തീ ഒരു ജനക്കൂട്ടത്തെ ഭീഷണിപ്പെടുത്തുമ്പോൾ
തീ പൊതുസംഭവങ്ങളുടെ സംഘാടകരെസംബന്ധിച്ചടത്തോളം ഒരു വൃത്തികെട്ട വാക്കാണ്. ഓരോ വർഷവും തീ ആയിരക്കണക്കിന് മരണത്തിനും ദാരുണമായ പരിക്കുകൾക്കും ഇടയാക്കുന്നു. ജനക്കൂട്ടങ്ങൾ അടച്ചുകെട്ടിയ ഒരു സ്ഥലത്ത് കൂടിവരുമ്പോൾ അപകടം വിശേഷാൽ ഗുരുതരമാണ്. അഗ്നിബാധയുടെ അപകടം കുറക്കുന്നതിന് മേളകളുടെയും നാടകങ്ങളുടെയും കോൺഫറൻസുകളുടെയും മററു വലിയ കൂട്ടങ്ങളുടെയും ചുമതലയുള്ളവർക്ക് എന്തു ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരു ജനക്കൂട്ടത്തിന്റെ ഭാഗമായിരിക്കുന്നവർക്ക് കാര്യങ്ങൾ സുരക്ഷിതമാക്കാൻ എന്തു ചെയ്യാൻ കഴിയും? യഥാർത്ഥമായി ഒരു തീ പൊട്ടിപ്പുറപ്പെടുന്നുവെങ്കിൽ അതിജീവനത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിന് എന്തു ചെയ്യാൻ കഴിയും?
ഈ കാര്യങ്ങൾ സംബന്ധിച്ച് കുറെ വിവരങ്ങൾ കിട്ടുന്നതിന് ഉണരുക! അയർലണ്ടിലെ ഒരു അഗ്നിശമന ഉദ്യോഗസ്ഥനെ ഇൻറവ്യൂ ചെയ്തു. അദ്ദേഹം അഗ്നിശമനപ്രവർത്തകരെ പരിശീലിപ്പിക്കുന്നയാളാണ്, തീപിടുത്തംസംബന്ധിച്ച് ധാരാളം അനുഭവപരിചയവുമുണ്ട്.
ഒരു സംഭവത്തിന് ജനക്കൂട്ടങ്ങളെ പ്രതീക്ഷിക്കുമ്പോൾ കാര്യങ്ങൾ സുരക്ഷിതമാക്കാൻ ചുമതലയുള്ളവർക്ക് എന്തു ചെയ്യാൻ കഴിയും?
ഒന്നാമതു തിട്ടപ്പെടുത്തേണ്ട സംഗതി നിങ്ങളുപയോഗിക്കാൻ പ്രതീക്ഷിക്കുന്ന കെട്ടിടം സുരക്ഷിതമാണെന്നുള്ളതാണ്. ആവശ്യം നേരിടുന്ന പക്ഷം പെട്ടെന്ന് കെട്ടിടത്തിനുള്ളിലുള്ളവർക്കെല്ലാം രക്ഷപെടാൻ പുറത്തേക്കുള്ള ധാരാളം വാതിലുകൾ ഉണ്ടായിരിക്കണം. കൂടാതെ, പുറത്തേക്കുള്ള ഓരോ വാതിലും വ്യക്തമായി അടയാളപ്പെടുത്തിയിട്ടുള്ളതും തടസ്സങ്ങളില്ലാത്തതുമായിരിക്കണം. എല്ലാ ഇടനാഴികളും ഗോവണികളും എല്ലാ സമയങ്ങളിലും തടസ്സങ്ങളില്ലാതെ സൂക്ഷിക്കണം. അടിയന്തിരസമയങ്ങളിലേക്കുള്ള വാതിലുകൾ പുറത്തേക്കു തുറക്കുകയും അനായാസം തുറക്കുകയും ചെയ്യണം.
ഉറപ്പിച്ചിട്ടുള്ള ഇരിപ്പിടങ്ങളില്ലാത്ത കെട്ടിടങ്ങളിൽ ഇരിപ്പിടക്രമീകരണങ്ങൾ ഒരു വെല്ലുവിളി ഉയർത്തിയേക്കാം. പ്രാദേശികമായ അഗ്നിശമന നിബന്ധനകൾക്കുനുസൃതമായി കസേരകൾ ക്രമീകരിക്കുന്നത് സുപ്രധാനമാണ്. ഒരു അപകടം സംഭവിക്കുന്ന പക്ഷം എന്തു ചെയ്യണമെന്ന് എല്ലാ സേവകരും, ഇരിപ്പിടങ്ങളിലേക്ക് ആനയിക്കുന്നവരും, അറിഞ്ഞിരിക്കണം. സുരക്ഷിതത്വത്തിന് ഉത്തരവാദിത്തം വഹിക്കുന്നവർ അഗ്നിശമനികളെല്ലാം എവിടെയാണെന്നും ഉപയോഗിക്കേണ്ടതെങ്ങനെയെന്നും അറിഞ്ഞിരിക്കണം. തീ പൊട്ടിപ്പുറപ്പെട്ടശേഷം നിർദ്ദേശങ്ങൾ വായിക്കുന്നത് തീരെ താമസിച്ചുപോകും. ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയശേഷം മുൻഗണനകൊടുക്കേണ്ടത് അഗ്നിശമനവകുപ്പിനെ വിളിക്കാനായിരിക്കണമെന്നും ഓർമ്മയിലിരിക്കട്ടെ.
അങ്ങനെയുള്ള സംഭവങ്ങൾക്ക് ഹാജരാകുന്നവർക്ക് സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതിന് ചെയ്യാൻകഴിയുന്ന എന്തെങ്കിലുമുണ്ടോ?
തീർച്ചയായും ഉണ്ട്! അപരിചിതമായ ചുററുപാടുകളിലാണ് ആളുകൾ ഏറെ എളുപ്പം വെപ്രാളപ്പെടുന്നത്. അതുകൊണ്ട് കൂടിവരുന്ന കെട്ടിടത്തിന്റെ പൊതുസംവിധാനം പരിചിതമാക്കുക. പുറത്തേക്കുള്ള വാതിലുകളും അടിയന്തിരവാതിലുകളും എവിടെയാണെന്ന് കുറിക്കൊള്ളുക. വെപ്രാളപ്പെടരുത്. ശിക്ഷണം പാലിക്കുക. നൽകപ്പെടുന്ന ഏതു നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. കെട്ടിടത്തിൽനിന്ന് ഇറങ്ങുമ്പോൾ വേഗം നടക്കുക, എന്നാൽ ഓടുകയോ ഉന്തുകയോ ചെയ്യരുത്.
പെട്ടെന്ന് പുറത്തുകടക്കേണ്ടതിന്റെ ആവശ്യം എത്ര ഊന്നിപ്പറഞ്ഞാലും അധികമാകുകയില്ല. തീ എത്ര പെട്ടെന്ന് പരക്കുമെന്ന് മിക്കവരും തിരിച്ചറിയുന്നില്ല. പ്രായമുള്ളവർക്കും ദുർബലർക്കും പ്രയാസമനുഭവപ്പെടുന്നതായി നിങ്ങൾ കാണുന്നുവെങ്കിൽ അവരെ സഹായിക്കുക. കെട്ടിടത്തിൽനിന്ന് പുറത്തുകടന്നാൽ നിങ്ങൾക്ക് പിന്നാലെ വരുന്നവർക്ക് വഴി തടസ്സപ്പെടുത്താതിരിക്കാൻ പുറത്തേക്കുള്ള വാതിലുകളിൽനിന്ന് അകന്നുനിൽക്കുക. നിങ്ങൾ പുറത്തുവന്നുകഴിഞ്ഞാൽ സുരക്ഷിതമെന്നു പ്രഖ്യാപിക്കുന്നതുവരെ തിരികെ പ്രവേശിക്കാൻ ഒരിക്കലും ശ്രമിക്കരുത്.
മാതാപിതാക്കൾക്കുവേണ്ടി നിങ്ങൾക്ക് എന്തു ബുദ്ധിയുപദേശമുണ്ട്?
വലിയ ജനക്കൂട്ടങ്ങളിൽ മാതാപിതാക്കൾ എല്ലായ്പ്പോഴും തങ്ങളുടെ കൊച്ചുകുട്ടികളെ തങ്ങളോടുകൂടെ സൂക്ഷിക്കുകയോ അവർ പ്രായമുള്ള, ഉത്തരവാദിത്തമുള്ള, ഒരാളോടുകൂടെയാണെന്ന് ഉറപ്പുവരുത്തുകയോ ചെയ്യണം. ഒരു അഗ്നിബാധയുടെ അടിയന്തിരഘട്ടത്തിൽ കാണാതിരിക്കുന്ന തങ്ങളുടെ കുട്ടികളെ ജനക്കൂട്ടത്തിൽ തെരയുന്ന സംഭ്രാന്തരായ മാതാപിതാക്കൾ സകല തരം പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം.
തീയുടെ അപകടം ഉഗ്രമായ ചൂടിൽ പരിമിതപ്പെട്ടിരിക്കുന്നുവോ?
ഇല്ല. സാധാരണയായി പുകയും വിഷവാതകങ്ങളുമാണ് ഒരു അഗ്നിബാധയിൽ മരണംവരുത്തുന്നത്. മരണകരമായതിലും കുറഞ്ഞ ഗാഢതയിലും അത്യധികം ചൂടായ വാതകങ്ങൾ ശ്വസിക്കുന്നവരുടെ ശ്വസനാവയവങ്ങളെയും നാഡീവ്യവസ്ഥയെയും ആക്രമിക്കും. ഇത് വിവേകശൂന്യമായ ഒരു രീതിയിൽ ആളുകൾ പ്രവർത്തിക്കാനിടയാക്കാം. പുക കനത്തതായിരിക്കുമ്പോൾ ഒരു തൂവാല കൊണ്ട് നിങ്ങളുടെ മൂക്കും വായും മൂടുക. അത് വിഷവാതകങ്ങളിൽനിന്ന് നിങ്ങളെ സംരക്ഷിക്കുകയില്ല. എന്നാൽ അത് ഓക്കാനംവരുത്തിയേക്കാവുന്ന പുകയുടെ വലിയ കണികകളെ പുറത്തുനിർത്താൻ സഹായിക്കും.
പുക വളരെ സാന്ദ്രമാണെങ്കിൽ ദിശാബോധം നഷ്ടപ്പെടാതിരിക്കാൻ ഒരു ഭിത്തിക്കരികിൽ നിൽക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ഭിത്തി കാണാനോ സ്പർശിക്കാനോ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഒരു ഭിത്തിക്കൽ വരുന്നതുവരെ ഒരേ ദിശയിൽ നടക്കുക. പിന്നീട് ഒരു വാതിൽക്കലോ ജനാലക്കലോ നിങ്ങൾ വരുന്നതുവരെ അതിനെ പിന്തുടരുക. കൂടാതെ, പുകനിറഞ്ഞ ഒരു മുറിയിൽ തറയോടടുത്ത് ശ്വസിക്കാവുന്ന കൂടുതൽ വായു കാണുമെന്നും ഓർക്കുക. അവിടെ നിങ്ങൾക്ക് മെച്ചമായി കാണാനും കഴിയും.
ഒരാളുടെ വസ്ത്രത്തിന് തീപിടിക്കുന്നുവെങ്കിൽ എന്തു ചെയ്യാൻ കഴിയും?
ഓടുന്നതാണ് നിങ്ങൾക്കു ചെയ്യാവുന്ന ഏററം മോശമായ സംഗതി. അത് തീ ആളിക്കത്തിക്കുകയേയുള്ളു. പകരം, തറയിൽ വീണുകിടന്നുരുളുക. ഇത് ജ്വാലകളെ നിങ്ങളുടെ മുഖത്തുനിന്ന് അകററുകയും ആശാവഹമായി തീയെ ഞെരുക്കുകയും ചെയ്യും.
ഞങ്ങളുടെ വായനക്കാർക്കുവേണ്ടി എന്തെങ്കിലും അന്തിമവാക്ക്?
നിങ്ങൾ ഒരിക്കലും ഒരു തീയിൽ അകപ്പെടുകയില്ലെന്ന് ഞാൻ ആശിക്കുന്നു. അത് പേടിപ്പെടുത്തുന്ന ഒരു അനുഭവമാണ്. എന്നാൽ നിങ്ങൾ ഒന്നിൽ അകപ്പെടുന്നുവെങ്കിൽ ഈ ചുരുക്കം ചില നിയമങ്ങൾ സഹായകമെന്നു തെളിയും. ഓർക്കുക, തീയുടെ അപകടത്തെ ഗൗരവമായി എടുക്കുക. അതിനെ നിസ്സാരമായോ തമാശയായോ എടുക്കരുത്. അത് അങ്ങനെയല്ല. (g90 5⁄22)
[30-ാം പേജിലെ ആകർഷകവാക്യം]
ഒരു ഹോട്ടലിൽ താമസിക്കുമ്പോൾ രാത്രിയിൽ കിടക്കുന്നതിനുമുമ്പ് ഏററവുമടുത്ത പുറത്തേക്കുള്ള അടിയന്തിരവാതിൽ എവിടെയാണെന്ന് നിങ്ങൾ എല്ലായ്പ്പോഴും കണ്ടുപിടിക്കുന്നുവോ?