മനോജ്ഞമായ കിമോണോ—അതു അതിജീവിക്കുമോ?
ജപ്പാനിലെ ഉണരുക! ലേഖകൻ
ഇന്ന് കിയോക്കോ എന്ന പെൺകുട്ടിക്ക് ഒരു പ്രത്യേക ദിനമാണ്. അവൾ ആദ്യമായി തന്റെ പുതിയ സിൽക്ക് കിമോണോ ധരിക്കാൻപോവുകയാണ്. അതിന് ഇളം ചുവപ്പു നിറമാണ്. അതിൻമേൽ കടുംചുവപ്പായ പൂക്കൾ വിരിഞ്ഞുനിൽക്കുന്നു.
അതിന്റെ അയഞ്ഞുതൂങ്ങിയ, ഫ്യൂറിസോഡ് എന്നു വിളിക്കപ്പെടുന്ന കൈകൾ കുപ്പായത്തിന്റെ ഏകദേശം അടിഭാഗംവരെ എത്തുന്നു. അവളുടെ മുടി ശിരസ്സിന്റെ മുകൾ ഭാഗത്തായി ഉരുട്ടി, അവളുടെ കിമോണോയുടെ നിറത്തിന് ചേരുന്ന ചുവപ്പു നാടകൊണ്ട് കെട്ടിവെച്ചിരിക്കുന്നു. ചിത്രത്തയ്യലുള്ള പാദരക്ഷ ധരിച്ച് കോമളമായി ചുവടുവെക്കുന്ന അവൾ മനോജ്ഞതയുടെ മൂർത്തിമത്ഭാവമാണ്.
“കിമോണോ ധരിക്കുന്നത് ഞാൻ ഒരു കുലീന സ്ത്രീയാണെന്ന തോന്നൽ എന്നിൽ ഉളവാക്കുന്നു,” കിയോക്കോ പറയുന്നു. തീർച്ചയായും അത് അവൾ വളരെ സുന്ദരിയായി കാണപ്പെടാൻ ഇടയാക്കുകയും ചെയ്യുന്നു.
ദേശീയ വേഷം
കിമോണോ ജപ്പാനിലെ സ്ത്രീകളുടെയും പുരുഷൻമാരുടെയും ദേശീയ വേഷമാണ്. ആ വാക്കിന് “ധരിക്കാനുള്ള വസ്തു(ക്കൾ)” എന്നേ അർത്ഥമുള്ളു.
എന്നിരുന്നാലും ജപ്പാൻകാരെ സംബന്ധിച്ചടത്തോളം കിമോണോ, ധരിക്കാനുള്ള ഒരു സുന്ദരമായ വസ്ത്രം മാത്രമല്ല. അതു ഒരു ജീവിതരീതിയെ അവരുടെ സംസ്ക്കാരത്തിന്റെ ഒരു ഭാഗത്തെതന്നെ പ്രതിനിധാനം ചെയ്യുന്നു. അവരുടെ പരമ്പരാഗത പുഷ്പാലങ്കാര രീതിയോടും ചായകുടി ആചാരത്തോടും ഒപ്പം കിമോണോ ധരിക്കുന്നതും സൗന്ദര്യം, സ്നേഹം, മര്യാദ എന്നീ ഗുണങ്ങളുടെ മൂർത്തീകരണമാണെന്നും അത് അനുദിനജീവിതത്തോട് പൂർണ്ണയോജിപ്പിലാണെന്നും പറയപ്പെടുന്നു.
കിമോണോ ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രമാണ് അരയിൽ ഒബി എന്നു വിളിക്കപ്പെടുന്ന വീതിയുള്ളതും എളുപ്പത്തിൽ ചുളിവു വീഴാത്തതുമായ ഒരു അരപ്പട്ട ചുററിക്കെട്ടുന്നു. കൈകൾ നീണ്ടതും അയഞ്ഞതുമാകയാൽ കൈകൾ വിരിച്ചുപിടിച്ചു നിൽക്കുമ്പോൾ അവ ചിറകുകൾപോലെ തോന്നിക്കുന്നു. എന്നാൽ വസ്ത്രം ഇടുങ്ങിയതും കാൽഭാഗങ്ങൾ വരെ ഇറക്കമുള്ളതുമാണ്. അടിഭാഗത്ത് പിളർപ്പ് ഒന്നുമില്ല. കിമോണോ ധരിക്കുമ്പോൾ പെൺകുട്ടികൾ ഇത്ര കോമളമായി ചുവടുവെക്കുന്നത് അതിശയമല്ല!
പരമ്പരാഗതമായി കിമോണോയുടെ നിറവും രൂപകൽപ്പനയും അതു ധരിക്കുന്ന സ്ത്രീയുടെ പ്രായത്തെ ആശ്രയിച്ചാണ് തീരുമാനിക്കപ്പെടുന്നത്. തിളക്കമാർന്ന നിറങ്ങളും ഭാവനാസമ്പന്നമായ രൂപകൽപ്പനയും നീളം കൂടിയ ഒഴുകിക്കിടക്കുന്ന കൈകളും തിമർത്തുനടക്കുന്ന പെൺകുട്ടികൾക്കാണ് യോജിക്കുന്നത്. പ്രായമാകുമ്പോൾ ആ വസ്ത്രത്തിന്റെ നിറം ബ്ലീച്ചുചെയ്തുകളയുന്നതിനും പ്രായത്തിനു യോജിച്ച മറെറാരു നിറം കൊടുക്കുന്നതിനും കഴിയും. തങ്ങളുടെ 20കളിലും 30കളിലുമുള്ള സ്ത്രീകൾ കുറച്ചുകൂടെ മയപ്പെട്ട നിറങ്ങളോടും കൂടുതൽ സങ്കീർണ്ണമായ രൂപകൽപ്പനയോടുംകൂടിയ കിമോണോകൾ ധരിക്കുന്നു. കുറച്ചുകൂടി പ്രായമായ വിവാഹിതരായ സ്ത്രീകൾക്കു കറുത്ത കിമോണോകളും അന്തരം എടുത്തുകാട്ടുന്ന നിറത്തിലുള്ള ഒബിയും അരപ്പട്ടയും അടിഭാഗത്ത് നിറപ്പകിട്ടുള്ള അലങ്കാര മാതൃകകളുമാണ് ഏററം യോജിക്കുന്നത്.
ഇന്ന് ദിവസവും കിമോണോ ധരിക്കുന്ന ആരുംതന്നെയില്ലെങ്കിലും ആണ്ടുവട്ടത്തിലെ ചില ദിവസങ്ങളിൽ അതു ധരിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു. അതിൽ ഒന്ന് ജനുവരി 15 ആണ്. അതതുവർഷം 20 വയസ്സ് തികയുന്നവർക്ക് അത് സെയ്ജിൻ നോ ഹി അഥവാ പ്രായപൂർത്തിയായവരുടെ ദിവസമാണ്. ബിരുദദാനച്ചടങ്ങും ഷൊഗാററ്സു അല്ലെങ്കിൽ പുതുവത്സരപ്പിറവിയും ചിലർ കിമോണോ ധരിക്കുന്ന സന്ദർഭങ്ങളാണ്. അതെ, ലോകത്തിലെല്ലായിടത്തും മോടിയായി വസ്ത്രം ധരിക്കാൻ ഒരു അവസരം ലഭിക്കുന്നതിൽ സ്ത്രീകൾ സന്തുഷ്ടരാണ്!
വിവാഹം, ശവസംസ്കാരചടങ്ങുകൾ എന്നിവപോലെയുള്ള ഔദ്യോഗിക സന്ദർഭങ്ങളിലും അവസരത്തിനു യോജിച്ചതരം കിമോണോകൾ ഉപയോഗിക്കപ്പെടുന്നു. മററു ചില സന്ദർഭങ്ങളിൽ പുരുഷൻമാർ കിമോണോകൾ ധരിക്കുന്നു. എന്നാൽ അവർ അതിനു പുറമേ മുട്ടിനു താഴെവരെ നീണ്ടുകിടക്കുന്ന ഹഓറി എന്നു വിളിക്കപ്പെടുന്ന ഒരു പുറങ്കുപ്പായം കൂടെ ധരിക്കുന്നു. പുരുഷൻമാർ ധരിക്കുന്ന കിമോണോകൾ സാധാരണയായി ധൂസരവർണ്ണം, നീല, തവിട്ട് എന്നിവപോലെ മങ്ങിയ നിറങ്ങളിലുള്ളവയാണ്. ഔദ്യോഗിക സന്ദർഭങ്ങളിൽ ഹഓറിയോടൊപ്പം ഹക്കാമ എന്നു വിളിക്കപ്പെടുന്ന ഒരുതരം പൈജാമയും ധരിക്കാറുണ്ട്.
കുട്ടികൾ ആദ്യമായി കിമോണോ ധരിക്കുന്നത് നവംബർ മാസത്തിലെ സിച്ചി-ഗോ-സാൻ (ഏഴ്-അഞ്ച്-മൂന്ന്) ആഘോഷത്തിനാണ്. അന്നേ ദിവസം ഏഴ്, അഞ്ച്, അല്ലെങ്കിൽ മൂന്ന് വയസ്സായ കുട്ടികൾ ആദ്യമായി അവരുടെ കിമോണോകൾ ധരിക്കുന്നു. പ്രമുഖമായ നിറം ചുവപ്പാണ്, എന്നാൽ പശ്ചാത്തലത്തിൽ നീല അല്ലെങ്കിൽ ധൂമ്രവർണ്ണം തികച്ചും ജാപ്പനീസ് രൂപമാതൃകകളായ പുഷ്പങ്ങൾ, പക്ഷികൾ, മടക്കിയ വിശറികൾ അല്ലെങ്കിൽ മദ്ദളം എന്നിങ്ങനെയുള്ള അലങ്കാരപ്പണികൾ സഹിതം ഉപയോഗിക്കപ്പെടുന്നു. സോറിയും വെള്ളവരകളുള്ള നേവിബ്ലൂ ഹക്കാമയും അതിനുചേരുന്ന ഹഓറിയും ധരിച്ചു കൊച്ചു കൊച്ചു ചുവടുകൾ വെച്ച് സുന്ദരക്കുട്ടനായി നടക്കുന്ന ആ കൊച്ചുകുട്ടിയെ ഒന്നു നിരീക്ഷിക്കുക. ഇന്നലെ അവൻ ധരിച്ച ജീൻസും ററി-ഷർട്ടും ഷൂസും ഇതിലും സൗകര്യപ്രദമായിരുന്നു! എന്നാൽ പിന്നീട് തന്റെ സിച്ചി-ഗോ-സാൻ ഫോട്ടോ കാണുമ്പോൾ അവൻ തീർച്ചയായും വളരെ സന്തുഷ്ടനായിരിക്കും.
ചില പ്രത്യേക അവസരങ്ങളിൽ കിമോണോ ധരിക്കാൻ ചിലർ ഇഷ്ടപ്പെടുന്നുവെങ്കിലും അതു നിർബന്ധമുള്ള കാര്യമല്ല. തങ്ങളുടെ വിശ്വാസമോ മനസ്സാക്ഷിയോ നിമിത്തം മററു ചിലർ അത്തരം ‘പ്രത്യേക അവസരങ്ങൾ’ ആചരിക്കാതെ തങ്ങളുടെ വീക്ഷണത്തിൽ ഉചിതമെന്ന് തോന്നുന്ന വസ്ത്രങ്ങൾ മാത്രം ധരിച്ചേക്കാം.
കിമോണോ അണിയുന്ന വിധം
ഒരു കിമോണോ ധരിച്ചുനോക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? ചിലർ വിചാരിക്കുന്നതുപോലെ അത് അത്ര എളുപ്പമല്ല. നാഗാജൂബൻ എന്ന് വിളിക്കപ്പെടുന്ന നീണ്ട അടിക്കുപ്പായംകൊണ്ട് നമുക്ക് തുടങ്ങാം. അതു കൃത്യമായി ക്രമീകരിക്കുന്നില്ലെങ്കിൽ അതിൻമീതെ കിമോണോ ധരിച്ചാൽ ശരിയാവുകയില്ല. ഇതിന്റെ കോളർ കട്ടിയുള്ളതും കിമോണോയുടെ മുകൾഭാഗം യഥാസ്ഥാനത്ത് ഉറപ്പിക്കാനുദ്ദേശിച്ചുള്ളതുമാണ്. കഴുത്തിന് പിറകിൽ കോളർ കഴുത്തിൽനിന്ന് വിട്ടുനിൽക്കുന്നു എന്ന് ഉറപ്പുവരുത്തണം.
നിങ്ങൾ ഒരു പാശ്ചാത്യ വനിതയാണെങ്കിൽ നിങ്ങളുടെ ബ്ളൗസിന്റെയും കോട്ടിന്റെയും സംഗതിയിലെന്നപോലെ നിങ്ങൾ മിക്കവാറും വലതുപാളി ഇടതുപാളിയുടെ മുകളിൽ വെച്ചാണ് വസ്ത്രത്തിന്റെ മുൻഭാഗം അടക്കുന്നത്. “അരുത്! അരുത്!” നമ്മുടെ ജാപ്പനീസ് സുഹൃത്ത് വിളിച്ചുപറയുന്നു, “ഇവിടെ ശവശരീരങ്ങൾ മാത്രമേ വലത്തുനിന്ന് ഇടത്തോട്ട് ചുററാറുള്ളു.” അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ നാഗജൂബൻ ഇടത്തേ പാളി വലത്തേതിന് മുകളിലായി വെച്ചു വീതികുറഞ്ഞ ഒരു അരപ്പട്ടകൊണ്ട് അതു കെട്ടി ഉറപ്പിക്കുന്നു.
ഇപ്പോൾ നിങ്ങൾ കിമോണോ ധരിക്കാൻ തയ്യാറായിരിക്കുകയാണ്. അതിന് ഇറക്കം വളരെ കൂടുതലാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? “അതൊരു പ്രശ്നമല്ല,” നമ്മുടെ സുഹൃത്ത് പറയുന്നു, “നമ്മൾ തുടങ്ങുന്നതേയുള്ളു.” ഇപ്പോൾ കിമോണോ എടുത്തു ചുററുക—ഓർമ്മിക്കുക, വലത്തേതിനു മുകളിൽ ഇടത്തേത്—ഒരു അരപ്പട്ടകൊണ്ട് അതു കെട്ടിമുറുക്കുക. എന്നിട്ട് അധികമുള്ള നീളം അരക്കെട്ടിനു മുകളിലേക്ക് വലിച്ചിട്ട് വസ്ത്രത്തിന്റെ അടിഭാഗം നിലത്തുതൊടുംവിധം അതിന്റെ ഇറക്കം ക്രമീകരിക്കുക. കോളർ ശരിപ്പെടുത്തുകയും വസ്ത്രത്തിന്റെ മുൻഭാഗത്തെ ചുളിവ് നിവർത്തുകയും ചെയ്യുക. മുകളിലേക്ക് വലിച്ചിട്ടഭാഗം ശരിയായി ക്രമീകരിച്ച് മറെറാരു അരപ്പട്ടകൊണ്ട് കെട്ടി ഉറപ്പിക്കുക.
ഇനിയുള്ളതാണ് ഏററം ബുദ്ധിമുട്ടുള്ള ഭാഗം—ഓബി. ചുളിവു വീഴാത്ത കട്ടിയുള്ള തുണികൊണ്ട് നിർമ്മിക്കപ്പെട്ട ഈ അരപ്പട്ടക്ക് 30 സെ.മീ. വീതിയും 4 മീ. നീളവുമുണ്ട്. അതു പുറകിൽ കെട്ടുന്നതിനു നൂറുകണക്കിന് വ്യത്യസ്ത വിധങ്ങളുണ്ട്. ആരുടേയും സഹായം കൂടാതെ അതു ധരിക്കുക എന്നത് ഒരു വെല്ലുവിളിതന്നെയാണ്. എന്നാൽ നമ്മുടെ ജാപ്പനീസ് സുഹൃത്തിന് സഹായിക്കാൻ സന്തോഷമേയുള്ളു. ഓബിയുടെ ഓരോ ഘട്ടത്തിലും അതു ഉറപ്പിക്കുന്നതിന് ഒരു ചരടോ നാടയോ ആവശ്യമാണ്. പുറകിലത്തെ അലങ്കാരക്കെട്ട് സ്ഥാനത്തുറപ്പിച്ചു നിറുത്തുന്നതിന് അതു ഭംഗിയായി മുമ്പിലേക്കു വലിച്ചുകെട്ടുന്നു.
കൊള്ളാം, ആദ്യമായി കിമോണോ ധരിക്കുമ്പോൾ എന്തുതോന്നുന്നു? ‘നല്ല ഭംഗിയുണ്ട്, എന്നാൽ ചലനസ്വാതന്ത്ര്യം കുറഞ്ഞതുപോലെ’ എന്നു തീർച്ചയായും നിങ്ങൾ പറയും.
തുണിത്തരവും നെയ്ത്തും
കിമോണോ നിർമ്മിക്കാൻ ഏററം അഭികാമ്യമായ വസ്തു എന്നും നല്ല പട്ട് ആയിരുന്നിട്ടുണ്ട്. മയത്തിനും തിളക്കത്തിനും ഈടു നില്പ്പിനും അതിനെ വെല്ലാൻ മറെറാന്നുമില്ല. പ്രത്യേകതരം നെയ്ത്തിനും ചായംമുക്കലിനും പല ഡിസ്ട്രിക്ററുകളും പ്രസിദ്ധമാണ്.
ഉദാഹരണത്തിന് കിയൂഷൂവിന് തെക്കായി കിടക്കുന്ന അമാമി-ഒ-ഷീമാ ദ്വീപിലെ റെറച്ചി മരത്തിന്റെ പട്ടയും ധാരാളം ഇരുമ്പു കലർന്ന അവിടത്തെ മണ്ണും ചേർത്തു നിർമ്മിക്കുന്ന ഒരു പ്രത്യേക ചായം “അസ്പർശ്യമായ ഒരു ദേശീയ സംസ്കാരിക നേട്ടം” ആയിരിക്കുന്നതായി ഗവൺമെൻറുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിൻഗാററ എന്നു വിളിക്കപ്പെടുന്ന ഒരു അലങ്കാര മാതൃക ഒക്കിനാവ ദ്വീപിൽനിന്നുള്ളതാണ്. ബിൻ എന്ന വാക്കിന്റെ അർത്ഥം ചുവപ്പ് എന്നാണ്. എന്നാൽ പൂക്കളും പക്ഷികളും നദികളും മരങ്ങളും എല്ലാം ചേർന്ന ആ അലങ്കാര മാതൃകയിൽ മററ് ഉജ്ജ്വല വർണ്ണങ്ങളും കൂട്ടിക്കലർത്തിയിരിക്കുന്നു. ജപ്പാന്റെ പഴയ തലസ്ഥാനമായ കിയോട്ടോയും കിമോണോ തുണിത്തരങ്ങൾക്ക് പേരുകേട്ടതാണ്.
ഇന്ന് നെയ്ത്തു മിക്കവാറും യന്ത്രങ്ങളിലാണ് നിർവഹിക്കപ്പെടുന്നതെങ്കിലും ചിത്രവനികകൾ ഇപ്പോഴും കൈകൊണ്ട് നെയ്യുന്നു. രൂപമാതൃക തുണിത്തരങ്ങളിൽ രേഖപ്പെടുത്തിയശേഷം ഒരു ചിത്രം രചിക്കുന്ന അത്രയും ശ്രദ്ധയോടെ അതിൽ കൈകൊണ്ടുതന്നെ നിറങ്ങൾ പകരുന്നു. വിളുമ്പിൽ സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടുമുള്ള അലങ്കാരപ്പണികളും കൈകൊണ്ടുള്ള ചിത്രത്തയ്യലുകളും അലങ്കാര മാതൃകയിൽ ഉൾപ്പെട്ടേക്കാം. അങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്നത് ഒരു യഥാർത്ഥ കലാവസ്തുവാണ്.
മാറിക്കൊണ്ടിരിക്കുന്ന കാലങ്ങൾ
എന്നിരുന്നാലും സമീപ വർഷങ്ങളിൽ കിമോണോയുടെ ഉപയോഗം വളരെ കുറഞ്ഞിരിക്കുന്നു. യോമിയൂറി എന്ന വർത്തമാനപ്പത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകടമാക്കുന്നതു വോട്ടെടുപ്പിൽ പങ്കെടുക്കുന്ന 64 ശതമാനം ആളുകൾ പുതുവത്സരദിവസം കിമോണോ ധരിക്കാറുണ്ടെങ്കിലും അവരിൽ 3 ശതമാനംപേർ മാത്രമേ നിരന്തരമായി അതു ധരിക്കാറുള്ളു എന്നാണ്. “കിമോണോയുടെ ഉപയോഗം ഞെട്ടിക്കുംവിധം കുറഞ്ഞതിനാൽ അതിനുള്ള പട്ട് നിർമ്മിക്കാനുപയോഗിച്ചിരുന്ന യന്ത്രങ്ങൾ ജോലിക്കാർ തച്ചുടയ്ക്കുന്ന” ഫോട്ടോ ഒരു പത്രം പ്രസിദ്ധീകരിച്ചതും ഈ കുറവിനെയാണ് സൂചിപ്പിക്കുന്നത്
എന്തുകൊണ്ടാണ് ഇങ്ങനെയൊരു കുറവ് അനുഭവപ്പെടുന്നത്? അതു ഭാഗികമായി പാശ്ചാത്യ വസ്ത്രങ്ങളുടെ ജനപ്രീതിയും സൗകര്യവും നിമിത്തവും ഭാഗികമായി നല്ല പട്ടുകൊണ്ടു നിർമ്മിക്കപ്പെട്ട കിമോണോകളുടെ വർദ്ധിച്ച വില നിമിത്തവുമാണ്. ഒരു കിമോണോക്ക് 5 ലക്ഷം യെൻ (ഏതാണ്ട് 2000 യു.എസ്സ്. ഡോളർ) വില വരും. അതിനു ചേരുന്ന ഒരു ഓബിക്ക് ഏതാണ്ട് അതിന്റെ പകുതിയും. അതിനോട് സോറി, ററാബി (സോറിയോടൊപ്പം ധരിക്കുന്ന പ്രത്യേകതരം സോക്സ്) പേഴ്സ്, തലമുടിയിൽ ധരിക്കുന്ന ആഭരണങ്ങൾ എന്നിവ കൂടെ കൂട്ടുക. ഒരു സിൽക്ക് കിമോണോ ധരിക്കുന്നത് ഒരു യഥാർത്ഥ ആഡംബരമായിരിക്കുന്നത് എന്തുകൊണ്ടെന്ന് അപ്പോൾ നിങ്ങൾക്ക് കാണാൻ കഴിയും.
ചില കുടുംബങ്ങളിൽ ഒരു പെൺകുട്ടി ജനിക്കുമ്പോൾതന്നെ അവൾ ഒരു യുവതിയാകുമ്പോൾ ഒരു നല്ല കിമോണോ വാങ്ങുന്നതിനാവശ്യമായ പണം സ്വരുക്കൂട്ടുന്നതിന് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നു. അത്തരം കിമോണോകൾ മിക്കപ്പോഴും പല തലമുറകൾക്ക് കൈമാറിക്കൊടുക്കുന്നു.
എന്നാൽ വേറെയുമുണ്ട് കാരണം. സോഡോ കിമോണോ അക്കാഡമിയുടെ അദ്ധ്യക്ഷനായ നോറിയോ യമാനാക ഇപ്രകാരം അഭിപ്രായപ്പെട്ടു: “നമ്മുടെ അനുദിനജീവിതം വളരെ തിരക്കേറിയതാണ് . . . ജപ്പാൻകാർ, വിശേഷിച്ച് പുരുഷൻമാർ യുദ്ധാനന്തര നാളുകളിൽ അപ്പം അന്വേഷിക്കുന്നതിൽ തിരക്കോടെ ഏർപ്പെട്ടു. കിമോണോ ധരിക്കാൻ കഴിയാതെവണ്ണം അവർ തിരക്കിലായിരുന്നു.” ഗതിവേഗം കൂടിയ ആധുനിക സമൂഹം വിദൂരപൂർവ്വികരിൽനിന്ന് കൈമാറിക്കിട്ടിയ പാരമ്പര്യങ്ങൾക്കൊത്തു പോകാൻ അവരുടെ ജീവിതത്തിൽ ഇടം അനുവദിക്കുന്നില്ല.
മനോജ്ഞമായ കിമോണോ ആധുനിക സമൂഹത്തിന്റെ സമ്മർദ്ദങ്ങളെ അതിജീവിക്കുമോ എന്നുള്ളത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. എന്നാൽ ജപ്പാന്റെ വർണ്ണശബളമായ ഈ ദേശീയവേഷം ലോകത്തിനു ചുററും കാണപ്പെടുന്ന ആകർഷകമായ വസ്ത്രധാരണ രീതികളുടെ കൂട്ടത്തിൽ അതിന്റേതായ സംഭാവന നൽകിയിരിക്കുന്നു. (g91 2⁄8)