എന്തുവിലകൊടുത്തും വിജയിക്കുക—ഒളിമ്പിക്ക് ആത്മാവ്?
കൊറിയക്കാർ ദൃഢനിശ്ചയം ചെയ്തിരുന്നു. സന്ദർശകരമായ ഒളിമ്പിക് കായിക താരങ്ങളുടെയും മററ് സന്ദർശകരുടെയും ലോകവ്യാപകമായ ദശലക്ഷക്കണക്കിന് ടെലിവിഷൻ നിരീക്ഷകരുടെയും ഹൃദയം കവരുന്നതിനുള്ള ഈ അവസരം അവർ നഷ്ടപ്പെടുത്താൻ പോവുകയല്ലായിരുന്നു. ഈ പദ്ധതിയിൽ അവർ ഏഴു വർഷം കഠിനാദ്ധ്വാനം ചെയ്യുകയും 300 കോടി ഡോളർ മുടക്കുകയും ചെയ്തിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയെട്ട് സീയോൾ ഒളിമ്പിക്സ് വിജയിപ്പിക്കുന്നതിന് അവർ അവരുടെ ഹൃദയവും ദേഹിയും ഒഴുക്കി. ഇരുപത്താറായിരത്തിലധികം സ്വമേധയാ സേവകർ സഹായിക്കാനായി രംഗത്ത് എത്തി. ഏതാണ്ട് 2,40,000 പൗരജനങ്ങൾ തെരുവുകൾ ശുചിയാക്കി. പുകക്കുഴലിൽനിന്നുള്ള പുക മാരത്തോൺ ഓട്ടക്കാരെ ശല്യം ചെയ്യാതിരിക്കാൻ 2,200 പൊതു സ്നാന ഘട്ടങ്ങൾ അടച്ചു പൂട്ടപ്പെട്ടു. അതെ, 160 രാജ്യങ്ങളിൽ നിന്നായി ഈ മത്സരങ്ങളിൽ പങ്കെടുത്ത 9,500 കായിക താരങ്ങൾ പങ്കെടുത്ത ചരിത്രത്തിലെ ഏററം വലിയ ഒളിമ്പിക് മത്സരത്തിന് ആതിഥ്യം വഹിക്കാൻ വേണ്ടി അവർ തങ്ങളുടെ അനുദിനജീവിതത്തിൽ മനസ്സോടെ മാററങ്ങൾ വരുത്തി. അതിന്റെ ഫലമായി ഒളിമ്പിക്സ് മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാൻ പ്രാപ്തിയുള്ള വികസിച്ചു വരുന്ന വ്യവസായവൽകൃത ശക്തിയെന്ന നിലയിൽ അവർ കീർത്തി സമ്പാദിച്ചു.
വ്യാപാര ററിവി ഒളിമ്പിക്സിലെ വിജയം
ഒളിമ്പിക് മത്സരങ്ങൾ ഏററം വലിയ വിജയമായിരുന്നത് കൊറിയൻ വ്യാപാരികൾക്കായിരുന്നു. അവർ ലോകത്തിൽ എല്ലായിടത്തുനിന്നുമുള്ള അവരുടെ ഇടപാടുകാരെ അവിടേയ്ക്ക് ക്ഷണിച്ചു. അവർ ഉത്ഘാടന ചടങ്ങിനുള്ള പ്രവേശന ടിക്കററിനുവേണ്ടി “പ്ലാററിനം പേപ്പറിനു” വേണ്ടി നെട്ടോട്ടമോടി. അതു ഫസ്ററ് ക്ലാസ്സ് ടിക്കററുകളുടെ യഥാർത്ഥ വിലയുടെ 20 മടങ്ങിന് അതു വിററു നടന്ന വ്യാജ വില്പനക്കാർക്ക് എളുപ്പത്തിൽ പണം സമ്പാദിക്കാൻ അവസരമുണ്ടാക്കി. ഒളിമ്പിക്സ് കൊറിയാക്കാർക്ക് കിഴക്കേ യൂറോപ്യൻ രാജ്യങ്ങളുമായി വ്യാപാര ഇടപാടുകൾക്ക് വഴിയൊരുക്കി. പുതുതായി വ്യവസായവൽകൃതമായ രാജ്യങ്ങൾക്കിടയിൽ ഒളിമ്പിക്സ് മത്സരങ്ങൾ കൊറിയയ്ക്ക് നേടിക്കൊടുത്ത പ്രചാരം നിസ്സാരമായി തള്ളാവുന്നതല്ല. ലോസ് ഏഞ്ചൽസ് റൈറംസ് റിപ്പോർട്ട് ചെയ്തപ്രകാരം “180 മണിക്കൂർ (NBC) ടെലികാസ്ററിംഗ്!” എന്ന് ഒരു കൊറിയൻ ബിസ്സിനസ്കാരൻ ആഹ്ളാദപൂർവ്വം ഘോഷിച്ചു. “കൊറിയയ്ക്കുവേണ്ടി അത്രയും പരസ്യ സമയം സമ്പാദിക്കാൻ ചെലവിടേണ്ടി വരുന്ന തുക ഊഹിക്കാൻ പോലും സാദ്ധ്യമല്ല.” റിപ്പോർട്ട് അനുസരിച്ച് ഒളിമ്പിക്സ് മത്സരങ്ങൾ ടെലിക്കാസ്ററ് ചെയ്യാനുള്ള അവകാശത്തിനുവേണ്ടി അമേരിക്കൻ നാഷണൽ ബ്രോഡ് കാസ്ററിംഗ് കമ്പനി 300 ദശലക്ഷം ഡോളർ ചെലവിട്ടു.
എന്നിരുന്നാലും ആ പണം കൊണ്ട് അമേരിക്കൻ ശൃംഖല ഒളിമ്പിക്സിൽ സ്വാധീനം നേടി. കൊറിയൻ ബ്രോഡ്കാസ്ററിംഗ് സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥൻ എവേയ്ക്ക്!നോട് ഇപ്രകാരം പറഞ്ഞു: “ഐക്യനാടുകളിൽ ജനപ്രീതി നേടിയിട്ടുള്ള ഇനങ്ങളിലെ അന്തിമ മത്സരങ്ങളുടെ കാര്യത്തിലും യു. എസ്സ്. കായിക താരങ്ങൾ പങ്കെടുത്ത ഇനങ്ങളുടെ കാര്യത്തിലും സമയ പട്ടികയിൽ ചില ക്രമീകരണങ്ങൾ വരുത്തി. അത്തരം മത്സരങ്ങൾ സീയോൾ സമയം രാവിലെ 9നും ഉച്ചതിരിഞ്ഞ് 2നും ഇടയിലേക്ക് മാററുകവഴി അവ ന്യൂയോർക്കിൽ ഏററം അധികം ആളുകൾ ടെലിവിഷൻ കാണുന്ന സമയവുമായി പൊരുത്തപ്പെട്ടു.” ഇതെല്ലാം പങ്കെടുത്തവർക്ക് അസൗകര്യങ്ങൾ ഉണ്ടാക്കിക്കൊണ്ടായിരുന്നു. നേരത്തെയുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻവേണ്ടി ചിലർക്ക് രാവിലെ 5ന് എഴുന്നേൽക്കേണ്ടി വന്നു. “അതു മനസ്സിലാക്കാവുന്നതേയുള്ളു,” ആ ഉദ്ദ്യോഗസ്ഥൻ വിശദീകരിച്ചു. “ടെലിവിഷൻ കമ്പനികളിൽ നിന്നുള്ള ഫീസ്സുകൊണ്ടാണ് പല ഒളിമ്പിക്സ് മത്സരങ്ങളും നിലനിൽക്കുന്നത്. ഈ സംഭാവനകളിൽ 75 ശതമാനവും യു. എസ്സ്. ശൃംഖലകളിൽ നിന്നാണ്.” എന്നിരുന്നാലും ശരാശരി വീക്ഷണ നിരക്ക് പ്രതീക്ഷിച്ചതിലും കുറവായിരുന്നു. അതിന്റെ അർത്ഥം നാഷണൽ ബ്രോഡ്കാസ്ററിംഗ് കോർപ്പറേഷന്, അവർ പരസ്യകാർക്ക് കൊടുത്തിരുന്ന ഉറപ്പ് നിമിത്തം അവരുടെ ലാഭത്തിൽ കുറവ് വന്നുവെന്നാണ്.
ജയവും പരാജയവും
“യാതൊരു സംശയവുമില്ല!” നൂറു മീററർ ഓട്ടത്തിൽ കാനഡയുടെ കായിക താരം ബെൻജോൺസൺന്റെ വിജയത്തിന്റെ പിറേറന്നാളത്തെ ജപ്പാന്റെ മൈനിച്ചി ഡെയിലി ന്യൂസിന്റെ ശീർഷകം അതായിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം അതേ പത്രം “കീർത്തിയിൽ നിന്ന് ദുഷ്കീർത്തിയിലേക്കുള്ള ഏററം വേഗതയേറിയ ഓട്ടം” എന്ന ശീർഷകത്തോടെ തങ്ങളുടെ അഭിപ്രായം തിരുത്തി. പരിശോധനയിൽ ജോൺസൺ ഉത്തേജക ഔഷധങ്ങൾ ഉപയോഗിച്ചിരുന്നതായി തെളിയുകയും കഠിനമായ അദ്ധ്വാനത്തിലൂടെയും പരിശീലനത്തിലൂടെയും സമ്പാദിച്ച സ്വർണ്ണമെഡൽ അയാൾക്ക് നഷ്ടമാവുകയും ചെയ്തു.
നൂറു മീററർ ഓട്ടത്തിൽ ലോകത്തിലെ ഏററം വേഗം കൂടിയ മനുഷ്യൻ ഉത്തേജക ഔഷധം ഉപയോഗിക്കാനുള്ള പ്രലോഭനത്തിൽ വീണുപോയി. അതു “ഒളിമ്പിക്സ് മത്സരങ്ങൾക്കും ഒളിമ്പിക്സ് പ്രസ്ഥാനത്തിനും ഏററം വലിയോരു ആഘാതമായിരുന്നു” എന്ന് ഇൻറർ നാഷണൽ ഒളിമ്പിക്സ് കമ്മററിയുടെ പ്രസിഡൻറ് പറഞ്ഞു. ഔഷധം ഉപയോഗിച്ചതായി കണ്ടുപിടിക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം എന്തു വിലകൊടുത്തും വിജയിക്കാനുള്ള ശ്രമത്തിൽ അവരുടെ മെഡലുകൾ തിരികെ കൊടുക്കേണ്ടി വന്നതും ഉൾപ്പെടുന്നു. മൊത്തം പത്തു ഔഷധ പ്രയോഗ കേസുകൾ 1988 ഒളിമ്പിക്സിനെ നശിപ്പിച്ചു.
എന്നിരുന്നാലും, ന്യൂസ് വീക്ക് മാസിക റിപ്പോർട്ടു ചെയ്തപ്രകാരം “വിവരമില്ലാത്തവരാണ് പിടിക്കപ്പെടുന്നത്” എന്നാണ് യു. എസ്സ് ഷോട്ട് പുട്ടുകാരൻ ഓഗി വുൾഫ് പറഞ്ഞത്. “ബെൻജോൺസണെക്കുറിച്ച് എനിക്ക് സഹതാപമുണ്ട്” ഒരു സോവിയററ് പരിശീലകൻ പറഞ്ഞു. ന്യൂസ് വീക്ക് പറയുന്നതനുസരിച്ച് “ഒരുപക്ഷേ 90 ശതമാനം പേരും . . . ഔഷധം ഉപയോഗിക്കുന്നു. പിടിക്കപ്പെട്ടു എന്നതാണ് ബെൻജോൺസണ് പററിയ അബദ്ധം.” നേരെ മറിച്ച്, യു. എസ്സ്. ഹർഡലർ എഡ്ഹൻ മോസ്സസിന്റെ കാര്യജ്ഞാനമുള്ള ഊഹം പരിശോധനകളെ മറികടക്കാനുള്ള ബുദ്ധിപ്രയോഗിച്ചില്ലായിരുന്നെങ്കിൽ “ഏററം മുന്തിയ കായികതാരങ്ങളിൽ 50 ശതമാനം പേരെങ്കിലും” പിടിക്കപ്പെടുമായിരുന്നു എന്നാണ്. ഉത്തേജക ഔഷധങ്ങളുടെ ഉപയോഗം തങ്ങളെ സഹായിക്കുന്നു എന്ന് ഇത്രയധികം കായിക താരങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ എന്തിനാണ് അവ നിരോധിക്കുന്നത്?
ഒന്നാമതായി അത് ഒളിമ്പിക്സിൽ മാന്യമായ മത്സരത്തിന്റെ ആത്മാവ് നിലനിർത്താനാണ്. കൂടാതെ കായിക താരങ്ങളെ സംരക്ഷിക്കുന്നതിന്റെ സംഗതിയുമുണ്ട്. കായികതാരങ്ങൾക്കിടയിലെ ഔഷധ പ്രയോഗം ഗൗരവമായ ഉൽക്കണ്ഠ ഉണർത്തിയത് 1960-ൽ റോമിലെ മത്സരത്തിൽ ഡെൻമാർക്കിൽ നിന്നുള്ള ഒരു സൈക്കിളിംഗ് താരം ഔഷധ ദുരുപയോഗത്തിന്റെ ഫലമായി മരിച്ചപ്പോഴായിരുന്നു. കുറച്ചും കൂടെ അടുത്തകാലത്ത് 1987-ൽ ഹെപ്ററാത്ലോണിൽ മെഡൽ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന പശ്ചിമ ജർമ്മനിയുടെ ബിർജിററ് ഡ്രെസ്സൽ തന്റെ ഏഴിനം മത്സരത്തിൽ സ്വർണ്ണ മെഡൽ നേടാനുള്ള ശ്രമത്തിൽ ഏതാണ്ട് നൂറോളം വ്യത്യസ്ത ഔഷധങ്ങൾ പ്രയോഗിച്ചതിന്റെ ഫലമായി മരണമടഞ്ഞു. മസ്സിൽ വളർത്താനുള്ള “അത്ഭുത ഔഷധം” അനാബോളിക് സ്റെററോയിഡ് ഉപയോഗിക്കുന്നയാളിന്റെ ശരീരത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു—കരളിലെ കാൻസർ, വന്ധ്യത, വൃക്കകളുടെ തകരാറ്, ഹൃദ്രോഗം എന്നിവ അവയിൽ ചിലതു മാത്രമാണ്.
അപ്പോൾ പിന്നെ കായിക താരങ്ങൾ ഈ ഔഷധങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്? “മെഡൽ നേടാനുള്ള അതിരുകടന്ന ആഗ്രഹമാണ് ഒളിമ്പിക്സിൽ ഔഷധ പ്രയോഗത്തെ ഒരു വലിയ പ്രശ്നമാക്കിയിരിക്കുന്നത്” എന്ന് ഐ. ഒ. സി (അന്തർദേശീയ ഒളിമ്പിക് കമ്മററി)യുടെ മുൻ പ്രസിഡൻറ് ലോർഡ് കില്ലാനിൻ പറയുന്നു. അതെ, എന്തു വിലകൊടുത്തും വിജയിക്കുക എന്ന മനോഭാവമാണ് കായികതാരങ്ങളെ ഔഷധപ്രയോഗത്തിൽ കൊണ്ടെത്തിക്കുന്നത്. ഇതിന്റെയെല്ലാം പിന്നിലെ പ്രേരകശക്തി പണമാണ്.
എന്തു വിലകൊടുത്തും പണം
മൈനിച്ചി ഷിംബൂൺ എന്ന ജാപ്പനീസ് പത്രം അതിന്റെ മുഖ പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു: “കായിക ലോകത്ത് പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള അത്യാഗ്രഹം അതിരുകടന്നു പോയതുകൊണ്ടാണ് ജോൺസണ് അപകീർത്തി സംഭവിച്ചത്.” ഒളിമ്പിക്സിൽ ഒരു സ്വർണ്ണ മെഡൽ നേടുന്നത് ഒരു കായിക താരത്തിന്റെ വ്യാപാരപരമായ മൂല്യം വർദ്ധിപ്പിക്കുന്നു. അതു വഴി ഭാവി മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ തനിക്കു ലഭിക്കാവുന്ന പ്രതിഫലവും തന്റെ ഒരു കയ്യൊപ്പിന് കിട്ടാവുന്ന തുകയും വർദ്ധിക്കുന്നു. ചിലർക്ക് സ്വർണ്ണമെഡൽ നേടിയതിന് പെൻഷനും ബോണസ്സും ലഭിച്ചിട്ടുണ്ട്. സ്വർണ്ണമെഡൽ ജേതാക്കൾക്ക് ഒരു രാജ്യം ഒരു സാധാരണ കൂലിക്കാരന്റെ ഒരു മാസത്തെ വേതനത്തിന്റെ 60 മടങ്ങ് ബോണസ്സായി വാഗ്ദാനം ചെയ്തു.
ഒളിമ്പിക്സ് ലാഭകരമായ ഒരു ബിസ്സിനസ്സാണ്. അതിന്റെ കൊറിയൻ സംഘാടകർ 34,90,00,000 ഡോളറിന്റെ ലാഭം ഉണ്ടാക്കി. ഒളിമ്പിക് മത്സരങ്ങളെ ഇങ്ങനെയൊരു ബിസിനസ്സാക്കി മാററിയതിന് ആരാണ് ഉത്തരവാദി? തീർച്ചയായും ഇൻറർനാഷണൽ ഒളിമ്പിക് കമ്മററി (ഐ. ഒ. സി) തന്നെ എന്ന് ടോക്കിയോയിൽ നിന്നുള്ള പത്രമായ അസ്സാഹി ഈവനിംഗ് ന്യൂസ് കുററപ്പെടുത്തി. “ഒളിമ്പിക് ആത്മാവ് ഉയർത്തിപ്പിടിക്കേണ്ടവർ തന്നെ അതിനെ ഒരു വ്യാപാര പ്രദർശനമാക്കാൻ അനുവദിച്ചിരിക്കുന്നു.”
സ്പോർട്ട്സിൽ ലോകത്തിലെ ഏററം ഉയർന്ന നിലവാരം പുലർത്താൻ ശ്രമിക്കുന്നതിനിടയിൽ കായിക മത്സരം ഒരു തൊഴിലാക്കി മാററുന്നതിന് നേരെ ഐ. ഒ. സി കണ്ണടച്ചിരിക്കുന്നു. പുനർജ്ജീവിപ്പിക്കപ്പെട്ട ഒളിമ്പിക് ഇനമായ ടെന്നീസ്സിൽ “ഇൻസ്ററൻറ് അമച്ചറുകളെ” വച്ചു പൊറുപ്പിച്ചിരിക്കുന്നു. ദശലക്ഷങ്ങൾ സമ്പാദിക്കുന്ന കായിക താരങ്ങൾ തങ്ങളുടെ കോൺട്രാക്ററുകൾ രണ്ടാഴ്ചത്തേക്ക് നിറുത്തലാക്കുകയും ചെലവേറിയ ഹോട്ടലുകളിൽ താമസിക്കുന്നതിനു പകരം ഒളിമ്പിക് ഗ്രാമത്തിൽ താമസിക്കുകയും പണം വാങ്ങാതെ കളിക്കുകയും ചെയ്താൽ അവരെ അമച്ചറുകളായി കണക്കാക്കുന്നു.
ഒളിമ്പിക് തത്വങ്ങളിലെ അത്തരം മാററങ്ങൾ എല്ലാവരും സ്വാഗതം ചെയ്യുന്നില്ല. ദി കൊറിയ ടൈംസ് റിപ്പോർട്ടു ചെയ്തപ്രകാരം “അതു ശരിയല്ല” എന്നാണ് കുവൈററിന്റെ ഐ. ഒ. സി പ്രതിനിധി പറഞ്ഞത്. “ഇത് വാസ്തവത്തിൽ എല്ലാ കായിക മത്സരങ്ങളെയും ബിസിനസ്സാക്കി മാററും.”
ലക്ഷ്യസ്ഥാനം മുന്നിലോ?
തീർച്ചയായും എല്ലാ കായിക താരങ്ങൾക്കും എന്തു വിലകൊടുത്തും ജയിക്കുക എന്ന മനോഭാവം അല്ല ഉണ്ടായിരുന്നത്, എല്ലാവരും പണത്തിനുവേണ്ടി മത്സരിച്ചതുമില്ല. ബോട്ട് ഓടിക്കൽ മത്സരത്തിൽ ഏർപ്പെട്ടിരുന്ന ഒരാൾ കടലിൽ വീണ ഒരു കായിക താരത്തെ കണ്ടിട്ട് മത്സരം ഉപേക്ഷിക്കുകയും അയാളെ രക്ഷിക്കുകയും ചെയ്തു. അതിന്റെ ഫലമായി അയാൾ 21-ാമതായിട്ടാണ് മത്സരം പൂർത്തിയാക്കിയത്. അനേകർ മത്സരത്തിൽ പങ്കെടുക്കുക മാത്രം ചെയ്യുന്നതിൽ സംതൃപ്തി കണ്ടെത്തി. എന്നിരുന്നാലും ആകമാനമായ ഊന്നൽ മാന്യമായി മത്സരിക്കുന്നതിലോ “ഒളിമ്പിക് ആത്മാവിലോ” ആയിരുന്നില്ല മറിച്ച് എന്തു വിലകൊടുത്തും, ഉത്തേജക ഔഷധങ്ങൾ ഉപയോഗിച്ചു പോലും വിജയിക്കുന്നതിലായിരുന്നു. ഔഷധ പ്രശ്നത്തെപ്പററി സംസാരിക്കുകയിൽ യു. എസ്സ്. കായികതാരം എഡ്വിൻ മോസസ്സ് പറഞ്ഞു: “കായിക മത്സരം, ഒരുപക്ഷേ ഒളിമ്പിക് പ്രസ്ഥാനവും തറപററിയിരുന്നു.”
പുരാതന ഒളിമ്പിക് മത്സരങ്ങൾ നിലച്ചുപോയത് എന്തുകൊണ്ടായിരുന്നു എന്ന് കുറിക്കൊള്ളുന്നത് രസാവഹമാണ്. “നമ്മുടെ യുഗത്തിന്റെ നാലാം നൂററാണ്ടോടുകൂടി രാഷ്ട്രീയക്കാരുടെയും സ്വാർത്ഥ താല്പര്യക്കാരായ പണക്കാരുടെയും സ്വാധീനം ഈ മത്സരങ്ങളിലേക്ക് അഴിമതി കടത്തിക്കൊണ്ടുവന്നു. അവ തെയോഡോഷ്യസ് ഒന്നാമ(ചക്രവർത്തി)നാൽ നിർത്തലാക്കപ്പെട്ടു” എന്ന് സീയോൾ ഒളിമ്പിക് സംഘാടക കമ്മററി വിശദീകരിക്കുന്നു. കൃത്യമായും ഈ രണ്ട് ഘടകങ്ങൾ തന്നെ, രാഷ്ട്രീയവും പണവും ആധുനിക ഒളിമ്പിക്സിൽ വീണ്ടും പ്രാധാന്യം നേടിയിരിക്കുന്നു. വാസ്തവത്തിൽ, ഈ ഘടകങ്ങൾ ഇന്ധനമായി ഉതകുന്ന എന്തു വിലകൊടുത്തും ജയിക്കുക എന്ന ആത്മാവ് ഇന്നത്തെ മനുഷ്യ സമുദായത്തെ പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് 1992-ൽ സ്പെയിനിലെ ബാർസെലോണയിൽ ഒളിമ്പിക് മത്സരങ്ങൾ നടക്കുമ്പോഴേക്കും യഥാർത്ഥ ഒളിമ്പിക് ആത്മാവിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് സംഭവിക്കുമോ അതോ അന്നും എന്തു വിലകൊടുത്തും വിജയിക്കാനുള്ള ശ്രമമായിരിക്കുമോ ഉണ്ടായിരിക്കുക? എന്ന് നാമെല്ലാവരും ചോദിച്ചേക്കാം. (g89 5/8)
[16, 17 പേജുകളിലെ ചിത്രം]
മത്സരങ്ങളുടെ ഉത്ഘാടന ചടങ്ങിൽ കൊറിയൻ പ്രതിനിധി സംഘം
[17-ാം പേജിലെ ചിത്രം]
ചില കായിക താരങ്ങൾ ഉത്തേജക ഔഷധങ്ങൾ ഉപയോഗിച്ചത് ഒളിമ്പിക് മത്സരങ്ങൾക്ക് വിലക്ഷണത വരുത്തി വച്ചു