അകാലശിശുക്കൾക്ക് സ്നേഹമസൃണമായ പരിപാലനം ആവശ്യം
സമയം ഞായറാഴ്രാവിലെ മൂന്നുമണിയായിരുന്നു. അകാല പ്രസവവേദനക്കു തിരികൊളുത്തിയത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാൽ ഞാൻ വളരെയധികം വിനോദത്തിലേർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് ഞാൻ സംശയിക്കുന്നു. കാരണമെന്തായിരുന്നാലും, എന്റെ കൊച്ചു പുത്രൻ ഒരു മാസം മുമ്പേ യാത്ര തിരിച്ചു.
പ്രസവവേദന ദീർഘിച്ചതും അവ്യവസ്ഥിതവുമായിരുന്നു. ഞായറാഴ്ച പകലും രാത്രിയും മുഴുവൻ ഞാൻ പ്രസവിക്കാതെ വേദനപ്പെട്ടു. പലപ്പോഴും ഒരു സങ്കോചത്തിൽ സൂതികർമ്മിണിക്ക് ശിശുവിന്റെ തല ദൃശ്യമാകും, അടുത്തതിൽ അത് തികച്ചും എത്തുപാടിലല്ലാതെ അപ്രത്യക്ഷമാകും. വേദന തുടങ്ങി 25 മണിക്കൂർ കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ നാലുമണിക്ക് ശിശുവിന്റെ ഹൃദയമിടിപ്പു ശ്രദ്ധിച്ചതിൽനിന്ന് ശിശു അരിഷ്ടതിയിലാണെന്ന് സൂതികർമ്മിണി തീരുമാനിച്ചു. അവൾ എനിക്ക് ഓക്സിജൻ തരുകയും ഉടനെ ആശുപത്രിയിലെത്തിക്കുകയുംചെയ്തു. മൂന്നു മണിക്കൂർ കഴിഞ്ഞ് ഡാനി ജനിച്ചു.
അവന്റെ ശ്വാസകോശങ്ങൾ ശരിയായി പ്രവർത്തിക്കാഞ്ഞതുകൊണ്ട് അവന് ശ്വസിക്കാൻ പ്രയാസമനുഭവപ്പെടുന്നുണ്ടെന്ന് എനിക്കും ഭർത്താവായ ബില്ലിനും കാണാൻ കഴിഞ്ഞു. അവനെ ഏതാനും മിനിററ് എടുക്കാൻ അവർ ഞങ്ങളെ അനുവദിച്ചു. ഞങ്ങൾ അവനെ ചേർത്തുപിടിച്ചുകൊണ്ട് അവനോടു സംസാരിച്ചപ്പോൾ അവന്റെ ശ്വസനം എളുപ്പമായിത്തീർന്നതായി ബില്ലും ഞാനും കണ്ടെത്തി. അവനെ ഇങ്കുബേറററിൽ വെക്കണമെന്ന് ആശുപത്രിജോലിക്കാർ പറഞ്ഞപ്പോൾ അത്ര ദീർഘിച്ചതും കുഴഞ്ഞതുമായ പ്രസവവേദനക്കുശേഷം വാദിക്കാനുള്ള മനസ്ഥിതി എനിക്കില്ലായിരുന്നു.
രാവിലെ 9:30ന് ബാലരോഗവിദഗ്ദ്ധൻ എന്നെ കാണാൻ വന്നു. താൻ ശിശുവിനെ പരിശോധിച്ചുവെന്നും അവനു കുഴപ്പമൊന്നുമില്ലെന്നു തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് അവനെ ശുശ്രൂഷിക്കാൻ കഴിയേണ്ടതിന് ഡോക്ടർ അവനെ വരുത്തിക്കാമെന്നു പറഞ്ഞു. എന്നാൽ ശിശു വന്നില്ല. മണി പത്തായി, പതിനൊന്നായി, 12 മണിയായി. എന്നിട്ടും ഡാനിയില്ല. ഒടുവിൽ, ഉച്ചകഴിഞ്ഞപ്പോൾ ഒരു നേഴ്സ് നേഴ്സറിയിൽനിന്നു വരുകയും ഈ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തുകയും ചെയ്തു: “നിങ്ങളുടെ ശിശു സങ്കോചിക്കുകയും വികസിക്കുകയുമാണ്, അവനെ ഒരു ഏകാന്തസ്ഥലത്താക്കേണ്ടിവന്നു!” അങ്ങനെ മാത്രം പറഞ്ഞിട്ട് അവർ സ്ഥലംവിട്ടു.
ഇപ്പോൾത്തന്നെ ഇളക്കമുള്ള എന്റെ വൈകാരികാവസ്ഥക്ക് അത് എന്തു കൈവരുത്തിയെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയും. “സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുക”യെന്നാൽ എന്താണെന്ന് എനിക്കറിയാൻ പാടില്ലാഞ്ഞതിനാൽ അത് ഗുരുതരമാണോയെന്ന് ഞാൻ സൂതികർമ്മിണിയെ വിളിച്ചുചോദിച്ചു. “അതു വളരെ ഗുരുതരമാണ്. അകാലശിശുക്കളെ സംബന്ധിച്ച് അവർക്ക് ഉത്ക്കണ്ഠയുണ്ടാക്കുന്നത് അതാണ്” എന്ന് അവർ പറഞ്ഞു.
“നിങ്ങൾ എന്താണർത്ഥമാക്കുന്നത്?” ഞാൻ ചോദിച്ചു: “അവൻ മരിക്കുമോ?”
“സാദ്ധ്യതയുണ്ട്,” അവർ പറഞ്ഞു. അവനെ കാണണമെന്നു നിർബന്ധിച്ചുപറയാൻ അവർ പറഞ്ഞു.
ഡോക്ടർമാരുടെ പരിശോധന കഴിയുന്നതുവരെ എനിക്ക് അവനെ കാണാൻ കഴിയുകയില്ലെന്ന് നേഴ്സുമാർ പറഞ്ഞു. അപ്പോൾ ഞാൻ ഭ്രാന്തമായി കരയാൻതുടങ്ങി, വലിയ ബഹളമുണ്ടാക്കുകയുംചെയ്തു. “അവൻ എന്റെ കുഞ്ഞാണ്, എനിക്ക് അവനെ ഒന്ന് എടുക്കാൻപോലും കഴിയുന്നില്ല!” എന്നെ അവന്റെ അടുക്കലേക്കു അവർ പെട്ടെന്നു കൊണ്ടുപോയി. എനിക്ക് അവനെ എടുക്കാൻകഴിഞ്ഞില്ലെങ്കിലും ഇങ്കുബേറററിന്റെ വശത്ത് ഒരു ചെറിയ ദ്വാരമുണ്ടായിരുന്നു. അതിലെ എന്റെ കൈയിട്ട് അവനെ തൊടാൻ എനിക്കു കഴിഞ്ഞു.
ഡാനി ഒരു സങ്കടകരമായ കാഴ്ചയായിരുന്നു. തെററായ വിധത്തിൽ ശ്വസിക്കാൻ ശ്രമിച്ചതുകൊണ്ട് അവന്റെ ഉദരമാംസപേശികൾ പിന്നെയും വികസിക്കുകയായിരുന്നു. അവന് വേണ്ടത്ര ഓക്സിജൻ കിട്ടാഞ്ഞതുകൊണ്ട് അവന്റെ നാസാരന്ധ്രങ്ങൾ വിസ്തൃതമായി വിടർന്നു. (അതുകൊണ്ടാണ് മാറെല്ലിന്റെ സങ്കോചനമെന്നും നാസാരന്ധ്രങ്ങളുടെ വികസനമെന്നുമുള്ള പദപ്രയോഗങ്ങൾ വന്നത്.) ഓക്സിജന്റെ കുറവുനിമിത്തം അവന്റെ കൈകളും പാദങ്ങളും കറുത്തിരുന്നു.
ഞാൻ കൈനീട്ടി അവനെ തലമുതൽ കാൽവിരൽവരെ പതുക്കെ തിരുമ്മാനും ഞാൻ അവനെ എത്ര സ്നേഹിക്കുന്നുവെന്നു പറയാനും തുടങ്ങി. ഞാൻ അവന്റെ ഡാഡിയെയും അവന്റെ സഹോദരനായ ററിമ്മിയെയും അവന്റെ മുഴുകുടുംബത്തെയും കുറിച്ചുള്ള സകല വിവരങ്ങളും ഞങ്ങൾ അവനെ എത്ര സ്നേഹിക്കുന്നുവെന്നും അവൻ വീട്ടിൽ വന്നുകാണാൻ എത്ര ആഗ്രഹിക്കുന്നുവെന്നും ഞാൻ അവനോടു പറഞ്ഞു. അവൻ കൂർമ്മതയോടെ എന്റെ ശബ്ദം ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആ തിരുമ്മൽ അവനെ ശാന്തനാക്കി. സ്നേഹം അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് ആരും എന്നെ പഠിപ്പിക്കേണ്ടിയിരുന്നില്ല. അന്നുതന്നെ ഞാൻ അതു കണ്ടതാണ്. അരമണിക്കൂർ കൊണ്ട് അവന്റെ ശ്വസനം തികച്ചും സാധാരണഗതിയിൽ ആയി. അവന്റെ കൈകളും പാദങ്ങളും റോസ്നിറത്തിലായി.
ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് ഇങ്ങനെ പറഞ്ഞു: “എനിക്ക് ഇതു വിശ്വസിക്കാൻ കഴിയുന്നില്ല! അവനെ നോക്കൂ! അവൻ വളരെ നന്നായി ശ്വസിക്കുന്നു, അവന്റെ കൈകളും പാദങ്ങളും കാണുക!” അവൾ അവനെ പുറത്തെടുത്ത് എന്റെ കൈയിൽ തന്നു, ഡോക്ടറുടെ അനുവാദം കൂടാതെതന്നെ.
പ്രതിസന്ധി മാറി. ഡാനി സുരക്ഷിതനായി. അത് ഏഴിൽപരം വർഷം മുമ്പായിരുന്നു. ഇപ്പോഴും ഡാനിക്ക് അവന്റെ അനുഭവകഥ കേൾക്കുന്നത് ഇഷ്ടമാണ്, അതിനെക്കുറിച്ച് ഞാൻ മററുള്ളവരോട് പറയണമെന്ന് അവനാഗ്രഹിക്കുന്നു.—മേരി ജയിൻ ട്രിഗ്ഗ്സ് പറഞ്ഞത്.
[9-ാം പേജിലെ ഡാനിയുടെ ചിത്രം]