യുവജനങ്ങൾ ചോദിക്കുന്നു. . .
എന്റെ ശരീരത്തിന് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
നിങ്ങളുടെ ശരീരത്തിൽ അത്ഭുതകരമായ മാററങ്ങൾ സംഭവിച്ചുതുടങ്ങിയിരിക്കുന്നു.
എന്നാൽ ഇപ്പോൾത്തന്നെ, അവ അത്ഭുതകരമെന്നല്ലാതെ എന്തും തോന്നിയേക്കാം. നിങ്ങൾ നിങ്ങൾക്കു സംഭവിക്കുന്ന കാര്യങ്ങളാൽ കുഴഞ്ഞുപോകുന്നതായും ബുദ്ധിമുട്ടുന്നതായും ഭയപ്പെടുന്നതായി പോലും തോന്നിയേക്കാം. “ഞാൻ ഒരുങ്ങിയിട്ടില്ലായിരുന്നു” എന്ന് ഒരു പെൺകുട്ടി പറഞ്ഞു. “ഞാൻ വിചാരിച്ചു, ഓ, ഇല്ല, ഇത് ഇപ്പോഴും എനിക്കു സംഭവിച്ചുതുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” ഒരു ആൺകുട്ടി ഇങ്ങനെ പറഞ്ഞു: “ഞാൻ വിചിത്രജീവിയോ അതോ സാധാരണഗതിയിലുള്ളവനോയെന്ന് എനിക്ക് അറിയാൻപാടില്ല. എനിക്ക് 13 വയസ്സായി, എന്റെ ശരീരത്തിൽ മാററങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ് . . . ഞാൻ യഥാർഥത്തിൽ വ്യത്യസ്തനും ചിലപ്പോൾ ഏകാകിയുമാണെന്ന് തോന്നുന്നു, ആരെങ്കിലും എന്നെ കളിയാക്കുമെന്ന് എനിക്ക് പേടിയുണ്ട്.”
നിങ്ങൾക്ക് സമാനമായ തോന്നൽ ഉണ്ടായേക്കാമെന്നത് മനസ്സിലാക്കാം. തന്റെ “ശരീരത്തിന് ഭ്രാന്തുപിടിക്കാൻ തുടങ്ങിയ” സമയം എന്ന് ഒരു കുമാരി വർണ്ണിച്ച തിലൂടെ നിങ്ങൾ കടന്നുപോകുകയാണ്. എന്നാൽ ഈ സമയത്ത് “ഭ്രാന്ത്” എന്നു തോന്നാവുന്നത് യഥാർത്ഥത്തിൽ നിങ്ങളെ ഒരു കുട്ടിയിൽനിന്ന് ഒരു പ്രായപൂർത്തിയായ ആളിലേക്ക് മാററുന്ന ക്രമീകൃതമായ ഒരു പ്രക്രിയയാണ്. അത് താരുണ്യം എന്നു വിളിക്കപ്പെടുന്നു. പേടിതോന്നിപ്പിക്കാവുന്ന ആ പേർ ഉണ്ടെങ്കിലും താരുണ്യം എന്തെങ്കിലും രോഗമല്ല, അതിലൂടെ കടന്നുപോകുന്ന ആദ്യത്തെ ആളും നിങ്ങളല്ല. നിങ്ങളുടെ മാതാവിനും പിതാവിനും അത് അനുഭവപ്പെട്ടു. നിങ്ങളുടെ സഹപാഠികളും നിങ്ങളുടെ പ്രായക്കാരായ മററു സുഹൃത്തുക്കളും അതിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കാനിടയുണ്ട്. എന്നാൽ ഉറപ്പുണ്ടായിരിക്കുക, നിങ്ങൾ അതിജീവിക്കും.
എന്നാൽ നിങ്ങളുടെ ശരീരത്തെ ബാധിക്കുന്ന ഈ വിചിത്രമായ വികാസമെന്താണ്?
താരുണ്യത്തിന്റെ രസതന്ത്രം
യേശുവിന് 12 വയസ്സായ ശേഷം ഒരു സമയത്ത് “യേശു . . .ശാരീരിക വളർച്ചയിൽ പുരോഗമിച്ചുകൊണ്ടിരുന്നു” എന്ന് ബൈബിൾ പറയുന്നു. (ലൂക്കോസ് 2:52) അതെ, യേശുക്രിസ്തു പോലും താരുണ്യത്തിലൂടെ കടന്നുപോയി. താരുണ്യത്തിൽ നിങ്ങൾക്ക് ശാരീരിക വളർച്ചയുടെയും വികാസത്തിന്റെയും ഒരു കാലഘട്ടം അനുഭവപ്പെടും. എന്നാൽ ഈ വളർച്ച സംഭവിക്കാനിടയാക്കുന്നതെന്താണെന്നുള്ളത് ഒരു യഥാർത്ഥ മർമ്മമാണ്, ഒരു അത്ഭുതം! ഒരു വിത്തു കുഴിച്ചിട്ട ഒരു മനുഷ്യനെക്കുറിച്ച് യേശു പറഞ്ഞ ഒരു ഉപമ നാം അനുസ്മരിപ്പിക്കപ്പെട്ടേക്കാം. യേശു ഇങ്ങനെ പറഞ്ഞു: “വിത്തുമുളക്കുകയും വളർന്നു പൊങ്ങുകയും ചെയ്യുന്നു, എങ്ങനെയെന്ന് അവൻ അറിയുന്നില്ല.” (മർക്കോസ് 4:27) സമാനമായി, ഡോക്ടർമാർക്ക് താരുണ്യകാലത്ത് സംഭവിക്കുന്നതിന്റെ ഒരു ഏകദേശ ബാഹ്യരൂപം മാത്രമേ നൽകാൻ കഴിയൂ.
ഒൻപതു വയസ്സിനും 16 വയസ്സിനുമിടക്ക് ഒരു സമയത്ത് നിങ്ങൾ താരുണ്യത്തിലേക്ക് തള്ളിവിടപ്പെടുന്നു. (പ്രായം ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്, സാധാരണയായി പെൺകുട്ടികൾ ഒന്നോ രണ്ടോ വർഷം മുമ്പേ താരുണ്യം പ്രാപിക്കുന്നു.) നിങ്ങളുടെ തലച്ചോർ ഓജോഗ്രന്ഥി എന്നു വിളിക്കപ്പെടുന്ന നിങ്ങളുടെ വായുടെ മേൽത്തട്ടിന് മുകളിലുള്ള ഒരു ചെറിയ ഗ്രന്ഥി പ്രവർത്തിപ്പിച്ചുകൊണ്ട് ഞെട്ടിക്കുന്ന ഒരു ശൃംഖലാ പ്രവർത്തനത്തിന് തുടക്കമിടുന്നു. ഹോർമോൺസ് എന്നു വിളിക്കപ്പെടുന്ന രാസ സന്ദേശവാഹകരെ നിർമ്മിച്ചുകൊണ്ട് ഓജോഗ്രന്ഥി പ്രതികരിക്കുന്നു. ഇവ നിങ്ങളുടെ രക്തധാരയിലൂടെ നീന്തിച്ചെല്ലുകയും മററു ചില ഹോർമോണുകൾ നിർമ്മിച്ചുതുടങ്ങുന്നതിന് നിങ്ങളുടെ പുനരുത്പാദനാവയവങ്ങൾക്ക് നിർദ്ദേശം കൊടുക്കുകയും ചെയ്യുന്നു. ഒരു ആൺകുട്ടിയുടെ വൃഷണങ്ങൾ മുഖ്യമായി റെറസ്റേറാസ്റെററോൺ പോലെയുള്ള പുരുഷ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നു; ഒരു പെൺകുട്ടിയുടെ അണ്ഡാശയങ്ങൾ എസ്ട്രോജൻ പോലെയുള്ള സ്ത്രീഹോർമോണുകളും.
ക്രമത്തിൽ ഈ ഹോർമോണുകൾ നിങ്ങളുടെ ആകാരത്തിനു മാററംവരുത്തിത്തുടങ്ങാൻ മററു ഗ്രന്ഥികൾക്കും അവയവങ്ങൾക്കും നിർദ്ദേശം കൊടുക്കുന്നു.
പെൺകുട്ടികൾക്ക് അനുഭവപ്പെടുന്ന മാററങ്ങൾ
നിങ്ങൾ ഒരു പെൺകുട്ടിയാണെങ്കിൽ, നിങ്ങളുടെ സ്തനങ്ങളുടെ ക്രമേണയുള്ള വികസനമാണ് നിങ്ങൾ കുറിക്കൊണ്ടേക്കാവുന്ന ആദ്യ സംഗതി. നിങ്ങളുടെ ഹോർമോണുകൾ നിങ്ങളുടെ സ്തനഗ്രന്ഥികൾ വികാസംപ്രാപിക്കുന്നതിന് വഴിമരുന്നിട്ടിരിക്കുന്നു. (ഈ ക്ഷീരോത്പാദക ഗ്രന്ഥികൾ തങ്ങളുടെ ശിശുക്കളെ പോററുന്നതിന് മാതാക്കളെ പ്രാപ്തരാക്കുന്നു.) നിങ്ങളുടെ ഹോർമോണുകൾ നിങ്ങളുടെ സ്തനങ്ങൾക്ക് ആകൃതികൊടുക്കുന്ന കൊഴുപ്പിന്റെ നിർമ്മാണത്തിനും വഴിമരുന്നിടുന്നു. നിങ്ങളുടെ അരക്കെട്ടിലും തുടകളിലും പൃഷ്ഠങ്ങളിലും കൊഴുപ്പു നിക്ഷേപിക്കപ്പെടും. നിങ്ങളുടെ തൂക്കം വർദ്ധിക്കുകയും സത്വരമായ വളർച്ചയുടെ ഒരു മുന്നേററം അനുഭവപ്പെടുകയും ചെയ്യും.
മിക്ക പെൺകുട്ടികളും ഈ ശാരീരികമാററങ്ങളെ സ്വാഗതംചെയ്യുന്നുവെന്നിരിക്കെ, എല്ലാ പെൺകുട്ടികളും അവയെയെല്ലാം സ്വാഗതംചെയ്യുന്നില്ല. ദൃഷ്ടാന്തത്തിന് നിങ്ങളുടെ കൈകളിലെയും കാലുകളിലെയും കക്ഷങ്ങളിലെയും രോമങ്ങൾക്ക് കട്ടികൂടുകയും കൂടുതൽ കറക്കുകയും ചെയ്തേക്കാം. ഇപ്പോൾ, ചില രാജ്യങ്ങളിൽ അത്തരം ശാരീരിക രോമം സ്ത്രീസഹജമല്ലെന്നോ ഫാഷനല്ലെന്നോ പരിഗണിക്കപ്പെട്ടേക്കാം. ഫാഷ്യൻ എന്തായിരുന്നാലും, നിങ്ങൾ സ്ത്രീത്വത്തിലേക്കു വളരുകയാണെന്നുള്ളതിന്റെ ഒരു ആരോഗ്യാവഹമായ ലക്ഷണമാണത്.
സ്വാഗതമില്ലാത്ത മറെറാരു മാററം നിങ്ങളുടെ സ്വേദഗ്രന്ഥിയുടെ വർദ്ധിച്ച പ്രവർത്തനമായിരിക്കാം—നിങ്ങൾ കൂടുതൽ വിയർക്കും. അതോടുകൂടെ വരുന്ന ദുർഗന്ഥം നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. എന്നാൽ നിങ്ങൾ കൂടെക്കൂടെ കുളിക്കുകയും വെടിപ്പുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നുവെങ്കിൽ അപൂർവമായേ ഗൗരവമുള്ള ദുർഗന്ധപ്രശ്നങ്ങളുണ്ടാകുകയുള്ളു. ചില യുവജനങ്ങൾ ദുർഗന്ധത്തിനെതിരെ കൂടുതലായ സംരക്ഷണമായി ദുർഗന്ധനാശിനികൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു.
വളരെ വ്യക്തിപരമായ ഒരു വികാസത്തിൽ ജനനേന്ദ്രിയപ്രദേശത്തെ രോമങ്ങളുടെ വളർച്ച ഉൾപ്പെടുന്നു. ഇത് ജഘന രോമം എന്ന് വിളിക്കപ്പെടുന്നു. ഇതിനെക്കുറിച്ച് നിങ്ങൾക്ക് നേരത്തെ അറിവു ലഭിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ അത് അല്പം സംഭ്രാന്തമാണെന്ന് കണ്ടെത്തിയേക്കാം. എന്നാൽ അത് പൂർണ്ണമായും സാധാരണഗതിയിലുള്ളതും യാതൊരു ബുദ്ധിമുട്ടും തോന്നേണ്ടതില്ലാത്തതുമാകുന്നു.
താരുണ്യം ദി ന്യൂ ററീനേയ്ജ് ബുക്ക് “കൗമാരപ്രായക്കാരുടെ ഇടയിലെ [ആകാരസംബന്ധമായ] ഉത്ക്കണ്ഠ” എന്നു വിളിക്കുന്നതിനും വഴിമരുന്നിട്ടേക്കാം—ചർമ്മപ്രശ്നങ്ങൾ. നിങ്ങളുടെ ശാരീരിക രാസപ്രവർത്തനത്തിലെ മാററങ്ങൾ മിക്കപ്പോഴും കൂടുതൽ എണ്ണമയമുള്ള ചർമ്മത്തിൽ കലാശിക്കുന്നു. കാരകളും കറുത്ത കാരകളും മുളക്കുന്നു. (ഒരു സർവേ അനുസരിച്ച് അഭിപ്രായമാരാഞ്ഞ കൗമാരപ്രായക്കാരുടെ ഏതാണ്ട് 90 ശതമാനത്തെ മുഖക്കുരുവിന്റെ പ്രശ്നങ്ങൾ ബാധിച്ചു!) ഭാഗ്യവശാൽ നല്ല ചർമ്മപരിചരണത്താൽ സാധാരണയായി ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.—1987 ഫെബ്രുവരിയിലെ എവേക്ക്! ലക്കത്തിലെ “എന്റെ മുഖക്കുരു സംബന്ധിച്ച് എനിക്ക് എന്തെങ്കിലും ചെയ്യാൻകഴിയില്ലേ?” എന്ന ലേഖനം കാണുക.
ആൺകുട്ടികൾക്ക് അനുഭവപ്പെടുന്ന മാററങ്ങൾ
നിങ്ങൾ ഒരു ആൺകുട്ടിയാണെങ്കിൽ, യൗവനാരംഭത്തിന്റെ പ്രാരംഭഫലങ്ങൾ ഒരു പെൺകുട്ടിയുടേതുപോലെ ദൃശ്യമായിരിക്കുകയില്ല. നിങ്ങളുടെ പുനരുത്പാദനവ്യവസ്ഥ പ്രവർത്തിച്ചുതുടങ്ങവേ, നിങ്ങളുടെ ഉല്പാദനേന്ദ്രിയങ്ങൾ ക്രമേണ വലുതായിത്തീരുന്നു. നിങ്ങളുടെ ഉല്പാദനേന്ദ്രിയങ്ങൾക്കു ചുററും രോമം വളരാൻ തുടങ്ങുന്നു. വീണ്ടും ഇത് തികച്ചും സാധാരണഗതിയിലുള്ളതാണ്.
അതേ സമയം, നിങ്ങൾക്ക് വളർച്ചയിൽ ഒരു സത്വര മുന്നേററം അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ ശരീരത്തോട് കൊഴുപ്പും മാംശപേശികലയും കൂട്ടപ്പെടുന്നു. നിങ്ങൾക്ക് വലിപ്പവും ശക്തിയുമേറുന്നു, നിങ്ങളുടെ തോളുകൾ വിശാലമാകുന്നു. നിങ്ങളുടെ ശരീരപ്രകൃതി ക്രമേണ ബാലസമാനമല്ലാതായിത്തീരുന്നു, കാഴ്ചയിൽ കൂടുതൽ പുരുഷസമാനമായിത്തീരുന്നു.
മറെറാരു രസകരമായ മാററത്തിൽ നിങ്ങളുടെ കാലുകളിലും നെഞ്ചിലും മുഖത്തും നിങ്ങളുടെ കക്ഷങ്ങളിലുമുള്ള രോമവളർച്ച ഉൾപ്പെടുന്നു. ഇതും റെറസ്റേറാസ്റെററോൺ എന്ന ഹോർമോൺ പ്രേരിപ്പിക്കുന്നതാണ്. രൂത്ത് ബെൽ രചിച്ച ചെയ്ഞ്ചിംഗ് ബോഡീസ്, ചെയ്ഞ്ചിംഗ് ലൈവ്സ് എന്ന പുസ്തകം ഒരു യുവാവ് ഇങ്ങനെ പറയുന്നതായി ഉദ്ധരിക്കുന്നു: “എനിക്ക് 14 വയസ്സുണ്ടായിരുന്നപ്പോൾ എന്റെ മേൽചുണ്ടിലെ വൃത്തികെട്ട കറുത്ത പാടുമായി ഞാൻ രണ്ടാഴ്ച നടന്നു. അത് കഴുകിക്കളയാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു, എന്നാൽ അത് പോകുമായിരുന്നില്ല. അപ്പോൾ ഞാൻ യഥാർത്ഥമായി അതിനെ നോക്കുകയും അത് ഒരു മേൽമീശയാണെന്ന് കാണുകയും ചെയ്തു.”
ഇടക്കു പറയട്ടെ, നിങ്ങൾക്ക് എത്രയധികം ദേഹരോമം ഉണ്ടാകുന്നുവെന്നതിന് നിങ്ങൾ എത്ര പൗരുഷമുള്ളയാളാണെന്നുള്ളതിനോടു ബന്ധമില്ല; അത് കേവലം പാരമ്പര്യത്തിന്റെ ഒരു സംഗതിയാണ്. മററു വാക്കുകളിൽ പറഞ്ഞാൽ നിങ്ങളുടെ പിതാവിന് നെഞ്ചത്ത് രോമമുണ്ടെങ്കിൽ നിങ്ങൾക്കും ഉണ്ടായിരിക്കാനുള്ള സാദ്ധ്യത ശക്തമാണ്. മുഖരോമം സംബന്ധിച്ചും ഇതുതന്നെയാണ് സത്യം. എന്നിരുന്നാലും നിങ്ങൾ ക്രമമായി മുഖംവടിക്കുന്നതിന് യൗവനാവസാനമോ ഇരുപതുകളുടെ പ്രാരംഭമോ ആകണം.
നിങ്ങൾക്ക് ബുദ്ധിമുട്ടിന്റെ നിമിഷങ്ങൾ ഉണ്ടാകും, തീർച്ച. തങ്ങളുടെ സ്വേദഗ്രന്ഥികൾ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതായി ആൺകുട്ടികളും കണ്ടെത്തുന്നു. ദുർഗന്ധപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് നിങ്ങൾ വ്യക്തിപരമായ ശുചിത്വത്തിൽ വിശേഷാൽ ശ്രദ്ധാലുക്കളായിരിക്കണമായിരിക്കാം. എണ്ണമയം കൂടിയ ചർമ്മം നിമിത്തം നിങ്ങൾക്കും മുഖക്കുരുവിന്റെ ഒരു സ്ഫോടനം അനുഭവപ്പെട്ടേക്കാം.
നിങ്ങളുടെ കൗമാരത്തിൽ നിങ്ങളുടെ കണ്ഠം വികസിക്കും; നിങ്ങളുടെ സ്വനതന്തുക്കൾക്ക് കട്ടികൂടുകയും നീളുകയുംചെയ്യും. തത്ഫലമായി, നിങ്ങളുടെ ശബ്ദത്തിന് ആഴമേറും. ചില ആൺകുട്ടികൾക്ക് സൊപ്രാനോ ശബ്ദത്തിൽനിന്ന് ബേരിറേറാൺധ്വനിയിലേക്ക് വിസ്മയാവഹമായ ഒരു സത്വരമാററം അനുഭവപ്പെടുന്നു. എന്നാൽ മററുള്ളവർക്ക് വാരങ്ങളോ മാസങ്ങളോ എടുക്കുന്ന വേദനാജനകമായി ദീർഘിച്ച ഒരു കാലഘട്ടംകൊണ്ട് ക്രമേണയാണ് ശബ്ദം മാറുന്നത്. ആഢ്യവും ആഴമുള്ളതുമായ ശബ്ദത്തിനിടയിൽ അവമാനകരമായ പരുഷശബ്ദവും കിണുങ്ങലും കേൾക്കുന്നു. എന്നാൽ അയവുവരുത്തുക. തക്ക സമയത്ത് നിങ്ങളുടെ ശബ്ദം പ്രിയംവദമായിക്കൊള്ളും. ഇതിനിടയിൽ നിങ്ങൾക്ക് നിങ്ങളെക്കുറിച്ചുതന്നെ ചിരിക്കാൻ കഴിയുമെങ്കിൽ ബുദ്ധിമുട്ടു കുറക്കാൻ അതു സഹായിക്കുന്നു.
അതിപ്രധാനമായ വളർച്ച
വളർച്ച അത്ഭുതകരവും ആവേശജനകവുമാണ്! അതിന് ബുദ്ധിമുട്ടിപ്പിക്കുന്നതും പേടിപ്പെടുത്തുന്നതുമായിരിക്കാനും കഴിയും. ഒരു സംഗതി തീർച്ചയാണ്. നിങ്ങൾക്ക് വളർച്ചയുടെ പ്രക്രിയയെ ത്വരിതപ്പെടുത്താനോ താമസിപ്പിക്കാനോ കഴികയില്ല. അതുകൊണ്ട് താരുണ്യം കൈവരുത്തുന്ന മാററങ്ങളെ ശത്രുതയോടും ഭയത്തോടുംകൂടെ സ്വീകരിക്കുന്നതിനു പകരം അവയിൽ അതിശയിക്കുകയും പ്രസന്നതയോടെ അവയെ സ്വീകരിക്കുകയുംചെയ്യുക—ഒരു നർമ്മബോധത്തോടെയും. യൗവനാരംഭം അന്തിമഫലമല്ല, പിന്നെയോ കേവലം ഒരു ദശാസന്ധി മാത്രമാണെന്ന് ഓർക്കുക. താരുണ്യത്തിന്റെ കൊടുങ്കാററ് കഴിയുമ്പോൾ നിങ്ങൾ പൂർണ്ണവളർച്ച പ്രാപിച്ച ഒരു മനുഷ്യനോ സ്ത്രീയോ ആയി പുറത്തുവരും!
എന്നിരുന്നാലും, നിങ്ങളുടെ അതിപ്രധാനമായ വളർച്ചയിൽ നിങ്ങളുടെ ഉയരമോ ആകൃതിയോ മുഖലക്ഷണങ്ങളോ അല്ല ഉൾപ്പെട്ടിരിക്കുന്നതെന്ന് ഓർക്കുക, എന്നാൽ മാനസികമായും വൈകാരികമായും ആത്മീയമായും ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾക്കനുഭവപ്പെടുന്ന വളർച്ചയാണ്. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “ഞാൻ ഒരു ശിശു ആയിരുന്നപ്പോൾ ഞാൻ ഒരു ശിശുവിനെപ്പോലെ സംസാരിക്കുകയും ഒരു ശിശുവിനെപ്പോലെ ചിന്തിക്കുകയും ഒരു ശിശുവിനെപ്പോലെ ന്യായവാദംചെയ്യുകയും ചെയ്യുക പതിവായിരുന്നു; എന്നാൽ ഞാൻ ഒരു പുരുഷനായിത്തീർന്നിരിക്കെ, ഞാൻ ഒരു ശിശുവിന്റെ സ്വഭാവവിശേഷങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു.” (1 കൊരിന്ത്യർ 13:11) ഒരു മുതിർന്നയാളെപ്പോലെ കാണപ്പെട്ടാൽപോരാ. ഒരു മുതിർന്നയാളെപ്പോലെ പ്രവർത്തിക്കാനും സംസാരിക്കാനും ചിന്തിക്കാനും നിങ്ങൾ ക്രമേണ പഠിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ “ആന്തരിക മനുഷ്യ”നിൽ ശ്രദ്ധിക്കാൻ മറന്നുപോകത്തക്കവണ്ണം നിങ്ങളുടെ ശരീരത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് വളരെ ഉത്ക്കണ്ഠപ്പെടരുത്.—2 കൊരിന്ത്യർ 4:16, ദി ജറൂസലേം ബൈബിൾ.
എന്നിരുന്നാലും, താരുണ്യത്തിന്റെ ചില വശങ്ങൾ വിശേഷാൽ ക്ലേശകരമായിരിക്കാം. അവയെ എങ്ങനെ കൈകാര്യംചെയ്യണമെന്നുള്ളത് ഭാവിലേഖനങ്ങളുടെ വിഷയമായിരിക്കും. (g90 1⁄22)
[12-ാം പേജിലെ ചിത്രം]
വളർച്ചയുടെ മുന്നേററങ്ങൾ കോട്ടിന്റെ കൈകളെ വളരെ ചെറുതാക്കുന്നു