രക്തപ്പകർച്ചകൾ—അതിജീവനത്തിനുള്ള താക്കോലോ?
ആയിരത്തിത്തൊള്ളായിരത്തിനാല്പത്തിയൊന്നിൽ ഡോ. ജോൺ എസ്. ലണ്ടി രക്തപ്പകർച്ചകൾ സംബന്ധിച്ച് സ്വീകാര്യമായ ഒരു നിലവാരം നിശ്ചയിച്ചു. രോഗിയുടെ ഒരു ഡസി ലിററർ രക്തത്തിൽ പ്രാണവായു സംവഹിക്കുന്ന ഘടകമായ ഹീമോഗ്ലോബിൻ 10 ഗ്രാമിൽ കുറഞ്ഞാൽ രോഗിക്ക് രക്തപ്പകർച്ച ആവശ്യമാണെന്ന് തന്റെ നിഗമനത്തെ പിന്താങ്ങാൻ വൈദ്യശാസ്ത്രപരമായ തെളിവൊന്നുമില്ലാതെതന്നെ അദ്ദേഹം പറഞ്ഞു. അതെ തുടർന്ന് മററു ഡോക്ടർമാരും ആ സംഖ്യ അംഗീകരിക്കാനിടയായി.
എന്നാൽ ഈ പത്തുഗ്രാം നിലവാരം ഏതാണ്ട് 30 വർഷങ്ങളായി വെല്ലുവിളിക്കപ്പെട്ടിരിക്കുകയാണ്. ഈ മാർഗ്ഗനിർദ്ദേശത്തെ തെളിവുകൾ പിന്താങ്ങുന്നില്ല എന്ന് 1988-ൽ ദി ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമായി പ്രസ്താവിച്ചു. “അത് പാരമ്പര്യത്താൽ ആവരണംചെയ്യപ്പെട്ടത്, അവ്യക്തതയിൽ പൊതിഞ്ഞത്, വൈദ്യശാസ്ത്ര അനുഭവത്തിലൂടെയോ പരീക്ഷണത്തിലൂടെയോ തെളിയിക്കപ്പെടാത്തത്” എന്നാണ് അനസ്തേഷ്യാവിദഗ്ദ്ധനായ ഹൊവാർഡ് എൽ. സോഡർ പറയുന്നത്. മററുള്ളവർ അതിനെ വെറുമൊരു പുരാണം എന്നു വിളിക്കുന്നു.
ശക്തമായ ഈ തുറന്നുകാട്ടലെല്ലാമുണ്ടായിട്ടും ഈ ഐതീഹ്യം ഇന്നും ആശ്രയിക്കത്തക്ക മാർഗ്ഗനിർദ്ദേശമെന്ന നിലയിൽ ആദരിക്കപ്പെടുന്നു. പല അനസ്തേഷ്യാക്കാർക്കും മററു ഡോക്ടർമാർക്കും രക്തക്കുറവു പരിഹരിക്കാൻ രക്തപ്പകർച്ച നടത്താനുള്ള തീരുമാനമെടുക്കാൻ ഹീമോഗ്ലോബിന്റെ അളവ് പത്തിൽ കുറഞ്ഞാൽമതി. അത് ഏതാണ്ട് യാന്ത്രികമാണ്.
ഇന്ന് ഇത്രയധികം രക്തവും രക്തോൽപ്പന്നങ്ങളും അനാവശ്യമായി ഉപയോഗിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ അതു സഹായിക്കുന്നുവെന്നതിന് സംശയമില്ല. ഐക്യനാടുകളിൽ മാത്രം ഓരോ വർഷവും ഏതാണ്ട് രണ്ട് ദശലക്ഷം രക്തപ്പകർച്ചകൾ നൽകപ്പെടുന്നുവെന്നും രക്തബാങ്കുകളിൽ സൂക്ഷിച്ചുവെച്ച രക്തം നൽകപ്പെടുന്നതിൽ നേർപകുതിയെങ്കിലും ഒഴിവാക്കാവുന്നതാണെന്നുമാണ് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്ബാധ സംബന്ധിച്ച പ്രസിഡൻഷ്യൽ കമ്മീഷനിൽ സേവിച്ച ഡോ. തെരീസ എൽ. ക്രെൻഷോ കണക്കാക്കുന്നത്. ജപ്പാനിൽ “വിവേചനയില്ലാതെ രക്തപ്പകർച്ച നടത്തുന്നതിനെയും” “അതിന്റെ കാര്യക്ഷമതയിലുള്ള അന്ധമായ വിശ്വാസത്തെയും” ജപ്പാനിലെ ആരോഗ്യക്ഷേമ മന്ത്രാലയം കുററപ്പെടുത്തി.
രക്തക്കുറവു പരിഹരിക്കാൻ രക്തപ്പകർച്ച നടത്തുന്നതിലെ പ്രശ്നം രക്തപ്പകർച്ച രക്തക്കുറവിനെക്കാൾ മാരകമായിരിക്കാവുന്നതാണ് എന്നതാണ്. മുഖ്യമായും മതപരമായ കാരണങ്ങളാൽ രക്തപ്പകർച്ച സ്വീകരിക്കാൻ വിസമ്മതിക്കുന്ന യഹോവുടെ സാക്ഷികൾ ഈ സംഗതി തെളിയിച്ചിരിക്കുന്നു.
രക്തപ്പകർച്ച സ്വീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ യഹോവയുടെ സാക്ഷികളിൽ ആരെങ്കിലും മരിച്ചതായുള്ള പത്രവാർത്തകൾ നിങ്ങൾ വായിച്ചിട്ടുണ്ടായിരിക്കാം. സങ്കടകരമെന്നു പറയട്ടെ, അത്തരം റിപ്പോർട്ടുകൾ മിക്കപ്പോഴും കഥ മുഴുവൻ പറയാറില്ല. മിക്കപ്പോഴും സാക്ഷിയുടെ മരണത്തിനിടയാക്കുന്നത് ശസ്ത്രക്രിയ നടത്താനുള്ള ഡോക്ടറുടെ വിസമ്മതമോ തക്ക സമയത്ത് അത് ചെയ്യാത്തതോ ആയിരിക്കാം. ഹീമോഗ്ലോബിന്റെ അളവ് പത്തു ഗ്രാമിൽ കുറയുമ്പോൾ രക്തപ്പകർച്ച നടത്താനുള്ള അനുവാദമില്ലെങ്കിൽ ചില ഡോക്ടർമാർ ശസ്ത്രക്രിയ നടത്താൻ വിസമ്മതിക്കുന്നു. എന്നിരുന്നാലും ഹീമോഗ്ലോബിന്റെ അളവ് അഞ്ചോ രണ്ടോ അതിൽ കുറവോ ആയിരുന്നപ്പോൾ പോലും ചില ഡോക്ടർമാർ വിജയകരമായി ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ശസ്ത്രക്രിയാവിദഗ്ദ്ധനായ റിച്ചാർഡ് കെ. സ്പെൻസ് പറയുന്നു: “സാക്ഷികളുടെ സംഗതിയിൽ ഞാൻ കണ്ടിരിക്കുന്നത് മരണനിരക്ക് ഹീമോഗ്ലോബിന്റെ കുറഞ്ഞ അളവിനോട് അശേഷം ബന്ധപ്പെട്ടിരിക്കുന്നില്ല എന്നാണ്.”
പകരം ചികിത്സാരീതികൾ ധാരാളം
‘രക്തം അല്ലെങ്കിൽ മരണം.’ സാക്ഷികളായ രോഗികൾ അഭിമുഖീകരിക്കുന്ന തെരഞ്ഞെടുപ്പിനെ ചില ഡോക്ടർമാർ വർണ്ണിക്കുന്നത് അങ്ങനെയാണ്. എന്നാൽ വാസ്തവത്തിൽ രക്തപ്പകർച്ചക്കു പകരം മററു പല ചികിത്സാരീതികളുമുണ്ട്. യഹോവയുടെ സാക്ഷികൾക്ക് മരിക്കാൻ താത്പര്യമൊന്നുമില്ല. പകര ചികിത്സ ലഭിക്കുന്നതിലാണ് അവർക്ക് താത്പര്യം. രക്തം സ്വീകരിക്കുന്നതിനെ ബൈബിൾ വിലക്കുന്നതിനാൽ രക്തപ്പകർച്ച ഒരു ചികിൽസാസമ്പ്രദായമായി അവർ കണക്കാക്കുന്നതേയില്ല.
വർഷങ്ങളായി യഹോവയുടെ സാക്ഷികൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നത് എല്ലാ രോഗികൾക്കും അനുവദിച്ചുകൊടുക്കാനാണ് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ബാധയെ സംബന്ധിച്ച പ്രസിഡൻഷ്യൽ കമ്മീഷന്റെ റിപ്പോർട്ട് 1988 ജൂണിൽ നിർദ്ദേശിച്ചത്. അതായത് “രക്തത്തിന്റെയോ അതിന്റെ ഘടകങ്ങളുടെയോ ഉപയോഗം സംബന്ധിച്ച രോഗിയുടെ കാര്യജ്ഞാനത്തോടെയുള്ള സമ്മതത്തിൽ അതിലടങ്ങിയിരിക്കുന്ന അപകടത്തെസംബന്ധിച്ചുള്ള ഒരു വിശദീകരണവും . . . രക്തം ഉപയോഗിച്ചുള്ള ചികിൽസക്ക് പകരമായി ഉപയോഗിക്കാവുന്ന മററ് ചികിത്സാരീതികളെസംബന്ധിച്ചുള്ള വിവരങ്ങളും ഉൾപ്പെട്ടിരിക്കണം.”
മററു വാക്കുകളിൽ പറഞ്ഞാൽ, രോഗിക്ക് തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കണം. ലഭ്യമായ ഒരു രീതി ഒരു തരം സ്വന്ത രക്തപ്പകർച്ചയാണ്. ശസ്ത്രക്രിയാസമയത്ത് നഷ്ടമാകുന്ന രക്തംതന്നെ ശേഖരിച്ച് രോഗിയുടെ രക്തധമനികളിലേക്ക് തിരികെ കടത്തിവിടുക. ആ പ്രക്രിയ രോഗിയുടെ രക്തചംക്രമണവ്യവസ്ഥയുടെ ഒരു വികസനം മാത്രമായിരിക്കുന്നടത്ത് അത് മിക്ക സാക്ഷികൾക്കും സ്വീകാര്യമാണ്. രക്തമല്ലാത്ത മററു ദ്രാവകങ്ങൾ ഉപയോഗിച്ചുകൊണ്ട് രോഗിയുടെ രക്തവ്യാപ്തി വർദ്ധിപ്പിക്കുന്നതിനും ശരീരംതന്നെ അതിന്റെ സ്വന്ത അരുണാണുക്കൾ കൂടുതലായി ഉൽപ്പാദിപ്പിക്കാൻ അനുവദിക്കുന്നതിനും ശസ്ത്രക്രിയാവിദഗ്ദ്ധർ ഊന്നൽ നൽകുന്നു. രക്തപ്പകർച്ചക്ക് പകരം അത്തരം സങ്കേതങ്ങൾ മരണനിരക്ക് വർദ്ധിപ്പിക്കാതെതന്നെ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്. വാസ്തവത്തിൽ അവക്ക് സുരക്ഷിതത്വം മെച്ചപ്പെടുത്താൻകഴിയും.
റികോമ്പിനൻറ് എറിത്രോപോയിററിൻ എന്ന പേരിൽ വളരെ വിജയസാദ്ധ്യതയുള്ള ഒരു ഔഷധം അടുത്ത കാലത്ത് പരിമിതമായ തോതിൽ ഉപയോഗിക്കപ്പെടുന്നതിനുള്ള അംഗീകാരം നേടിയിട്ടുണ്ട്. അത് ശരീരത്തിലെ അരുണാണുനിർമ്മാണത്തെ ത്വരിതപ്പെടുത്തുകയും ഫലത്തിൽ സ്വന്തം രക്തം കൂടുതലായി ഉത്പാദിപ്പിക്കാൻ ഒരു വ്യക്തിയെ സഹായിക്കുകയും ചെയ്യുന്നു.
പ്രാണവായു സംവഹിക്കാനുള്ള രക്തത്തിന്റെ പ്രാപ്തി അനുകരിക്കാൻ കഴിയുന്നതും രക്തത്തിനു പകരം ഫലകരമായി ഉപയോഗിക്കാൻകഴിയുന്നതുമായ ഒരു ദ്രാവകത്തിനുവേണ്ടി ശാസ്ത്രജ്ഞൻമാർ ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഐക്യനാടുകളിൽ അത്തരം വസ്തുക്കളുടെ നിർമ്മാതാക്കൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് അംഗീകാരം നേടുക പ്രയാസമാണെന്ന് കണ്ടെത്തുന്നു. എന്നിരുന്നാലും അത്തരം ഒരു നിർമ്മാതാവ് ഇപ്രകാരം തന്റെ പ്രതിഷേധം രേഖപ്പെടുത്തി: “അംഗീകാരത്തിനുവേണ്ടി രക്തം FDAയുടെ [ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്ത്രേഷൻ] അടുക്കൽ കൊണ്ടുവരുന്നതിനെപ്പററി നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ അത് പരിശോധിക്കപ്പെടണമെന്ന് നിങ്ങൾ പ്രാർത്ഥിക്കുകയില്ല, അത് അത്രകണ്ട് വിഷമയമാണ്.” എന്നിരുന്നാലും രക്തത്തിന് പകരമായി ഉപയോഗിക്കാവുന്നതും പ്രാണവായു സംവഹിക്കാൻ കഴിവുള്ളതുമായ ഒരു രാസവസ്തു കണ്ടുപിടിക്കാൻ കഴിയുമെന്ന് വലിയ പ്രതീക്ഷയുണ്ട്.
അതുകൊണ്ട് തെരഞ്ഞെടുക്കാൻ പലതുമുണ്ട്. ഇവിടെ പരാമർശിക്കപ്പെട്ടത് ലഭ്യമായതിൽ ചുരുക്കംചിലതു മാത്രമാണ്. ക്ലിനിക്കൽ ശസ്ത്രക്രിയയിൽ ഒരു പ്രൊഫസ്സറായ ഡോ. ഹോറസ് ഹേർബ്സ്മാൻ എമർജെൻസി മെഡിസിൻ എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയപ്രകാരം: “രക്തം ശരീരത്തിൽ കുത്തിവെക്കുന്നതിനു പകരം നമുക്ക് ചികിത്സാരീതികൾ ഉണ്ടെന്നുള്ളത് . . . വളരെ വ്യക്തമാണ്. സാദ്ധ്യതയുള്ള അതിന്റെ എല്ലാ കുഴപ്പങ്ങളും സഹിതം രക്തപ്പകർച്ച നാം ഒരു കാലത്ത് വിചാരിച്ചിരുന്നതുപോലെ അത്ര അത്യാവശ്യമല്ല എന്ന് വാസ്തവത്തിൽ യഹോവയുടെ സാക്ഷികളുടെ സംഗതിയിലുള്ള നമ്മുടെ അനുഭവങ്ങളിൽനിന്ന് നമുക്ക് വ്യാഖ്യാനിക്കാൻ കഴിഞ്ഞേക്കും.” തീർച്ചയായും ഇതൊന്നും ഒരു പുതിയ കാര്യമല്ല. ദി അമേരിക്കൻ സർജൻ എന്ന പ്രസിദ്ധീകരണം കുറിക്കൊണ്ടപ്രകാരം: “രക്തപ്പകർച്ച കൂടാതെ ഗുരുതരമായ ശസ്ത്രക്രിയകൾ വിജയകരമായി ചെയ്യാൻ കഴിയും എന്നത് കഴിഞ്ഞ 25 വർഷങ്ങളായി വേണ്ടത്ര തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.”
എന്നാൽ രക്തം അപകടകരമാണെങ്കിൽ അതിനു പകരം സുരക്ഷിതമായ ചികിൽസാരീതികളുണ്ടെങ്കിൽ ദശലക്ഷക്കണക്കിനാളുകൾക്ക്—പലരും അറിയാതെയും മററനേകരുടെ ഇഷ്ടത്തിന് വിപരീതമായും—രക്തപ്പകർച്ച നൽകപ്പെടുന്നത് എന്തിനാണ്? ഭാഗികമായിട്ടെങ്കിലും അത് പകരംചികിത്സാരീതികളെപ്പററി ഡോക്ടർമാരെയും ആശുപത്രികളെയും പഠിപ്പിക്കാത്തതിനാലാണ് എന്ന് എയ്ഡ്സ് സംബന്ധിച്ചുള്ള പ്രസിഡൻഷ്യൽ കമ്മീഷന്റെ റിപ്പോർട്ട് കുറിക്കൊള്ളുന്നു. മറെറാരു ഘടകത്തിൻമേലും അതു കുററംചുമത്തുന്നു: “രക്തപ്പകർച്ച കുറയ്ക്കുന്ന ചികിത്സാരീതികൾ പ്രോൽസാഹിപ്പിക്കുന്നതിൽ ചില പ്രാദേശിക രക്തസംഭരണകേന്ദ്രങ്ങൾ മടി കാണിച്ചിരിക്കുന്നു, കാരണം രക്തത്തിന്റെയും രക്തോൽപ്പന്നങ്ങളുടെയും വില്പനയിൽനിന്നാണ് അവർ ലാഭമുണ്ടാക്കുന്നത്.”
മററു വാക്കുകളിൽപറഞ്ഞാൽ: രക്തത്തിന്റെ വില്പന ഒരു വൻ ബിസിനസ്സാണ്. (g90 10⁄22)