“ദേശം വിഭജിതം, ലോകം സംയോജിതം”—പനാമാ കനാൽ കഥ
പനാമയിലെ “ഉണരുക!” ലേഖകൻ
“ദേശം വിഭജിതം, ലോകം സംയോജിതം” ഈ മുദ്രാവാക്യം അനേകം ദശാബ്ദങ്ങളിൽ പാനാമാ കനാലിന്റെ ഒരു മുദ്രയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടു ശക്തമായ സമുദ്രങ്ങളെ ബന്ധിപ്പിച്ചതിനാൽ കനാൽ ലോകത്തെ ഒരു പ്രത്യേകവിധത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. അതിന് നിങ്ങൾ തിരിച്ചറിഞ്ഞേക്കാവുന്നതിൽ കൂടുതൽ ഫലം നിങ്ങളുടെ ജീവിതത്തിൻമേൽ ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ നിങ്ങളുടെ കാറോ വീട്ടുപകരണങ്ങളോ നിങ്ങളുടെ തീൻമേശയിലെ ഭക്ഷണംപോലുമോ ആ വഴിയേ സഞ്ചരിച്ചിട്ടുണ്ടായിരിക്കാം!
ആയിരത്തിത്തൊള്ളായിരത്തി എൺപത്തൊൻപത് ഓഗസ്ററ് 15 ഈ മർമ്മപ്രധാനമായ ജലപാതയിലൂടെയുള്ള ആദ്യസഞ്ചാരത്തിന്റെ 75-ാം വാർഷികമായിരുന്നു. എന്നിരുന്നാലും, ഈ 50 മൈൽ വരുന്ന ജലസഞ്ചാരം സാദ്ധ്യമാക്കിയ സ്വപ്നങ്ങളും പദ്ധതികളും അദ്ധ്വാനവും നൂററാണ്ടുകൾ പഴക്കമുള്ളവയാണ്.
കൊളംബസ് പുതിയലോകം എന്നു വിളിക്കപ്പെടുന്നത് കണ്ടുപിടിച്ചശേഷം സ്പാനീഷ് ജേതാക്കളുടെ പര്യവേക്ഷണത്തിന്റെ ഒരു യുഗം തുടങ്ങി. അങ്ങനെ, വാസ്കോ ന്യൂനിസ് ഡി ബാൽബോവാ 1513-ാമാണ്ടിൽ ഇടുങ്ങിയ പനാമാ കരയിടുക്കിലൂടെ സഞ്ചരിച്ചു. തദ്ദേശവാസികൾ പറഞ്ഞ മറെറാരു സമുദ്രത്തിലേക്കു നയിക്കുന്ന ഒരു “ഇടുങ്ങിയ സ്ഥലത്തെ”ക്കുറിച്ചുള്ള കഥകളാൽ ഉത്തേജിതനായി ബാൽബോവാ അന്വേഷണം നടത്തുകയും വലിയ പശ്ചിമസമുദ്രത്തെ അഭിമുഖീകരിക്കുകയും ചെയ്തു.
ഏതാനും വർഷംകഴിഞ്ഞ് ഫെർഡിനാൻഡ് മഗല്ലൻ തെക്കേ അമേരിക്കയുടെ തെക്കേ അററം ചുററി ഇപ്പോൾ അയാളുടെ നാമം വഹിക്കുന്ന അപകടകരമായ കടലിടുക്കിലൂടെ കപ്പലോടിക്കുകയും അതേ മഹാസമുദ്രത്തിൽ പ്രവേശിക്കുകയുംചെയ്തു. മഗല്ലൻ അതിനെ പ്രക്ഷുബ്ധമായ അററ്ലാൻറിക്കിൽനിന്നു വ്യത്യസ്തമായി ശാന്തമായ ഒന്ന് എന്നർത്ഥമുള്ള എൽ പസഫിക്കോ എന്നു വിളിച്ചു. ഈ നീണ്ട അപകടകരമായ സഞ്ചാരം പസഫിക്കിലേക്കുള്ള കൂടുതൽ കാര്യക്ഷമമായ ഒരു പാതക്കുള്ള അന്വേഷണത്തിനു വഴിമരുന്നിട്ടു.
സ്പെയിനിലെ ചാൾസ് I-ാമൻ രാജാവ് 1534-ൽ ഒരു ശ്രദ്ധേയമായ നിർദ്ദേശത്തെ പിൻതാങ്ങി: ഈ രണ്ടു മഹാസമുദ്രങ്ങളെ ബന്ധിപ്പിക്കാനുള്ള ഒരു കനാൽ! അദ്ദേഹം സർവേകൾ നടത്താൻ ആജ്ഞാപിച്ചുവെങ്കിലും പദ്ധതി അദ്ദേഹത്തിന്റെ യുഗത്തിലെ സാങ്കേതിക പ്രാപ്തികൾക്ക് വളരെ അതീതമായിരുന്നു. സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നതിന് മൂന്നിലധികം നൂററാണ്ടുകൾ കൂടെ കഴിയുമായിരുന്നു.
ആയിരത്തി എണ്ണൂറുകളിൽ ആവിശക്തിയുടെയും തീവണ്ടിപ്പാതകളുടെയും പുതിയ സാങ്കേതിക വിദ്യകൾ ആവേശകരമായ പുതിയ സാധ്യതകൾ ഉന്നയിച്ചുതുടങ്ങി. പിന്നീട് കാലിഫോർണിയായിലെ സ്വർണ്ണപര്യവേക്ഷണതിരക്ക് ആഗതമായി. പര്യവേക്ഷകർ കാലഫോർണിയായിലേക്ക് ഒരു കുറുക്കുവഴി കണ്ടുപിടിച്ചു: ഐക്യനാടുകളുടെ കിഴക്കൻതീരത്തുനിന്ന് പനാമയിലേക്ക് സമുദ്രയാത്ര നടത്തുകയും കാൽനടയായൊ കോവർകഴുതപ്പുറത്തൊ കരയിടുക്ക് കുറുകെ കടന്നിട്ട് സാൻഫ്രാൻസിസ്കോയിലേക്ക് സമുദ്രയാത്ര നടത്തുകയും ചെയ്യുക! പനാമാ കരയിടുക്കിനു കുറുകെയുള്ള ഒരു തീവണ്ടിപ്പാത 1855-ൽ പ്രവർത്തനത്തിലായി. പിന്നെയും കനാലിന്റെ ആശയം തങ്ങിനിന്നു.
ധീരമായ ഫ്രഞ്ച കനാൽ പദ്ധതി
കൗണ്ട് ഫെർഡിനാൻഡ് ഡി ലെസ്സെപ്സ് സൂയസ് കനാൽനിർമ്മാണത്തിലെ തന്റെ വിജയത്തെ തുടർന്ന് പനാമാ കനാൽ ഒരു യാഥാർത്ഥ്യമാക്കിത്തീർക്കുന്നതിന് നടപടികൾ സ്വീകരിച്ചു. അയാൾ നേതൃത്വം വഹിച്ച ഒരു കമ്മിററി പ്രാരംഭ സർവേക്കു മേൽനോട്ടം വഹിക്കുകയും കൊളംബിയായിൽനിന്ന് 99 വർഷത്തേക്ക് ഒരു അനുമതി വാങ്ങുകയുംചെയ്തു. പനാമാ കരയിടുക്ക് അന്ന് കൊളംബിയായുടെ ഒരു ഭാഗമായിരുന്നു. കനാലിന്റെ പണി 1881-ൽ തുടങ്ങി. പ്രതീക്ഷകൾ ഉയർന്നുവന്നു. കാരണം ഈ കനാലിന് സൂയസിന്റെ പകുതി ദൈർഘ്യമേ ഉണ്ടായിരിക്കുമായിരുന്നുള്ളു. വെള്ളത്തിനും ദൗർലഭ്യമില്ലായിരുന്നു. അല്ലെങ്കിൽ ഒടുങ്ങാത്ത മരുപ്രദേശ മണലിനോട് മല്ലടിക്കേണ്ടതില്ലായിരുന്നു.
എന്നാൽ പുതിയ ശത്രുക്കൾ—ഉഷ്ണമേഖലാവനങ്ങൾ, വലിയ പാറക്കുന്നുകൾ, അസ്ഥിരമായ മണ്ണ്, എല്ലാററിലും മോശമായി മഞ്ഞപ്പനിയും മലമ്പനിയും—പണിക്കാർക്ക് അസഹനീയമായിത്തീർന്നു. തൽഫലമായുള്ള തൊഴിലാളിപ്രശ്നങ്ങളും അപര്യാപ്തമായ ഉപകരണങ്ങൾനിമിത്തമുള്ള സാവധാനത്തിലുള്ള പുരോഗതിയും ഫണ്ടുകളുടെ ദുർവിനിയോഗവും 20 വർഷത്തെ പണിക്കുശേഷം ഫ്രഞ്ചുകാർ തങ്ങളുടെ പദ്ധതി ഉപേക്ഷിക്കാൻ ഇടയാക്കി. ചെലവ് 26 കോടി ഡോളർ ആയിരുന്നു. ഒട്ടേറെപ്പേരുടെ ജീവനും നഷ്ടപ്പെട്ടു.
വെല്ലുവിളി ഏറെറടുക്കുന്നു
നൂററാണ്ടിന്റെ അവസാനത്തോടെ ഐക്യനാടുകൾ ഒരു ലോകശക്തിയെന്ന നിലയിൽ പ്രവർത്തനസജ്ജമായിത്തുടങ്ങുകയും പെട്ടെന്നുതന്നെ പനാമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. സ്പാനീഷ് അമേരിക്കൻ യുദ്ധകാലത്ത് ഓറഗോൺ എന്ന യുദ്ധകപ്പൽ കാലിഫോർണിയായിൽനിന്ന് മഗല്ലൻ കടലിടുക്കുവഴി ഫ്ളോറിഡായിൽ എത്തുന്നതിന് 68 ദിവസമെടുത്തിരുന്നു. ഇത് മെച്ചപ്പെട്ട ഒരു പൂർവപശ്ചിമപാതയുടെ ആവശ്യത്തെ നാടകീയമാക്കി. പനാമാ കനാലിന്റെ പ്രായോഗികത തിരിച്ചറിഞ്ഞുകൊണ്ട് ഐക്യനാടുകൾ അതു പണിയാനുള്ള അവകാശങ്ങൾ വിലക്കുവാങ്ങി.
എന്നിരുന്നാലും, കൊളംബിയായുമായുള്ള യു. എസ്സ്. ചർച്ചകൾ പെട്ടെന്നു തകർന്നു. പിന്നീട് 1903-ൽ പനാമ കൊളംബിയായിൽനിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും പെട്ടെന്നുതന്നെ കനാൽ നിർമ്മിക്കുന്നതിനുള്ള അവകാശങ്ങളും അതിന്റെ ഗതിയിലുള്ള 10 മൈൽ വീതിയുള്ള ഭാഗത്തിൻമേലുള്ള ഭരണാധികാരവും ഐക്യനാടുകൾക്ക് അനുവദിച്ചുകൊടുത്തു.
പിന്നെയും ഫ്രഞ്ചുകാരെ ബാധിച്ച പഴയ പ്രശ്നങ്ങൾ നിലനിന്നു. മുൻകൂട്ടിക്കാണാത്ത പുതിയ പ്രശ്നങ്ങളുമുണ്ടായി. അവ പുതിയതായി പണി തുടങ്ങിയപ്പോൾ പണിക്കാരെ വെല്ലുവിളിച്ചു. തക്കസമയത്ത് ഓരോന്നും തരണംചെയ്യപ്പെട്ടു:
രോഗം: മഞ്ഞപ്പനിയും മലമ്പനിയും ആ ഉഷ്ണമേഖലാ രാജ്യത്ത് വ്യാപിച്ചിരുന്നു. എന്നിരുന്നാലും കേണൽ വില്യം ക്രോഫോർഡ് ഗോർഗാസ് കർശനമായ ശുചിത്വനടപടികൾ നടപ്പിലാക്കി. അതോടുകൂടെ രോഗവാഹികളായ കൊതുകുകൾക്കെതിരായ സമഗ്രമായ യുദ്ധവും പ്രഖ്യാപിച്ചതോടെ ആ രോഗങ്ങൾ ഫലത്തിൽ നിർമ്മാർജ്ജനം ചെയ്യപ്പെട്ടു!
തൊഴിൽ: ഈ പദ്ധതിക്കാവശ്യമായിട്ടുള്ള വമ്പിച്ച തൊഴിൽസേനയെ പ്രദാനം ചെയ്യാൻ പനാമ അപ്രാപ്തയായിരുന്നു. പരിഹാരം? ആയിരക്കണക്കിനു ജോലിക്കാർ വെസ്ററിൻഡീസിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടു.
ഖനനനിർമ്മാർജ്ജന പ്രശനങ്ങൾ: കടുപ്പമുള്ള പാറയും അസ്ഥിരമായ മണ്ണും ഒരു പ്രശ്നമായിത്തുടർന്നു. എന്നിരുന്നാലും, സമുദ്രനിരപ്പിലുള്ള ഒരു കനാലിനു പകരം ഒരു ലോക്ക്റൈറപ്പ് കനാൽ നിർമ്മിക്കാനുള്ള തീരുമാനം നീക്കംചെയ്യേണ്ട മണ്ണിന്റെ അളവ് അതിയായി കുറച്ചു. എന്നിരുന്നാലും കുഴിച്ചെടുക്കുന്ന മണ്ണ് എവിടെയിടും? ഉൾനാടൻ ജലമാർഗ്ഗത്തിന്റെ ഭാഗമായി തടാകങ്ങൾ സൃഷ്ടിക്കാനുള്ള ഡാമുകളുടെ നിർമ്മാണത്തിന് മണ്ണിന്റെ അധികഭാഗവും ഉപയോഗിക്കപ്പെട്ടു. ശേഷിച്ചവ തരംഗരോധങ്ങളും കടൽപാലങ്ങളും നിർമ്മിക്കാനും അനൂപങ്ങളും ചതുപ്പുകളും നികത്താനും ഉപയോഗിക്കപ്പെട്ടു. നികത്തിയെടുത്ത സ്ഥലങ്ങൾ വ്യാവസായിക കേന്ദ്രങ്ങൾക്കും ഭവനനിർമ്മാണത്തിനുമുള്ള പ്രദേശങ്ങൾ പ്രദാനം ചെയ്തു. പരിചയസമ്പന്നനായിരുന്ന ഒരു റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ജോൺ എഫ് സ്ററീവൻസ് ആ നാളുകളിൽ സൂത്രധാരത്വം വഹിച്ചിരുന്നു. മണ്ണ് കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങളും പണി പുരോഗമിക്കുന്നതിനനുസരിച്ച് മാററിസ്ഥാപിക്കാൻ കഴിയുമായിരുന്ന തീവണ്ടിപ്പാളങ്ങളും വളരെ പ്രായോഗികമാണെന്ന് തെളിഞ്ഞു. സ്ററീവൻസ് പിന്നീട് രാജിവെച്ചെങ്കിലും അദ്ദേഹം നടപ്പിലാക്കിയ രീതികൾ പദ്ധതി പൂർത്തിയാവുന്നതുവരെ തുടർന്ന് ഉപയോഗിക്കപ്പെട്ടു.
പിന്നീട് ഒരു യു. എസ്സ്. സൈനിക എഞ്ചിനീയറായിരുന്ന ലെഫ്ററനൻറ് കേണൽ ജോർജ് വാഷിംഗ്ടൻ ഗീഥോൾസ് പ്രസിഡണ്ടായിരുന്ന തിയോഡർ റൂസ്വെൽററിനാൽ നിയമിക്കപ്പെട്ടു. ഒരു എഞ്ചിനീയർ എന്ന ഗീഥോൾസിന്റെ പശ്ചാത്തലം പദ്ധതി പൂർത്തീകരിക്കുന്നതിൽ അമൂല്യമെന്നു തെളിഞ്ഞു. 1914 ഓഗസ്ററ് 15-ാംതീയതി കനാൽ തുറന്നു. ലോക്കുകളുടെ പദ്ധതി വിജയപ്രദമെന്നു മാത്രമല്ല ഈടുനിൽക്കുന്നതാണെന്നും തെളിഞ്ഞു. നമുക്ക് കനാലിൽക്കൂടെ സഞ്ചരിച്ച് പദ്ധതിയുടെ പ്രവർത്തനവിധം നേരിട്ട് നിരീക്ഷിക്കാം. നിങ്ങൾ ഊഹിച്ചേക്കാവുന്നതിനു വിരുദ്ധമായി നാം അററ്ലാൻറിക്കിൽനിന്ന് കനാലിന്റെ പസഫിക്കിലെ അററത്തേക്കു പോകുമ്പോൾ നാം കിഴക്കുനിന്നു പടിഞ്ഞാറോട്ടല്ല പിന്നെയോ വടക്കുപടിഞ്ഞാറുനിന്ന് തെക്കുകിഴക്കോട്ടാണ് സഞ്ചരിക്കുന്നത്. (ഭൂപടം കാണുക) ആദ്യം നാം കരീബിയൻ സമുദ്രത്തിന്റെ കാലികപ്രക്ഷുബ്ധതയിൽനിന്ന് നമുക്കു സംരക്ഷണം നൽകുന്ന 3 മൈൽ ദൈർഘ്യമുള്ള തരംഗരോധങ്ങൾക്കു മദ്ധ്യേകൂടെ കടക്കുന്നു. നമ്മുടെ കപ്പൽ കനാലിൽകൂടി സഞ്ചരിക്കുന്നതിനുള്ള അതിന്റെ ഊഴം കാത്ത് ഈ സംരക്ഷിതവെള്ളങ്ങളിൽ നങ്കൂരമിടുന്നു. ഊഴം വരുമ്പോൾ നാം ഗാട്ടൻലോക്കുകളിലേക്കു പ്രവേശിക്കുന്നു. ഇവ മൂന്നു ഘട്ടങ്ങളിലായി നമ്മുടെ കപ്പലിനെ ഗാട്ടൻ തടാകത്തിന്റെ നിരപ്പിലേക്ക് ഏതാണ്ട് 85 അടി ഉയർത്തുന്നു. ഓരോ ലോക്ക് ചേമ്പറും ബൃഹത്താണ്: 110 അടി വീതിയും 1,000 അടി നീളവും ഉള്ളതിനാൽ അവ മിക്കവാറും എല്ലാ വാണിജ്യ സൈനിക കപ്പലുകളെയും കടത്താൻ പര്യാപ്തമാണ്.
ലോക്കുകളുടെ പ്രവർത്തന വിധം ഇതാണ്: വെള്ളം ഗുരുത്വം മുഖേന ചേമ്പറുകളിൽ പ്രവേശിക്കുകയും കപ്പലുകളെ ഉയർത്തുകയും ചെയ്യുന്നു. വൈദ്യുത ശക്തിയാൽ പ്രവർത്തിക്കുന്ന തീവണ്ടി എഞ്ചിനുകൾ അഥവാ മ്യൂൾസ് (കോവർകഴുതകൾ) ഓരോ ചേമ്പറിലും കപ്പലുകളെ ശരിയായ നിലയിലേക്കു നീക്കുന്നു. അങ്ങനെയുള്ള ലോക്കുകൾക്കിടയിൽ കപ്പലുകൾ കനാലിലൂടെ സ്വന്തം ശക്തിയിൽ ഗമിക്കുന്നു.
നാം ഒടുവിലത്തെ ഗാട്ടൻലോക്കിൽനിന്ന് ഗാട്ടൻ തടാകത്തിലേക്കു പോകുന്നു. അത് അതിന്റെ പൂർത്തീകരണത്തിന്റെ സമയത്തെ ലോകത്തെ ഏററവും വലിയ മനുഷ്യനിർമ്മിത ജലാശയമായിരുന്നു. അത് ജലകൈകാര്യത്തിന്റെ ഒരു വിദഗ്ദ്ധ നേട്ടമാണ്. സമൃദ്ധമായ ഉഷ്ണമേഖലാ മഴകൾ ജലപാതതന്നെ നിർമ്മിക്കാൻ മാത്രമല്ല കനാൽപ്രവർത്തനത്തിനുള്ള ജലവൈദ്യുതി ഉൽപ്പാദിപ്പിക്കാനും ഉപയോഗിക്കപ്പെട്ടു. ഗാട്ടൻതടാകത്തിലൂടെ സഞ്ചരിക്കുമ്പോൾ നാം നിരവധി ദ്വീപുകൾ കാണുന്നു. ഈ ഉഷ്ണമേഖലാവനം വെള്ളത്തിൽ മുങ്ങുന്നതിനു മുമ്പ് അവ കുന്നിൻ ശിഖരങ്ങളായിരുന്നു!
ഭൂഖണ്ഡവിഭാജകത്തിലേക്ക് പ്രദേശം കുത്തനെ ഉയരുമ്പോൾ കനാലിനു വീതി കുറയുന്നു. ഈ ഗെയ്ലാർഡ് കട്ടിങ്കൽ ആണ് അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിലേക്കും ഏററവും വലിയ മണ്ണുനീക്കൽ പദ്ധതി നിർവഹിക്കപ്പെട്ടത്. 20 കോടിയിൽ പരം ഘനഗജം ചെളിയും പാറയും നീക്കംചെയ്യേണ്ടതുണ്ടായിരുന്നു. നിരന്തരം ഉള്ള മണ്ണിടിച്ചിൽ പുരോഗതിയെ തടസ്സപ്പെടുത്തി. മിക്കപ്പോഴും തീവണ്ടിപ്പാളങ്ങളെയും ഉപകരണങ്ങളെയും കുഴിച്ചുമൂടിക്കൊണ്ടുതന്നെ. ഇന്ന് 500 അടി വീതിയുള്ള ഈ ജലപാത കേടുപോക്കി സൂക്ഷിക്കുന്നതിന് ആളുകളുടെയും ഉപകരണങ്ങളുടെയും സേവനം ക്രമമായി ഉപയുക്തമാക്കുന്നു.
നാം രണ്ടു ലോക്ക്പദ്ധതികളിലൂടെയും കടന്നുപോകുന്നു. ഒടുവിൽ കനാലിന്റെ പസഫിക്ക് അററത്ത് നാം സമുദ്രനിരപ്പിലേക്ക് ഇറങ്ങുന്നു. അവയുടെ പേർ പെദ്രോ മിഗ്വൽ എന്നും മിറാഫ്ളോർസ് എന്നും ആണ്. നമ്മുടെ സഞ്ചാരം അവസാനിച്ചിരിക്കുന്നു. എന്നാൽ വിപരീത ദിശയിൽ കനാൽ കടക്കുന്നതിന് കാത്തുകിടക്കുന്ന നിരവധി കപ്പലുകൾക്കു ഇനിയും യാത്ര തുടങ്ങേണ്ടിയിരിക്കുന്നു.
ആധുനിക ഗതാഗത രീതികൾ സമീപവർഷങ്ങളിൽ സത്വരം പുരോഗമിച്ചിട്ടുണ്ടെങ്കിലും പനാമാ കനാൽ ഇപ്പോഴും ലോകവ്യാപാരത്തിലെ ഒരു മർമ്മപ്രധാന ചങ്ങലക്കണ്ണിയായി സേവിക്കുന്നു. വാർഷികമായി ഏതാണ്ട് 14 കോടി 50 ലക്ഷം ടൺ ചരക്കു കയററിക്കൊണ്ട് 12,000ത്തിലധികം കപ്പലുകൾ അതിലെ കടന്നുപോകുന്നു. വരുംവർഷങ്ങളിൽ കനാൽ “ദേശം വിഭജിതം, ലോകം സംയോജിതം” എന്ന് ഒരുവന് കണ്ടെത്താൻ കഴിയുന്ന ഒരു സ്ഥലമായി തുടരുമെന്നതിനു സംശയമില്ല. (g89 12/8)
[21-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
വടക്കെ അമേരിക്ക
മദ്ധ്യ അമേരിക്ക
പനാമാ കനാൽ
തെക്കെ അമേരിക്ക
[21-ാം പേജിലെ ചിത്രം]
ഓഗസ്ററ് 15, 1914-ന് ആങ്കൺ എന്ന കപ്പൽ ഈ കനാലിലൂടെ കടന്നുപോയി