മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 14: ക്രി. വ. 622 മുതൽ ദൈവഹിതത്തിനു കീഴ്പ്പെടൽ
“ഈ സന്ദേശവാഹകരിൽ ചിലരെ മററുള്ളവർക്കുപരിയായി ഞങ്ങൾ ഉയർത്തി.” അൽ-ബഖാര (സുരാ-2), വാക്യം 253, ഖുറാനിൽ നിന്ന്*
സർവ്വശക്തനും സ്നേഹനിധിയുമായ ഒരു ദൈവത്തിൽ വിശ്വസിക്കുന്ന ആളുകൾ അവന്റെ ഹിതത്തിനു കീഴ്പ്പെടുന്നതിലെ ജ്ഞാനം തിരിച്ചറിയുന്നു. ദിവ്യപരിജ്ഞാനം ഭരമേൽപ്പിക്കപ്പെട്ടവരായ സന്ദേശവാഹകരിലൂടെ അവൻ തങ്ങൾക്ക് പ്രദാനം ചെയ്തിരിക്കുന്ന മാർഗ്ഗദർശനത്തെ അവർ വിലമതിക്കുന്നു. പ്രമുഖ ലോകമതങ്ങളിലൊന്നിലധികം, ഈ സന്ദേശവാഹകരിൽ ചിലരെ മാനിക്കുന്നു. ഉദാഹരണത്തിന് ഇസ്ലാമിന്റെ 80 കോടിയിലധികം വരുന്ന അനുയായികൾ, ആദാം, നോഹ, അബ്രഹാം, മോശെ, ദാവീദ്, യേശു എന്നീ യഹൂദ-ക്രിസ്തീയ ശ്രേഷ്ഠവ്യക്തികളെ ദൈവത്തിന്റെ പ്രമുഖ പ്രവാചകൻമാരായി വീക്ഷിക്കുന്നു. പക്ഷേ ഏഴാമത്തെ ഒരാൾ—പ്രവാചകനായ മുഹമ്മദ്—മറെറല്ലാ സന്ദേശവാഹകൻമാർക്കും ഉപരിയായി ഉയർത്തപ്പെട്ടിരിക്കുന്നു എന്നവർ വിശ്വസിക്കുന്നു.
ഇസ്ലാമെന്ന നാമം അർത്ഥവത്താണ്. കാരണം, അത് കീഴ്പ്പെടലിനെ അഥവാ കീഴടങ്ങലിനെ—ഈ സന്ദർഭത്തിൽ അല്ലാഹുവിന്റെ ഹിതത്തോടും നിയമത്തോടും—അർത്ഥമാക്കുന്നു. കീഴ്പ്പെടലിന്റെ അഥവാ കീഴടങ്ങലിന്റെ ഈ മാർഗ്ഗത്തിലൂടെ ചരിക്കുന്ന ഒരു വ്യക്തിയെ ഒരു “മുസ്ലീം” എന്നു നാമകരണം ചെയ്യുന്നു. അത് ഇസ്ലാം എന്ന പദത്തിന്റെ ക്രിയാർത്ഥപ്രയോഗം ആണ്. “മുസ്ലീങ്ങൾ” കീഴ്പ്പെടേണ്ട ഒരുവൻ അല്ലാഹു ആണ്. ഒരു വ്യക്തിപരമായ നാമം എന്ന നിലയിൽ കാണുമ്പോൾ അല്ലാഹു എന്നത് അൽ-ഇലാഹ് എന്നതിന്റെ ലോപിച്ച രൂപമാണ്. ഈ അറബിപദങ്ങളുടെ അർത്ഥം “ദൈവം” എന്നാണ്. ഈ നാമം ഖുറാനിൽ ഏതാണ്ട് 2,700 പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു.
ഇസ്ലാമിന്റെ അഗ്രഗണ്യനായ പ്രവാചകൻ
ഇസ്ലാമിന്റെ സ്ഥാപകനായ മുഹമ്മദ് ബിൻ അബ്ദുള്ള (അബ്ദുള്ളയുടെ പുത്രൻ) ഏകദേശം ക്രിസ്തുവർഷം 570-ൽ സൗദി അറേബ്യയിലെ മെക്കയിൽ ജനിച്ചു. ആ പ്രദേശത്തെ ബഹുദൈവവിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും അദ്ദേഹത്തിന് അതൃപ്തി തോന്നി. അദ്ദേഹത്തിന് യഹൂദമതത്തോടൊ ക്രിസ്ത്യാനിത്വത്തോടൊ യാതൊരു ആഭിമുഖ്യവും തോന്നിയില്ലെന്നു കാണപ്പെടുന്നു. ഒരു മുസ്ലീം ഗ്രൻഥകാരനായ എച്ച്. എം. ബാഗിൽ ഇങ്ങനെ വിപുലീകരിക്കുന്നു: “യേശുവിന്റെ ആദിമ ഉപദേശങ്ങളിൽ നിന്ന് ക്രിസ്ത്യാനിത്വം ബഹുദൂരം വ്യതിചലിച്ചിരുന്നതുകൊണ്ട് തന്റെ പ്രാരംഭ പദ്ധതിയുടെ ഭാഗമെന്നനിലയിൽ അല്ലാഹു തന്റെ അന്ത്യപ്രവാചകനായ മുഹമ്മദിനെ ഈ മാററങ്ങളത്രയും പുനഃസ്ഥിതീകരിക്കുന്നതിന് ഒരു പുനരുദ്ധാരകൻ എന്നനിലയിൽ അപ്പോൾ അയച്ചു.”
ആചാരാനുഷ്ഠാനങ്ങൾക്ക് മുഹമ്മദ് ഒരു അറേബ്യൻ പരിവേഷം നൽകി. യരൂശലേമിന്റെയും അതിന്റെ ആലയത്തിന്റെയും സ്ഥാനത്ത് മെക്കയെയും അതിന്റെ പരിശുദ്ധാലയമായ കാ-അബയേയും പ്രതിഷ്ഠിച്ചു. യഹൂദൻമാരുടെ ശനിയാഴ്ചക്കും ക്രിസ്ത്യാനികളുടെ ഞായറാഴ്ചക്കും പകരം കൂട്ടായ പ്രാർത്ഥനക്കുള്ള ദിവസം എന്നനിലയിൽ വെള്ളിയാഴ്ചക്ക് സ്ഥാനം നൽകി. കൂടാതെ മോശെക്കും യേശുവിനും പകരം ദൈവത്തിന്റെ അഗ്രഗണ്യനായ പ്രവാചകനെന്നനിലയിൽ മുഹമ്മദ് ഇപ്പോൾ മുസ്ലീങ്ങളാൽ വീക്ഷിക്കപ്പെടാൻ തുടങ്ങി.
നാൽപ്പതാം വയസ്സിനോടടുത്ത് താൻ ദൈവത്തിന്റെ സന്ദേശവാഹകനാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മുഹമ്മദ് പ്രഖ്യാപിച്ചു. ആദ്യമാദ്യം തന്റെ ബന്ധുക്കളോടും സ്നേഹിതരോടും അദ്ദേഹം തന്റെ വിശ്വാസങ്ങൾ പങ്കിട്ടുകൊണ്ട് ക്രമേണ അനുയായികളുടെ ഒരു സംഘത്തെ വളർത്തിക്കൊണ്ടുവന്നു. ഇസ്ലാമിക യുഗത്തിന്റെ യഥാർത്ഥ തുടക്കം ക്രിസ്തുവർഷം 622 ആണ്. അന്നാണ് അദ്ദേഹം മെക്കയിൽ നിന്ന് മദീനയിലേക്ക് കുടിയേറിയത്. ഈ സംഭവത്തെ അറബിയിൽ, “കുടിയേററം” എന്നർത്ഥം വരുന്ന ഹിജ്ജ്റ എന്നു വിളിക്കുന്നു. ഇപ്രകാരം മുസ്ലീം തീയതികൾ ഏ. എച്ച്. എന്ന വിശേഷണത്തോടെ നൽകപ്പെട്ടിരിക്കുന്നു. (A. H. = Anno Hegirae, പലായന വർഷം).
മദീനയിലെ യഹൂദൻമാരെ തന്റെ പുതിയ മതത്തോടും പ്രവാചകനെന്ന നിലയിലുള്ള തന്റെ സ്ഥാനത്തോടും അനുരഞ്ജനപ്പെടുത്താൻ മുഹമ്മദ് ശ്രമിച്ചു. പക്ഷേ പ്രേരണ ഫലിച്ചില്ല. അവർ അദ്ദേഹത്തെ എതിർക്കുകയും മെക്കയിലും മദീനയിലുമുള്ള അദ്ദേഹത്തിന്റെ ശത്രുക്കളുമായി ഗൂഢാലോചന നടത്തുകയും ചെയ്തു. നാളുകൾ കഴിഞ്ഞതോടെ മുഖ്യ യഹൂദ സംഘങ്ങൾ തുരത്തപ്പെട്ടു. ഖുറൈശികൾ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു ഗണത്തെ നശിപ്പിക്കുകയും അവരുടെ പുരുഷൻമാരെ കൊന്ന് അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയും ചെയ്തു.
ഒടുവിൽ ഏ. എച്ച് 8-ൽ (ക്രി. വ. 630) മെക്ക സമാധാനത്തോടെ പിടിച്ചടക്കപ്പെട്ടു. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ മിക്ക പ്രദേശങ്ങളും ഇതിനോടകം കൈവശമാക്കപ്പെട്ടുകഴിഞ്ഞിരുന്നു. മുഹമ്മദിന്റെ മരണത്തിന് ശേഷം കുറെ ദശകങ്ങൾ കഴിഞ്ഞ് പിൻതുടർച്ച സംബന്ധിച്ച വിവാദം രൂക്ഷമായ ആഭ്യന്തര സംഘട്ടനത്തിൽ കലാശിച്ചു. അതിനെ തുടർന്ന് പരിഹാരം എന്ന നിലയിൽ ഇസ്ലാമ്യേതര സംഘങ്ങളോടും ആശയങ്ങളോടും സമുദായം മിക്കവാറും സഹിഷ്ണുതയുടെ ഒരു നിലപാട് കൈക്കൊണ്ടു.
കേവലം ഒരു മതത്തിൽ കവിഞ്ഞ ഒന്ന്
ഇസ്ലാം എന്നത് സംസ്ഥാനം, അതിന്റെ നിയമങ്ങൾ, സാമൂഹ്യ സ്ഥാപനങ്ങൾ, അതിന്റെ സംസ്ക്കാരം എന്നിവയെയെല്ലാം ഭരിക്കുന്ന മൊത്തത്തിലുള്ള ജീവിതഗതിയാണ്. അതുകൊണ്ട് അത് കേവലം ഒരു മതം മാത്രമല്ല. “അതിന്റെ ശക്തമായ രാഷ്ട്രീയ ബലത്തോടും അതിന്റെ ജീവസ്സുററ സംസ്കാരത്തോടും കൂടെ ഇസ്ലാം ആയിരുന്നു കഴിഞ്ഞ 600 വർഷങ്ങളിലധികമായി ലോകത്തിലെ ഏററവും പ്രബലമായ മതം” എന്ന് ആദിമ ഇസ്ലാം എന്ന പുസ്തകം പറയുന്നതെന്തുകൊണ്ട് എന്ന് ഇത് വിശദമാക്കുന്നു.
മുഹമ്മദിന്റെ മരണത്തിനുശേഷം ഒരു നൂററാണ്ടിനകം തന്നെ റോമൻ സാമ്രാജ്യം അതിന്റെ അത്യുച്ചത്തിൽ ആയിരുന്നതിനേക്കാൾ ബൃഹത്തായ ഒരു അറബി സാമ്രാജ്യം ഇൻഡ്യയിൽ തുടങ്ങി വടക്കേ ആഫ്രിക്കയിലൂടെ കടന്ന് സ്പെയിൻ വരെ പരന്നു കിടന്നിരുന്നു. അത് പാശ്ചാത്യ നാഗരികതയെ സമ്പുഷ്ടമാക്കിയ കണ്ടുപിടുത്തങ്ങളുടെ വ്യാപനത്തിനുതകി. അത് നിയമം, ഗണിത ശാസ്ത്രം, ജ്യോതിശാസ്ത്രം, ചരിത്രം, സാഹിത്യം, ഭൂമിശാസ്ത്രം, തത്വശാസ്ത്രം, വസ്തുശിൽപ്പകല, വൈദ്യശാസ്ത്രം, സംഗീത വിദ്യ, സാമൂഹ്യശാസ്ത്ര ശാഖകൾ എന്നീ മേഖലകളിലെല്ലാം മികച്ച സംഭാവനകൾ നൽകി.
ക്ഷിപ്രം പൊലിഞ്ഞ കൊള്ളിമീൻ പോലെ
“മുഹമ്മദിന്റെ പ്രസംഗവേലയുടെ നേരിട്ടുള്ള അനന്തരഫലമായിരുന്നു അറബികളുടെ കീഴടക്കലുകൾ” എന്ന് ദ കോളിൻസ് അററ്ലസ് ഓഫ് വേൾഡ് ഹിസ്റററി പറയുന്നു. തീർച്ചയായും ഇസ്ലാമിന്റെ വ്യാപനത്തിന് മററു ഘടകങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ബൈസാൻഷിയത്തിലെ ക്രിസ്ത്യാനികൾക്കും പേർഷ്യയിലെ സൊരാസ്റ്രറിയർക്കും ഇടയിലുണ്ടായിരുന്ന ഭിന്നതകൾ ഇരുവരെയും അറബി മുന്നേററത്തിൻ മുമ്പാകെ അന്ധരാക്കിക്കളഞ്ഞു.
മതം മുഖേന വിദൂര വിസ്തൃതമായ ഒരു സാമ്രാജ്യത്തെ ഒരുമിച്ചു നിർത്താൻ ശ്രമിക്കുക ഒരിക്കലും ഒരു പുതിയ കാര്യമല്ല. പക്ഷേ “സത്യത്തിന്റെ അന്തിമവും അവിതർക്കിതവുമായ സത്യവചനമാണ് ഖുറാനിൽ തങ്ങൾക്കു കൈവശമായുള്ളത് എന്ന് മുസ്ലീങ്ങൾക്ക് ബോദ്ധ്യമായിരുന്നു,” എന്ന് ഡസ്മണ്ട് സ്ററുവർട്ട് എന്ന ഗ്രന്ഥകാരൻ വിശദീകരിക്കുന്നു. അവർ ആലസ്യപ്രിയരായിതീർന്നു. “അറിയത്തക്കതായ എല്ലാം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നും മുസ്ലീങ്ങളല്ലാത്തവരുടെ ആശയങ്ങൾ കഴമ്പില്ലാത്തവയാണെന്നും വിശ്വസിച്ചുകൊണ്ടുതന്നെ.” മാററങ്ങളെ അവർ “കർക്കശമായി എതിർത്തു.”
തന്നിമിത്തം 11-ാം നൂററാണ്ടായതോടെ സാമ്രാജ്യം അധോഗതിയിലായിക്കഴിഞ്ഞു. “രാത്രിയിലെ ആകാശത്തിൽ കുറുകെ ചീറിപ്പായുകയും . . . ചൈതന്യം പെട്ടെന്ന് കെട്ടടങ്ങുകയും ചെയ്യുന്ന ഒരു കൊള്ളിമീ”നോട് സ്ററുവർട്ട് അതിനെ ഉപമിക്കുന്നു. അപ്രകാരം, സാഹോദര്യത്തിന്റെ പ്രതീതി സൃഷ്ടിക്കുകയും ദൈവത്തോടു വ്യക്തിപരമായി അടുക്കാൻ താരതമ്യേന എളുപ്പമാർഗ്ഗം പ്രദാനം ചെയ്യുകയും ചെയ്ത ഈ മതം, ഒരിക്കലത് പടുത്തുയർത്താൻ സഹായിച്ച അതേ സാമ്രാജ്യത്തിന്റെ തകർച്ചക്ക് വാസ്തവത്തിൽ സംഭാവന ചെയ്തു. എത്ര ശീഘ്രമായിരുന്നുവോ അതിന്റെ ഉയർച്ച, അത്ര പെട്ടെന്നായിരുന്നു അതിന്റെ തിരോധാനം. സാമ്രാജ്യം അസ്തമിച്ചു. പക്ഷേ അതിന്റെ മതം അതിജീവിച്ചു.a
യഥാർത്ഥ കീഴ്പ്പെടലിൽ ദൈവത്തെയും അവന്റെ നിയമങ്ങളെയും അവന്റെ പ്രതിനിധികളെയും അനുസരിക്കുന്നത് ഉൾപ്പെടുന്നു. അറേബ്യയിലെ അറബിഗോത്രങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് തന്നെയും ഖുറാനെയും കേന്ദ്രീകരിച്ചുകൊണ്ട് ഒരു ഇസ്ലാമ്യസമുദായത്തെ (ഉമ്മഹ്) സ്ഥാപിക്കുന്നതിൽ മുഹമ്മദ് വിജയിച്ചു. കീഴ്പ്പെടലിലൂടെ ഒരു നേതാവിന്റെ കീഴിൽ തങ്ങളെ സഹോദരങ്ങളാക്കുന്നതിന് സഹായിച്ച ഒരു മതരാഷ്ട്രമായിരുന്നു അത്. അറബിഗോത്രങ്ങളുടെ ശത്രുക്കളോടേററുമുട്ടുന്നതിന് വാളിന്റെ ഉപയോഗം ഇസ്ലാം അനുവദിച്ചിരുന്നു. ഈ വാൾ അവരുടെ സാമ്രാജ്യവും മതവും വ്യാപിപ്പിക്കുന്നതിനു സഹായിച്ചു. മുഹമ്മദ് മരിച്ചപ്പോൾ അക്രമാസക്തമായ ഭിന്നതകൾ ഉടലെടുത്തു. ഇവ ഒന്നാമതായി ഒരു ഖലീഫയെ അഥവാ ഒരു നേതാവിനെ തെരഞ്ഞെടുക്കുന്ന പ്രശ്നത്തിൽ നിന്നുയർന്ന രാഷ്ട്രീയ ഭിന്നതയായിരുന്നു. ഇത് തങ്ങളുടെ സഹോദരങ്ങളോടേററുമുട്ടാൻ അവരുടെ വാൾ എടുക്കുന്നതിന് അനേകരെ പ്രേരിപ്പിച്ചു. മതത്തെ ഗവൺമെൻറുമായി കൂട്ടിക്കുഴച്ചത് സമൂഹത്തെ ഭിന്നിപ്പിക്കാൻ ഇടവരുത്തി. “കീഴ്പ്പെടൽ” ഏകനേതാവിന്റെ കീഴിൽ ജനത്തെ ഏകോപിപ്പിക്കാൻ ഉതകിയില്ല.
മുഹമ്മദ് സ്വയം മതവിരോധികളുടെ 72 സംഘങ്ങൾ വളർന്നു വരാൻ പോകുന്നതായി മുൻകൂട്ടി കണ്ടിരുന്നു എന്ന് പാരമ്പര്യം പറയുന്നു. പക്ഷേ ഇന്ന് ചില അധികാരികൾ അങ്ങനെയുള്ള നൂറുകണക്കിന് സംഘങ്ങളെക്കുറിച്ചു പറയുന്നു.
രണ്ടു പ്രമുഖ വിഭാഗങ്ങൾ ഷിയാ, സുന്നി എന്നിവയാണ്. ഓരോന്നിനും പക്ഷേ എണ്ണമററ ഉപവിഭാഗങ്ങളും ഉണ്ട്. ഓരോ നൂറുമുസ്ലീങ്ങളിൽ ഏകദേശം 83 പേർ സുന്നിയും ഏതാണ്ട് 15 പേർ ഷിയാകളും ആയിരിക്കും. മററുള്ളവർ, ഡ്രൂസ്, ഇരുണ്ട മുസ്ലീങ്ങൾ, ബുദ്ധമതത്തെയും ഹിന്ദുമതത്തെയും പ്രാദേശികമതങ്ങളെയും ഇസ്ലാമുമായി കൂട്ടിക്കുഴക്കുന്ന ഇൻഡോനേഷ്യയിലെ അഭംഗാനുകൾ മുതലായ ഒന്നോടൊന്ന് ഭിന്നമായ ഒട്ടേറെ ഉപപിരിവുകളിൽ പെടും.
ന്യൂനപക്ഷമായ ഷിയാകളുടെ ഒരു സവിശേഷത, “മതത്തിനും ഖുറാനും നിഗൂഢമായ അഥവാ ഒളിഞ്ഞു കിടക്കുന്ന അർത്ഥങ്ങളുണ്ട്” എന്നതാണ്. പക്ഷേ പിൻതുടർച്ചയുടെ പ്രശ്നത്തിൻമേലാണ് ഷിയാകളുടെ മതഭേദം യഥാർത്ഥത്തിൽ ഉടലെടുത്തത്. ഷിയാകൾ (“കക്ഷിയംഗങ്ങൾ” എന്നർത്ഥം വരുന്നപദം, വിശേഷിച്ച് അലിയുടെ കക്ഷിയംഗങ്ങൾ) യഥാർത്ഥ ഭരണാവകാശം മുഹമ്മദിന്റെ മച്ചുനനും മരുമകനുമായ അലിക്കും അവന്റെ സന്തതിപരമ്പരകൾക്കുമായി പരിമിതപ്പെട്ടിരിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ട് നിയമാവകാശം എന്നു പേർ പറയപ്പെടുന്ന ഒരു തത്വത്തോട് പററിനിൽക്കുന്നു.
അലിയും അയാളുടെ സന്തതി പരമ്പരകളും സമ്പൂർണ്ണ ആത്മീയ അധികാരം ഉണ്ടായിരുന്ന ഇമാമുകൾ ആയിരുന്നു. എത്ര ഇമാമുകൾ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് തർക്കമുണ്ട്. എന്നാൽ ട്വെൽവർ ഷിയാ എന്നു വിളിക്കപ്പെട്ട ഏററവും വലിയ ഷിയാവിഭാഗം അവർ പന്ത്രണ്ടുപേരുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. ക്രിസ്തുവർഷം 878-ൽ പന്ത്രണ്ടാമത്തെ ഇമാം, ലോകാവസാനത്തിങ്കൽ താൻ മടങ്ങിവന്ന് നീതിയുള്ള ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കും എന്ന് വാഗ്ദാനം ചെയ്തുകൊണ്ട് മറഞ്ഞു, അതായത് അപ്രത്യക്ഷനായി.
ഷിയാ മുസ്ലീങ്ങൾ ഓരോ വർഷവും മുഹമ്മദിന്റെ കൊച്ചുമകനായ ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ സ്മരണ കൊണ്ടാടുന്നു. റഹ്മാൻ എന്ന ഗ്രൻഥകാരൻ അഭിപ്രായപ്പെടുന്നതിങ്ങനെയാണ്: “ഈ സംഭവത്തിന്റെ പ്രാതിനിധ്യരൂപത്തിലുള്ള നാടകാവിഷ്കാരങ്ങൾ കുട്ടിക്കാലം മുതൽക്കേ കണ്ടു വളരുക നിമിത്തം ഓരോ ഷിയാ മുസ്ലീമും ആദർശയോഗ്യമായ രക്തസാക്ഷിത്വത്തെ ആദരിക്കുമാറ് ദുരന്തത്തെയും അനീതിയെയും കുറിച്ചുള്ള അഗാധമായ ബോധം വികസിപ്പിച്ചു കൊണ്ടുവരാൻ ഇടയുണ്ട്.”
അനൈക്യത്തിന്റെ തെളിവുകളോ?
ദി കൊളംബിയാ ഹിസ്റററി ഓഫ് ദി വേൾഡ് എന്ന പുസ്തകം അഭിപ്രായപ്പെടുന്ന പ്രകാരം, “ഒൻപതാം നൂററാണ്ടിൽ ഗ്രീക്ക് തത്വശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും ആവിർഭാവം, ഇസ്ലാമിന്റെ യുക്തിയധിഷ്ഠിതവും ദൈവശാസ്ത്രപരവുമായ വീക്ഷണത്തിൻമേൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തിയ ഒരു വ്യതിരിക്ത ഇസ്ലാമിക തത്വശാസ്ത്ര (ഫാൾസാഫ)ത്തിന് ഉദയം നൽകി. . . . ഒരു മതവും ഒരു ജീവിതഗതിയുമായ ഇസ്ലാമിനു തന്നെ കാലം കടന്നുപോയതോടെ അതിന്റെ ഐക്യത്തെ ബാധിക്കുന്ന ആഴത്തിലുള്ള മാററങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു.”
ദൃഷ്ടാന്തത്തിന് എട്ടും ഒൻപതും നൂററാണ്ടുകളിൽ രംഗത്തു വന്ന സുഫിസം (ഇസ്ലാമിക നിഗൂഢധർമ്മം [Mysticism] എന്നതിന്റെ പാശ്ചാത്യ നാമം) ഒരു വമ്പിച്ച മതപ്രസ്ഥാനമായി അതിവേഗം വികാസം പ്രാപിച്ചു. പന്ത്രണ്ടാം നൂററാണ്ടായതോടെ സുഫി അനുയായി സംഘങ്ങൾ അഥവാ സഹോദര വൃന്ദങ്ങൾ വിപുല വ്യാപകമായിത്തീർന്നു. സുഫി ആശ്രമം, മോസ്കിനെ പ്രാധാന്യത്തിൽ മിക്കവാറും പിൻതള്ളാൻ തുടങ്ങുകയും ചെയ്തു. സുഫിസത്തിൽ ആവിഷ്ക്കരിക്കപ്പെട്ട അനുഷ്ഠാനങ്ങളിൽ ഏകാഗ്രത നേടുന്നതിനുള്ള വിദ്യകളിലൂടെയോ ഉൻമാദനൃത്തത്തിലൂടെയോ സ്വയം കൈവരിക്കുന്ന മോഹനിദ്രകളും മന്ത്രോച്ചാരണവും അതിശയങ്ങളിലുള്ള വിശ്വാസവും പുണ്യാത്മാക്കളുടെ ആരാധനയും ഉൾപ്പെടുന്നു.
സുഫികൾ പ്രാദേശിക വിശ്വാസാചാരങ്ങളുമായി അനുരഞ്ജനപ്പെട്ടു. തുർക്കികൾ അവരുടെ ശമാൻ വൈദ്യമുറകളും ആഫ്രിക്കക്കാർ അവരുടേതായ വൈദ്യൻമാരെയും ഇൻഡ്യാക്കാർ അവരുടെ ഹൈന്ദവ, പൂർവ്വ-ഹൈന്ദവ പുണ്യാത്മാക്കളെയും ദേവസ്വരൂപങ്ങളായും ഇൻഡോനേഷ്യക്കാർ—ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്ക പറയുന്ന പ്രകാരം—“ഇസ്ലാമിക ആചാരങ്ങളുടെ ഒരു പരിവേഷത്തിനുള്ളിൽ ഇസ്ലാമിനു മുമ്പത്തെ തങ്ങളുടെ ലോകവീക്ഷണ”വും നിലനിർത്തി.
പത്തൊമ്പതാം നൂററാണ്ടിന്റെ മദ്ധ്യത്തിൽ ഇറാനിലെ ഷിയാ ഇസ്ലാമിന്റെ ഇടയിൽ വികാസം പ്രാപിച്ച ബഹായിമതം ആണ് ഏറെ അടുത്തകാലത്തെ ഒരു മതഭേദം. മുഹമ്മദിന്റെ ഒരു സ്വയം പ്രഖ്യാപിത പ്രവാചകനായ മിർസാ ഗുലാം അഹമ്മദ് താൻ മുഹമ്മദിന്റെ അവതാരവും മടങ്ങിയെത്തിയ യേശുവും ഹൈന്ദവ കൃഷ്ണന്റെ അവതാരങ്ങളിലൊന്നും ആണെന്ന് അവകാശപ്പെട്ടതിനെ തുടർന്ന് 19-ാം നൂററാണ്ടിന്റെ അന്തിമഭാഗത്ത് ഇൻഡ്യയിൽ വികസിച്ചുവന്ന അഹമ്മദീയമതം എന്ന പേരോടുകൂടിയ സുന്നി വിഭാഗമാണ് മറെറാന്ന്. ഗോൽഗോഥായിലെ മരണത്തിൽ നിന്നു രക്ഷപെട്ട് യേശു ഇൻഡ്യയിലേക്കു പലായനം ചെയ്തുവെന്നും 120-ാം വയസ്സിലെ തന്റെ മരണം വരെ അവൻ സജീവമായി തുടർന്നുവെന്നും അദ്ദേഹം പഠിപ്പിച്ചു.
തന്റെ ഖുറാൻ വ്യാഖ്യാനങ്ങളിൽ മുസ്ലിം ഗ്രൻഥകർത്താവായ എസ്സ്. അബൂൾ അലാം മൗഡുഡി ഇങ്ങനെ പറയുന്നു: “അൽ-ബഖാറയുടെ [ഈ ലേഖനത്തിന്റെ ശീർഷകത്തിൽ ഉദ്ധരിക്കപ്പെട്ട സുര] വെളിപ്പാടിന്റെ സമയത്ത് സർവ്വവിധ കപടവിശ്വാസികളും പ്രത്യക്ഷപ്പെടാൻ തുടങ്ങി.” ഇവരിൽ “‘മുസ്ലിം, മുനഫിക്കീനുകൾ (കപട വിശ്വാസികൾ) . . . ഉൾപ്പെടുന്നു. ഇവർ ബുദ്ധിപരമായി ഇസ്ലാമിന്റെ സത്യത്തെ സംബന്ധിച്ചു ബോദ്ധ്യമുള്ളവരും, പക്ഷേ തങ്ങളുടെ മുൻകാല പാരമ്പര്യങ്ങളെ ഉപേക്ഷിക്കാൻ പര്യാപ്തമായ ധാർമ്മിക ധൈര്യം ഇല്ലാത്തവരുമായിരുന്നു.”
അതുകൊണ്ട് തുടക്കം മുതൽ തന്നെ മുഹമ്മദ് ഉദ്ദേശിച്ചപ്രകാരം അല്ലാഹുവിന് കീഴ്പ്പെടുന്നതിന് തെളിവനുസരിച്ച് അനുയായികളിൽ പലരും പരാജയപ്പെട്ടു. പക്ഷേ മററുള്ളവർ അങ്ങനെ ചെയ്തു. അവർ ഉയർത്തിയ വെല്ലുവിളി നേരിടുന്നതിന് ക്രൈസ്തവലോകത്തിന് “വാളെടുക്കുന്നതിന്” അതീതരാകാൻ കഴിഞ്ഞില്ല. ഈ വിഷയം ഞങ്ങളുടെ ഏപ്രിൽ 8 ലക്കത്തിൽ വിവരിക്കുന്നതായിരിക്കും. (g89 7/22)
[അടിക്കുറിപ്പുകൾ]
a പാശ്ചാത്യ പ്രയോഗമായ “കൊറാൻ” എന്നതിന് പകരം മുസ്ലീം എഴുത്തുകാർ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന “ഖുറാൻ” (“ഉരുവിടൽ” എന്നർത്ഥം) എന്ന പദം ഞങ്ങൾ ഇവിടെ ഉപയോഗിക്കുന്നു.
ഇസ്ലാം ഒരു അറബി മതമാണ് എന്ന പൊതുവിലുള്ള വീക്ഷണം തെററാണ്. ഇന്നത്തെ മുസ്ലീങ്ങളിൽ അധികവും അറബികളല്ലാത്തവരാണ്. ഏററവും ജനനിബിഡമായ മുസ്ലീം രാജ്യങ്ങളിലൊന്നായ ഇൻഡോനേഷ്യയിൽ 15 കോടി അനുയായികളുണ്ട്.
[27-ാം പേജിലെ ചതുരം]
ഇസ്ലാമിനെ മെച്ചമായി മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന്
ഇസ്ലാമിന്റെ തൂണുകളായ അഞ്ചു പ്രമാണങ്ങൾ, മുസ്ലീങ്ങൾ കുറഞ്ഞത് ഒരിക്കൽ എങ്കിലും തങ്ങളുടെ വിശ്വാസം പരസ്യമായി ഏററു പറയേണ്ടതുണ്ട് എന്ന് നിഷ്ക്കർഷിക്കുന്നു. ഷഹാദ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ പ്രഖ്യാപനം പിൻവരുന്ന വിധമാണ്—“ദൈവമല്ലാതെ മറെറാരു ദേവനുമില്ല; മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാകുന്നു; പ്രാർത്ഥനകൾ ഒരു ദിവസത്തിൽ അഞ്ചു പ്രാവശ്യം നടത്തുക; സക്കാത്ത് കൊടുക്കുക, ഒരു കടംപെട്ട നികുതിയാണത്. അതു സാധാരണയായി സ്വമേധയാ സ്വരൂപിക്കപ്പെടുന്നു; ഒമ്പതാം മാസമായ റമാദാനിൽ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഉപവസിക്കുക; സാമ്പത്തിക ശേഷിയുണ്ടെങ്കിൽ കുറഞ്ഞത് ഒരിക്കലെങ്കിലും മെക്കയിലേക്ക് ഒരു ഹജ്ജ് തീർത്ഥാടനം നടത്തുക.
ആറാം തൂണായി “ജിഹാദ്”നെ (“വിശുദ്ധ യുദ്ധം” അഥവാ “വിശുദ്ധ പോരാട്ടം”) ഖരീജി വിഭാഗം വീക്ഷിക്കുന്നു. പക്ഷേ മുസ്ലീങ്ങൾ പൊതുവിൽ അങ്ങനെ വീക്ഷിക്കുന്നില്ല. ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്ക പറയുന്നപ്രകാരം “അതിന്റെ ഉദ്ദേശ്യം ആളുകളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യിക്കയല്ല പിന്നെയോ ഇസ്ലാമിന്റെ തത്വങ്ങൾക്കനുസൃതമായി സമൂഹങ്ങളുടെ കൂട്ടായ കാര്യാദികളുടെമേൽ രാഷ്ട്രീയ നിയന്ത്രണം നേടുക എന്നതാണ്. അത്തരം ഒരു “വിശുദ്ധ യുദ്ധ”ത്തിന് അനുവദിച്ചുകൊണ്ട് ഖുറാൻ പറയുന്നു: “നീതിയുക്തമായ ഒരു കാരണത്തെ പ്രതിയല്ലാതെ കൊല ചെയ്യുന്നതിൽ നിന്ന് അല്ലാഹു നിന്നെ തടഞ്ഞിരിക്കുന്ന ഒരു മനുഷ്യനെയും നീ കൊല്ലരുത്.”—സുരാ 17:33.
ഏകദേശം കാൽ നൂററാണ്ടുകൊണ്ട് എഴുതപ്പെട്ട ഖുറാൻ, സുന്ന (പാരമ്പര്യങ്ങൾ); ഇജ്മ (സമുദായത്തിന്റെ ഏകാഭിപ്രായ സംഹിത); ഖിയാസ് (വ്യക്തിഗത ചിന്ത) എന്നിവയാണ് ഇസ്ലാമിക ഉപദേശനിയമങ്ങളുടെ മുഖ്യ ഉറവിടങ്ങൾ. മുസ്ലീങ്ങളുടെ മതപരവും രാഷ്ട്രീയവും സാമൂഹ്യവും ഗാർഹികവും സ്വകാര്യവുമായ ജീവിതത്തെ മൊത്തത്തിൽ കൈകാര്യം ചെയ്യുന്ന ഷരീയ എന്ന ഇസ്ലാമിക നിയമസംഹിത ക്രിസ്തുവർഷം എട്ടും ഒമ്പതും നൂററാണ്ടുകളിലാണ് വ്യവസ്ഥാപിതമാക്കപ്പെട്ടത്.
മെക്കാ, മെദീന, യരൂശലേം എന്നിവ യഥാക്രമം ഇസ്ലാമിന്റെ ഏററവും പുണ്യമായ മൂന്നു സ്ഥലങ്ങളാണ്. അബ്രഹാം പണിതതായി പാരമ്പര്യം പറയുന്ന കാ-അബാ എന്ന വിശുദ്ധാലയം ഹേതുവായി മെക്കയും മുഹമ്മദിന്റെ മോസ്ക് സ്ഥിതിചെയ്യുന്നതിനാൽ മെദീനയും പാരമ്പര്യം പറയുന്ന പ്രകാരം മുഹമ്മദ് സ്വർഗ്ഗാരോഹണം ചെയ്ത സ്ഥാനമാകയാൽ യെരൂശലേമും വിശുദ്ധമായി കരുതപ്പെട്ടുപോരുന്നു.
[28-ാം പേജിലെ ഭൂപടം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഇസ്ലാമിക് സാമ്രാജ്യം അതിന്റെ അത്യുച്ചത്തിൽ കാണപ്പെട്ടതുപോലെ