ദയാപ്രവൃത്തികൾ ഗിൽബർട്ട് കൊടുങ്കാററിന്റെ പ്രഹരങ്ങളെ മയപ്പെടുത്തുന്നു
ആയിരത്തിതൊള്ളായിരത്തി എൺപത്തെട്ട് സെപ്ററംബർ 14-ന് അതിരാവിലെ ഗിൽബർട്ട് കൊടുങ്കാററ് മെക്സിക്കോയുടെ കരീബിയൻ തീരത്ത് പ്രഹരിച്ചു. അത് ക്വിൻറാനാ, റൂ, യൂക്കററാൻ എന്നീ സംസ്ഥാനങ്ങളിലേക്കും ഇരച്ചുകയറി. 15-ാം തീയതിയും 16-ാം തീയതിയും ററാമോലിപ്പാസ്, നോവാ ലിയോൺ എന്നീ സംസ്ഥാനങ്ങൾ പ്രഹരത്തിനിരയായി. ഗിൽബർട്ട് പോയ വഴിക്കെല്ലാം നാശത്തിന്റെ പാത വെട്ടിത്തുറന്നു. ശക്തമായ കാററുകളും കോരിച്ചൊരിയുന്ന മഴയും ഭയങ്കര പ്രളയം വരുത്തിക്കൂട്ടി. തെക്കുകിഴക്ക് 50,000 കുടുംബങ്ങൾ ഭവനരഹിതരായിത്തീർന്നു. വടക്ക് 30,000 പേർക്ക് ഭവനങ്ങൾ നഷ്ടപ്പെട്ടു. കൊടുങ്കാററ് 1,000 മൈൽ സഞ്ചരിച്ചപ്പോൾ ഏതാണ്ട് 250 പേർ മരണമടഞ്ഞു.
പെട്ടെന്നുതന്നെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചാഫീസ് പ്രവർത്തനനിരതമായി. സെപ്ററംബർ 17-ാംതീയതി ശനിയാഴ്ചയായപ്പോഴേക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മേൽപ്പുരനിർമ്മാണവസ്തുക്കളും നിറച്ച ലോറികൾ യൂക്കററാൻ പെനിൻസുലായിലേക്ക് തിരിച്ചുകഴിഞ്ഞു. പരിശോധന നടത്തുന്നതിനും ദുരിതാശ്വാസവസ്തുക്കൾ വിതരണംചെയ്യുന്നതിന് സ്ഥലപരമായ കമ്മിററികൾ രൂപവൽക്കരിക്കുന്നതിനുമായി ബ്രാഞ്ചാഫീസിൽനിന്നുള്ള രണ്ടു പ്രതിനിധികൾ അങ്ങോട്ടു യാത്രചെയ്തു. പെട്ടെന്നുതന്നെ, ഭക്ഷ്യവസ്തുക്കളും നിർമ്മാണവസ്തുക്കളും കയററിയ കൂടുതൽ ലോറികൾ അയക്കപ്പെട്ടു. വളരെയധികം വിലമതിക്കപ്പെട്ട സഹായം കൊടുക്കുന്നതിന് ഗവൺമെൻറധികാരികളും പ്രവർത്തിച്ചു.
എന്നിരുന്നാലും, രംഗത്താദ്യമെത്തിയത് മെക്സിക്കോ നഗരത്തിലെ യഹോവയുടെ സാക്ഷികളിൽനിന്നുള്ള സഹായമായിരുന്നു. ഇത് സാക്ഷികൾക്ക് വലിയ ആശ്വാസവും സന്തോഷവും കൈവരുത്തി. യഹോവയുടെ സാക്ഷികൾ ലോറിയിൽ എത്തിച്ച മേൽക്കൂരനിർമ്മാണ വസ്തുക്കൾ അല്ലാതെ മറെറാന്നും സ്ഥലത്തു ലഭ്യമല്ലായിരുന്നു. ഒന്നിലധികം മാസങ്ങളിൽ അവ ലഭിക്കുകയുമില്ലായിരുന്നു. സഹോദരൻമാരുടെ ഭവനങ്ങൾ സത്വരം പുനർനിർമ്മിക്കപ്പെട്ടുകാണുന്നത് പുളകപ്രദമായിരുന്നു. യൂക്കററാൻ കോളനിയിലെ യഹോവയുടെ സാക്ഷികളുടെ ആരാധനാ സ്ഥലത്തിനായിരുന്നു ആദ്യമായി മേൽക്കൂര പുനസ്ഥാപിക്കപ്പെട്ടത്. മെരിഡായിൽ യഹോവയുടെ സാക്ഷികളുടെ സർക്കിട്ട് സമ്മേളനങ്ങളും ഡിസ്ട്രിക്ട് കൺവെൻഷനുകളും നടത്തുന്നതിന് ഉപയോഗിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുവീണിരുന്നു. പുതിയൊരാരാധനാസ്ഥലത്തിന്റെ നിർമ്മാണത്തിനുള്ള ക്രമീകരണങ്ങൾ പെട്ടെന്നു പ്രവർത്തനക്ഷമമാക്കപ്പെട്ടു.
ന്യൂയോ, ലിയോൺ, ററാമോണിപ്പാസ്സ് എന്നീ സംസ്ഥാനങ്ങളിലെ കെടുതി വമ്പിച്ചതായിരുന്നു. മോണ്ടറിയിൽ രൂപവൽക്കരിക്കപ്പെട്ട കമ്മററി മുഖേന സ്ഥലത്തെ സാക്ഷികൾക്ക് സത്വര സഹായം ലഭിച്ചു. കിടക്കകൾ, മേശകൾ, കസേരകൾ, സ്റേറാവുകൾ, പാചകോപകരണങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാന ഉപകരണങ്ങൾ പ്രദാനം ചെയ്യപ്പെട്ടു. മോണ്ടറിയിൽതന്നെ യഹോവയുടെ സാക്ഷികളുടെ 32 കുടുംബങ്ങൾക്ക് വീടുകൾ ഉൾപ്പെടെ തങ്ങൾക്കുള്ളതെല്ലാം നഷ്ടപ്പെട്ടിരുന്നു. പൂജ്യത്തിനോടടുത്ത ശീതകാല ഊഷ്മാവ് അടുത്തു വന്നതോടെ പെട്ടെന്ന് എന്തെങ്കിലും ചെയ്യണമായിരുന്നു.
ഒരു ശിൽപവിദഗ്ദ്ധനുൾപ്പെടെ രണ്ടു സാക്ഷികൾ മെക്സിക്കോ നഗരത്തിൽനിന്ന് പറന്നെത്തി. അവർ മൂപ്പൻമാരും സഞ്ചാരപ്രതിനിധികളുമായി യോഗം ചേർന്നു. പെട്ടെന്നുതന്നെ 32 കുടുംബങ്ങൾക്കുവേണ്ടി വീടുകൾ പണിയുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ആവശ്യമായ ഭവനഘടകങ്ങൾ മുന്നമേ നിർമ്മിക്കുന്നതിനുള്ള വസ്തുവും സജ്ജീകരണവും വാങ്ങുന്നതും ഇതിൽ ഉൾപ്പെട്ടിരുന്നു. സാക്ഷികൾക്ക് ഭക്ഷണവും വസ്ത്രവും കിടക്കകളും പെട്ടെന്ന് പ്രദാനം ചെയ്യപ്പെട്ടപ്പോൾ മററു സാക്ഷികൾ ഞെരുക്കമുള്ള തങ്ങളുടെ സഹോദരങ്ങളോട് കാണിച്ച സ്നേഹത്തിലും ഔദാര്യത്തിലും അയൽക്കാർക്ക് വളരെ മതിപ്പുളവായി. രണ്ടു കിടപ്പു മുറികളോടുകൂടിയ തങ്ങളുടെ പുതിയ ഭവനങ്ങളിലേക്ക് 32 കുടുംബങ്ങൾ നീങ്ങുന്നതു കാണുമ്പോൾ അവർക്ക് എത്രയധികം മതിപ്പുണ്ടാകും!
യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സഹോദരവർഗ്ഗത്തിന്റെ മാതൃകയാണിത്. തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാൻ വസ്തുക്കളും അദ്ധ്വാനവും പണവും കൊടുത്തുകൊണ്ട് പ്രതികരിച്ചത് മെക്സിക്കോയിലെ സാക്ഷികൾ മാത്രമായിരുന്നില്ല. പിന്നെയൊ ലോകത്തിന്റെ മററു ഭാഗങ്ങളിലെ സാക്ഷികളും അങ്ങനെ ചെയ്തു. ഗിൽബെർട്ട് കൊടുങ്കാററ് വരുത്തിക്കൂട്ടിയ നാശം ററി.വി. വാർത്തകൾ പ്രദർശിപ്പിച്ചപ്പോൾ ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകഹെഡ്ക്വാർട്ടേഴ്സിലേക്ക് സംഭാവനകൾ വന്നുതുടങ്ങി. ഒരു ചെറിയ സാമ്പിളാണ് ചുവടെ ചേർക്കുന്നത്:
“ദയവായി കൊടുങ്കാററിനാൽ പ്രഹരിക്കപ്പെട്ട നമ്മുടെ സഹോദരൻമാർക്ക് ആശ്വാസമേകാൻ ഈ ചെറിയ സംഭാവന ഉപയോഗിക്കുക. കൂടുതൽ നൽകാൻ എനിക്കാഗ്രഹമുണ്ട്, എന്നാൽ ഈ വാരത്തിൽ എന്റെ ഭാര്യയുടെ കാറിന്റെ എഞ്ചിൻപണി ചെയ്യേണ്ടതുണ്ടായിരുന്നു. എന്റെ അടുത്ത ശമ്പളം കിട്ടുമ്പോൾ കൂടുതൽ അയക്കാൻ ഞാൻ ശ്രമിക്കുന്നതാണ്.”
“കൊടുങ്കാററടിച്ച പ്രദേശത്തെ നമ്മുടെ സഹോദരൻമാരെ സഹായിക്കാൻ ഞങ്ങൾ ഈ സംഭാവന ചെയ്യുന്നു. ഞങ്ങളുടെ സ്നേഹവും താൽപ്പര്യവും അവർ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പത്രോസ് പറഞ്ഞതുപോലെ: ‘അന്യോന്യം ഉററ സ്നേഹമുള്ളവരായിരിക്ക.’”—1 പത്രോസ് 4:8.
“ദുരിതാശ്വാസശ്രമങ്ങളിലേക്കുള്ള ഒരു ചെറിയ സംഭാവനയെന്ന നിലയിൽ ദയവായി 1,000 ഡോളറിന്റെ ഒരു ചെക്കു സ്വീകരിക്കുക. കൂടുതൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. എന്നാൽ എനിക്കുണ്ടായിരിക്കാൻ യഹോവ അനുവദിച്ചത് പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
“ദയവായി 20 ഡോളറിന്റെ ഈ മണിയോർഡർ സ്വീകരിക്കുക. എനിക്കെന്റെ ശമ്പളം മുഴുവൻ ആവശ്യമായിരുന്നു. സഹായിക്കാൻ നിർവാഹവുമില്ലായിരുന്നു, എന്നാൽ നമ്മുടെ സഹോദരൻമാരിൽ ചിലർക്ക് സകലവും നഷ്ടപ്പെട്ടുവെന്ന് ഞാൻ തിരിച്ചറിഞ്ഞു.”
“25 ഡോളറിന്റെ ചെക്ക് ഇതോടൊപ്പം അയക്കുന്നു. അപകടഫണ്ടിലേക്ക് ഇതു സംഭാവന ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദാനം ചെറുതാണ്, എന്നാൽ ഈ പ്രദേശത്തെ നമ്മുടെ പ്രിയപ്പെട്ട സഹോദരീസഹോദരൻമാരിലേക്ക് ഞങ്ങളുടെ മുഴു ഹൃദയവും പകരുകയാണ്.”
മുഴു അഖിലാണ്ഡത്തിന്റെയും ഉടമസ്ഥനായ യഹോവക്ക് വായ്പകൊടുക്കുന്നതിനെ സംബന്ധിച്ച് നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? എന്നിരുന്നാലും സംഭാവന കൊടുക്കുന്നവർ അതാണ് ചെയ്യുന്നത്. എന്തുകൊണ്ടെന്നാൽ സദൃശവാക്യങ്ങൾ 19:17 പറയുന്നു: “എളിയവരോടു പ്രീതി കാട്ടുന്നവൻ യഹോവക്ക് വായ്പകൊടുക്കുന്നു, അവന്റെ പെരുമാററത്തിന് അവൻ അവന് പ്രതിഫലം കൊടുക്കും.” (g89 3/22)