ജപ്പാൻ—അതിന്റെ ഉൾനാടൻ സമുദ്രത്തിന പാലം പണിയുന്നു
ജപ്പാനിലെ ഉണരുക! ലേഖകൻ
കടത്തുബോട്ടിലൂടെ ജപ്പാനിലെ സെറേറാ ഉൾനാടൻ സമുദ്രത്തിനക്കരെ കടക്കുന്നതിന് ഒരു മണിക്കൂർ എടുത്തിരുന്നു. എന്നാൽ 1988 ഏപ്രിൽ 10ന് ജപ്പാനിലെ രണ്ടു പ്രധാനപ്പെട്ട ദ്വീപുകളായ ഹോൺഷുവിനെയും ഷിക്കോക്കുവിനെയും ബന്ധിപ്പിക്കുന്ന സെറേറാ ഒഹാഷി പാലം തുറന്നു. ഈ ഉൾനാടൻ പാലത്തിലൂടെ അക്കരക്ക് ഇപ്പോൾ കാറോടിച്ചുപോകുന്നതിന് പത്തു മിനിററിൽ കുറഞ്ഞ സമയമേ എടുക്കുകയുള്ളു.
എന്നിരുന്നാലും, ഈ സൗകര്യം കുറഞ്ഞ ചെലവിൽ കിട്ടുകയില്ല. അങ്ങോട്ടും ഇങ്ങോട്ടും 5,500 യെൻ (ഏകദേശം 720 രൂപാ) റേറാൾ കൊടുക്കണം. എന്നാൽ മൊത്തം ചെലവായ 870 കോടി ഡോളറിനോടും 17 പേരുടെ ജീവനോടും താരതമ്യപ്പെടുത്തുമ്പോൾ അത് ഏതുമില്ല. കൂടാതെ, അതിന്റെ പണിക്ക് ഏതാണ്ട് പത്തു വർഷം അഥവാ തൊണ്ണൂറുലക്ഷം പ്രവൃത്തിദിവസങ്ങൾ വേണ്ടിവന്നു. അത്തരം ചെലവേറിയ ഒരു അഭ്യാസത്തിന് നല്ല കാരണം ഉണ്ടായിരിക്കണമായിരുന്നു.
രണ്ടു ദ്വീപുകൾക്കുമിടക്കുള്ള ഗതാഗതം മേലാൽ മുൻകൂട്ടിപ്പറയാൻകഴിയാത്ത കാലാവസ്ഥയുടെ ഔദാര്യത്തെ ആശ്രയിച്ചിരിക്കുന്നില്ല എന്നതാണ് ഒരു സംഗതി. 1955-ൽ ഒരു കടത്തുബോട്ടു മുങ്ങി 168 പേർക്കു ജീവഹാനി നേരിട്ടു. മാത്രവുമല്ല, കാർഷികപ്രധാനമായ ഷിക്കോക്കുദ്വീപ് ജപ്പാനിലെ മുഖ്യദ്വീപായ ഹോൺഷുവിനോട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ ആ ദ്വീപിന് സാമ്പത്തികനേട്ടമുള്ളതായി കരുതപ്പെടുന്നു. ഒരാൾക്ക് 48 രൂപാ എന്ന നിരക്കിൽ തീർച്ചയായും തീവണ്ടി ലാഭകരമായ ഗതാഗതമാർഗ്ഗമാണ്.
ഒരു പാലമായി പരാമർശിക്കപ്പെടുന്നുവെങ്കിലും അത് യഥാർത്ഥത്തിൽ 5.8 മൈൽ നീളമുള്ള പാലങ്ങളുടെ ഒരു പരമ്പരയാണ്, സെറേറാ ഉൾനാടൻ സമുദ്രത്തിനു കുറുകെ അഞ്ചു ദീപുകൾക്കുമീതെ ഹൈവേ കടന്നുപോകുന്നു. അത് മൂന്നു തൂക്കുപാലങ്ങളും രണ്ട് കേബിൾപാലങ്ങളും ഒരു ട്രസ്സ് പാലവും അവയെ ബന്ധിപ്പിക്കുന്ന സേതുക്കളും ചേർന്നതാണ്. തൂക്കുപാലങ്ങളിലൊന്നായ മിനാമി ബിസാൻ സെറേറാ ഒഹാസി ലോകത്തിലെ ഏററവും നീളംകൂടിയ ഇരട്ടത്തട്ടോടുകൂടിയ തൂക്കുപാലമാണ്, അതിലൂടെ റയിൽവേ ഗതാഗതവും ഹൈവേ ഗതാഗതവുമുണ്ട്.
ടോക്കിയോയിലെ ഹോൺഷു ഷിക്കോക്കൂ ബ്രിഡ്ജ് അതോറിട്ടിയിലെ മി. റെറററ്സുവോ യമനേ നിർമ്മാണം സംബന്ധിച്ച രസാവഹമായ കുറേ ഉൾക്കാഴ്ച നൽകുകയുണ്ടായി. അദ്ദേഹം ഈ പാലംപദ്ധതിയിൽ 13 വർഷം ജോലിചെയ്യുകയും പാലത്തിന്റെ അടിയിലെ പണികളുടെ ഒരു നിർമ്മാണമേൽവിചാരകനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
“എല്ലാററിലുംവെച്ച് പ്രയാസമുണ്ടായിരുന്നത് സമുദ്രാന്തർഭാഗ അടിസ്ഥാനങ്ങളിടുന്നതായിരുന്നു. സമുദ്രത്തിനടിയിൽ വെടിവെച്ച് ഞങ്ങൾ പാറത്തടം പൊട്ടിക്കുകയും ഒരു ഗ്രാബ് ഡ്രെഡ്ജർകൊണ്ട് തടത്തിൽ ഖനനംനടത്തുകയുംചെയ്തു. പിന്നീട്, ഒരു കപ്പൽനിർമ്മാണശാലയിൽ പത്തുനിലക്കെട്ടിടങ്ങളോളം വലിപ്പമുള്ള ചട്ടക്കൂടുകളുണ്ടാക്കുകയും നിർമ്മാണസ്ഥലത്തേക്കു കെട്ടിവലിക്കുകയും വെള്ളത്തിനടിയിൽ താഴ്ത്തുകയുംചെയ്തു. ചട്ടക്കൂടുകളിൽ ഞങ്ങൾ കല്ലുകൾ നിറക്കുകയും സെഞ്ചുറി എന്നു വിളിക്കപ്പെടുന്ന പുതുതായി വികസിപ്പിച്ചെടുത്ത ഒരു മോർട്ടാർ-പ്ലാൻറ് ബാർജ് ഉപയോഗിച്ച് കുമ്മായച്ചാന്ത് നിറക്കുകയുംചെയ്തു”വെന്ന് മി. യെമനേ വിശദീകരിച്ചു.
ജോലിക്കാർ ഏററവും പ്രതികൂലമായ അവസ്ഥകളിലാണ് ജോലിചെയ്യേണ്ടിയിരുന്നത്. “വെള്ളത്തിനടിയിൽ ആഴത്തിൽ, ഏതാണ്ട് 50 മീറററോളം അടിയിൽ, ആണ് അടിസ്ഥാനങ്ങളിട്ടത്. അതിനു പുറമേ, നിർമ്മാണസ്ഥലത്തിനു ചുററും വേലിയേററം വളരെ ശക്തമായിരുന്നു, അഞ്ച് നോട്ട്സ് വേഗം. അത് മണിക്കൂറിൽ 250 കിലോമീററർ വേഗമുള്ള ഒരു കാററത്ത് ജോലിചെയ്യുന്നതിനു തുല്യമാണ്. ഖനനങ്ങളും വെള്ളത്തിൽ താഴ്ത്തിയ ചട്ടക്കൂടുകളും വേലിയേററം നിശ്ചലമായിരുന്നപ്പോൾ പരിശോധിക്കണമായിരുന്നു. എന്നാൽ വെള്ളത്തിൽ ദൃശ്യത യഥാർത്ഥത്തിൽ ഒട്ടുമില്ലായിരുന്നു. വെള്ളത്തിൽ 10ഓ 20ഓ മീററർ താഴ്ചയിൽ നിങ്ങൾക്ക് യാതൊന്നുംതന്നെ കാണാൻ കഴികയില്ല. പരിശോധന ആവശ്യമുള്ള സ്ഥലങ്ങളിൽ വെളിച്ചമടിക്കാൻ വെള്ളത്തിനടിയിലേക്കു കൊണ്ടുപോയ ലൈററുകളാൽ ഞങ്ങൾ 50 സെൻറീമീററർ അകലത്തിൽനിന്ന് ചിത്രങ്ങളും വീഡിയോകളുമെടുത്തു”വെന്ന് മി. യമനേ തുടർന്നു.
പാലം സെറേറാ ഉൾനാടൻസമുദ്ര നാഷനൽ പാർക്കിലായതിനാൽ ചുററുപാടുമുള്ള പ്രകൃതിദൃശ്യവുമായുള്ള ആകമാന യോജിപ്പ് പരിഗണിക്കണമായിരുന്നു. “മുഴുപ്രദേശത്തിന്റെയും” ശില്പസംബന്ധമായ അർത്ഥസൂചന “ചവിട്ടുപടികളുടെ ക്രമീകരണത്തോടുകൂടിയ ഒരു ജാപ്പനീസ് പൂന്തോട്ടമാണെ”ന്ന് പ്രൊഫസ്സർ റേറാഷിയാക്കി ഓട്ടാ പറയുകയുണ്ടായി.
മറെറാരു തരത്തിലുള്ള ഐക്യവും നേടിയെടുത്തു. 1988 മാർച്ചിൽ ജപ്പാനിലെ ഏററവും വടക്കത്തെ ദ്വീപായ ഹോക്കൈഡോയെയും ഹോൺഷുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലിനടിയിലെ സെയ്ക്കാൻ തുരങ്കം തുറന്നു. ഇപ്പോൾ, സെറേറാ ഒഹാഷി പാലം തുറന്നതുകൊണ്ട് ജപ്പാനിലെ നാല് പ്രധാന ദ്വീപുകളായ ഹോക്കൈഡോ, ഹോൺഷു, ഷിക്കോക്കു, കിയിഷു, എന്നിവയെ ബന്ധിപ്പിക്കുന്ന അവസാനത്തെ കണ്ണിയും നിർമ്മിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ജപ്പാൻകാർ ദീർഘകാലമായി വെച്ചുപുലർത്തിയിരുന്ന ഒരു സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. (g89 2/22)