ഇതെല്ലാം എപ്പോൾ അവസാനിക്കും?
നവോൻമേഷപ്രദമായ ശാരീരികപ്രവർത്തനത്തിൽ ഏർപ്പെടുന്നത് ഉല്ലാസകരവും ആരോഗ്യപ്രദവുമാണ്. എന്നാൽ നിർഭാഗ്യവശാൽ പങ്കാളികളോ പ്രേക്ഷകർപോലുമോ ആകുന്നത് മിക്കപ്പോഴും അത്യന്തം അക്രമാസക്തവും ലഹരിമരുന്നുപൂരിതവുമായ ഒരു ലോകത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നതിനെ അർത്ഥമാക്കുന്നു.
ആധുനികനാളിലെ സ്പോർട്ട് ആ അക്രമാസക്തലോകത്തിന്റെ ഒരു പ്രകടനംമാത്രമാണ്. ഒരു ഫുട്ബോൾ സ്റേറഡിയത്തിലെ സ്ററാൻഡുകളിൽ 39 പേരുടെ മരണത്തിനിടയാക്കിയ 1985ലെ ബൽജിയം സംഭവങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് തത്വചിന്തകനായ എമ്മാനുവെൽ സെവേറിനോ ഇങ്ങനെ പറഞ്ഞു: “ബ്രസ്സൽസിൽ ഉണ്ടായതുപോലെയുള്ള സംഭവങ്ങൾ നടക്കുന്നത് നമ്മുടെ സമുദായത്തിന്റെ ചില അടിസ്ഥാനമൂല്യങ്ങളിൽ ആളുകൾക്കുള്ള വിശ്വാസത്തിന്റെ വർദ്ധിച്ചുവരുന്ന അഭാവമാണെന്ന് പൊതുവേ സമ്മതിക്കപ്പെടുന്നു.” അനന്തരം അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “നമ്മുടെ കാലത്തെ അക്രമം മൂല്യങ്ങളുടെ അഭാവത്തിൽനിന്നല്ല പിന്നെയോ പുതിയ മൂല്യങ്ങളുടെ പ്രഭാവത്തിൽനിന്നാണ് ഉത്ഭൂതമാകുന്നത്.”
സ്പോർട്ട്സിലെ പുതിയ മൂല്യങ്ങൾ
പ്രൊഫസ്സർ സെവേറിനോ പറഞ്ഞ ഈ പുതിയ മൂല്യങ്ങൾ എന്തൊക്കെയാണ്? അതിലൊന്ന് ചാമ്പ്യൻമാരെ “അർദ്ധദൈവങ്ങളാ”ക്കുന്ന അത്ലിററുകളുടെ സ്വാത്മപ്രേമമാണ്.
ഇനി ദേശീയത്വവും തത്ഫലമായുള്ള രാഷ്ട്രീയ സൂചനകളുമുണ്ട്. എൽ എസപ്രസോ മാസിക ഇങ്ങനെ പ്രസ്താവിക്കുന്നു: “സ്പോർട്ട് സാമൂഹിക സ്ഥാനക്കയററത്തിനുള്ള ഒരു വലിയ ഉപാധിയായിരിക്കുകയാണ്. എത്രയധികം വിജയംനേടുന്നുവോ അത്രയധികമായി ഒരു രാഷ്ട്രം പരിഗണിക്കപ്പെടുന്നു.”
പണവും സ്പോർട്ടിംഗ്ലോകത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്ന പുതിയ മൂല്യങ്ങളിലൊന്നാണ്. സാമ്പത്തികവും വ്യാപാരപരവുമായ ഗണ്യമായ താത്പര്യങ്ങൾ—റെറലിവിഷൻസംപ്രേഷണാവകാശങ്ങൾ, പബ്ലിസിററി, ലോട്ടറികൾ, സ്പോൺസർഷിപ്സ്—കളിക്കാരുടെ ഇടയിൽപോലും “തത്വരഹിതമായ മത്സര”ത്തിന് ഉറപ്പുകൊടുക്കുന്നു. ഫുട്ബോൾ “മേലാൽ ഒരു കളിയല്ല. അത് ഒരു ബിസിനസ്മാത്രമാണ്” എന്ന് ഒരു മുൻ സോക്കർ കളിക്കാരൻ പറയുകയുണ്ടായി.
പ്രബലപ്പെട്ടിരിക്കുന്ന തത്വം എങ്ങനെയും വിജയമെന്നതാണ്. ഇന്നത്തെ പുതിയ മൂല്യങ്ങളനുസരിച്ച് ഇത് സകലത്തെയും അർത്ഥമാക്കുന്നു—കളത്തിലെയും സ്ററാൻഡുകളിലെയും അക്രമം തുടങ്ങി കളിക്കുമുമ്പും പിമ്പും ആരാധകർ കാട്ടിക്കൂട്ടുന്ന അക്രമംവരെയും ഡോപ്പിംഗും അതിന്റെ മാരകമായ ഫലങ്ങളും തുടങ്ങി അന്യായവും തത്വരാഹിത്യവുംവരെയും. സ്പോർട്ടിംഗ് സ്പിരിററ്, മാന്യമായ കളി എന്നു പറയപ്പെടുന്നത്, ഒരു കഴിഞ്ഞകാല സംഗതിയായിത്തീർന്നിരിക്കുന്നതായി തോന്നുന്നു. അത് എന്നെങ്കിലും മടങ്ങിവരുമോ? പറയപ്പെടുന്നതിനെ അടിസ്ഥാനമാക്കി വിധിച്ചാൽ ആളുകൾ അങ്ങനെ ആശിക്കുന്നു, എന്നാൽ വസ്തുതകൾ അശേഷം പ്രോൽസാഹജനകമല്ല.
മയക്കുമരുന്നുകളും അക്രമങ്ങളും—അവ എന്നെങ്കിലും അവസാനിക്കുമോ?
സെവേറിനോ സമ്മതിക്കുന്നതുപോലെ, സ്പോർട്ട്സിലെ അക്രമം ആധുനികസമുദായത്തെ ദണ്ഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറെ സാധാരണമായ അക്രമത്തിന്റെ ഒരു വശംമാത്രമാണ്. ഇത്രയധികം അക്രമത്തിന്റെ കാരണമെന്താണ്? പ്രശ്നം മനസ്സിലാക്കാൻ ഒരു ബൈബിൾ പ്രവചനം നമ്മെ സഹായിക്കുന്നു. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യനാളുകളെക്കുറിച്ചു സംസാരിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ് പിൻവരുന്ന സ്വഭാവവിശേഷങ്ങൾ പട്ടികപ്പെടുത്തി: ‘മനുഷ്യർ സ്വസ്നേഹികളും പണസ്നേഹികളും അഭക്തരും ആത്മനിയന്ത്രണമില്ലാത്തവരും ഉഗ്രൻമാരും നൻമപ്രിയമില്ലാത്തവരും ഒററുകാരും ഗർവികളും അഹങ്കാരത്താൽ ചീർത്തവരും ഉല്ലാസപ്രിയരുമായിരിക്കും.’ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ദുഷ്ടമനുഷ്യരും മായാവികളും ചീത്തത്വത്തിൽ അധികമധികം മുതിർന്നുവരും.”—2 തിമൊഥെയോസ് 3:1-5, 13.
ഇപ്പോഴത്തെ ലോകം “ദുഷ്ടനായവന്റെ അധികാരത്തിൻകീഴിൽ കിടക്കുന്നു”വെന്ന് ബൈബിൾ വിശദീകരിക്കുന്നു. (1 യോഹന്നാൻ 5:19) ആരോഗ്യാവഹമായ സ്പോർട്ട്സ് പ്രവർത്തനങ്ങൾപോലെയുള്ള നല്ല കാര്യങ്ങളെ ദുഷിപ്പിക്കുന്ന “ദുഷ്ടനായവൻ” പിശാചായ സാത്താനാണ്. അക്രമാസക്തമായ ആത്മാവിന് ഉത്തരവാദിയായിരിക്കുന്നവൻ അവനാണ്. അവൻ സമുദായത്തെയും സ്പോർട്ട്സിനെയും നശിപ്പിച്ചിരിക്കുന്ന ദേശീയത്വവും സ്വാർത്ഥതയും അത്യാഗ്രഹവും ഇളക്കിവിടുന്നു.
എന്നാൽ വ്യക്തികളെന്ന നിലയിൽ നാം ആ ഭൂതസംബന്ധമായ ആത്മാവിനു വഴങ്ങേണ്ടതില്ല. ബൈബിൾതത്വങ്ങളുടെ ബാധകമാക്കലിനാൽ നമുക്ക് അക്രമാസക്തരീതികൾ ഉൾപ്പെടെയുള്ള തെററായ നടപടികളോടുകൂടിയ നമ്മുടെ പഴയ വ്യക്തിത്വത്തെ “ഉരിഞ്ഞുകളയാനും” സമാധാനഫലം ഉളവാക്കുന്ന “പുതിയവ്യക്തിത്വം” ധരിക്കാനും കഴിയും.—കൊലോസ്യർ 3:9, 10; ഗലാത്യർ 5:22, 23.
എന്നാൽ സ്പോർട്ട്സിലെ അക്രമത്തിനും ഡോപ്പിംഗിനും ഒരു അവസാനമുണ്ടാകുമോ? തീർച്ചയായും! എപ്പോൾ? സമുദായത്തിലെ അക്രമവും മയക്കുമരുന്നിന്റെ ദുരുപയോഗവും അവസാനിക്കുമ്പോൾ. ദുഷ്ടതയുടെ ഇപ്പോഴത്തെ വർദ്ധനവ് ആ കാലം സമീപിച്ചിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു!—സങ്കീർത്തനം 92:7. (g89 11⁄8)