കാളപ്പോര്—കലയോ കൊടുംക്രൂരതയോ?
സ്പെയിനിലെ ഉണരുക! ലേഖകൻ
അതു സംഭവിച്ചപ്പോൾ ലൂസിയോക്ക് 19 വയസ്സുമാത്രമാണുണ്ടായിരുന്നത്. സെവിൽ എന്ന സ്ഥലത്ത് വസന്തകാലമായിരുന്നു, മെയ്സ്ട്രാൻസാ കാളപ്പോരു കളം ആളുകളെക്കൊണ്ട് നിറഞ്ഞു. കാള ചീററിയടുത്തപ്പോൾ ലൂസിയോ അതിനോട് കൂടുതൽ അടുത്തുപോയി. മൃഗീയമായ ഒരു കൊമ്പ് അവന്റെ വലതുകണ്ണ് തുളച്ചു കയറി.
ആശുപത്രി വിട്ടശേഷം അയാൾ മൂന്നു മാസത്തോളം ദൃഢചിത്തനായി തന്റെ ചുവപ്പുതുണി നിർമ്മാണത്തിൽ ഏർപ്പെട്ടു. ഒരു കണ്ണു നഷ്ടപ്പെട്ടിട്ടും അയാൾക്ക് തന്റെ ദീർഘകാല സ്വപ്നം കൈവെടിയാൻ മനസ്സില്ലായിരുന്നു. വേനൽക്കാലാവസാനം അയാൾ മത്സരിക്കുന്നതിന് സെവിലിലെ കാളപ്പോരു കളത്തിൽ മടങ്ങി വന്നു. മത്സരത്തിൽ ലൂസിയോ വിജയശ്രീലാളിതനായി. “അതൊരു ചൂതുകളിയായിരുന്നു,” അയാൾ സമ്മതിച്ചു, “എന്നാൽ കാളപ്പോരിൽ അങ്ങനെയാണ്.”
കാളപ്പോരിൽ ഏർപ്പെടുന്നയാളുടെ നാടകീയാകാരം രചയിതാക്കളേയും എഴുത്തുകാരെയും സിനിമാനിർമ്മാതാക്കളെയും പ്രചോദിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു കാളപ്പോരിൽ ഹാജരാകാൻ കഴിഞ്ഞില്ലെങ്കിൽ സ്പെയിനിലേക്കോ മെക്സിക്കോയിലേക്കോ നടത്തുന്ന സന്ദർശനം അപൂർണ്ണമായിരിക്കുമെന്ന് ദശലക്ഷക്കണക്കിന് ടൂറിസ്ററുകൾ വിചാരിക്കുന്നു.
എന്നാൽ കാളപ്പോരങ്കണങ്ങൾ നിറയുന്നത് ടൂറിസ്ററുകളേക്കൊണ്ടുമാത്രമല്ല. പ്രസിദ്ധരായ കാളപ്പോരാളികൾ മാഡ്രിഡിലും സെവിലിലും മെക്സിക്കോ സിററിയിലുമുള്ള ബൃഹത്തായ കാളപ്പോരങ്കണങ്ങളിലേക്ക് പണ്ഡിതരായ ആയിരക്കണക്കിന് പ്രാദേശിക മത്സരപ്രേമികളെയും ആകർഷിക്കുന്നു. കാളപ്പോരിനെ ആരാധിക്കുന്നവർക്ക് സമർത്ഥനായ ഒരു കാളപ്പോരാളി ഗോയായോടൊ പിക്കാസ്സോയോടൊ തുലനംചെയ്യാവുന്ന ഒരു കലാകാരനാണ്, ചലനത്തിൽ ചാരുത സൃഷ്ടിക്കുന്നതിനായി മരണത്തെ പുച്ഛിച്ചുതള്ളുന്ന കലാകാരൻ.
എന്നാൽ എല്ലാ സ്പെയിൻകാർക്കും കാളപ്പോരിൽ അഭിനിവേശമില്ല. അടുത്ത കാലത്തെ ഒരു അഭിപ്രായ വോട്ടെടുപ്പിൽ 60 ശതമാനം പേർ തങ്ങൾക്കതിൽ ഒട്ടും താൽപ്പര്യമില്ലെന്നറിയിച്ചു. “പീഡിപ്പിക്കൽ കലയൊ സംസ്കാരമൊ അല്ലെ”ന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സ്പെയിനിൽ പല സംഘങ്ങൾ ഈ “ദേശീയ ഉത്സവ”ത്തിനെതിരെ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
പുരാതന പാരമ്പര്യം
ചിലർക്ക് ആകർഷകമായിരിക്കുന്നതും മററു ചിലർ നിരാകരിക്കുന്നതുമായ, ഒരു മനുഷ്യനെ ഒരു കാളക്കൂററനെതിരെ തള്ളിവിടുന്ന അഭ്യാസം ഒരു പുരാതന പാരമ്പര്യമാണ്. കാട്ടുകാളയുടെ അജയ്യമായ ശക്തിയെ മെഡിറററേനിയൻ ജനങ്ങൾ ദീർഘകാലമായി ബഹുമാനിച്ചിരുന്നു. ഈജിപ്ററിലെ ഫറവോമാർ അവയെ വേട്ടയാടി. ക്രീററിലെ രാജകുമാരൻമാരും രാജകുമാരികളും ചീറിയടുക്കുന്ന കാളയെ കൊമ്പുകൾ പിടിച്ചുലച്ച് കീഴ്പ്പെടുത്തി.
നമ്മുടെ പൊതുയുഗത്തിന്റെ ആദ്യത്തെ ആയിരവർഷ കാലത്തെ റോമൻ മുസ്ലീം അധിനിവേശം പിന്നീട് ഒരു പരമ്പരാഗത സ്പാനീഷ് പ്രദർശനം ആയിത്തീർന്ന ഇതിനെ സ്വാധീനിക്കുകയുണ്ടായി. തകർന്നടിഞ്ഞുകൊണ്ടിരുന്ന റോമൻ ആംഫി തിയേറററുകൾ കാളപ്പോരങ്കണങ്ങളായി രൂപാന്തരപ്പെടുത്തി. അവയെ റോമൻ സർക്കസ് കൂടാരങ്ങളോട് ഏകദേശം സാദൃശ്യപ്പെടുത്താവുന്നതാണ്. കുതിരപ്പുറത്തിരുന്ന് കാളക്കെതിരെ കുന്തം പ്രയോഗിക്കുന്നത് മൂറുകൾ ആരംഭിച്ചതാണ്. അതിപ്പോൾ ഈ ചടങ്ങിലും അവിഭാജ്യഘടകമായിരിക്കുന്നു.
എന്നാൽ 18-ാം നൂററാണ്ടുവരെ കാളപ്പോര് ഈ കാലത്തെ പ്രദർശനം പോലെ ആയിരുന്നില്ല. യഥാർത്ഥ കാളപ്പോര് കുലീനൻമാരിൽനിന്ന് വൈദഗ്ദ്ധ്യം ആർജ്ജിച്ച സാധാരണക്കാരിലേക്ക് കടന്നുവന്നത് അപ്പോഴായിരുന്നു. ആ കാലത്തോടടുത്ത് ഗോയാ വ്യതിരിക്തമായ ഒരു തൊഴിലധിഷ്ഠിത യൂണിഫോം രൂപകൽപ്പന ചെയ്തു. സ്വർണ്ണവും വെള്ളിയുമുപയോഗിച്ച് ധാരാളം അലങ്കാരപ്പണികൾ ചെയ്തിരിക്കകൊണ്ട് അത് ഇന്ന് ട്രാജെ ഡി ലൂസെ, “വെളിച്ചത്തിന്റെ വസ്ത്രം” എന്നറിയപ്പെടുന്നു. അനുയോജ്യമായ കാളകളെ ലഭ്യമാക്കുന്നതിലും ശ്രദ്ധവെക്കാനാരംഭിച്ചു.
ഒരു വ്യത്യസ്ത തരം കാള
മദ്ധ്യയൂറോപ്പിലെ വനങ്ങളിലുള്ള അവസാന സങ്കേതങ്ങളിൽനിന്ന് 17-ാം നൂററാണ്ടിൽ ശരിയായ കാട്ടുകാള അപ്രത്യക്ഷമായി. എന്നാൽ പോരുകാളകളെ തെരഞ്ഞെടുത്ത് പ്രജനനം നടത്തുന്നതിനാൽ കഴിഞ്ഞ മുന്നൂറു വർഷങ്ങളായി സ്പാനീഷ് കാട്ടുകാളവംശം നിലനിൽക്കുന്നു. ഒരു കാട്ടുകാളയും ഒരു വളർത്തുകാളയും തമ്മിലുള്ള മുഖ്യ വ്യത്യാസം ഭീഷണിപ്പെടുത്തപ്പെടുമ്പോൾ അതു പ്രതികരിക്കുന്ന വിധമാണ്. ഒരു ഐബീരിയൻ കാട്ടുകാളയുടെ മുന്നിൽ ചലിക്കുന്നത് ആരു തന്നെയോ അഥവാ എന്തുതന്നെയോ ആയാലും അതു തുടർച്ചയായി ആക്രമിക്കും.
സ്പാനീഷ് പോരുകാളവളർത്തുകാർ മെച്ചപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്ന ഈ സവിശേഷ ഗുണത്തിലാണ് കാളപ്പോര് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. നാലു വർഷക്കാലം അതിവിശിഷ്ട തീററി നൽകി കാളകളെ പോഷിപ്പിക്കുന്നു. അവസാനം പോരങ്കണത്തിലേക്ക് അവ ക്രൂരമായി പായിക്കപ്പെടുന്ന വിധിനിർണ്ണായക നിമിഷം വന്നുചേരുന്നു. അങ്കണത്തിൽ കയറുന്നതിനുമുമ്പൊരിക്കലും കാള ഒരു പോരാളിയെയോ ചുവപ്പു തുണിയോ കണ്ടിരിക്കയില്ല—പരിചയിച്ചിരുന്നാൽ അവൻ തന്ത്രങ്ങൾ ഓർമ്മിക്കയും കൂടുതൽ അപകടകാരിയാകയും ചെയ്യും. എന്നാൽ കാള ചലിക്കുന്ന ആ തുണിക്കിട്ട്, ചുവന്നതോ മറേറതു നിറത്തിലുള്ളതോ ആയാലും സഹജപ്രേരണാശക്തിയാൽ കുത്താനാരംഭിക്കുന്നു. (കാളകൾക്ക് നിറങ്ങൾ തിരിച്ചറിയാനാവില്ല.) ഏകദേശം 20 മിനിററുകൾ കഴിയുമ്പോൾ എല്ലാം കഴിഞ്ഞിരിക്കും; ജീവനററ ഒരു ആയിരം റാത്തൽ കാളയുടെ പിണം അങ്കണത്തിൽനിന്നു വലിച്ചിഴച്ചുകൊണ്ടുപോകുന്നു.
കാളപ്പോരിന്റെ ഘട്ടങ്ങൾ
വർണ്ണാഭമായ പ്രാരംഭച്ചടങ്ങിൽ മൂന്നു കാളപ്പോരാളികളും അവരുടെ സഹായികളും കുന്തം ധരിച്ച അശ്വാരൂഢരായ മൂരിയുദ്ധമല്ലൻമാരുമടങ്ങുന്ന സംഘാംഗങ്ങളെല്ലാം അങ്കണത്തിനു ചുററും പരേഡ് നടത്തുന്നു. ഓരോ കാളപ്പോരാളിക്കും രണ്ടു കാളക്കൂററൻമാരെ നൽകുന്നു. വ്യക്തിപരമായി ഓരോരുത്തനും തന്റെ രണ്ടു പോരാട്ടങ്ങളിൽ അവയെ നേരിടുന്നു. ഇളക്കിമറിക്കുന്ന പരമ്പരാഗതസംഗീതത്തോടുകൂടിയ ഒരു ബാൻഡുവാദ്യം പോരാട്ടത്തിന് അകമ്പടിസേവിക്കുമ്പോൾ നാടകത്തിലെ മൂന്ന് ടെർക്കിയോസ് അല്ലെങ്കിൽ അങ്കങ്ങളിൽ ഓരോന്നിന്റെയും സമാരംഭം കാഹളം വിളിച്ചറിയിക്കുന്നു.
കാളപ്പോരാളി കാളക്കൂററനെ പ്രകോപിപ്പിക്കുന്നതിനായി ഒരു വലിയ ചുവന്ന തുണികൊണ്ട് അനേകം പ്രാഥമിക ചലനങ്ങൾ നടത്തിയശേഷം ആദ്യഘട്ടം ആരംഭിക്കുന്നു. അശ്വാരൂഢനായ മൂരിയുദ്ധ മല്ലൻ അങ്കണത്തിൽ പ്രവേശിക്കുന്നു. ഉരുക്കു മുനയുള്ള ഒരു കുന്തം അയാൾ പിടിച്ചിരിക്കും. കുതിരയെ കുത്താൻ തക്കവണ്ണം കാള പ്രകോപിപ്പിക്കപ്പെടുന്നു. കുതിരയുടെ ഉടൽ ഉള്ളിൽ മെത്ത തുന്നിച്ചേർത്ത പടച്ചട്ടകൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കും. മൂരിയുദ്ധ മല്ലൻ കാളയുടെ കഴുത്തിലും തോൾപേശികളിലും കുന്തം പായിച്ച് അതിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നു. കാള ആക്രമിക്കുമ്പോൾ തല വളരെ താണിരിക്കാൻ ഇടയാക്കത്തക്കവിധം ഇത് കഴുത്തിലെ പേശികളെ ബലഹീനമാക്കുന്നു. അവസാന വധത്തിന് ഇതു വിശേഷാൽ പ്രധാനമാണ്. (മുകളിലെ ചിത്രം കാണുക.) രണ്ട് ആക്രമണങ്ങൾ കൂടി കഴിയുമ്പോൾ അശ്വാരൂഢ മല്ലൻ അങ്കണം വിടുന്നു. പോരിന്റെ രണ്ടാം അങ്കം ആരംഭിക്കുന്നു.
ഈ ഘട്ടം കാളപ്പോരാളിയുടെ സഹായികളായ ചാട്ടു കുന്ത വിദഗ്ദ്ധൻമാർക്കുള്ളതാണ്. അവരുടെ ധർമ്മം രണ്ടോ മൂന്നോ ജോടി ചാട്ടുകുന്തങ്ങൾ, ഉരുക്കുമുനയോടുകൂടിയ ഹ്രസ്വ ദണ്ഡുകൾ, കാളയുടെ തോളുകളിൽ തറച്ചു കയററുകയാണ്. ചാട്ടുകുന്ത വിദഗ്ദ്ധൻ അട്ടഹാസങ്ങളും അംഗവിക്ഷേപങ്ങളുംകൊണ്ട് ഏകദേശം 20-30 വാര അകലെ നിന്ന് കാളയുടെ ശ്രദ്ധ പിടിക്കുന്നു. കാള ചീററിക്കൊണ്ടു വരുമ്പോൾ ചാട്ടുകുന്തക്കാരൻ അതിന്റെ നേർക്കു പായുന്നു. രണ്ടു കുന്തങ്ങൾ കാളയുടെ തോളിൽ തറച്ച് അവസാന നിമിഷം അയാൾ വശത്തേക്കു തെന്നി മാറുന്നു.
പോരിന്റെ അവസാനഭാഗത്ത് കാളപ്പോരാളി കാളയെ അഭിമുഖീകരിക്കുന്നു—ഒററക്ക്. പോരിലെ ഈ നിർണ്ണായക സമയത്തെ സത്യത്തിന്റെ നിമിഷം എന്നു വിളിക്കുന്നു. ഇപ്പോൾ കാളപ്പോരാളി കടും ചുവപ്പുള്ള ഒരു കമ്പിളിത്തുണി അഥവാ ഫ്ളാനൽതുണി കാളയെ കബളിപ്പിക്കാനായി ഉപയോഗിക്കുന്നു. അയാൾ കാളയുടെ വളരെ അടുത്തുചെന്ന് സാഹസികമായി കടന്നാക്രമിക്കത്തക്കവണ്ണം അതിനെ പ്രകോപിപ്പിക്കുന്നു. എന്നാൽ കാള അയാളുടെ ശരീരത്തോടേററവും അടുത്താൽ ചുവപ്പുതുണികൊണ്ട് അതിനെ നിയന്ത്രിക്കുന്നു. പോരിന്റെ ഈ ഘട്ടത്തെക്കുറിച്ച് ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു: ഇത് “യഥാർത്ഥത്തിൽ ഒരു മനുഷ്യനും ഒരു കാളയും തമ്മിലുള്ള പോരാട്ടമല്ല, പിന്നെയോ ഒരു മനുഷ്യനു തന്നോടുതന്നെയുള്ള പോരാട്ടമാണ്: കൊമ്പുകൾ തന്നോട് എത്ര അടുത്തു വരാൻ അയാൾ ധൈര്യം കാട്ടുന്നു, ജനക്കൂട്ടത്തെ ആഹ്ലാദിപ്പിക്കാൻ അയാൾ എത്രത്തോളം പോകും?”
അമ്പരന്നുപോയ കാളക്കെതിരെ പോരാളി അയാളുടെ വൈദഗ്ദ്ധ്യം പ്രകടമാക്കിക്കഴിയുമ്പോൾ അയാൾ കൊലക്കു തയ്യാറാകുന്നു. പോരാട്ടത്തിന്റെ പരമകാഷ്ഠയുടെ നിമിഷമാണത്. കാള മുൻകാലുകൾ അടുപ്പിച്ച് കൊലക്ക് അനുയോജ്യമായ നിലയിലാണ് നിൽക്കുന്നതെന്ന് പോരാളി ഉറപ്പു വരുത്തുന്നു. അനന്തരം അയാൾ കാളയുടെ നേരെ ചെന്ന് കൊമ്പുകളിൽ പിടി മുറുക്കി പെട്ടെന്ന് ഉണ്ടാകാവുന്ന കൊമ്പുകൾകൊണ്ടുള്ള ആക്രമണത്തെ ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ട് കാളയുടെ തോളുകൾക്കിടയിൽ വാൾ കുത്തിയിറക്കുന്നു. സങ്കൽപ്പമനുസരിച്ച് വാൾ മഹാധമനിയെ മുറിക്കുകയും മിക്കവാറും ഉടൻ മരണം സംഭവിക്കുകയും ചെയ്യുന്നു. ഇതു ദുർലഭമായേ സംഭവിക്കാറുള്ളു. മിക്ക കാളകൾക്കും അനേകം പരിശ്രമങ്ങൾ ആവശ്യമായി വരുന്നു.
മരിക്കുന്ന നിമിഷങ്ങളിൽപോലും കാളകൾ അപകടകാരികളാകാം. ആറു വർഷം മുമ്പ് യിയോ എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധനായ ഒരു 21 വയസ്സുകാരൻ കാളപ്പോരാളി മരണകരമായ അവസാന ആഘാതം ഏൽപ്പിച്ചു പിൻതിരിയുകയായിരുന്നു. കാള ശക്തി സംഭരിച്ച് തെരുതെരെ ആക്രമിച്ചു. അതിന്റെ ഒരു കൊമ്പ് ഭാഗ്യഹീനനായ കാളപ്പോരാളിയുടെ ഹൃദയം തുളച്ചു കയറി.
ഛേദിക്കുകയും മരിക്കുകയും
അനേകർക്ക് കാളപ്പോര് മനോഹരവും ആവേശോജ്ജ്വലവുമായ ഒരു കാഴ്ചയാണ്. എന്നാൽ അതിന് ഒന്നിലധികം വൃത്തികെട്ട വശങ്ങളുണ്ട്. പോരിൽ ആവേശമുള്ള ഒരാൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ ദുരിതപൂർണ്ണമായ പദ്ധതിയിൽ മാന്യമായ ഒരേ ഒരു ഘടകം കാളയാണ്. അവന്റെ കൊമ്പുകളുടെ അഗ്രങ്ങൾ ഛേദിച്ചുകളഞ്ഞ് അവനെ അവർ വികലമാക്കുന്നു. തൻമൂലം ലക്ഷ്യം ഉറപ്പുവരുത്തി കുത്താൻ അവനു പ്രയാസം നേരിടുന്നു.”a
കാളപ്പോരിന്റെ നടത്തിപ്പുകാർ കുപ്രസിദ്ധ അഴിമതിക്കാരാണ്. “പോരങ്കണങ്ങളുടെ നടത്തിപ്പുകാരായ ആളുകളെ . . . [താൻ ഭയപ്പെടുന്നതിന്റെ] പകുതിപോലും” കാളകളെ താൻ ഭയപ്പെടുന്നില്ലെ”ന്ന് ഒരു പ്രമുഖ കാളപ്പോരാളി പ്രസ്താവിക്കുവാൻ ഇത് ഇടയാക്കി. മികച്ച കാളപ്പോരാളികൾക്ക് ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിക്കുവാൻ കഴിയുമെങ്കിലും മത്സരം ഭയാനകമാണ്, മുറിവേൽക്കുന്നതും മരിക്കുന്നതും സ്ഥിര അപകടങ്ങളാണ്. കഴിഞ്ഞ 250 വർഷങ്ങളിലെ ഏകദേശം 125 പ്രഗൽഭ കാളപ്പോരാളികളിൽ 40-ൽ അധികംപേർ പോരങ്കണത്തിൽ മരിച്ചു വീണു. മിക്ക കാളപ്പോരാളികൾക്കും അൽപ്പമായോ അധികമായോ ഓരോ കാളപ്പോരു ഘട്ടത്തിലും ഒരിക്കലെങ്കിലും മുറിവേൽക്കുന്നു.
ക്രിസ്തീയ വീക്ഷണം
മേൽപ്പറഞ്ഞതെല്ലാം പരിഗണിച്ചശേഷം ഒരു ക്രിസ്ത്യാനി കാളപ്പോരിനെ എങ്ങനെ വീക്ഷിക്കണം? മൃഗങ്ങളോടു ദയ കാണിക്കുക എന്ന മൗലിക തത്വം ക്രിസ്ത്യാനികൾക്ക് ഇപ്പോഴും ബാധകമാണെന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിച്ചു. ഇസ്രായേല്യ കർഷകൻ തന്റെ കാളയോടു പരിഗണന കാണിക്കണമെന്ന് വ്യക്തമായി നിഷ്കർഷിച്ച മോശൈക ന്യായപ്രമാണം അവൻ ഉദ്ധരിച്ചു. (1 കൊരിന്ത്യർ 9:9, 10) കാളപ്പോര് കാളയോട് മനുഷ്യത്വപരമായി ഇടപെടുന്ന രീതിയാണെന്ന് ഒട്ടും പറയാവതല്ല. കാളപ്പോര് ഒരു കലയാണെന്ന് ചിലർ കരുതുന്നുവെന്നത് സത്യംതന്നെ, എന്നാൽ അന്തസ്സുള്ള ഒരു മൃഗത്തെ അനുഷ്ഠാനപരമായി കൊല്ലുന്നത് അതിനെ ന്യായീകരിക്കുന്നുവോ?
പരിഗണിക്കപ്പെടേണ്ട മറെറാരു തത്വം ജീവന്റെ വിശുദ്ധിയാണ്. തന്റെ ചാതുര്യം കാണിക്കുന്നതിനോ ഒരു ജനക്കൂട്ടത്തെ ആവേശംകൊള്ളിക്കുന്നതിനോ വേണ്ടി മാത്രം ഒരു ക്രിസ്ത്യാനി ജീവൻ മനഃപൂർവം അപകടത്തിലാക്കണമോ? തന്റെ ജീവൻ അനാവശ്യമായി അപകടത്തിലാക്കിക്കൊണ്ട് ദൈവത്തെ പരീക്ഷിക്കാൻ യേശു വിസമ്മതിച്ചു.—മത്തായി 4:5-7.
ഡത്ത് ഇൻ ദി ആഫ്ററർനൂൺ എന്ന കൃതിയിൽ ഏണസ്ററ് ഹെമിംഗ്വേ എഴുതി: “ഒരു ആധുനിക ധാർമ്മിക വീക്ഷണത്തിൽ അതായത് ഒരു ക്രിസ്തീയ വീക്ഷണത്തിൽ കാളപ്പോര് പൂർണ്ണമായും ന്യായരഹിതമാണെന്ന് ഞാൻ കരുതുന്നു; നിശ്ചയമായും കൊടിയ ക്രൂരതയുണ്ട്, വിളിച്ചുവരുത്തുന്നതോ അല്ലെങ്കിൽ അപ്രതീക്ഷിതമോ ആയ അപകടം എല്ലായ്പ്പോഴുമുണ്ട്, എപ്പോഴും മരണവുമുണ്ട്.”
ഒരു കാളപ്പോരു കാണാൻ പോകുന്ന അനേകായിരങ്ങളിൽ ചിലർ ആഹ്ലാദചിത്തരാകുന്നു, ചിലർ നിരാശിതരാകുന്നു, മററുള്ളവർ വെറുപ്പുള്ളവരാകുന്നു. മനുഷ്യർ അതിനെ എങ്ങനെ വീക്ഷിച്ചാലും കാളയുടെ സ്രഷ്ടാവിന് സന്തോഷപൂർവം ഈ പ്രദർശനത്തെ വീക്ഷിക്കാൻ സാധ്യമല്ല. അനേകമാളുകൾ ഇതിനെ ഒരു കലയായി കരുതിയേക്കാമെങ്കിലും ഇത് യഥാർത്ഥത്തിൽ ദിവ്യ തത്വങ്ങൾക്കെതിരായ ഒരു കൊടും ക്രൂരതയാണ്.—ആവർത്തനം 25:4; സദൃശവാക്യങ്ങൾ 12:10. (g90 7/8)
[അടിക്കുറിപ്പുകൾ]
a കാളയുടെ കൊമ്പുകൾ ഛേദിക്കുന്നത് നിരോധിച്ചിരിക്കുന്നു, എങ്കിലും ഇപ്പോഴും സ്പെയിനിൽ ഇതു വ്യാപകമായി ചെയ്യപ്പെടുന്നു.
[18-ാം പേജിലെ ചിത്രങ്ങൾ]
അശ്വാരൂഢനായ മൂരിയുദ്ധ മല്ലൻ കാളയെ ക്ഷീണിപ്പിക്കത്തക്കവണ്ണം അതിന്റെ കഴുത്തിലും തോൾപേശിയിലും കുന്തംകൊണ്ട് മുറിവേൽപ്പിക്കുന്നു
കൊലയാളിയായ കാളപ്പോരുകാരൻ അയാളുടെ വാൾ കാളയുടെമേൽ കുത്തിക്കയററാൻ തുടങ്ങുന്നു