യുവജനങ്ങൾ ചോദിക്കുന്നു. . .
ഞാൻ എന്റെ ഇളയ സഹോദരൻമാർക്കും സഹോദരിമാർക്കും ഒരു മാതൃകയായിരിക്കേണ്ടതെന്തുകൊണ്ട്?
ഡേറിൽ ആണ് കുടുംബത്തിലെ ഏററവും മൂത്ത കുട്ടി. ഒരു പ്രത്യേക പ്രയാസഘട്ടത്തിൽ അവൻ തന്റെ ഗ്രേഡുകൾ വഴുതിപ്പോകാൻ അനുവദിച്ചു. അവന്റെ മാതാപിതാക്കൾ ത്വരിതമായി പ്രതികരിച്ചു. ഡേറിൽ ഇപ്രകാരം ഓർമ്മിക്കുന്നു: “അവർ എന്റെ സ്കൂൾപഠനത്തിൽ അഭിവൃദ്ധിപ്പെടുന്നതിന് എന്നെ പ്രോത്സാഹിപ്പിച്ചു, എന്റെ പ്രയോജനത്തിനുവേണ്ടി മാത്രമായിരുന്നില്ല, പിന്നെയോ, എന്റെ ഇളയ സഹോദരിമാരെ, നല്ല ഗ്രേഡുകൾ പ്രധാനമാണെന്ന് കാണിച്ചുകൊടുത്തുകൊണ്ട് അവരുടെ പ്രയോജനത്തിനും കൂടിയായിരുന്നു.”
നിങ്ങൾ നിങ്ങളുടെ കുടുംബത്തിലെ ഏററവും മൂത്ത കുട്ടിയാണെങ്കിൽ, ‘നിങ്ങളുടെ ഇളയ സഹോദരൻമാർക്കും സഹോദരിമാർക്കുംവേണ്ടി ഒരു നല്ല മാതൃക വെക്കുക!’ എന്നു പറയപ്പെടുന്നതിന്റെ അർത്ഥമെന്തെന്ന് നിസ്സംശയമായും നിങ്ങൾക്ക് അറിയാം. എന്നാൽ മിക്കപ്പോഴും ഇത് നീരസത്തിനിടയാക്കുന്നു. റെയസിംഗ സിബ്ലിംഗസ എന്ന തങ്ങളുടെ പുസ്തകത്തിൽ കരോളും ആൻഡ്രു കാലഡിനും ഇപ്രകാരം പറയുന്നു: “ആദ്യജാതൻമാർ തങ്ങളുടെ മാതാപിതാക്കളുടെ പരസ്പരം ബന്ധപ്പെട്ട ഉയർന്ന പ്രതീക്ഷകളെ സംബന്ധിച്ചും പരാതിപറയുന്നു. മികച്ചുനിൽക്കാനുള്ള, നേട്ടമുണ്ടാക്കാനുള്ള, തങ്ങളുടെ മാതാപിതാക്കളുടെ സമ്മർദ്ദം അവർക്ക് അനുഭവപ്പെടുന്നു. ആദ്യജാതരോടുള്ള ഉപദേശങ്ങളുടെ മാതൃകകൾ, ‘ഇത്രയും പ്രായമുള്ള നീ അതു ചെയ്യരുത്,’ ‘നീ ഇതിലും മെച്ചമായി അറിഞ്ഞിരിക്കണം.’ എന്നിവയാണ്.
എന്നാൽ എന്തുകൊണ്ടാണ് മാതാപിതാക്കൾ ഏററവും മൂത്ത കുട്ടിയിൽനിന്ന് അത്രയധികം പ്രതീക്ഷിക്കുന്നത്?
നിങ്ങൾ ഒരു മാതൃകയായിരിക്കേണ്ടതിന്റെ കാരണം
ഏററം ആദിമമായ കാലങ്ങൾ മുതൽ ആദ്യജാത കുട്ടികൾ— പ്രത്യേകിച്ച് പുത്രൻമാർ—മാതാപിതാക്കളിൽനിന്നുള്ള ഉയർന്ന പ്രതീക്ഷകൾക്ക് വിധേയരായിരുന്നു. തങ്ങളുടെ പിതാക്കൻമാരുടെ ഉൽപ്പാദനശക്തിയുടെ തുടക്കമെന്ന നിലയിൽ ആദ്യജാതപുത്രൻമാർ ബൈബിൾകാലങ്ങളിൽ മിക്കപ്പോഴും പ്രത്യേകാൽ സ്നേഹിക്കപ്പെട്ടിരുന്നു. (ഉൽപ്പത്തി 49:3; ആവർത്തനം 21:17) എന്തിന്, യഹോവതന്നെ ഇസ്രായേൽജനതയോടുള്ള തന്റെ ആഴമായ സ്നേഹം പ്രകടമാക്കാൻ അവൻ അവരെ തന്റെ “ആദ്യജാതൻ” എന്നു വിളിച്ചു. (പുറപ്പാട് 4:22) എന്നാൽ ആദ്യജാതനിൽനിന്ന് വളരെയധികം പ്രതീക്ഷിക്കപ്പെട്ടിരുന്നു, എന്തുകൊണ്ടെന്നാൽ കുടുംബത്തലവനെന്ന നിലയിൽ ക്രമേണ തന്റെ പിതാവിന്റെ പിൻഗാമിയായിത്തീരുന്നത് അവനായിരുന്നു.
ഇപ്പോഴും മാതാപിതാക്കൾ തങ്ങളുടെ ഏററവും മൂത്ത കുട്ടിയെ സംബന്ധിച്ച് ഉയർന്ന പ്രതീക്ഷകൾ പുലർത്താൻ ചായ്വുകാട്ടുന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തരുത്—അതിന് നല്ല കാരണമുണ്ട്. ഒരു സംഗതി, നിങ്ങൾ ഏററവും മൂത്തയാളാണെങ്കിൽ സാധ്യതയനുസരിച്ച് നിങ്ങൾക്ക് നിങ്ങളുടെ സഹോദരീസഹോദരൻമാരേക്കാൾ അധികമായി വീട്ടുജോലികളിലും ധാർമ്മിക മൂല്യങ്ങളിലും ബൈബിൾതത്വങ്ങളിലും പരിശീലനം ലഭിച്ചിരിക്കും. നിങ്ങൾ പഠിച്ച കാര്യങ്ങൾ അവരിലേക്ക് കൈമാറാൻ നിങ്ങളിൽനിന്ന് പ്രതീക്ഷിക്കേണ്ടതല്ലേ?
അപ്രകാരം ഒരു 14 വയസ്സുകാരനോട് അവന്റെ മാതാപിതാക്കൾ അവന്റെ ഇളയ സഹോദരിമാരെ വീട്ടുജോലികൾ പഠിക്കുന്നതിന് സഹായിക്കാൻ പറഞ്ഞു. അയാൾ ഇപ്രകാരം ഓർമ്മിക്കുന്നു: “ഞാൻ ഏററവും മൂത്തവനായതിനാൽ എനിക്ക് എന്റെ സഹോദരിമാരെക്കാൾ കൂടുതൽ പരിശീലനവും അനുഭവവും ഉണ്ട് എന്ന് എന്റെ മാതാപിതാക്കൾ വിശദീകരിച്ചു.”
അനേകം മാതാപിതാക്കൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ നിമിത്തം ഇളയ സഹോദരങ്ങളെ പരിശീലിപ്പിക്കുന്നതിൽ നിങ്ങളുടെ സഹായം വിശേഷാൽ ആവശ്യമായിരിക്കാം. മിക്കപ്പോഴും വീട്ടിൽ കുറഞ്ഞ സമയംമാത്രം ഉണ്ടായിരിക്കാൻ ഇടയാക്കിക്കൊണ്ട് പിതാക്കൻമാരേപ്പോലെ മാതാക്കളും ലൗകിക ജോലി ചെയ്യേണ്ടതുണ്ടായിരിക്കാം. നിങ്ങൾ ഒരു ഏകാകിയായ മാതാവിന്റേയൊ പിതാവിന്റേയൊ കൂടെയാണ് പാർക്കുന്നതെങ്കിൽ നിങ്ങളുടെ മാതാവോ പിതാവോ രണ്ടു പേരുടെയും കടമ നിറവേററാനുള്ള പരിശ്രമത്തിന്റെ പ്രയാസത്തിൻകീഴിലായിരിക്കാം പണിയെടുക്കുന്നത്. നിങ്ങൾ ഭവനത്തിൽ ഇളയവർക്കുവേണ്ടി ഒരു മാതൃക വെക്കുന്നതിനാൽ ഭാരം ലഘൂകരിക്കുന്നതിൽ വളരെയധികം നിർവഹിക്കാൻ കഴിയും. കൂടുതലായി, നിങ്ങളുടെ ഇളയ സഹോദരീസഹോദരൻമാർക്കുവേണ്ടി ഒരു നല്ല മാതൃക വെക്കുന്നത് നിങ്ങളെ ഒരു ഉത്തരവാദിത്വമുള്ള മുതിർന്നവൻ ആയി വളരാൻ സഹായിക്കുമെന്ന് നിങ്ങളുടെ മാതാപിതാക്കൾക്കറിയാം.
അവരോട് ഉത്തരവാദിത്വമുള്ളവരായിരിക്കുന്നു
ഒരു മാതൃകയായിരിക്കുന്നതിൽ നിങ്ങൾക്ക് ആശ്വാസം തോന്നുന്നില്ലായിരിക്കാം എന്നത് സത്യംതന്നെ. ഒരു ചെറുപ്പക്കാരി പെൺകുട്ടി ഇപ്രകാരം വ്യക്തമാക്കി: “ഏററവും മൂത്തവളായിരിക്കുന്നത് വളരെ പ്രയാസകരമാണ്, എന്തുകൊണ്ടെന്നാൽ എനിക്ക് കൂടുതൽ പദവികളും ഉത്തരവാദിത്വങ്ങളും ലഭിക്കുന്നു.” എന്നാൽ വസ്തുത നിങ്ങളുടെ സഹോദരങ്ങൾ നിങ്ങളുടെ പെരുമാററത്താൽ സ്വാധീനിക്കപ്പെടുന്നു എന്നതാണ്. അവർ മിക്കപ്പോഴും നിങ്ങളുടെ സംസാരവും വസ്ത്രധാരണരീതിയും നടത്തയും അനുകരിക്കും. ഒരു യുവാവ് തന്റെ മൂത്ത സഹോദരനെക്കുറിച്ച് പറഞ്ഞതുപോലെ: “അവൻ ആദ്യം കാര്യങ്ങൾ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു. അപ്പോൾ അവ എപ്രകാരം ചെയ്യപ്പെടാൻ പ്രതീക്ഷിക്കുന്നു എന്ന് എനിക്ക് കാണാൻ കഴിയും.” അതുകൊണ്ട് നിങ്ങൾ ചെയ്യുന്നതും പറയുന്നതും വളരെ പ്രധാനമാണ്! റെയസിംഗ സിബ്ലിംഗസന്റെ എഴുത്തുകാർ ചൂണ്ടിക്കാട്ടുന്നതുപോലെ: “ഉത്തരവാദിത്വമുള്ളവരായിരിക്കയെന്നത് ആദ്യജാതൻമാർക്കായുള്ള മാതാപിതാക്കളുടെ സൂത്രവാക്യമാണ്.”
മോശയുടെ മൂത്ത സഹോദരിയായിരുന്ന മിരിയാം ഒരു സഹോദരനോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിന്റെ ഒരു നല്ല ദൃഷ്ടാന്തമായിരുന്നു. മോശയുടെ മാതാപിതാക്കൾ കുട്ടിയായിരുന്ന മോശയെ ഞാങ്ങണപ്പെട്ടി അഥവാ പെട്ടകത്തിൽ ഒളിപ്പിച്ചുവെച്ചുകൊണ്ട്, പുതുതായി ജനിക്കുന്ന എല്ലാ പുത്രൻമാരെയും വധിക്കണമെന്നുള്ള രാജാവിന്റെ കൽപ്പനയെ ധിക്കരിച്ച സംഭവം നിങ്ങൾ ഓർമ്മിക്കുമല്ലോ. മിരിയാം നൈൽനദിയിലൂടെ ഒഴുകിയ ആ പെട്ടകത്തെ നോക്കിക്കൊണ്ടിരിക്കുകയും അത് ഫറവോയുടെ മകൾ സുരക്ഷിതമായി വീണ്ടെടുത്തത് കാണുകയും ചെയ്തു. ധൈര്യപൂർവം മിരിയാം അവളെ സമീപിക്കുകയും ആ കുട്ടിയുടെ സ്വന്തം മാതാവുതന്നെ അവനെ പരിപാലിക്കാൻ ക്രമീകരിക്കുകയും ചെയ്തു. അവളുടെ ഇളയ സഹോദരനായ മോശക്കുവേണ്ടിയുള്ള അവളുടെ ധൈര്യപൂർവകമായ പ്രവർത്തനത്താൽ അവൻ അതിജീവിക്കുകമാത്രമല്ല പിന്നെയോ ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനായി വളരുകയും ചെയ്തു!—പുറപ്പാട് 2:1-10.
നിങ്ങളുടെ സഹോദരൻമാരോടും സഹോദരിമാരോടും സമാനമായ ഒരു ഉത്തരവാദിത്വം തോന്നുന്നുവോ? അവരോടു നീരസംതോന്നുന്നതിനു പകരം നിങ്ങൾ അവരുടെ അടുത്ത ചങ്ങാതിയും സ്നേഹിതനും ആയിരിക്കാൻ ശ്രമിക്കുന്നുവോ? (സദൃശവാക്യങ്ങൾ 17:17) ദൃഷ്ടാന്തത്തിന്, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവർക്ക് സഹായവും ഉപദേശവും കൊടുത്തുകൊണ്ട് നിങ്ങൾക്ക് വളരെയധികം ചെയ്യാൻ കഴിയും. ഒരുപക്ഷേ സഹോദരങ്ങളിൽ ഒരാൾക്ക് സ്കൂളിൽ ആരെങ്കിലുമായി യോജിച്ചുപോകുന്നതിന് സാധിക്കുന്നില്ലായിരിക്കാം. മറെറാരാൾക്ക് വരാൻപോകുന്ന സംഭവത്തേസംബന്ധിച്ച്—ഒരു പുതിയ സ്ഥലത്തേക്കുള്ള മാററം, സ്കൂളിലെ ആദ്യദിനം, ഡോക്ടറുടെ അടുക്കലേക്കുള്ള യാത്ര—ഉത്ക്കണ്ഠയുണ്ടായിരിക്കാം, കുറേ പ്രോത്സാഹനവും പിന്തുണയും ആവശ്യവുമായിരിക്കാം. മിക്കവാറും, നിങ്ങൾക്ക് സമാനമായ ഒരു സാഹചര്യം അനുഭവപ്പെട്ടിട്ടുണ്ടായിരിക്കാം, നിങ്ങളുടെ അറിവും അനുഭവവും പങ്കുവെക്കുന്നതിനുള്ള ഒരു സ്ഥാനത്തുമായിരിക്കാം. ഒരു ചെറുപ്പക്കാരി പെൺകുട്ടി അവളുടെ മൂത്ത സഹോദരിയെക്കുറിച്ച് പറഞ്ഞതുപോലെ: “അവൾ എനിക്ക് ഒരു വഴികാട്ടിയേപ്പോലെ ആയിരുന്നു. അവൾക്ക് ഞാൻ അനുഭവിക്കാൻ പോകുന്നതെന്തെന്ന് അറിയാം, എന്തുകൊണ്ടെന്നാൽ അവൾതന്നെ അത് അനുഭവിച്ചുകഴിഞ്ഞിട്ടുണ്ട്.”
എന്നിരുന്നാലും കാര്യങ്ങൾ വളരെ ദൂരം കൊണ്ടുപോകുന്നതിന്റെ അപകടമുണ്ട്.
നിങ്ങളുടെ പരിമിതികൾ അറിയുക!
“അയാൾ താനാണ് അധികാരിയെന്ന് വിചാരിക്കുന്നു” എന്ന് ഒരു 15 വയസ്സുകാരൻ തന്റെ മൂത്ത സഹോദരനെക്കുറിച്ച് പറഞ്ഞു. “ഞാൻ അയാളുമായി ഒരു തർക്കത്തിലേർപ്പെടുന്നു, അയാൾ മേശക്ക് ഇപ്പുറത്ത് എന്റെ ചെകിട്ടത്തടിക്കും. ഞങ്ങൾക്ക് യോജിച്ചുപോകുക സാധ്യമല്ല.” ഒരു ചെറുപ്പക്കാരി പെൺകുട്ടി തന്റെ ഇളയ സഹോദരിമാരെ കൈകാര്യം ചെയ്യുന്നതിൽ സമാനമായ പ്രശ്നം റിപ്പോർട്ടുചെയ്യുന്നു. “ഞാൻ അവരോടുകൂടെ ഇരുന്നുകൊണ്ട് ഏതാനും തിരുവെഴുത്തുകൾ കാണിച്ചുകൊടുത്തു,” അവൾ വിശദീകരിക്കുന്നു. “എന്നാൽ അവർ കോപിക്കുന്നു! ചിലപ്പോൾ ഞങ്ങളുടെ തർക്കം മുഷ്ടിയുദ്ധത്തിൽ കലാശിക്കുന്നിടംവരെ വഷളായിത്തീരുന്നു.”
ഖേദകരമായി, യുവാക്കൾ ചിലപ്പോൾ ഒരു മാതൃകയായിത്തീരുന്നതിനെ മേധാവിയായിത്തീരുന്നതുമായി കൂട്ടിക്കുഴക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ ഇളയ സഹോദരങ്ങളുടെ ഒരു സ്നേഹിതനും ഉപദേശകനും ആയിത്തീരാൻ കഴിയുമെന്നിരിക്കെ, നിങ്ങൾ ഒരിക്കലും അവരുടെ മാതാപിതാക്കളായിരിക്കയില്ല! ആ വിധത്തിൽ അവർക്കു ശിക്ഷണം കൊടുക്കുകയൊ ബുദ്ധിയുപദേശം കൊടുക്കുകയൊ ചെയ്തുകൊണ്ട് അവരോട് ഇടപെടുന്നതിനുള്ള നിങ്ങളുടെ ഭാഗത്തെ ഏതൊരു ശ്രമത്തോടും അവർക്ക് നീരസം തോന്നാൻ വളരെ സാധ്യതയുമുണ്ട്. ‘അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസ്സിക ക്രമവൽക്കരണത്തിലും വളർത്തുക’ എന്നത് നിങ്ങളുടെ മാതാപിതാക്കളുടെ ചുമതലയാണ്—നിങ്ങളുടേതല്ല! (എഫേസ്യർ 6:4) അതുകൊണ്ട് ഉപദേശത്തിന്റെ ഒരു വാക്ക് നല്ലതായിരിക്കാൻ കഴിയുമെന്നിരിക്കെ, നിങ്ങൾ എതിർപ്പിനെ അഭിമുഖീകരിക്കുന്നുവെങ്കിൽ, ഒരുപക്ഷേ നിങ്ങൾ പിന്തിരിഞ്ഞ് നിങ്ങളുടെ മാതാപിതാക്കൾ കാര്യം കൈകാര്യം ചെയ്യാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധിപൂർവകം.
കൂടാതെ, ഈ കാര്യത്തിൽ നിങ്ങളുടെ പരിമിതികൾ മനസ്സിലാക്കുന്നത് നിങ്ങളുടെ മാതാപിതാക്കളോട് ഏററുമുട്ടുന്നതിൽനിന്ന് നിങ്ങളെ തടയുകയും ചെയ്യും. കൈകാര്യം ചെയ്യുന്നതിന് നിങ്ങൾക്ക് തീരെ പരിചയമില്ലാത്ത ഒരു കാര്യത്തിൽ നിങ്ങളുടെ ഇളയ സഹോദരനോ സഹോദരിയോ നിങ്ങളുടെ ഉപദേശം തേടിയേക്കാം. അല്ലെങ്കിൽ അവനൊ അവളൊ നിങ്ങളുടെ മാതാപിതാക്കൾക്ക് അറിയാൻ അവകാശമുള്ള ഏതെങ്കിലും കുററകൃത്യം ഏററുപറഞ്ഞേക്കാം. നിങ്ങൾതന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നതിനുപകരം സദൃശവാക്യങ്ങൾ 11:2 ഓർമ്മിക്കുക: “ഗർവ്വം വരുന്നുവോ? അപ്പോൾ അപമാനവും വരും; എന്നാൽ എളിമയുള്ളവനോടുകൂടെ ജ്ഞാനമുണ്ട്.” നിങ്ങളുടെ മാതാപിതാക്കൾ ആ സാഹചര്യം സംബന്ധിച്ച് ജാഗരൂകരാകേണ്ടതാണെന്ന് എളിമയോടെ മനസ്സിലാക്കുക; തീർച്ചയായും നിങ്ങളുടെ സഹോദരനൊ സഹോദരിയൊ മാതാപിതാക്കളെത്തന്നെ സമീപിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് നല്ലത്.
ഒരു യുവാവ് ഇപ്രകാരം പറഞ്ഞുകൊണ്ട് നിങ്ങളുടെ പരിമിതികളെ ഓർക്കേണ്ട മറെറാരു വശം ചൂണ്ടിക്കാണിച്ചു: “ഏററവും മൂത്തവനായിരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു, എന്നാൽ എല്ലാം ശരിയായി ചെയ്യുന്നത് ചിലപ്പോൾ പ്രയാസമാണ്.” ഒരു ഞെരുക്കുന്ന ഭാരത്തിൻകീഴിലാണെന്ന് വിചാരിക്കുന്നതിനു പകരം, “നാം എല്ലാം പലപ്പോഴും ഇടറുന്നു” എന്ന് തിരിച്ചറിയുക. (യാക്കോബ് 3:2) യേശുക്രിസ്തുമാത്രമാണ് ഒരു പൂർണ്ണതയുള്ള ദൃഷ്ടാന്തം! (1 പത്രോസ് 2:21) അതുകൊണ്ട് നിങ്ങളേത്തന്നെ വളരെ പ്രാധാന്യമുള്ളവനായി കണക്കാക്കരുത്.
പ്രയോജനങ്ങൾ
നിങ്ങളുടെ ഇളയ സഹോദരങ്ങൾക്ക് ഒരു നല്ല മാതൃക വെക്കാൻ കഠിനശ്രമം ചെയ്യുന്നതിന് അതിന്റെ പ്രശ്നങ്ങൾ ഉണ്ട്, എന്നാൽ അതിന് അതിന്റെ പ്രതിഫലങ്ങളുമുണ്ട്. ഒരു സംഗതി, നിങ്ങൾതന്നേ ചുമതലാബോധം പ്രകടമാക്കുന്നതിനാൽ നിങ്ങൾ കൂടുതൽ വേഗത്തിൽ പക്വതപ്രാപിക്കുകയും കൂടുതലായ പദവികൾ ആർജ്ജിക്കുകയും ചെയ്യുമെന്നതിന് സംശയമില്ല. (ലൂക്കോസ് 16:10) പിന്നീട് നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം കുട്ടികൾ ഉണ്ടാകുമ്പോൾ വിലതീരാത്തത് എന്ന് തെളിയുന്ന പ്രാപ്തികളും വൈദഗ്ദ്ധ്യങ്ങളും നിങ്ങൾ വികസിപ്പിക്കുന്നതായിരിക്കും. കൂടാതെ, നിങ്ങളുടെ ഇളയ സഹോദരങ്ങൾ ചുമതലാബോധമുള്ളവരും ദൈവഭയമുള്ളവരുമായ മുതിർന്നവരായിത്തീരത്തക്കവണ്ണം മുന്നേറുന്നതിന് അവരിൽ നിങ്ങളുടെ ദൃഷ്ടാന്തത്തിനുള്ള ഫലത്തെ അവഗണിക്കാവതല്ല.
നിങ്ങളുടെ ഇളയ സഹോദരങ്ങളോട് ഊഷ്മളവും സ്നേഹപൂർവകവുമായ താൽപ്പര്യം പ്രകടമാക്കുന്നതിനാൽ നിങ്ങൾ അവരുടെ നിലനിൽക്കുന്ന സ്നേഹവും ആദരവും പിടിച്ചുപററിയേക്കാം. അവർ കൂടെക്കൂടെ നിങ്ങളെ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നേക്കാമെന്നത് സത്യംതന്നെ. എന്നാൽ ഒരു കൗമാരപ്രായക്കാരി സമ്മതിക്കുന്നതുപോലെ: “ഞാൻ യഥാർത്ഥത്തിൽ നന്ദിയുള്ളവളായിരിക്കുന്ന ഒരു കാര്യമുണ്ട്, അത് വ്യക്തിപരമായ പ്രശ്നങ്ങൾ സംബന്ധിച്ച് എന്നോട് സംസാരിക്കുകയും എനിക്ക് ആവശ്യമായിരിക്കുമ്പോൾ എന്നെ ആശ്ലേഷിക്കുകയും ചെയ്യുന്ന രണ്ടു സഹോദരിമാർ ഉണ്ടെന്നുള്ളതാണ്.” ഒരിക്കൽ രൂപപ്പെടുത്തിയെടുത്ത ഈ സ്നേഹബന്ധത്തിന് ഒരു ജീവിതകാലം മുഴുവൻ നിലനിൽക്കാൻ കഴിയും. ഒരു നല്ല മാതൃക വെക്കാൻ ചെയ്ത ശ്രമം തക്ക മൂല്യമുള്ളതാണ്. (g89 10⁄22)
[19-ാം പേജിലെ ചിത്രം]
നിങ്ങളുടെ ഇളയ സഹോദൻമാരെയും സഹോദരിമാരെയും കാര്യങ്ങൾ ചെയ്യാൻ പഠിക്കുന്നതിന് സഹായിക്കുക
[20-ാം പേജിലെ ചിത്രം]
ഒരു മൂത്ത സഹോദരി ഒരു യജമാനത്തിയെപ്പോലെ പെരുമാറിയാൽ നീരസത്തിനു വിധേയയായേക്കാം