ഉയരുന്നവിലകൾ—മനുഷ്യച്ചെലവ്
സ്പെയിനിലെ ഉണരുക! ലേഖകൻ
“ഞങ്ങൾ തക്കാളിക്കാ തീററി തീർത്തും നിർത്തി, കാരണം അവക്ക് വളരെ ചെലവുവരും. പഴമാണെങ്കിൽ, ഞാൻ എന്നാണ് ഒടുവിൽ കുറെ വാങ്ങിയതെന്ന് എനിക്ക് ഓർക്കാനേ കഴിയുന്നില്ല”, ഇൻഡ്യയിലെ ഒരു വീട്ടമ്മ നെടുവീർപ്പിട്ടു.
“ഞങ്ങൾക്ക് ഷൂസുകളോ വസ്ത്രങ്ങളോ വാങ്ങാൻ കഴിയുന്നില്ല,” അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തെ പോററാൻ ശ്രമിക്കുന്ന ഒരു മെക്സിക്കൻ വസ്ത്രജോലിക്കാരൻ വിലപിക്കുന്നു. “നാലുവർഷം മുമ്പ് ഞങ്ങൾക്ക് പണം കുറവായിരുന്നു, എന്നാൽ എല്ലാററിനും വിലക്കുറവായിരുന്നു. ഇപ്പോൾ പണമുള്ളതുകൊണ്ട് യാതൊരു ഗുണവുമില്ല.” അയാളുടെ രാജ്യത്ത് പെസോയുടെ ക്രയശക്തി 1982നും 1986നുമിടക്ക് 35.4 ശതമാനം കുറഞ്ഞു.
മുഹമ്മദ് എൽ-ചാനി ഈജിപ്ററിലെ കൈറോയിലുള്ള ഒരു നൈററ് വാച്ച്മാനാണ്. അവിടെ ചില അവശ്യസാധനങ്ങളുടെ വില വെറും 12 മാസഘട്ടംകൊണ്ട് ഇരട്ടിയായി. “ഞങ്ങൾ ഓരോ ദിവസവും തള്ളിനീക്കുകയാണ്, ഞങ്ങൾക്ക് ഭക്ഷിക്കാൻ നിർവാഹമില്ലാത്ത ദിവസങ്ങളുണ്ട്” എന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ബ്രസീലിൽ റയിൽവേ അപകടത്തിനിരയായ ഒരു ഹതഭാഗ്യൻ തന്റെ നഷ്ടപരിഹാരത്തുക കോടതികളാൽ തീരുമാനിക്കപ്പെടുന്നതിന് 20 വർഷം കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ അയാൾക്ക് അപകടസമയത്തെ ദേശീയ മിനിമം കൂലിയുടെ പകുതിക്കു തുല്യമായ ഒരു പ്രതിമാസ നഷ്ടപ്രതിഫലം അനുവദിക്കപ്പെട്ടു. എന്നിരുന്നാലും, പണപ്പെരുപ്പം നിമിത്തം അയാൾ ആ തുക വാങ്ങാൻ പോയപ്പോഴത്തെ ബസ്സുകൂലിക്കുപോലും അതു മതിയായില്ല.
മൂന്നു മക്കളുടെ പിതാവായിരുന്ന നൈജീറിയായിലെ ബലാ തന്റെ ഭാര്യ മൂന്നു കുട്ടികളെ പ്രസവിച്ചുവെന്ന വാർത്ത കേട്ടയുടനെ മരിച്ചുപോയി. അയാൾ രണ്ടു ജോലി നോക്കിയിരുന്നെങ്കിലും കുടുംബവരുമാനം അടിസ്ഥാന ആവശ്യങ്ങൾക്കുപോലും അശേഷം തികഞ്ഞില്ല. ഭക്ഷ്യവിലകൾ തുടർന്ന് ഉയർന്നിരിക്കുന്നു. തന്റെ കുട്ടികൾക്ക് അടിസ്ഥാന ആവശ്യങ്ങൾപോലും സാധിച്ചുകൊടുക്കുക അസാധ്യമായിരിക്കുമെന്ന് അയാൾക്കറിയാം. അയാൾ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവർക്ക് ഏൽപ്പിച്ചുകൊടുക്കാൻ തയ്യാറായിരുന്നു.
വിശദാംശങ്ങൾ വ്യത്യസ്തമായിരുന്നേക്കാം, എന്നാൽ ലോകവ്യാപകമായി കഥ ഒന്നുതന്നെയാണ്. ജീവിതച്ചെലവ് രൂക്ഷമായി ഉയരുകയാണ്. അനേകരെസംബന്ധിച്ചും അപ്പവും പാലും സുഖഭോഗവസ്തുക്കളായിത്തീർന്നിരിക്കുന്നു. ഒരു ദിവസം മൂന്നു നേരം ഭക്ഷണം കഴിക്കുക അപൂർവമാണ്. നൈജീറിയായിൽനിന്നുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഇന്നുവരെ മിക്ക നൈജീറിയാക്കാരുടെയും മുഖ്യാഹാരമായിരുന്ന റൊട്ടി ധനികർ മാത്രമാണ് ഭക്ഷിക്കുന്നത്. വിശേഷാവസരങ്ങളിൽമാത്രമാണ് ചോറ് ഭക്ഷിക്കുന്നത്.”
ചിലർ നീണ്ട മണിക്കൂറുകൾ ജോലിചെയ്തുകൊണ്ട് പ്രശ്നത്തിനു നീക്കുപോക്കുകാണുന്നു. എന്നാൽ മററു ചിലർ ജോലികിട്ടുക പ്രയാസമാണെന്ന് അല്ലെങ്കിൽ അസാദ്ധ്യം പോലുമാണെന്ന് കണ്ടെത്തുന്നു. അവർ ആഹാരം തേടുകയെന്ന അനന്തവും മിക്കപ്പോഴും നിഷ്ഫലവുമായ ജോലിക്ക് ഓരോ ദിവസവും വിനിയോഗിക്കാൻ നിർബന്ധിതരായിത്തീരുന്നു. അവരെ സംബന്ധിച്ച് അത് കേവലം ജീവിതച്ചെലവിനെ നേരിടുന്ന പ്രശ്നം മാത്രമല്ല, പിന്നെയോ നിലനിൽപ്പിന്റെ ചെലവിനെ നേരിടാനുള്ള പോരാട്ടത്തിന്റെ സംഗതിയാണ്.
മിക്കപ്പോഴും വില്ലൻ പണപ്പെരുപ്പമാണ്, അല്ലെങ്കിൽ ഉയർന്നുകൊണ്ടിരിക്കുന്ന വിലകളാണ്. ശമ്പളങ്ങളും ഉയർന്നേക്കാം, എന്നാൽ അവ അപൂർവമായേ വിലക്കയററത്തിനൊപ്പം നിൽക്കുന്നുള്ളു. വിശേഷിച്ച് പെൻഷൻകാരെയോ തൊഴിൽരഹിതരെയോ പോലെയുള്ള സ്ഥിരവരുമാനക്കാരെയാണ് കഠിനമായി ബാധിക്കുന്നത്. സമീപവർഷങ്ങളിൽ വികസനം കുറഞ്ഞ അനേകം രാജ്യങ്ങളിൽ ജീവിതനിലവാരത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ധനികർ കൂടുതൽ ധനികരായിത്തീരുന്നുണ്ടായിരിക്കാമെങ്കിലും ലോകവ്യാപകമായ ഒരു തോതിൽ തീർച്ചയായും ദരിദ്രർ കൂടുതൽ ദരിദ്രരായിത്തീരുകയാണെന്ന് സത്യമായി പറയാൻ കഴിയും. നിങ്ങളുടെ രാജ്യത്തെ സാഹചര്യം അതാണോ?
സാമ്പത്തികപ്രയാസത്താലുള്ള അസ്വസ്ഥത
അനേകർ പ്രതിഷേധശബ്ദങ്ങളുയർത്തുന്നത് അതിശയമല്ല. ഉദാഹരണത്തിന്, ചിയപ്പാസ്, ഓക്സക്കാ എന്നീ പ്രവിശ്യകളിൽനിന്നുള്ള ദരിദ്രരാക്കപ്പെട്ട അദ്ധ്യാപകർ തങ്ങളുടെ ജാഗ്രത സാമ്പത്തികനീതി വരുത്തുമെന്നുള്ള പ്രത്യാശയിൽ മെക്സിക്കോ നഗരത്തിന്റെ പ്രധാന വീഥിയിൽ കൂടാരങ്ങൾ സ്ഥാപിച്ചു. “ആളുകൾ ചൂഷണംചെയ്യപ്പെടുകയാണ്,” അവരിലൊരാൾ തറപ്പിച്ചുപറയുന്നു. മററു രാജ്യങ്ങളിൽ വിലകൾ കുത്തനെ ഉയർന്നപ്പോൾ ലഹളകൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
നിശബ്ദമെങ്കിലും ധനികർക്കെതിരായ ദരിദ്രരുടെ അപകടകരമായ വിപ്ലവം എന്നു ചിലർ വർണ്ണിക്കുന്ന കുററകൃത്യവും കൂണുപോലെ മുളക്കുകയാണ്. അപകൃത്യങ്ങളുടെ അന്താരാഷ്ട്ര തിരത്തള്ളൽ വളരെയധികം പൗരൻമാരുടെ നിരാശാജനകമായ സാമ്പത്തികദുരവസ്ഥമൂലമാണെന്ന് ഒരു പോലീസ് സെമിനാർ ആരോപിക്കുകയുണ്ടായി. ചിലപ്പോൾ സാമ്പത്തികവൈഫല്യങ്ങൾ വൃത്തികെട്ട ഗതിയിലായിത്തീരുന്നു. 1987-ൽ രണ്ട് ഇൻഡ്യൻഗ്രാമങ്ങളിൽ പട്ടിണികിടന്ന നൂറുകണക്കിനു കർഷകർ 50-ൽപരം ഉയർന്ന ജാതിക്കാരെ കൊലചെയ്തു. തങ്ങൾ ഉയർന്ന ജാതിക്കാരായ ഫ്യൂഡൽ ഭൂഉടമകളാൽ ചൂഷണംചെയ്യപ്പെടുകയാണെന്ന് അവർ വിചാരിച്ചു.
ആരാണ കുററക്കാർ?
ഇരുപതാം നൂററാണ്ടിൽ മുമ്പെന്നത്തേതിലും ധനം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, ഈ നൂററാണ്ട് അവസാനിക്കാൻ പോകുന്നതോടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ദശലക്ഷങ്ങൾ സ്ഥിരമായ ദാരിദ്ര്യത്തിൽ ആണ്ടുപോകുകയാണ്. ഒരു മെച്ചപ്പെട്ട നാളെയുടെ വാഗ്ദാനങ്ങളും, സാമ്പത്തികമായ ഒരു മുന്നേററവും, എല്ലാവർക്കും മാന്യമായ ശമ്പളവും ഒട്ടുമിക്കപ്പോഴും രാഷ്ട്രീയ മിഥ്യാസ്വപ്നങ്ങളാണ്.
ആരിലാണ് അല്ലെങ്കിൽ എന്തിലാണ് പഴിചാരേണ്ടത്? അനേകരും തങ്ങളുടെ ഗവൺമെൻറുകളുടെമേൽ പഴിചാരുന്നു. ഗവൺമെൻറുകൾ അവയുടെ ഭാഗത്ത് മററു രാജ്യങ്ങളുടെ സാമ്പത്തികനയങ്ങളെ പഴിചാരുന്നു. ലോകസാമ്പത്തികക്രമവും ശക്തമായി വിമർശിക്കപ്പെട്ടിരിക്കുന്നു. പ്രസ്പഷ്ടമായി, പ്രശ്നങ്ങൾ സങ്കീർണ്ണങ്ങളാണ്, പരിഹാരങ്ങൾ തെന്നിമാറുകയാണ്. അടുത്ത ലേഖനത്തിൽ, ജീവിതച്ചെലവിന്റെ പ്രതിസന്ധിയുടെ അടിസ്ഥാനകാരണങ്ങളിൽ ചിലതും അവ പരിഹരിക്കാൻ വളരെ പ്രയാസമായിരിക്കുന്നതെന്തുകൊണ്ടെന്നും നാം പരിചിന്തിക്കുന്നതായിരിക്കും. (g89 5⁄8)