ഇൻഡ്യയിലെ പുണ്യനദിയായ ഗംഗാ—ദശലക്ഷങ്ങളാൽ ആരാധിക്കപ്പെടുന്നതെന്തുകൊണ്ട്?
ഇൻഡ്യയിലെ “ഉണരുക!”ലേഖകൻ
ഇൻഡ്യയിൽ ഗംഗാ എന്നറിയപ്പെടുന്ന നദി ലോകത്തിലെ അതിവിശുദ്ധനദിയായി ഹിന്ദുക്കളാൽ ചരിത്രത്തിലുടനീളം പൂജിക്കപ്പെട്ടിട്ടുണ്ട്. നൂററാണ്ടുകളിൽ ദശലക്ഷക്കണക്കിന് ആരാധകർ അതിന്റെ തീരങ്ങളിൽ തടിച്ചുകൂടിയിട്ടുണ്ട്. ആളുകൾ അവിടെ എത്തുന്നതെന്തുകൊണ്ട്? അവർ എന്താണന്വേഷിക്കുന്നത്? ഈ നദിയിലേക്കുള്ള ഈ ലേഖനത്തിലെ ഒരു എത്തിനോട്ടം ഉത്തരം കണ്ടെത്താൻ സഹായിക്കും.
ഹിമാലയത്തിന്റെ അടിവാരങ്ങൾക്കടുത്തുള്ള പുണ്യനഗരമായ ഹരിദ്വാറിൽ വെളുത്തുതിളങ്ങുന്ന ഒരു മേഴ്സിഡസ് ബെൻസ് ഇടുങ്ങിയ തെരുവുകളിലൂടെ വളഞ്ഞുതിരിഞ്ഞുപോകുകയാണ്. അത് ശ്രദ്ധാപൂർവം സൈക്കിൾറിക്ഷാകളെയും കുതിരവണ്ടികളെയും സ്ക്കൂട്ടറുകളെയും കാൽനടക്കാരെയും പിന്നിട്ട് കടന്നുപോകുന്നു. ഒടുവിൽ നഗരത്തിന്റെ അരികിനോടടുത്ത് ഗംഗക്ക് അഭിമുഖമായുള്ള ഒരു സ്ഥാനത്ത് വാഹനം നിൽക്കുന്നു.
നദി മുമ്പോട്ടു ചെല്ലുന്നിടത്ത് അത്യധികം മലിനീകരിക്കപ്പെട്ടിരിക്കുന്നുവെങ്കിലും ഇവിടെ ഹരിദ്വാറിൽ പർവതങ്ങളിലൂടെ പുതുതായി ഒഴുകിയെത്തുന്ന നീലയും പച്ചയും കലർന്ന വെള്ളം കണ്ണുകൾക്ക് ഉല്ലാസകരമായ ഒരു വിരുന്നൊരുക്കുന്നു. എന്നാൽ കാർ ഇത്രത്തോളം വന്നത് കേവലം കാഴ്ച കാണാൻവേണ്ടിയല്ലായിരുന്നു.
കാറിന്റെ കതകുതുറന്ന് പ്രത്യക്ഷത്തിൽ നല്ല വിദ്യാഭ്യാസമുള്ള ഒരു ആധുനിക ഇൻഡ്യൻകുടുംബം പുറത്തുവരുന്നു. മാതാവ് അവരുടെ ഇളംചുവപ്പുസാരി നേരെയിടുമ്പോൾ അവരുടെ സ്വർണ്ണബാംഗിളുകളും നെക്ക്ലേസും സൂര്യകിരണങ്ങൾ തട്ടി ഉജ്ജ്വലമായി ശോഭിക്കുന്നു. പിതാവ് തന്റെ കാർ പൂട്ടിയിട്ട് കുട്ടികളെ വിളിച്ചുകൂട്ടുന്നു, എല്ലാവരും ഫാഷ്യൻജീൻസും സ്പോർട്ട്സ് വസ്ത്രവുമണിഞ്ഞിരിക്കുന്നു. കേവലം കാഴ്ചയിൽ ക്ഷേമവും ദരിദ്രരെ ബാധിക്കുന്ന ഉൽക്കണ്ഠകളിൽനിന്നുള്ള പ്രകടമായ വിമുക്തിയുമുണ്ട്. എന്നിരുന്നാലും, കൂടുതൽ എളിയ പശ്ചാത്തലങ്ങളിൽനിന്നുള്ളവരെപ്പോലെ അവർ ഗംഗാദേവിയുടെ ശക്തികളിൽനിന്ന് പ്രയോജനംനേടാനുള്ള പ്രത്യാശയിൽ ദേവിയെ ആരാധിക്കാൻ വന്നിരിക്കുകയാണ്.
ഹരി കി പാവ്രി എന്ന സ്നാനഘട്ടത്തിനടുത്ത് അവർ തങ്ങളുടെ ഷൂസുകളൂരി നദിയിലേക്കുള്ള പടികളിലൂടെ ഇറങ്ങുന്നു. ഒരു നിമിഷം കൊണ്ട് അവർ വർണ്ണശബളമായ സാരികളുടെയും മററു പ്രാദേശികവേഷങ്ങളുടെയും ബഹുലതയിൽ അപ്രത്യക്ഷരാകുന്നു. ഇവിടെ ഏതു ദിവസവും ഇൻഡ്യയിലെ ജനങ്ങളുടെ ഒരു പരിച്ഛേദം, ധനികരും ദരിദ്രരും, ഗംഗാതീരങ്ങളിലേക്കു വരുന്നു. അവർ ലോകവ്യാപകമായി സമാന്തരങ്ങളുള്ള ഒരു അടിസ്ഥാന ആത്മീയാവശ്യത്താൽ ആകർഷിക്കപ്പെടുന്നു.
പുണ്യകർമ്മങ്ങളും നിർഭയമായ ഭക്തിയും
കുളിസ്ഥലത്ത് ഗംഗാപൂജയുടെ (ആരാധന) കർമ്മങ്ങളനുഷ്ഠിക്കുന്നതിന് തീർത്ഥാടകരെ സഹായിക്കാൻ പുരോഹിതൻമാർ കാത്തുനിൽക്കുകയാണ്. അവർ പുഷ്പങ്ങളർപ്പിക്കുകയും പ്രാർത്ഥനകൾ ഉരുവിടുകയും ചെയ്യുന്നു. പിന്നീട് പുരോഹിതൻ ചുവന്നതോ മഞ്ഞയോ ആയ ചാന്തുകൊണ്ട് ആരാധകരുടെ നെററികളിൽ തിലകംചാർത്തുന്നു. അടുത്തതായി നിർഭയമായ ഭക്തിയുടെ ഒരു ശ്രദ്ധേയമായ പ്രകടനം നടക്കുന്നു.
ഒരു നവംബർ ദിനത്തിലെ പാഞ്ഞൊഴുകുന്ന തണുത്ത വെള്ളങ്ങൾ തീർത്ഥാടകരെ പിന്തിരിപ്പിക്കുന്നില്ല. ചെറുപ്പക്കാരും പ്രായമുള്ളവരും മരവിച്ച നദിയിലേക്ക് സധീരം ഇറങ്ങുന്നു. ഒരുപക്ഷേ ഒരു ആയുഷ്ക്കാലത്ത് ഒരിക്കലായി ആസ്വദിക്കുന്ന ഈ അവസരത്തിൽ അവർ ഗംഗാജലം തങ്ങളുടെ ശരീരങ്ങളെ മരവിപ്പിക്കാൻ അനുവദിക്കുന്നു. ജാഗ്രതയുള്ള മാതാപിതാക്കളുടെ കൈകളിൽ കൊച്ചു കുട്ടികൾ പോലും വെള്ളത്തിൽ കുതിർക്കപ്പെടുന്നു. വിറച്ചുകൊണ്ടാണെങ്കിലും സംതൃപ്തരായി കുളിക്കുന്നവർ സൂര്യന്റെ, സൂര്യദേവന്റെ, മുമ്പിൽ തങ്ങളേത്തന്നെ ചൂടുപിടിപ്പിക്കുന്നതിന് കയറിവരുന്നു. പിന്നീട്, അവർ ഹരിദ്വാറിലുള്ള നിരവധി ക്ഷേത്രങ്ങളിൽ ചിലതു സന്ദർശിക്കും, അല്ലെങ്കിൽ ഒരുപക്ഷേ മുകളിൽ 16 മൈൽ ദൂരത്തുള്ള ഋഷികേശിലേക്കു പോകും. അവിടെ, ഗംഗാതീരങ്ങളിൽ ഡസൻകണക്കിന് ആശ്രമങ്ങൾ നിരന്നുനിൽക്കുന്നു. വിദേശികൾ ധ്യാനത്തിനും യോഗാഭ്യാസത്തിനുമായി അവിടെ തടിച്ചുകൂടുന്നു.
രാത്രിയാകുന്നതോടെ തീർത്ഥാടകർ ഒരു പ്രത്യേക ആരാധനാസമയത്തിനുവേണ്ടി മടങ്ങിവരുന്നു. കുടുംബകൂട്ടങ്ങളും ഇണകളും പച്ചിലകൾകൊണ്ടു നിർമ്മിച്ച ബലമുള്ള ചെറിയ ബോട്ടകളുമായി വരുന്നു. അവയിൽ നിറമാർന്ന സൂര്യകാന്തിപ്പൂക്കളും സുഗന്ധവാഹികളായ റോസാദളങ്ങളും തിരിയിട്ട ഒരു ചെറിയ കളിമൺകപ്പും നിറക്കുന്നു. ഒരു യുവ മിഥുനങ്ങൾ തങ്ങളുടെ ചെരിപ്പുകളൂരിയിട്ട് ഒരുമിച്ചു പ്രാർത്ഥിക്കുകയും തിരികൊളുത്തുകയും തങ്ങളുടെ ബോട്ട് പാഞ്ഞൊഴുകുന്ന വെള്ളത്തിൽ സാവധാനത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. അനേകം നവദമ്പതികളെപ്പോലെ അവർ ആരോഗ്യമുള്ള ഒരു കൊച്ചു പുത്രന്റെ രൂപത്തിലുള്ള അനുഗ്രഹത്തിനായി ഗംഗാദേവിയോടു അപേക്ഷിച്ചിരിക്കാം. മററുള്ളവരും അതുപോലെ അപേക്ഷകൾ നടത്തിയശേഷം തങ്ങളുടെ കൊച്ചു ബോട്ടുകൾ നദിയിലിറക്കുന്നു. പെട്ടെന്ന് പൊങ്ങിയും താണും നീങ്ങുന്ന വെളിച്ചങ്ങളോടുകൂടിയ ഒരു കപ്പൽഗണം വെള്ളത്തിൽ നിറയുകയും പെട്ടെന്ന് ശക്തമായ ഒഴുക്ക് അവയെ താഴോട്ടു വഹിച്ചുകൊണ്ടുപോകുകയും ചെയ്യുന്നു.
പെട്ടെന്ന് ക്ഷേത്രമണികളുടെ ഉഗ്രമായ മുഴക്കത്താൽ സായാഹ്നസമാധാനം ഭഞ്ജിക്കപ്പെടുന്നു. ഈ ബഹളം കുറേ സമയം തുടരുമ്പോൾ പുരോഹിതൻമാർ ജ്വലിക്കുന്ന വിളക്കുകൾ നദിയുടെ വക്കിൽ നിന്നു വീശുകയും ഗംഗക്ക് സ്തുതികൾ പാടുകയും ചെയ്യുന്നു. അങ്ങനെ ആരാധനയുടെയും ഭക്തിയുടെയുമായ മറെറാരു ദിവസം പര്യവസാനിക്കുന്നു.
“നിങ്ങളുടെ അമ്മയുടെ മുലപ്പാൽ കുടിക്കുന്നു”
നിസ്സംശയമായി ഗംഗാ നദികളുടെ ഇടയിൽ അനുപമമാണ്, എന്നാൽ അതിന്റെ ഭൗതികഗുണങ്ങൾ സംബന്ധിച്ചല്ല. ലോകത്തിലെ ഏതാണ്ട് 30 നദികൾ നീളംകൂടിയവയാണ്. ഇൻഡ്യയിൽത്തന്നെ ബ്രഹ്മപുത്രാനദിയും സിന്ധുനദിയും വളരെ നീളംകൂടിയവയാണ്. എന്നിരുന്നാലും ഹിമത്തിൽനിന്നുള്ള ഗംഗയുടെ എളിയ ഉത്ഭവം മുതൽ ബംഗാൾ ഉൾക്കടലിലേക്കുള്ള അതിന്റെ പരന്നൊഴുകിയുള്ള പതനംവരെ ഗംഗാ അതിന്റെ 1678 മൈൽ നീളത്തിലുടനീളം ആരാധിക്കപ്പെടുന്നു. രാജ്യത്തെ 80 കോടി ആളുകളിൽ മൂന്നിലൊന്ന് ഗംഗാനദീതടത്തിൽ ജീവിക്കുന്നു. അവർ ആഹാരത്തിനും വെള്ളത്തിനും ജലസേചനത്തിനും വേണ്ടി ഭൗതികമായി അതിനെ ആശ്രയിക്കുന്നു. മറേറതൊരു നദിയെക്കാളുമധികമായി ഗംഗാ ഇൻഡ്യയുടെ പ്രതീകമായിരിക്കുന്നു.
അതുകൊണ്ട് ഹൈന്ദവവിശ്വാസികൾക്ക് ഗംഗാ ഗംഗാ മാതാവ ആണ്. ഈ നദി തന്റെ മക്കളെ ആത്മീയമായും ഭൗതികമായും പോററുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു വിശ്വസ്തമാതാവായി വീക്ഷിക്കപ്പെടുന്നു. അതുകൊണ്ട് ഇൻഡ്യൻകവിയായ തുളസീദാസ് ഗംഗയെ ഭക്തി മുക്തി ദായിനി അതായത് രക്ഷയും ഭൗതികസുഖവും പ്രദാനംചെയ്യുന്നവൾ എന്നു വർണ്ണിച്ചു. അവളിൽനിന്നു കുടിക്കുന്നത് “നിങ്ങളുടെ അമ്മയുടെ മുലപ്പാൽ കുടിക്കുന്നതുപോലെയാണ്” എന്ന് ഒരു ഭക്തൻ പറയുകയുണ്ടായി. ഇങ്ങനെയുള്ള വികാരങ്ങൾ ഈ നദിയും അതിന്റെ ആരാധകരും തമ്മിലുള്ള ഉററ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. മുൻവർഷങ്ങളിലെ തീർത്ഥാടകർ അതിന്റെ വെള്ളങ്ങളിൽ മനഃപൂർവം മുങ്ങിമരിച്ചുകൊണ്ട് വൈമനസ്യം കൂടാതെ ‘ജീവബലി’ അർപ്പിക്കത്തക്കവണ്ണം ഈ ബന്ധം അത്ര ശക്തമായിരുന്നിട്ടുണ്ട്.
ഈ ആദർശാത്മകചിത്രത്തിന് ഇന്ന് ഒരു പുതിയ സ്വഭാവവും നിറവും കൈവന്നിട്ടുണ്ട്. സമ്പൽസമൃദ്ധമായ നഗരങ്ങളെ ചുററിയൊഴുകുന്ന ഗംഗാ നഗരമാലിന്യങ്ങളുടെയും രാസവസ്തുക്കളുടെയും ഒരു നിരന്തര ആക്രമണത്തെ ആഗിരണം ചെയ്യുന്നു. ഈ സാഹചര്യത്തെക്കുറിച്ചു പരിതപിച്ചുകൊണ്ട് ഒരു സിവിൾ എൻജിനിയർ ഇങ്ങനെ പ്രസ്താവിച്ചു: “സാധുക്കൾ കേവലം നദിയിലേക്ക് മലവിസർജ്ജനം നടത്തുന്നു, ധനികർ വ്യാവസായികവിസർജ്ജ്യങ്ങൾ തള്ളുന്നു, മതഭക്തർ തങ്ങളുടെ ശവശരീരങ്ങൾ അതിലേക്ക് എറിയുന്നു. കുറഞ്ഞപക്ഷം പതിനായിരം മൃതശരീരങ്ങൾ ഓരോ ദിവസവും ഈ നദിയിലേക്കെറിയപ്പെടുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നിട്ടും, വാരണാസി നഗരത്തിൽ (ബനാറസ്) ദിവസവും ആഹ്ലാദചിത്തരായ കുളികാർ ഇപ്പോൾ ഇരുണ്ട തവിട്ടുനിറമായ വെള്ളത്തിൽ കർമ്മാനുഷ്ഠാനപരമായി മുങ്ങുന്നു, അടുത്തുള്ള ദഹനസ്ഥലങ്ങളിൽനിന്ന് വന്ന് പൊങ്ങിക്കിടക്കുന്ന ജീർണ്ണാവശിഷ്ടങ്ങൾ വിസ്മരിച്ചുകൊണ്ടുതന്നെ. വിശ്വാസത്തോടെ അവർ സൂര്യാരാധനയുടെ ഭാഗമായി അല്പം ഗംഗാജലം അകത്താക്കിക്കൊണ്ട് ആചമനം നടത്തുന്നു.
“ഞാൻ മരിക്കുന്നതുവരെ ഞാൻ പുണ്യസ്നാനം നടത്തുന്നതിൽ തുടരും” എന്ന് ഗംഗക്കു സമീപം വസിക്കുന്ന ഒരു ശാസ്ത്രജ്ഞൻ പറയുകയുണ്ടായി. “എന്നാൽ ഞാൻ ആചമനം നടത്തുന്ന ഓരോ പ്രാവശ്യവും . . . , എന്നിൽ ഭയങ്കരമായ ഒരു പോരാട്ടം നടക്കുന്നുണ്ട്.” ഈ പ്രസ്താവനയെക്കുറിച്ച് ഒരു ഇൻഡ്യൻമാസിക ഇങ്ങനെ പറഞ്ഞു: “താൻ കുടിക്കുന്ന വെള്ളം മലിനമാണെന്ന് ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ പ്രൊഫസ്സർ മിശ്രക്കറിയാം. എന്നാൽ മഹന്ത് വീരഭദ്ര മിശ്രക്ക് ഗംഗാ പുണ്യജലം കുടിക്കാതിരിക്കാൻ നിർവാഹമില്ല. ഒരുപക്ഷേ ഗംഗയോട് ഹിന്ദുക്കൾക്കുള്ള വികാരങ്ങളുടെ ഇതിലും മെച്ചപ്പെട്ട ദൃഷ്ടാന്തമില്ല.”
ഹൈന്ദവാരാധകർ ഗംഗയോട് ഇത്ര ഭക്തരായിരിക്കുന്നതെന്തുകൊണ്ട്? അതിന്റെ ഐതിഹാസികമായ ഉത്ഭവത്തിന്റെയും അതിലെ വെള്ളത്തിനുള്ളതായി പറയപ്പെടുന്ന ശക്തികളുടെയും പുരാണം അറിയാൻപാടില്ലാത്തവർക്ക് ഇതെല്ലാം വിസ്മയമായിരിക്കാം. ഇവയിലാണ് ഗംഗക്ക് ജനങ്ങളുടെമേലുള്ള സ്വാധീനത്തിന്റെ രഹസ്യം സ്ഥിതിചെയ്യുന്നത്.
സ്വർഗ്ഗത്തിൽനിന്നുള്ള ഇറക്കം—എന്തിന?
ഗംഗയുടെ ഐതിഹ്യം ഏത് ഹൈന്ദവദൈവങ്ങളുടെയും ദേവികളുടെയും കഥകൾ പോലെ വിപുലമായി മെനഞ്ഞെടുത്തിട്ടുള്ളതാണ്. കൃത്യമായ വിശദാംശങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു, എന്നാൽ ചുരുക്കത്തിൽ കഥ പോകുന്നതിങ്ങനെയാണ്:
സാഗരരാജാവിന് 60,000 പുത്രൻമാരുണ്ടായിരുന്നു, അവർ കപിലമുനിയാൽ കൊല്ലപ്പെട്ടു. ഗംഗാദേവി അവരെ ശുദ്ധീകരിക്കാനും ശാപമോക്ഷംകൊടുക്കാനും സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരാത്തപക്ഷം അവരുടെ ദേഹികൾ ഭൂമിയിൽ എന്നേക്കും ഉഴന്നുനടക്കാൻ ശപിക്കപ്പെട്ടു. മറെറാരു രാജാവായ ഭഗീരഥിയുടെ തപസ്സുനിമിത്തം ഗംഗാ ഭൂമിയിലേക്കു വരുകയും ശിവന്റെ തലമുടിയിൽ—ഹിമാലയശൃംഗങ്ങളിൽ—ഉടക്കുകയുംചെയ്തു. അവിടെനിന്ന് അവൾ സമുദ്രത്തിലേക്ക് കുതിച്ചുപായുകയും അവളുടെ വെള്ളങ്ങൾ സാഗരരാജാവിന്റെ 60,000 പുത്രൻമാരെ ശുദ്ധീകരിക്കുകയും അവരെ പറുദീസയിൽ പുനഃസ്ഥാപിക്കുകയും ചെയ്തു.
നൂററാണ്ടുകളിൽ ദശലക്ഷങ്ങൾ ഗംഗാ സന്ദർശിക്കുകയും ആരാധിക്കുകയും ചെയ്തിട്ടുള്ളതെന്തുകൊണ്ടെന്നുള്ളതിന്റെ ഉത്തരം ഇവിടെ സ്ഥിതിചെയ്യുന്നു. ആരാധകർ പറയുന്നതനുസരിച്ച് ഗംഗക്ക് മോചനത്തിന്റെയും നിർമ്മലീകരണത്തിന്റെയും ശുദ്ധീകരണത്തിന്റെയും രോഗശാന്തിയുടെയും ശക്തികളുണ്ട്. ഒരു പുരാതന ഹൈന്ദവലിഖിതമായ ദി ബ്രഹ്മാനന്ദപുരാണ ഇങ്ങനെ പറയുന്നു: “ശുദ്ധമായ ഗംഗാപ്രവാഹങ്ങളിൽ ഭക്തിപൂർവം ഒരിക്കൽ കുളിക്കുന്നവർക്ക്, അവരുടെ ഗോത്രങ്ങൾ ശതസഹസ്രക്കണക്കിന് അപകടങ്ങളിൽനിന്ന് അവളാൽ സംരക്ഷിക്കപ്പെടുന്നു. തലമുറകളിൽ കുന്നുകൂടിയ തിൻമകൾ നശിപ്പിക്കപ്പെടുന്നു. ഗംഗയിൽ കുളിക്കുന്നതുകൊണ്ടുമാത്രം ഒരുവന് സത്വരശുദ്ധി ലഭിക്കുന്നു.” കൂടാതെ, ഗംഗാജലം കുടിക്കുന്നതിനാൽ അമർത്യതപ്രാപിക്കുന്നുവെന്നും പറയപ്പെടുന്നു. ഗംഗയിൽ മരിക്കുന്നതും അതിന്റെ തീരങ്ങളിൽ ദഹിപ്പിക്കപ്പെടുന്നതും ഒരുവന്റെ ചിതാഭസ്മം നദിയിൽ നിക്ഷേപിക്കപ്പെടുന്നതും നിത്യമോക്ഷത്തിലേക്കു നയിക്കുന്നുവെന്ന് വിചാരിക്കപ്പെടുന്നു. അനേകരും അമർത്യമെന്നു വിശ്വസിക്കുന്ന ദേഹി അതിന് ദൈവസത്തയിൽ ലയിച്ചുകൊണ്ട് ഒടുവിൽ വിശ്രമിക്കാൻ കഴിയത്തക്കവണ്ണം പുനർജ്ജൻമചക്രത്തിൽനിന്ന് വിമുക്തമാകുന്നുവെന്ന് പറയപ്പെടുന്നു.
സകല ജനതകളുടെയും രോഗശാന്തി അടുത്തിരിക്കുന്നു
ആത്മീയ ശുദ്ധീകരണത്തിനും കഷ്ടപ്പാടിൽനിന്നുള്ള വിമോചനത്തിനുമുള്ള ആഗ്രഹം എല്ലായിടത്തുമുള്ള മനുഷ്യർക്ക് അടിസ്ഥാനപരമായിട്ടുള്ളതാണെന്ന് തോന്നുന്നു. ലോകത്തിന്റെ മററു ഭാഗങ്ങളിൽ രക്ഷ അഥവാ മുക്തി മററു വിധങ്ങളിൽ തേടുന്നു. ചിലർ പാപമോചനത്തിനായി ഒരു പുരോഹിതനെപ്പോലെയുള്ള മദ്ധ്യസ്ഥനോട് തങ്ങളുടെ പാപങ്ങൾ ഏററുപറയുകയും അനന്തരം ആവശ്യമായ പ്രായശ്ചിത്തം ചെയ്യുകയും ചെയ്യുന്നു. പ്രാർത്ഥനകളാലും വിശുദ്ധവേദങ്ങളുടെ വായനയാലും യാഗങ്ങളാലും ദാനധർമ്മങ്ങളാലും അല്ലെങ്കിൽ ആത്മപരിത്യാഗത്താലും ഒരു മനുഷ്യന് തന്റെ അകൃത്യങ്ങളിൽനിന്നുള്ള ശുദ്ധീകരണം നേടാമെന്നും മരണാനന്തരം അനുഗ്രഹങ്ങൾ പ്രാപിക്കാമെന്നും വിചാരിക്കുന്നു. എന്നാൽ അത്തരം വിരുദ്ധങ്ങളായ ആശയങ്ങളുള്ളപ്പോൾ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനംനേടുന്നതിന് തിട്ടമുള്ള വഴിയുണ്ടോ?
വിശുദ്ധ എഴുത്തുകളുടെ ഒരു പുരാതന പുസ്തകമായ ബൈബിളും ഒരു നദിയോടുള്ള ബന്ധത്തിൽ മനുഷ്യവർഗ്ഗത്തിന് ആത്മീയ ശുദ്ധീകരണവും രോഗശാന്തിയും കിട്ടുന്നതിനെക്കുറിച്ചു പറയുന്നുവെന്നത് കൗതുകകരമാണ്. പ്രവാചകനും എഴുത്തുകാരനുമായ യോഹന്നാൻ ദൈവത്തിന്റെ സിംഹാസനത്തിൽനിന്ന് പുറപ്പെടുന്ന “ഒരു ജീവജലനദി”യുടെ ദർശനം കണ്ടു. അതിന്റെ തീരങ്ങളിൽ കുളിക്കുന്നവരുണ്ടായിരിക്കുന്നതിനു പകരം “ജനതകളുടെ രോഗശാന്തിക്കുവേണ്ടി”യുള്ള സമൃദ്ധമായ ഫലവൃക്ഷങ്ങളാണുണ്ടായിരുന്നത്.—വെളിപ്പാട് 22:1, 2.
മനുഷ്യവർഗ്ഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും എന്നേക്കും മോചിപ്പിക്കുന്നതിനും നിത്യജീവൻ പ്രദാനംചെയ്യുന്നതിനുമുള്ള സ്രഷ്ടാവിന്റെ അത്ഭുതകരമായ കരുതലുകളെക്കുറിച്ച് ബൈബിൾ ഇവിടെ പ്രതീകാത്മകമായി സംസാരിക്കുകയാണ്. ഈ കരുതലിൻകീഴിൽ ഗംഗാജലത്തിൽ കുളിച്ചിട്ടുള്ള പുരുഷാരങ്ങൾക്കും ഗംഗാ ഒരിക്കലും കണ്ടിട്ടില്ലാത്ത ദശലക്ഷങ്ങൾക്കും വളരെ അടുത്ത ഭാവിയിൽ പാപത്തിൽനിന്നുള്ള ശുദ്ധീകരണവും മരണത്തിൽനിന്നുള്ള വിമോചനവും പ്രാപിക്കുന്നതിനുള്ള അവസരം ലഭിക്കും.a (g89 3⁄22)
[അടിക്കുറിപ്പുകൾ]
a ഈ മാസികയുടെ പ്രസാധകരിൽനിന്നു ലഭ്യമായ മരണത്തിൻമേൽ ജയം—അതു നിങ്ങൾക്കു സാദ്ധ്യമോ? എന്ന ചെറുപുസ്തകം കാണുക.
[17-ാം പേജിലെ ചിത്രം]
നിരവധി ക്ഷേത്രങ്ങൾക്കും ദേവാലയങ്ങൾക്കുമിടയിൽ സകല തരത്തിലുമുള്ള ആളുകൾ ഗംഗയിൽ കുളിക്കാൻ വന്നെത്തുന്നു
[17-ാം പേജിലെ ചിത്രം]
നദിയുടെ വക്കിൽ ഗംഗാപൂജയുടെ അഥവാ ആരാധനയുടെ കർമ്മങ്ങൾ സംബന്ധിച്ച് ഒരു പുരോഹിതൻ ഒരു സ്ത്രീയെ സഹായിക്കുന്നു
[18-ാം പേജിലെ ചിത്രം]
ഹരിദ്വാറിലെ അനേകം ക്ഷേത്രങ്ങളിലൊന്നിലെ ഹൈന്ദവദേവൻമാരുടെയും ദേവികളുടെയും ഒരു ഗണം
[19-ാം പേജിലെ ചിത്രം]
ഒരു ചെറുപ്പക്കാരി തന്റെ ഇലബോട്ട് ഗംഗയിൽ വിടാൻ ഒരുങ്ങുന്നു