“എന്റെ ഇഷ്ടപ്പെട്ട ഫോട്ടോമോഡൽ”
സ്വീഡനിലെ ഉണരുക! ലേഖകൻ
സ്വീഡന്റെ വടക്ക് വേനലിന്റെ അവസാനഘട്ടം. സൂര്യൻ അസ്തമിക്കുകയാണ്. ഒരു ചതുപ്പുനിലത്തിനു സമീപം കാടുനിറഞ്ഞ ഒരു ഇടവഴിയുടെ അവസാനത്തിൽ പാർക്കു ചെയ്തിരിക്കുന്ന എന്റെ കാറിൽ ഞാൻ വിശ്രമിക്കുകയാണ്. ചതുപ്പുനിലത്തിന്റെ മറുവശത്തെ ഭൂർജ്ജവൃക്ഷങ്ങളെ ഞാൻ അലസമായി നോക്കുന്നു. പെട്ടെന്ന് തവിട്ടുനിറമുള്ള ഒരു വലിയ കരടി കാട്ടിൽനിന്ന് എന്റെ നേരെ ആയാസപ്പെട്ട് ഇറങ്ങിവരുന്നു.
“ഞാൻ പെട്ടെന്ന് കാറിൽനിന്ന് തെന്നിയിറങ്ങുന്നു. എന്റെ കഴുത്തിൽ തൂക്കിയിരുന്ന ക്യാമറായുമായി ഞാൻ ഒരു നല്ല ആംഗിൾ കണ്ടെത്താൻ ചതുപ്പുനിലത്തിലൂടെ നിരങ്ങുന്നു. കരടി നിന്ന് എന്നെ തുറിച്ചുനോക്കുന്നു. ഞാൻ കാറിനെ ഒളിഞ്ഞുനോക്കുന്നു. അത് ഒരു പത്തുസെക്കണ്ടു സമയത്തെ കുതിപ്പിനുള്ള ദൂരത്തിലാണ്. അവൻ തന്റെ വിശാലമായ തല ഉർത്തുന്നു, മണക്കുന്നു, തന്റെ വലിയ ശരീരം കുലുക്കുന്നു, പിന്നെ തുമ്മുന്നു. എന്റെ അടിവയററിൽ ഒരു മുറുക്കം അനുഭവപ്പെടുന്നു.
“അവൻ എന്റെ നേരെ തുടർന്നുനടന്നുവരുമ്പോൾ ഞാൻ സാവധാനത്തിൽ കാറിന്റെ നേരെ വെട്ടിമാറുന്നു. വീണ്ടും അവൻ നിൽക്കുന്നു, ഇപ്പോൾ അവൻ എന്നെ കാണുന്നു. പെട്ടെന്ന് ഒരു ശക്തമായ തുമ്മലോടെ അവൻ എന്റെ നേരെ തിരിക്കുന്നു. ഞാൻ പെട്ടെന്ന് ക്യമറാ ഉയർത്തുന്നു. ഒരു സെക്കണ്ടിനുള്ളിൽ ഞാൻ എന്റെ ക്യാമറായിലൂടെ അവന്റെ കണ്ണിൽ ദൃഷ്ടിപതിപ്പിക്കുന്നു. ഞാൻ ഷട്ടർറിലീസ് പ്രസ്സ്ചെയ്തിട്ട് കാറിലേക്ക് തിരികെ പാഞ്ഞുകയറുന്നു.
“എന്തോരു ഛായാഗ്രഹണം! അത് വളരെ നല്ലതായിരുന്നതുകൊണ്ട് സ്വീഡിഷ് പോസ്റേറാഫീസ് ഒരു പോസ്റേറജ് സ്ററാമ്പിന്റെ രൂപകല്പനയുടെ അടിസ്ഥാനമായി അതുപയോഗിച്ചു.”
പ്രകൃതിഫോട്ടോഗ്രാഫറായ ബെർട്ടിൽ പെറേറഴ്സൺ തവിട്ടുകരടികളുമായുള്ള തന്റെ അഭിമുഖീകരണങ്ങളിലൊന്നിനെ വർണ്ണിക്കുന്നതിങ്ങനെയാണ്.
“ഇത് എന്റെ ഇഷ്ടപ്പെട്ട ഫോട്ടോമോഡലാണ്,” അദ്ദേഹം തുടരുന്നു: “ഇടതൂർന്ന സ്വീഡിഷ്വനങ്ങളിൽ ഈ മനോഹരവും ഭയജനകവുമായ മൃഗത്തെ അഭിമുഖീകരിക്കുക അത്യന്തം അപൂർവമാണ്. അധികംപേർ ഒന്നിനെ കണ്ടിട്ടില്ല, അതിന്റെ ചിത്രമെടുത്തിട്ടുള്ളവർ തീരെ വിരളമാണ്.”
ജാഗ്രതയുള്ള ഒരു ജീവി
കരടി, വലിപ്പമുള്ള, സാവധാനത്തിൽ പ്രവർത്തിക്കുന്ന, കളിതമാശക്കാരനായ ഒരു വിഡ്ഢിയാണെന്നുള്ള ഏത് ആശയങ്ങളും മറന്നേക്കുക,” ബെറിൽ വിശദീകരിക്കുന്നു. “അത് ഉണർവും ജാഗ്രതയും ഉള്ളതും വനത്തിൽ അനായാസം മനുഷ്യനെ തോല്പിക്കുന്നതുമാണ്. ചില കഥകൾപോലെ, നേരെ നിന്നുകൊണ്ടല്ലെങ്കിലും അത് ആക്രമിക്കുകയും പൊരുതുകയും ചെയ്തേക്കാം. ചിലപ്പോഴൊക്കെ സാഹചര്യത്തെ അവലോകനംചെയ്യാൻ അത് എഴുന്നേററുനിൽക്കുന്നു. സാധാരണയായി അപകടം കടന്നുപോകുന്നതുവരെ അത് കുററിക്കാട്ടിലേക്കു പിൻമാറുകയോ കുത്തിയിരിക്കുകയോ ചെയ്യുന്നു. അതവിടെയുണ്ടെന്നുള്ള അത്യല്പമായ ആശയമെങ്കിലും നിങ്ങൾക്കു കിട്ടുന്നതിനുമുമ്പ് അതിന്റെ നല്ല കേൾവിയും സൂക്ഷ്മമായ ഘ്രാണശക്തിയും മുഖേന അതു നിങ്ങളെ കണ്ടുപിടിച്ചേക്കാം.”
“വനത്തിൽ ഒന്നിനെ അഭിമുഖീകരിക്കാനിടയാകുകയാണെങ്കിൽ, ഞാൻ എന്തുചെയ്യണം?” ഞാൻ ചോദിക്കുകയാണ്. “തുടക്കത്തിൽ, അന്ധാളിക്കരുത്. പ്രകോപിപ്പിക്കപ്പെടാത്തപക്ഷം ഒരു കരടി അപൂർവമായേ ആക്രമിക്കുകയുള്ളു. ജാഗ്രതയോടെ പിൻമാറുക. അത് മുറുമുറുക്കുന്നുവെങ്കിൽ ധൃതഗതിയിൽ മാറുക, എന്തുകൊണ്ടെന്നാൽ നിങ്ങൾക്കു സ്വാഗതമില്ലെന്ന് നിങ്ങളോടു പറയുന്നതിനുള്ള അതിന്റെ മാർഗ്ഗമാണത്.
“അഴിച്ചുവിട്ടിരിക്കുന്ന ഒരു പട്ടിയുമായി ഒരിക്കലും വനത്തിൽ പോകരുത്. പട്ടി കരടിയുടെ നേരെ കുരക്കുകയും അതിനെ വെറിപിടിപ്പിക്കുകയും അതിനാൽ ഭയപ്പെടുത്തപ്പെട്ടിട്ട് അതിന്റെ പിന്നാലെ നിങ്ങളുടെ നേരെ ഓടുകയും ചെയ്തേക്കാം! പിന്നീടുള്ള കഥ നിങ്ങൾക്ക് ഊഹിക്കാമല്ലോ.”
ഒരു യഥാർത്ഥ “കുംഭകർണ്ണൻ”
“നിങ്ങളുടെ ഫോട്ടോമോഡൽ എങ്ങനെയാണ് ശീതകാലം കഴിച്ചുകൂട്ടുന്നത്?” ഞാൻ ചോദിക്കുന്നു.
“അതിന്റെ ഭൂഗർഭകുഴിയിൽ,” ബെർട്ടിൽ മറുപടി നൽകുന്നു.
“അതെ, ശിശിരസുഷുപ്തിയിൽ,” ഞാൻ കൂട്ടിച്ചേർക്കുന്നു. “ഇല്ല, അത് കേവലം ഉറങ്ങുകയാണ്,” അദ്ദേഹം വിശദീകരിക്കുന്നു. “ഉറങ്ങുന്ന ഒരു കരടിക്കിട്ട് ഒരു തൊഴികൊടുത്താൽമതി അത് ശീതകാല സുഷുപ്തിയിലല്ലെന്ന് ബോധ്യപ്പെടാൻ. അത് ഒരു മനുഷ്യനെപ്പോലെ ഉണരുകയും പെട്ടെന്ന് പ്രവർത്തനനിരതനാകുകയും ചെയ്യാനിടയുണ്ട്. ഉറങ്ങുന്ന കരടികൾ മരംമുറിക്കുന്ന മോട്ടോർവാളുകളാൽ ഉണർത്തപ്പെടുകയും പൂർണ്ണവേഗത്തിൽ ആ പ്രദേശത്തുനിന്ന് ഓടിപ്പോകുകയും ചെയ്തിട്ടുണ്ട്.”
“കരടിക്ക് കാലങ്ങൾ നന്നായി അറിയാം,” ഞാൻ തുടരുന്നു.
“ഉവ്വ്”, ബെർട്ടിൽ തലകുലുക്കുന്നു, “ഒക്ടോബർ അവസാനത്തോടെ തിന്നുകൊഴുക്കുമ്പോൾ അത് അതിന്റെ കുഴി ഒരുക്കുന്നു, ദേവതാരചുള്ളികളും കരിമ്പായലുംകൊണ്ട് അതിനു മെത്തവിരിക്കുന്നു. അത് ശ്രദ്ധാലുവും സൂക്ഷ്മബുദ്ധിയുമായതുകൊണ്ട് മഞ്ഞുപെയ്യുമ്പോൾ ഒടുവിൽ കുഴിയിൽ പ്രവേശിക്കുന്നതിന് അത് ഒരു ദിവസംകൂടെ കാത്തിരിക്കുന്നു, തന്നിമിത്തം അതിന്റെ വഴിത്താരകൾ പെട്ടെന്ന് മറഞ്ഞുപോകുന്നു. അത് ഏപ്രിൽ മദ്ധ്യത്തോടെ പുറത്തുവരുന്നു. അപ്പോൾ അത് സാധാരണയായി അതിന്റെ മെത്ത പ്രവേശനവാതിൽക്കൽ പുറത്തു വലിച്ചിടുകയും അവിടെ കുറേനേരം കഴിയുകയും ഒടുവിൽ അതിന്റെ വസന്തകാലവിഹാരം തുടങ്ങുകയുംചെയ്യുന്നു.”
അഴകാർന്ന രണ്ടു കരടിക്കുഞ്ഞുങ്ങൾ കളിക്കുന്ന ചിത്രം കാണിച്ചുകൊണ്ട് ബെർട്ടിൽ വിശദീകരിക്കുന്നു: “ജനുവരി അവസാനത്തോടെ കുഴിയിൽ കരടിക്കുഞ്ഞുങ്ങൾ ജനിക്കുന്നു. അപ്പോൾ അവ എലികളെപ്പോലെ ചെറുതാണ്, എന്നാൽ അവ പെട്ടെന്ന് വളരുന്നു. തന്നിമിത്തം വസന്തത്തിൽ അവ പുറത്തുവരുമ്പോൾ അവ ചുററും ഉരുളാനും പോരാടാനും അവയുടെ തള്ളയുടെ അടുത്ത് കളിക്കാനും തക്ക വലിപ്പം വെക്കുന്നു.”
ഓമനിക്കാൻതോന്നുന്ന കുഞ്ഞുങ്ങളെ ആശ്ലേഷിക്കരുത
“വനത്തിലെ വെളിസ്ഥലത്ത് അത്തരം അഴകാർന്ന മൃദുല ഭാണ്ഡങ്ങളെ കാണാനിടയാകുന്ന ഏവനും അവയോടുചേർന്നു കളിക്കാനും അവയെ ആശ്ലേഷിക്കാൻപോലും ഇഷ്ടപ്പെടും,” ഞാൻ സൂചിപ്പിക്കുന്നു.
“ഓ സൂക്ഷിക്കണം,” ബെർട്ടിൽ മുന്നറിയിപ്പുനൽകുന്നു. ഒരു തള്ളക്കരടി അതിന്റെ കുഞ്ഞുങ്ങളെ കാണാവുന്ന ദൂരത്തിൽപോലും എത്തുപെടാൻ നിങ്ങളെ അനുവദിക്കുകയില്ല. അതുകൊണ്ടാണ് ഒരു തള്ളയുടെയും അതിന്റെ കുഞ്ഞുങ്ങളുടെയും ചിത്രങ്ങൾ എടുക്കുക അത്യന്തം പ്രയാസമായിരിക്കുന്നത്. നാലുവർഷത്തെ ഒരു കാലഘട്ടത്തിൽ വ്യത്യസ്തസന്ദർഭങ്ങളിൽ ഒരു വനത്തിലെ ഒരു ഒളിപ്പിടത്തിൽനിന്ന് ഒരു കരടിക്കുടുംബത്തിന്റെ ചിത്രമെടുക്കാൻ ഞാൻ വൃഥാ ശ്രമിച്ചു. അങ്ങനെയിരിക്കെ, മെയ്മാസത്തിൽ ഒരു ദിവസം സൂര്യാസ്തമയത്തിങ്കൽ ഇതു സംഭവിച്ചു:
“ഞാൻ 200 അടി അകലെയുള്ള എന്റെ ഒളിപ്പിടത്തിലേക്കു പോകുകയായിരുന്നു. അപ്പോൾ ഞാൻ ചതുപ്പുനിലത്തിന്റെ നടുക്ക് ഇട്ടിരുന്ന ചീഞ്ഞ മാംസത്തിന്റെ അടുത്ത് ഒരു വലിയ ഭാണ്ഡം കണ്ടു. ഒരു കരടി! പെട്ടെന്ന് ചതുപ്പുനിലത്തിന്റെ വക്കിൽ കഴിഞ്ഞവർഷംമുതൽ പാതി വളർച്ചയെത്തിയ രണ്ടു കരടിക്കുഞ്ഞുങ്ങൾ പ്രത്യക്ഷപ്പെട്ടു. കാററ് എനിക്കനുകൂലമായിരുന്നു, എന്റെ നേരെയാണ് അടിച്ചുകൊണ്ടിരുന്നത്. എന്റെ കഴുത്തിൽ തൂക്കിയിരുന്ന ക്യാമറാകളുമായി ഞാൻ ചതുപ്പുനിലത്തിന്റെ വക്കിലേക്ക് 60 അടി നിരങ്ങിനീങ്ങി ഒരു പൈൻമരത്തിന്റെ മറവിൽ കുത്തിയിരുന്നു—കരടികളിൽനിന്ന് വെറും ഒരു കല്ലേറുദൂരത്തിൽ. കുഞ്ഞുങ്ങൾ തള്ളയോടു ചേർന്നപ്പോൾ അവൾ മാംസം കുഴിച്ചുമൂടുന്നത് അവ ജിജ്ഞാസയോടെ നോക്കിനിന്നു. ഇതിനിടയിൽ ഞാൻ നല്ല പല ചിത്രങ്ങളെടുത്തു.
“സൂര്യാസ്തമനമായതോടെ, ഈ ദൃശ്യത്തിനു കർട്ടൻ വീഴുന്നതിനുമുമ്പ് അധികംപേർ ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചയാണ് ഞാൻ കണ്ടത്. തള്ള കുഴിച്ചിടൽ പൂർത്തിയാക്കിയശേഷം കുഞ്ഞുങ്ങൾ അവളെ അള്ളിപ്പിടിക്കാൻതുടങ്ങി. അവ അവളുടെ പള്ളയിൽ തട്ടുകയും വിരസമായി മുക്കുറയിടുകയുംചെയ്തു. പെട്ടെന്ന് അവൾ ഇരിക്കുകയും തന്റെ കുഞ്ഞുങ്ങളെ മുലയൂട്ടിത്തുടങ്ങുകയുംചെയ്തു. കുറേ കഴിഞ്ഞ് അവൾ പുറംകൊള്ളിച്ചു മറിയുകയും കുഞ്ഞുങ്ങൾ അത്താഴം പൂർത്തിയാക്കവേ സ്നേഹപൂർവം അവയെ തലയുയർത്തിനോക്കുകയുംചെയ്തു. അവക്ക് തൃപ്തിയായപ്പോൾ അവ അവളുടെ വശത്ത് ഉറങ്ങാൻ ചുരുണ്ടുകൂടി.
“ഞാൻ ഗ്രാമീണലളിതമായ രംഗത്തെ ശല്യപ്പെടുത്താതിരിക്കാൻ സാവധാനത്തിൽ സ്ഥലംവിട്ടു. കിടിലംകൊള്ളിക്കുന്ന ഈ അനുഭവത്തിനുശേഷം, ഈ അത്ഭുതമൃഗങ്ങളെ സൃഷ്ടിച്ച ഉദാരനായ ദൈവത്തോട് എനിക്ക് വിനീതമായ നന്ദി തോന്നി.” (g89 5⁄8)
[19-ാം പേജ് നിറയെയുള്ള ചിത്രം]
[20-ാം പേജിലെ ചിത്രങ്ങൾ]
△വനവായുവിന്റെ ഗന്ധം നുകരുന്നു
ജാഗ്രത—തള്ള കുഞ്ഞുങ്ങളുമൊത്ത്▽