മനുഷ്യശക്തിയാൽ ഇതു നിർത്താൻ കഴിയുമോ?
ആയുധവ്യാപാരികൾ ദരിദ്രരിൽനിന്ന് വമ്പിച്ച അളവിൽ അവശ്യസാധനങ്ങളും സേവനങ്ങളും അപഹരിക്കുന്നുവെങ്കിലും ജനങ്ങൾ അവരെ തടയാത്തത് എന്തുകൊണ്ട്? ലളിതമായ ഉത്തരം: പണവും ശക്തിയും ആയുധവ്യാപാരത്തിന്റെ വരുതിയിലാണ്. ഈ വൻ വ്യാപാരത്തിന്റെ, വ്യാപ്തി, താൽപ്പര്യങ്ങൾ, രീതികൾ എന്നിവയെക്കുറിച്ചുള്ള പിൻവരുന്ന വസ്തുതകൾ മാനുഷശക്തിക്ക് ഇത് നിർത്താൻ കഴിയാത്തതെന്തുകൊണ്ട് എന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.
അനേകമാളുകൾ ആയുധവ്യാപാരംകൊണ്ട് ജീവിക്കുന്നു. ഈ നൂററാണ്ടിന്റെ ആരംഭം മുതൽ ആയുധവ്യാപാരം ലോകത്തിലെ ഏററവും വലിയ രാജ്യാന്തരവ്യവസായമാണ്. അതു ലോകവ്യാപകമായി 5കോടിയോളം ആളുകൾക്ക് നേരിട്ടോ അല്ലാതെയോ തൊഴിൽ നൽകുന്നു. കൂടാതെ ലോകത്തിലെ ശാസ്ത്രജ്ഞൻമാരിൽ നാലിലൊന്ന് അഥവാ അഞ്ചുലക്ഷത്തോളം സൈനികഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.
ബൃഹത്തായ സാമ്പത്തിക താൽപ്പര്യങ്ങൾ ഉൾപ്പെടുന്നു. 1960 മുതൽ ലോകരാഷ്ട്രങ്ങൾ പതിനഞ്ചുലക്ഷത്തി ഇരുപതിനായിരം കോടി ഡോളർ (1984-ലെ മൂല്യപ്രകാരമുള്ള 1,52,00,00,00,00,000 യു. എസ്സ്. ഡോളർ) ആയുധമൽസരത്തിനു ചെലവഴിച്ചു. ആയുധങ്ങൾക്കുള്ള ആവശ്യം തുടരുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന് 1987ൽ സൈനികച്ചെലവുകൾ ഒരു മിനിട്ടിൽ 18 ലക്ഷം ഡോളർ എന്ന ഒരു പുതിയ ഉച്ചാവസ്ഥയിൽ എത്തി! 1987ൽ നടന്ന ഇരുപത്തിരണ്ടു യുദ്ധങ്ങളിൽ കുറഞ്ഞത് 22ലക്ഷം പേർ മരിച്ചു—രേഖപ്പെടുത്തിയ ചരിത്രത്തിൽ ഏതു മുൻവർഷത്തേതിലുമധികം യുദ്ധങ്ങൾ!a രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ വച്ച് ഏററവും രക്തരൂക്ഷിതവും വിഭവശേഷി ഉപയോഗപ്പെടുത്തിയതുമായ പ്രാദേശിക യുദ്ധമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇറാൻ ഇറാക്ക് യുദ്ധത്തിൽ ലോകമെമ്പാടും നിന്ന് ആയുധങ്ങൾ ശേഖരിക്കപ്പെട്ടു.
സമാധാനത്തെപ്പററി ധാരാളം പറയപ്പെടുന്നുവെങ്കിലും ആഗോള സൈനികച്ചെലവ് ലക്ഷം കോടി ഡോളറിലെത്തിയിരിക്കുന്നു. യഥാർത്ഥത്തിൽ സമാധാനം നിലനിർത്താനുള്ള യത്നങ്ങൾക്കു ചെലവഴിക്കുന്നതിന്റെ മൂവായിരത്തോളം മടങ്ങ് സൈനികസംരംഭങ്ങൾക്കായി ലോകം ചെലവഴിക്കുന്നു!
ആഗോള ആയുധച്ചന്തയുടെ കൗണ്ടറുകൾക്കു പിന്നിൽ അനേകം രാഷ്ട്രങ്ങൾ നിൽക്കുന്നു. രണ്ടു വൻശക്തികളാണ് ലോകത്തിലെ പ്രമുഖ ആയുധവിൽപ്പനക്കാർ. ഫ്രാൻസ്, ബ്രിട്ടൻ, പശ്ചിമജർമ്മനി, ഇററലി ഇവയാണ് പശ്ചിമയൂറോപ്പിന്റെ വലിയ ആയുധക്കച്ചവടക്കാർ. ഗ്രീസ്, സ്പെയിൻ, ആസ്ത്രിയ എന്നിവ അടുത്തകാലത്ത് അവയോടു ചേർന്നു.
നിഷ്പക്ഷരാഷ്ട്രങ്ങൾപോലും ആയുധങ്ങളും സൈനിക സാങ്കേതിക വിദ്യയും വിൽക്കുന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനു ആവിർഭാവമേകി എന്ന ബഹുമതിയുള്ള സ്വീഡനിൽ കയററുമതിക്കായി സ്ഫോടക വസ്തുക്കളും പീരങ്കികളും ജററുവിമാനങ്ങളും നിർമ്മിക്കുന്നതിനുള്ള ലോകത്തേററവും മെച്ചമായ രണ്ടു ആയുധക്കമ്പനികൾ ഉണ്ട്. റെഡ്ക്രോസിനും മനുഷ്യസ്നേഹപരമായ യത്നങ്ങൾക്കും വേണ്ടി പ്രതിജ്ഞാബദ്ധമായ സ്വിററ്സർലണ്ടും അന്തർദ്ദേശീയ ആയുധവ്യാപാരത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ കടുത്ത മൽസരത്തിന് ആക്കം കൂട്ടുവാൻ കൂടുതൽ മൂന്നാം ലോകരാഷ്ട്രങ്ങളും ആയുധഉൽപ്പാദകരായിത്തീരുകയാണ്.
കഴുത്തറപ്പൻ മൽസരം
തങ്ങളുടെ ഉൽപ്പന്നങ്ങൾ (അവ കാറുകളോ, ഷേവിംഗ് ഉപകരണങ്ങളോ, ചൂലുകളോ ആയാലും) ആണ് ഏററവും മെച്ചമെന്ന് പരസ്യങ്ങളിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ എല്ലാ വ്യാപാരികളും ഇഷ്ടപ്പെടുന്നു. അങ്ങനെതന്നെ ചെലവേറിയ മുഴുവർണ്ണവ്യാപാര പത്രികകളിലൂടെ വ്യാപാരികൾ തങ്ങളുടെ മാരക ഉൽപ്പന്നങ്ങളെ ഹിംസാത്മകസുനിശ്ചിതമാക്കപ്പെട്ടവയെന്നു പരസ്യപ്പെടുത്തുന്നു.
പ്രഭാതദിനപ്പത്രത്തിൽ പിൻവരുന്നപോലെ ഒരു പരസ്യം വായിച്ചാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും: “നാശം വിതക്കുന്ന മിസ്സൈലാണോ അന്വേഷിക്കുന്നത്? RBS 70 ഉയർന്ന നശീകരണക്ഷമതയുള്ള സ്ഫോടകവസ്തു വഹിക്കുന്നു”? മറെറാരു പരസ്യം ഭാരം കുറഞ്ഞ ടാങ്ക്വേധ ആയുധത്തെ ഇങ്ങനെ അവതരിപ്പിക്കും: “ഒററ പ്രഹരം—വധം സുനിശ്ചിതം! . . . യാതൊന്നും ഇതു തടയാൻ പര്യാപ്തമല്ല”?
സാധാരണപത്രങ്ങളിൽ പരസ്യപ്പെടുത്തിയാൽ ഇത്തരം പരസ്യങ്ങൾ ജനങ്ങളെ അസ്വസ്ഥരാക്കും. എന്നാൽ ആയുധവ്യാപാരപ്രസിദ്ധീകരണങ്ങൾ ഇവകൊണ്ടു നിറഞ്ഞിരിക്കുന്നു. ശത്രുവിനും ഇതുപോലെ തന്നെ മാരകവും ഇതുപോലെതന്നെ സൂക്ഷ്മതയുള്ളതും ഇത്രതന്നെ സാങ്കേതിക മേൻമയുള്ളതുമായ ഇതേ ആയുധങ്ങൾ നൽകുന്നുവെന്ന് ഒരിടത്തും പറയുന്നില്ല. ഈ ആയുധങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുമെന്നോ ഈ ഭീകരമായ ആയുധങ്ങളാൽ സാമാന്യജനം—ആത്യന്തിക “ഉപഭോക്താക്കൾ”—എങ്ങനെ ബാധിക്കപ്പെടുമെന്നോ ഒരിടത്തും പരാമർശിക്കുന്നില്ല.
വ്യാജവ്യാപാരം
ആയുധം സംബന്ധിച്ച കൂടുതൽ ഇടപാടുകളും ഗവൺമെൻറുകൾ തമ്മിൽ ആണെങ്കിലും രഹസ്യവ്യാപാരമാണിത്. ഒരു സ്വകാര്യ റിപ്പോർട്ടു പറയുന്നത്: “ഒരു വ്യാപകമായ വ്യാപാര സംഘം അംഗീകൃതസരണികളിലെന്നതുപോലെതന്നെ വ്യാജമായും പ്രവർത്തിക്കുന്നു. ഗവൺമെൻറുകൾ സ്വന്തം താത്പര്യങ്ങൾ പിന്തുടരുന്നു, മിക്കപ്പോഴും രഹസ്യമായി.”
ആയുധനിർമ്മാതാക്കളായ അനേകം രാജ്യങ്ങൾക്കും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാഷ്ട്രങ്ങളിലേക്കുള്ള ആയുധക്കയററുമതി നിയന്ത്രിക്കുന്ന കർശനനിയമങ്ങൾ ഉണ്ടെന്നിരുന്നാലും അവരുടെ ആയുധങ്ങൾ യുദ്ധക്കളങ്ങളിലേക്കുള്ള വഴി കണ്ടെത്തുന്നു. സ്റേറാക്ക്ഹോം സാർവ്വദേശീയ സമാധാന ഗവേഷണസ്ഥാപനം കാരണം വിശദീകരിക്കുന്നു: “നിയമാനുസൃതമായ ‘വെളുത്ത’ ആയുധവ്യാപാരവും ‘നിറം മങ്ങിയതും’ ‘കറുത്തതുമായ’ വ്യാജമായ ആയുധഇടപാടുകളും തമ്മിൽ വേർതിരിക്കുന്നതിന് സൂക്ഷ്മമായ ഉപാധികൾ ഒന്നുമില്ല. ആയുധങ്ങൾ വിൽക്കുന്ന ഒരു രാജ്യത്തിനും എങ്ങനെ, ആർക്കെതിരെ, ആരാൽ ഈ ആയുധങ്ങൾ ഉപയോഗിക്കപ്പെടണമെന്ന് പൂർണ്ണമായ നിയന്ത്രണം ചെലുത്താൻ കഴിയുമെന്നു തോന്നുന്നില്ല.” ആയുധവ്യാപാരത്തെക്കുറിച്ചുള്ള ഒരു ന്യൂസ് വീക്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു: “ആയുധവിൽപ്പനക്കുവേണ്ടിയുള്ള മൽസരത്തിൽ കൂടുതൽ രാജ്യങ്ങൾ പ്രവേശിക്കുന്നതോടെ ആയുധ വിൽപ്പന സംബന്ധിച്ച നിയന്ത്രണങ്ങൾ തകരാൻ സാദ്ധ്യതയുണ്ട്.”
ഗവൺമെൻറുകൾ തമ്മിലുള്ള ഈ അന്തർദ്ദേശീയ ആയുധവ്യപാരത്തിന്റെ നിഴലിൽ സ്വകാര്യ വിൽപ്പനക്കാരുടെ ഒരു പടതന്നെ ലോകമാസകലം പ്രവർത്തിക്കുന്നു. അവർ ഉന്നതരാഷ്ട്രീയ സൈനിക വൃത്തങ്ങളിൽ സമ്പർക്കം പുലർത്തുന്നു. ഇവരുടെയിടയിൽ വലിയ ആയുധ വ്യവസായികൾ നിയമിച്ചിട്ടുള്ള വിൽപ്പനക്കാർ, ഒരിക്കലും ആയുധം തൊടാത്ത ഏജൻറൻമാർ (മദ്ധ്യവർത്തികൾ), ആയുധങ്ങൾക്കുവേണ്ടി മയക്കുമരുന്ന് വ്യാപാരം ചെയ്യുന്ന കള്ളക്കടത്തുകാർ, ചെറുകിട കൊള്ളലാഭമോഹികൾ എന്നിവരുണ്ട്.
പണത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലിൽ ചില ആയുധക്കമ്പനികൾ സകല പരിധിയും ലംഘിക്കുന്നു. ആയുധവ്യാപാരത്തിന്റെ ഒരു സൂക്ഷ്മനിരീക്ഷകനായ ആന്തണി സാംപ്സന്റെ അഭിപ്രായപ്രകാരം അവർ ഏർപ്പെടുന്നതായി ആരോപിക്കപ്പെടുന്ന ചില ഉപജാപങ്ങൾ പിൻവരുന്ന ലിസ്ററ് കാണിച്ചു തരുന്നു:
1. യുദ്ധഭീതി വളർത്തുകയും, യുദ്ധാനുകൂലനയങ്ങൾ അംഗീകരിക്കുന്നതിനും ആയുധശേഷി വികസിപ്പിക്കുന്നതിനും തങ്ങളുടെ സ്വന്തം രാജ്യങ്ങളെ നിർബന്ധിക്കുക.
2. ഗവൺമെൻറ് ഉദ്യോഗസ്ഥർക്കു വമ്പിച്ച കൈക്കൂലി നൽകുക.
3. ആയുധങ്ങൾക്കായുള്ള ചെലവ് വർദ്ധിപ്പിക്കുന്നതിന് വിവിധരാജ്യങ്ങളിലെ സൈനിക നീക്കങ്ങളെക്കുറിച്ച് വ്യാജറിപ്പോർട്ടുകൾ പ്രചരിപ്പിക്കുക.
4. പ്രചാരണമാദ്ധ്യമങ്ങളെ നിയന്ത്രിച്ച് പൊതുജനാഭിപ്രായം സ്വാധീനിക്കുക.
5. ഒരു രാജ്യത്തെ മറെറാന്നിനെതിരെ തിരിക്കുക.
6. ആയുധവില കൂട്ടുന്നതിനായി സാർവ്വദേശീയ സമിതികൾ സംഘടിപ്പിക്കുക.
മുമ്പെന്നത്തെക്കാളുമധികം ഇപ്പോഴും ആയുധവ്യാപാരം തഴച്ചുവളരുന്നു. ഈ അതിശക്തമായ ആയുധച്ചന്ത അടച്ചുപൂട്ടാൻ ആർക്കും കഴിയുമെന്നു തോന്നുന്നില്ല. ചരിത്രത്തിൽ ഉണ്ടായിട്ടുള്ളതിലേക്കും വലിയ രണ്ടു സാർവ്വദേശീയ സമാധാന സംഘടനകൾക്ക് സർവ്വരാജ്യസഖ്യത്തിനും അതിന്റെ പിൻഗാമിയായ ഐക്യരാഷ്ട്രങ്ങൾക്കും ‘തങ്ങളുടെ വാളുകളെ കൃഷിയായുധങ്ങളായി അടിച്ചു തീർക്കാൻ’ ഒരു അംഗരാഷ്ട്രത്തെപ്പോലും പ്രേരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ആയുധ വ്യാപാരം ലോകകാര്യങ്ങളുമായി രാഷ്ട്രീയപരമായും സാമ്പത്തികമായും വളരെയേറെ കൂടിക്കുഴഞ്ഞിരിക്കുന്നു. തൻമൂലം ഇതു തടയുക എന്നത് മനുഷ്യപ്രാപ്തിക്കതീതമാണെന്ന് അനേകമാളുകൾ കരുതുന്നു. അപ്പോൾ ആയുധവ്യാപാരം നിർത്താൻ പ്രാപ്തമായ ഏതെങ്കിലും ശക്തിയുണ്ടോ? (g89 6/8)
[അടിക്കുറിപ്പുകൾ]
a ഒരു വർഷംകൊണ്ട് ആയിരമോ അതിലധികമോ മരണം സംഭവിച്ച യുദ്ധങ്ങൾ
[8-ാം പേജിലെ ആകർഷകവാക്യം]
ആയുധ വ്യാപാരികൾ തങ്ങളുടെ മാരകമായ ഉൽപ്പന്നങ്ങളെക്കുറിച്ച് മുഴുവർണ്ണവ്യാപാര പ്രസിദ്ധീകരണങ്ങളിലൂടെ വിപുലമായി പരസ്യം ചെയ്യുന്നു
[7-ാം പേജിലെ ചിത്രങ്ങൾ]
നിഷ്പക്ഷ രാഷ്ട്രങ്ങൾ പോലും ആയുധങ്ങളും സൈനിക സാങ്കേതിക വിദ്യയും വിൽക്കുന്നു