ചിപ്പ് ഇന്നത്തെ ഇലക്ട്രോണിക് നിർമ്മാണ ഘടകം
പ്രഭാതങ്ങളിൽ നിങ്ങളുടെ കാപ്പി കൂട്ടിത്തരുന്ന ഡിജിററൽ കോഫി മെഷീൻ, പെൻസിൽ കൊണ്ടുള്ള കണക്കുകൂട്ടലിൽ നിന്നും നിങ്ങളെ വളരെ രക്ഷിക്കുന്ന പോക്കററ് കാൽക്കുലേററർ, ആധുനിക വാഹനങ്ങളിലെ ഡാഷ് ബോർഡുകളിലെ ബഹുവർണ്ണ ഡിസ്പ്ലേകൾ—ഇവക്കെല്ലാം പൊതുവായി ഒരു കാര്യമുണ്ട്: ഒരു ശിശുവിന്റെ തള്ളവിരലിലെ നഖത്തെക്കാൾ വളരെ വലുതല്ലാത്ത കടലാസ്സുപോലെ കട്ടികുറഞ്ഞ സിലിക്കൺ ചിപ്പുകളുടെ ഉപയോഗത്താലാണ് അവയെല്ലാം സാദ്ധ്യമായിരിക്കുന്നത്.
ഈ ചിപ്പുകൾ നിങ്ങൾക്കുള്ള മററു പല വസ്തുക്കളിലും കാണപ്പെടുന്നു—വാച്ചുകൾ, റേഡിയോകൾ, ററി. വികൾ ടെലിഫോണുകൾ, ഗൃഹോപകരണങ്ങൾ, കൂടാതെ ചില പണിയായുധങ്ങൾ തുടങ്ങിയവയിൽ. ഭവനങ്ങളിൽ ഉപയോഗിക്കപ്പെടുന്ന സാധാരണ നിത്യോപയോഗ സാധനങ്ങൾ മുതൽ അതീവ രഹസ്യസൈനികോപയോഗങ്ങൾ വരെ, ലോകത്തിനു ചുററും ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജനങ്ങളുടെ വഴികളെ മാററിമറിക്കുന്നതിൽ ഇലക്ട്രോണിക് അത്ഭുതത്തിന്റെ ഈ ചെറിയ രത്നം ഒരു വലിയ പങ്കുവഹിക്കുന്നു. എന്നാൽ എന്താണ് ഒരു സിലിക്കൺ ചിപ്പ്? അവ എങ്ങനെ ഉണ്ടായി? നിങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് അവ എങ്ങനെ അതിന്റെ വഴികണ്ടെത്തി?
ഒരു ചിപ്പ് എന്താകുന്നു?
അടിസ്ഥാനപരമായി, സൂക്ഷ്മാകാരങ്ങളായ ഇലക്ട്രോണിക് സർക്യൂട്ടുകളുടെ ഒരു സമാഹാരമാണ് ഒരു സിലിക്കൺ ചിപ്പ്. ഒരു ഇലക്ട്രോണിക് സർക്യൂട്ടിനെ, ഈ ലേഖനത്തിലെ ഒരു വാക്യത്തോട് നിങ്ങൾക്കു താരതമ്യപ്പെടുത്താം. എല്ലാ വാക്യങ്ങളും നാമങ്ങൾ ക്രിയകൾ, നാമവിശേഷണങ്ങൾ മുതലായവ പോലുള്ള പൊതുഘടകങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഈ ഘടകങ്ങളെ വ്യത്യസ്ത രീതികളിൽ അടുക്കിവക്കുന്നതിനാൽ പ്രസ്താവനകളായോ ചോദ്യങ്ങളായോ കവിതകൾ പോലുമായോ വാക്യങ്ങളെ ക്രമീകരിക്കാം. ഒരു യുക്തിപരമായ രീതിയിൽ വാക്യങ്ങളെ കൂട്ടിയിണക്കുന്നതിനാൽ നമുക്ക് സംഭാഷണമൊ എഴുത്തോ സാധ്യമാവുന്നു.
ഇലക്ട്രോണിക് സർക്യൂട്ടുകൾ വളരെ സമാനമാണ്. ട്രാൻസിസ്റററുകൾ, ഡയോഡുകൾ, പ്രതിരോധകങ്ങൾ തുടങ്ങിയവ പോലുള്ള പൊതു ഇലക്ട്രോണിക് ഘടകങ്ങൾ വ്യത്യസ്ത രീതികളിൽ ക്രമീകരിച്ച് പലപ്രവൃത്തികൾ ചെയ്യുന്ന ഇലക്ട്രോണിക് സർക്യൂട്ടുകൾ വികസിപ്പിച്ചെടുക്കാം. ഇത്തരം ആയിരക്കണക്കിന് സർക്യൂട്ടുകൾ സംയോജിപ്പിച്ച് എല്ലാത്തരം ഉപയോഗപ്രദങ്ങളായ ഇലക്ട്രോണിക് ധർമ്മങ്ങളും സാധിച്ചെടുക്കാം. തത്വത്തിലെങ്കിലും അത് ഇങ്ങനെയാണ്.
എന്നാൽ, പ്രായോഗിക തലത്തിൽ, ലക്ഷക്കണക്കിന് ഇലക്ട്രോണിക് ഘടകങ്ങളെ കൂട്ടിയിണക്കുന്നത് അതിബൃഹത്തായ ഒരു കൃത്യമാണ്, അവയ്ക്കാവശ്യമായ സ്ഥലത്തെപററി പറയാനുമില്ല. 1940കളുടെ അന്ത്യത്തിൽ കമ്പ്യൂട്ടറുകളുടെ ഒന്നാം തലമുറ കൂട്ടിച്ചേർത്തപ്പോൾ ശാസ്ത്രജ്ഞൻമാർ അഭിമുഖീകരിച്ച പ്രതിബന്ധവും കൃത്യമായി അതായിരുന്നു. ഫിലദൽഫിയയിൽ ENIAC [ഇലക്ട്രോണിക് ന്യൂമറിക്കൽ ഇൻറഗ്രേററർ ആൻഡ് കാൽക്കുലേററർ] എന്നറിയപ്പെടുന്ന അത്തരം ഒരു കമ്പ്യൂട്ടറിന് 1,500 ചതുരശ്ര അടി സ്ഥലം ആവശ്യമായിരുന്നു; ഏതാണ്ട് 19,000 വാക്വം ററ്യൂബുകൾ ഉൾക്കൊണ്ട അതിന്റെ ഭാരം 30 ടണ്ണാണ്! 1,300 നൂറ് വാട്ട് പ്രകാശബൾബുകൾ പ്രവർത്തിപ്പിക്കുവാനാവശ്യമായ ഊർജ്ജം ഈ ഭീമന് ആവശ്യമായിരുന്നു. വിദ്യുച്ഛക്തിക്കായുള്ള ഇതിന്റെ ആസക്തി രസകരങ്ങളായ കഥകൾക്കു തുടക്കമിട്ടു. അതിലൊന്ന് ഇതു പ്രവർത്തിക്കുവാൻ തുടങ്ങുമ്പോൾ പടിഞ്ഞാറൻ ഫിലാദൽഫിയയിലെ എല്ലാ ലൈററുകളും മങ്ങുമായിരുന്നു എന്ന് അവകാശപ്പെട്ടു.
ഇത്രമാത്രം ബൃഹത്താണെങ്കിലും, ENIACയും അതിന്റെ സമൻമാരും കമ്പ്യൂട്ടറുകളുടെ ഇന്നത്തെ തലമുറയുമായി താരതമ്യപ്പെടുത്തപ്പെടുമ്പോൾ കേവലം നിസ്സാരൻമാരാണ്. മേശപ്പുറത്ത് വയ്ക്കാവുന്ന ഇന്നത്തെ ഒരു കമ്പ്യൂട്ടറിന് ഒരു സെക്കണ്ടിൽ ദശലക്ഷക്കണക്കിന് പ്രവർത്തനങ്ങൾ നിർവ്വഹിക്കുവാൻ സാധിക്കുമ്പോൾ, ENIAC ഒരു സെക്കണ്ടിൽ ഏതാണ്ട് 5,000 കൂട്ടലുകളോ വേറും 300 ഗുണനങ്ങളുമോ എന്ന തോതിൽ ഇഴഞ്ഞു നീങ്ങി. ഏതാനും ശതം ഡോളറുകൾ മാത്രം വിലയുള്ള ഇന്നത്തെ കമ്പ്യൂട്ടറുകൾക്ക് ഒരു ലക്ഷമോ അതിൽ അധികമോ എണ്ണത്തിൽ ആന്തരിക ഓർമ്മകൾ സംഭരിച്ചുവെക്കാൻ കഴിവുള്ളപ്പോൾ, മറെറാരു മുൻകാല ഭീമനായിരുന്ന EDVACക്ക് 1,024 എണ്ണം മാത്രം സംഭരിച്ചു വെക്കുവാനേ സാദ്ധ്യമായിരുന്നുള്ളു. ഇന്നത്തെ കമ്പ്യൂട്ടറുകളെ ഇത്രമാത്രം ശക്തമാക്കുവാൻ തക്കവണ്ണം എന്തു സംഭവിച്ചു?
1960കളുടെ പ്രാരംഭത്തിൽ, ചെറുതും പ്രയോഗക്ഷമവുമായ ട്രാൻസിസ്റററുകൾ രംഗത്തേക്കു കടന്നുവന്നു. മന്ദവും ഊർജ്ജത്തിനായി ആർത്തിപിടിച്ചിരുന്നതുമായ ഭീമൻമാരെ ചെറുതാക്കിക്കൊണ്ടു വരുവാൻ ഒടുവിൽ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻമാർക്കു സാധിച്ചു. ഇപ്പോഴും ഇന്നത്തെ കമ്പ്യൂട്ടറുകൾ നിർമ്മിക്കുവാൻ സാധിക്കുന്നതിന് മുമ്പായി മറെറാരു പുരോഗതിയും കൂടെ ഉണ്ടാകേണ്ടിയിരുന്നു. ഇത് ഫോട്ടോഗ്രാഫിയുടെ ലോകത്തിൽ നിന്നുമായിരുന്നു കടന്നുവരേണ്ടിയിരുന്നത്.
സൂക്ഷ്മീകരണവും ചിപ്പും
നിങ്ങൾക്കറിയാവുന്നതുപോലെ, ശരിയായ ഉപകരണങ്ങൾ ഉപയോഗിച്ച്, ഫോട്ടോഗ്രാഫുകൾ ഒരുവന്റെ ആവശ്യത്തിനനുസൃതമായി ചെറുതാക്കുവാനോ വലിപ്പപ്പെടുത്തുവാനോ കഴിയും. സമീപവർഷങ്ങളിൽ കമ്പ്യൂട്ടർ എഞ്ചിനിയർമാർക്ക് ഫോട്ടോഗ്രാഫിക് മാർഗ്ഗങ്ങളിലൂടെ വലിയ കമ്പ്യൂട്ടർ സർക്യൂട്ട് ബ്ലൂപ്രിൻറുകളെ സൂക്ഷ്മരൂപങ്ങളായി ചെറുതാക്കുവാനുള്ള ഒരു സങ്കേതം വികസിപ്പിച്ചെടുക്കുവാൻ സാധിച്ചു. ഈ ബ്ലൂപ്രിൻറുകൾ ഒരു വൻനഗരത്തിന്റെ തെരുവുകളുടെ പ്ലാൻപോലെ സങ്കീർണ്ണമായേക്കാം, എന്നാൽ അവയെ രൂപത്തിൽ ചെറുതാക്കി കഴിയുമ്പോൾ ഒരു കോൺടാക്ട് ലെൻസിനേക്കാൾ ചെറുതായ ഒരു ചിപ്പിൽ അവ ഒതുങ്ങുന്നു. സാധാരണ ഫോട്ടോഗ്രാഫിക് പേപ്പറുകളിലല്ല ഇത്തരം ഫോട്ടോകൾ രൂപപ്പെടുത്തപ്പെടുന്നത്; മറിച്ച് വളരെ ഘനം കുറഞ്ഞ കടലാസ്സുപോലെയുള്ള ശുദ്ധമായ സിലിക്കണിലാണ്. ഇവ ഭൂമിയിൽ ഏററവും സമൃദ്ധമായുള്ള മൂലകങ്ങളിൽ ഒന്നും സാധാരണ മണലിൽ കാണപ്പെടുന്നതുമാണ്.
സിലിക്കണിന്റെ ചില പ്രത്യേക ഗുണവിശേഷങ്ങൾ അവയെ ചിപ്പു നിർമ്മാണത്തിന് ഏററം യോജിച്ചതാക്കിയിരിക്കുന്നു. ഉദാഹരണത്തിന് പലതരം രാസകലർപ്പുകൾ ചേർക്കുന്നതിനാൽ സിലിക്കണിനെ പ്രതിരോധകങ്ങൾ പോലെയോ കപാസിറററുകൾ പോലെയോ ട്രാൻസിസ്റററുകൾ പോലുമായോ പ്രവർത്തിപ്പിക്കുവാൻ സാധിക്കും. അതിനാൽ ഒരൊററ സിലിക്കൺ ചിപ്പിന്റെ നിശ്ചിതഭാഗങ്ങളിൽ ഇത്തരം കലർപ്പുകൾ പ്രയോഗിക്കുന്നതിനാൽ ഒരു പൂർണ്ണ ഇലക്ട്രോണിക് സർക്യൂട്ടിനെ അവയിൽ പുനരുൽപ്പാദിപ്പിച്ചെടുക്കുവാൻ സാധിക്കും.
ഉരുക്കി, ശുദ്ധീകരിച്ച മണലിൽ നിന്നും സിലിക്കൺ ക്രിസ്ററലുകൾ, അവ സലാമി കുഴലുകളുടെ സാദൃശ്യത്തിലാകുന്നതുവരെ വളർത്തിയെടുക്കുന്നു. അപ്പോൾ അവയെ ഘനം കുറഞ്ഞ ബിസ്കററ് രൂപത്തിൽ മുറിച്ചെടുക്കുകയും സവിശേഷമായി ലേപനം ചെയ്യുകയും ചെയ്യുന്നു. വലിയ ഇലക്ട്രോണിക് സർക്യൂട്ടുകളുടെ ചെറിയ പ്രതിരൂപങ്ങൾ ഇവയിൽ ക്രമാനുഗതമായ ശ്രേണികളിലായി കൊത്തുപണിചെയ്തെടുക്കുന്നു. ഉചിതമായ സ്ഥാനങ്ങളിൽ രാസകലർപ്പുകൾ ചേർക്കപ്പെടുന്നു. ഇപ്പോൾ ചിപ്പുകളിൽ രൂപീകരിക്കപ്പെട്ടിരിക്കുന്നത് കേവലം ചിത്രങ്ങളല്ല, മറിച്ച് യഥാർത്ഥത്തിൽ പ്രവർത്തനക്ഷമമായ ഇലക്ട്രോണിക് സർക്യൂട്ടുകൾ ആയിരിക്കും. ഇവ ഇൻറഗ്രേററഡ് സർക്യൂട്ടുകൾ എന്നോ, ചുരുക്കത്തിൽ ഐ. സി. കൾ എന്നോ വിളിക്കപ്പെടുന്നു.
ആയിരത്തിതൊള്ളായിരത്തിഅറുപതുകളിൽ നിർമ്മിക്കപ്പെട്ടിരുന്ന ഇൻറഗ്രേററഡ് സർക്യൂട്ടുകൾ ഏകദേശം നൂറോളം ഇലക്ട്രോണിക് ഘടകങ്ങൾ ഉൾക്കൊണ്ടിരുന്നു. ലബോറട്ടറികൾക്കും മററു സ്ഥാപനങ്ങൾക്കുംവേണ്ടി സ്യൂട്ട്കേസ് രൂപത്തിലുള്ള “ചെറിയ” കമ്പ്യൂട്ടറുകൾ നിർമ്മിക്കുവാൻ എൻജിനിയർമാരെ ഇതു പ്രാപ്തരാക്കി. 1970കളുടെ അവസാനത്തോടെ ഒരു ലക്ഷത്തിലധികം ഘടകങ്ങളോടെയുള്ള LSI (ലാർജ്-സ്കെയിൽ-ഇൻറഗ്രേഷൻ) ചിപ്പുകൾ നിർമ്മിക്കപ്പെട്ടു. ഒരു കാർ ഓടിക്കുന്നതു പോലെയോ ഒരു മൈക്രോവേവ് ഓവൻ പ്രവർത്തിപ്പിക്കുന്നതുപോലെയോ സൈദ്ധാന്തികമായി ഒരു പൂർണ്ണ കമ്പ്യൂട്ടർ ചെയ്യുന്ന പ്രവർത്തനങ്ങൾ ചെയ്യുവാൻ കഴിയുന്ന വിധം സങ്കിർണ്ണമാണ് ഈ ചിപ്പുകൾ. ഇന്നു കമ്പ്യൂട്ടർ ശാസ്ത്രകാരൻമാർ ദശലക്ഷക്കണക്കിനു ഘടകങ്ങൾ ഉൾക്കൊള്ളുന്ന VLSI (വെരി ലാർജ്-സ്കെയിൽ-ഇൻറഗ്രേഷൻ) ചിപ്പുകളെക്കുറിച്ചു സംസാരിക്കുന്നു. 1,000 ചതുരശ്ര മൈലുള്ള ഒരു നഗരത്തിന്റെ തെരുവുകളുടെ പ്ലാൻ, അല്ലെങ്കിൽ അലാസ്കായുടെ രണ്ടിരട്ടി വിസ്താരം 1⁄4 ചതുരശ്ര ഇഞ്ചുള്ള ഒരു ചിപ്പിലേക്ക് ഒതുക്കുന്നത് സങ്കൽപ്പിക്കുക.!
ചിപ്പും നിങ്ങളും
ചിപ്പുകളുടെ ഉപയോഗം സങ്കീർണ്ണങ്ങളായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മിതികളിൽ ആവശ്യമായിരിക്കുന്ന, വിരസത ഉളവാക്കുന്ന വിളക്കലുകളും, കൈപ്പണികളും ഒഴിവാക്കുന്നു. ഇത് ഉൽപ്പന്നത്തെ ചെറുതും ചെലവു കുറഞ്ഞതും കൂടുതൽ ആശ്രയയോഗ്യവുമാക്കിയിരിക്കുന്നു. വൻതോതിലുള്ള ഉൽപാദനം ശബ്ദസമന്വയം പോലെ പ്രത്യേക പാടവങ്ങൾ ഉള്ള ചിപ്പുകളുടെ വില സമൂലമായി കുറച്ചിരിക്കുന്നു; അതിനാൽ അവ ഇന്നത്തെ മിക്കവാറും ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കപ്പെടുന്നു.
അപ്രകാരം ചിപ്പുകൾ നമുക്കു ചുററുപാടുമുള്ള സംസാരിക്കുന്നതും സാധനങ്ങൾ വിൽക്കുന്നതുമായ മെഷീനുകളിലും വാഹനങ്ങളിലും ഉപയോഗിക്കപ്പെടുന്നതായി നാം കാണുന്നു. ചില രാജ്യങ്ങളിൽ നിങ്ങൾക്കു സമയം പറഞ്ഞുതരുന്നതോ ഒരു ഫോൺ നമ്പർ നൽകുന്നതോ ആയ ടെലിഫോൺ “ഓപ്പറേററർ” സിലിക്കൺ കൊണ്ടായിരിക്കാം ഉണ്ടാക്കപ്പെട്ടിരിക്കുന്നത്! നിങ്ങളുടെ വാക്കുകളാലുള്ള കൽപ്പനകൾ മനസ്സിലാക്കിയെടുക്കുവാനായി ചിപ്പുകൾ ഉപയോഗിക്കുന്ന ഉപഭോക്ത്രോൽപ്പന്നങ്ങളും ഇന്നു ജന സമ്മിതിയാർജ്ജിച്ചു വരുന്നു. ഇവയിൽ ചിലത് വെറും തട്ടിപ്പുകൾ മാത്രമായിരിക്കാം; എന്നാൽ മററു ചിലതിന് ശാരീരിക വൈകല്യങ്ങൾ ഉള്ള വ്യക്തികൾക്ക് വളരെ ആവശ്യമായിരിക്കുന്ന സഹായം നൽകുവാൻ സാധിക്കും.
വ്യാവസായിക വ്യാപാര മേഖലകളിലും ചിപ്പുകൾ ഉപയോഗിക്കപ്പെടുന്നു. വ്യവസായ ശാലകളിൽ മടുപ്പുളവാക്കുന്നതും ആവർത്തന വിരസതയാർന്നതും അപകടകരവുമായ ജോലികളിൽ മനുഷ്യർക്കു ബദലായിരിക്കുന്ന യന്ത്ര മനുഷ്യരെ നിയന്ത്രിക്കുവാൻ അവ ഉപയോഗിക്കപ്പെടുന്നു. അവ ഇപ്പോൾ തന്നെ വാഹന നിർമ്മാണശാലകളിൽ വെൽഡിംഗ് പെയിൻറിംഗ് തുടങ്ങിയ ജോലികൾ ചെയ്തുകൊണ്ട് കടന്നുചെന്നിരിക്കുന്നു. ഓഫീസുകളിൽ വളരെ പെട്ടെന്ന് റൈറപ്റൈറററുകൾ ഇലക്ട്രോണിക് വേർഡ് പ്രോസസ്സറുകളാൽ സ്ഥാനം മാററപ്പെട്ടുകൊണ്ടിരിക്കുന്നു. അവ നിങ്ങളുടെ സ്പെല്ലിംഗ് പരിശോധിക്കുന്നു. മുഴുവൻ രേഖയും വീണ്ടും ടൈപ്പ് ചെയ്യാതെ മാററങ്ങൾ വരുത്തുവാൻ നിങ്ങളെ അനുവദിക്കുന്നു, ഓട്ടോമാററിക്കായി തപാൽ ലേബലുകൾ പോലും അച്ചടിക്കുന്നു. എന്നിരുന്നാലും ഇത് ചിലപ്പോൾ മുഴുവനായി ഒരു അനുഗ്രഹമല്ലാതിരുന്നേക്കാം. വെള്ളക്കോളർ ജോലിക്കാർ തങ്ങളുടെ കഠിനവും വിരസവുമായ ഓഫീസ് നടപടികളിൽ നിന്നു വിമുക്തരാക്കപ്പെട്ടേക്കാം; എന്നാൽ അതിനു പകരം അവരുടെ ശ്രദ്ധ അധികമധികമായി തങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് പററിച്ചേർന്നു പൊയ്ക്കൊണ്ടിരിക്കുന്നു.
മറുപുറത്ത് സിലിക്കൺ ചിപ്പുകൾ ഈ തലമുറ ദർശിച്ച വാർത്താവിനിമയ രംഗത്തെ സമൂലപരിവർത്തനത്തിന് ശ്രദ്ധാർഹമായി സംഭാവന ചെയ്തിരിക്കുന്നു. നിങ്ങൾ വായിക്കുന്ന മാസിക കമ്പ്യൂട്ടർ സ്ക്രീനുകളിലാണ് എഴുതപ്പെട്ടത്. കമ്പ്യൂട്ടറാണു റൈറപ്പ്സെററ് ചെയ്തത്. കമ്പ്യൂട്ടറുകളുടെ സഹായത്തോടെയാണ് അച്ചടിക്കപ്പെട്ടതും.
സത്യമായി വാച്ച്ടവർ സൊസൈററി അതിന്റെ അനന്യമായ മെപ്സ്സ് സിസ്ററത്തിലൂടെ (മൾട്ടി ലാംഗ്വേജ് ഇലക്ടോണിക് ഫോട്ടോ റൈറപ് സെററിംഗ് സിസ്ററം) ബഹുഭാഷകളിൽ കമ്പ്യൂട്ടറുകളാൽ തുണക്കപ്പെടുന്ന റൈറപ് സെററിംഗിനും അച്ചടിക്കും ഈ അധികമധികം സാധാരണമാവുന്നതും വിലയേറിയതും പ്രയോജനപ്രദവുമായ ഇലക്ട്രോണിക് നിർമ്മാണഘടകങ്ങളെ—സിലിക്കൺ ചിപ്പുകളെ—ഉപയോഗിക്കുന്നതിനാൽ വഴി തെളിച്ചിരിക്കുന്നു. (g89 5/22)