അക്രമം വെല്ലുവിളിയെ നാം വിജയകരമായി നേരിടുന്നുവോ?
അക്രമാസക്തമായ കുററകൃത്യങ്ങൾ വളർന്നുവരുന്ന ഉത്ക്കണ്ഠക്കു കാരണമാണ്. എന്നാൽ അവ ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ എന്താണ് ചെയ്യുന്നത്?
ബ്രിട്ടണിൽ കുററകൃത്യങ്ങളധികവും സ്കൂൾപ്രായക്കാരായ യുവാക്കളാണ് ചെയ്യുന്നത്. ഷെഫീൽഡ്, ഇംഗ്ലണ്ടിലെ ഒരു അദ്ധ്യാപിക പറഞ്ഞത് താൻ പഠിപ്പിച്ച ഒരു സ്കൂളിലെ പതിനഞ്ച് വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൽ 3 പേർ മാത്രമെ കുററകൃത്യരേഖ ഇല്ലാത്തവരായുണ്ടായിരുന്നുള്ളു എന്നാണ്. കിൻറർഗാർട്ടൺ കുട്ടികൾ പോലും ഇന്ന് ക്ലാസ്സ്മുറിയിലെ അക്രമങ്ങളിൽ ഉൾപ്പെടുന്നു എന്നതാണ് വാസ്തവം.
“നഴ്സറി സ്ററാഫ് തങ്ങളുടെ വിദ്യാർത്ഥികളാൽ ഗുരുതരമായി ആക്രമിക്കപ്പെടുന്നു. മററ് കുട്ടികളിൽ അതുളവാക്കുന്ന ഹൃദയഭീതി നിങ്ങൾക്ക് ഊഹിക്കാൻ കഴിയും,” എന്ന് യോർക്ക്ഷയറിലെ ഒരു അദ്ധ്യാപിക പറഞ്ഞു. അവൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഒരു ഒന്നാംവർഷ സ്കൂൾ വിദ്യാർത്ഥിക്ക് ഇത്തരത്തിലുള്ള ദ്രോഹമേൽപ്പിക്കാൻ കഴിയുമെങ്കിൽ, ഇതു സംബന്ധിച്ച് നാം എന്തെങ്കിലും ചെയ്യാതിരുന്നാൽ ഇവർ സെക്കൻണ്ടറി തലത്തിൽ എന്തായിത്തീരാനാണ് പോവുന്നത്?”
എന്നാൽ അക്രമാസക്തരാകാൻ കുട്ടികൾ ഇത്ര ചായ്വ് കാണിക്കുന്നതെന്തുകൊണ്ടാണ്?
ററിവിയുടെയും ചലച്ചിത്രങ്ങളുടെയും പങ്ക്
ഒട്ടധികം കുട്ടികൾ അക്രമാസക്തവും ക്രൂരവുമായ ടെലിവിഷൻ പരിപാടികളും ചലച്ചിത്രങ്ങളും വീക്ഷിക്കുന്നു. അക്രമത്തിന്റെ വർദ്ധനവിനുള്ള ഒരു ഘടകം ഇതാണെന്നാണ് ചില അധികാരികൾ പറയുന്നത്. ഉദാഹരണത്തിന് ആസ്ത്രേലിയയിൽ പത്തും പതിനൊന്നും വയസ്സ് പ്രായമുള്ള ഏതാണ്ട് 1,500 കുട്ടികളുടെ വിനോദവീക്ഷണശീലങ്ങളെ സംബന്ധിച്ച് ഒരു സർവ്വേ നടത്തപ്പെട്ടു. കുട്ടികൾ കണ്ട ആകെയുള്ള ചിത്രങ്ങളിൽ പകുതിയും അവർക്ക് യോഗ്യമായിരുന്നില്ല എന്നാണ് ആസ്ത്രേലിയൻ ഫിലിം റിവ്യൂ ബോർഡ് വിലയിരുത്തിയത്. പക്ഷേ ഈ കുട്ടികളിൽ മൂന്നിലൊരു ഭാഗം, തങ്ങൾ അക്രമരംഗങ്ങൾ വിശേഷിച്ച് ആസ്വദിച്ചുവെന്ന് പറഞ്ഞു.
ഒരാൾ ഇങ്ങനെ വിശദീകരിച്ചു: “ആ പെൺകുട്ടി അവളുടെ അപ്പന്റെ തലയരിഞ്ഞ് ജൻമദിന കേക്കായി തിന്ന ഭാഗം എനിക്ക് ഇഷ്ടമായി.” മറെറാരു ചിത്രത്തെക്കുറിച്ച് ഒരു കുട്ടി ഇങ്ങനെ പറഞ്ഞു: “അന്യഗ്രഹവാസി (alien) ആ സ്ത്രീയുടെ തലതിന്നിട്ട് തുപ്പിക്കൊണ്ടിരുന്നപ്പോൾ എനിക്ക് രസം തോന്നി.” ഇനിയും മറെറാരു കുട്ടി പറഞ്ഞതിങ്ങനെയാണ്: “അവർ ആ സ്ത്രീയെ വെട്ടി അവളിൽ നിന്ന് വെള്ളയെല്ലാം പുറത്ത് ചാടിച്ചഭാഗം വന്നപ്പോൾ എനിക്ക് ഇഷ്ടമായി.”
ഇത്തരത്തിലുള്ള പരിപാടികൾ വീക്ഷിക്കുന്നതിന്റെ ഫലമായി കുട്ടികളും മുതിർന്നവരും തങ്ങളിൽ അക്രമാസക്തി വളർത്തുകയാണ് ചെയ്യുന്നത് എന്ന് ഗവേഷകർ നിഗമനം ചെയ്തു. തങ്ങളുടെ കുട്ടികളെ അത്തരം ചിത്രങ്ങൾ കാണാൻ അനുവദിക്കുന്നതിന് അവരിലൂടെ വരുന്ന സാമൂഹ്യസമ്മർദ്ദങ്ങൾ മാതാപിതാക്കളെ ഭയപ്പെടുത്തുകയോ വശംവദരാക്കുകയോ ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
അക്രമം സവിശേഷമായി അവതരിപ്പിക്കുന്ന പരിപാടികൾ കാണുന്നതിന്റെ ഫലത്തെ സംബന്ധിച്ചുള്ള ഒരു പഠനം ബ്രിട്ടന്റെ ഇൻറിപ്പൻറൻറ് ബ്രോഡ്കാസ്ററിംഗ് അതോരിററി നടത്തി. ഇരുപത് ലക്ഷം പ്രേക്ഷകർ അഥവാ മൊത്തം പ്രേക്ഷകരിൽ 6 ശതമാനം പേർ തങ്ങൾ അക്രമപരിപാടികൾ വീക്ഷിച്ചതിനെ തുടർന്ന് ചിലപ്പോഴൊക്കെ അവർ “വളരെ അക്രമാസക്ത”രായിപ്പോവുന്നതായി അനുഭവപ്പെട്ടു എന്ന് പറഞ്ഞു. വെള്ളിത്തിരയിൽ കാണുന്ന അക്രമം യഥാർത്ഥമല്ലെന്നു ഗ്രഹിക്കുന്നതിൽ കുട്ടികൾ പരാജയപ്പെടുന്നുവെന്നും കൊലപാതകം ഒരു ദൈനംദിന സംഗതിയാണെന്നുള്ള ധാരണയുണ്ടാവുന്നുവെന്നും ദി ടൈംസ് ഓഫ് ലണ്ടൻ അതിന്റെ കണ്ടെത്തലുകളുടെ റിപ്പോർട്ടിൽ പറഞ്ഞു. ഇത്രയധികം കുട്ടികൾ അക്രമത്തിൽ തഴമ്പിക്കുന്നതും തങ്ങൾ തന്നെ അതിൽ മുഴുകുന്ന കാര്യത്തിൽ അവർക്ക് തെല്ലും മനസ്സാക്ഷിക്കുത്തില്ലാതിരിക്കുന്നതും എന്തെങ്കിലും ആശ്ചര്യമാണോ?
സ്കൂളുകളും മാതാപിതാക്കളും
ചിലർ അക്രമവർദ്ധനവിന്റെ കുററം അധികവും ആരോപിക്കുന്നത് ധാർമ്മികമൂല്യങ്ങൾ പഠിപ്പിക്കുന്നതിലുള്ള സ്കൂളുകളുടെ പരാജയത്തിൻമേലാണ്. ഈ പരാജയത്തെപ്പററി ബ്രിട്ടനിലെ രണ്ടു ഉൾനഗര അദ്ധ്യാപകർ പറഞ്ഞതിപ്രകാരമാണ്: “ഇതൊരു പരിതാപകരമായ സ്ഥിതിവിശേഷമാണ്, നമ്മുടെ സമൂഹത്തിലെ അക്രമവർദ്ധനവിന്റെ കാരണം ഇത് ഒരു വലിയ അളവോളം വിശദീകരിക്കുന്നു.” കുട്ടികളിൽ ധാർമ്മിക മൂല്യങ്ങൾ നിവേശിപ്പിക്കുന്നതിലുള്ള പരാജയത്തിന് അദ്ധ്യാപകരെ പഴിചാരുന്നത് നീതിയാണോ?
ബ്രിട്ടനിലെ പ്രധാന അദ്ധ്യാപകരുടെ നാഷനൽ അസോസിയേഷൻ പുറപ്പെടുവിച്ച ഒരു റിപ്പോർട്ട് ഇങ്ങനെ മറുപടി നൽകുന്നു: “സ്കൂളുകളിലും സമൂഹത്തിലും പെരുമാററ ചിട്ടകൾ അധ:പതിച്ചുകൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാരിലൂടെ സ്കൂളുകൾക്ക് സമൂഹത്തിൻമേൽ ചെലുത്താവുന്ന സ്വാധീനത്തെ പക്ഷേ പെരുപ്പിച്ച് കാണരുത്.” ഒരു കുട്ടിയുടെ മാനസ്സിക ചായ്വുകൾ അവനോ അവളോ സ്കൂളിൽ പോവുന്നതിന് വളരെ നേരത്തെ തന്നെ രൂപപ്പെടുന്നതിനാൽ റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: ‘അത് മാററാൻ ഒരു അദ്ധ്യാപകന് തുച്ഛമായെന്തെങ്കിലുമേ ചെയ്യാൻ കഴിയൂ.’
പോർട്ട്സ് മൗത്ത് ബോയ്സ് സ്കൂളിലെ ഉപാദ്ധ്യക്ഷനായ റോയ് മഡ്ഡ് എന്ന ദേഹം അതുപോലെതന്നെ, ‘ശരിയും തെററും തമ്മിലുള്ള വ്യത്യാസം മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കാത്തപക്ഷം’ ഒരു ദിവസത്തിൽ ചുരുങ്ങിയ ചില നാഴികകൾ മാത്രം തങ്ങളുടെ വിദ്യാർത്ഥികളെ കാണുന്ന അദ്ധ്യാപകർക്ക് ‘സ്കൂൾ പാഠ്യവിഷയങ്ങളിൽ കൂടുതലായ ധാർമ്മികതന്തു പകരുന്നതിനായി ഒന്നും ചെയ്യാനാകില്ല’ എന്ന് ഉറപ്പിച്ചു പറഞ്ഞു.
ആരോഗ്യാവഹമായ ധാർമ്മിക നടത്തയ്ക്ക് വേണ്ട അടിസ്ഥാനം ജീവിതത്തിൽ വളരെ നേരത്തെ തന്നെ മാതാപിതാക്കൾ ഇട്ടിരിക്കണം, ഇക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട. പെരുകുന്ന അക്രമം കുറയണമെങ്കിൽ സ്കൂളുകളല്ല, അവരാണ് തങ്ങളുടെ കുട്ടികളെ ധാർമ്മികമൂല്യങ്ങൾ അഭ്യസിപ്പിക്കാൻ പ്രാഥമികമായി ഉൾപ്പെടേണ്ടത്. പക്ഷേ മാതാപിതാക്കളാകട്ടെ സ്കൂളുകളാകട്ടെ അക്രമത്തിന്റെ വെല്ലുവിളിയെ വിജയകരമായി നേരിടുന്നില്ല, അല്ലെങ്കിൽ കുറഞ്ഞപക്ഷം അവരിൽ വേണ്ടത്രയാളുകൾ അങ്ങനെ ചെയ്യുന്നില്ല.
നിയമനിർവ്വഹണം സംബന്ധിച്ചെന്ത്?
നിയമനിർവ്വഹണ ഉദ്യോഗസ്ഥൻമാർ വെല്ലുവിളി യുക്തമായി നേരിടുന്നുണ്ടോ? തെക്കെ അമേരിക്കയിലെ കൊളംബിയായിൽ കൊക്കെയിൻ തട്ടിപ്പുസംഘത്തിൽ നിന്നും കൈക്കൂലി വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് 62 ന്യായാധിപൻമാർ കൊല്ലപ്പെട്ടു. അതുപോലെതന്നെ യു. എസ്. എ.യിലെ ലോസ് ആഞ്ചലസ് കൌണ്ടിയിൽ 1987-ൽ മയക്കുമരുന്നു സംഘം നടത്തിയ 387 കൊലപാതകങ്ങൾ തടയാൻ നിയമ നിർവ്വഹണാധികാരികൾക്ക് കഴിഞ്ഞില്ല. ഇതുപോലുള്ള പലയിടങ്ങളിലെയും നിയമനിർവ്വഹണ അധികാരികൾ പറയുന്നത് വിശേഷിച്ച് മയക്കുമരുന്നുകളുടെ നിമിത്തം തങ്ങൾ നിയന്ത്രണാതീതമായ ഒരു പ്രതിസന്ധിയെ നേരിടുകയാണെന്നാണ്. പക്ഷേ അവർക്ക് വെല്ലുവിളിയെ വിജയകരമായി നേരിടാനാകാത്തതെന്തുകൊണ്ട്?
ലോകവ്യാപകമായി ക്രമസമാധാനനിലയിലുണ്ടായ തകർച്ചയാണ് ഇതിന് കാരണം. ഗ്രേററ് ബ്രിട്ടനിലെ ഒരു ചീഫ് കോൺസ്ററബിൾ ആയ ബ്രയാൻ ഹേയ്സ് വിശദീകരിക്കുന്നതിങ്ങനെയാണ്: “പോയ വർഷങ്ങളിൽ പോലീസ് ഒരു കൂട്ടം ആളുകളോട് മാറിപ്പോകാൻ പറയും, അവർ അങ്ങനെ ചെയ്യുകയും ചെയ്യുമായിരുന്നു. ഇക്കാലത്ത് പോലീസിനോടായിരിക്കും അങ്ങനെ പറയുക.” ലണ്ടനിലെ ദി സണ്ടേ ടൈംസ് കുറിക്കൊണ്ടത്, “സമൂഹത്തിന് പലപ്പോഴും തലകീഴായ മൂല്യങ്ങളാണുള്ളത്, പോലീസ് കുററവാളികളായും നിയമ ഭജ്ഞകൻമാർ വീരൻമാരായും മുദ്രയടിക്കപ്പെടുന്നു” എന്നാണ്.
എഡിൻബർഗ് സർവ്വകലാശാലയിലെ ഒരു കുററകൃത്യ നിയമശാസ്ത്ര ലക്ചററായ റിച്ചാർഡ് കിൻസ്ലി ഇങ്ങനെ പറയുന്നു: “യൂറോപ്പിലെ മറേറതൊരു രാജ്യത്തേതിലുമധികമാളുകളെ അല്ലെങ്കിൽ ദക്ഷിണ [ഇംഗ്ലണ്ടിലേതിനേക്കാൾ] രണ്ടര ഇരട്ടി ആളുകളെ സ്കോട്ട്ലണ്ടിൽ ഞങ്ങൾ തടവിലയക്കുന്നു.” ഫലമോ? ഗ്ലാസ്ഗോയിലെ സ്ട്രാത്ത്ക്ലൈഡ് പോലീസ് 1988-ൽ ഒരു 12 മാസകാലയളവിൽ അക്രമസ്വഭാവമുള്ള കുററകൃത്യങ്ങളിൽ ഒരു 20 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തു. വിമുഖതയോടെ അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു: “സ്കോട്ട്ലണ്ടുകാരായ ഞങ്ങൾ ജയിലറതാക്കോൽ കൊണ്ടു ഒരു പ്രയോജനവുമില്ലെന്ന് കണ്ടെത്തിയിരിക്കുന്നു.”
നേരിടാത്ത ഒരു വെല്ലുവിളി
ബ്രിട്ടനിലെ നേഴ്സിംഗ് റൈറംസ് എന്ന പ്രസിദ്ധീകരണത്തിലെ ഒരു മുഖപ്രസംഗം അക്രമത്തിന്റെ വെല്ലുവിളിയെ വിജയകരമായി നേരിടുന്നതിലുള്ള പരാജയത്തെ ചിത്രീകരിച്ചുകൊണ്ടുള്ളതായിരുന്നു. അതിപ്രകാരം പറഞ്ഞു: “നേഴ്സിംഗ് റിക്രൂട്ടുകൾക്ക് തങ്ങൾ ഒരു അപകടം പിടിച്ച തൊഴിലിലാണ് ചേരുന്നത് എന്ന് ആരും തന്നെ മുന്നറിയിപ്പ് നൽകുന്നില്ല—പക്ഷേ അവർ അങ്ങനെ ചെയ്യേണ്ടതാണ്.” “പൊതുജനം മൊത്തമായ് നേരിടുന്നതിന്റെ അനേകമടങ്ങ് അധികം അക്രമവും ഭീഷണിയുമാണ് നേഴ്സുമാർ അഭിമുഖീകരിക്കുന്നതെന്നാണ് ആരോഗ്യസുരക്ഷിതത്വ കമ്മീഷന്റെ കണ്ടെത്തൽ” എന്ന് പറഞ്ഞുകൊണ്ട് ആ മുഖപ്രസംഗം തുടരുന്നു.
ഒരു നേഴ്സിന് ജോലി ചെയ്യാൻ ഏററവും അപകടം നിറഞ്ഞ സ്ഥലങ്ങളിൽ പെട്ടതാണ് എ ആൻഡ് ഇ (ആക്സിഡൻറ് ആൻഡ് എമർജൻസി) എന്ന് ബ്രിട്ടണിൽ പേർ വിളിക്കപ്പെടുന്ന സ്ഥലങ്ങൾ. വാരാന്ത്യങ്ങളിൽ സാധാരണ ആശുപത്രി ഡിപ്പാർട്ടുമെൻറുകൾ അടച്ചിരിക്കവെ ഇവ വിശേഷാൽ അപകടം പിടിച്ചവയാണ്. ലണ്ടനിലെ എ ആൻഡ് ഇ യിലെ ജോലി സംബന്ധിച്ച വിവരണം ഒരു മുൻനേഴ്സ് ഉണരുക! യുമായി നടത്തിയ ഇൻറർവ്യൂവിൽ നൽകി.
ആശുപത്രി ഒട്ടേറെ മയക്കുമരുന്നാസക്തർ അധിവസിക്കുന്ന ഒരു പ്രദേശത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്. അത്യാഹിത വിഭാഗത്തിന്റെ ഒരു നിർദ്ദിഷ്ടഭാഗം ഞങ്ങൾ ഇവർക്കു വേണ്ടി നീക്കിവച്ചിരുന്നു. മററ് രോഗികളിൽ നിന്നകലെയായി ഓവർഡോസിന്റെ ഫലങ്ങളിൽ നിന്ന് ഉറങ്ങി സുഖം പ്രാപിക്കാൻ അവരെ അവിടെ വിട്ടേക്കുമായിരുന്നു. ചിലപ്പോൾ അവർ ഉണർന്നു വരുമ്പോൾ വളരെയധികം അക്രമാസക്തരായിരിക്കുമായിരുന്നു. അത് ഒരു പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു.
“റൗഡി സംഘങ്ങൾ തമ്മിലുള്ള ഏററുമുട്ടലുകളിൽ മാരകമായ പരുക്കേററിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകൾ എ ആൻഡ് ഇ യിൽ അവരുടെ സംഘട്ടനം തുടരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അക്രമം മുന്നറിയിപ്പൊന്നും കൂടാതെ സ്ററാഫ് നേഴ്സുമാരുടെ നേരെ തിരിയാറുണ്ട്. ഞാൻ നേഴ്സിംഗ് തൊഴിലിൽ പ്രവേശിച്ചപ്പോൾ ഒരു നേഴ്സിന്റെ യൂണിഫോം ഒരു തരം സംരക്ഷണമായി തോന്നി—എന്നാൽ ഇപ്പോൾ സ്ഥിതിയതല്ല.”
അക്രമം ഞങ്ങൾ എല്ലാം ആത്മരക്ഷക്കുള്ള നിലപാടെടുക്കാൻ ഇടയാക്കി. “ഇന്നാരും തന്നെ സുരക്ഷിതരല്ല” എന്നും “നിങ്ങളൊരിടത്തും സുരക്ഷിതനല്ല എന്ന് തോന്നുന്നു” എന്നുമുള്ള പ്രസ്താവനകൾ അധികമധികം സാധാരണമായിത്തീർന്നുകൊണ്ടിരിക്കുകയാണ്. മാതാപിതാക്കൾ തങ്ങളുടെ മക്കളെ തങ്ങളുടെ നിരീക്ഷണത്തിനപ്പുറം വിടാൻ ഭയപ്പെട്ടുകൊണ്ട് ജാഗ്രതയോടെ കാവൽ ചെയ്യുന്നു. സ്ത്രീകൾ കവർച്ചയും ബലാൽസംഗവും ഭയപ്പെട്ട് ജീവിക്കുന്നു. വൃദ്ധജനങ്ങൾ അവരുടെ ഭവനങ്ങൾക്കുള്ളിൽ അടച്ചുപൂട്ടി കഴിയുന്നു. ഏതു കോണിൽ നിന്നു നോക്കിയാലും ഇതൊരു ദാരുണ ചിത്രമാണ്.
ഇത് നമ്മെ ഒരു മർമ്മപ്രധാനമായ ചോദ്യത്തിലേക്ക് കൊണ്ടുവരുന്നു, അക്രമം നേരിടേണ്ടതായി വരുമ്പോൾ നമുക്കെന്തു ചെയ്യാൻ കഴിയും?
[5-ാം പേജിലെ ചിത്രം]
റെറലിവിഷനിലെ അക്രമത്തിന് യഥാർത്ഥ ജീവിതത്തിലെ അക്രമത്തിനു പ്രോത്സാഹിപ്പിക്കാൻ കഴിയും