ശ്വാസകോശങ്ങൾ—രൂപകൽപ്പനയിലെ ഒരു അത്ഭുതം
നിങ്ങൾക്ക് ആഹാരം കഴിക്കാതെ ആഴ്ചകളോളം ജീവിക്കാൻ കഴിയും. നിങ്ങൾക്ക് വെള്ളം കൂടാതെ ദിവസങ്ങളോളം ജീവിക്കാൻ കഴിയും. എന്നാൽ നിങ്ങൾ ശ്വാസം അടച്ചുപിടിക്കുന്നെങ്കിൽ ഏതാനും സെക്കൻഡുകൾക്കുശേഷം കഠിനമായ അസ്വാസ്ഥ്യം അനുഭവപ്പെടുന്നു. പ്രാണവായുവില്ലാത്ത വെറും നാലു മിനിട്ടുകൾക്ക് തലച്ചോറിന് ക്ഷതം ഏൽപ്പിക്കാനും മരണത്തിന് ഇടയാക്കാനും കഴിയും. അതെ, മനുഷ്യശരീരത്തിന് ഒന്നാമത് ആവശ്യം പ്രാണവായുവാണ്!
നിങ്ങൾ ശ്വസിക്കുന്ന വായുവിന്റെ ഗുണം സംബന്ധിച്ച് നിങ്ങൾക്ക് കാര്യമായ നിയന്ത്രണം ഇല്ലായിരിക്കാം. എന്നുവരികിലും നിങ്ങൾക്ക് വായു വേണം, അത് ഇപ്പോൾത്തന്നെ വേണംതാനും! വായു തണുപ്പു കൂടിയതോ ചൂടുകൂടിയതോ കൂടുതൽ വരണ്ടതോ കൂടുതൽ മാലിന്യമുള്ളതോ ആകുമ്പോൾ നിങ്ങൾ എങ്ങനെ അതിജീവിക്കുന്നു? അത്തരം വായുവിൽനിന്ന് ജീവൻ നിലനിർത്തുന്ന ഓക്സിജൻ നിങ്ങൾ എങ്ങനെ വേർതിരിച്ചെടുക്കുന്നു, ഓക്സിജൻ നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നതെങ്ങനെ? ഒരു വാതകമായ കാർബൺ ഡയോക്സൈഡിനെ നിങ്ങളുടെ ശരീരം പുറംതള്ളുന്നതെങ്ങനെ? അതെല്ലാം സംഭവിക്കുന്നു, അത്ഭുതകരമായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന നിങ്ങളുടെ ശ്വാസകോശങ്ങൾക്കു നന്ദി.
ശ്വാസകോശങ്ങൾ ഒരു വിഹഗവീക്ഷണത്തിൽ
ശ്വാസോച്ഛ്വാസത്തിന്റെ രണ്ടു മുഖ്യ അവയവങ്ങൾ നിങ്ങളുടെ ശ്വാസകോശങ്ങളാണ്. അവ നിങ്ങളുടെ വാരിയെല്ലിൻകൂടിനകത്ത് ഹൃദയത്തിന്റെ ഇരു പാർശ്വങ്ങളിലുമായി പററിയ സ്ഥാനത്ത് സ്ഥിതിചെയ്യുന്നു. നിങ്ങളുടെ വലതു ശ്വാസകോശത്തിന് മൂന്നു ഭാഗങ്ങളും ഇടതു ശ്വാസകോശത്തിന് രണ്ടു ഭാഗങ്ങളും ഉണ്ട്. ഓരോ ഭാഗവും മററുള്ളതിൽനിന്ന് ഏതാണ്ട് സ്വതന്ത്രമാണ്. അതുകൊണ്ട് മററു ഭാഗങ്ങളുടെ ഉപയോഗത്തിന് കോട്ടം വരാതെ സർജൻമാർക്ക് രോഗം ബാധിച്ച ഒരു ഭാഗം നീക്കം ചെയ്യാൻ കഴിയും. ശ്വാസകോശ പേശിയുടെ ഘടന ഒററ നോട്ടത്തിൽ സ്പോഞ്ചുപോലെ തോന്നും.
നെഞ്ചുഭാഗവും വയറുഭാഗവും തമ്മിൽ വേർതിരിക്കുന്ന ശക്തമായ പേശിയുടെ ഒരു പാളിയായ ഡയഫ്രം വരെ ശ്വാസകോശങ്ങൾ കീഴോട്ട് ഉന്തിനിൽക്കുന്നു. ശ്വാസകോശങ്ങളുടെ വികസനത്തിനും സങ്കോചത്തിനും ഇടയാക്കുന്ന ഡയഫ്രമാണ് ശ്വാസോച്ഛ്വാസത്തിന്റെ ഏററവും പ്രധാനപ്പെട്ട പേശി. നിങ്ങളുടെ ശ്വാസകോശങ്ങൾ ഡയഫ്രം മുതൽ കഴുത്തിന്റെ അടിഭാഗം വരെ നീണ്ടുകിടക്കുന്നു. ഓരോ ശ്വാസകോശത്തെയും ലോലമായ ഒരു പാളി ആവരണം ചെയ്യുന്നു. ഈ പാളി അഥവാ പ്ലൂറ നെഞ്ചുഭിത്തിയുടെ ഉൾഭാഗത്തെയും മൂടുന്നു. ഈ രണ്ടു പ്ലൂറാകളുടെ ഇടക്കുള്ള സ്ഥലം ഒരു കൊഴുത്ത ദ്രാവകംകൊണ്ട് നിറഞ്ഞിരിക്കുന്നു. ശ്വാസോച്ഛ്വാസ സമയത്ത് ഉരസൽ കൂടാതെ എളുപ്പം വഴുകാൻ ഈ ദ്രാവകം ശ്വാസകോശങ്ങളെയും വാരിയെല്ലിൻകൂടിനെയും പ്രാപ്തമാക്കുന്നു.
ഇപ്പോൾ ശ്വാസകോശത്തിൽ 25 മുതൽ 30 വരെ വ്യത്യസ്തതരം കോശങ്ങൾ ശാസ്ത്രജ്ഞൻമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ പേശികളും നാഡികളും, അസ്ഥികളും തരുണാസ്ഥികളും, രക്തക്കുഴലുകൾ, ദ്രാവകങ്ങൾ, ഹോർമോണുകൾ, രാസവസ്തുക്കൾ, എന്നിവയെല്ലാം ശ്വാസകോശങ്ങളുടെ പ്രവർത്തനത്തിൽ പ്രധാനപങ്കു വഹിക്കുന്നു. ശ്വാസകോശങ്ങളുടെ ചില വശങ്ങൾ ശാസ്ത്രജ്ഞൻമാർ ഇപ്പോഴും പൂർണ്ണമായി ഗ്രഹിക്കുന്നില്ലെങ്കിലും മനസ്സിലാക്കിയിരിക്കുന്ന അനേകവശങ്ങളിൽ ചിലത് നമുക്കിപ്പോൾ പരിചയപ്പെടാം.
വായൂനാളങ്ങളുടെ ഒരു “വൃക്ഷം”
നിങ്ങളുടെ ശ്വസനവ്യൂഹം പരസ്പരം ബന്ധിപ്പിക്കുന്ന ഒട്ടനവധി കുഴലുകളും ചെറുകുഴലുകളും ചേർന്നതാണ്. വായു നിങ്ങളുടെ ശ്വാസകോശങ്ങളിൽ എത്തുന്നതിനുമുമ്പ് അതിന് വളരെയധികം യാത്ര ചെയ്യാനുണ്ട്. ആദ്യം, വായു നിങ്ങളുടെ മൂക്കിൽനിന്നോ വായിൽനിന്നോ തൊണ്ടയിലേക്ക് പ്രവഹിക്കുന്നു. തൊണ്ട ആഹാരം വിഴുങ്ങുന്നതിനും ശ്വസിക്കുന്നതിനും ഉപയോഗിക്കപ്പെടുന്നു. ആഹാരവും വെള്ളവും നിങ്ങളുടെ വായുനാളങ്ങളിൽ പ്രവേശിക്കാതിരിക്കുന്നതിന്, നിങ്ങൾ വിഴുങ്ങുമ്പോൾ ചെറുനാക്ക് എന്നു വിളിക്കപ്പെടുന്ന ചലിക്കുന്ന ഒരു മൂടി തടസ്സമായി നിൽക്കുന്നു.
അതിനുശേഷം വായു നിങ്ങളുടെ സ്വനതന്തുക്കൾ സ്ഥിതിചെയ്യുന്ന കണ്ഠത്തിലൂടെ കടന്നുപോകുന്നു. അടുത്തത് ഏതാണ്ട് 11.5 സെ.മീ. വരുന്ന ശ്വാസനാളിയാണ്, അതിന്റെ നീളത്തിലുടനീളം C-ആകൃതിയിലുള്ള 20-ഓളം തരുണാസ്ഥിവളയങ്ങളാൽ ബലവത്താക്കപ്പെട്ടതുതന്നെ. തുടർന്ന് ശ്വാസനാളി ശ്വസിനികൾ എന്ന് വിളിക്കപ്പെടുന്ന 2.5 സെ.മീ. നീളമുള്ള രണ്ടു കുഴലുകളായി പിരിയുന്നു. ഒരു ശ്വസിനി ഇടത്തെ അറയിലേക്കും മറേറത് വലത്തേ അറയിലേക്കും പ്രവേശിക്കുന്നു. ശ്വാസകോശങ്ങൾക്കുള്ളിൽ ഈ കുഴലുകൾ കൂടുതൽ ശാഖകളായി പിരിയുന്നു.
തായ്ത്തടിയും ശാഖകളും ചില്ലികളും സഹിതമുള്ള ഒരു വൃക്ഷത്തിനു സമാനമായ ഘടന രൂപീകൃതമാകുന്നതുവരെ വീണ്ടും വീണ്ടും ഈ പിരിയൽ നടക്കുന്നു. ഓരോ പിരിയലിലും വായൂപാതകൾ ചെറുതായിത്തീരുന്നു. അതിനുശേഷം വായു ബ്രോങ്കിയോൾസ് എന്ന് വിളിക്കപ്പെടുന്ന ഏതാണ്ട് ഒരു മില്ലീമീററർ വ്യാസമുള്ള ചെറിയ ധമനികളുടെ ഒരു ശൃംഖലയിലേക്ക് പ്രവേശിക്കുന്നു. ബ്രോങ്കിയോൾസ് അതിലും ചെറിയ ധമനികളിലേക്കു നയിക്കുന്നു, അവ വായുവിനെ ആൽവയോളി എന്നറിയപ്പെടുന്ന 300 ദശലക്ഷം ചെറിയ വായൂസഞ്ചികളിലേക്ക് അയക്കുന്നു. ഈ വായൂസഞ്ചികൾ കൂട്ടങ്ങളായി ക്രമീകരിച്ചിരിക്കുന്നു, അവ മുന്തിരിക്കുല തൂങ്ങിക്കിടക്കുന്നതു പോലെയോ ചെറിയ ബലൂണുകളുടെ കൂട്ടം പോലെയോ തോന്നും. ഇവിടെയാണ് വായുനാളങ്ങളുടെ ഒരു വൃക്ഷസമാന ഘടന അവസാനിക്കുന്നത്, വായു അതിന്റെ അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്നു.
അന്തിമ കവാടം
അത് അതിന്റെ അന്തിമ കവാടത്തിൽ എത്തുമ്പോൾ നിങ്ങൾ ശ്വസിക്കുന്ന വായു വായൂസഞ്ചികളുടെ അങ്ങേയററം ലോലമായ ഭിത്തികൾക്കുള്ളിൽ ഒതുങ്ങുന്നു. അവ 0.00002 ഇഞ്ച് മാത്രം കനമുള്ളതാണ്. ഈ മാസികയിൽ ഉപയോഗിച്ചിരിക്കുന്ന കടലാസ് വായൂസഞ്ചിയുടെ ഭിത്തികളേക്കാൾ ഏതാണ്ട് 150 മടങ്ങ് കനമുള്ളതാണ്!
തീരെ ചെറിയ ഈ വായുസഞ്ചികളിൽ ഓരോന്നും പൾമനറി കാപ്പിലറീസ് എന്ന് വിളിക്കപ്പെടുന്ന രക്തക്കുഴലുകളുടെ ഒരു വലകൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു സമയത്ത് ഒരു ചുവന്ന രക്തകോശത്തിനു മാത്രം കടന്നുപോകാൻ കഴിയത്തക്കവണ്ണം ഈ കാപ്പിലറികൾ അത്ര ഇടുങ്ങിയതാണ്. രക്തത്തിലെ കാർബൺ ഡയോക്സൈഡ് വായുസഞ്ചികളിലേക്ക് ഊർന്നിറങ്ങാൻ കഴിയത്തക്കവണ്ണം ഭിത്തികൾ വളരെ ലോലമാണ്. ക്രമത്തിൽ ഓക്സിജൻ എതിർ ദിശയിലേക്ക് പ്രവേശിക്കുന്നു. ചുവന്ന രക്തകോശങ്ങളാൽ ആഗിരണം ചെയ്യപ്പെടേണ്ടതിന് അത് വായുസഞ്ചികളിൽനിന്ന് പുറത്തുകടക്കുന്നു.
ഒററയൊററയായി സഞ്ചരിക്കുന്ന ഈ ചുവന്ന രക്തകോശങ്ങൾ ഒരോന്നും പൾമിനറി കാപ്പിലറികളിൽ മുക്കാൽ സെക്കൻഡ് നിൽക്കുന്നു. കാർബൺ ഡയോക്സൈഡും ഓക്സിജനും കൈമാറുന്നതിന് ഇത് വേണ്ടുവോളം സമയം നൽകുന്നു. വാതകങ്ങളുടെ ഈ ചലനം വിസരണം എന്നു വിളിക്കപ്പെടുന്ന ഒരു പ്രക്രിയയിലൂടെയാണ്. ഓക്സിജൻ ഉൾക്കൊണ്ട രക്തം തുടർന്ന് ശ്വാസകോശത്തിലെ വലിയ സിരകളിലേക്ക് പ്രവേശിക്കുന്നു, ഒടുവിൽ ഹൃദയത്തിന്റെ ഇടത്തെ അറയിൽ എത്തുകയും അവിടെനിന്ന് ജീവനുവേണ്ടിയുള്ള ഇന്ധനമെന്ന നിലയിൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പമ്പുചെയ്യപ്പെടുകയും ചെയ്യുന്നു. എല്ലാംകൂടെ പറഞ്ഞാൽ, നിങ്ങളുടെ ശരീരത്തിലുള്ള രക്തം മുഴുവനും സങ്കീർണ്ണമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വ്യൂഹത്തിലൂടെ കടന്നുപോകാൻ ഏതാണ്ട് ഒരു മിനിട്ടെടുക്കുന്നു!
ഇപ്പോൾ വായു അതിന്റെ അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു, കാർബൺ ഡയോക്സൈഡിന്റെ ഭാരവുമായി അത് എങ്ങനെ ശ്വാസകോശത്തിൽനിന്ന് പുറത്തുകടക്കും? ഉച്ഛ്വസിക്കുന്നതിന് ഉപയോഗിക്കാൻ രണ്ടാമത് ഒരുകൂട്ടം വായൂനാളങ്ങൾ ആവശ്യമാണോ? നിങ്ങളുടെ ശ്വാസകോശത്തിലെ വായൂനാളങ്ങളുടെ ഈ “വൃക്ഷം” അകത്തു പ്രവേശിക്കുന്ന വായുവിനും പുറത്തേക്കു പോകുന്ന വായുവിനും ഉപയോഗിക്കപ്പെടുന്നു എന്നത് രൂപകൽപ്പനയിലെ ഒരു അത്ഭുതം തന്നെ. രസകരമായി, നിങ്ങൾ ഉച്ഛ്വസനത്തിലൂടെ നിങ്ങളുടെ ശ്വാസകോശങ്ങളിലെ കാർബൺഡൈ ഓക്സൈഡിനെ വെളിയിലേക്കു വിടുമ്പോൾ സംസാരത്തിനാവശ്യമായ ശബ്ദം ഉണ്ടാകത്തക്കവണ്ണം നിങ്ങൾക്ക് സ്വനതന്തുക്കളെ ചലിപ്പിക്കാൻ കഴിയുകയും ചെയ്യും.
ഗുണ നിയന്ത്രണം
നിങ്ങൾ ശ്വസിക്കുന്ന വായു നിങ്ങളുടെ മൂക്കിലൂടെയൊ വായിലൂടെയൊ പ്രവേശിക്കുമ്പോൾ ഒരു ഗുണനിയന്ത്രണസ്ഥാനം അത് വാസ്തവത്തിൽ ശുദ്ധിചെയ്യുന്നു. വായു കൂടുതൽ തണുപ്പുള്ളത് ആയിരിക്കുമ്പോൾ അത് മിതമായ ഊഷ്മാവിലേക്ക് പെട്ടെന്നുതന്നെ ചൂടാക്കപ്പെടുന്നു. വായു ചൂടു കൂടിയതായിരിക്കുമ്പോൾ അത് തണുപ്പിക്കപ്പെടുന്നു. വായു ഈർപ്പം കുറഞ്ഞതായിരിക്കുമ്പോൾ എന്തു സംഭവിക്കുന്നു? നിങ്ങളുടെ മൂക്കിന്റെയും നാസാരന്ത്രങ്ങളുടെയും തൊണ്ടയുടെയും മററു കുഴലുകളുടെയും ഭിത്തികൾ മ്യൂക്കസ് എന്ന് വിളിക്കുന്ന ഒരു ദ്രാവകംകൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങൾ ജലാംശമില്ലാത്ത വായു ശ്വസിക്കുമ്പോൾ മ്യൂക്കസിലെ ജലാംശം വായുവിലേക്ക് ആവിയായി ചേരുന്നു. വായു നിങ്ങളുടെ ശ്വാസകോശത്തിൽ അങ്ങേയററത്ത് എത്തുമ്പോഴേക്കും അതിന് മിക്കവാറും 100 ശതമാനം ആപേക്ഷിക ഈർപ്പം ഉണ്ടായിരിക്കും. രസാവഹമായി, നിങ്ങൾ ഉച്ഛ്വസിക്കുമ്പോൾ വായു അതിന്റെ ഈർപ്പത്തിൽ പകുതിയിലധികവും മ്യൂക്കസിന് തിരിച്ചുകൊടുക്കുന്നു.
ഈ ഗുണനിയന്ത്രണ വ്യവസ്ഥയിൽ സങ്കീർണ്ണമായ ഒരു വായു അരിപ്പയും ഉൾപ്പെടുന്നു. ഒരു ദിവസത്തിൽ ഏതാണ്ട് 9500 ലിററർ വായു നിങ്ങളുടെ ശ്വാസകോശത്തിലൂടെ കടന്നുപോകുന്നു. ഈ വായുവിൽ മിക്കപ്പോഴും രോഗാണുക്കളും വിഷവസ്തുക്കളും പുകയും മററു മാലിന്യങ്ങളും ഉണ്ടായിരിക്കും. എന്നിരുന്നാലും, ഈ മാലിന്യങ്ങളിൽ മിക്കതും നീക്കംചെയ്യാനായി നിങ്ങളുടെ ശ്വാസോച്ഛ്വാസ വ്യവസ്ഥ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നു.
ആദ്യമായി, നിങ്ങളുടെ മൂക്കിലെ രോമങ്ങളും മ്യൂക്കസ് പാടയും പൊടിയുടെ വലിയ കണികകളെ പിടിച്ചെടുക്കുന്നതിൽ അവയുടെ പങ്കു നിർവഹിക്കുന്നു. അടുത്തതായി നിങ്ങളുടെ വായുനാളങ്ങളുടെ ഭിത്തികളിൽ വളരുന്നതും സൂക്ഷ്മദർശനിയിലൂടെ മാത്രം കാണാവുന്നതും ആയ രോമം പോലുള്ള ദശലക്ഷക്കണക്കിന് തുറിപ്പുകൾ ഉണ്ട്. അവ സീലിയ എന്ന് വിളിക്കപ്പെടുന്നു. പങ്കായങ്ങൾപോലെ അവ ഒരു സെക്കൻഡിൽ 16 പ്രാവശ്യം വീതം മുമ്പോട്ടും പുറകോട്ടും തുഴയുന്നു, ശ്വാസകോശത്തിൽ നിന്ന് അഴുക്കുള്ള മ്യൂക്കസ് തള്ളിമാററിക്കൊണ്ടുതന്നെ. നിങ്ങളുടെ ശ്വാസകോശങ്ങൾ ആൽവിയോളാർ മാക്രോഫേജസ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക കോശങ്ങളുടെ സേവനത്തെയും ആശ്രയിക്കുന്നു, ബാക്ടീരിയകളെ കൊല്ലുന്നതിനും അപകടകാരികളായ കണികകളെ കുടുക്കുന്നതിനും രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നവ തന്നെ.
അതുകൊണ്ട്, നിങ്ങൾ ശ്വസിക്കുന്ന വായു നിങ്ങളുടെ ശ്വാസകോശങ്ങളുടെ മൃദുലകലകളിൽ എത്തുന്നതിനു മുമ്പ് അരിച്ചെടുക്കുകയും സുസ്ഥിതിയിലാക്കുകയും ചെയ്യപ്പെടുന്നു. വാസ്തവത്തിൽ അത്ഭുതകരമായ ഒരു രൂപകൽപ്പന!
ഒരു ഓട്ടോമാററിക് വ്യവസ്ഥ
നിങ്ങളുടെ ഭാഗത്തെ മനഃപൂർവമായ ശ്രമം കൂടാതെതന്നെ പരിസ്ഥിതിയിൽനിന്ന് ഓക്സിജൻ വലിച്ചെടുക്കാൻ കഴിയും, വെള്ളവും ആഹാരവും പോലെയല്ലാതെ. ആരോഗ്യമുള്ള ഒരു ശ്വാസകോശ ജോടി വായുവിൽനിന്ന് ഓക്സിജൻ യാന്ത്രികമായി വേർതിരിച്ചെടുക്കുന്നു, ഒരു മിനിട്ടിൽ ഏതാണ്ട് 14 ശ്വാസങ്ങൾ വീതം തന്നെ. ഉറങ്ങുമ്പോൾ പോലും നിങ്ങളുടെ ബോധപൂർവകമായ മേൽനോട്ടം കൂടാതെ നിങ്ങളുടെ ശ്വാസകോശം ജോലി തുടരുന്നു.
ഈ ഓട്ടോമാററിക് വ്യവസ്ഥ തൽക്കാലത്തേക്ക് ഇല്ലാതാക്കാനും നിങ്ങൾക്കു കഴിയും. അതുകൊണ്ട്, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഒരളവുവരെ നിങ്ങളുടെ ശ്വാസോച്ഛ്വാസം മനഃപൂർവം നിയന്ത്രിക്കാവുന്നതാണ്. ഏതായാലും, നിങ്ങൾ വെള്ളത്തിനടിയിൽ നീന്തുമ്പോൾ നിങ്ങളുടെ ശ്വസനയന്ത്രം യാന്ത്രികമായി തുടർന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുമോ? ശ്വാസം പിടിച്ചുനിർത്താൻ കഴിയുകയില്ലെങ്കിൽ, ഒരു മിനിട്ടിൽ 14 ശ്വസനം വീതം നടക്കുമ്പോൾ തീപിടുത്തം നിമിത്തം പുകനിറഞ്ഞ ഒരു മുറിയിൽനിന്ന് രക്ഷപെടാൻ നിങ്ങൾക്ക് വേണ്ടത്ര സമയം ലഭിക്കുമോ? ഈ ഓട്ടോമാററിക് വ്യവസ്ഥ ദീർഘസമയത്തേക്ക് മറികടക്കാൻ കഴിയുകയില്ലെന്നുള്ളത് സത്യം തന്നെ. അങ്ങേയററം പോയാൽ ഏതാനും മിനിട്ടുകൾക്കുശേഷം നിങ്ങളുടെ ശ്വാസകോശങ്ങൾ അനിവാര്യമായി അവയുടെ ഓട്ടോമാററിക് രീതിയിലേക്ക് തിരിച്ചുവരും.
എന്നാൽ ഓട്ടോമാററിക് പ്രവർത്തനം നടക്കുമ്പോൾ നിങ്ങളുടെ ശ്വാസകോശത്തെ വികസിപ്പിക്കുന്നതിനോ ചുരുക്കുന്നതിനോ പേശികളെ പ്രചോദിപ്പിക്കുന്നത് എന്താണ്? നിയന്ത്രണകേന്ദ്രം സ്ഥിതിചെയ്യുന്നത് മസ്തിഷ്കകാണ്ഡത്തിലാണ്. ഇവിടെ പ്രത്യേക റിസെപ്റററുകൾ ശരീരത്തിലെ കാർബൺ ഡയോക്സൈഡിന്റെ നിലയെ നിയന്ത്രിക്കുന്നു. കാർബൺ ഡയോക്സൈഡിന്റെ ഒരു വർദ്ധനവുണ്ടാകുമ്പോൾ ഒരു നാഡീശൃംഖല വഴി സന്ദേശങ്ങൾ അയക്കപ്പെടുന്നു, അത് ക്രമത്തിൽ അനുയോജ്യമായ ശ്വാസോച്ഛ്വാസ പേശികളെ പ്രവർത്തിപ്പിക്കുന്നു.
ഇത് നിങ്ങളുടെ ശ്വാസോച്ഛ്വാസ വ്യവസ്ഥക്ക് ശ്രദ്ധേയമായ ഒരു വഴക്കം നൽകുന്നു. നിങ്ങളുടെ പ്രവർത്തനത്തിലെ പെട്ടെന്നുള്ള മാററങ്ങളോടുപോലും പൊരുത്തപ്പെടാൻ ശ്വാസകോശങ്ങൾക്കു കഴിയും. ഉദാഹരണത്തിന്, കഠിനമായ വ്യായാമസമയത്ത് നിങ്ങളുടെ ശരീരം അത് വിശ്രമിക്കുമ്പോഴത്തേതിന്റെ 25 മടങ്ങ് ഓക്സിജൻ ഉപയോഗിക്കുകയും ഏതാണ്ട് 25 മടങ്ങ് കാർബൺ ഡയോക്സൈഡ് ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ ഓക്സിജൻ ആവശ്യകത നിറവേററുന്നതിന് നിങ്ങളുടെ ശ്വാസകോശങ്ങൾ ശ്വസനത്തിന്റെ ആഴവും ആവൃത്തിയും ക്രമീകരിക്കുന്നു.
വേണ്ടതുപോലെ പ്രവർത്തിക്കാൻ ശ്വാസകോശങ്ങളെ പ്രാപ്തമാക്കുന്ന സങ്കീർണ്ണമായ മററ് നിയന്ത്രണങ്ങളും ഉണ്ട്. ഉദാഹരണത്തിന്, ശ്വാസോച്ഛ്വാസത്തിന് ഉപയോഗിക്കപ്പെടുന്ന ചില പേശികൾ വിഴുങ്ങലും സംസാരിക്കലും പോലുള്ള മററു പ്രവർത്തനങ്ങളിലും ഉപയോഗിക്കപ്പെടുന്നു. നിങ്ങളുടെ ശ്വസനത്തിന് തടസ്സം വരാതവണ്ണം ഈ പ്രവർത്തനങ്ങൾ സമനിലയിൽ നിർത്തപ്പെടുന്നു. ഇതെല്ലാം നിങ്ങളുടെ ഭാഗത്ത് ബോധപൂർവമായ എന്തെങ്കിലും ശ്രമം കൂടാതെതന്നെ നടക്കുന്നു. അതെ, യാന്ത്രികമായിത്തന്നെ!
നിങ്ങളുടെ പ്രതിരോധശേഷി കുറയുമ്പോൾ ശ്വാസകോശങ്ങൾക്കും പല കാര്യങ്ങിൽ തകരാറു ഭവിക്കുന്നു എന്നുള്ളത് സത്യം തന്നെ. ഏതാനും ക്രമക്കേടുകൾ പറഞ്ഞാൽ ആസ്ത്മ, ബ്രോങ്കൈററിസ്, എംഫിസീമ, ശ്വാസകോശ അർബുദം, പൾമനറി വീക്കം, പ്ലൂറിസി, നുമോണിയ, ക്ഷയം, എന്നിവയും ബാക്ടീറിയകളുടെയും വൈറസ്സുകളുടെയും ഫംഗസ്സുകളുടെയും ഒട്ടനവധി അണുബാധയും ഉണ്ട്.
എന്നാൽ ഈ ക്രമക്കേടുകൾ ശ്വാസകോശങ്ങളുടെ രൂപകൽപ്പനയിലെ എന്തെങ്കിലും അപാകതയോ കുററമോ നിമിത്തമല്ല. മിക്ക ശ്വാസകോശ രോഗങ്ങളും മനുഷ്യൻ പരിസ്ഥിതിയിലേക്ക് തള്ളിവിടുന്ന മാലിന്യങ്ങളും പൊടിപടലങ്ങളും പുകയും ശ്വസിക്കുന്നതു നിമിത്തം ഉണ്ടാകുന്നതാണ്. പുകവലിയും ശ്വാസോച്ഛ്വാസ വ്യവസ്ഥയുടെ മററു സ്വയദുർവിനിയോഗങ്ങളും നിമിത്തം ഇന്ന് ദശലക്ഷങ്ങൾ ശ്വാസകോശ അർബുദവും ബ്രോങ്കൈററിസും എംഫിസീമയും അനുഭവിക്കുന്നു.
എന്നിരുന്നാലും സ്വാഭാവിക ചുററുപാടുകളിൽ നിങ്ങളുടെ ശ്വാസകോശങ്ങൾ രൂപകൽപ്പനയിലെ ഒരു അത്ഭുതവും മഹാരൂപസംവിധായകനായ യഹോവയാം ദൈവത്തിന് ഒരു ജീവിക്കുന്ന സാക്ഷ്യവും ആയി മുന്തിനിൽക്കുന്നു! നാം വാസ്തവത്തിൽ സങ്കീർത്തനക്കാരൻ എഴുതിയതുപോലെ ‘ഭയങ്കരവും അതിശയവുമായി സൃഷ്ടിക്കപ്പെട്ടവർ’ ആണ്.—സങ്കീർത്തനം 139: 14. (g91 6/8)
[22-ാം പേജിലെ ചതുരം]
അത് എന്തുകൊണ്ട് സംഭവിക്കുന്നു?
തുമ്മൽ: വായിലൂടെയും മൂക്കിലൂടെയും അനിച്ഛാപൂർവവും ഊററവുമായ വായുതള്ളൽ. നിങ്ങളുടെ മൂക്കിലെ ശല്യപ്പെടുത്തുന്ന കണികകൾ പുറംതള്ളുന്നതിന് മൂക്കിനുള്ളിലെ നാഡീയഗ്രങ്ങൾ തുമ്മുന്നതിന് നിങ്ങൾക്ക് പ്രചോദനം നൽകുന്നു. തണുത്ത വായുവും തുമ്മലിനു പ്രേരിപ്പിച്ചേക്കാം. ഒരു തുമ്മൽ വായുവിന് മണിക്കൂറിൽ 166 കിലോമീററർ വരെ വേഗത നൽകുകയും മ്യൂക്കസിന്റെയും സൂക്ഷ്മജീവികളുടെയും 1,00,000 കണികകൾ വരെ പുറംതള്ളുകയും ചെയ്യുന്നു. ഇക്കാരണത്താൽ നിങ്ങൾ വായും മൂക്കും മൂടുന്നില്ലെങ്കിൽ നിങ്ങളുടെ തുമ്മൽ മററാളുകൾക്ക് ദ്രോഹകരമായിരുന്നേക്കാം.
ചുമ: ശ്വസനനാളത്തിന്റെ ഭിത്തികൾക്ക് ശല്യം തോന്നുമ്പോൾ ശ്വാസകോശത്തിൽനിന്ന് ദ്രോഹകരമായ വസ്തുക്കൾ പുറംതള്ളുന്ന വായുവിന്റെ പെട്ടെന്നുള്ള ഒരു ബഹിഷ്ക്കരണം. ചുമയ്ക്കൽ തൊണ്ടയോ ശ്വസിനികളോ ശുദ്ധിയാക്കുന്നതിനുള്ള ഒരു മനഃപൂർവ ശ്രമവും ആകാം. തുമ്മൽപോലെതന്നെ ചുമയ്ക്കും രോഗത്തിനിടയാക്കുന്ന അണുക്കളെ വ്യാപിപ്പിക്കാൻ കഴിയും.
എക്കിൾ: ഡയഫ്രത്തിന്റെ ഇടക്കിടക്കുള്ള സങ്കോചം നിമിത്തം പെട്ടെന്ന് അനിച്ഛാപൂർവമായ ഒരു ശ്വാസമെടുക്കൽ. ഡയഫ്രത്തിന് അടുത്തുള്ള അവയവങ്ങളുടെ ശല്യം നിമിത്തം പെട്ടെന്ന് ഈ സങ്കോചങ്ങൾ ഉണ്ടാകാം. ആ വലിവ് കണ്ഠത്തിലൂടെ ശ്വാസകോശത്തിലേക്ക് വായു വലിച്ചെടുക്കുന്നു. കണ്ഠത്തിലേക്ക് വായു വലിക്കുമ്പോൾ അത് സ്വനതന്തുക്കളെ ചലിപ്പിച്ചുകൊണ്ട് ചെറുനാക്കിൽ തട്ടുന്നു. ഇതാണ് എക്കിൾ ശബ്ദം ഉൽപാദിപ്പിക്കുന്നത്.
കൂർക്കംവലി: ഉറക്കസമയത്ത് ഉൽപാദിപ്പിക്കുന്ന പരുഷമായ ശബ്ദം, മിക്കപ്പോഴും ഒരു വ്യക്തി വായിലൂടെ ശ്വസിക്കുന്നതിനാൽ ഉൽപാദിപ്പിക്കപ്പെടുന്നു. വായു കടന്നുപോകുമ്പോൾ വായുടെ മുകളിൽ തൊണ്ടയോടു ചേർന്നുള്ള മൃദുലമായ കല പ്രകമ്പനംകൊള്ളുന്നു. നിങ്ങൾ മലർന്നുകിടന്ന് ഉറങ്ങുന്നെങ്കിൽ വായ് തുറന്നിരിക്കാൻ ചായ്വുകാണിക്കുന്നു, നാവ് വായുമാർഗ്ഗത്തിന് തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. വശം തിരിഞ്ഞുകിടന്ന് ഉറങ്ങുന്നത് കൂർക്കംവലി അവസാനിപ്പിച്ചേക്കാം.
കോട്ടുവായ്: ശ്വാസകോശങ്ങളിൽ കാർബൺ ഡയോക്സൈഡ് തങ്ങിനിൽക്കുന്നതിനോടുള്ള ഒരു പ്രതികരണമായി കരുതപ്പെടുന്ന അനിച്ഛാപൂർവമായ ഒരു അഗാധ ശ്വസനം. മററുള്ളവർ കോട്ടുവായ് ഇടുന്നത് കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ കോട്ടുവായ് ഇടുന്നതിന് പ്രേരണ തോന്നുന്നതുകൊണ്ട് അത് സാമൂഹികമായി പകരുന്ന ഒരു ശീലമായി പരാമർശിക്കപ്പെടുന്നു. ഈ പ്രതിഭാസത്തെ വിശദീകരിക്കാൻ ശാസ്ത്രജ്ഞൻമാർക്ക് കഴിയുന്നില്ല.
[23-ാം പേജിലെ രേഖാചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
തൊണ്ട
ശ്വാസനാളി
പ്രധാന ശ്വസിനികൾ
വലതു ശ്വാസകോശം
ഡയഫ്രം നാസാരന്ത്രങ്ങൾ
ചെറുനാക്ക്
കണ്ഠം
സ്വനതന്തുക്കൾ
ഇടതു ശ്വാസകോശം
ഒരു ബ്രോങ്കിയോളിന്റെ വിശദാംശം
പൾമനറി കാപ്പിലറീസ്
ആൽവയോളി