മരണത്തിന്റെ വില്പനക്കാർ—നിങ്ങൾ ഒരു ഇടപാടുകാരനാണോ?
“പുകവലിക്കാരനോട് അതു നിന്നെ കൊല്ലാൻപോകുകയാണെന്ന് ഭൂമിയിൽ സകല മുന്നറിയിപ്പും കൊടുക്കപ്പെട്ടിട്ടുണ്ട്, ഞാനും അതുതന്നെ വിചാരിക്കുന്നു. അതു നിങ്ങളെ കൊല്ലാൻപോകുകയാണെന്ന് ഞാൻ വിചാരിക്കുന്നു. തന്റെ ഉദരത്തിലേക്ക് പുക വിഴുങ്ങുന്ന ഏതു വിഡ്ഢിയും കഷ്ടപ്പെടാൻ പോകുകയാണെന്ന് ഞാൻ വിചാരിക്കുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഒരു സിഗരററുപോലും വലിച്ചിട്ടില്ല. ഞാൻ അതിലൂടെ ധാരാളം പണം സമ്പാദിച്ചിട്ടുണ്ട്. . . . നാം ഈ രാജ്യം നിർമ്മിച്ച ഏക വഴി ലോകത്തിലെ ശേഷിച്ച വിഡ്ഢികൾക്ക് സിഗരററു വിററതിലൂടെയാണ്.”
ലാറി സി. വൈററ് രചിച്ച “മെർച്ചൻറ്സ് ഓഫ് ഡെത്ത്—ദി അമേരിക്കൻ ററുബാക്കൊ ഇൻഡസ്ത്രിയിൽ കെൻറക്കിയിൽ ദീർഘകാലം പുകയില കൃഷിചെയ്തിരുന്ന ജയിംസ് ഷാർപ്പ് പ്രസ്താവിച്ചത്.
ആ നിഷ്ക്കപടമായ പ്രസ്താവന ഒട്ടേറെ വെളിപ്പെടുത്തുന്നുവെങ്കിലും പല ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നില്ല. ലോകമാസകലം നൂറു കോടിയിലധികം ആളുകൾ പുകവലിക്കുന്നതെന്തുകൊണ്ട്? മരണകരമാണെന്നറിയാവുന്ന ഒരു ശീലം തുടരാൻ അവരെ പ്രേരിപ്പിക്കുന്നതെന്താണ്? ഏതായാലും, പുകയിലയുടെ കഥ അടിസ്ഥാനപരമായി മയക്കുമരുന്നിന്റെ കഥതന്നെയാണ്—ലഭ്യതയിലും ആവശ്യത്തിലും അധിഷ്ഠിതം. ലാഭകരമായ വിപണിയില്ലെങ്കിൽ അപ്പോൾ ലഭ്യത ശുഷ്ക്കിക്കുന്നു. അതുകൊണ്ട് എന്തുകൊണ്ടാണ് ആളുകൾ പുകവലിക്കുന്നത്?
ആസക്തിയാണ് അടിസ്ഥാന പദം. നിക്കോട്ടിൻ ശരീരത്തിൽ സ്ഥാനമുറപ്പിച്ചുകഴിഞ്ഞാൽ, നിക്കോട്ടിന്റെ ക്രമമായ ഡോസിന്റെ ദൈനംദിനാവശ്യമുണ്ട്. ആസക്തിയോടുകൂടെ ശീലവും ഒത്തുപോകുന്നു. ശീലത്താൽ സ്ഥാപിതമായിരിക്കുന്ന ചില സാഹചര്യങ്ങൾ ഒരു സിഗരററിനായുള്ള ആഗ്രഹത്തിനു തിരികൊളുത്തുന്നു. അത് ഒരു വ്യക്തി ഉണർന്നെഴുന്നേററാലുടനെയായിരിക്കാം, അല്ലെങ്കിൽ രാവിലത്തെ ഒരു കപ്പു കാപ്പിയോടുകൂടെയായിരിക്കാം, ഉച്ചഭക്ഷണത്തിനുശേഷമുള്ള കുടിയോടെയായിരിക്കാം, ജോലിസ്ഥലത്തെ സമ്മർദ്ദത്തോടെയോ സാമൂഹ്യകൈമാററത്താലോ ആയിരിക്കാം, അല്ലെങ്കിൽ വിനോദത്തിലായിരിക്കാം. പ്രത്യക്ഷത്തിൽ അപ്രധാനമായ ഡസൻകണക്കിനു ശീലങ്ങൾക്ക് ഒരു പുകവലിക്കാനുള്ള സ്വിച്ച് ഓൺചെയ്യാൻ കഴിയും.
അവർ എന്തുകൊണ്ടു പുകവലിച്ചു?
പുകവലിക്കു പിന്നിലെ പ്രേരണാശക്തി മനസ്സിലാക്കാൻ ഉണരുക! പല മുൻ പുകവലിക്കാരുമായി കൂടിക്കാഴ്ച നടത്തി. ദൃഷ്ടാന്തത്തിന്, തന്റെ 50കളിലായിരിക്കുന്ന റേയുണ്ട്, അയാൾ യു.എസ്. നേവിയിലെ ഒരു മുൻ ക്വാർട്ടർമാസ്ററർ ആയിരുന്നു. അയാൾ ഇങ്ങനെ വിശദീകരിച്ചു: “ഞാൻ ആദ്യമായി പുകവലി തുടങ്ങുമ്പോൾ എനിക്ക് 9 വയസ്സായിരുന്നു. എന്നാൽ എനിക്ക് 12 വയസ്സായപ്പോഴാണ് അതു ഗൗരവമായി തുടങ്ങിയത്. പുകവലിനിമിത്തം ഞാൻ ബോയ് സ്ക്കൗട്ടിൽനിന്ന് തള്ളപ്പെട്ടത് ഞാൻ ഓർക്കുന്നു.”
ഉണരുക!: “നിങ്ങൾക്ക് പുകവലിയിൽ താത്പര്യം ഉളവാക്കിയതെന്താണ്?”
റേ: “അതായിരുന്നു അന്തസ്സുള്ള സംഗതി. പുകവലിക്കുന്നത് പുരുഷത്വത്തിന്റെ ലക്ഷണമാണല്ലോ. ആ നാളുകളിലെ പരസ്യങ്ങൾ അഗ്നിശമനജോലിക്കാരും പോലീസുകാരും പുകവലിക്കുന്നതായി കാണിച്ചു. പിന്നീട് എനിക്ക് സമുദ്രസഞ്ചാരത്തിൽ ഉന്നതസമ്മർദ്ദം വരുത്തിക്കൂട്ടുന്ന ഒരു ജോലിയാണുണ്ടായിരുന്നത്. സമ്മർദ്ദത്തെ തരണംചെയ്യാൻ പുകവലി എന്നെ സഹായിക്കുമെന്നു ഞാൻ വിചാരിച്ചു.
“ഞാൻ പ്രതിദിനം ഒന്നര പായ്ക്കററ് [30 സിഗരററ്] വലിക്കുക പതിവായിരുന്നു. സിഗരററ് വലിക്കാതെ ദിവസം ആരംഭിക്കുകയില്ലായിരുന്നു. തീർച്ചയായും ഞാൻ ഉള്ളിലേക്കു പുകവലിക്കുമായിരുന്നു. നിങ്ങൾ ഉള്ളിലേക്കു വലിക്കുന്നില്ലെങ്കിൽ പുകവലിക്കുന്നതിൽ കഴമ്പില്ല.”
ന്യൂയോർക്കിൽനിന്നുള്ള ഒരു വിദഗ്ദ്ധ കലാകാരനായ ബിൽ സമാനമായ ഒരു കഥ പറയുന്നു, അയാളും 50കളിലാണ്:
“പതിമൂന്നു വയസ്സുള്ള ഒരു പയ്യനായിട്ടാണ് ഞാൻ തുടക്കമിട്ടത്. ഞാൻ മുതിർന്നവരെപ്പോലെയായിരിക്കാനാഗ്രഹിച്ചു. ഞാൻ അതിന്റെ പിടിയിലായിക്കഴിഞ്ഞപ്പോൾ എനിക്കു നിർത്താൻകഴിഞ്ഞില്ല. ഒരു സിഗരററ് ഒരു സുഹൃത്തിനെപ്പോലെയായിരുന്നു. യഥാർത്ഥത്തിൽ ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ വീട്ടിൽ സിഗരററില്ലെന്നു മനസ്സിലാക്കുന്നുവെങ്കിൽ ഞാൻ കാലാവസ്ഥ ഗണ്യമാക്കാതെ വീണ്ടും അണിഞ്ഞൊരുങ്ങി പുറത്തുപോയി അടുത്ത ദിവസത്തേക്ക് ഒരു പായ്ക്കററ് വാങ്ങുമായിരുന്നു. ഞാൻ പ്രതിദിനം ഒന്നുരണ്ടു പായ്ക്കററ് വലിക്കുമായിരുന്നു. ഞാൻ ആസക്തനായിരുന്നുവെന്ന് ഞാൻ സമ്മതിക്കുന്നു. അതേസമയം ഞാൻ കടുത്ത കുടിയനുമായിരുന്നു. രണ്ടും ഒത്തുപോകുന്നതുപോലെ തോന്നി, വിശേഷിച്ച് ഞാൻ ധാരാളം സമയം ചെലവഴിച്ചിരുന്ന ബാറുകളിൽ.”
ചെറുപ്പക്കാരിയും ബഹിർമുഖിയുമായിരുന്ന ആമി 12 വയസ്സിൽ പുകവലി തുടങ്ങി. “ആദ്യം അത് തരപ്പടിക്കാരുടെ സമ്മർദ്ദംനിമിത്തമായിരുന്നു. പിന്നീട്, എനിക്ക് 15 വയസ്സായിരുന്നപ്പോൾ എന്റെ ഡാഡി മരിച്ചു. അതിന്റെ സമ്മർദ്ദം എന്നെ കൂടുതലായി ഹേമിച്ചു. എന്നാൽ എനിക്ക് പ്രായമേറിവന്നപ്പോൾ പരസ്യങ്ങൾ എന്നെ സ്വാധീനിച്ചു, വിശേഷാൽ ‘കുട്ടീ, നീ വളരെ പുരോഗമിച്ചിരിക്കുന്നു’ എന്നത്. ഞാൻ ഒരു സർജിക്കൽ നേഴ്സ് ആകാൻ പഠിക്കുന്ന ഒരു ഉദ്യോഗാർത്ഥിയായിരുന്നു. പെട്ടെന്ന് ഞാൻ ദിവസവും മൂന്ന് പായ്ക്കററ് വലിച്ചു. പുകവലിക്ക് എനിക്ക് ഇഷ്ടപ്പെട്ട സമയം അത്താഴത്തിനു ശേഷമായിരുന്നു. ഞാൻ ഫോണിൽ സംസാരിക്കുമ്പോഴുമെല്ലാം വലിക്കുമായിരുന്നു, അതു മിക്കപ്പോഴുമുണ്ടായിരുന്നു.” അവൾ എന്തെങ്കിലും ദുഷ്ഫലങ്ങൾ കണ്ടോ? “എനിക്ക് രാവിലെ ചുമയും തലവേദനയുമുണ്ടായിരുന്നു, ഞാൻ മേലാൽ ശാരീരികമായി പ്രാപ്തയല്ലായിരുന്നു. എന്റെ ബഹുശാലാഭവനത്തിലെ ഗോവണിപ്പടികൾ കയറുമ്പോൾ എനിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുമായിരുന്നു. എനിക്ക് 19 വയസ്സേ ഉണ്ടായിരുന്നുള്ളു!”
ഒരു മുൻ നേവി വൈമാനികനായ ഹാർലി 5-ാമത്തെ വയസ്സിൽ സാമ്പത്തികമാന്ദ്യത്തിന്റെ കാലത്തു പുകവലി തുടങ്ങി, അയാൾക്ക് പ്രായം 60കളിലാണ്! അയാൾ അതു ചെയ്തതെന്തുകൊണ്ടായിരുന്നു? “എന്റെ സ്വദേശമായിരുന്ന സൗത്ത് ഡക്കോട്ടാ ആബർഡീനിൽ എല്ലാ കുട്ടികളും പുകവലിക്കുമായിരുന്നു. നിങ്ങൾ പുകവലിക്കുമ്പോൾ നിങ്ങൾ കഠിനനാണ്.”
ഹാർലി എന്തുകൊണ്ടാണു പുകവലിച്ചതെന്നു പറയുമ്പോൾ ഒട്ടും വാക്കു ചുരുക്കുന്നില്ല. “അത് എനിക്ക് ശുദ്ധമായ ഉല്ലാസമേകി. ഞാൻ ശ്വാസകോശങ്ങൾക്കുള്ളിലേക്ക് പുകവലിക്കുകയും അവിടെ പിടിച്ചുവെക്കുകയും ചെയ്യുമായിരുന്നു. പിന്നെ പുകവളയങ്ങൾ വിടുന്നത് എനിക്കിഷ്ടമായി. സിഗരററ് കൂടാതെ എനിക്കു ജീവിക്കാൻ പാടില്ലെന്നായി. ഞാൻ ദിവസം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും പുകവലിച്ചുകൊണ്ടായിരുന്നു. നേവിയിൽ വെച്ച് ഞാൻ ദിവസവും രണ്ടോ മൂന്നോ പായ്ക്കററും മാസത്തിൽ ഒരു പെട്ടി ചുരുട്ടും വലിക്കുമായിരുന്നു.”
ബില്ലും റേയും ആമിയും ഹാർലിയും പുകവലി നിർത്തി. ദശലക്ഷക്കണക്കിനു മററുള്ളവരും നിർത്തിയിട്ടുണ്ട്—ഐക്യനാടുകളിൽത്തന്നെ 4 കോടി 30 ലക്ഷത്തിലധികംപേർ. എന്നാൽ പുകയിലവില്പനക്കാർ പിൻമാറിയിട്ടില്ല. അവർ എല്ലായ്പ്പോഴും പുതിയ വിപണികളെ ലക്ഷ്യമിടുകയാണ്.
നിങ്ങൾ ഒരു ഇരയാണോ?
വ്യാവസായികരാഷ്ട്രങ്ങളിലെ ഒട്ടേറെ പുരുഷപുകവലിക്കാർ പുകവലി ഉപേക്ഷിക്കുന്നതുകൊണ്ടും സ്വാഭാവികവും പുകവലിയാൽ പ്രേരിതവുമായ മരണങ്ങളാൽ പതിവുകാർ നഷ്ടപ്പെടുന്നതുകൊണ്ടും പുകയിലക്കമ്പനികൾക്ക് പുതിയ വിപണികൾ തേടേണ്ടിവന്നിരിക്കുന്നു. ചില കേസുകളിൽ അവയുടെ വില്പനയെ പ്രോൽസാഹിപ്പിക്കാനുള്ള ശ്രമത്തിൽ അവർ തങ്ങളുടെ പരസ്യതന്ത്രങ്ങൾക്കു മാററം വരുത്തിയിരിക്കുന്നു. റെറന്നിസ്, ഗോൾഫ്ററൂർണമെൻറ്സ് പോലെയുള്ള സ്പോർട്ടസ്സംഭവങ്ങളുടെ രക്ഷാധികാരം പുകവലിക്ക് സങ്കല്പമനുസരിച്ച് ഒരു ശുദ്ധമായ പ്രതിച്ഛായ നൽകാനുള്ള ഫലപ്രദമായ മാർഗ്ഗമാണ്. ലക്ഷ്യമിട്ടിരിക്കുന്ന വിപണികളാണ് മറെറാരു നയതന്ത്രമാററം. നിങ്ങൾ അവരുടെ ഒരു പതിവുകാരനാകാനുള്ള സാദ്ധ്യതയുണ്ടോ?
ലക്ഷ്യം ഒന്ന്: സ്ത്രീകൾ. ദശാബ്ദങ്ങളായി സ്ത്രീകളുടെ ഒരു ന്യൂനപക്ഷം ഗ്ലോറിയാ സ്വാൻസനേപ്പോലെയുള്ള സിനിമാനടികളുടെ ദൃഷ്ടാന്തത്താൽ സഹായിക്കപ്പെട്ടും പ്രോൽസാഹിപ്പിക്കപ്പെട്ടും പുകവലിച്ചിട്ടുണ്ട്. ആ നടി 1917ൽ ഒരു 18വയസ്സുകാരിയായിരിക്കെ പുകവലിച്ചിരുന്നു. യഥാർത്ഥത്തിൽ, “നിങ്ങളുടെ മുടിയും നിങ്ങളുടെ മുഖവും നിങ്ങളുടെ ഇരിപ്പിന്റെ രീതിയും നിങ്ങൾ സിഗരററ് വലിക്കുന്ന രീതിയും. . . . നിങ്ങളെയാണ് കൃത്യമായി എനിക്കു വേണ്ടത്” എന്ന് ഡയറക്ടർ വിശദീകരിച്ച പ്രകാരമുള്ള കാരണത്താലാണ് അവർക്ക് അവരുടെ ആദ്യ ചലച്ചിത്ര റോളുകളിലൊന്ന് കിട്ടിയത്.
ആയിരത്തിത്തൊള്ളായിരത്തിനാല്പതുകളിൽ തന്റെ ഭർത്താവും കടുത്ത പുകവലിക്കാരനുമായിരുന്ന ഹംഫ്രി ബോഗാർട്ടുമൊത്ത് ഫിലിമുകളിൽ അഭിനയിച്ച ലാറൻ ബകാളും പുകവലിയിൽ ഒരു തിളക്കമാർന്ന നേതൃത്വം നൽകി. എന്നാൽ സിഗരററ് വിപണിയുടെ വനിതാവശം എപ്പോഴും പുരുഷവിപണിയുടെ പിന്നിലായിരുന്നു. സ്ത്രീകളെസംബന്ധിച്ച ക്യാൻസർ സ്ഥിതിവിവരണക്കണക്കുകളും അങ്ങനെയായിരുന്നു. ഇപ്പോൾ അവർ സത്വരം പുകവലിയിലും ശ്വാസകോശകാൻസറിലും ഒപ്പമെത്തിക്കൊണ്ടിരിക്കുകയാണ്.
സമീപസംവൽസരങ്ങളിൽ പരസ്യത്തിൽ ഒരു പുതിയ പ്രവണത വികാസംപ്രാപിച്ചിട്ടുണ്ട്. ഇത് ഭാഗികമായി, സമുദായത്തിലെ വനിതകളുടെ മത്സരാത്മക റോളും ഒപ്പം പുകയിലപരസ്യത്തിന്റെ തന്ത്രപരമായ സ്വാധീനവും നിമിത്തമാണ്. വനിതകളിലേക്ക് അയയ്ക്കുന്ന സന്ദേശമെന്താണ്? വിവിധയിനം സിഗരററുകൾ നിർമ്മിക്കുന്ന ഫിലിപ്പ് മോറിസ് കമ്പനി ആധുനികവനിതയെ ലക്ഷ്യംവെച്ചുകൊണ്ട് “വെർജീനിയാ സ്ലിംസ്” ഉല്പാദിപ്പിക്കുന്നു. അവരുടെ മുദ്രാവാക്യം ആമിയെ ആകർഷിച്ചതായിരുന്നു: “കുട്ടീ, നീ വളരെ പുരോഗമിച്ചിരിക്കുന്നു.” ആ പരസ്യം വിരലുകൾക്കിടയിൽ സിഗരററ് പിടിച്ചിരിക്കുന്ന ഒരു ആധുനിക പരിഷ്ക്കാരിപ്പെണ്ണിനെ ചിത്രീകരിക്കുന്നു. എന്നാൽ തങ്ങൾ എത്രത്തോളം പുരോഗമിച്ചിരിക്കുന്നുവെന്ന് ചില സ്ത്രീകൾ തങ്ങളോടുതന്നെ ചോദിക്കുന്നുണ്ടായിരിക്കാം. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്ത്രീകളുടെ മരണനിരക്കിന്റെ കാരണത്തിൽ ശ്വാസകോശകാൻസർ സ്തനാർബ്ബുദത്തെക്കാൾ കവിഞ്ഞിരിക്കുന്നു.
മറെറാരു സിഗരററ് ഇനം സ്ത്രീകൾക്ക് ആദായം വാഗ്ദാനംചെയ്യുന്നു: “ഓരോ പായ്ക്കററിനും 5 എണ്ണം സൗജന്യം!” “പെട്ടിയൊന്നിന് 50 എണ്ണം സൗജന്യം!” ചില വനിതാമാസികകൾ സൗജന്യപായ്ക്കററുകൾക്കുള്ള കൂപ്പണുകൾ പോലും ഉൾപ്പെടുത്തുന്നു!
സിഗരററുകളെ ആകർഷകമാക്കാനുള്ള മറെറാരു എളുപ്പമാർഗ്ഗം ലൈംഗികതയാണ്. ഒരു ബ്രാൻഡ് ക്ഷണിക്കുകയാണ്: “കൂടുതൽ ഉല്ലാസം കണ്ടെത്തുക.” സന്ദേശത്തിൽ ആവശ്യമുണ്ട് എന്ന ഒരു പരസ്യം ഇങ്ങനെ പ്രസ്താവിക്കുന്നു: “ആവശ്യമുണ്ട—നീണ്ട ബന്ധത്തിന് നീളമുള്ള, ഇരുണ്ട അപരിചിതൻ. നല്ല സൗന്ദര്യം, നല്ല അഭിരുചി അത്യാവശ്യം. ഒപ്പ്, പുകവലിയുടെ സംതൃപ്തി ആകാംക്ഷാപൂർവം തേടുന്നയാൾ.” അവതരിപ്പിക്കപ്പെടുന്ന സിഗരററ് നീളമുള്ളതും കറുത്ത കടലാസ്സിലുള്ളതുമാണ്. തന്ത്രപരമായ ഒരു ബന്ധം?
ഫാഷ്യനുമായുള്ള ബന്ധങ്ങൾ സ്ത്രീകൾക്കുവേണ്ടി ഉപയോഗിക്കപ്പെടുന്ന മറെറാരു ചൂണ്ടയാണ്. ഒരു ഇനം “വൈവസ സെയിൻറലോറൻറിന്റെ സ്റൈറലിന്റെയും അഭിരുചിയുടെയും ആഘോഷം” എന്ന് പ്രകീർത്തിക്കപ്പെട്ടു. തൂക്കത്തെക്കുറിച്ചു വിചാരമുള്ള സ്ത്രീകൾക്കുവേണ്ടി മറെറാരു ഇര ഉപയോഗിക്കപ്പെടുന്നു. പരസ്യം ഒരു മെല്ലിച്ച മാതൃകാസ്ത്രീയുടെ ഫോട്ടോ വിശേഷിപ്പിക്കുന്നു, സിഗരററുകൾ “ഏററവും ഭാരരഹിതം—ഏററം ഭാരം കുറഞ്ഞ സ്റൈറൽ” എന്നു വർണ്ണിക്കപ്പെടുന്നു.
സിഗരററ് നിർമ്മാതാക്കൾ ലോകത്തിലെ സ്ത്രീകളെ ലക്ഷ്യംവെക്കുന്നതെന്തുകൊണ്ടാണ്? “വ്യവസായവൽകൃതലോകത്തിലെ പുകവലിക്കാരായ സ്ത്രീപുരുഷൻമാരുടെ ഏതാണ്ട് 30 ശതമാനത്തോടു താരതമ്യപ്പെടുത്തുമ്പോൾ വികസ്വരരാജ്യങ്ങളിൽ 50 ശതമാനത്തിലധികം പുരുഷൻമാരും അഞ്ചു ശതമാനം മാത്രം സ്ത്രീകളും പുകവലിക്കുന്നു”വെന്ന കണക്കിനാൽ ലോകാരോഗ്യസംഘടന ഒരു സ്പഷ്ടമായ സൂചന നൽകുന്നു. ആരോഗ്യത്തിന്റെ കാര്യത്തിൽ അന്തിമമായി ഒടുക്കേണ്ട വില പരിഗണിക്കാതെ പുകയിലലാഭത്തിന് ഇതുവരെ ഉപയുക്തമാക്കാത്ത ഒരു വമ്പിച്ച വിപണിയുണ്ട്. പുകയിലവിൽപനക്കാർക്ക് വിജയം ലഭിച്ചുകൊണ്ടാണിരിക്കുന്നത്. ദി നൂയോർക്ക റൈറംസിൽ പറയുന്നതനുസരിച്ച്, ‘കുട്ടികൾ, വിശേഷിച്ച് പെൺകുട്ടികൾ ഇളംപ്രായത്തിൽ പുകവലിക്കുന്നു’വെന്ന് 1989 ജനുവരിയിൽ പുറത്തുവിട്ട യു.എസ്. സർജൻ ജനറലിന്റെ റിപ്പോർട്ടു പ്രസ്താവിച്ചു, അതിൽ പ്രൈമറിസ്ക്കൂൾ കുട്ടികൾ ഉൾപ്പെടുന്നു. സമീപവർഷങ്ങളിൽ ഐക്യനാടുകളിലെ യുവതികളായ പുകവലിക്കാരുടെ എണ്ണം 40 ശതമാനം വർദ്ധിച്ചുവെന്ന് മറെറാരു പ്രമാണം പറയുന്നു. എന്നാൽ മരണത്തിന്റെയും രോഗത്തിന്റെയും വില്പനക്കാരുടെ ലക്ഷ്യം സ്ത്രീകൾ മാത്രമല്ല.
വർഗ്ഗീയലക്ത്യം
മരണവ്യാപാരികൾ—അമേരിക്കൻ പുകയില വ്യവസായം എന്ന തന്റെ പുസ്തകത്തിൽ ലാറി സി. വൈററ് ഇങ്ങനെ പ്രസ്താവിക്കുന്നു: “സിഗരററ് നിർമ്മാതാക്കൾക്ക് കറുത്തവർ ഒരു നല്ല വിപണിയാണ്. 1986ൽ [ഐക്യനാടുകളിൽ] വെള്ളക്കാരെക്കാൾ ഉയർന്ന ശതമാനം കറുത്തവർ പുകവലിച്ചുവെന്ന് ആരോഗ്യസ്ഥിതിവിവരക്കണക്കുകൾക്കുള്ള ദേശീയകേന്ദ്രം പ്രകടമാക്കി . . . കറുത്തവർ സിഗരററ്പ്രചാരത്തിന്റെ പ്രത്യേകലക്ത്യമായതിനാൽ അവർ വെള്ളക്കാരെ അപേക്ഷിച്ച് ഉയർന്ന അനുപാതത്തിൽ പുകവലിക്കുന്നത് ആശ്ചര്യമല്ല.” അവർ പ്രത്യേക ലക്ഷ്യങ്ങളായിരിക്കുന്നതെന്തുകൊണ്ട്? വാൾസട്രീററ ജേണൽ പറയുന്നതനുസരിച്ച്, ഈ ശീലത്തെ ഉപേക്ഷിക്കുന്നതിൽ പൊതുജനതതിയിൽ പിന്നോട്ടുനിൽക്കുന്ന ഒരു കൂട്ടമാണവർ.” അതുകൊണ്ട് കറുത്തവനായ ഒരു കക്ഷി മിക്കപ്പോഴും “വിശ്വസ്തനായ” ഒരു കക്ഷിയാണ്, ‘മരണം വേർപെടുത്തുംവരെ.’
പുകയിലക്കമ്പനികൾ കറുത്തവർഗ്ഗക്കാരിൽ കേന്ദ്രീകരിക്കുന്നതെങ്ങനെയാണ്? ഗ്രന്ഥകാരനായ വൈററ് ഇങ്ങനെ പ്രസ്താവിക്കുന്നു: “എബണി, ജററ, എസ്സൻസ, എന്നിവപോലെ കറുത്തവരെ ലക്ഷ്യമാക്കുന്ന മാസികകളിൽ സിഗരററുകൾക്ക് വമ്പിച്ച പരസ്യം കൊടുക്കപ്പെടുന്നു. 1985ൽ സിഗരററ്കമ്പനികൾ എബണിയിൽ മാത്രം പരസ്യംചെയ്യുന്നതിന് 33 ലക്ഷം ഡോളർ ചെലവിട്ടു. ഒരു പുകയിലക്കമ്പനി കറുത്തവരായ സ്ത്രീകളുടെ വിപണിയെ ലക്ഷ്യമാക്കി ഒരു വാർഷികഫാഷ്യൻ പ്രദർശനത്തിനും പ്രോൽസാഹനം കൊടുക്കുന്നു. സൗജന്യസിഗരററുകൾ കൊടുക്കപ്പെടുന്നു. മറെറാരു കമ്പനി ഒരു കാലത്ത് ക്രമമായി ജാസ്സ്സംഗീതോൽസവം നടത്തി. കറുത്തവർക്കു പ്രിയമുള്ള സംഗീതോൽസവങ്ങൾക്ക് തുടർന്നു പിന്തുണകൊടുക്കുന്നുമുണ്ട്. കറുത്തവർ എത്ര വിശേഷപ്പെട്ട ഒരു ലക്ഷ്യമാണ്? ഫിലിപ്പ് മോറിസിന്റെ ഒരു വക്താവ് ഇങ്ങനെ പ്രസ്താവിച്ചു: “കറുത്ത വർഗ്ഗക്കാരുടെ വിപണി വളരെ പ്രധാനമാണ്. അത് വളരെ ശക്തമായ ഒന്നാണ്.”
എന്നാൽ പുകയിലരാക്തസൻമാർക്ക് അതിലും പ്രധാനമായ ഒരു വിപണിയുണ്ട്—വർഗ്ഗങ്ങളോ കൂട്ടങ്ങളോ അല്ല, മുഴുജനതകളും! (g89 7/8)
[7-ാം പേജിലെ ആകർഷകവാക്യം]
“ഒരു സിഗരററുള്ളത് ഒരു സുഹൃത്തുള്ളതു പോലെയാണ്”
[9-ാം പേജിലെ ചതുരം]
പുകവലിയും ബർജേഴ്സ് രോഗവും
മക്ലീൻസ് റിപ്പോർട്ടുചെയ്ത കാനഡായിലെ അടുത്ത കാലത്തെ ഒരു കേസ് പുകവലിനിമിത്തമെന്നു പറയപ്പെടുന്ന മറെറാരു രോഗത്തെ പ്രദീപ്തമാക്കുന്നു. റോജർ പെറോൺ 13-ാം വയസ്സിൽ പുകവലി തുടങ്ങി. 27 വയസ്സായപ്പോഴേക്ക് അയാൾക്ക് ബർജേഴ്സ്രോഗം പിടിപെട്ടു. ഒരു കാലിന്റെ മുട്ടിനു താഴെ ഛേദിക്കേണ്ടിവന്നു. അയാൾ പുകവലി തുടർന്നാൽ രോഗാക്രമണം വീണ്ടും ഉണ്ടാകുമെന്ന് അയാൾക്ക് മുന്നറിയിപ്പു കൊടുക്കപ്പെട്ടു. മക്ലീൻസ് ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “എന്നാൽ പെറോൺ മുന്നറിയിപ്പ് അവഗണിച്ചു, 1983-ൽ ഡോക്ടർമാർ അയാളുടെ മറേറ കാലും ഛേദിക്കേണ്ടിവന്നു. അതിനുശേഷം പെറോൺ . . . ഒടുവിൽ പുകവലി ഉപേക്ഷിച്ചു.” ഇപ്പോൾ അയാൾ നഷ്ടപരിഹാരത്തിന് പുകയിലക്കമ്പനിയുടെ പേരിൽ കേസ് കൊടുത്തിരിക്കുകയാണ്.
ബർജേഴ്സ്രോഗം എന്നാലെന്താണ്? “ഒട്ടുമിക്കപ്പോഴും അത് പുകവലിക്കുന്ന പുരുഷൻമാരിലാണ് ഉണ്ടാകുന്നത്. രോഗത്തിന്റെ ലക്ഷണമാണ് രക്തധമനികളിലും സിരകളിലും നാഡികളിലും ഉണ്ടാകുന്ന വീക്കം. അത് ശ്വേതാണുക്കളുടെ നുഴഞ്ഞുകയററത്താൽ രക്തക്കുഴലുകളുടെ കട്ടിയാകലിലേക്കു നയിക്കുന്നു. ആദ്യലക്ഷണങ്ങൾ സാധാരണയായി കാലിലെ തള്ളവിരലിലോ വിരലുകളിലോ ഒരു നീലനിറം ബാധിക്കുന്നതും ബാധിക്കപ്പെട്ട അവയവത്തിൽ തണുപ്പ് അനുഭവപ്പെടുന്നതുമാകുന്നു. നാഡികൾക്കും വീക്കം ഉണ്ടാകുന്നതിനാൽ അവയാൽ നിയന്ത്രിക്കപ്പെടുന്ന ചെറിയ രക്തക്കുഴലുകളിൽ കഠിനവേദനയും സങ്കോചവും ഉണ്ടായേക്കാം. അമിതപ്രവർത്തനംനടത്തുന്ന അനുകമ്പാനാഡികൾ പാദങ്ങൾ അമിതമായി വിയർക്കുന്നതിനും ഇടയാക്കിയേക്കാം, അവയിൽ തണുപ്പനുഭവപ്പെട്ടാലും. . . . രക്തക്കുറവിനാലുള്ള വ്രണങ്ങളും അർബ്ബുദവും തുടർച്ചയായ ബർജേഴ്സ് രോഗത്തിന്റെ സാധാരണ തകരാറുകളാണ്.
“ബർജേഴ്സ്രോഗത്തിന്റെ കാരണം അറിയപ്പെടുന്നില്ല, എന്നാൽ അത് മിക്കപ്പോഴും പുകവലിക്കുന്ന യുവാക്കളിൽ സംഭവിക്കുന്നതുകൊണ്ട് അത് സിഗരററിലെ എന്തിനോടൊ ഉള്ള പ്രതികരണമാണെന്നു വിചാരിക്കപ്പെടുന്നു. ഏററം പ്രധാനപ്പെട്ട ചികിൽസ പുകവലി നിർത്തുകയാണ്.” (ഇററാലിക്സ് ഞങ്ങളുടേത്.)—ദി കൊളംബിയ യൂണിവേഴ്സിററി കോളജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് കംപ്ലീററ് ഹോം മെഡിക്കൽ ഗൈഡ്. ◼
[9-ാം പേജിലെ ചതുരം]
പുകവലിയും ഹൃദയസ്തംഭനങ്ങളും
“സിഗരററ് വലിയും ശ്വാസകോശകാൻസറും മററ് ശ്വാസനാളസംബന്ധമായ രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മിക്കവർക്കും അറിവുണ്ടെങ്കിലും പുകവലി ഹൃദയസ്തംഭനങ്ങളിലെ ഒരു മുഖ്യ അപകടസാദ്ധ്യതയാണെന്ന് തിരിച്ചറിയുന്നില്ല. യഥാർഥത്തിൽ, പുകവലിയെയും ആരോഗ്യത്തെയും സംബന്ധിച്ച സർജൻ ജനറലിന്റെ റിപ്പോർട്ട്, ഓരോ വർഷവും ഹൃദ്സംവഹനരോഗങ്ങളാൽ അമേരിക്കയിൽ [യു. എസ്.] സംഭവിക്കുന്ന മരണങ്ങളിൽ 2,25,000 എണ്ണം പുകവലിയോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണക്കാക്കുന്നു—പുകവലികൊണ്ടുണ്ടാകുന്നതെന്നു പറയപ്പെടുന്ന കാൻസർസംബന്ധവും ശ്വാസനാളരോഗസംബന്ധവുമായ മരണത്തിന്റെ മൊത്തത്തെക്കാൾ വളരെയധികം.
“ററാർ കുറഞ്ഞ, നിക്കോട്ടിൻ കുറഞ്ഞ, സിഗരററുകൾ ഹൃദ്സംവഹന അപകടങ്ങൾ കുറയ്ക്കുമോയെന്ന് പുകവലിക്കാർ മിക്കപ്പോഴും ചോദിക്കാറുണ്ട്. ഉത്തരം ‘ഇല്ല’ എന്നാണെന്നു കാണപ്പെടുന്നു. യഥാർത്ഥത്തിൽ, ഫിൽററർസിഗരററുകളിൽ ചിലത് ഉള്ളിലേക്കു വലിക്കപ്പെടുന്ന കാർബൺമോണോക്സൈഡിന്റെ അളവിനെ വർദ്ധിപ്പിക്കുകയും ഹൃദയത്തിന് ഫിൽറററില്ലാത്ത ഇനങ്ങളെക്കാളധികം ഹാനികരമായിത്തീരുകയും ചെയ്യുന്നു.” (ഇററാലിക്സ് ഞങ്ങളുടേത്.)—ദി കൊളംബിയാ യൂണിവേഴ്സിററി കോളജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് കംപ്ലീററ് ഹോം മെഡിക്കൽ ഗൈഡ്. ◼
[8-ാം പേജിലെ ചിത്രം]
പുകയില പരസ്യങ്ങൾ സ്ത്രീകളെ ലക്ഷ്യം വെക്കുകയും വിജയിക്കുകയും ചെയ്യുന്നു