ഞാൻ ലോകത്തിനു മാററംവരുത്താൻ ശ്രമിച്ചു
ഞാൻ ലൂസിയാനയിലെ ന്യൂ ഓർലിയൻസിൽ 1954 ജൂണിൽ ജനിച്ചു. ഞാൻ 5-മത്തെ കുട്ടിയായിരുന്നു, വയസ്സ് 11. എന്റെ മാതാപിതാക്കൾ ഭക്തരായ കത്തോലിക്കരായിരുന്നു, തന്നിമിത്തം ഞങ്ങളെ ഇടവകസ്കൂളിലയച്ചു. ഞാൻ പള്ളിയിൽ അൾത്താരബാലനായി സേവിച്ചു. കുറുബാനക്കു പോകാൻ പല പ്രഭാതങ്ങളിലും ഞാൻ നേരത്തെ എഴുന്നേൽക്കുമായിരുന്നു. വളരെ ചെറുപ്രായത്തിൽത്തന്നെ ഒരു കത്തോലിക്കാപുരോഹിതനാകാനും ദൈവത്തെയും മനുഷ്യനെയും സേവിക്കാനും ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഞാൻ എട്ടാംഗ്രേഡിൽനിന്ന് ജയിച്ചപ്പോൾ ഞാൻ മിസിസിപ്പിയിലെ ബേ സെൻറ്ലൂയിസിലുള്ള സെൻറ് അഗസ്ററിൻസ് ഡിവൈൻ വേഡ് സെമിനാരിയിൽ ചേർന്നു.
അവിടെ എത്തിയപ്പോൾ പുരോഹിതൻമാർ ഞാൻ വിചാരിച്ചിരുന്നതുപോലെ വിശുദ്ധരല്ലെന്ന് ഞാൻ കണ്ടുപിടിച്ചു. ഞാൻ വ്യാജംപറച്ചിലും അസഭ്യഭാഷയും മദ്യാസക്തിയും കണ്ടു. ഒരു പുരോഹിതന് സ്വവർഗ്ഗസംഭോഗതാത്പര്യങ്ങളുണ്ടായിരുന്നു. മറെറാരാളെ മറെറാരു പുരോഹിതന്റെ മരുമകൾ കൂടെക്കൂടെ സന്ദർശിക്കുമായിരുന്നു. പിന്നീട് അവൾ അയാളാൽ ഗർഭിണിയായി. അതിനുള്ള പരിഹാരം മറെറാരു മതസ്ഥാപനത്തിലേക്കുള്ള അയാളുടെ സ്ഥലംമാററമായിരുന്നു. ഞാൻ മിഥ്യാബോധവിമുക്തനായി. ഒരു പുരോഹിതനായിത്തീരാനുള്ള എന്റെ അഭിവാഞ്ഛ നിലച്ചു. എന്നാൽ ദൈവത്തെ സേവിക്കാനുള്ള എന്റെ ആഗ്രഹം നിലനിന്നു.
ഞാൻ സെമിനാരിയിൽ താമസിക്കുകയും അവിടെ ആരാധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഞാൻ മുഖ്യമായും വെള്ളക്കാരുടേതായ ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്. അവിടെ എനിക്ക് വർഗ്ഗീയത അനുഭവപ്പെട്ടു. പല പൊയ്മുഖങ്ങളിലുള്ള വിവേചനങ്ങൾക്ക് മുമ്പ് ഞാൻ ഇരയായിട്ടില്ലെന്നല്ല, വിശേഷിച്ച് ജലധാരകൾക്കു സമീപത്തും റസ്ററ്റൂമുകളിലും എന്റെ “താണ പദവി”യെ ഓർമ്മിപ്പിക്കുന്ന “വെള്ളക്കാർക്കു മാത്രം” “കറുത്തവർക്കു മാത്രം” എന്നിങ്ങനെ എപ്പോഴുമുള്ള ഓർമ്മിപ്പിക്കലുകളാലും, കെട്ടിടങ്ങളിൽ കുത്തിക്കുറിച്ചിരുന്ന “പ്രാകൃതർ അനുവദിക്കപ്പെടുന്നില്ല” എന്നിങ്ങനെയുള്ള നിന്ദനങ്ങളാലും.
എന്നാൽ ഹൈസ്കൂളിൽ അത് കൂടുതൽ വ്യക്തിപരമായ തലത്തിലായിരുന്നു. പരിഹാസദ്യോതകമായ തെറിവിളി, വർഗ്ഗീയ തമാശകളുടെ അനന്തമായ പ്രവാഹം, വെള്ളക്കാരായ കുട്ടികളോടു കാണിക്കുന്ന പക്ഷപാതിത്വം, കറുത്തവർക്കെതിരായ വിവേചനം—ഇതെല്ലാം എന്നെ ശോകാകുലനാക്കി. എണ്ണത്തിൽ കുറവായിരുന്ന കറുത്ത വിദ്യാർത്ഥികളിൽ ചിലർ വേണ്ടിവന്നാൽ ഉപയോഗിക്കാൻ കത്തികളോ ക്ഷൗരക്കത്തികളൊ കൊണ്ടുനടക്കേണ്ടതാവശ്യമാണെന്നു വിചാരിച്ചു. ഞാൻ ബോയിക്കോട്ടിനു നേതൃത്വം വഹിക്കുന്നതുപോലെയുള്ള സജീവപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടു.
‘ആളുകൾക്ക് ആളുകളോട് ഇത് എങ്ങനെ ചെയ്യാൻ കഴിയും?’
ഹൈസ്കൂളിലെ എന്റെ 11-ാംവർഷത്തിൽ ഞാൻ മാൽക്കം എക്സിന്റെ ആത്മകഥ വായിച്ചു. രാത്രിയിൽ ലൈററുകൾ അണച്ചശേഷം ഞാൻ പുസ്തകം കിടക്കയിലേക്ക് കൊണ്ടുപോയി പുതപ്പുകൾക്കുള്ളിൽ ഒരു ടോർച്ച് അടിച്ചുകൊണ്ട് അതു വായിച്ചു. ആഫ്രിക്കൻ അടിമവ്യാപാരത്തെക്കുറിച്ചുള്ള പുസ്തകങ്ങളും ഞാൻ വായിച്ചു. കറുത്തവരെ മത്തി അടുക്കുന്നതുപോലെ അടുക്കിയിരുന്ന അടിമക്കപ്പലുകളെ വർണ്ണിക്കുന്ന ചിത്രങ്ങൾസഹിതമുള്ള പുസ്തകങ്ങൾ എനിക്കുണ്ടായിരുന്നു; അവരിലൊരാൾ മരിക്കുമ്പോൾ അയാളെ കപ്പലിനു പുറത്തേക്കെറിയുകയാണ്, ആ കപ്പലുകളെ പിന്തുടരുന്ന സ്രാവുകൾ അവരെ തിന്നുന്നു. അങ്ങനെയുള്ള കാര്യങ്ങൾ എന്റെ സ്മരണയിൽ ഉരുകിച്ചേർന്നു. രാത്രിയിൽ ഉറങ്ങുമ്പോൾ ആളുകൾക്കു സംഭവിക്കുന്ന ആ കാര്യങ്ങൾ ഞാൻ കാണുകയും ‘ആളുകൾക്ക് ഇത് ആളുകളോട് എങ്ങനെ ചെയ്യാൻ കഴിയും?’ എന്ന് എന്നോടുതന്നെ ചോദിക്കുകയും ചെയ്യുമായിരുന്നു. ഞാൻ വെള്ളക്കാരോട് ഒരു വിദ്വേഷം വളർത്തി.
ഞാൻ കോളജിലായപ്പോഴേക്കും, കരിമ്പുലിസംഘം കോളജ് വളപ്പിൽ പ്രവേശിച്ചപ്പോഴും, ഞാൻ അവർക്കു പററിയ പാകത്തിലായിരുന്നു. തോക്കിൻകുഴലിലൂടെയാണ് അധികാരം വരുന്നതെന്നും വർഗ്ഗങ്ങൾ തമ്മിൽ അമേരിക്കയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേതീരൂ എന്നും അവർ വിശ്വസിച്ചു. ഞാനും അവരുടെ വീക്ഷണം വെച്ചുപുലർത്തി. ഞാൻ അവരുടെ അണികളിൽ ചേരണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ ഞാൻ ചേർന്നില്ല. ഞാൻ അവരുടെ ബ്ലാക്ക് പാന്തർ വർത്തമാനപ്പത്രം വിൽക്കുകയും അവരോടുകൂടെ മയക്കുമരുന്നുപയോഗിക്കുകയും ചെയ്തു. എന്നാൽ അവരുടെ നിരീശ്വരത്വത്തിൽ പങ്കുപററാൻ എനിക്കു കഴിയുമായിരുന്നില്ല. സെമിനാരിയിലെ പുരോഹിതൻമാരുടെ ദുർമ്മാർഗ്ഗവും കപടഭക്തിയും നിമിത്തം കത്തോലിക്കാമതത്തെക്കുറിച്ച് ആശാഭംഗം തോന്നിയെങ്കിലും അപ്പോഴും ഞാൻ ദൈവത്തിൽ വിശ്വസിച്ചിരുന്നു. ഈ കാലത്തായിരുന്നു മിസിസിപ്പി നദിയിലെ പാലത്തിൽനിന്നു ചാടി ആത്മഹത്യചെയ്യുന്നതിനെക്കുറിച്ച് ഞാൻ സഗൗരവം ചിന്തിച്ചത്.
അതിനുശേഷം താമസിയാതെ ഒരു ബ്ലാക്ക് മുസ്ലീം മുഹമ്മദ് സംസാരിക്കുന്നു എന്ന പത്രം വിററുകൊണ്ട് കോളജ്വളപ്പിൽ വന്നു. കറുത്തവരുടെ ദുരവസ്ഥയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഞാൻ ബ്ലാക്ക് മുസ്ലീങ്ങളുടെ യോഗങ്ങൾക്കു പോകാൻതുടങ്ങി. അവർ വെള്ളക്കാരെ വെറുത്തു—വെള്ളക്കാരനാണ് പിശാചെന്ന ആശയം എനിക്ക് പരിചയപ്പെടുത്തിത്തന്നത് അവരായിരുന്നു. വെള്ളക്കാരൻ പൈശാചികസ്വഭാവിയാണെന്നല്ല, പിന്നെയോ യഥാർത്ഥത്തിൽ പിശാചുതന്നെയാണെന്നായിരുന്നു. വെള്ളക്കാർ കറുത്തവർക്കെതിരെ ഇങ്ങനെയുള്ള ക്രൂരതകൾ ചെയ്യുന്നതിന്റെ കാരണം അതായിരുന്നു. അടിമവ്യാപാരത്തിൽ അവർ അമേരിക്കൻ ഇൻഡ്യനോടും കറുത്തവരോടും എന്തു ചെയ്തു? ദശലക്ഷങ്ങളെ കൊന്നു, അതുതന്നെ!
തീർച്ചയായും എല്ലാവർക്കും പിശാചുക്കളായിരിക്കുക സാദ്ധ്യമല്ല
അങ്ങനെ ഞാൻ ഒരു ബ്ലാക്ക് മുസ്ലീം ആയി. എന്റെ അവസാനത്തെ പേരായ ഡ്യൂഗ് എന്നത് ഫ്രഞ്ച് ആയിരുന്നതുകൊണ്ട് ഞാൻ അത് ഉപേക്ഷിച്ചു. അതിനു പകരം ഞാൻ എക്സ് എന്നുള്ളത് സ്വീകരിച്ചു ഞാൻ വെർജിൽ എക്സ് ആയി. ഒരു ബ്ലാക്ക് മുസ്ലീം എന്ന നിലയിൽ അവരുടെ പത്രം വിൽക്കുന്നതിലും മററു പ്രവർത്തനങ്ങളിലും ഞാൻ വളരെ തീക്ഷ്ണതയുള്ളവനായിരുന്നു. ദൈവത്തെ സേവിക്കുന്നതിനുള്ള ശരിയായ മാർഗ്ഗം ഇതാണെന്ന് എനിക്ക് തോന്നി. ബ്ലാക്ക് മുസ്ലീങ്ങളുമായി ഒരു കാലഘട്ടം ചെലവഴിച്ചശേഷം അവരുടെ ഉപദേശങ്ങളിലും ആചാരങ്ങളിലും ചിലതിനെ ഞാൻ ചോദ്യംചെയ്തുതുടങ്ങി—വെള്ളക്കാരൻ പിശാചാണെന്നുള്ള ആശയത്തെപ്പോലും.
എന്റെ ജീവിതത്തിൽ വെള്ളക്കാരുമായി ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നുള്ളത് സത്യംതന്നെ. എന്നാൽ അവരെല്ലാം വർഗ്ഗമടച്ച് പിശാചുക്കളാണോ? കറുത്തവരോടു സഹതാപമുണ്ടായിരുന്ന വെള്ളക്കാരനായ ബാസ്കററ് ബോൾ കോച്ചിനെക്കുറിച്ചു ഞാൻ ചിന്തിച്ചു. പിന്നെ, ന്യൂ ഓർലിയൻസ് സ്കൂൾബോർഡിനെതിരായ ഒരു വിവേചനക്കേസിൽ എന്നെ പ്രതിനിധാനംചെയ്ത വെള്ളക്കാരനായ ഒരു യുവ അഭിഭാഷകനുണ്ടായിരുന്നു. എന്റെ ജീവിതകാലത്ത് എനിക്കറിയാമായിരുന്ന യോഗ്യരായ മററ് വെള്ളക്കാരുമുണ്ടായിരുന്നു—തീർച്ചയായും എല്ലാവർക്കും പിശാചുക്കളായിരിക്കാവുന്നതല്ല.
കൂടാതെ ഞാൻ പുനരുത്ഥാനത്തെക്കുറിച്ചും വിചിന്തനംചെയ്തു. നിങ്ങൾ മരിക്കുമ്പോൾ അതോടെ നിങ്ങളുടെ കഥ തീർന്നുവെന്നും ബ്ലാക്ക് മുസ്ലീങ്ങൾ പഠിപ്പിച്ചു! എന്നാൽ ഞാൻ ഇങ്ങനെ ന്യായവാദംചെയ്തു, ‘ദൈവത്തിന് പൊടിയിൽനിന്ന് മനുഷ്യനെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ തീർച്ചയായും അവന് ശവക്കുഴിയിൽനിന്ന് അവനെ പുനരുത്ഥാനപ്പെടുത്താൻ കഴിയും.’ മാത്രവുമല്ല, ബ്ലാക്ക്മുസ്ലീങ്ങളുടെ സാമ്പത്തികവശവുമുണ്ടായിരുന്നു. ഞാൻ പ്രതിവാരം മഹമ്മദ് സംസാരിക്കുന്നു എന്ന പത്രത്തിന്റെ 300 പ്രതികൾ വിൽക്കുമായിരുന്നു, മാസംതോറും 1,200 എണ്ണം. പണവും അവരെ ഏല്പിക്കുമായിരുന്നു. ഞങ്ങൾ വിഹിതങ്ങൾ കൊടുക്കണമായിരുന്നു. അങ്ങനെ പ്രസംഗത്തിലധികവും പണത്തെ ചുററിപ്പററിയായിരുന്നു. എനിക്ക് രാത്രിയിൽ ഏകദേശം നാലു മണിക്കൂർ ഉറക്കമാണ് കിട്ടിയിരുന്നത്. ഞാൻ എന്റെ മുഴുജീവിതവും ബ്ലാക്ക് മുസ്ലീങ്ങൾക്കുവേണ്ടി അർപ്പിക്കുകയായിരുന്നു. ഇപ്പോൾ അവരുടെ ഉപദേശങ്ങളിൽ ചിലതിനെക്കുറിച്ച് എന്റെ മനസ്സിൽ സംശയങ്ങൾ വളർന്നു. എന്റെ തലയിലുണ്ടായിരുന്ന അതെല്ലാം എന്റെ മനസ്സിൽ ഭാരമായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിനാല് ഡിസംബറിൽ ഒരു ദിവസം ഒരു സാമുദായികകേന്ദ്രത്തിലെ എന്റെ ലൗകികജോലിസ്ഥലത്ത് എന്റെ മനസ്സിലൂടെ ഈ ചിന്തകളെല്ലാം അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു. അത് എനിക്ക് മുമ്പുണ്ടായിട്ടില്ലാഞ്ഞ ഒരു അനുഭവമായിരുന്നു. എനിക്ക് സുബോധം നഷ്ടപ്പെടാൻപോകുകയാണെന്ന് എനിക്ക് തോന്നി. എന്തെങ്കിലും സംഭവിക്കുന്നതിനുമുമ്പ് ഞാൻ സത്വരം പുറത്തുകടക്കണമായിരുന്നു. എനിക്ക് രഹസ്യപ്രാർത്ഥനക്ക് ഒരു മുറി വേണമായിരുന്നു, എന്റെ ജീവിതം എന്നെ എങ്ങോട്ടു കൊണ്ടുപോകുന്നുവെന്ന് വിചിന്തനംചെയ്യാൻ അല്പം സമയം വേണമായിരുന്നു. അന്ന് എനിക്ക് പോകണമെന്ന് കേന്ദ്രത്തിലുള്ളവരോടു ഞാൻ പറഞ്ഞു. ഞാൻ അവരോടു കാരണമൊന്നും വിശദീകരിച്ചില്ല.
എനിക്ക് സത്യം കാണിച്ചുതരാൻ ഞാൻ ദൈവത്തോടു യാചിച്ചു
ഞാൻ ജോലി നിർത്തി വീട്ടിലേക്ക് ധൃതിയിൽപോയി. ഞാൻ മുട്ടിൻമേൽനിന്ന് ദൈവത്തോടു പ്രാർത്ഥിച്ചു. ഞാൻ സത്യത്തിനുവേണ്ടി പ്രാർത്ഥിച്ചു. എനിക്ക് സത്യം കാണിച്ചുതരേണമേ, അതുള്ള സ്ഥാപനത്തെ കാണിച്ചുതരേണമെ, എന്ന് ആദ്യമായി ഞാൻ ദൈവത്തോടു യാചിച്ചു. മുമ്പ് ഞാൻ കറുത്തവരെ സഹായിക്കാനുള്ള ഒരു മാർഗ്ഗത്തിനുവേണ്ടി, വെള്ളക്കാരെ ദ്വേഷിച്ചിരുന്ന ശരിയായ വർഗ്ഗീയസ്ഥാപനത്തിനുവേണ്ടി പ്രാർത്ഥിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ സത്യത്തിനുവേണ്ടി പ്രാർത്ഥിച്ചു, അതെന്തുതന്നെയായിരുന്നാലും, എവിടെത്തന്നെയായിരുന്നാലും വേണ്ടില്ല. “നീ അള്ളായാണെങ്കിൽ എന്നെ സഹായിക്കുക. നീ അള്ളായല്ലെങ്കിൽ, ആരുതന്നെയായിരുന്നാലും, ദയവായി എന്നെ സഹായിക്കേണമേ. സത്യം കണ്ടെത്താൻ എന്നെ സഹായിക്കേണമേ.”
ഈ സമയമായപ്പോഴേക്ക് ഞാൻ വീണ്ടും എന്റെ ശരിയായ പേർ ഉപയോഗിക്കുന്നുണ്ടായിരുന്നു, വെർജിൽ ഡ്യൂഗ്. ഞാൻ അപ്പോഴും എന്റെ അമ്മയോടും അപ്പനോടും കൂടെ ന്യൂ ഓർലിയൻസിലാണ് പാർത്തിരുന്നത്. ഞാൻ ആത്മാർത്ഥമായി ദൈവത്തോടു പ്രാർത്ഥിച്ചശേഷം അടുത്ത ദിവസം ഉണർന്നപ്പോൾ വീട്ടിൽ ഒരു വീക്ഷാഗോപുരം മാസിക കിടക്കുന്നതു ഞാൻ കണ്ടു. അത് അവിടെ എങ്ങനെ വന്നുവെന്ന് എനിക്കറിഞ്ഞുകൂടാ. ഇതിനുമുമ്പ് ഒരിക്കലും ഞാൻ യഹോവയുടെ സാക്ഷികളുടെ യാതൊരു സാഹിത്യവും വീട്ടിൽ കണ്ടിട്ടില്ലാഞ്ഞതുകൊണ്ട് അത് അസാധാരണമായിരുന്നു. അത് എവിടെനിന്നാണെന്ന് കുടുംബത്തിൽ ആർക്കെങ്കിലും അറിയാമോയെന്ന് ഞാൻ ചോദിച്ചു. ആർക്കും അറിയാൻപാടില്ലായിരുന്നു. അത് കതകിനടിയിലേക്ക് വെറുതെ ഇട്ടേച്ചുപോയതായിരിക്കണം.
അത് 1974 ഡിസംബർ 15-ലെ ലക്കമായിരുന്നു. കവറിൽ മറിയയുടെയും യോസേഫിന്റെയും പുൽത്തൊട്ടിയിലെ യേശുവിന്റെയും ചിത്രമുണ്ടായിരുന്നു—വെള്ളക്കാർ! യേശുക്രിസ്തുവിനെ ബഹുമാനിക്കാനുള്ള മാർഗ്ഗം ഇതാണോ എന്ന ചോദ്യവും. അവർ ‘അതെ എന്ന് ഉത്തരംപറയാനും നിങ്ങൾ യേശുവിനെ ആരാധിക്കണമെന്നു പറയാനും പോകുകയാണെ’ന്ന് ഞാൻ വിചാരിച്ചു. അത് മാസികയുടെ മറേറതെങ്കിലും ലക്കമായിരുന്നെങ്കിൽ ഞാൻ അത് തള്ളിക്കളയാനായിരുന്നു സാദ്ധ്യത. എന്നാൽ ഞാൻ അത് തുറന്ന് ആദ്യലേഖനം ഓടിച്ചുനോക്കിയിട്ട് യേശു ദൈവമല്ലെന്നും നിങ്ങൾ യേശുവിനെ ആരാധിക്കരുതെന്നുമാണ് പറയുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. അത് എനിക്ക് ഒരു വെളിപ്പാടായിരുന്നു! ക്രൈസ്തവലോകത്തിലെ എല്ലാ മതവിഭാഗങ്ങളും യേശുവിനെ ആരാധിക്കുന്നുവെന്നും യേശു ദൈവമാണെന്ന് അവയെല്ലാം വിചാരിക്കുന്നുവെന്നുമാണ് ഞാൻ വിചാരിച്ചിരുന്നത്.
ഒരു ബ്ലാക്ക്മുസ്ലീം ആയിരുന്നതിൽനിന്ന് യേശു ദൈവമല്ലെന്ന് എനിക്കറിയാമായിരുന്നു. യേശു ദൈവമല്ലെന്നു പ്രകടമാക്കുന്ന അനേകം തിരുവെഴുത്തുകൾ അവർ വായിച്ചിരുന്നു. അവയിൽ യോഹന്നാൻ 14:28ഉം ഉൾപ്പെട്ടിരുന്നു: “പിതാവ് എന്നെക്കാൾ വലിയവനാകുന്നു.” യേശു ഒരു പ്രവാചകനായിരുന്നുവെന്നും ബ്ലാക്ക് മുസ്ലീങ്ങളുടെ ഒരു നേതാവായിരുന്ന ഏലിയാ മുഹമ്മദ് അവസാനത്തെ പ്രവാചകനായിരിക്കേണ്ടതാണെന്നും അവർ പഠിപ്പിച്ചു. അതുകൊണ്ട് യേശു ദൈവമല്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ അത് ഈ ലേഖനത്തിൽ വായിച്ചപ്പോൾ അത് ഞാൻ എന്നിൽനിന്ന് ഭാരമിറക്കിയതുപോലെയായിരുന്നു. ലേഖനത്തിന്റെ ഒടുവിലെത്തിയപ്പോഴേക്ക് ഞാൻ നിശ്ശബ്ദനായി ഇരുന്നുപോയി. എന്തു വിചാരിക്കണമെന്ന് എനിക്കറിയാമായിരുന്നില്ല. ഇതു സത്യമാണെന്ന് എനിക്ക് ബോധ്യം വന്നിരുന്നില്ല. എന്നാൽ ക്രിസ്തീയമതങ്ങളെന്നു വിളിക്കപ്പെടുന്നവയെല്ലാം ക്രിസ്മസോ മററ് പുറജാതീയവിശേഷദിവസങ്ങളോ ആഘോഷിക്കുന്നില്ലെന്ന് ഇദംപ്രഥമമായി ഞാൻ തിരിച്ചറിഞ്ഞു. ഞാൻ സത്യത്തിനുവേണ്ടി പ്രാർത്ഥിച്ചിരുന്നതുകൊണ്ട് ‘ഇത് സത്യമായിരിക്കാൻ കഴിയുമോ? ഇത് എന്റെ പ്രാർത്ഥനക്ക് ഉത്തരമായിരിക്കുമോ’ എന്ന് ഞാൻ ചിന്തിച്ചു.
ഫോൺബുക്കിൽ ഞാൻ നാമധേയ ക്രിസ്തീയസഭകളുടെയെല്ലാം നമ്പർ നോക്കി. ഞാൻ അവരെ വിളിച്ച് കേവലം ‘നിങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടോ’ എന്നു മാത്രം ചോദിച്ചു. ഉവ്വ് എന്ന് അവർ പറയും, ഞാൻ നിർത്തും. ഒടുവിൽ യഹോവയുടെ സാക്ഷികൾ മാത്രം ശേഷിച്ചു. ഇത് എന്റെ പ്രാർത്ഥനക്കുള്ള ഉത്തരമായിരിക്കുമോ? ഞാൻ അവരെ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. ഒരുപക്ഷേ ഞാൻ അതു ചെയ്യുന്നതിനുള്ള സമയം വന്നിരുന്നു. ഞാൻ അവരുടെ രാജ്യഹാളിലേക്കു ഫോൺവിളിച്ചു. ഒരു വെള്ളക്കാരനായിരുന്നു മറുപടി പറഞ്ഞത്. അയാൾ എന്നോടൊത്ത് ബൈബിൾ പഠിക്കാൻ എന്റെ വീട്ടിൽ വരാനാഗ്രഹിച്ചു. എന്നാൽ ഞാൻ ജാഗ്രത പുലർത്തി. വേണ്ട എന്നു ഞാൻ പറഞ്ഞു. അയാൾ വെള്ളക്കാരനായിരുന്നു; അയാൾ പിശാചായിരിക്കാം.
ഞാൻ ചോദ്യങ്ങൾ ചോദിച്ചു, എനിക്ക് ഉത്തരം കിട്ടി
അതുകൊണ്ട് ഞങ്ങൾ ടെലഫോണിൽ സംസാരിച്ചു. എന്റെ ജീവിതത്തിൽ ആദ്യമായി എനിക്ക് സംതൃപ്തി തോന്നി. ഞാൻ അയാളെ ദിവസവും വിളിക്കുകയും കൂടുതൽ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു, കൂടുതൽ ഉത്തരങ്ങൾ കിട്ടുകയും ചെയ്തു. അയാൾ എനിക്ക് തെളിവുതന്നു. അയാൾ പറഞ്ഞതിനെ തിരുവെഴുത്തുകൾകൊണ്ട് അയാൾ പിന്താങ്ങി. എനിക്ക് മതിപ്പുണ്ടായി. എന്റെ ചോദ്യങ്ങൾക്കുത്തരം പറയാൻ ആരെങ്കിലും ബൈബിളുപയോഗിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. എന്നിൽ ഒരു പ്രത്യാശാകിരണം ഉദിച്ചുതുടങ്ങി. എനിക്ക് വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം കിട്ടി. അതിന്റെ പിൻപിൽ ഒരു ചെറിയ കൊൺകോഡൻസ് ഉണ്ടായിരുന്നു. ഞാൻ അതു മുഴുവൻ വായിക്കുകയും അനേകം സത്യങ്ങൾ കൂടെ പഠിക്കുകയും ചെയ്തു.
ഒരു മാസം കഴിഞ്ഞ് ഞാൻ റെറക്സാസിലെ ഡാള്ളസിലേക്കു മാറിപ്പാർത്തു. ഞാൻ പാർപ്പുറപ്പിച്ച ശേഷം ഞാൻ സ്ഥലത്തെ രാജ്യഹാളിലേക്കു വിളിച്ചു. വിളികേട്ട ആൾ എന്നെ ഹാളിലെ ഒരു മീററിംഗിനു കൂട്ടിക്കൊണ്ടുപോയി. അവിടെ എന്നെ ഒരു സാക്ഷിക്കു പരിചയപ്പെടുത്തി. അയാൾ എനിക്ക് അദ്ധ്യയനം നടത്താമെന്ന് സമ്മതിച്ചു. അദ്ധ്യയനത്തിനായി ഞാൻ അയാളുടെ വീട്ടിലേക്കാണ് പോയത്. എനിക്ക് ആത്മീയ പട്ടിണി അനുഭവപ്പെട്ടു, തന്നിമിത്തം ഞങ്ങൾ വാരത്തിൽ മൂന്നു പ്രാവശ്യം പഠിച്ചു. ഓരോ അദ്ധ്യയനവും പല മണിക്കൂർ നീണ്ടുനിന്നു. അയാളുടെ പേർ കുർത്തിസ് എന്നായിരുന്നു. അയാൾ ജോലികഴിഞ്ഞു മടങ്ങിവരുമ്പോഴേക്ക് അയാളുടെ വാതിൽപടിക്കൽ ഞാൻ കാത്തുനിൽക്കുമായിരുന്നു. അയാൾ എന്നോടു വളരെ ക്ഷമ കാണിച്ചു. ഭവനബൈബിളദ്ധ്യയനങ്ങൾ സാധാരണയായി വാരത്തിലൊരിക്കൽ ഒരു മണിക്കൂർ മാത്രമാണ് നടത്തുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. കുർത്തിസ് എന്നോടു ഒരിക്കലും പറഞ്ഞുമില്ല. 1975 ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് അയാൾ എനിക്ക് അദ്ധ്യയനംനടത്താൻ തുടങ്ങിയത്; ആ വർഷത്തിലെ മെയ്യിൽ ഞങ്ങൾ നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം പൂർത്തിയാക്കി.
പിന്നീടു പെട്ടെന്നുതന്നെ ഞാൻ ന്യൂ ഓർലിയൻസിലേക്കു തിരിച്ചുപോയി രാജ്യഹാളിൽ സാക്ഷികളുമായി സഹവസിക്കുകയും രാജ്യത്തിന്റെ സുവാർത്ത ഘോഷിച്ചുകൊണ്ട് വീടുതോറും പോയിത്തുടങ്ങുകയുംചെയ്തു. ഒരു ബ്ലാക്ക് മുസ്ലീം എന്ന നിലയിൽ ഞാൻ മുഹമ്മദ് സംസാരിക്കുന്നു പത്രങ്ങൾ വിൽക്കാൻ മാസത്തിൽ 100ഓ 150ഓ മണിക്കൂർ ചെലവഴിക്കുകയും ഉറങ്ങാൻ വെറും നാലുമണിക്കൂർ മാത്രം വിനിയോഗിക്കുകയുംചെയ്തുകൊണ്ട് വളരെ തീക്ഷ്ണതയുള്ളവനായിരുന്നതിനാൽ യഹോവയുടെ സാക്ഷികളിലൊരാൾ എന്ന നിലയിൽ ഞാൻ തീക്ഷ്ണതയുള്ളവനായിരിക്കണമെന്ന് ഞാൻ വിചാരിച്ചു. അതുകൊണ്ട് എന്റെ പഠനത്തിനു പുറമേ ഞാൻ പ്രസംഗിക്കുകയും മററുള്ളവരുടെ ഭവനങ്ങളിൽ അനേകം ബൈബിളദ്ധ്യയനങ്ങൾ നടത്തുകയുംചെയ്തു. യഥാർത്ഥത്തിൽ, ഒരു സേവനയോഗപരിപാടിയിൽ അദ്ധ്യക്ഷൻ എന്നോട് ഇങ്ങനെ ചോദിച്ചതായി ഞാൻ ഓർക്കുന്നു:
“കഴിഞ്ഞ മാസത്തിൽ നിങ്ങൾ വയൽസേവനത്തിന് എത്ര മണിക്കൂർ വിനിയോഗിച്ചു?”
“ഏതാണ്ട് നൂറു മണിക്കൂർ.”
“നിങ്ങൾ എത്ര ബൈബിളദ്ധ്യയനങ്ങൾ നടത്തുന്നുണ്ട്?”
“പത്ത്.”
ഈ വലിയ സംഖ്യകൾ കേട്ടപ്പോൾ സദസ്സിലുടനീളം അടക്കംപറച്ചിൽ ഉണ്ടായിരുന്നു, എന്നാൽ ‘ഞാൻ എന്തെങ്കിലും തെററു പറഞ്ഞോ? ഞാൻ വേണ്ടത്ര ചെയ്യുന്നില്ലേ?’ എന്നു ഞാൻ സംശയിച്ചു.
എന്റെ അഭിവാഞ്ഛകൾ നിറവേറി
ഞാൻ സമർപ്പണഘട്ടംവരെ പുരോഗമിക്കുകയും 1975 ഡിസംബർ 21-ന് സ്നാപനമേൽക്കുകയുംചെയ്തു. അടുത്ത വർഷം ബ്രെൻഡാ എന്നു പേരുള്ള ഒരു വിശിഷ്ടഭാര്യയെ നൽകി യഹോവ എന്നെ അനുഗ്രഹിച്ചു. യഥാർത്ഥത്തിൽ ഞാൻ ബ്രെൻഡായെ ആദ്യമായി കണ്ടത് ഞാൻ സ്നാപനമേററ ദിവസമായിരുന്നു. അവൾ അന്ന് രാജ്യത്തിന്റെ ഒരു മുഴുസമയപ്രസാധക ആയിരുന്നു. ഞങ്ങളുടെ വിവാഹശേഷവും അങ്ങനെ തുടർന്നു. രണ്ടുവർഷം കഴിഞ്ഞ്, 1978-ൽ ഞാൻ അവളോടുകൂടെ മുഴസമയ പ്രസംഗവേല തുടങ്ങി. അതിനുശേഷം രണ്ടു വർഷം കഴിഞ്ഞ്, 1980-ൽ യഹോവയുടെ സാക്ഷികളുടെ ലോക ഹെഡ്ക്വാർട്ടേഴ്സ് ആയ ബ്രൂക്ലിൻ ന്യൂയോർക്കിലെ ബെഥേൽകുടുംബത്തിന്റെ അംഗങ്ങളാകാൻ ഞങ്ങൾ ക്ഷണിക്കപ്പെട്ടു. ഞങ്ങൾ ഇപ്പോഴും അവിടെ യഹോവയെ സേവിക്കുകയാണ്.
ഞാൻ എന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുമ്പോൾ, ഒരു കത്തോലിക്കാ പുരോഹിതനാകാനും ദൈവത്തെയും മനുഷ്യനെയും സേവിക്കാനും ഞാൻ വാഞ്ഛിച്ച എന്റെ ചെറുപ്പകാലത്തെക്കുറിച്ചു ഞാൻ ചിന്തിക്കുകയാണ്. ആദ്യം കരിമ്പുലിസംഘത്തോടുകൂടെയും പിന്നീട് ബ്ലാക്ക് മുസ്ലീങ്ങളോടുകൂടെയുമുള്ള എന്റെ ഉദ്ദേശ്യാന്വേഷണത്തെക്കുറിച്ച് ഞാൻ വിചിന്തനംചെയ്യുകയാണ്. നേരത്തെ പൗരോഹിത്യത്തിന്റെ സംഗതിയിലെന്നപോലെ ഈ പ്രസ്ഥാനങ്ങളുടെ കാര്യത്തിലും എനിക്ക് മിഥ്യാബോധവിമുക്തിയുണ്ടായ നാളുകൾ ഞാൻ ഓർക്കുന്നു. എന്നാൽ അതിലെല്ലാം ഒരിക്കലും എന്റെ ദൈവവിശ്വാസം പതറിയില്ല. വ്യാജമതങ്ങളിലോ രാഷ്ട്രീയത്തിലോ ആരംഭമിടുന്നതിൽനിന്ന് എന്നെ രക്ഷിച്ചതിലും സത്യത്തിലേക്കും ജീവനിലേക്കുമുള്ള പാതയിൽ എന്നെ ആക്കിവെച്ചതിലും ഞാൻ യഹോവക്കു നന്ദി കൊടുക്കുന്നു.
ഒടുവിൽ, ദൈവത്തെയും മനുഷ്യനെയും സേവിക്കുന്നതിനുള്ള എന്റെ യൗവനകാല വാഞ്ഛകൾ നിറവേററപ്പെട്ടിരിക്കുന്നു!—വെർജിൽ ഡ്യൂഗ് പറഞ്ഞത്. (g90 3⁄22)
[29-ാം പേജിലെ ചിത്രം]
വെർജിലും ബ്രെൻഡാ ഡ്യൂഗും