ആഗോള സാഹോദര്യം സുനിശ്ചിതം!
മിഷനറി ഒരു വിദൂരപ്രദേശത്തെ ഒരു മതപരമായ കൺവെൻഷനിൽ സംബന്ധിച്ചപ്പോൾ അദ്ദേഹം പശ്ചിമാഫ്രിക്കയിൽ എത്തിയിട്ട് ദീർഘനാളായിരുന്നില്ല. അദ്ദേഹം ഒരു തദ്ദേശ കുടുംബത്തെ സമീപിച്ചപ്പോൾ പ്രത്യക്ഷത്തിൽ കാരണമൊന്നും കൂടാതെ രണ്ടു വയസ്സുള്ള ഒരു ആൺകുട്ടി കരയാൻ തുടങ്ങി.
മിഷനറി കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അപ്പോൾ കുട്ടിയുടെ കരച്ചിൽ മുറയിടലായി മാറി. “എന്തു പററി,” മിഷനറി മാതാവിനോടു ചോദിച്ചു. അല്പം ബുദ്ധിമുട്ടോടെ അവർ മറുപടി പറഞ്ഞു: “താങ്കൾ കാരണമാണെന്ന് ഞാൻ വിചാരിക്കുന്നു. അവന് നിങ്ങളുടെ നിറത്തെ ഭയമാണ്. അവൻ മുമ്പൊരിക്കലും ഒരു വെള്ളക്കാരനെ കണ്ടിട്ടില്ല.”
ശൈശവം മുതൽ നാം ആളുകൾ തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങളെക്കുറിച്ച് ബോധമുള്ളവരായിത്തീർന്നേക്കാം. മുൻവിധികൾ പിൽക്കാലത്താണ് വികാസം പ്രാപിക്കുന്നത്. കുട്ടികളുടെ വീക്ഷണങ്ങൾ കരുപ്പിടിപ്പിക്കപ്പെടുന്നത് അവരുടെ മാതാപിതാക്കളെപ്പോലെ പ്രായമുള്ളവരുടെ മനോഭാവങ്ങളും പെരുമാററവും അവർ നിരീക്ഷിക്കുമ്പോഴാണ്. സ്കൂളിൽ അവർ തങ്ങളുടെ അദ്ധ്യാപകരാലും സുഹൃത്തുക്കളാലും സഹപാഠികളാലും കൂടുതലായി സ്വാധീനിക്കപ്പെടുന്നു.
ഐക്യനാടുകളിലെ ഒരു ദീർഘകാല പഠനമനുസരിച്ച്, കുട്ടികൾക്ക് 12 വയസ്സാകുമ്പോഴേക്ക് അവർ അപ്പോൾത്തന്നെ തങ്ങൾക്കു ചുററുമുള്ള വംശീയ, വർഗ്ഗീയ മത സമൂഹങ്ങളെക്കുറിച്ച് സ്ഥിരമായ രൂപത്തിലുള്ള വീക്ഷണങ്ങളും മനോഭാവങ്ങളും വികസിപ്പിച്ചിരിക്കും. യൗവനത്തിലെത്തുമ്പോഴേക്ക് ഈ വീക്ഷണങ്ങൾ ആഴത്തിലുറയ്ക്കുന്നു.
യഹോവയുടെ സാക്ഷികൾ വ്യത്യസ്തർ
മുൻവിധി ധാരാളമുള്ള ഒരു ലോകത്തിൽ യഹോവയുടെ സാക്ഷികൾ വളരെ വ്യത്യസ്തരായി മുന്തിനിൽക്കുന്നു. അവർ തങ്ങളുടെ വർഗ്ഗീയ യോജിപ്പു നിമിത്തം സാർവദേശീയമായി പ്രസിദ്ധരാണ്. ഇത് അവരുടെ വലിയ വാർഷിക കൺവെൻഷനുകളിൽ നിരീക്ഷകരാൽ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടുന്നു.
ദൃഷ്ടാന്തത്തിന്, തെക്കൻ ഐക്യനാടുകളിലെ യഹോവയുടെ സാക്ഷികളുടെ ഒരു വലിയ കൺവെൻഷനെക്കുറിച്ച് സ്റേറററ്സ് ഐററം എന്ന വർത്തമാനപ്പത്രം റിപ്പോർട്ടുചെയ്തു: “ചെറുപ്പക്കാരും പ്രായമുള്ളവരും കറുത്തവരും വെളുത്തവരുമായ യഹോവയുടെ സാക്ഷികൾ . . . പഠനത്തിനും അനുഭവങ്ങൾ പങ്കിടുന്നതിനുമായി ഇരുന്നപ്പോൾ അവർ ലൂസിയാനാ സൂപ്പർഡോം നിറച്ചുണ്ടായിരുന്നു. . . .വർഗ്ഗ വിവേചനം . . . സാക്ഷികൾക്ക് ഒരു പ്രശ്നമല്ല.”
ദക്ഷിണാഫ്രിക്കയിലെ സാക്ഷികളുടെ ഒരു കൺവെൻഷനിൽ ഒരു സോസാ സ്ത്രീ ഇങ്ങനെ പ്രസ്താവിച്ചു: “ഇവിടെ ദക്ഷിണാഫ്രിക്കയിൽ എല്ലാ വർഗ്ഗങ്ങളിലുംപെട്ട ആളുകൾക്ക് ഇത്ര ഐക്യത്തിലായിരിക്കാൻ കഴിയുന്നത് അത്ഭുതാവഹമാണ്. ഇത് ഞാൻ പള്ളികളിൽ പതിവായി കാണുന്നതിൽനിന്ന് വളരെ വ്യത്യസ്തമാണ്.”
വടക്കേ അമേരിക്കയിൽനിന്നും തെക്കേ അമേരിക്കയിൽനിന്നും അതുപോലെതന്നെ യൂറോപ്പിൽനിന്നും വിദൂരപൗരസ്ത്യ ദേശത്തും ദക്ഷിണ പസഫിക്കിലും നിന്നുമുള്ള സന്ദർശകർ സാക്ഷികളുടെ വലിയ കൺവെൻഷനുകളിൽ ഹാജരായപ്പോൾ ഒരു റിപ്പോർട്ടനുസരിച്ച് “അവരുടെ ഭാഗത്തോ അവരുടെ ആതിഥേയരുടെ ഭാഗത്തോ വർഗ്ഗീയതയുടെ കണികപോലുമില്ലായിരുന്നു.”
അങ്ങനെ, ഭൂവ്യാപകമായുള്ള ദശലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികളെ സംബന്ധിച്ച് വളരെ വ്യത്യസ്തമായുള്ള ഒരു സംഗതി അവരുടെ യഥാർത്ഥ ഐക്യവും വർഗ്ഗീയ യോജിപ്പുമാണ്. അവർ യഥാർത്ഥ ക്രിസ്തീയ സ്നേഹത്താൽ കൂട്ടിക്കെട്ടപ്പെട്ടവരാണ്. അത് യേശു പറഞ്ഞതുപോലെതന്നെയാണ്: “നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽത്തന്നെ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യരാണെന്ന് ഇതിനാൽ എല്ലാവരും അറിയും.”—യോഹന്നാൻ 13:35.
അതുകൊണ്ട് യഹോവയുടെ സാക്ഷികൾക്ക് ഇപ്പോൾത്തന്നെ യഥാർത്ഥവും സ്ഥിരവുമായ ഒരു സാർവദേശീയ സാഹോദര്യമുണ്ട്! “നിങ്ങളെല്ലാം സഹോദരൻമാരാകുന്നു”വെന്ന് യേശു മത്തായി 23:8-ൽ പറഞ്ഞത് അവർ കാര്യമായി എടുക്കുന്നു. ഇത് വർഗ്ഗീയവും വംശീയവുമായ ഭിന്നതകളും വിദ്വേഷങ്ങളും രാഷ്ട്രങ്ങളുടെ സംരചനയെത്തന്നെ പിച്ചിക്കീറുന്ന ഒരു സമയത്തുതന്നെയാണ്.—1 കൊരിന്ത്യർ 1:10; 1 യോഹന്നാൻ 3:10-12; 4:20, 21; 5:2, 3.
ഐക്യം നേടിയിരിക്കുന്ന വിധം
ഈ ഐക്യത്തിന്റെ അടിസ്ഥാന കാരണം യഹോവയുടെ സാക്ഷികൾക്ക് അവരുടെ രാജ്യഹാളുകളിൽനിന്നും തങ്ങളുടെ വ്യക്തിപരമായ ബൈബിൾ പഠനത്താലും ലഭിക്കുന്ന ബൈബിളധിഷ്ഠിത പ്രബോധനമാണ്. അവർ തെസ്സലോനീക്യയിലെ ക്രിസ്ത്യാനികളെപ്പോലെയാണ്. അവരേ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഞങ്ങളിൽനിന്ന് കേട്ട ദൈവവചനം സ്വീകരിച്ചപ്പോൾ നിങ്ങൾ അതിനെ മനുഷ്യരുടെ വചനമായിട്ടല്ല, പിന്നെയോ അത് സത്യമായി ആയിരിക്കുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടു, അത് വിശ്വാസികളായ നിങ്ങളിൽ വ്യാപരിച്ചുമിരിക്കുന്നു.”—1 തെസ്സലോനീക്യർ 2:13.
അതുകൊണ്ട്, ബൈബിൾ പറയുന്നത് സാക്ഷികൾ വിശ്വസിക്കുന്നു. അവർ ദൈവത്തിന്റെ ചിന്താരീതിയെ ആത്മാർത്ഥമായി അനുകരിക്കാനും ശ്രമിക്കുന്നു. അവർ നിശ്വസ്തതയിൽ ക്രിസ്തീയ അപ്പോസ്തലനായ പത്രോസ് പറഞ്ഞത് കാര്യമായി എടുക്കുന്നു: “ദൈവം പക്ഷപാതിത്വമുള്ളവനല്ല, എന്നാൽ ഏതു ജനതയിലും തന്നെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവന് സ്വീകാര്യനാണ് എന്ന് ഞാൻ സുനിശ്ചിതമായി ഗ്രഹിക്കുന്നു.”—പ്രവൃത്തികൾ 10:34, 35.
ഇതിനു ചേർച്ചയിൽ, “സകല ജനതകളിലെയും” ആളുകളെ ശിഷ്യരാക്കാൻ യേശു തന്റെ അനുഗാമികളോട് നിർദ്ദേശിച്ചു. (മത്തായി 28:19) തത്ഫലമായി, യഹോവയുടെ സാക്ഷികൾ വ്യത്യാസംകൂടാതെ സകല വംശത്തിലും വർഗ്ഗത്തിലുംപെട്ട സമൂഹങ്ങളിലെ നീതിസ്നേഹികളെ സജീവമായി അന്വേഷിച്ചു കണ്ടുപിടിക്കുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളിലും വർഗ്ഗങ്ങളിലും പെട്ടവർ ആരാധിക്കാനും ജോലിചെയ്യാനും സാമൂഹ്യ സഹവാസത്തിലേർപ്പെടാനും ഒത്തുചേരുമ്പോൾ സ്ഥിരരൂപത്തിലുള്ള ചിന്ത തരണംചെയ്യപ്പെടുന്നു. അവർ അന്യോന്യം വിലമതിക്കാനും അന്യോന്യം സ്നേഹിക്കാനും പഠിക്കുന്നു.
ദീർഘനാളായി വർഗ്ഗീയ മുൻവിധിക്കിരയായിരുന്ന ഒരു മനുഷ്യൻ തന്റെ വീക്ഷണങ്ങളെ പെട്ടെന്ന് മാററാതിരുന്നേക്കാമെന്നത് സത്യംതന്നെ. എന്നാൽ അയാൾ ഒരു സാക്ഷിയായിത്തീരുമ്പോൾ അയാൾ സത്യക്രിസ്ത്യാനിയുടെ “പുതിയ വ്യക്തിത്വം ധരിക്കാൻ” തുടങ്ങുന്നു, അയാൾ മുമ്പ് പുലർത്തിയിരുന്ന വീക്ഷണങ്ങളെ തരണംചെയ്യാൻ കഠിനയത്നം ചെയ്യുന്നു. (എഫേസ്യർ 4:22-24) ‘അങ്ങനെയാണ് ഞാൻ വളർത്തപ്പെട്ടത്’ എന്ന് പറഞ്ഞുകൊണ്ട് അയാൾ തന്റെ മുൻവിധികളെ ന്യായീകരിക്കാൻ ശ്രമിക്കുന്നില്ല. ഇല്ല, അയാൾ തന്റെ മനസ്സിനെ പുതുക്കാനും “സഹോദരൻമാരുടെ മുഴു സമൂഹത്തോടും സ്നേഹമുണ്ടായിരി”ക്കാനും കഠിനശ്രമം ചെയ്യുന്നു.—1 പത്രോസ് 2:17.
ബൈബിൾപ്രവചനങ്ങൾ നിവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു
യഹോവയുടെ സാക്ഷികളുടെ ഇടയിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. തീർച്ചയായും, അത് ബൈബിളിൽ പ്രവചിക്കപ്പെട്ടിരുന്നു.
“നാളുകളുടെ അന്തിമഭാഗത്ത്,” ഈ ദുഷ്ടവ്യവസ്ഥിതിയുടെ “അവസാന നാളുകളിൽ,” സംഭവിക്കുമെന്ന് യെശയ്യാവ് 2:2-4 മുൻകൂട്ടിപ്പറഞ്ഞത് കുറിക്കൊള്ളുക. (2 തിമൊഥെയോസ് 3:1-5, 13) ഈ തലമുറയിൽ യഹോവയുടെ സത്യാരാധന സ്ഥാപിക്കപ്പെടുമെന്നും ‘അതിലേക്ക് സകല ജനതകളിൽനിന്നുമുള്ള ആളുകൾ ഒഴുകിച്ചെല്ലുമെന്നും യഹോവയുടെ ആ പ്രവചനം കുറിക്കൊണ്ടു.’ ‘അനേകം ജനങ്ങൾ തീർച്ചയായും പോകുകയും “ജനങ്ങളേ, വരുവിൻ, യഹോവയുടെ സത്യാരാധനയാകുന്ന പർവതത്തിലേക്ക് നമുക്ക് കയറിപ്പോകാം” എന്നു പറയുകയും ചെയ്യും. അവൻ നമ്മെ തന്റെ വഴികൾ പഠിപ്പിക്കും, നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും.”’
യെശയ്യാവിന്റെ പ്രവചനം പിൻവരുന്ന അസാധാരണ ഫലത്തെയും ശ്രദ്ധിച്ചു, അത് ഈ നൂററാണ്ടിലുടനീളം യഹോവയുടെ സാക്ഷികളുടെ ഇടയിൽ സാർവദേശീയമായ ഒരു അളവിൽ കാണപ്പെട്ടിരിക്കുന്നു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും തങ്ങളുടെ കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർക്കും. ജനത ജനതക്കെതിരായി വാളുയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.”
കൂടാതെ, വെളിപ്പാട് എന്ന ബൈബിൾപുസ്തകം നമ്മുടെ കാലത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് “സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ഭാഷകളിൽനിന്നുമുള്ള” ഒരു മഹാപുരുഷാരം ദൈവത്തെ ഒററക്കെട്ടായി സേവിക്കുന്നതിന് യഥാർത്ഥ സാഹോദര്യത്തിൽ ഒരുമിച്ചുകൂടുമെന്ന് മുൻകൂട്ടിപ്പറയുകയുണ്ടായി.—വെളിപ്പാട് 7:9, 15.
ഇത് വ്യാമോഹപരമായ ചിന്തയല്ല. സകല ജനതകളിൽനിന്നും വർഗ്ഗീയവും വംശീയവുമായ സകല കൂട്ടങ്ങളിൽനിന്നുമുള്ള മഹാപുരുഷാരം ഇപ്പോൾത്തന്നെ രൂപംകൊള്ളുകയാണ്. ഇപ്പോൾത്തന്നെ യഥാർത്ഥവും നിലനിൽക്കുന്നതുമായ ആഗോളസാഹോദര്യം കെട്ടുപണിചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്! അത് ദൈവത്താൽ പെട്ടെന്ന് നശിപ്പിക്കപ്പെടാനിരിക്കുന്ന ഇപ്പോഴത്തെ ദുഷിച്ച സമുദായത്തിന്റെ സ്ഥാനത്ത് വരുന്ന തികച്ചും പുതുതായ ഒരു ആഗോള സമുദായത്തിന്റെ അടിസ്ഥാനമാണ്. യേശു പറഞ്ഞതുപോലെ, ഈ ഒററക്കെട്ടായ സമുദായം “ഭൂമിയെ അവകാശമാക്കും,” ദൈവരാജ്യഭരണത്തിൻ കീഴിൽ അവർ അതിൽ എന്നേക്കും വസിക്കും.—മത്തായി 5:5; 6:9, 10; സങ്കീർത്തനം 37:10, 11, 28, 29, 37, 38.
നിങ്ങൾക്കുതന്നെ ഇതൊന്നു കാണരുതോ? യഹോവയുടെ സാക്ഷികളുടെ ഏതെങ്കിലും രാജ്യഹാളിൽ സന്ദർശിക്കാനും അവരുടെ വർഗ്ഗീയ യോജിപ്പ് അനുഭവിക്കാനും നിങ്ങൾക്ക് സ്വാഗതമുണ്ട്. അല്ലെങ്കിൽ അടുത്ത പ്രാവശ്യം സാക്ഷികൾ നിങ്ങളെ സന്ദർശിക്കുമ്പോൾ അവരെ അകത്തേക്കു ക്ഷണിക്കുകയും അവരുടെ വർഗ്ഗീയമായ ഐക്യത്തിന്റെ അടിസ്ഥാനമെന്താണെന്ന് ബൈബിളിൽനിന്ന് നിങ്ങളെ കാണിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുക. ഭൂമിയിലാസകലം യഥാർത്ഥ സാഹോദര്യം സ്ഥിതിചെയ്യുന്ന ഒരു പുതിയ ലോകത്തെ സംബന്ധിച്ച അവരുടെ ബൈബിൾപ്രത്യാശ അവർ നിങ്ങൾക്കു കാണിച്ചുതരട്ടെ.
സർവശക്തനായ ദൈവമായ യഹോവ സകല മനുഷ്യവർഗ്ഗത്തിന്റെയും സാഹോദര്യം സ്ഥാപിക്കാനുള്ള തന്റെ ഉദ്ദേശ്യം നിവർത്തിക്കപ്പെടുമെന്നുള്ള ഉറപ്പ് നൽകുന്നു. അവൻ പ്രസ്താവിക്കുന്നു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം അങ്ങനെയെന്നു തെളിയും. അത് നിഷ്ഫലമായി എന്നിലേക്ക് മടങ്ങുകയില്ല, എന്നാൽ അത് എനിക്ക് പ്രസാദമുള്ളത് തീർച്ചയായും ചെയ്യും, ഞാൻ അതിനെ എന്തിനുവേണ്ടി അയച്ചിരിക്കുന്നുവോ അതിൽ അതിന് സുനിശ്ചിതവിജയം ലഭിക്കും.”—യെശയ്യാവ് 55:11.
ബൈബിൾപ്രവചനങ്ങളിൽനിന്നും ആ പ്രവചനങ്ങളുടെ നിവൃത്തിയിൽനിന്നും തെളിവ് പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങൾ അതു ചെയ്യുന്നുവെങ്കിൽ, വർഗ്ഗീയമായ ഐക്യം സാദ്ധ്യമാണെന്നു മാത്രമല്ല, അനിവാര്യവുമാണെന്ന് നിങ്ങൾ മനസ്സിലാക്കും. (g90 12⁄8)
[9-ാം പേജിലെ ആകർഷകവാക്യം]
യഹോവയുടെ സാക്ഷികളുടെ ഇടയിൽ ഇന്ന് സംഭവിക്കുന്നത് ബൈബിളിൽ പ്രവചിക്കപ്പെട്ടിരുന്നു
[10-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ തങ്ങളുടെ ഇടയിൽ യഥാർത്ഥ വർഗ്ഗീയ യോജിപ്പുണ്ടായിരിക്കുന്നതിൽ അനുപമരാണ്