽ ഭൂരിഭാഗവും വളരെ പ്രയോജനമുള്ളവയാണ് എന്ന് തിരിച്ചറിയാതെ മിക്കപ്പോഴും വിവേചനാരഹിതമായി അവയെ കൊന്നൊടുക്കുന്നു.”
ആസ്ത്രേലിയായിലാകട്ടെ “പ്രദേശത്തെ പാരിസ്ഥിതികവും സാമ്പത്തികവുമായി പ്രധാനപ്പെട്ട പല മരങ്ങളും അവയെ ആശ്രയിച്ചിരുന്നിട്ടും,” “വവ്വാലുകളാൽ കാർഷികോല്പന്നങ്ങൾക്കുള്ള നാശം അവയെ നിയന്ത്രിക്കേണ്ടത് ആവശ്യമാകുന്നില്ലെന്ന് ഗവൺമെൻറിന്റെ തന്നെ ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടും” ആയിരക്കണക്കിന് പറക്കും കുറുക്കൻമാരും പഴങ്ങൾ തിന്നുന്ന വവ്വാലുകളും തുടച്ചു നീക്കപ്പെട്ടിരിക്കുന്നു. യിസ്രായേലിൽ—പ്രകൃതിസംരക്ഷണ സങ്കേതങ്ങളിൽ പോലും—വവ്വാലുകൾ പാർക്കുന്നതെന്ന് സംശയിച്ച ഗുഹകളിൽ വിഷപ്രയോഗം നടത്തുകയും ആ രാജ്യത്തെ കീടങ്ങളെ തിന്നൊടുക്കിയിരുന്ന വവ്വാലുകളിൽ 90 ശതമാനത്തെയും അബദ്ധവശാൽ നശിപ്പിക്കുകയും ചെയ്തു.”
വവ്വാലുകൾ പേയും മററ് രോഗങ്ങളും പരത്തുന്നതു സംബന്ധിച്ച് പണ്ടു മുതൽ ഉള്ള ഭയം വളരെ അതിശയോക്തിപരമാണ്: “വവ്വാൽ പരത്തുന്ന രോഗത്തിൽ നിന്ന് ഒരാൾ മരിക്കാനുള്ള സാദ്ധ്യത വളരെ വിരളമാണ്, ഒരു പട്ടി കടിച്ചോ തേനീച്ച കുത്തിയോ, പള്ളിക്കാർ ഏർപ്പാടു ചെയ്യുന്ന പിക്കിനിക്കിൽ ഭക്ത്യ വിഷബാധയേറേറാ മരിക്കുന്നതിനേക്കാൾ കുറഞ്ഞ സാദ്ധ്യത.”
സയൻസ് ഈയർ 1985 വവ്വാലുകളെക്കുറിച്ചുള്ള അതിന്റെ ലേഖനം ഇപ്രകാരം ഉപസംഹരിക്കുന്നു: “നിർഭാഗ്യകരമെന്നു പറയട്ടെ, വവ്വാലുകളാലുള്ള സഹായകരമായ സംഭാവനകളുടെ പട്ടിക നീണ്ടുപോകുന്നതനുസരിച്ച് ഈ ജീവികളുടെ ആസ്തിത്വത്തിനെതിരെയുള്ള ഭീഷണികളും വളർന്നു വരുന്നു. ലോകവിസ്തൃതമായി വവ്വാലുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഓരോ വർഷവും വവ്വാലുകളുടെ വാസസ്ഥലങ്ങളിലുണ്ടാകുന്ന ശല്യങ്ങളാലും അവ നശിപ്പിക്കപ്പെടുന്നതിനാലും വവ്വാലുകളുടെ വലിയ കൂട്ടങ്ങൾ ചത്തൊടുങ്ങുന്നു. ആഫ്രിക്കയിലും ഏഷ്യയിലും മനുഷ്യർക്ക് ഭക്ഷണത്തിനായിട്ടും മരുന്നിനും കഷായത്തിനുമായിട്ടും കൂടുതൽ കൂടുതൽ വവ്വാലുകൾ വേട്ടയാടപ്പെടുകയാണ്. മിക്കവാറും സ്വാഭാവിക വനങ്ങളിലെ പഴങ്ങൾ മാത്രം തിന്നാറുള്ള വവ്വാലുകൾ തങ്ങളുടെ കാർഷിക വിളകൾക്ക് കാര്യമായ നാശം വരുത്തുന്നു എന്ന തെററിദ്ധാരണയിൽ കർഷകരാൽ കൊന്നൊടുക്കപ്പെടുന്നു. വവ്വാലുകളെ സംബന്ധിച്ചുള്ള കെട്ടുകഥകൾ ശക്തമായി തന്നെ നിലനിൽക്കുന്നതിനാൽ ആളുകൾക്ക് അവയോടുള്ള ഭയത്തിൽനിന്ന് ദശലക്ഷക്കണക്കിന് ജന്തുക്കൾ ഓരോ വർഷവും കൊല്ലപ്പെടുന്നു. ചില ഇനം വവ്വാലുകൾക്ക് ഇപ്പോൾതന്നെ വംശവിഛേദം സംഭവിച്ചിരിക്കുന്നു, ഇനിയും അനേക ഇനങ്ങൾ അപകട നിലയിലാണ്. കൂടുതൽ ആളുകൾ വവ്വാലുകളുടെ മൂല്യവും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും തിരിച്ചറിയുന്നതുവരെ ഈ സുപ്രധാനമായ ജീവികളുടെ ഭാവി അനിശ്ചിതമായിരിക്കും.
അന്താരാഷ്ട്ര വവ്വാൽ സംരക്ഷണ കേന്ദ്രത്തിന്റെ ചില നേട്ടങ്ങൾ പട്ടികപ്പെടുത്തിയശേഷം മെർലിൻ ററട്ടിൽ ഇപ്രകാരം ഉപസംഹരിക്കുന്നു: “ആരോഗ്യമുള്ള വവ്വാലുകൾ നിലനിൽക്കുന്നതിനുവേണ്ടി നാം ചെയ്യേണ്ട കാര്യങ്ങളുടെ പുറന്തോട് പൊട്ടിക്കുക മാത്രമേ നമ്മൾ ചെയ്തിട്ടുള്ളു. ചില ഇനങ്ങളുടെ കാര്യത്തിൽ സമയം കഴിഞ്ഞുപോയിരിക്കുന്നു, മററു ചിലവയുടെ കാര്യത്തിൽ സമയം തീർന്നുപൊയ്ക്കൊണ്ടിരിക്കുന്നു. നാം പങ്കുവയ്ക്കേണ്ട പരിത:സ്ഥിതിക്ക് വവ്വാലുകളുടെ നാശം അപരിഹാര്യമായ ഗൗരവതരമായ അനന്തരഫലങ്ങൾ വരുത്തി വയ്ക്കുന്നു.”
ഇവിടെ വീണ്ടും ദൂത് വ്യക്തമാണ്. മനുഷ്യന് തന്റെ കാലടികളെ നയിക്കാൻ കഴിയുകയില്ല എന്ന് പുരാതന കാലത്തെയും ആധുധികനാളിലെയും ചരിത്രം പ്രകടമാക്കുന്നു. (യിരെമ്യാവ് 10:23) അവന്റെ പണസ്നേഹവും ഹ്രസ്വ വീക്ഷണവും സ്വാർത്ഥതയും പരിത:സ്ഥിതിയുടെ നാശത്തിനിടയാക്കുന്നു—വായു, ജലം, മണ്ണ്, സസ്യ, ജന്തു ജീവൻ—എന്തിന് ആളുകളുടെപോലും. യഹോവയാം ദൈവം മാത്രമേ അതു തടയുകയുള്ളു. അവൻ മാത്രമേ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുകയുള്ളു.”—വെളിപ്പാട് 11:18. (g89 1/22)
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളെല്ലാം അന്തരാഷ്ട്ര വവ്വാൽ സംരക്ഷണകേന്ദ്രത്തിലെ മെർലിൻ ഡി. ററട്ടിൽ നൽകിയവയാണ്.
[16-ാം പേജിലെ ചിത്രം]
പഴം തിന്നുന്ന ഗാംബിയൻ വവ്വാലുകൾ, അമ്മയും കുഞ്ഞും
[17-ാം പേജിലെ ചിത്രം]
തേൻ കുടിക്കുന്ന വവ്വാൽ
[17-ാം പേജിലെ ചിത്രം]
ലൈലിന്റെ പറക്കും കുറുക്കൻ
[18-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ നിന്ന് താഴോട്ട്: സാധാരണ വലിയ ചെവിയുള്ള വവ്വാൽ
പറക്കും കുറുക്കൻ
ഹൃദയാകൃതിയിൽ മൂക്കുള്ള വവ്വാൽ വണ്ടിനെ പിടിക്കുന്നു
ഭക്ഷണ വേളയിലെ ഉത്സാഹം!